Slider

ധിം തരികിട തോം (കഥ )

0
ധിം തരികിട തോം (കഥ )
എടത്വാ പള്ളിയിലെ ഗീ വര്ഗീസ് പുണ്യവാളന്റെ പെരുന്നാളിന് പള്ളി മുറ്റത്തു നിന്നും വാങ്ങിയ അഞ്ചാറ് കറി ചട്ടി കടലാസ്സിൽ പൊതിഞ്ഞു , പിന്നെ പ്ലാസ്റ്റിക് കവറിലാക്കി മാറോടു ചേർത്ത് പിടിച്ചു ത്രേസ്യ കുട്ടി ബസിന്റെ ജനാല സീറ്റിനോട് ചേർന്നിരുന്നു...
എടത്വായിൽ നിന്നും എറണാകുളത്തേക്കുള്ള ഈ യാത്ര മിക്കവാറും പതിവാണ്. കഴിഞ്ഞ തവണ ചെന്നപ്പോൾ ബിജു കുട്ടൻ പ്രത്യേകം പറഞ്ഞിരുന്നു.. “അമ്മച്ചി, അടുത്ത തവണ വരുമ്പോൾ മീൻ ചട്ടി മേടിച്ചു കൊണ്ട് വരണേ . ഇടപ്പള്ളിയിൽ പെരുന്നാളിന് മേടിച്ച ചട്ടി അത്ര പോരാ.. ഗ്യാസെൽ വെച്ചാ മതി, മൂട് പൊട്ടും “ഠോ” ന്നു .....”
അടുത്ത ഓണത്തിന് വരുമ്പം കട്ടായം കൊണ്ടുവരാം എന്ന് ത്രേസ്യ വാക്ക് പറഞ്ഞു. പറഞ്ഞാൽ പറഞ്ഞതാണ് ത്രേസ്യക്ക്... മെയ് മാസത്തിലെ പെരുന്നാളിന് തമിഴൻ അണ്ണാച്ചിയോടു പേശി പേശി അഞ്ചാറ് ചട്ടി വാങ്ങി..രൂപ ആയിരം എണ്ണി കൊടുത്തപ്പോൾ ചങ്കു കലങ്ങി. ചട്ടിക്കൊക്കെ എന്നാ വിലയാ ?എന്നാ ചെയ്യാനാ കാലം പോയ പോക്ക് ....
ചട്ടിയിൽ വെക്കാത്ത മീൻ കറി പൂച്ച പോലും തിന്നില്ല...
ബിജു കുട്ടനെപ്പോഴും പറയും “അമ്മച്ചിയുടെ മീൻ കൂട്ടാന് എന്നാ രുചിയാ “..
അത് കേൾക്കുമ്പോൾ അവന്റെ പെമ്പ്രോന്നോത്തി മുഞ്ഞി വലിച്ചു കേറ്റും .. ആദ്യത്തെ രുചി അമ്മയുടെ കൈയീന്ന് കിട്ടിയത് കൊണ്ടാ പൂലോകത്തു സകല മാന മനുഷേമാരും ചാവണ വരെ അമ്മയുടെ കൈപ്പുണ്യം പുകഴ്ത്തുന്നത്.. അവൾക്കുമുണ്ട് ഒരമ്മ... വെച്ച് തന്നാൽ തിന്നേച്ചാലും മതി...
ഓർമയുടെ കൈപ്പിൽ ത്രേസ്യാ മുഖം ചളുക്കി..
“അമ്മച്ചിയെ ഒന്ന് നീങ്ങിയിരുന്നേ” ... മുഖത്തെ ചുളിവ് മാറുന്നതിനു മുന്നേ ഒരു ശബ്ദം. നോക്കിയപ്പോൾ രണ്ടു കാതിലും കടുക്കനിട്ടു, മുടി ഉച്ചിയിൽ വലിച്ചു കെട്ടി കീറിയ ഒരു പാന്റുമിട്ട് ഒരു പയ്യൻ... ത്രേസ്യ ഒതുങ്ങിയിരുന്നു... ചട്ടി ഒന്നൂടെ ചേർത്ത് പിടിച്ചു ...
ഇരുന്നയിരുപ്പിൽ അടുത്തിരുന്ന കോലത്തെ നല്ലോണം നോക്കി. ഇതിന്റെയൊക്കെ വീട്ടിൽ ചോദിക്കാനും പറയാനുമാരുമില്ലേ ആവോ ? പണ്ടൊക്കെ ഇച്ചായന്മാര് മുടിയൊന്നു നീട്ടിയാൽ മതി അപ്പം കൊടുക്കും ചാച്ചൻ പൊതിരെ.. “നീയൊക്കെ പോയി ത്രേസ്യ കുട്ടിയുടെ പാവാട മേടിച്ചു ഇടെടാ” എന്നും പറഞ്ഞു....
ബസ് ഒന്ന് കുലുങ്ങിയപ്പോൾ “അയ്യോ എന്റെ ചട്ടീന്നു” പറഞ്ഞു ത്രേസ്യ ഒന്ന് കൂടെ പൊതി ഇറുക്കെ പിടിച്ചു.. ചെറുപ്പത്തിലേ 'അമ്മ ചട്ടി വാങ്ങിയിരുന്ന തമിഴൻ അണ്ണാച്ചിയെ ത്രേസ്യ ഓർത്തു .. അഞ്ചാറ് മാസം കൂടുമ്പോഴാണ് വലിയ കൊട്ട തലയിൽ വെച്ച് അണ്ണാച്ചി ആ വഴി വരുന്നത്. കൊട്ട തലയിൽ നിന്നിറക്കാനും കയറ്റി വെക്കാനും അയാൾക്ക് സഹായം വേണം. ത്രേസ്യ കുട്ടിയും കൊട്ട പിടിച്ചു കൊടുത്തിട്ടുണ്ട്. അമ്മച്ചി അടുത്തുള്ള പെണ്ണുങ്ങളെ മൊത്തം വീട്ടുമുറ്റത്തെക്കു ക്ഷണിക്കും. എല്ലാവരും മാറി മാറി വില പേശും. ചട്ടി വാങ്ങി കാതിനടുത്തു പിടിച്ചു വിരല് വെച്ച് മുട്ടി നോക്കും... ഒടുവിൽ കൊട്ട പകുതിയാവുമ്പോൾ അണ്ണാച്ചി പോവും...
പിന്നെ ചട്ടി വെളിച്ചെണ്ണ പുരട്ടി അമ്മച്ചി വെയിലത്ത് വെക്കും.. മയപ്പെടാനാണ് എന്നാണ് പറയുന്നത്. ഒന്നോ രണ്ടോ ആഴ്ച വെയിലത്ത് വെച്ചെടുത്തു ചട്ടിയിലാണ് പാചകം. മീൻ കറി വെക്കാൻ മാത്രമല്ല മോര് കാച്ചാനും, ഇഞ്ചി കറി വെക്കാനും തീയലിനും ചെമ്മീൻ ഉലർത്താനും പല വലിപ്പത്തിലും നിറത്തിലുമുള്ള ചട്ടികളാണ്.ബിജു കുട്ടന് കൊണ്ട് പോവുന്ന ചട്ടിയും ഒരാഴ്ച വെയിലത്ത് വെച്ച് മയപ്പെടുത്തിയതാണ്.
മീൻ കൂട്ടാൻ തീരുമ്പോൾ അമ്മച്ചി അതിനകത്തു ചോറിട്ടു കുഴച്ചു പുരട്ടി വായിൽ വെച്ച് തരും. കർത്താവെ എന്നാ രുചിയാ .... ചട്ടിയുടെ രൂപവും നിറവും കണ്ടാൽ അമ്മച്ചിക്കറിയാം അതിൽ എന്തോന്നാ വെക്കുന്നത് എന്ന്.. മക്കളെ പോലെ തന്നെ ഓരോ ചട്ടിയും..
ഇപ്പോഴത്തെ സ്റ്റീൽ പത്രത്തിൽ വെക്കുന്ന കറികൾ എന്നാത്തിനു കൊള്ളാം
... അതിലൊക്കെ വെച്ച് കൂട്ടിയിട്ടല്ലേ ആളുകൾക്ക് ഇക്കണ്ട രോഗം മൊത്തം.. വയറിനു ദീനമില്ലാത്ത ആരുണ്ടിപ്പോൾ.? മുപ്പത്തി അഞ്ചു വയസുകാരനായ ബിജുവിനുമുണ്ട് എന്ത് തിന്നാലും ഏമ്പക്കം.. ഗ്യാസാണ് പോലും... മേലനങ്ങാതെ ഭക്ഷിക്കുന്നതിന്റെ ഏനക്കേട് !
...
“അമ്മച്ചി എന്തോന്നാ പൊതിഞ്ഞു പിടിച്ചിരിക്കുന്നത്..അത് താഴെ വെച്ചൂടെ?”
കടുക്കനിട്ടവന്റെ ചോദ്യം ത്രേസ്യക്ക് അത്ര പിടിച്ചില്ല..ഒന്ന് മിഴിച്ചു നോക്കി ത്രേസ്യ പൊതി ചേർത്ത് പിടിച്ചു
“അത് താഴെ എങ്ങാനും വെക്കെന്റെ അമ്മച്ചി.. കൈയും കാലും അനക്കാൻ മേലാ “
ത്രേസ്യ കുട്ടി ശ്രദ്ധിക്കാതെ ഇരുന്നു..സംസാരം കേട്ട് കണ്ടക്ടർ അടുത്ത് വന്നു.. “നേരാണല്ലോ അമ്മച്ചി..അത് താഴെ വെക്കു “
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്.. ചത്താലും വെക്കൂല്ല എന്ന മട്ടില് ത്രേസ്യ പൊതി ചേർത്ത് പിടിച്ചു.
“അമ്മച്ചിയെ എല്ലാരും ടിക്കറ്റ് എടുത്തു പോവുന്നവരാ.. സുഖമായി ഇരുന്നു പോട്ടെ.. അമ്മച്ചി പൊതിയിങ് താ ..
എറണാകുളമെത്തുമ്പോൾ തരാം”
ത്രേസ്യ കുട്ടി മടിച്ചിരുന്നു..
“ താ എന്റെ അമ്മച്ചിയെ ..എന്തോന്ന് നിധിയാ അതില് ?”
നിർബന്ധം മൂത്തപ്പോൾ മനസ്സിലാ മനസോടെ ത്രേസ്യ പൊതി കൈ മാറി.
“എന്നാ ഒരു കനമാണ് അമ്മച്ചിയെ.. പൊട്ടുന്നത് അല്ലലോ?”
ചട്ടിയാണെന്നു പറയാൻ ത്രേസ്യക്ക് അഭിമാനം സമ്മതിച്ചില്ല .. അത് കൊണ്ട് തന്നെ തോല് കുലുക്കി നിഷേധിച്ചു..
കണ്ടക്ടർ അതും കൊണ്ട് മുന്നോട്ടു പോയപ്പോൾ അത്രയും നേരം ഇറുക്കി വെച്ചിരുന്ന കൈ രണ്ടും ഒന്ന് വീശി ത്രേസ്യാക്കുട്ടി സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി..
അത് കണ്ടു “ ഞാൻ നേരത്തെ പറഞ്ഞതല്ലേ അമ്മച്ചി” എന്ന മട്ടിൽ കടുക്കനിട്ടവൻ കണ്ണ് മിഴിച്ചു.....
സ്വാത്രന്ത്ര്യം കിട്ടിയ സന്തോഷത്തിൽ ജനലിനടുത്തേക്കു ചാരി ത്രേസ്യ കണ്ണടച്ചു ...അല്ലെങ്കിലും കാറ്റു കൊണ്ടാൽ ആരുടെ കണ്ണാ അടയാത്തതു...?
“എന്റെ പൊന്നമ്മച്ചിയേ എന്ന ഒരു രുചിയാ .....”മുഴുത്ത നെയ് മീൻ പൊന്നു വിലക്ക് മാർകെറ്റിൽ നിന്നും വാങ്ങി കൊണ്ട് വന്നു ബിജു കുട്ടൻ അമ്മച്ചിയുടെ വരവ്
ആഘോഷിക്കുകയാണ്.. “പുളിയും എരിവും പാകം. ആ ഉലുവയുടെ രുചി മേലോട്ട് നിൽക്കുന്ന കൊണ്ട് അടിപൊളി.. ഇച്ചിരി കപ്പ വാങ്ങേണ്ടാതായിരുന്നു അല്ലെ അമ്മച്ചി. . ഇതിപ്പം ചപ്പാത്തിയുടെ കൂടെ ഒരു ശോഭക്കേട്..”
“വാരി വലിച്ചു തിന്നു കൊലെസ്റ്ററോളും ഷുഗറും പിടിക്കുമ്പോൾ ഓർക്കണം... “ബിജുക്കുട്ടന്റെ പെമ്പ്രോന്നോതി അവനോടു ദേഷ്യപ്പെട്ടു.
“നീ ചുമ്മാതിരി കൊച്ചെ.... അവനിച്ചിരി ചോറ് മീൻ കൂട്ടാന്റെ കൂടെ വാരി തിന്നോട്ടെ. ഇന്ന് ഒരു നേരം ചോറ് തിന്നെന്ന് വിചാരിച്ചു അവൻ ചത്തൊന്നും പോവൂല.. “മകന്റെ ഭക്ഷണ കാര്യത്തിൽ മരുമകൾ നടത്തുന്ന കൈയേറ്റം ഒന്ന് തടയാൻ ത്രേസ്യ നിശ്ചയിച്ചു....
“അല്ലേൽ തന്നെ പുളിയിട്ടു പറ്റിച്ച മീൻ കൂട്ടാന്റെ കൂടെ ഇച്ചിരി കുത്തരി ചോറുണ്ടില്ലേൽ എന്നതിനാ”
മരുമകൾ ചോറ് കാലം കൊണ്ട് വന്നു മേശപ്പുറത്തേക്കൊരു കുത്തു.. ഠോ ..
ത്രേസ്യ കുട്ടി ചാടി എഴുന്നേറ്റു...
" അമ്മച്ചി, എറണാകുളമെത്തി.. സ്വപനം കണ്ടിരുന്നോ ?"
ബസിന്റെ നടയിറങ്ങി മുനോട്ടു നടന്നപ്പോഴാണ് ത്രേസ്യ ചട്ടിയുടെ കാര്യമോർത്ത്.. ബസ് അപ്പോഴേക്കും മുന്നോട്ടു എടുത്തിരുന്നു...
“ അയ്യോ എന്റെ ചട്ടി.. “ത്രേസ്യ ബസിനു പിന്നാലെ വേച്ചു വേച്ചോടി ..
“ അമ്മച്ചിയെ പൊതി വേണ്ടേ.. ?”കണ്ടക്ടർ പിറകിലെ വാതിലിൽ വന്നു വിളിച്ചു ചോദിച്ചു..
ത്രേസ്യ ഓട്ടത്തിനിടയിൽ പറഞ്ഞു.. “ എന്റെ ചട്ടി തായോ ....”
കണ്ടക്ടർ പൊതി എറിഞ്ഞു കൊണ്ട് പറഞ്ഞു.. " അമ്മച്ചി ഇന്ന പിടിച്ചോ... "
“എടാ മഹാപാപി എറിയല്ലേടാ..” പറഞ്ഞു തീരുന്നതിനു മുന്നേ പൊതി വന്നു
ത്രേസ്യാക്കുട്ടിയുടെ മുന്നിലേക്ക് വീണു..
ധിം തരികിട തോം !!** Sanee John

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo