Slider

സുന്നത്ത് കല്ല്യാണം*

1
Image may contain: one or more people

1998ലെ ഒരു വേനൽ അവധികാലത്തെ മലബാറിലെ ഒരു ചെറിയ മുസ്ലിം കൂട്ടു കുടുംബം പശ്ചാത്തലം ആയിട്ടുള്ള ഒരു കഥയാണ് ഇത്‌....
ഫാസിയും ഷാബും, രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഇവരുടെ സുന്നത്ത് കല്ല്യാണം ഇതുവരെ കഴിഞ്ഞിട്ടില്ല...വീട്ടുകാര് ഒന്ന് രണ്ടു തവണ ശ്രമിച്ചു എങ്കിലും രണ്ടുപേരുടെയും പേടി കാരണം ആ കർമം അങ്ങ് നീണ്ടുപോയി.
കഥയിലെ മറ്റൊരു കഥാപാത്രവും ഇവരുടെ രണ്ടു പേരുടെയും പ്രധാന കൂട്ടുകാരനും പോരാത്തതിന് തൊട്ടടുത്ത വീട്ടിലെ ഏക ആൺതരിയും കൂടി ആയ മജീദ് ആണ് ഇവരെ സുന്നത്ത് എന്നത് ഒരു ഭീകരസംഭവം ആണ് എന്ന് പറഞ്ഞു പേടിപ്പിച്ചത്.
ഇവരുടെ കൂട്ടുകാരൻ ആണെകിലും പത്തിരുപതുവയസ്സായി നമ്മുടെ മജീദിന്..
പ്രായത്തിന്റെ പക്വത ഇല്ലായ്മ കുറക്കാൻ വേണ്ടി മഹല്ലിലെ ഖത്തീബ് ഉസ്താത് മജീദ്‌ന്റെ ഉപ്പാക്ക് ഒരു ചെറിയ ബുദ്ധി പറഞ്ഞു കൊടുത്തു...
എന്താണ് എന്നല്ലേ! ചെക്കനെ ഉടനെ പിടിച്ചു ഒരു പെണ്ണ് കെട്ടിക്കാം എന്ന്... അടുത്ത ആഴ്ച അങ്ങനെ നമ്മുടെ മജീദ് ഒരു പുത്യാപ്ല ആകാൻപോകുന്നു...
രാവിലെ അങ്ങാടിയിലേ പീടിയേൽക്ക് പോകാൻ ഇറങ്ങിയ മജീദ് തന്റെ കൂട്ടുകാരായ ഫാസിയെയും ഷാബുനേം കൂട്ടി പോകാം എന്ന് കരുതി അവരുടെ വീടിന്റെ മുന്നിൽ എത്തിയപ്പോൾ ആണ് ഫാസിയുടെ ഉപ്പയും പ്രവാസിയും കൂടി ആയ ഹമീദ്ക്കാനെ കണ്ടത്.
ഹമീദ്ക്കാ ഇങ്ങള് എപ്പോഴാ വന്ന്....?
ആരിത് മജീദോ... വാ ഇങ്ങോട്ട് കയറി ഇരിക്ക്.
ഇല്ലാ ഇക്കാ ഞാൻ പീടിയേൽ പോകാൻ ഇറങ്ങിയഥാ.. അപ്പൊ ഇവിടെ ഫാസിയും, ഷാബും ഉണ്ടെങ്കിൽ ഓലേം കൊണ്ട് പോകാലോ എന്ന് കരുതി.... ഇങ്ങള് എന്താ പെട്ടന്ന് വന്നത് അല്ലങ്കിൽ ഷാബും ഫാസിയും ഇങ്ങള് വരുന്നു എന്ന് പറഞ്ഞു ഈ പെര മറിച്ചിടാറുണ്ടല്ലോ ...?
ഞാൻ പെട്ടന്ന് ഇങ്ങട്ട് പൊന്നു നാളെ ഇവിടെ ഒരു ചെറിയ പരുപാടി ഉണ്ട്..
അതുകൊണ്ടാ !
എന്ത് പരുപാടി? ഓല് രണ്ടാളും ഒന്നും പറഞ്ഞില്ല...
ഇജ്ജ് ഓരോട് രണ്ടാളോടും പറയൂല്ലങ്കിൽ അന്നോട്‌ ഞാൻ ഒരു കാര്യം പറയാം..
എന്താ ഇക്കാ...
ഹമീദ്ക്ക മജീദ്‌ന്റെ ചെവിയുടെ അടുത്ത് വന്ന് പതിയേ പറഞ്ഞു.
നാളെ ഒരെ രണ്ടാൾടേം സുന്നത്ത് കഴിക്കാൻ ഞങ്ങൾ എല്ലാരും കൂടി അങ്ങ് തീരുമാനിച്ചു... ഷാബുൻറെ ഉപ്പ ഇന്ന്‌ വൈന്നേരം കോഴിക്കോട്ടുന്നു വരും... നാളെ പുലാമന്തോൾ ഉള്ള തങ്ങളുടെ അടുത്ത് കൊണ്ടോകാം എന്നാ വിചാരിക്കുന്നത്,തങ്ങള് ആകുമ്പോ വേദന കുറവാണ് എന്നാ കേട്ടത്...
അതാണ് അല്ലെ ഇങ്ങള് ഇത്ര പെട്ടന്ന് വന്നത്...
ആഹ് അതേ !
എവിടെ ഓല് രണ്ടാളും?
ഓല് അപ്പുറത്ത് തൊഴുത്തിൽ കാണും വല്ലിപ്പ പയ്യിനെ കറക്കുന്നത് കാണാൻ പോയതാ... പിന്നെ മജീദെ അന്റെ കല്ല്യാണം അല്ലടോ അടുത്ത ആഴ്ച ന്നിട്ടാണോ ഒന്നിനാത്രം പോന്ന ഇജ്ജ് ഈ കുട്ടിയാള്ടെ കൂടെ കളിച്ചു നടക്കുന്നത്...
ഹമീദ്ക്കാടെ ഉപദേശം കേൾക്കാൻ നിൽക്കാതെ മജീദ് അവിടെ നിന്നും തൊഴുത്തിലേക്കു നടന്നു...
പോയിനെടാ അവിടുന്ന്...
മജീദ് തൊഴുത്തിന്റെ അടുത്ത് എത്തിയപ്പോൾ വല്ലുപ്പടെ ചീത്ത വിളി ആണ് കേട്ടത്...
പെട്ടന്ന് തൊഴുത്തിൽ നിന്നും പുറത്തേക്ക് ചാടി വരുന്ന ഫാസിയും ഷാബുവും മജീദ്‌നെ കണ്ടു...
മജീദ്കാക്കൂ ഓടിക്കോ വല്ലിപ്പ വടി എടുത്തു...
എന്താടാ... എന്താടാ ഇങ്ങള് കാട്ടിയെ...
ഒന്നുല്ല മജീദ്കാക്കൂ ഈ ഫാസിക്ക് പയ്യിനെ കറക്കണം എന്ന് പറഞ്ഞ് പയ്യിന്റെ അകിടിൽ ഞെക്കി, വേദനിച്ചപ്പോ പയ്യുകോതെറി പാത്രത്തിൽ ഉണ്ടായിരുന്ന പാല് മൊത്തം പോയി... കിതച്ചുകൊണ്ട് ഷാബു മജീദ്‌നോട് പറഞ്ഞു.
വല്ലിപ്പ വടി വീശി വരുന്നത് കണ്ട മൂന്നാളും സ്ഥലം കാലിയാക്കി...
വലിയ സത്യങ്ങൾ ഒന്നും മനസിൽ വെക്കാൻ പറ്റാത്ത മജീദ് പീടിയേൽക്കു പോണവഴിയിൽ വച്ചാണ് ഫാസിയോടും ഷാബുനോടും നാളെയാണ് ഇങ്ങളുടെ സുന്നത്ത് കല്ല്യാണം എന്ന് പറഞ്ഞത്...
രണ്ട് കണ്ണും പുറത്ത് ചാടി പരസ്പരം നോക്കി നിന്ന അവരോടു മജീദ് ഒരു ഉപദേശം പോലെ പറഞ്ഞു... കുറച്ച് ദിവസം ചെറിയ വേദന കാണും, അതോണ്ട് കളിക്കാനൊന്നും പറ്റൂല... ന്നാലും എന്തിനാ എൻറെ കല്യാണത്തിന്റെ സമയത്തന്നെ ഇങ്ങളെ സുന്നത്ത് കൈകുന്നെ എന്നാ ഞാൻ അലോയ്‌ക്കണത് !
ഫാസിയും ഷാബുവും ഇതേല്ലാം കൂടി കേട്ടപ്പോൾ പേടിച്ചു കണ്ണ് നിറച്ചു പെരേല്ക്കു തിരിച്ചു ഓടി....
പെരേല് എത്തിയപാടെ അടുക്കളയിൽ ഉള്ള ഉമ്മമാരുടെ മടിയിൽ പോയി ചാഞ്ഞു വീണു രണ്ടുപേരും കൂടി കരച്ചിൽ തുടങ്ങി..
എന്താണ്ടായത് ഫാസിയെ? രണ്ടാളും കരഞ്ഞിട്ടാണല്ലോ ഓടി വരുന്നേ.... !
ഷാബുന്റെ ഉമ്മ ഫാസിയോട് ചോദിച്ചു.
നാളെ ഞങ്ങളെ സുന്നത്ത് കയ്ക്കാൻ കൊണ്ടൊക്കുന്നുണ്ടോ...? കണ്ണിൽ കൈതിരുമ്മി ഷാബു ചോദിച്ചു.
അത്‌ കേട്ടപ്പോൾ ഒരു കൂട്ടച്ചിരി ആയിരുന്നു അവിടെ ഉണ്ടായിരിന്ന എല്ലാവരും കൂടി...
അടുക്കളയിൽ നിന്നുള്ള കൂട്ടചിരി കേട്ടപ്പോൾ പുറത്ത് നിന്നിരുന്ന അവരുടെ വല്ലിമ്മ അകത്തുകയറി വന്ന് എന്താ ഇബടെ ഒരു കൂട്ടച്ചിരി ?? എന്ന് ചോദിച്ചു.
ചിരി അടക്കി പിടിച്ച് ഫാസിയുടെ ഉമ്മ മറുപടി പറഞ്ഞു... നാളെ ഇവരെ സുന്നത്ത് കയ്ക്കാൻ കൊണ്ടോണത്തിനു ഓല് രണ്ടാളും കൂടി ഇവിടെ വന്ന് കരയാണ്...
ൻറെ കുട്ട്യാളെ എന്തിനാടീ ങ്ങള് കളിയാക്കുന്നെ എന്ന് പറഞ്ഞ് വല്ലിമ്മ അവരെയും വിളിച്ച് കോലായിലേക്ക് പോയി...
മുറുക്കാൻ പെട്ടിയിൽ ഉണ്ടായിരുന്ന കടലമിട്ടായി അവർക്കു കൊടുത്ത് വല്ലിമ്മ ചോതിച്ചു എന്തിനാ എൻറെ കുട്ട്യാളെ ഇങ്ങള് ഇങ്ങനെ കരയുന്..?
ഞങ്ങളെ നാളെ സുന്നത്ത് കൈക്കാൻ കൊണ്ടോകുണ്ടോ??
ആരാ ഇങ്ങളോട് ഇത്‌ പറഞ്ഞത്?
മജീദ്കാക്കൂ..
ആ ഹിമാർ ഇങ്ങട്ട് വരട്ടെ ഞാൻ ചോയ്ക്കാം ഓനോട്‌, എന്തിനാ ൻറെ കുട്ട്യാളെ ഇങ്ങനെ പേടിപ്പിച്ചു എന്ന്..
ഇങ്ങള് ഇപ്പൊ അതൊന്നും ചോയിക്കണ്ട ഞങ്ങളെ നാളെ സുന്നത്ത് കൈക്കാൻ കൊണ്ടൊക്കുന്നുണ്ടോ എന്ന് പറഞ്ഞാ മതി..
ഹേയ്... അത്‌ ൻറെ കുട്ട്യാളെ പേടിപ്പിക്കാൻ വേണ്ടി ആ ബടുക്കൂസ് വെറുതെ പറഞ്ഞതാണ് ട്ടോ.... രണ്ടാളും പേടിക്കണ്ട എന്ന് പറഞ്ഞ് ഷാബുൻറെയും ഫാസിയുടെയും കണ്ണ് തുടച്ചുകൊടുത്തു....
ഫാസിയുടെ ഒലിച്ചു ഇറങ്ങിയ മൂക്ക് പിഴിഞ്ഞ് വല്ലിമ്മ പറഞ്ഞു ഇഞ്ഞു ഇങ്ങള് രണ്ടാളും പുറത്ത് പോയി കളിച്ചോളിൻ ട്ടോ...
വല്ലിമ്മ പറഞ്ഞപ്പോൾ അവർക്കു സമാധാനം ആയി കാരണം മുൻപ് രണ്ടു വട്ടവും അവരെ ഈ കർമ്മത്തിൽ നിന്നും രക്ഷിച്ചത് വല്ലിമ്മ ആയിരിന്നു.
വൈകുന്നേരം വരെ പാടത്തും തൊടിയിലും കളിച്ചു നടന്ന രണ്ടു പേരും വൈകുന്നേരം വീടിന്റെ ഉമ്മറത്തു എത്തിയപ്പോൾ ആണ് ലോറിയിൽ നിന്നും ഇറക്കുന്ന വലിയ ബിരിയാണി ചെമ്പുകൾ കണ്ടത്....
ഇതെന്തിനാ ഉപ്പാ എന്ന് ഫാസി ഹമീദ്ക്കാട് ചോദിച്ചു...
ഒന്നുല്ലടാ മജീദ്ൻറെ കല്യാണത്തിന് ഇപ്പൊ തന്നെ ഇതൊക്കെ ഇവിടെ കൊടുന്നു വെക്കുന്നതാ... ഇങ്ങള് രണ്ടാളും പോയി ചായ കുടിച്ചോളിൻ... അവരെ അവിടെ നിൽക്കാൻ സമ്മതിക്കാതെ ഹമീദ്ക്ക അവരെ അവിടെ നിന്നും പായിച്ചു..
രാത്രി ആയപ്പോൾ ഷാബുൻറെ ഉപ്പ കോഴിക്കോട്ടിൽനിന്നും വന്ന് എല്ലാരും കൂടി ഇരിക്കുന്ന കൊലയിലേക്കു അവരെ രണ്ടുപേരെയും വിളിച്ചു വരുത്തി..
നാളെ രാവിലെ നമ്മൾ എല്ലാരും കൂടി ഒരു സ്ഥലം വരെ പോകും ട്ടോ രാവിലെ ഇങ്ങള് രണ്ടാളും റെഡിയായി നിൽക്കണം...
എങ്ങോട്ടാ ഉപ്പ ഷാബു അവന്റെ ഉപ്പാടെ മടിയിലേക്കു ഇരുന്ന് ചോദിച്ചു...
വല്ലിമ്മ ആയിരുന്നു അതിന് മറുപടി പറഞ്ഞത്... മലമ്പുഴ ഡാം കാണാൻ.. ഇങ്ങള് ഇതുവരെ കണ്ടിട്ടില്ലല്ലോ
..അവിടെ കുറേ വെള്ളോം ചെടികളും ഒക്കെ ഉണ്ട്... ഫാസിയും ഷാബുവും കാണാതെ കണ്ണ് ഇറുക്കി കൊണ്ട് ആണ് വല്ലിമ്മ അത്‌ പറഞ്ഞത് .
അത്‌ കേട്ടപ്പോൾ രണ്ടാളുടെയും മുഖത്ത് ഒരു പുഞ്ചിരി വിടർന്നു...
എന്നാ എല്ലാരും പോയി ഉറങ്ങിക്കോളീം.. രാവിലെ നേരത്തെ നീക്കാൻ ഉള്ളതാ... വല്ലുപ്പ എല്ലാരോടും കൂടി ആയി പറഞ്ഞു...
രാവിലെ രണ്ടു പേരെയും നേരത്തെ എഴുനേൽപ്പിച് കുളിപ്പിച് നിർത്തി അവരുടെ ഉമ്മമാർ തല തോർത്തി കൊടുത്തു...
അലമാരയിൽ ഉള്ള തന്റെ ഷഡ്ഢി എടുത്തു ഇടാൻ നിൽക്കുന്ന ഫാസിയോട് ഓന്റെ ഉമ്മ പറഞ്ഞു അതൊന്നും ഇന്ന്‌ വേണ്ടാ... വെള്ളത്തിൽ ഇറങ്ങാൻ പോകുമ്പോ ആരേലും ഇതൊക്കെ ഇടോ?? ശരിയാണല്ലോ എന്തിനാ അതുംകൂടി നനക്കുന്നെ എന്ന് പറഞ്ഞ് അവൻ ഷഡ്ഢി അലമാരയിലേക്കു തന്നെ തിരുച്ചു വച്ച് ഒരു ട്രൗസർ എടുത്തു ഇട്ടു ...
താഴത്തെ കൊലയിലേക്കു നടന്ന ഫാസി കണ്ടത് ഷാബു പത്തിരിയും കോഴിചാറും കൂട്ടി അടിച്ചു മിന്നുതാണ്,ഫാസിയും ഓന്റെ കൂടെ ഇരുന്നു.
രണ്ടു പേരും കഴിഞ്ഞ ചെറിയ പെരുന്നാൾക്കു എടുത്ത വെള്ള ഷർട്ടും കറുത്ത ട്രൗസറും ആണ് ഇട്ടിരിക്കുന്നത്...
അവരെ നല്ല സ്നേഹത്തോടെ തീറ്റിച് വല്ലിമ്മയും ഉമ്മമാരും കൂടെ ഇരുന്നു..
കൊലയിലേക്കു ഷാബുൻറെ ഉപ്പയും ഫാസിയുടെ ഉപ്പയും വന്നു...
എവിടെ അന്റെ തുണക്കാരൻ ഹമീദെ എന്ന് ഷാബുൻറെ ഉപ്പ ഫാസിയുടെ ഉപ്പാനോട് ചോദിച്ചു...
ഓല് രണ്ടാളും ഇപ്പൊ വരും...
ആരാ ഉപ്പാ.. എന്ന് ഫാസി സംശയത്തോടെ ചോദിച്ചു..
യൂസഫും ഓന്റെ മോൻ ജാഫറും..
ജാഫെറോ ഒന് എന്തിനാ വരുന്നേ...?
ഓൻക്കും മലമ്പുഴ ഡാം കാണണം എന്ന് പറഞ്ഞിരുന്നു...
ആണോ എന്ന് നിരാശയോടെ പറഞ്ഞ് ഫാസി തല കുനിച്ചു ഇരുന്നു... കാരണം അവര് പഠിക്കുന്ന അതേ ക്ലാസ്സിൽ തന്നെയാണ് കൂമൻ എന്ന് അറിയപ്പെടുന്ന ജാഫറും പഠിക്കുന്നത് പോരാത്തതിന് അവരുടെ രണ്ട് പേരുടെയും ശത്രുവും ...
പുറത്ത് ജാഫറിന്റെ ഉപ്പാ ജീപ്പുമായി വന്ന ശബ്ദം കേട്ടപ്പോൾ ആണ് രണ്ടു പേരും പുറത്തേക്ക് നോക്കുന്നത്... മുന്നിൽ തന്നെ ഇരിക്കുന്നുണ്ട് ആ കൂമൻ ജാഫർ എന്ന് ഷാബു ഫാസിടെ ചെവിയിൽ പറഞ്ഞു.
ജീപ്പിൽ നിന്നും പുറത്ത് ഇറങ്ങിയ യൂസഫ് ഹമീദ്നോട് പറഞ്ഞു പുതിയ മൂന്ന് ബക്കറ്റ് എടുത്തോ എന്ന്?
അതുകേട്ട ഷാബു ഫാസിയുടെ ചെവിയിൽ ചോദിച്ചു എന്തിനാടാ മലമ്പുഴക്ക് പോകാൻ ബക്കറ്റ്??
എടാ പൊട്ടാ അത്‌ ചെലപ്പോ ഞമ്മള് കുട്ട്യാള് അല്ലെ വെള്ളത്തിൽ ഇറങ്ങാൻ പറ്റില്ലല്ലോ അപ്പൊ ഡാമിൽ നിന്നും കോരി കുളിക്കാൻ ആകും....
യേ.... ശരിയാ ഇക്ക് വെള്ളത്തിൽ ഇറങ്ങാൻ നല്ല പേടിയാ.. ഷാബു അതിന് മറുപെടി എന്നോണം പറഞ്ഞു.
ഡാ ചെക്കൻ മാരെ ഇങ്ങട്ട് വരിം ഞമ്മക്ക് പോകാം... വല്ലിപ്പ രണ്ടാളെയും വിളിച്ച് ജീപ്പിൻറെ പിന്നിൽ കയറ്റി... മുൻപിലത്തെ സീറ്റിൽ വല്ലുപ്പ ഇരുപ്പ് ഉറപ്പിച്ചു.
ജാഫറിന്റെ ഉപ്പാ വണ്ടി ഓടിക്കാൻ റെഡിയായി നിന്നു... ജാഫർ പിന്നിലേക്ക് വന്നു അവരുടെ രണ്ടുപേരുടെയും അടുത്ത് ഇരുന്നു... രണ്ടുപേരുടെയും ഉപ്പമാര് പിന്നിലെ സീറ്റിൽ അറ്റത്തു ഇരുന്ന് ഡോർ അടച്ചു....
ഉമ്മറത്ത് നിൽക്കുന്ന വല്ലിമ്മക്കും ഉമ്മമാർക്കും റ്റാറ്റാ കാണിച്ച് അവര് യാത്ര തുടങ്ങി.... അങ്ങ് മലമ്പുഴയിലേക്കു..
കുറച്ച് ദൂരം പിന്നിട്ടപ്പോൾ ഫാസിക്ക് ഒരു സംശയം ഉപ്പാ ഇത്‌ ഉമ്മാന്റെ കുടീക്കുപോണ റോഡ് അല്ലെ...
അതേ.. ഇതുവഴിയും ഞമ്മക്ക് മലമ്പുഴക്ക് പോകാം...
ഹ്മ്മ്...
കുറച്ച് കഴിഞ്ഞപ്പോൾ പുലാമന്തോൾ പാലത്തിന്റെ മുകളിൽ എത്തിയപ്പോൾ ഷാബുന്റെ ഉപ്പാ പറഞ്ഞു ആ കാണുന്നത് മലമ്പുഴ ഡാമിലെ വെള്ളം ആണ് എന്ന്...
പുറത്തേക്ക് തല ഇട്ടു നോക്കിയ രണ്ടാൾക്കും ഈ സ്ഥലം മുൻപ് കണ്ട നല്ല പരിജയം ഉണ്ട്.... വല്ലിപ്പാടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു ചിരിയും... രണ്ടു പേർക്കും എന്തോ പന്തികേട് മണത്തു...
ജീപ്പ് നിർത്തിയപ്പോൾ ആണ് അവര് പുറത്തേക്ക് നോക്കുന്നത് ഒരു ചെറിയ ആശുപത്രി.... !
എന്തിനാ വല്ലിപ്പാ ഞങ്ങളെ ഇങ്ങോട്ട് കൊടുന്നത്? ഷാബു സംശയത്തോടെ ചോദിച്ചു...
ഇങ്ങളെ ഞങ്ങൾ കൊടുന്നത് മലമ്പുഴക്ക് കൊണ്ടോകാൻ അല്ല സുന്നത്ത് കൈചാനാ...
കണ്ണ് രണ്ടും പുറത്തേക്ക് ചാടിയ ഫാസിയും ഷാബുവും നേരെ ജാഫറിനെ നോക്കി ഒനും പേടിച്ചു നിക്കാണ്...
ലൂസായി ഊരി ഇറങ്ങിയ ട്രൗസർ വലിച്ച് കേറ്റി ഫാസി ഓടി ജീപ്പിന്റെ പിന്നിലേക്ക് തന്നെ കയറി, അത്‌ കണ്ടപ്പോൾ ഷാബുവും ജാഫറും അതേപോലെ ഓടി ജീപ്പിൻറെ പിന്നിൽ കയറി..
രണ്ടുംകല്പ്പിച്ചു നിന്നിരുന്ന അവരുടെ ഉപ്പമാര് ജീപ്പിൽ നിന്നും തൂക്കി എടുത്ത് അവരെ മൂന്നുപേരെയും ആശുപത്രിയുടെ അകത്തേക്ക് കൊണ്ട് പോയി....
അകത്ത് ഇരിക്കുന്ന തങ്ങളുടെ അടുത്തേക്ക് ആദ്യം കൊണ്ട്പോയത് ജാഫറിനെ ആയിരുന്നു....
ജാഫർ കുറേ കുതറി ഓടാൻ നോക്കി, അറവ്കാരൻ കൂടിയായ ഓന്റെ ഉപ്പ യൂസഫ് ഒരു ആട്ടിൻകുട്ടിയെ തൂകി എടുക്കുന്ന പോലെ അവനെ തൂക്കിയെടുത്തു ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോയി...
ഇതെല്ലാം കണ്ട് ഫാസിയും ഷാബുവും പുറത്ത് കസേരയിൽ പേടിച്ചു ഇരിക്കുകയായിരുന്നു...
ഡോക്ടറുടെ റൂമിന്റെ അടുത്തുള്ള ജനലിൽ കൂടി അകത്തേക്ക് നോക്കിയ അവർ കണ്ടത് ഒരു കട്ടിലിൽ കിടത്തിയ ജാഫറിനെ ആണ്... ചുറ്റും അവരുടെ ഉപ്പമാര് കൂടി നിൽക്കുന്നത് കാരണം അവർക്കു കൂടുതൽ ഒന്നും കാണാൻ സാധിച്ചില്ല...
കുറച്ച് കഴിഞ്ഞപ്പോൾ ഷാബു ഇവിടെ വാ എന്ന് ഓന്റെ ഉപ്പ ഓനെ വിളിച്ചു... പേടിച്ചു വിറച്ച ഷാബു ഫാസിനെ ദയനീയമായി ഒന്ന് നോക്കി....
വേണ്ടാ വേണ്ടാ എന്ന് പറഞ്ഞ് കരയുന്ന ഷാബുനെ ജനലിൽ കൂടി ഫാസി കണ്ടു...
എല്ലാവരും കൂടി ഓനെ കട്ടിലിൽ മലർത്തി കിടത്തി അപ്പോഴേക്കും ഒരു വെള്ള സാരി എടുത്ത നേഴ്സ് വന്ന് ജനൽ അടച്ചു.
കുറച്ച് കഴിഞ്ഞപ്പോൾ പേടിച്ചിരിക്കുന്ന ഫാസിയുടെ അടുത്തേക്ക് ഓന്റെ ഉപ്പ ചിരിച്ചു കൊണ്ട് വന്ന് പറഞ്ഞു... ഫാസിയെ വായോ എന്ന്...
സമ്മതം ഒന്നും ചോദിക്കാതെ ഓന്റെ ഉപ്പ ഓനെ തൂക്കി എടുത്ത് അകത്തേക്ക് കൊണ്ട്പോയി,അവിടെ ഉള്ള കട്ടിലിൽ അവനെ മലർത്തി കിടത്തി... തല പൊന്തിച്ചു നോക്കിയ ഫാസി കണ്ടത് അടുത്ത കട്ടിലിൽ ഏങ്ങൽ അടിച്ചു കരയുന്ന ഷാബുനേം കൂമൻ ജാഫറിനേം ആയിരിന്നു...
പെട്ടന്ന് വന്ന് ആരോ ഫാസിടെ കവിളിൽ ഒന്ന് തട്ടി... നോക്കിയപ്പോൾ തങ്ങൾ ഡോക്ടർ ആണ് കയ്യിൽ കത്തി പോലെ എന്തോ പിന്നെ തൊട്ടടുത്ത് നിൽക്കുന്ന നേഴ്സിന്റെ കയ്യിൽ സൂചിയും നൂലും...
അതെല്ലാം കണ്ടപ്പോളേക്കും ഫാസി പൊട്ടി കരഞ്ഞു...
ഡോക്ടർ കരയണ്ട കരയണ്ട എന്ന് പറഞ്ഞ് കുറേ സമാധാനിപ്പിച്ചു... എന്നിട്ട് ട്രൗസർ അങ്ങ് ഊരിമാറ്റി...
ഡോക്ടർ ഇടത്തോട്ടും വലത്തോട്ടും തല ചെരിച്ചു അരക്കു താഴെ എന്തോ കാട്ടുന്നു.... ഫാസിക്ക് ആണെങ്കിൽ അരക്കു താഴെ വെറും ഒരു തരിപ്പ് മാത്രം...
ഫാസി ഇടയ്ക്കു ചുറ്റും ഒന്ന് നോക്കിയപ്പോൾ എല്ലാവരും അവന്റെ അരക്ക് താഴേക്കു തുറിച്ചു നോക്കുന്നു...
മതി കരഞ്ഞത് എന്ന് പറഞ്ഞ് ഡോക്ടർ ഫാസിയുടെ കവിളിൽ ഒന്നുകൂടി തട്ടി ഇവനെ അവിടെ മാറ്റി കിടത്തിക്കോ എന്ന് അവന്റെ ഉപ്പാനോട് പറഞ്ഞു...
അങ്ങനെ ജാഫറിന്റെ ഇടത്തും വലത്തും ആയി ഷാബുവും ഫാസിയും കിടത്തിന്നു...
അങ്ങനെ അത്ര നാളും ഉണ്ടായിരുന്ന ശത്രുത ആ കിടക്കയിൽ വച്ച് അവര് മറന്നു...
അവരെ മൂന്നുപേരെയുംകയ്യിൽ മലർത്തി കിടത്തി കൊണ്ട് അവരുടെ ഉപ്പമാര് ജീപ്പിലേക്ക് എടുത്ത് കൊണ്ട് പോയി...
ജീപ്പിൽ എത്തിയപ്പോൾ ആണ് ഈ ബക്കറ്റ് കുളിക്കാൻ അല്ല പിന്നെ എന്തിനാ കൊണ്ടുവന്നത് എന്നത് അവർക്കു മനസിലായത്...
ബക്കറ്റ് ജീപ്പിന്റെ പിന്നിൽ കമഴ്ത്തി വച്ച് അതിന്റെ മേലേക്ക് അവരുടെ കാലുകൾ കയറ്റി വച്ചു...ഇരിക്കാൻ എളുപ്പത്തിന് ജാഫറിന്റെ ഉപ്പാൻറെ ബുദ്ധി...! അല്ലെങ്കിൽ സുന്നത്ത് കഴിച്ച ഭാഗം വേദനിക്കും എന്ന് അവർക്കു മനസിലായി, അങ്ങനെ കമഴ്ത്തി വച്ച ബക്കറ്റിൽ കാലുകൾ കയറ്റി വച്ച് വിശാലമായി അവര് ജീപ്പിൻറെ പിന്നിൽ ഇരുന്ന് യാത്ര തുടങ്ങി..
ഫാസിയുടെയും ഷാബുന്റെയും ഉപ്പമാര് ഉള്ളിൽ ഇരിക്കാൻ പറ്റാത്തത് കൊണ്ട് ജീപ്പിന്റെ പിന്നിൽ തൂങ്ങി...
പോകുന്ന വഴിയിൽ ജാഫറിനെ ഓന്റെ വീട്ടിൽ ഇറക്കി കൊടുത്തു... അവിടെ എത്തിയപ്പോൾ എല്ലാവരും അവനെ കാണാൻ ജീപ്പിന്റെ അരികിലേക്ക് വന്നു... അകത്തു വരി വരിയായി മൂന്ന് സുന്നത്ത് കഴിഞ്ഞ കുട്ടികൾ ഇരിക്കുന്നത് കണ്ട പെണ്ണുങ്ങൾ ചിരിക്കാൻ തുടങ്ങി....
നിന്നു ചിരിക്കാതെ ജാഫറിനെ അകത്തേക്ക് കൊണ്ട് പോയി ബിരിയാണി വെക്കാൻ നോക്കു ൻറെ സൂറ എന്ന് ജാഫറിന്റെ ഉപ്പ യൂസഫ് പറഞ്ഞു...
അവനെ അവിടെ ഇറക്കി പിന്നെ നേരെ അവരെ രണ്ടു പേരെയും അവരുടെ വീട്ടിലേക്കു കൊണ്ട് പോയി...
ഉമ്മറത്തു അവരെയും കാത്ത് വല്ലിമ്മയും ഉമ്മമാരും താത്ത മാരും അമ്മായിമാരും അങ്ങനെ ഒരു പട്ടാമ്പി നേർച്ചക്ക് ഉള്ള ആളുണ്ട്... പോകുമ്പോ ഇത്രേം ആള്ക്കാര് ഇവിടെ ഉണ്ടായിരുന്നില്ലല്ലോ എന്ന് ഫാസി മനസ്സിൽ ചിന്തിച്ചു....
വന്നവർക്കു കാണാൻ വേണ്ടി കോലായിയുടെ അടുത്തുള്ള മുറിയിൽ അവരെ കിടത്തി...
മുകളിലത്തെ കൊളുത്തിൽ രണ്ടു തുണികൾ ഒരു കൂടാരം പോലെ കെട്ടി അവരുടെ സുന്നത്ത് കഴിഞ്ഞ ഭാഗം മറച്ചു വച്ചു....
പിന്നീട് അവിടെ വരിവരിയായി ഒരു കൂട്ടം കാഴ്ചക്കാർ ആയിരുന്നു....വരുന്നവർ വരുന്നവർ തുണി പൊക്കി സുന്നത്ത് കഴിഞ്ഞ ഭാഗം കൺ കുളിർക്കെ കണ്ടു. അതിനിടയിൽ കാഴ്ച കാണാൻ വന്നവർക്കുള്ള ബിരിയാണിയുടെ ധം പൊട്ടിച്ച മണം പരിസരം മുഴുവൻ നിറഞ്ഞു.... അപ്പോഴാണ് ഫാസിക്കും ഷാബുനും ആ ചെമ്പുകൾ എന്തിന് വേണ്ടിയാ ഇറക്കിയത് എന്ന് മനസിലായത്...
കാഴ്ചക്കാരുടെ എണ്ണം കൂടി കൂടി വന്നു.... ആകെ അവർക്കുള്ള സമാധാനം എന്തെന്നാൽ വരുന്നവർ മുഴുവൻ നൂറും അഞ്ഞൂറും സ്വർണ്ണമോതിരവും ഹോർലിക്സും ബൂസ്റ്റും പഴങ്ങളും അങ്ങനെ പറഞ്ഞാൽ തീരാത്ത അത്ര കാഴ്ചകൾ അവർക്കു സമ്മാനം ആയി നൽകിയിരുന്നു....
അപ്പോഴാണ് നാട്ടിലെ പ്രധാന ഒസ്സാൻ ആയിരുന്ന ഇബ്രാഹിം വന്നത്... മൂപ്പരാളെ സുന്നത്ത് ഏൽപ്പിക്കാത്തതിന് ഉള്ള ചെറിയ ദേഷ്യവും കുശുമ്പും ഇച്ചിരി മനസ്സിൽ ഉണ്ട്...!
കാഴ്ച ഒന്നും ഫാസിക്കും ഷാബുനും അയാൾ കൊടുത്തതുമില്ല പോരാത്തതിന് ചെയ്തതിനു കുറ്റവും കുറവും പറഞ്ഞു കൊണ്ടേ ഇരിന്നു...
ഷാബുന്റെ തുണി മാടി ഇത്‌ പഴുക്കാൻ സാധ്യത ഉണ്ട്ട്ടോ എന്ന് ഒരു അഭിപ്രായം കേട്ടപ്പോൾ ഷാബാനു ദേഷ്യം സഹിക്കാൻ പറ്റിയില്ല...
കണ്ണും അടച്ച് വേദനയും സഹിച്ചു ഷാബു തുണി പൊക്കി നോക്കുന്ന ഇബ്രായി ഒസ്സാന്റെ മുഖത്തേക്ക് മൂത്രം ഒഴിച്ചു....
പിന്നെ ഒരു കൂട്ട ചിരി ആയിരുന്നു വീട് മുഴുവൻ...
കാഴ്ചകാരുടെ തിരക്ക് കഴിഞ്ഞപ്പോൾ ഫാസിയുടെ ഉമ്മ വന്ന് രണ്ടു പേർക്കും ബിരിയാണി വാരി കൊടുത്തു...
ബിരിയാണിയുടെ മണത്തിനു മുൻപിൽ അവരുടെ സുന്നത്ത് കഴിഞ്ഞതിന്റെ വേദന ഒന്നും അല്ലാതെ ആയി മാറി...
പറമ്പിൽ കളിക്കാനും സൈക്കിൾ ചവിട്ടാനും ഒന്നും ഈ അവധി കാലത്ത് സാധിക്കാത്തതിൽ അവർക്കു സങ്കടം ഉണ്ടായിരുന്നെങ്കിലും...അവരുടെ ഉറ്റ ചെങ്ങാതി മജീദ് അവരെ കാണാൻ വാരത്തിൽ ആയിരുന്നു അവർക്കു കൂടുതൽ വിഷമം...
അങ്ങനെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ മജീദ്ക്കാടെ വീടിന്റെ ഉമ്മറത്തു വലിയ കല്യാണപന്തൽ ഉയർന്നു... ആളുകൾ വന്നും പോയിക്കൊണ്ടും ഇരുന്നു... മജീദിന്റെ കല്ല്യാണം കഴിഞ്ഞു... മജീദിന്റെ വീട്ടിൽ നിന്നും നല്ല ബിരിയാണി മണം അവർക്കു അടിക്കുന്നുണ്ടായിരുന്നെകിലും അവർക്ക് രണ്ടു പേർക്കും അതിൽ പങ്കെടുക്കാൻ പറ്റിയില്ല....
കല്ല്യാണത്തിനു ശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോൾ മജീദ് പുതിയ പെണ്ണിനേം കൂട്ടി അവന്റെ കൂട്ടുകാരെ കാണാൻ വന്നു...
എങ്ങനെ ഉണ്ടെടാ വേദന ഉണ്ടോ...??
മജീദിന്റെ ചോദ്യത്തിന് ഷാബു അവരെ കാണാൻ വരാത്തതിൽ ഉള്ള ദേഷ്യത്തോടു കൂടി പറഞ്ഞു...
നല്ല രസം ഉണ്ട് ഇപ്പൊ വേദന തോന്നുമ്പോൾ ഇടക്കിടക്ക് ചൂട് വെള്ളം ഒഴിക്കും അപ്പൊ നല്ല സുഗാ ഇങ്ങൾക്ക്‌ വേണോ മജീദ്കാക്കൂ....
വേണ്ടാ മോനെ ഞാൻ കേട്ടു അന്റെ ചൂട് വെള്ളത്തിന്റെ കഥ പിന്നേയ് എൻറെ പുതിയപെണ്ണ് പറയാണ് ഇനി മുതൽ കുട്ടികളുടെ കൂടെ കളിച്ചു നടക്കരുത് എന്ന് അതുകൊണ്ട് ഇനി ഞാൻ ഇങ്ങളെ ഒപ്പം കളിക്കാൻ വരില്ലട്ടോ...
അങ്ങനെ പറഞ്ഞ് മജീദ് അപ്പുറത്ത് നിന്നിരുന്ന ഓന്റെ പുതിയ പെണ്ണിനേം കൂട്ടി അവിടെ നിന്നും പോയി...
ദിവസങ്ങൾ കഴിഞ്ഞപ്പോൾ സുന്നത്ത് കഴിഞ്ഞത് എല്ലാം ഉണങ്ങി.... തുന്നെല്ലാം വെട്ടി...
വീണ്ടും അവര് കളിക്കാൻ പാടത്തും തൊടിയിലും ആയി കറങ്ങി നടന്നു... ഇപ്പൊ മജീദ്കാക്കൂ മാത്രം ഒന്നിനും വരില്ല... പള്ളിയിലെ ഖത്തീബ് ഉസ്താതിന്റെ ഉപദേശം ഫലിച്ചു.
സ്കൂൾ തുറന്നപ്പോൾ മജീദിന് പകരം അവർക്ക് ശത്രു ആയ കൂമൻ ജാഫർ ഉറ്റ കൂട്ടുകാരൻ ആയി മാറി...
അങ്ങനെ ഒരുദിവസം സ്കൂളിലേക്ക് പോകുന്നവഴിയിൽ ഷാബുന് മൂത്രം ഒഴിക്കാൻ മുട്ടി,അത്‌ കേട്ടപ്പോൾ ഫാസിക്കും ജാഫറിനും അതേ തോന്നൽ...
പാടേതെങ്കിൽ പാടത്തു എന്ന് പറഞ്ഞ് നിരന്ന് നിന്ന് ട്രൗസർ താഴ്ത്തി അവര് മൂത്രം ഒഴിച്ചു....
തന്റെ ഇടത്തും വലത്തും നിക്കുന്ന ഫാസിയുടെയും ജാഫറിന്റെയും സുന്നത്ത് കഴിഞ്ഞോടുത്തുക്കു നോക്കി ഷാബു പറഞ്ഞു... അന്റെ തോനെ മുറിച്ചുക്കുണ് ട്ടോ ജാഫറെ..... !
By
Ismail Oduparayil
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo