ചൊവ്വാദോഷക്കാരി
**********************
"ആ നശിച്ചവള് വീട്ടിലേക്ക് വലതുകാല് വച്ചു വന്നു കയറിയപ്പോഴേ ഞാൻ പറഞ്ഞതാ ഇങ്ങനെയൊക്കെ കാണേണ്ടി വരുമെന്ന്.ഇപ്പൊ എന്തായി?"
**********************
"ആ നശിച്ചവള് വീട്ടിലേക്ക് വലതുകാല് വച്ചു വന്നു കയറിയപ്പോഴേ ഞാൻ പറഞ്ഞതാ ഇങ്ങനെയൊക്കെ കാണേണ്ടി വരുമെന്ന്.ഇപ്പൊ എന്തായി?"
ദേവകിയമ്മ മരുമകളെ പഴി പറഞ്ഞു കൊണ്ട് ഓപ്പറേഷൻ തീയേറ്ററിന്റെ വാതിൽക്കൽ എത്തി.ഭർത്താവ് അവരെ ശാന്തയാക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നൂ.തീയേറ്ററിന് പുറത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നീതു നിൽപ്പുണ്ടായിരുന്നു.അവളുടെ മുറിഞ്ഞ കൈമുട്ട് ഡ്രസ്സ് ചെയ്തിരുന്നു.
"താൻ ഒന്നടങ്ങ് ദേവൂ.ഇതൊരു ഹോസ്പിറ്റലാ."
"നിങ്ങളൊന്നു ചുമ്മാതിരി മനുഷ്യാ.അകത്തു കിടക്കുന്നതേ നമ്മുടെ മോനാ.അത് മറക്കണ്ട."
"നമ്മുടെ മോന് മാത്രമല്ലല്ലോ,നീതു മോൾക്കും പരിക്ക് പറ്റിയില്ലേ?"
"ഹും, ഇതാണോ പരിക്ക്?ഇവള് നമ്മളെ പറ്റിക്കാൻ വേണ്ടി ചുമ്മാ കെട്ടിവച്ചിരിക്കുവാ...മൂശേട്ട.നിങ്ങൾക്കോർമ്മയില്ലേ ഇന്ന് അവന്റെ വിവാഹം കഴിഞ്ഞിട്ട് എട്ടാം ദിവസമാ."
പെട്ടെന്ന് ഡോക്ടർ പുറത്തേക്ക് വന്നു.
"എന്താ ഇവിടെയൊരു ബഹളം?"
പെട്ടെന്ന് അവിടമാകെ നിശ്ശബ്ദമായി.
"ഡോക്ടർ, ഞങ്ങളുടെ മോന് എങ്ങനെയുണ്ട്?"
ഗോവിന്ദൻ നായർ ചോദിച്ചു.
"ഞങ്ങൾ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. ബാക്കിയൊക്കെ ഈശ്വരന്റെ കൈയിലാണ്."
ഇത്രയും പറഞ്ഞ് അദ്ദേഹം വീണ്ടും ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറി.
ഡോക്ടറുടെ വാക്കുകൾ കേട്ടതോടെ ദേവകിയമ്മയുടെ കോപം വീണ്ടും ഇരട്ടിച്ചു.
ഡോക്ടറുടെ വാക്കുകൾ കേട്ടതോടെ ദേവകിയമ്മയുടെ കോപം വീണ്ടും ഇരട്ടിച്ചു.
"ഈ വൃത്തികെട്ടവളോട് പോകാൻ പറ എന്റെ മുമ്പിൽ നിന്ന്.അല്ലെങ്കിൽ ഇവളെ ഞാൻ....?"
അവർ മുഴുവൻ പറഞ്ഞില്ല.അപ്പോഴേക്കും നീതു കരഞ്ഞു കൊണ്ട് മറ്റൊരു മൂലയിലേക്ക് മാറി നിന്നു.
"എന്താ മോളേ ഉണ്ടായത്?"
ഗോവിന്ദൻ നായർ ചോദിച്ചു.
"ഞങ്ങൾ അമ്പലത്തിൽ നിന്ന് മടങ്ങി വരുന്ന വഴിയിൽ ബൈക്കിലേക്ക് ഒരു ലോറി വന്നിടിക്കുകയായിരുന്നു അച്ഛാ.ഇടിയുടെ ശക്തിയിൽ ഞാൻ റോഡിന്റെ ഒരു വശത്തേക്ക് തെറിച്ചു വീണു.നാട്ടുകാരിൽ ചിലരുടെ സഹായത്തോടെയാണ് രാജേഷേട്ടനെ ഇവിടെ എത്തിച്ചത്."
പറഞ്ഞു തീർന്നപ്പോൾ അവൾ വിങ്ങിപ്പൊട്ടി.
"ഈ ലോകത്ത് ആയിരക്കണക്കിന് പെണ്ണുങ്ങളുണ്ടായിട്ടും ഒരു ചൊവ്വാദോഷക്കാരിയെയാണല്ലോ ഈശ്വരാ എന്റെ മോന് കൂടെ കൂട്ടാൻ തോന്നിയത്."
ദേവകിയമ്മ തന്റെ സങ്കടം പറച്ചിൽ തുടർന്നുകൊണ്ടിരുന്നു.നീതു എല്ലാം മിണ്ടാതെ കേട്ടു നിന്നു
തന്റെ ജാതകത്തിൽ ദൈവം കാണിച്ച ഒരു ക്രൂരമായ തമാശയുടെ പേരിൽ ഒരുപാട് കണ്ണീര് കൂടിക്കേണ്ടി വന്നവളാണവൾ.നീതുവിന് എട്ടിൽ ചൊവ്വയാണ്.ജാതകത്തിൽ ഈ ദോഷമുള്ള സ്ത്രീകളെ വിവാഹം കഴിച്ചാൽ എട്ടാം ദിവസം ഭർത്താവ് മരണപ്പെടുമെന്നാണ് ശാസ്ത്രം.ഇക്കാരണത്താൽ അവൾക്കു വന്ന പല നല്ല വിവാഹാലോചനകളും മാറിപ്പോയി.ഏറ്റവുമൊടുവിലാണ് രാജേഷിന്റെ ആലോചന വരുന്നത്.ജാതകദോഷത്തിന്റെ കാര്യമറിഞ്ഞപ്പോൾ അയാളുടെ വീട്ടുകാർ പിന്മാറാൻ ശ്രമിച്ചതാണ്.പക്ഷേ രാജേഷ് അതിന് തയാറായില്ല.ജാതകത്തിലും ദോഷങ്ങളിലുമൊന്നും വിശ്വാസമില്ലായിരുന്നു അയാൾക്ക്.
"എന്തിന് വേണ്ടിയാണ് ഇങ്ങനെയൊരു ത്യാഗം ചെയ്തത്? എന്നെക്കാൾ നല്ല എത്രയോ പെൺകുട്ടികളെ രാജേഷേട്ടന് കിട്ടുമായിരുന്നല്ലോ.എന്നിട്ടും എന്തിന്?
വിവാഹം കഴിഞ്ഞ അന്ന് രാത്രി നീതു ഭർത്താവിനോട് ചോദിച്ചു.
"ഇതൊരു ത്യാഗമൊന്നുമല്ല.ശരിക്കും തന്നെ ഇഷ്ടപ്പെട്ടത് കൊണ്ട് തന്നെയാണ് ഒപ്പം കൂട്ടിയത്.ഞാൻ ഇതുവരെ കണ്ട പെൺകുട്ടികളെക്കാളൊക്കെ സുന്ദരിയാണ് താൻ.രൂപത്തിലും സ്വഭാവത്തിലും.പിന്നെ ജാതകത്തിൽ ദോഷമുണ്ടായത് തന്റെ കുറ്റം കൊണ്ടല്ലല്ലോ.ഞാൻ അത് കാര്യമാക്കുന്നില്ല.ഒരു കാര്യം എനിക്കുറപ്പാണ്....ഇനിയുള്ള എട്ടു ദിവസം മറ്റാരേക്കാളും കൂടുതലായി താൻ എന്നെ സ്നേഹിക്കും.ആ സ്നേഹം അനുഭവിച്ച ശേഷം പിറ്റേന്ന് മരിച്ചാലും എനിക്ക് പരാതിയൊന്നുമില്ല."
നീതു അയാളുടെ വാ പൊത്തി. ശേഷം നിറകണ്ണുകളോടെ മാറിലേക്ക് ചാഞ്ഞു.
വിവാഹ ശേഷം ഓരോ ദിവസവും അവൾ ഭർത്താവിന്റെ ദീർഘായുസ്സിനായി താലി മുറുകെ പിടിച്ച് മനമുരുകി പ്രാർത്ഥിച്ചു. അമ്പലങ്ങളിൽ വഴിപാടുകൾ നേർന്നു.രാജേഷിന്റെ അമ്മ തക്കം കിട്ടിയപ്പോഴെല്ലാം ജാതകദോഷത്തിന്റെ പേരിൽ അവളെ ആക്രമിച്ചു കൊണ്ടേയിരുന്നു.വീട്ടിൽ ആർക്കെന്തു പ്രശ്നമുണ്ടായാലും അതിന്റെ കാരണം അവളാണെന്നാണ് ദേവകിമ്മയുടെ വിശ്വാസം.പക്ഷേ അതൊന്നും നീതുവിനെ അലട്ടിയിരുന്നില്ല.സ്വന്തം മകനെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരമ്മയുടെ ആവലാതികളാണ് അവയെല്ലാമെന്ന് അവൾക്കറിയാമായിരുന്നു.ഇന്ന് വിവാഹ ശേഷമുള്ള എട്ടാം ദിവസമാണെന്നറിഞ്ഞുകൊണ്ടു തന്നെയാണ് രാജേഷിനൊപ്പം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്.മരണത്തിലും ഒന്നിച്ചുണ്ടാവണമെന്ന് അവൾ മനസ്സിലുറപ്പിച്ചിരുന്നു.എന്നാൽ അവിടെയും വിധി വില്ലനായി.എല്ലാ വിഷമഘട്ടങ്ങളിലും തുണയായി നിന്ന പ്രിയപ്പെട്ട ഭർത്താവിനെ തന്നിൽ നിന്നും തട്ടിപ്പറിക്കരുതേ എന്ന് അവൾ ദൈവത്തോട് യാചിച്ചു.
അല്പസമയത്തിനു ശേഷം ഡോക്ടർ വീണ്ടും തീയേറ്ററിൽ നിന്നും പുറത്തു വന്നു.അദ്ദേഹം എല്ലാവരെയും മാറിമാറി നോക്കി.
"എന്റെ മോന് എങ്ങനുണ്ട് ഡോക്ടറേ?"
ദേവകിയമ്മ ചോദിച്ചു.
"പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കണമെന്നില്ല.നിങ്ങളുടെ മകൻ മരണപ്പെട്ടുവെന്നു തന്നെ ഞങ്ങൾ ഉറപ്പിച്ചിരുന്നു.മുഖത്തു നിന്ന് ഓക്സിജൻ മാസ്‌ക് എടുത്തു മാറ്റാൻ തുടങ്ങിയപ്പോഴാണ് അയാൾ കണ്ണുകൾ ചിമ്മുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടത്.പതിയെ ശ്വാസഗതിയും സാധാരണനിലയിലായി.ഹീ ഈസ് പെർഫെക്റ്റലി ആൾ റൈറ്റ് നൗ.ദിസ് ഈസ് റിയലി ഏ മെഡിക്കൽ മിറാക്കിൾ"
അദ്ദേഹത്തിന്റെ വാക്കുകൾ രാജേഷിന്റെ മാതാപിതാക്കളെ സന്തോഷിപ്പിച്ചു.അവിശ്വസനീയതയും സന്തോഷവും കൂടിക്കലർന്ന ഒരു ഭാവമായിരുന്നു അപ്പോൾ നീതുവിന്റെ മുഖത്ത്.
"ബൈ ദി ബൈ,ആരാണ് നീതു...?അയാൾ ഒന്ന് കാണണമെന്ന് പറയുന്നുണ്ട്."
നീതു ഡോക്ടറെ അനുഗമിച്ചു. ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയോടെ രാജേഷ് അവളെ സ്വീകരിച്ചു. അയാൾ പ്രതീക്ഷയോടെ ഡോക്ടറെ നോക്കി.അതിന്റെ അർത്ഥം മനസ്സിലാക്കിയിട്ടെന്ന പോലെ അദ്ദേഹം അവരെ ഇരുവരെയും അവിടെ തനിച്ചു വിട്ട് മുറിയ്ക്ക് പുറത്തു പോയി.
"താൻ പേടിച്ചു പോയോ?"
"ഉം.."
അവൾ തേങ്ങലടക്കിക്കൊണ്ട് മൂളി.
"എന്തിന്... ഞാൻ അന്നേ പറഞ്ഞില്ലേ താൻ ഈ എട്ടു ദിവസവും എന്നെ മറ്റാരേക്കാളും കൂടുതൽ സ്നേഹിക്കുമെന്ന്. അത് ദൈവമായിട്ട് എന്നെക്കൊണ്ട് പറയിപ്പിച്ചതാണെന്ന് ഇപ്പോൾ തോന്നുന്നു.അങ്ങനെ താനെന്നെ സ്നേഹിച്ചതു കൊണ്ടാവും മരണം പോലും വഴിമാറി പോയത്...ഇനി ഒരു ചൊവ്വാദോഷത്തെയും പേടിക്കണ്ട കേട്ടോ...ഈ ജന്മം മുഴുവൻ താൻ എന്നെയും ഞാൻ തന്നെയും ജീവന് തുല്യം സ്നേഹിച്ചു ജീവിച്ചു മരിക്കണമെന്നാ മുകളിലുള്ളവന്റെ തീരുമാനം."
രാജേഷ് നീതുവിന്റെ കൈയിൽ മുറുകെ പിടിച്ചു.അവൾ അയാളുടെ കൈകൾ ഉയർത്തി അതിൽ വർധിച്ച സ്നേഹത്തോടെ ചുംബിച്ചു.
~ജിഷ്ണു മുരളീധരൻ~

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക