നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുജ്ജന്മസുകൃതം

മുജ്ജന്മസുകൃതം
****************
"ചന്ദ്രുട്ട്യേ ...."
പണിതീരാറായ വീടിന്റെ മുന്‍പില്‍ നിന്നും നീട്ടി വിളിച്ചു.
ഒരു കൊല്ലം മുന്പ് വരെ ഇവിടെ ഉണ്ടായിരുന്നത് ചന്ദ്രുട്ടിയുടെ പഴയ ഓടിട്ട പുരയായിരുന്നു. അവന്‍ ഗള്‍ഫില്‍ പോയി ഉണ്ടാക്കിയ കാശുകൊണ്ടാണ് ഇപ്പോള്‍ വീട് പുതുക്കിപ്പണിയുന്നത്. ഒരു ഒതുങ്ങിയ കൊച്ചു വീട്.
"അയ്യോ, ഇതാരാ വന്നേക്കണേ.. കണ്ണൻകുട്ടനോ .. എന്താ പടിക്കല്‍ തന്നെ നിക്കണേ, അകത്തേക്ക് വാ.."
"ഞാൻ നിക്കണ്ല്ല്യാ, തിടുക്കംണ്ട്. "
"പാറു വന്നില്ല്യേ "
" ഇല്ല്യ, വിരുന്ന് പോവാണ്ട് "
"ന്നാലും ആ കുട്ട്യേ കൂടി കൊണ്ടരാന്നു, ഈ വീടൊന്നു കാട്ടികൊടുക്കാന്‍ ''
"അത് വരാലോ, ഇനീം സമയണ്ടല്ലോ. ചന്ദ്രുട്ടി കല്യാണം കഴിഞ്ഞു പിറ്റേന്ന് കാണാം എന്ന് പറഞ്ഞു പോയതാ, എവിട്യാ അവന്‍.."
"അപ്പൊ മോനോട് പറഞ്ഞില്ല്യെ അവന്‍ തിരിച്ച് പോവ്വാന്ന്.., മോന്റെ കല്യാണം കഴിഞ്ഞു പിറ്റേന്ന് തന്നെ തിരിച്ചു പോയി. ലീവ് നീട്ടി കിട്ടീല്ല്യ അതോണ്ട് പെട്ടെന്ന് പോണം എന്ന് പറഞ്ഞു. "
"തിരിച്ചു പോയീന്നോ ..എന്തായീ പറയണേ .. എന്നോട് യാത്ര പറയാണ്ടെ എങ്ങിന്യാ അവനു പോവ്വാന്‍ പറ്റ്വെ .. അമ്മ തമാശ പറയാവും അല്ലെ,,"
"ഞാന്‍ മോനോട് തമാശ പറയോ അതും ഇങ്ങിനെ ഒരു കാര്യം?, അവന്‍ പോയി, അവിടെ എത്തീന്ന് ഫോണും വന്നു. "
"അല്ല, ചന്ദ്രുട്ടി ഇല്ലെങ്കില്‍ പിന്നെ അമ്മ ഇവിടെ ഒറ്റക്കെന്തിനാ താമസിക്കണേ, ഞാന്‍ പറഞ്ഞിട്ടില്ല്യെ ഒറ്റക്ക് നിക്കണ്ടാന്ന് ?"
"ഞാന്‍ കോൺക്രീറ്റ് വാര്‍ത്തിട്ടേമ്മേ കുറച്ചു വെള്ളം നനക്കാന്‍ വന്നതാ.. ഞാന്‍ കിടപ്പൊക്കെ അവിടെന്ന്യാ"
"ഒറ്റയ്ക്ക് ഇവിടെ നില്‍ക്കണ്ട, അങ്ങോട്ട്‌ പോന്നോളൂ, ഇല്ലെങ്കില്‍ ഞാന്‍ ചന്ദൃട്ടിയോട് പറയും "
"ഇവിടെ അടുക്കളേല് വെപ്പൊന്നും ഇല്ല്യ, കണ്ണന്‍ ഇനി അവനെ വിളിച്ചൊന്നും പറയണ്ടട്ടോ, അവനു ദേഷ്യം വരാന്‍ വേറൊന്നും വേണ്ട"
" ശരി, ഞാൻ എന്തായാലും അവനെ രാത്രി വിളിക്കും ."
ചന്ദ്രുട്ടിടെ അമ്മയോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് നടന്നു. വരാന്തയിൽ അമ്മ കാത്തു നിൽക്കുന്നുണ്ടായിരുന്നു
"നീ എങ്ങോട്ടാ കണ്ണാ കാലത്ത് തന്നെ പോയേ? പതിനൊന്ന് മണ്യായി, നിങ്ങൾക്കിനി വീടെത്ര കേറിയിറങ്ങനുള്ളതാ? "
"ഞാൻ ചന്ദ്രുനെ ഒന്ന് കാണാംന്ന് വെച്ചു പോയതാ. അമ്മയ്ക്കറിയോ, അവൻ തിരിച്ചു പോയീത്രേ.. "
"കല്യാണപിറ്റേന്ന് നീ പോയശേഷം അവൻ വന്നിരുന്നു അവന് ലീവ്‌ നീട്ടിക്കിട്ടീല്ല്യാ, തിരിച്ച് പോണംന്ന് പറഞ്ഞിരുന്നു. ഞാനാക്കാര്യം നിന്നോട് പറയാൻ അപ്പാടെ വിട്ട് പോയി "
"ന്നാലും അവന് എന്നാടൊന്ന് പറയാർന്നൂ . സാരല്ല്യ, എന്തെങ്കിലും കാരണല്ല്യാണ്ടെ അവൻ പോവില്ല. രാത്രി ഒന്ന് വിളിക്കാം''
"നിങ്ങൾ ആദ്യം ശ്രീധരന്റെ അവിടെ പൊയ്ക്കൊള്ളൂ., ഉച്ചയ്ക്ക് ഊണ് അവിടെ ആവാംന്ന് പറഞ്ഞിട്ടുണ്ട്, പിന്നെ രാത്രി ആവുമ്പോളെക്കും തിരിച്ച് വരണം. നേരം വൈകിക്കണ്ടാ, പോയ്"
"എനിക്ക് മാറ്റാനൊന്നൂല്ല്യ, ഞാൻ തെയ്യാറാണ്".
"പാറൂ, താൻ,വരുമ്പോൾ മേശേമേന്ന് ആ കാറിന്റെ താക്കോലും കൂടി എടുത്തോളൂ" അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു '
അപ്പോഴെക്കും പാറു തയ്യാറായി കാറിന്റെ താക്കോലുമായി പുറത്ത് വന്നു. ഞാൻ പോർച്ചിൽ പോയി കാറെടുത്തു.
പുറപ്പെടാൻ തുടങ്ങുമ്പോൾ അമ്മ ഓടിയെത്തി.
"പാറൂ. ഇത് ഇത്തിരി അമ്പലത്തിലെ പായസാ. ശ്രീധരന് ശർക്കര പായസം ന്ന് വെച്ചാ പ്രാന്താ. ഇത് അവന് കൊടുത്തോളൂട്ടോ" എന്ന് പറഞ്ഞ് ഒരു പാത്രം തന്നു.
അച്ഛന് രണ്ടനിയന്മാരും ഒരു ചേച്ചിയും ആണ്. അച്ഛൻ മരിച്ച ശേഷം അവർ അമ്മയെ വളരെ സഹായിച്ചിരുന്നു. ശ്രീധരൻ ചെറിയച്ഛനാണ്.
അമ്മയോട് യാത്ര പറഞ്ഞ് ഞാനും പാറുവും ഇറങ്ങി.
വിരുന്നുണ്ണലുകളും സൽക്കാരവുമെല്ലാം കഴിഞ്ഞ് തിരിച്ച് വീട്ടിൽ എത്തുമ്പോഴെക്കും സന്ധ്യയായിട്ടുണ്ടായിരുന്നു. മേലുകഴുകി ഭസ്മം തൊട്ട് ടെറസിൽ പോയി.
പാറുവും അമ്മയും അടുക്കളയിൽ തിരക്കിലായി. ആരെയൊക്കെ കണ്ടു, അതാരായിരുന്നു, അങ്ങിനെ എല്ലാം ഇനി വിശദമായി പറഞ്ഞു കൊടുക്കും.
ടെറസിൽ മലർന്ന് കിടന്ന് ആകാശത്തിലെ നക്ഷത്രങ്ങൾ നോക്കിക്കിടക്കുക എന്റെ ഏറ്റവും വലിയ ഇഷ്ടങ്ങളിലൊന്നായിരുന്നു. പണ്ട് അച്ഛൻ മരിച്ച സമയത്ത് അമ്മ പറയാറുണ്ട് ആകാശത്ത് നോക്കിക്കിടന്നാൽ ഒരു നക്ഷത്രം നല്ലോണം തിളങ്ങും അത് അച്ഛനാവുംന്ന്. പിന്നീട് ദിവസവും ടെറസ്സിൽ വന്ന് അച്ഛനോട് അതാത് ദിവസത്തെ കാര്യങ്ങൾ പറയുക ഒരു ശീലമായി. മഴക്കാറ് വന്ന് ആകാശം മൂടുമ്പോൾ കരയാറുണ്ട് അച്ഛനെ കാണാൻ പറ്റില്ല എന്നോർത്ത്. അച്ഛൻ മരിച്ചൂന്ന് ഒരിക്കലും തോന്നാറില്ല.
ചന്ദ്രുട്ടി പണ്ട് എപ്പോഴും പറയും ഞാൻ ഭാഗ്യവാനാണ് . അച്ഛൻ കേൾക്കാനുണ്ട് എന്ന വിശ്വാസമുണ്ടല്ലോ എന്ന്.
ചന്ദ്രുട്ടി എന്റെ ആരാണ് ? സഹോദരനാവാൻ ഒരു കൂടപ്പിറപ്പ് ആവണമെന്നില്ല എന്നതിന് ഉത്തമോദാഹരണമാണ് എന്റെയും ചന്ദ്രുട്ടിയുടെയും ജീവിതം. ഇന്നത്തെ ഭാഷയിൽ ചങ്ക് ബ്രോ.
ഞങ്ങളുടെ ഏക്കറുകണക്കിന് വരുന്ന പറമ്പിന്റെ ഒരു മൂലയിൽ അച്ഛൻ കൊടുത്ത അഞ്ച് സെന്റ് ഭൂമിയിൽ പണി തീർത്ത ഒരു ഓലക്കുടിലിൽ ഏതോ വയട്ടാറ്റിയുടെ സഹായത്താൽ പിറന്ന് വീണവനാണ് ചന്ദ്രുട്ടി. എന്നേക്കാളും ഒരു മാസം മീതെയാണ് അവൻ.
ചന്ദ്രുട്ടിയുടെ അച്ഛൻ പരമൻ, പറയാൻ നായരാണെങ്കിലും, പണ്ട് മുതലേ വീട്ടിലെ കാര്യസ്ഥനും പണിക്കാരനും ഒക്കെ ആയിരുന്നു. പരമൻ ചന്ദ്രുട്ടിയുടെ അമ്മയെ പ്രേമിച്ച് കല്യാണം കഴിച്ചു കൊണ്ടുവന്നപ്പോൾ അച്ഛൻ പറമ്പിൽ വീട് വെയ്ക്കാൻ സ്ഥലം കൊടുത്തതാണ്. പിന്നെ അവർ രണ്ടുപേരും ചേർന്നായി ഞങ്ങളുടെ വീട്ടിലെ പണികളെല്ലാം . പങ്കുട്ടിക്ക് അഞ്ചെട്ടുമാസം പ്രായമായപ്പോൾ മുതൽ കാലത്ത് പണിക്ക് വരുമ്പോൾ ചന്ദ്രുട്ടിയേയും കൂട്ടി വരും. അവനെ കിഴക്കേ എറയത്ത് കിടത്തി പോവും. ഞാൻ അകത്തും. ചന്ദ്രുട്ടിയുടെ അമ്മ വീട്ടിലെ അകത്തേയും പുറത്തേയും പണികളൊക്കെ ചെയ്യും.
മുട്ടുകുത്തി നടക്കാൻ തുടങ്ങിയപ്പോൾ മുതൽ ഞങ്ങൾ രണ്ടു പേരും അന്നത്തെ തറവാടിന്റെ നടപ്പുരയിൽ ഒരുമിച്ചായി. അമ്മ രണ്ടു പേരേയും നോക്കും . ചന്ദ്രുട്ടിയുടെ അമ്മയ്‌ക്ക് മുലപ്പാൽ കുറവായിരുന്നതിനാൽ പലപ്പോഴും അമ്മ അവനും മുലപ്പാൽ കൊടുക്കാറുണ്ടായിരുന്നത്രേ. ഇത് രഹസ്യമാണ്.
വലുതാവുന്തോറും ഞങ്ങളുടെ മാത്രമായി ഒരു ലോകം തന്നെയായി.
അമ്മക്ക് ഞാനും ചന്ദ്രുട്ടിയും ഒരു പോലെ ആയിരുന്നു. ഉച്ചക്ക് എനിക്കും അവനും ഒരേ സമയത്താണ് ചോറ് തരുക. അവനു വടക്കേ ഇറയത്തും എനിക്ക് അടുക്കളയിലും. ഞാന്‍ ചോറും കൊണ്ട് പോയി ഇറയത്ത്‌ ഇരുന്നു അവന്റെ കൂടെ ഊണ് കഴിക്കും,
എന്നെയും ചന്ദ്രുട്ടിയേയും അച്ഛനാണ് കൊണ്ടുപോയി സ്കൂളിൽ ചേർത്തത്. ഒരേ ക്ലാസിൽ ഒരേ ബഞ്ചിൽ ഇരുന്ന് പഠിച്ചു. ഞങ്ങൾ രണ്ടു പേർക്കും അമ്മ ചോറ്റുപാത്രം തരും. ഊണ് കഴിഞ്ഞാൽ ചന്ദ്രുട്ടി അതൊക്കെ കഴുകി വൃത്തിയാക്ക് വെക്കും.,, അവൻ പഠിക്കാൻ അത്ര മിടുക്കനല്ലായിരുന്നു, എങ്കിലും എല്ലാ ക്ലാസ്സിലും തട്ടിമുട്ടി ജയിക്കും.
ഞങ്ങളുടെ കുട്ടിക്കാലം വളരെ കൌതുകം നിറഞ്ഞതായിരുന്നു. അച്ഛന്റെ പഴയ സ്പോഞ്ച് ചെരുപ്പ് മുറിച്ച് ചക്രങ്ങൾ ഉണ്ടാക്കി അതിന് ഒരു സ്റ്റിയറിംങ്ങ് വച്ച് ഓടിച്ചു നടക്കുക, എങ്ങോട്ട് പോകുമ്പോഴും ആ വണ്ടി ഞങ്ങളുടെ കുടെ ഉണ്ടാവാറുണ്ട്. കവുങ്ങിൽ നിന്നും അടർന്നുവീണ പട്ടയിൽ ഇരുത്തി വലിക്കുക, കള്ളനും പോലീസും കളിക്കുക, ഗോലിക്കായ കളി, ചുട്ടിയും കോലും കളി എന്നിങ്ങനെ പോകുന്നു., പിന്നെ മാമ്പഴം പറുക്കിത്തിന്നുക, കശുവണ്ടി പൊട്ടിച്ച് സൂക്ഷിക്കുക, മുറ്റത്തും തൊടിയിലും ഓടി നടക്കുക, വലുതായപ്പോൾ അമ്പലക്കുളത്തിലെ മണിക്കുറുകൾ ഉള്ള കുളിയും , സൈക്കിൾ ചവിട്ടും ആയി എല്ലാം ആസ്വദിച്ച് ജീവിച്ച കാലം.
ഞാൻ ആറിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത് അതോടെ എന്റെ കാര്യങ്ങൾ ഒക്കെ അവൻ ശ്രദ്ധിക്കാൻ ഇടങ്ങി, അതവന്റെ ഉത്തരവാദിത്വം ആയി അവൻ സ്വയം ഏറ്റെടുത്തു. ഒരേ പ്രായക്കാരാണെങ്കിലും അവന് എല്ലാ കാര്യത്തിലും പ്രായത്തേക്കാൾ അധികം പക്വതയുണ്ടായിരുന്നു. അവൻ വീട്ടിലെ കാര്യസ്ഥനെ പോലെയായി, അമ്മയുടെ വലംകൈയായിരുന്നു. . എന്നെക്കൊണ്ട് ഒരു പണിയും ചെയ്യാൻ സമ്മതിക്കില്ല. കണ്ണുട്ടൻ അവിടെ ഇരുന്നോ ഞാൻ ചെയ്യാം എന്ന് അവൻ പറയും.
ഞാൻ പഠിച്ച് എഞ്ചിനിയറായി. അതേ സമയം ചന്ദ്രുട്ടി വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി കൂടെ ഐടിഐ യിൽ നിന്നും ഇലക്ട്രിഷ്യന്‍ കോഴ്സ് ചെയ്തു. പിന്നെ ഒരു ഓട്ടോറിക്ഷ വാങ്ങി. അവന്റെ അച്ഛന് പണിക്ക് വരാന്‍ പറ്റിയില്ലെങ്കില്‍ അന്ന് അവന്‍ ഓട്ടോ എടുക്കില്ല, ഒരു തോര്‍ത്ത്‌ മുണ്ടും ചുറ്റി പണിക്കിറങ്ങും.
അതിനിടയിൽ ചന്ദ്രുട്ടിയുടെ അച്ഛൻ മരിച്ചു. ദഹിപ്പിക്കാൻ പൊതു ശ്മശാനത്തിൽ കൊണ്ടുപോകാൻ തെയ്യാറെടുക്കുമ്പോളാണ് അമ്മയും ചെറിയച്ഛനും പറഞ്ഞത് ഞങ്ങളുടെ പറമ്പിന്റെ തെക്കുഭാഗത്ത് ഒരു മാവ് മുറിച്ച് അവിടെ ദഹിപ്പിച്ചോളാൻ. ചന്ദ്രുവിന്റ കൂടെ മരണാനന്തര കർമ്മങ്ങൾ ഞാനും ചെയ്തു.
അതിനുശേഷം എനിക്ക് തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി കിട്ടി. ഞാൻ ആഴ്ച്ചയിൽ ഒരിക്കലേ വീട്ടിൽ വരൂ അമ്മയെ ഡോക്ടറെ കാണിക്കുക, ബാങ്കുകാര്യങ്ങൾ നോക്കുക, കൃഷിഭവനിൽ നിന്നും നിർദ്ദേശങ്ങൾ അനുസരിച്ച് കൃഷി ചെയ്യുക എല്ലാം ചന്ദ്രുട്ടിയായിരുന്നു ചെയ്തിരുന്നത്.
പിന്നീടാണ് ‌ എനിക്ക് മൂന്നു വർഷത്തെക്ക് പോസ്റ്റിങ്ങ് അമേരിക്കയിലേക്ക് കിട്ടിയത്. ചന്ദ്രുട്ടി ഇവിടെ ഉള്ള കാരണം ഞാൻ യാതൊരു വിഷമവും അറിഞ്ഞില്ല.
ഞാന്‍ പോയി ഏതാണ്ട് ആറ് മാസം കഴിഞ്ഞപ്പോള്‍ ഒരു ദിവസം ചന്ദ്രുട്ടിയെ വിളിച്ചപ്പോൾ അവന്‍ എന്നോട് ഒരു സഹായം ചോദിച്ചു. അവനു ഗള്‍ഫിലോ മറ്റോ ഒരു ജോലി തരപ്പെടുത്താന്‍ എനിക്ക് പറ്റുമോ എന്ന്. അവനു വീട് പുതുക്കിപ്പണിയണമത്രേ. അവനോടു വീട് പണിയാനായി ഗള്‍ഫില്‍ പോവണ്ട ആവശ്യം ഇല്ല അത് ഞാന്‍ പണിത് കൊടുക്കാമെന്ന് പറഞ്ഞതാണ് പക്ഷേ അവൻ പോകണമെന്ന് ശഠിച്ചു കൊണ്ടെയിരുന്നു.
പിന്നീട് ഞാന്‍ നിര്‍ബന്ധിച്ചപ്പോൾ അവന്‍ പറഞ്ഞു അവന്‍ ഓട്ടോയില്‍ ഒരു പെൺകുട്ടിയെ ഇടയ്ക്കിടെ കോളേജില്‍ വിടാറുണ്ടായിരുന്നുവെന്നും അവനു ആ കുട്ടിയെ ഇഷ്ടമാണെന്നും, അന്നത്തെ അവസ്ഥയില്‍ അവളോട്‌ അവന്റെ ഇഷ്ടം പറയാന്‍ പറ്റില്ല അതിനാലാണ് ഒരു പുറംനാട്ടിൽ ജോലി തപ്പുന്നത് എന്നും പറഞ്ഞു. ജീവിതത്തില്‍ ആദ്യമായിട്ടാണ് അവന്‍ എന്നോട് അവനുവേണ്ടി എന്തെങ്കിലും ചോദിച്ചത്. എന്റെ കൂടെ പഠിച്ചിരുന്ന കൂട്ടുകാരന്‍ മുഖേന അവന് ദുബായിയില്‍ ഒരു ജോലി ശരിയാക്കി.
പോയി ആറു മാസത്തിനുള്ളിൽത്തന്നെ അവൻ വീടു പണി തുടങ്ങി. രാവും പകലും കമ്പനിയിൽ ജോലി ചെയ്ത് ഒഴിവു സമയങ്ങളിൽ പുറത്ത് പണികളും ചെയ്ത് അവൻ പൈസ ഉണ്ടാക്കി.
പോയി ഒന്നരക്കൊല്ലം കഴിഞ്ഞപ്പോൾ ആണ് ആദ്യമായി അവൻ നാട്ടിൽ വന്നത്. ആ സമയം ഞാനും വന്നിരുന്നു. എനിക്ക് ഒരു കല്യാണ ആലോചന ഒത്തു വന്നിരുന്നു. ഞാനും ചന്ദ്രുട്ടിയും അമ്മയും ചെറിയച്ഛൻമാരും കൂടി പെണ്ണ് കാണാൻ പോയി.
പാറുവുമായുള്ള വിവാഹം ഉറപ്പിക്കുന്നതിനും മുൻപ് ഞാനും ചന്ദ്രുട്ടിയുമായുള്ള ആത്മാർത്ഥ ബന്ധത്തിന്റെ കാര്യം അവളോട് പറഞ്ഞു. ഹൃദയബന്ധങ്ങളുടെ വിലയറിയുന്ന പാറുവിന് ചന്ദ്രുട്ടിയെ സ്വന്തം ചേട്ടനായി കാണാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
എത്ര സ്വാതന്ത്രം ഉണ്ടെങ്കിലും വീട്ടിൽ വിരുന്നുകാരുണ്ടെങ്കിൽ അവൻ അകത്തേക്ക് വരികയോ കൂട്ടത്തിൽ ഇരുന്ന് സംസാരിക്കുകയോ ഒന്നും ചെയ്യില്ല. പക്ഷേ ആരുവന്നാലും "ഇത് നമ്മടെ കിഴക്കേലേ പരമന്റെ മോനാ " എന്ന് പറഞ്ഞു അവനെ പരിചയപ്പെടുത്താൻ അമ്മയും ചെറിയച്ഛൻമാരും ഒരിക്കലും മറക്കാറില്ല.
ഞങ്ങൾ തമ്മിൽ ഒരിക്കലും വഴക്കു കൂടിയിട്ടില്ല. അതിന്റെ ആവശ്യം വന്നിട്ടില്ല, ഞാൻ എന്ത് മോഹിച്ചാലും അവനത് കൊണ്ടു തരും. അവനു വേണ്ടി ഞാനും അങ്ങനെത്തന്നെ..
കല്യാണത്തിരക്ക് ഒക്കെ കഴിഞ്ഞു അവന്റെ പ്രേമം പൂവണിയിപ്പിക്കുന്നതിനെപ്പറ്റി സംസാരിക്കാം എന്ന് കരുതിയിരുന്നതാണ്, അതിനു മുന്‍പേ അവന്‍ തിരിച്ചു പോയി.
ഫോണ്‍ എടുത്ത് അവന്റെ നമ്പര്‍ ഡയല്‍ ചെയ്തു. നാലഞ്ചു തവണ അടിച്ചു കഴിഞ്ഞപ്പോള്‍ ഫോണ്‍ എടുത്തു.
"ചന്ദൃട്ട്യെ.. ഇത് ഞാനാടാ..."
"കണ്ണുട്ടനോ .. എന്താടാ ഈ രാത്രി, നിന്റെ വിരുന്നൂണ് ഒക്കെ കഴിഞ്ഞോ ഇത്ര പെട്ടെന്ന് "
"ഞാന്‍ ഇന്ന് നിന്റെ വീട്ടില്‍ പോയിരുന്നു.. അപ്പോഴാ അറിഞ്ഞേ നീ തിരിച്ചുപോയി എന്ന്. നിയെന്താ പെട്ടെന്ന് പോയെ? "
"ഡാ... ലീവ്‌ നീട്ടിക്കിട്ടിയില്ല പെട്ടെന്ന് പോരേണ്ടി വന്നു, പിന്നെ നീയും കല്യാണത്തിരക്കിലല്ലേ.. അതിൻടെ ഇടയില്‍ വെറുതെ നിന്നെ വിഷമിപ്പിക്കണ്ടാ എന്ന് കരുതി."
"ചന്ദ്രു, ഞാന്‍ നിന്നേം കൊണ്ട് പോയി ആ പെണ്ണിന്റെ വീട്ടില്‍ പോയി പെണ്ണ് ചോദിക്കാംന്നു കരുതിയിരുന്നതാ..അതിനും മുന്പ് നീ പോയി."
"പെണ്ണോ, ഏത് പെണ്ണ് കണ്ണുട്ടാ , ??"
"ഡാ, ഒരു മാതിരി പൊട്ടന്‍ കളി കളിക്കാണ്ടിരിക്ക്.. അന്ന് നീ പറഞ്ഞില്ലേ, ഓട്ടോയില്‍ കയറാറുള്ള പെണ്ണ്, അവളെ കാണാന്‍.."
"നിനക്ക് പ്രാന്തായോ കണ്ണുട്ടാ? അവളൊക്കെ എപ്പോളെ കല്യാണം കഴിഞ്ഞു പോയി....."
"ഓഹോ, , അവളെ കെട്ടാന്‍ സ്വപ്നം കണ്ടോണ്ടല്ലേ നീ ഗള്‍ഫില്‍ ഓടിപ്പോയത് . അപ്പോപ്പിന്നെ ഇനി നീയെന്തിനാ ആ മരുഭൂമിയില്‍ പോയി ഇങ്ങിനെ ഉരുകിജീവിക്കണേ, നിനക്ക് എത്ര പൈസ വേണംന്നുച്ചാ പറയ്, ഞാന്‍ തരാം.., "
"കണ്ണുട്ടാ, ഞാന്‍ ഇപ്പൊന്നും കല്യാണം കഴിക്കിണില്ല്യ..ഒന്ന് സെറ്റ് ആയാല്‍
ഞാന്‍ എല്ലാം മതിയാക്കി തിരിച്ചു വരും, എന്നിട്ട് നീ പറയണ പെണ്ണിനെ കെട്ടി അവിടെ കഴിയും, പോരെ,..":
"പിന്നെ ചന്ദ്രു, നിന്റെ വീടുപണിയുടെ കോണ്‍ട്രാക്ടറെ ഇന്ന് ഞാൻ കണ്ടിരുന്നു . നീ ഇനി പൈസ ഒന്നും കൊടുക്കണ്ട, ഞാന്‍ കൊടുത്തിട്ടുണ്ട്. മൂന്നു മാസത്തെ സമയവും കൊടുത്തിട്ടുണ്ട്. മെയ്‌ അവസാനം ആവുമ്പോഴേക്കും വീടുപണി തീര്‍ത്തു തരാം എന്ന് പറഞ്ഞിട്ടുണ്ട്"
"നീയെന്തിനാ ഇപ്പൊ പൈസ കൊടുത്തേ, ഇപ്പൊ കല്യാണച്ചെലവും ഒക്കെ കൂടി. ചോദിക്കാതെ തന്നെ നീ എല്ലാം തരുന്നുണ്ടല്ലോ. പുറം ലോകം ഒന്ന് കാണണംന്ന് ഉണ്ടായിരുന്നു അതും നീ നടത്തിത്തന്നു. "
"ചന്ദ്രൂ, എനിക്കിനി ഒരു എട്ടു മാസം കൂടിയേ അമേരിക്കയില്‍ കാണൂ, ഞാന്‍ തിരിച്ചു ടെക്നോപ്പാര്‍ക്കില്‍ വന്നു ജോയിന്‍ ചെയ്യും. അപ്പോഴേക്കും നീയും തിരിച്ചു വാ"
"സമയം ഉണ്ടല്ലോ..നീ ഇപ്പൊ ഇതൊന്നും ആലോചിക്കാണ്ടെ പാറൂനേം കൊണ്ട് പുതുമോടി പോവും മുന്പ് എല്ലാ സ്ഥലവും ഒന്ന് കറങ്ങി വാ..."
"ഡാ, നീ വിഷയം മാറ്റണ്ട, ഞാന്‍ സീരിയസ് ആയാ പറയണേ..നിനക്ക് ഞാന്‍ ഒരു എട്ട്മാസം സമയം തരും. ഞാന്‍ മകരവിളക്ക് സമയത്ത് മലക്ക് പോവാന്‍ വരുമ്പോഴേക്കും നീ ഒക്കെ മതിയാക്കി പോന്നേക്കണം."
"ശരി, നീ സമാധാനമായി ഇരിക്ക്. നീ പറഞ്ഞ എന്തെങ്കിലും ഞാന്‍ ഇന്ന് വരെ അനുസരിക്കാതെ ഇരുന്നിട്ടുണ്ടോ.."
"അതുമതി, എനിക്ക് ഇനി വേറൊന്നും കേള്‍ക്കണ്ട. ."
"കണ്ണേട്ടാ, അത്താഴം തയ്യാറായി, അമ്മ താഴത്ത് കാത്തിരിക്കുന്നുണ്ട്."
പിന്നില്‍ നിന്നും പാറു വന്നു, അത്താഴം കഴിക്കാന്‍ വിളിക്കാന്‍.
"ശരി കണ്ണുട്ടാ, നീ പോയി അത്താഴം കഴിച്ചു വാ.. അമ്മയോടും പാറുവിനോടും ഒക്കെ എന്റെ അന്വേഷണം പറയണം ട്ടോ, നാളെ വിളിക്കാം. ഗുഡ് നൈറ്റ്‌"
"ഗുഡ് നൈറ്റ്‌ .."
ഫോണ്‍ കട്ട് ചെയ്തു താഴെപ്പോയപ്പോള്‍ മേശപ്പുറത്ത് ഭക്ഷണം എടുത്തുവെച്ച് അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു.
"എന്താടാ, അച്ഛനോട് എല്ലാം പറഞ്ഞോ, പാറൂന് അറിയോ, ഇവനെന്നും അച്ഛനോട് വൈകിട്ട് സംസാരിച്ചില്ലെങ്കില്‍ ഉറക്കം വരില്ല.
"എനിക്കറിയാം അമ്മെ, കണ്ണേട്ടന്‍ പറഞ്ഞിരുന്നു"
"അമ്മേ, ഞാന്‍ ചന്ദൃട്ടിക്കു വിളിക്കായിരുന്നു "
"എനിക്കറിയില്ല്യ അവൻ എന്തിനാ അവിടെ കഷ്ടപ്പെട്ട് കാശ്ണ്ടാക്കണേന്ന്, അവന് തിരിച്ചു പോന്നൂടെ "
"ഞാനും ചന്ദ്രുട്ടിയോട് അതുതന്നെയാ പറഞ്ഞെ, തിരിച്ചു പോരാൻ ."
"ഇനി അവന്റെ കൂടി കല്യാണം ഇതുപോലെ കേമാക്കണം. അവനെ കെട്ടണ പെൺകുട്ടിടെ ഭാഗ്യാ"
"ഞാൻ എന്താ മോശാന്നാണോ അമ്മ പറയണേ "
"എടാ, നിന്റെ നന്മ നിനക്കും അവന്റെ നന്മ അവനും അത് ഒരിക്കലും താരതമ്യം ചെയ്യാൻ പറ്റില്ല്യാ. നിങ്ങൾ രണ്ടാളും എനിക്ക് ഒരു പോലെ തന്നെയാണ്. എന്തായാലും ഞാൻ കഴിഞ്ഞ ജന്മം ചെയ്‌ത പുണ്യം ആവും ഇങ്ങനെ രണ്ട് മക്കൾ എനിക്ക് കിട്ടിയേ"
ഭക്ഷണം കഴിഞ്ഞു ഒന്‍പതുമണി ആവുമ്പോഴേക്കും അമ്മ കിടക്കാന്‍ പോയി. ഞാനും അമ്മുവും തളത്തില്‍ ടിവി വെച്ച് വാര്‍ത്ത കാണാന്‍ ഇരുന്നു.
**
മരുഭൂമിയിലെ തണുപ്പും ചൂടും ഒരുപോലെ കഠിനമാണ്. ചൂട് തുടങ്ങുന്നതേ ഉള്ളൂ. കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ ഹെഡ് ആയതിനാൽ ഓഫീസിൽ സുഖമാണ് പക്ഷേ പുറത്തുള്ള പണികൾ ചെയ്യാൻ ശരിക്കും ബുദ്ധിമുട്ടായിത്തുടങ്ങി.
കുളി കഴിഞ്ഞ് രാത്രിക്കുള്ള ഭക്ഷണം ഉണ്ടാക്കിക്കഴിച്ചു. ഇനി വാട്സപ്പ് ഒക്കെ ചെക്ക് ചെയ്ത് നാട്ടിൽ കണ്ണുട്ടന് ഒന്ന് വിളിക്കണം അത് മുടങ്ങാൻ പറ്റില്ല്യ. അതും കാത്ത് ടെറസ്സുമ്മേ കെടക്കുന്നുണ്ടാവും.
കണ്ണുട്ടന്റെ വിവാഹം കഴിഞ്ഞ് വന്നതിന് ശേഷം ആകെ ഒരു മൂഡ് ഔട്ട് ആണ്. വളരെ മോഹിച്ചിട്ടാണ് നാട്ടിൽ പോയത്. പോകുമ്പോൾ മനസ്സിലൊരു സ്വപ്നം ഉണ്ടായിരുന്നു.
പണ്ട് നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുമ്പോഴാണ് ആ കുട്ടിയെ ആദ്യമായി കാണുന്നത്. ഒരു ശാലീന സുന്ദരി. ആദ്യമായി തന്റെ കുറവുകൾ മനസ്സിലാക്കുന്നതും അന്ന് തന്നെ. സ്വന്തമായി കയറിത്താമസിക്കാൻ നല്ലൊരു വീട് പോലും ഇല്ല.
ഒന്നും ചോദിക്കാതെ തന്നെ കണ്ണുട്ടൻ എല്ലാം തരും. കണ്ണുട്ടന്റെ വിവാഹത്തിന്റെ കൂടെ എന്റെയും വേണമെന്ന് രണ്ടമ്മമാരും നിർബന്ധിച്ചു. ആദ്യം അവന്റെ കല്യാണം കഴിഞ്ഞിട്ട് മതി എന്ന് ഞാൻ പറഞ്ഞിരുന്നു.
ഗൾഫിൽ പോയി കുറച്ച് കാശുണ്ടാക്കി വീട് പുതുക്കിപ്പണിത് കഴിഞ്ഞ് കണ്ണുട്ടനോട് എന്റെ ഇഷ്ടത്തിനെപ്പറ്റി പറയാം എന്നാണ് കരുതിയത്. പക്ഷേ അവന് മനസ്സിലായി.
നാട്ടിൽ വന്ന് ദിവസം കണ്ണുട്ടൻ എന്നോട് അവൻ പെണ്ണുകാണാൻ പോകുമ്പോൾ കൂടെ വരണമെന്ന് പറഞ്ഞു . ഞാൻ വരാൻ കാത്തിരിക്കുകയായിരുന്നു.
അടുത്ത ദിവസം കാലത്ത് തന്നെ ഞങ്ങൾ പോയി. പെണ്‍കുട്ടിയെ കണ്ടു ഞാന്‍ ഞെട്ടിപ്പോയി, ഞാന്‍ ദിവസവും ഓട്ടോയില്‍ കൊണ്ടുപോവാറുള്ള പെണ്‍കുട്ടിയുടെ അതേ മുഖച്ഛായ, അതോ അവള്‍ തന്നെല്ലാ, നാലോ അഞ്ചോ വട്ടം മാത്രമേ കണ്ടിട്ടുള്ളു എങ്കിലും മനസ്സിൽ വല്ലാതെ ആശിച്ചു പോയി. ആര്‍ക്കുവേണ്ടി ഞാന്‍ ഗള്‍ഫില്‍ പോയി പൈസ ഉണ്ടാക്കുന്നുവോ, അവള്‍...
കണ്ണുട്ടന് പാറുവിനെ നല്ലോണം ഇഷ്ടമായി എന്ന് മനസ്സിലായി. അവന്റെ ഇഷ്ടത്തിനു മുകളില്‍ എനിക്കൊന്നും ഇല്ലായിരുന്നു. എല്ലാംകൊണ്ടും അവര്‍ ചേരേണ്ടവരാണെന്നു മനസ്സ് പറഞ്ഞു.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അവന്റെ കല്യാണം, ഞാന്‍ അതുവരെ ലീവ് നീട്ടി. അവിടെ നിന്നാൽ കണ്ണുട്ടൻ എല്ലാം ചോദിച്ചറിയും അതുകൊണ്ടാണ് പെട്ടെന്ന് തിരിച്ചു പോന്നത്. അവനില്‍ നിന്നും ഒന്നും ഒളിക്കാന്‍ പറ്റില്ല്യ.
വാട്സപ്പ് തുറന്നു. അങ്ങിനെ ആരും ഒന്നും അയക്കാറില്ല. പെട്ടെന്നാണ് കണ്ണുട്ടന്റെ വാട്സപ്പ് സന്ദേശം വന്നത്.
"ഞാനും പാറുവും നിനക്കൊരു പെണ്ണിനേ കണ്ടിട്ടുണ്ട്, നിനക്ക് ഇഷ്ടമാണെങ്കില്‍ ആലോചിക്കാം."
ഒട്ടും വൈകാതെ തന്നെ മറുപടിയും കൊടുത്തു.
"കണ്ണുട്ടാ, സമയമുണ്ടല്ലോ, നമുക്ക് പിന്നെ നോക്കാം"
അതിനും മറുപടി വന്നു "നീ ആ ഫോട്ടോ ഒന്ന് കാണ്, എന്നിട്ട് തീരുമാനിക്കാം"
അപ്പോഴാണ് തുറക്കാത്ത ഒരു ഫോട്ടോ കണ്ടത്. അവന്‍ എന്നും ഒരു ഗുഡ് മോർണിങ്ങ് അയക്കലുണ്ട് അതാവും എന്നാണ് കരുതിയത്. പലപ്പോഴും തുറക്കാതെത്തന്നെ ഡെലിറ്റ് ചെയ്യുകയാണ് പതിവ്.
ഫോട്ടോ കണ്ടപ്പോള്‍ അടുത്ത ഞെട്ടല്‍ ഉണ്ടായി. ഫോട്ടോയില്‍ ആ കുട്ടി, ഞാന്‍ ഓട്ടോയില്‍ കോളേജില്‍ വിട്ടിരുന്ന കുട്ടി, അപ്പോള്‍ പാറു??..."
അപ്പോഴേക്കും കണ്ണുട്ടന്റെ വാട്സപ്പ് വീഡിയോ കാള്‍ വരാന്‍ തുടങ്ങി. ചിരിച്ചുകൊണ്ട് പാറുവും,കണ്ണുട്ടനും അപ്പുറത്ത്.
"എന്താ ചന്ദ്രുട്ടി, ഫോട്ടോ ഇഷ്ടായോ.." കണ്ണുട്ടന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
"കണ്ണുട്ട, എനിക്കൊന്നും മനസ്സിലാവുന്നില്ല, ഇത് പാറു അല്ലെ ? "
"എടാ, പാറു അല്ല, ഇത് പാറുവിന്റെ ചെറിയമ്മയുടെ മകളാ, ശ്യാമ, ഇവളെയാ നീ കോളേജില്‍ കൊണ്ടുപോയിരുന്നത്. ഇവള്‍ ഒരു ജോലിയുടെ ഇന്റര്‍വ്യൂവിന് ഡല്‍ഹിയില്‍ പോയിരുന്നു അതുകൊണ്ട് കല്യാണത്തിന് ഉണ്ടായിരുന്നില്ല. ഇന്നലെ ഞങ്ങള്‍ വീട്ടില്‍ ആല്‍ബം കാണുമ്പോഴാണ് നിന്റെ ഫോട്ടോ കണ്ടത്. നിന്റെ ഫോട്ടോ കണ്ടമാത്രയിൽ ശ്യാമ എവിടെയോ കണ്ട മുഖം എന്ന് പറഞ്ഞു. പിന്നീട് കുറച്ചാലോചിച്ച് ഓർത്തെടുത്ത് പറഞ്ഞു. നീ അവളെ പലപ്പോഴും നിന്റെ ഓട്ടോയില്‍ കോളേജിൽ കൊണ്ടു വിടാറുള്ള കാര്യം. എനിക്ക് അപ്പോഴേ സംഗതി മനസ്സില്ലായി. ഈ കുട്ടിക്ക് വേണ്ടിയാണ് നീ അന്യനാട്ടിൽ പോയി കഷ്ടപ്പെടുന്നതെന്ന്."
അപ്പോഴേക്കും കണ്ണുട്ടന്റെ അമ്മയും വീഡിയോയിൽ വന്നു
" ചന്ദ്രുട്ട്യേ... ഇനി ഒന്നും ആലോചിക്കാൻ ഇല്ല്യല്ലോ. . ഞങ്ങൾ ഇത് ഉറപ്പിക്കുംട്ടോ. എല്ലാം മതിയാക്കി വാ "
" ഇനി നിങ്ങൾ എന്ത് തീരുമാനിച്ചാലും എനിക്ക് സമ്മതം ''
എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരിക്കലും തിരിച്ചു കിട്ടില്ല എന്നു കരുതിയ എന്റെ സ്വപ്നം... ഇതാ സഫലമാകുന്നു... അതും എന്റെ കണ്ണുട്ടൻ എനിക്ക് സാധിപ്പിച്ചു തന്നു.
കണ്ണടച്ച് ഒരു നിമിഷം അച്ഛനെയും എല്ലാ പരദൈവങ്ങളെയും മനസ്സില്‍ ഓര്‍ത്തു. ആര് ചെയ്ത മുജ്ജന്മസുകൃതമാണാവോ ദൈവമേ എനിക്കീ നന്മകള്‍ ഒക്കെ പ്രാദാനം ചെയ്യുന്നത്...
********
Giri B Warrier
11 ഏപ്രിൽ 2018

1 comment:

  1. എവിടെയൊക്കെയോ കണ്ടറിഞ്ഞ പലരും . മനസ്സിന്റെ അടിത്തട്ടോളം സ്നേഹിച്ച , പേരറിയാത്ത ബന്ധം !! ഇതൊരു ഭാവന ആണെന്ന് വിശ്വസിക്കാൻ ആവാത്തത്ര ജീവൻ തുടിക്കുന്ന കഥാപാത്രങ്ങൾ ! ഇ കഥന രീതിക്കു ആയിരമായിരം അഭിനന്ദനങ്ങൾ ഭാവുകങ്ങൾ 🙏🌹💐

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot