നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അക്ഷരം കൊണ്ട് മുറിവേറ്റവൾ

അക്ഷരം കൊണ്ട് മുറിവേറ്റവൾ
"എനിക്ക് മടുത്തു .വയ്യ .നിന്റെ ദൈവങ്ങളോട് പറയു എന്നെ നിന്നിൽ നിന്ന് ഒഴിവാക്കി തരാൻ"
മുന്നിൽ തെളിഞ്ഞ അക്ഷരങ്ങളിൽ ഹൃദയം തകർന്നു ജാനകി ഇരുന്നു.കണ്ണീർ ഇറ്റു വീണു മൊബൈൽ നനഞ്ഞു കൊണ്ടിരുന്നു .നിലാവ് പോലെ വിശുദ്ധമായതും പ്രാണൻ പോലെ അവൾ സൂക്ഷിക്കുന്നതുമായ ഒരു പ്രണയമായിരുന്നു അത് .
"ഒരിക്കലും ഒരു എഴുത്തുകാരനെ പ്രണയിക്കരുത് ജാനകി അവന്റെ ഹൃദയം കടൽ പോലെയാണ് .തിരമാലകളും വൻചുഴികളും ഉള്ളത് .നിന്നെപ്പോലെ ഒരു സാധാരണ പെൺകുട്ടിക്ക് അത് താങ്ങാനാവില്ല "
ആദിയെന്ന അവളുടെ പ്രിയ സുഹൃത്ത് പലപ്പോളും പറയാറുണ്ട് .
പക്ഷെ അവളുടെ ഹൃദയം എന്നും നിരഞ്ജനില് ഉടക്കി കിടന്നു. അവന്റ അക്ഷരങ്ങളിൽ .അവനൊരു എഴുത്തുകാരൻ മാത്രമായിരുന്നില്ല. ഒരു വ്യവസായി കൂടിയായിരുന്നു .അവന്റെ തിരക്കുകൾക്കിടയിൽ വീണു കിട്ടുന്ന വിനോദം മാത്രമായിരുന്നു അവനു എഴുത്ത് അത് കുറച്ചു കൂടെ ഗൗരവമായി എടുക്കാൻ അവൾ അവനെ ഉപദേശിച്ചു കൊണ്ടിരുന്നു . മാസങ്ങൾ കഴിയവേ വഴക്കുകൾ പതിവായി .ജാനകി അവനു ഒരു ബാധ്യത ആയി i. അവളുടെ നിഷ്കളങ്കമായ നിർദേശങ്ങളും പരാതികളും അവനസഹ്യതയായി
അവൾക്കായി അവൻ കരുതി വെച്ച സമയങ്ങളുടെ ഇടവേളകൾ കുറഞ്ഞു കൊണ്ടിരുന്നു .അവളതൊന്നും അറിയാതെ സൂര്യനെ ധ്യാനിക്കുന്ന സൂര്യകാന്തിപ്പൂവ് പോലെ ഹൃദയത്തിലെ ജാലകം അവനിലേക്ക്‌ മാത്രം തുറന്നു വെച്ചു.കപടതകളുട, കള്ളങ്ങളുടെ മുഖംമൂടികളൊന്നും അവൾക്കു തിരിച്ചറിയാനായതില്ല അവനിങ്ങനെ ഒടുവിൽ പറയും വരെ .
വേദനിച്ചു വേദനിച്ചു ഹൃദയം നിശ്ചലമായി പോകുമെന്ന് പേടിച്ച നാളുകൾക്കൊടുവിൽ അവന്റെ സന്തോഷത്തിനായി അവൻ പറഞ്ഞത് പോലെ ദൈവങ്ങളോട് അവനെ ഹൃദയതിൽ നിന്ന് പടിയിറക്കാൻ അവൾ പ്രാർത്ഥിച്ചു തുടങ്ങി
സ്നേഹം എന്നത് ആത്മാവിനെ ബലികൊടുക്കലാണെന്നു അറിഞ്ഞ നാളുകൾ .കത്തുന്ന കാട്ടിലൂടെ നടക്കുന്ന പോലെ .ഭ്രാന്തും മരണവും കണ്ണുപൊത്തി കളിക്കുന്ന ദിനരാത്രങ്ങൾ. താൻ സ്നേഹിക്കുന്നവർക്ക് താൻ ഒരു മടുപ്പാണെന്നുള്ള തിരിച്ചറിവാണ് എക്കാലത്തെയും വലിയ വേദന ,ആ വേദനയിൽ നിന്നാണ് പല ആത്മഹത്യകളുടെയും പിറവി. ജാനകി ഇരുളിനോടും പകലിനോടും സംസാരിച്ചു തുടങ്ങിയിരുന്നു .
ജാനകിയുടെ പ്രതികരണങ്ങൾ ഇല്ലാതെയായി ആദ്യ നാളുകളിൽ നിരഞ്ജന് അത് വലിയ ആശ്വാസമായിരുന്നു . അവനു ജോലി ചെയ്യാൻ ധാരാളം സമയം ലഭിച്ചു .അവന്റെ വ്യവസായം നാൾക്കുനാൾ വിപുലമായി .ജാനകിയുടെ ദീപ്തമായ മുഖവും സ്നേഹവുമൊന്നും അവൻ ഓർക്കായ്കയല്ല .പക്ഷെ എന്തോ അവനു അങ്ങനെ പെരുമാറാനാണ് തോന്നിയത് .ചില പെരുമാറ്റങ്ങൾക്കു കാരണങ്ങളില്ല .മനസ്സിന്റെ തോന്നലുകളാണതിന്റെ അടിസ്ഥാനം .ഇഷ്ടമില്ലായ്മയല്ല ആഗ്രഹമില്ലായ്മയിൽ തുടങ്ങുന്നു പ്രണയത്തിന്റെ മരണം .മാസങ്ങൾ കഴിയവേ വല്ലാത്ത ഒരു ശൂന്യത അവനെ ഗ്രസിച്ചു തുടങ്ങി . ബാങ്ക് അക്കൗണ്ടിൽ പണം നിറയുമ്പോളും എന്തോ ഒരു നഷ്ടം അവനെ കൊളുത്തി വലിക്കാൻ തുടങ്ങി . അവളാണതെന്നു തീർച്ചയായിട്ടുംദുരഭിമാനം അവനെ പിന്നോട്ടു വലിച്ചു കൊണ്ടിരുന്നു. ഒടുവിൽ അവളെപ്പോലും പറയുമായിരുന്നത് പോലെ ഒരു കഥയ്ക്കായി അവൻ അവന്റെ ആത്മാവിനെ ഒരുക്കി .അത് വായിക്കുമ്പോൾ സർവ പിണക്കങ്ങളും മറന്നു അവൾ അവനിലേക്ക്‌ ഓടിയെത്തും എന്നവന് ഉറപ്പായിരുന്നു .
നിരഞ്ജന്റെ പുതിയ കഥ സാഹിത്യലോകത്തു ചർച്ചാവിഷയമായി . ധാരാളം ബഹുമതികൾ അവനെ തേടിയെത്തി .നിരൂപകരും വിമർശകരും ഒന്നടങ്കം പറഞ്ഞു. ഈ ദശകത്തിലെ ഏറ്റവും മികച്ചത് . അവൻ പ്രതീക്ഷിച്ചിരുന്നവൾ മാത്രം വന്നില്ല.
ജാനകി കുട്ടികൾക്ക് പാഠം ചൊല്ലിക്കൊടുക്കുകയായിരുന്നു .ഒരാൾ കാണാൻ വന്നിരിക്കുന്നു എന്നറിയിപ്പു വന്നതിനെ തുടർന്ന് അവൾ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് ചെന്നു.
"ഞാൻ കുറെ അന്വേഷിച്ചു .ഫോൺ നമ്പറും മാറി അല്ലെ ?"
സ്കൂൾ വിട്ടു കുട്ടികൾ പോയി കഴിഞ്ഞിരുന്നു . അരയാലിന്റ താഴെ സിമെന്റ് ബെഞ്ചിൽ അവർ ഇരുന്നു അവന്റെ മുഖം കാണെ അവളുടെ ഉള്ളു പിടച്ചു തുടങ്ങി. അതവളെ തളർത്താൻ തുടങ്ങിയപ്പോൾ ദീർഘമായി ശ്വാസം എടുത്തു അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു .
"എന്റെ കഥ വായിച്ചിരുന്നോ?"
"ഇല്ല "അവൾ തണുത്ത സ്വരത്തിൽ പറഞ്ഞു.
"എന്നോട് ക്ഷമിക്കാൻ വയ്യേ ജാനി?"
പൊടുന്നനെ മൈതാനത്തിന്റെ ഒരറ്റത്ത് നിന്ന് ആദി കടന്നു വന്നപ്പോൾ ജാനകി എഴുനേറ്റു .
"എന്റെ ഭർത്താവാണ് ആദിത്യ പരമേശ്വരൻ "അവൾ അയാളെ നിരഞ്ജന് പരിചയപ്പെടുത്തി .
നിരഞ്ജന്റെ മുഖത്ത് നിന്ന് രക്തം വാർന്നു .അയാളുടെ തളർന്ന മുഖം കാണവേ അവൾക്കു ധൈര്യം വർധിച്ചത് പോലെ തോന്നി. അനുഭവിച്ച അപമാനങ്ങളും നിന്ദകളും കടൽത്തീരമാല പോലെഅവളുടെ ഹൃദയതിൽ വന്നലച്ചു കൊണ്ടിരുന്നു നിരഞ്ജൻ കുനിഞ്ഞ ശിരസ്സോടെ നടന്നു പോയി
"നീയെന്തിനാണ് കള്ളം പറഞ്ഞത് ?"
ആദി അമ്പരപ്പോടെ അവളെ നോക്കി
"ഇല്ലെങ്കിൽ വീണ്ടുമൊരിക്കൽ കൂടി എനിക്കെന്നെ നഷ്ടപ്പെടും .അയാൾ വീണ്ടും പഴയ നിരഞ്ജനാകും . ഒരിക്കൽ നഷ്ടപ്പെട്ടാൽ വീണ്ടും ഒരിക്കൽ കൂടെ ലഭിക്കാത്തതു ഒന്നേയുള്ളു വിശ്വാസം .അയാളെ ഇപ്പോളെനിക്ക് പേടിയാ അക്ഷരം കൊണ്ട് അയാൾ എന്നെ മുറിവേല്പിക്കും .ഒടുവിൽ അക്ഷരങ്ങൾ കൊണ്ട് തന്നെ എന്നെ അയാൾ കൊന്നുകളയും .പേടിയായി്ട്ടാ ." അവളുടെ ചുണ്ടു വിറച്ചു .
ആദി അലിവോടെ അവളെ ഒന്ന് ചേർത്ത് പിടിച്ചു .വർഷങ്ങൾ പഴക്കമുള്ള ചങ്ങാത്തത്തിന് ആത്മാവിന്റെ ഭാഗം ആകുന്ന സൗഹ്രദത്തിന്റെ നൊമ്പരം വേഗം മനസ്സിലാകും .ഹൃദയമെന്ന ആഴക്കടലിന്റെ തിരയിളക്കങ്ങളും വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും മനസ്സിലാകും .ഒരു കാറ്റിലും കടപുഴകാതിരിക്കാൻ അവനതു അവനിലേക്ക്‌ ചേർത്ത് പിടിക്കും .
ജാനകിയെ ചേർത്ത് പിടിച് നിരത്തിലൂടെ നടക്കുമ്പോൾ ആദിയുടെ മനസ് ശാന്തമായിരുന്നു .ഭ്രാന്തിന്റെ ഇടനാഴികളിൽ നിന്ന് നെഞ്ചോട് ചേർത്ത് ജീവിതത്തിലേക്ക് തിരികെയെത്തിച്ചവളെ വീണ്ടും അതിലേക്കു വിട്ടുകൊടുക്കാൻ അവനും തയ്യാറായിരുന്നില്ല .

Ammu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot