------------
"അല്ല നാണ്യമ്മേ .. രാവിലെ ഇടത്തൂടാണോ എണീച്ചേ ?? ആരെയാ ഈ വഴക്ക് പറയുന്നേ?"
"ദേ കുമാരാ .. നീ മിണ്ടാണ്ട് പൊയ്ക്കോ .. രാവിലെ തന്നെ എന്റെ വായീന്ന് നല്ലത് കേക്കും നീ "
"ശ്ശെഡാ പാടേ .. അതിന് ഞാനിപ്പം എന്നാ ചോദിച്ചെന്നാ .. കാലത്ത് തന്നെ മിറ്റത്ത് നിന്ന് പിറുപിറുക്കുന്നത് കണ്ട് എന്നാന്ന് ഒരു നാട്ടുനടപ്പിന് ചോദിച്ചെന്നല്ലേ ഉള്ളൂ . നിങ്ങക്ക് പറയാൻ വയ്യെല് പറയണ്ട .. അല്ലപിന്നെ "
കുമാരൻ തോളത്തുകിടന്ന തോർത്ത് ഒന്നെടുത്ത് ആഞ്ഞു കുടഞ്ഞ് മുൻപോട്ട് നടന്നു .
അയാൾ പിറുപിറുക്കുന്നുണ്ടായിരുന്നു
"ഹും .. തള്ളക്ക് ചില്ലറയല്ല അഹങ്കാരം . ചുമ്മാതാന്നോ മക്കളും മരുമക്കളും വെലവെക്കാത്തെ "
"ടാ ടാ ടാ .. വേണ്ട വേണ്ടേ .. നിന്റെ പിറുപിറുക്കലോക്കെ സ്വന്തം കുടുംബത്ത് .. എന്നോട് വേണ്ട .. പറഞ്ഞേക്കാം "
"ഞാനീ വഴീ നിന്നല്ലേ പിറുപിറുത്തെ .. അല്ലാതെ നിങ്ങടെ മിറ്റത്തൊന്നും നിന്നല്ലല്ലോ. ഈ വഴി പഞ്ചായത്തിന്റെയാ .. അല്ലാതെ കേളപ്പേട്ടന്റെ മുതലൊന്നും അല്ലല്ലോ ?"
അതും പറഞ്ഞു നടന്ന കുമാരൻ പെട്ടന്ന് പുറത്ത് ഏതാണ്ടൊ വന്ന് ശക്തിയിൽ പതിഞ്ഞ വേദനയിൽ ഞെട്ടി . തിരിഞ്ഞു നോക്കുമ്പോൾ നാണിയമ്മ അയാളെ എറിയുവാൻ അടുത്ത കല്ല് തപ്പുവായിരുന്നു .
" എന്റെ അച്ഛന് പറയുന്നോടാ ഞാഞ്ഞൂലേ .. നിന്റെ നടുവിന്ന് ഞാൻ ഓടിക്കും .. നോക്കിക്കോ "
കുമാരൻ തിരിഞ്ഞു നോക്കാതെ ഓടി രക്ഷപെട്ടു
നാണിയമ്മ വീണ്ടും മിറ്റത്തു വന്ന് മേലോട്ടും നോക്കി എന്തൊക്കെയോ പുലമ്പാൻ തുടങ്ങി .
ഉറങ്ങി എഴുന്നേറ്റ് മുടിയും വാരിക്കെട്ടി മരുമകൾ ജയശ്രി വെളിയിൽ കിണറ്റിൻ കരയിലേക്ക് നടക്കുന്നത് അപ്പോഴാണ് അവരുടെ കണ്ണിൽ പെട്ടത് .
"ഓ .. എണീച്ചോ ശ്രിങ്കാരി ..?? നിനക്കൊക്കെ നാണം ഉണ്ടോടീ .. നാണം "
മരുമകൾ മൗനം
"എന്താടീ നീർക്കോലീ .. വാ തൊറന്ന് വല്ലതും പറഞ്ഞാൽ നിന്റെ വായീന്ന് മുത്തു വല്ലതും പൊഴിഞ്ഞു വീഴുമോ ?"
"രാത്രി കിടന്നപ്പോൾ കുറെ വൈകിയില്ലേ അമ്മെ .. ബാലേട്ടൻ ഇന്നലെ പാതിരാ കഴിഞ്ഞു വന്നപ്പം "
"ഓ പിന്നേ .. എന്നാ പറഞ്ഞാലും അവക്കൊരു ന്യായമൊണ്ടേ .. അവടെ ഒരു കോലേട്ടൻ .. അവനും പഷ്ടാ "
"അമ്മക്കിപ്പം കാലത്തെ എന്നാ വേണ്ടേ .. കാപ്പി കുടിക്കാറാവുന്നല്ലേ ഉള്ളൂ .. ഞാനിപ്പം ദോശ ഉണ്ടാക്കി തരാം "
"ഉം ഉം .. പിന്നേ .. എനിക്കിനി നിന്റെ ദോച്ച തിന്നാഞ്ഞിട്ടാ .. കാലേ വീണാൽ കാലൊടിയും .. അവടെ ഒരു ദോച്ച "
ഇനി വല്ലതും പറഞ്ഞാൽ നാണിയമ്മ ഇനിയും ഉച്ചത്തിൽ നാട്ടുകാര് കേൾക്കെ വഴക്കുതുടങ്ങും എന്ന് അറിയാവുന്നത് കൊണ്ട് ജയശ്രി വേഗം അടുക്കളയിലോട്ട് നടന്നു .
നാണിയമ്മ വീണ്ടും മിറ്റത്തു വന്നു നിന്ന് മേലോട്ട് നോക്കി പിറുപിറുക്കാൻ തുടങ്ങി .
ഇതൊക്കെ ആ വീട്ടിലെ സ്ഥിരം കാഴ്ച ആയതിനാൽ നാട്ടുകാർക്ക് അതിപ്പം ഒരു കാഴ്ച്ചയെ അല്ലാതെ ആയിരിക്കുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു പാത്രത്തിൽ ദോശ വരാന്തയിൽ കൊണ്ടുവന്ന് വെച്ച് ജയശ്രി വിളിച്ചു .
"അമ്മേ .. ദാ വന്ന് ദോശ കഴിക്കിൻ "
നാണിയമ്മ പാഞ്ഞു വന്ന് ആ പാത്രം എടുത്ത് പറമ്പിലേക്ക് ഒറ്റ ഏറു കൊടുത്തു .
"അയ്യോ അമ്മെ ..ഇത് എന്നാ ഈ കാണിക്കുന്നത് . ആഹാരമാണോ ഇങ്ങനെ എറിഞ്ഞു കളയുന്നെ ?"
"ഞാൻ എറിയുമെടീ ഇനിയും എറിയും ..അവളൊരു തീറ്റിക്കലുകാരി വന്നേക്കുന്നു ..കുളിച്ചീട്ടു പോലും ഇല്ലാതെ അടുക്കളേൽ കേറി പുഴുങ്ങിക്കൊണ്ട് വന്നേക്കുന്നു .. "
നാണിയമ്മ ചീറി
"അമ്മേ .. എന്നും ഞാൻ തന്നെയല്ലേ അമ്മക്ക് ആഹാരം ഉണ്ടാക്കി തരുന്നേ .. കുളിച്ചീട്ടല്ലല്ലോ ഞാൻ എന്നും അടുക്കളേൽ കയറാറുള്ളത് . പിന്നെ ഇന്നെന്താ ?"
"ഇന്നെന്താന്നോ ?? കുന്തം !! അല്ല പിന്നെ !! ഇന്ന് എന്താന്ന് .. അതെങ്ങനാ കൊളക്കോഴിക്കൊണ്ടോ ഒന്നാന്തീം ശങ്കരാന്തീം"
കാര്യം എന്താന്നറിയാതെ ജയശ്രി മിഴിച്ചു നിന്നു
"എന്നാടി പരശ്രീ ( ജയശ്രീ ) മിഴിച്ചോണ്ട് നിക്കുന്നെ .. ഇന്ന് പത്താമൊദയമാ .. അത് വല്ലോം ഓർമ്മയുണ്ടോ നെനക്കൊക്കെ ?"
"അയ്യോ .. ഞാനതൊന്നും ഓർത്തില്ലമ്മേ .. ഞാൻ വേഗം കുളിച്ച് വേറെ ദോശ ഉണ്ടാക്കി തരാം "
"അവടെ ഒരു ദോച്ച ദോച്ച ദോച്ച .. എടീ പത്താമുദയത്തിന് സൂര്യഭഗവാനെ വെള്ളിമുറം കാട്ടണം .. അറിയാവോ ആവോ ??"
"വെള്ളിമുറമോ ??"
"അയ്യോ .. പിന്നേ .. അവളിതുവരെ അങ്ങനൊന്ന് കെട്ടീട്ടേ ഇല്ലാ ..നീയൊക്കെ ഏത് കാട്ടിലാടീ ജനിച്ചു വളർന്നെ ..ടീ .. വിവരം കെട്ടവളേ .. പത്താമുദയത്തിന് സൂര്യൻ ഉദിച്ചു വരുമ്പോ ഒരു മുറത്തിൽ അരിപ്പൊടി നിരത്തി സൂര്യന് കാട്ടണം .. അതാ വെള്ളിമുറം കാട്ടൽ എന്ന് പറയുന്നത് . പോയി കുളിച്ച് ഒരു മുറത്തിൽ അരിപ്പൊടി നെരത്തിക്കൊണ്ട് വാടീ "
ജയശ്രി ഒന്ന് ഞെട്ടി .
ഒരു തുള്ളി അരിപ്പൊടി പോലും ഇല്ല വീട്ടിൽ . ഇന്നലെ രാവിലെ പുട്ടുണ്ടാക്കിയത് പാത്രം തട്ടിക്കുടഞ്ഞാണ് .
"അമ്മേ .. അത് .. പിന്നെ .. അരിപ്പൊടി "
"അരിപ്പൊടി ?"
"ഇല്ല !"
"ഇല്ലേ ?"
"തുള്ളി പോലും ഇല്ല അമ്മേ .. ബാലേട്ടനോട് വാങ്ങീട്ട് വരാൻ പറയാം "
നാണിയമ്മ എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ജയശ്രി അകത്തേക്ക് ഓടി രക്ഷപ്പെട്ടു .
"ഹും .. എനിക്കെല്ലാം അറിയാം .. അവക്കിട്ട് ഞാൻ വെച്ചീട്ടൊണ്ട് ..എന്നാത്തിന് കൊള്ളാം ഇതിനെയൊക്കെ .. അണിഞ്ഞൊരുങ്ങി നടക്കാൻ കൊള്ളാം .. തീർത്തു കൊടുക്കാം ഞാൻ "
ജയശ്രി കുളിച്ചീട്ട് വരുമ്പോൾ ഒരു മുറത്തിൽ അരിപ്പൊടി നിരത്തുന്ന നാണിയമ്മയെ ആണ് കണ്ടത് .
അകത്തു കടന്നപ്പോൾ ബാലൻ കട്ടിലിൽ എഴുന്നേറ്റിരിപ്പുണ്ടായിരുന്നു .
"എന്നതാടീ .. കാലത്തു തന്നെ ?? സ്വസ്ഥത താരത്തില്ലയോ നിങ്ങള് രണ്ടും ?"
"ദേ .. മനുഷ്യാ .. എന്നെക്കൊണ്ടൊന്നും പറയിക്കരുത് . രാവിലെ തന്നെ നിങ്ങടെ അമ്മയാ വഴക്കിന് വന്നേ . വെള്ളിമുറം കാട്ടണം പോലും "
"നീ കുളിക്കാൻ പോയ നേരത്ത് ഇവിടെ കേറി ഏന്തൊ എടുക്കുന്നത് കണ്ടു . എന്റെ നടുവിന് ചവിട്ടുമെന്നാ കരുതിയെ . ഭാഗ്യത്തിന് അത് ഉണ്ടായില്ല . ആട്ടെ എന്നീട്ട് വെള്ളിമുറം കാട്ടിയോ ?"
"ഇവിടെങ്ങും അരിപ്പൊടി ഇല്ലാരുന്നു . ഞാൻ അതും പറഞ്ഞ് ഓടി കുളത്തിൽ പോയി . അവിടെ നിന്നാൽ പിന്നെ തേച്ചാലും കുളിച്ചാലും മാറാത്ത ചീത്ത പറയും . തിരിച്ചു വന്നപ്പം അമ്മ തന്നെ എങ്ങാണ്ടോന്നോ അരിപ്പപ്പൊടി കൊണ്ടുവന്ന് മിറ്റത്തു നിന്ന് മുറത്തിൽ നിരത്തുന്നത് കണ്ടു"
ജയശ്രി തലയിലെ തോർത്ത് അഴിച്ചു കൊണ്ട് പറഞ്ഞു
" ബാലേട്ടാ .. നിങ്ങളോട് ഞാൻ ഇന്നലെ പൗഡർ തീർന്ന കാര്യം പറഞ്ഞില്ലാരുന്നോ ?? വാങ്ങിയോ ?"
"വാങ്ങിയെടീ .. നീ പറഞ്ഞ കുട്ടിക്യൂറ പൗഡർ തന്നെ വാങ്ങി . ആ മേശപുറത്ത് ഇരുപ്പുണ്ട് "
"എവിടെ ?? ഇവിടെങ്ങും ഇല്ല "
"ശ്ശെഡാ .. ഞാനിത് ഇവിടാണല്ലോ വെച്ചത് "
"കള്ളും കുടിച്ച് വെളിവില്ലാതെ എവിടേലും കളഞ്ഞു കാണും "
"ഇല്ലെടീ .. ഞാനത് ഇവിടെ തന്നെയാ വെച്ചേ.. ഉറപ്പാ "
"ഉറപ്പാന്നോ "
"ഉറപ്പ് "
"പിന്നിത് എവിടെ പോയി "
രണ്ടുപേരും മുറിയുടെ മുക്കും മൂലയും വരെ തീരഞ്ഞു .
എവിടെ കിട്ടാൻ !!
വെളിയിൽ മിറ്റത്ത് ഒരു മുറം നിറയെ കുട്ടിക്യൂറ പൗഡർ കണ്ട് സംപ്രീതനായ സൂര്യ ഭഗവാൻ നാണിയമ്മയെ നിറഞ്ഞ് അനുഗ്രഹിക്കുകയായിരുന്നു അപ്പോൾ !
വന്ദന 🖌
(വെള്ളിമുറം കാണിക്കൽ
പത്താമുദയനാളിൽ വെള്ളിമുറം കാണിക്കൽ എന്നൊരു ചടങ്ങ് പണ്ടു ചിലയിടങ്ങളിൽ ഉണ്ടായിരുന്നു. ഉണക്കലരി പൊടിച്ച് മുറത്തിലാക്കി മേടം പത്തിലെ സൂര്യനെ ഉദയസമത്തു കാണിക്കുന്ന ചടങ്ങാണിത്. ഉദയത്തിനു ശേഷം ഈ അരിപ്പൊടി കൊണ്ടു പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കുകയും ചെയ്യും.
കടപ്പാട് :ഗൂഗിൾ )
കടപ്പാട് :ഗൂഗിൾ )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക