നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

"ദേ...മോളതാ...മാങ്കൊമ്പത്ത്."**********************************
(എന്റെ കുട്ടികാലത്തെ ഒരനുഭവം )
ഞാൻ നാലാം ക്ലാസിൽ എത്തിയപ്പോഴായിരുന്നു എനിക്ക് അച്ഛൻ ആ പുത്തൻ കുട വാങ്ങിത്തന്നത് . മഴവില്ലിന്റെ നിറമായിരുന്നു കുടയ്ക്ക്. മറ്റുള്ള കുട്ടികളുടെ മുന്നിൽ ആളാവാൻ ഇനിയെന്തു വേണം. എന്റെ സന്തോഷം വിമാനത്തിൽ കയറി നൃത്തം വെച്ചു. സ്‌കൂൾ തുറക്കാൻ ഇനി മൂന്ന് ദിവസം കൂടിയുണ്ട് . ആദ്യമായിട്ടായിരുന്നു ഒരു വർണ്ണ കുട കിട്ടിയത്. അത് കിട്ടിയതിൽ പിന്നെ നിദ്രാദേവി എന്റെ വീടിന്റെ പരിസരത്തുകൂടി പോയിട്ടില്ല. വിശപ്പ് എന്തെന്ന് അറിഞ്ഞിട്ട് മൂന്ന് ദിവസമായി. അങ്ങിനെ ആ സുദിനം വന്നെത്തി. ജൂൺ ഒന്നാം തീയ്യതി, സ്‌കൂൾ തുറക്കുന്ന ദിവസം. 
രാവിലെ തന്നെ കുളിച്ചൊരുങ്ങി മഴയില്ലാഞ്ഞിട്ടുപോലും കുട നിവർത്തി, ഇന്ത്യൻ പ്രധാനമന്ത്രിയാണെന്ന ഭാവത്തിൽ ഇത്തിരി അഹങ്കാരത്തോടെ വീട്ടിൽ നിന്നും ഇറങ്ങാൻ നേരത്ത് പുറകിൽ നിന്നും ഒരു അശരീരി " ഡീ... കുട കിട്ടിയതിന്റെ അഹങ്കാരത്തിൽ കണ്ണുകാണാതെ ബസ്സിന്റെ മുന്നിൽ പോയി ചാടേണ്ട. സൂക്ഷിച്ചും കണ്ടും പൊയ്ക്കോ. " അശരീരിയുടെ ഉടമ അച്ഛനായിരുന്നു. അച്ഛനെയൊന്നു തറപ്പിച്ചു നോക്കി 'ആ എനിക്കറിയാം' എന്ന ഭാവത്തിൽ മുഖമൊന്നു കോട്ടി ഞാൻ ഇറങ്ങി . സ്‌കൂളിലെത്തിയപ്പോൾ മഹാബലി തിരുമനസ്സിനെ നേരിട്ട് കണ്ട അമ്പരപ്പായിരുന്നു കുട്ടികൾക്ക്. പലർക്കും കുടയൊന്നു തൊട്ടുനോക്കണമായിരുന്നു . ചിലർക്ക് തുറന്നു നോക്കണം ,എത്ര കളറുണ്ടെന്ന് എണ്ണി നോക്കണം.. (അങ്ങനെയൊരു കുട അന്നത്തെ കാലത്ത് ഞങ്ങളെപ്പോലുള്ള കുട്ടികൾക്ക് അത്ഭുതം തന്നെയായിരുന്നു) ഞാനല്ലേ ആള് 
തൊടുന്നത് പോയിട്ട് നോക്കാൻ പോലും സമ്മതിച്ചില്ല. സ്‌കൂളിലെ അന്നത്തെ 'വി . ഐ . പി ' ഞാനായിരുന്നു. ഒരുപാട് കുട്ടികൾ എന്നെ കാണാൻ വന്നു . കഴിഞ്ഞ വർഷം എന്നോട് മിണ്ടാതെ നടന്ന കുട്ടിപോലും ഇന്ന് ഒറ്റ ദിവസം കൊണ്ട് എന്റെ 'ഫാൻ ' ആയിത്തീർന്നു .ഞാനാണെങ്കിൽ ഗമ ഒട്ടും കുറക്കാതെ സ്‌കൂൾ വിടുന്ന വരെ നിന്നു. ഒരു മണിക്ക് മുമ്പേ സ്‌കൂൾ വിട്ടു . ഞാൻ വീട്ടിൽ തിരിച്ചെത്തിയത് വൈകുന്നേര മായിരുന്നു . അച്ഛൻ വീട്ടിലുണ്ടാകരുതേ ഈശ്വരന്മാരെ എന്ന് പ്രാർത്ഥിച്ചുകൊണ്ടായിയുന്നു വരവ് . ഈശ്വരന്മാർ എന്റെ പ്രാർത്ഥന കേട്ടു . അച്ഛൻ വീട്ടിലായിരുന്നില്ല മുറ്റത്തായിരുന്നു , കൈയ്യിൽ ഒരു വടിയും . അച്ഛനെ കണ്ടതും എന്റെ കാലുകൾ മുന്നോട്ടുള്ള നടത്തം നിർത്തി , മുട്ടുകൾ തമ്മിൽ സംസാരിക്കാൻ തുടങ്ങി. അച്ഛൻ മുറ്റത്തും ഞാൻ വീടിന്റെ താഴെയുള്ള ഗ്രൗണ്ടിലും . രാവിലെ തലയിൽ കയറിയിരുന്ന പ്രധാനമന്ത്രി എങ്ങോട്ടോ ഇറങ്ങി പോയി . അടി നൂറിൽ നൂറു ഉറപ്പിച്ചു . പെട്ടെന്നായിരുന്നു അച്ഛന്റെ അലർച്ച 'എവിടെടീ നിന്റെ കുട?' . ങേ!!!! കുടയോ!!! ഞാൻ രണ്ടു കൈയും തിരിച്ചും മറിച്ചും നോക്കി . കൈയ്യിൽ കുടയില്ല . നിന്നിടത്തുനിന്നും ഒന്ന് കറങ്ങി തിരിഞ്ഞു നോക്കി നോ..... രക്ഷ
"അച്ഛാ.... സ്‌കൂളിൽ നിന്നും ഇറങ്ങുമ്പോൾ എന്റെ കൈയ്യിൽ 
കുടയുണ്ടായിരുന്നു . ഇവിടെയെത്തിയപ്പോൾ കാണുന്നില്ല". അച്ഛന് എന്റെ സ്വഭാവം കൃത്യമായും വ്യക്തമായും ശക്തമായും അറിയാവുന്നതുകൊണ്ട് വീണ്ടും വന്നു അടുത്ത ചോദ്യം "കൊരങ്ങേ...ഏത് മരത്തത്തേലാ നീ കേറിയത് ?" ( തെങ്ങും കവുങ്ങും ഒഴിച്ച് ആ നാട്ടിലുള്ള എല്ലാ മരത്തിലും സീസണനുസരിച്ച് ഞാൻ കേറാറുണ്ട് . എന്തിനധികം പറയുന്നു മുരിക്കിന്മേൽ വരെ കയറാനുള്ള ചങ്കൂറ്റം എനിക്കുണ്ടായിരുന്നു . അതുകൊണ്ട്തന്നെ എന്റെ പേരിന്റെ പര്യായമായിരുന്നു 'കൊരങ്ങ് ') ഞാൻ കരച്ചിലിന്റെ വക്കിലായിരുന്നു. 'അയ്യോ!! ഒറ്റ മരത്തിലും കേറില്ല...'
" പിന്നെ എവിടെയെങ്കിലും നിന്ന് വല്ല കാഴ്ചയും കണ്ടോ?" 
"ആ... അച്ഛാ കണ്ണമ്മീനിനെ പിടിക്കാൻ ഓവുപാലത്തിന്റടുത്ത് നിന്നു" . 
"എന്നാ വിട്ടോടി അവിടുത്തേക്ക് ."
ഞാൻ റോക്കറ്റ് വിട്ടപോലെ ഓടി . തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നുപോലും ഇന്നുവരെ അത്ര സ്പീഡുള്ള റോക്കറ്റ് വിട്ടിട്ടുണ്ടാവില്ല. അമ്മാതിരി ഓട്ടമായിരുന്നു. ഓവുപാലത്തിൽ കുട പോയിട്ട് അതിന്റെ ഒരു പൊടി പോലും ഇല്ല. കുട പോയതിന്റെ സങ്കടവും അച്ഛന്റെ അടിയുടെ എണ്ണവും ഓർത്തപ്പോൾ എന്റെ രണ്ടു കണ്ണുകളും അണക്കെട്ട് പൊട്ടിയതുപോലെയായി .കുറെ നേരം ഓവുപാലത്തിലിരുന്ന് പൊട്ടി കരഞ്ഞു . ഇനിയൊരു കുട കിട്ടുന്ന കാര്യം ചിന്തിക്കേണ്ട . എന്റെ അഹങ്കാരത്തിന് കിട്ടിയ കൂലി . ഇനി വീട്ടിലേക്കു പോണോ അതോ നാടുവിടണോ . ചിന്തകൾ ആ വഴിക്കായി. നാടുവിടാൻ കൈയ്യിൽ പൈസയില്ല . അപ്പൊ പിന്നെ വീട്ടിലേക്കു തിരിച്ചുപോകാം . പക്ഷെ വീട്ടിൽ അച്ഛൻ വടിയും പിടിച്ചു നിൽക്കുന്നുണ്ടാകും . എന്താ ഒരു വഴി . തലപുകഞ്ഞ് ആലോചിച്ചു . ഒരൊറ്റ വഴിയേ ഉള്ളു . അച്ഛൻ വീട്ടിൽ ഇല്ലാത്തപ്പോൾ കയറിച്ചെന്ന് ആരും കാണാതെ കട്ടിലിനടിയിൽ ഒളിക്കാം. അച്ഛൻ പുറത്തു പോകണമെങ്കിൽ ഒരു ആറര മണി കഴിയണം . അതുവരെ മീനിനെയും തുമ്പിയെയുമൊക്കെ പിടിക്കാം. പദ്ധതിയൊക്കെ ആസൂത്രണം ചെയ്ത് നിൽക്കുമ്പോൾ വയറ്റിൽ നിന്നും ഒരു കരിഞ്ഞ മണം .അപ്പോഴാ സംഗതി പിടികിട്ടിയത് .രാവിലെ ചായ കുടിച്ചതിനു ശേഷം ഒന്നും കഴിച്ചില്ല . വയറ്ററിൽ നിന്നും എന്തൊക്കെയോ ശബ്ദം വരുന്നു. എന്തെങ്കിലും കഴിക്കാതെ പറ്റില്ല. എന്തു ചെയ്യും!! ആലോചനയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ഒടുവിൽ വഴി തെളിഞ്ഞു. എന്റെ വീടിന്റെ തൊട്ടു താഴെയുള്ള ശശിയേട്ടന്റെ വീട്ടിലെ മാവിൽ നിറഞ്ഞു നിൽക്കുന്ന മാങ്ങ. വിശപ്പടക്കാൻ ധാരാളം . മാത്രവുമല്ല അവിടെ നിന്നും നോക്കിയാൽ അച്ഛന്റെ നീക്കുപോക്ക് കൃത്യമായി മനസിലാക്കാൻ പറ്റും കൂടുതലൊന്നും ആലോചിച്ചില്ല അവിടേക്ക് വെച്ചു പിടിച്ചു . ശശിയേട്ടന്റെ വീട്ടിൽ നിന്നും നോക്കുമ്പോൾ അച്ഛൻ എന്നെയും കാത്ത് ഗ്രൗണ്ടിൽ നിൽക്കുന്നു. അങ്ങോട്ട് പോകുന്ന കാര്യം ആലോചിക്കേണ്ടതില്ലാത്തതു കൊണ്ട് ആരും കാണാതെ മാവിൻ ചുവട്ടിലെത്തി . നിലത്ത് ഒറ്റ മാങ്ങയും കാണാനില്ല. മെല്ലെ മാവിൽ കേറി മാങ്ങാ പറിച്ചു തിന്നു . രണ്ടെണ്ണം തിന്നപ്പോഴേക്കും വയറ് നിറഞ്ഞു . അവിടെയിരുന്നാൽ ആരെങ്കിലും കണ്ട് അച്ഛനോട് പറയുമെന്ന് പേടിച്ച് കുറേക്കൂടി മുകളിലോട്ട് കയറി ഇരുന്നു . (ഇതൊക്കെ ശശിയേട്ടൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നെന്നു പിന്നീടാണ് ഞാനറിഞ്ഞത് ) കുറച്ചു സമയം കഴിഞ്ഞപ്പോൾ ശശിയേട്ടനും അച്ഛനും സംസാരിച്ചുകൊണ്ട് ശശിയേട്ടന്റെ വീട്ടിലോട്ട് വരുന്നത് കണ്ടു . മാവിന്റടുത്ത് എത്തിയപ്പോൾ ശശിയേട്ടൻ മാവിലോട്ട് കൈ ചൂണ്ടിയിട്ട് "അച്ചുവേട്ടാ....ദേ..... മോളതാ..... മാങ്കൊമ്പത്ത്" മാവിൽ നിന്നും താഴെ എത്തിയതേ ഓർമയുള്ളു . ആ വർഷത്തെ തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ശശിയേട്ടന്റെ വീട്ടിലെ മാവിൽ ചുവട്ടിലായിരുന്നു നടന്നത് . അതും പോരാഞ്ഞിട്ട് എന്നെ അവിടെനിന്ന് ചുരുട്ടിക്കൂട്ടി വീട്ടിൽ കൊണ്ടിട്ടു . എന്റെ 'സൈറൺ' കേട്ട് ആരൊക്കെയോ അച്ഛനോടു ചോദിച്ചതിന്റെ മറുപടിയായി, "ഇത്രയും ഉയരത്തിൽ നിന്നും വീണിരുന്നെങ്കിൽ ഈ 'സാധനം' ബാക്കിയുണ്ടാവുമായിരുന്നോ? .ഇനി ജന്മത്തിൽ ഇവൾക്ക് മരം കേറാൻ തോന്നരുത്. അതിനു കൊടുത്തതാ ഈ അടി. " 'എന്നാലും ഇങ്ങനെ അടിക്കാവോ?' എന്ന അമ്മയുടെ ചോദ്യത്തിന് 'ഇതിനെ' വടികൊണ്ടല്ല തീക്കൊള്ളി കൊണ്ടാ അടിക്കേണ്ടതെന്ന്‌ അച്ഛൻ. (അമ്മാതിരിയാണേ കൈയ്യിലിരിപ്പ് . മരം കയറ്റം ,ചെറിയ തോതിൽ ചട്ടമ്പിത്തരം, ഗ്യാങ്ങ്‌ലീഡർ ... ചുരുക്കി പറഞ്ഞാൽ കുരുത്തക്കേടിന്റെ സെൻട്രൽ ഗവൺമെൻറ്. ) കുറെ കഴിഞ്ഞ് ഞാൻ അടികിട്ടിയ പാട് എണ്ണാൻ തുടങ്ങി . കണക്ക് മാഷ് പഠിപ്പിച്ച എണ്ണം മുഴുവൻ തീർന്നിട്ടും പാട് ബാക്കിയായി എന്നല്ലാതെ എന്തുപറയാൻ .....അമ്മ എണ്ണ തടവി കുളിപ്പിച്ച് തന്നു . പിന്നെ ചോറ് വാരിത്തന്നു . എന്നെ കിടത്തി ഉറക്കാനൊരു ശ്രമം നടത്തി . ശരീരം മുഴുവൻ വേദനിക്കുന്നത് കൊണ്ട് വെറുതെ കണ്ണടച്ച് കിടന്നു .കുറച്ചു കഴിഞ്ഞ് ഞാനുറങ്ങിയെന്നു കരുതി അച്ഛൻ എന്റടുത്ത് വന്നിരുന്ന് കൈയും കാലുമൊക്കെ പതുക്കെ തടവി തന്നു .മുഖത്ത് ഒന്ന് രണ്ട് തുള്ളി വെള്ളം വീണതുപോലെ തോന്നിയിട്ട് മെല്ലെ കണ്ണ് തുറന്നു നോക്കി. അപ്പോ അച്ഛന്റെ കണ്ണിൽ നിന്നും കുടുകുടാ വെള്ളം ഒഴുകുന്നു . പിന്നെയൊന്നും ആലോചിച്ചില്ല ചാടിയെണീറ്റ് അച്ഛനെ കെട്ടിപ്പിടിച്ച് ഞാനും കരഞ്ഞു . കരച്ചിലിനിടയിലൂടെ "അച്ഛാ... ഒരു കുട ......."
'വാങ്ങിത്തരാംമോളെ നാളെയാവട്ടെ' 
അതാണ് എന്റെ അച്ഛൻ. ( അച്ഛനും അമ്മയും ശശിയേട്ടനെയുമൊക്കെ ഇന്ന് നമ്മൾ കാണാത്ത ഏതോ ലോകത്താണ് .)

Praseetha

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot