Slider

ഭൂമിയുടെ വിലാപം

0

കുടിവെള്ളമുണ്ടോ
ഒരുതുള്ളി നല്കിടാൻ
ചുടുതൊണ്ടനീറി ഞാൻ
ചത്തിടുംമുൻപേ?.
കരിമ്പുഴച്ചാലുകൾ നാറിടുന്നു,
ഒഴുകാത്തനീരുറവ
ശവമഞ്ചമേറി യാത്രയാകുന്നു
മേനി വരണ്ടൊരീ മണ്ണിൽ
കണ്ണീരണിഞ്ഞൊരു പാഴ്മുള
കൈകൂപ്പി കേണിടുന്നു
മാറ് വരണ്ടതാണെന്റെ
ഉടലാകെ പൊള്ളുന്ന ചൂടാണ്
തരിപോലും കരുണയില്ലാ
കരങ്ങളാൽ മാന്തിപൊളിച്ചൊരു
ദേഹമേയുള്ളെനിക്കിന്ന്.
തണലുള്ള കുപ്പായമില്ല
തലചായ്ക്കും കരിമ്പാറയില്ല
ഒരു ചെറുതണുവേകി
ഒഴുകുന്നൊരരുവിയുമില്ല
കാത്തിരിക്കുന്നു ഞാനൊരു
കാലൊച്ച,ആസന്നമരണം നടന്നടുക്കുന്നു.
കുടിവെള്ളമുണ്ടോ
ഒരുതുള്ളി നല്കിടാൻ
ചുടുതൊണ്ടനീറി ഞാൻ
ചത്തിടും മുൻപേ?
അവസാനയാത്രയുടെ
ആലസ്യമൊഴിയും മുൻപേ
കാണുവാനുണ്ടെനിക്കിനിയും
ഒരുപാട് കരുതലിൽ
ഞാനോമനിച്ചവരുടെ മരണംകൂടെ.
നീരുവറ്റി വാടിത്തളർന്നവർ
എന്നേപ്പുണർന്ന് അവസാനശ്വാസം
നിലയ്ക്കുന്നതും
ഒരുനോക്കുകണ്ട്‌
ഒരുവാക്കുപോലും മിണ്ടാതെ
ഞാനും മടങ്ങും.
കുടിവെള്ളമുണ്ടോ
ഒരുതുള്ളി നല്കിടാൻ
ചുടുതൊണ്ടനീറി ഞാൻ
ചത്തിടും മുൻപേ?
അനിലൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo