Slider

നമ്മുടെ ജനറേഷൻ കാണാനിരിക്കുന്നതിലും

8 മുക്കാൽ എന്നൊരു സമയമുണ്ടോ ചുണ്ടിലൊരു മൂളിപ്പാട്ടുമായി ബാലേട്ടൻ ഓഫീസിൽ ഹാജരായിരിക്കും. പ്രായം 75 ആയെങ്കിലും ചൊടിപ്പും പ്രസരവും കണ്ടാൽ കഷ്ടിച്ചു ഒരു 60 വയസ്സ് പറയൂ..ചില നേരങ്ങളിൽ ഒരു പാട്ടായോ സംശയമായോ രാഷ്ട്രീയ ചിന്തയുമായോ കക്ഷി തൊട്ടടുത്തുള്ള എന്റെ ഓഫീസിലേക്ക് ഒരു വരവുണ്ട്..അച്ചാച്ഛന്മാർ നല്ല പ്രായത്തിൽ മരിച്ചത് കൊണ്ട് ആ പഴമയ്ക്കായി ഞാനെന്നും കാതോര്തിരിക്കും..
"മണ്ണൂരേക്കുള്ള ടിക്കറ്റ് എടുത്തു..അടുത്തു പോണം..." ഇതാണ് പുള്ളിയുടെ സ്ഥിരം പല്ലവി..മക്കൾക്ക് ഉന്നത വിദ്യാഭ്യാസം കൊടുത്തു തനിച്ചായ പതിനായിരങ്ങളിലൊരുവനായി മാറിയെങ്കിലും ജീവിതം പോസിറ്റീവ് ആയി കാണാനാണ് ആൾക്കിഷ്ടം.
ആഴ്ചവട്ടങ്ങളിൽ ഓഫീസിൽ ഡോമിനോസിൽ നിന്ന് പിസയും KFC ബക്കെറ്റുകളും കോളയും നുരയുമ്പോൾ തൊട്ടടുത്ത മേശയിലിരുന്നു തന്റെ സഹധർമിണി ഉണ്ടാക്കിക്കൊടുത്ത പാവയ്ക്ക ഉപ്പേരിയും മോര് കറിയും കഴിക്കുകയാവും കക്ഷി. ഇന്ന് വരെ ആ ഭക്ഷണത്തിനപ്പുറത്തേക്ക് ചിന്തിച്ചിട്ട് കൂടിയുണ്ടാവില്ല . ഇട ദിവസങ്ങളിൽ വിശപ്പില്ലെന്നും പറഞ്ഞു ആ ചോറ്റു പത്രങ്ങൾ എന്റെ മുന്നിൽ വെച്ചിട്ടു പോവും. ഒത്തിരി എരുവും പുളിയും ഇല്ലാതെ, ബിപി ക്കാരന് വേണ്ടി ഏറെ ശ്രദ്ധയോടെ ഭാര്യ ഉണ്ടാക്കിയ ഭക്ഷണം മനസിന് രുചിയായിട്ട് ഞാൻ കഴിക്കും.
ഈയിടെയാണ് ഒരു ദിവസം ചോറ്റുപാത്രം നോക്കി വല്ലായ്മയിൽ ഇരിക്കുന്ന ബാലേട്ടനെ കണ്ടത്.. കാരണം തിരക്കിയപ്പോൾ പറഞ്ഞു "അവളെ മകൾ അമേരിക്കയ്ക് കൊണ്ട് പോവുന്നു..അവളുടെ ആഗ്രഹമല്ലേ..പോയി വരട്ടെ..പക്ഷെ എന്റെ ആയുസ്സു ഇതോടെ തീർന്നു."
പിന്നെയുള്ള ദിവസങ്ങളിൽ ഒരു നിരാശ കാമുകന്റെ ഭാവമായിരുന്നു പുള്ളിക്ക്. ചോറൂണിനു നേരം തെറ്റി, ഭക്തിഗാനങ്ങൾ മൂളിയ മനുഷ്യൻ Likhe
joh khat tujhe നീട്ടി പാടിത്തുടങ്ങി...
ഭാര്യ ഒരു മൂന്നു മാസത്തേക്ക് വിട്ടു നിന്നാൽ തീരുന്ന ആയുസ്സാണോ ആ മനുഷ്യന് എന്ന് ചിന്തിച്ച ഞാൻ വിഡ്ഢി. ജീവിതം പലപ്പോഴും അങ്ങനെയല്ലേ..പലതും ചിന്തിച്ചു പ്രസംഗിച്ചു നടന്നിട്ടൊടുവിൽ നമ്മളൊക്കെ എത്തുന്നത് വളരെ ചുരുങ്ങിയിടത്തേക്കല്ലേ..വളരെ ചുരുങ്ങിയ വ്യക്തികളിൽ ചിറകൊതുക്കി, കഴിയാനല്ലേ നമുക്കിഷ്ടം..ഏതായാലും 70 കളിലെ ആ പ്രണയ നായകന്റെ വിപ്രലംഭ ശൃഗാര വൈവശ്യം കണ്ടപ്പോൾ ഉള്ളിലെവിടെയോ ഒരു ജയിച്ച ഭാവം. പറയപ്പെടാതെ പോകുന്ന വീടകങ്ങളിലെ പ്രണയം നാലു ചുവരുകളും കടന്നു ഹിമാലയത്തിൽ പോയി കൊടി പിടിച്ചത് പോലെ..കണ്ടതിലും എത്രയോ മനോഹരമാണ് പ്രണയം..ഒരു പക്ഷെ നമ്മുടെ ജനറേഷൻ കാണാനിരിക്കുന്നതിലും..

Divya
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo