Slider

ബ്ലഡി മേരി

0
Image may contain: 1 person, sitting
അസ്തമിക്കാൻ മടിച്ചുനില്കുന്ന സൂര്യന്റെ കിരണങ്ങളേറ്റ് തുള്ളികളിക്കുന്ന തടാകത്തിന്റെ കരയിലുള്ള ഭക്ഷണശാലകൾ, കൂടുതൽ അതിഥികളെ സ്വീകരിക്കാൻ പകലുറക്കത്തിന്റെ ആലസ്യം വിട്ട് രാത്രിലേക്ക് ഉണരാനുള്ള കാത്തിരിപ്പിലാണ്.
നഗരത്തിൽ ഇന്ന് കാർണിവലാണ്. നഗരവാസികളെല്ലാം വിവിധവേഷങ്ങളും വിചിത്രങ്ങളായ മുഖമൂടികളും ധരിച്ച് ആർത്തുല്ലസിക്കുന്ന ദിവസം.. അതിനാലാവണം പതിവില്ലാതെ തടാകക്കരയിൽ സന്ദരർശകരില്ലാത്തത്. ചുറ്റുമുള്ള മരങ്ങളുടെ ചുവട്ടിലുള്ള ബെഞ്ചുകൾ പതിവ് പ്രണയ ശലഭങ്ങൾ ഇല്ലാതെ ശൂന്യമായിരിക്കുന്നു...
തടാകക്കരയിലെ പബ്ബിന്റെ ചുറ്റും മനോഹരമായി ചെങ്കല്ല് വിരിച്ച തുറസ്സായ സ്ഥലത്ത്, പേരറിയാത്ത മരങ്ങളിൽ നിന്നും പൊഴിഞ്ഞുവീണ ഇലകൾ അടിച്ചുകൂട്ടുന്ന തൊപ്പിക്കാരനെ നോക്കിയിരിക്കുകയായിരുന്നു കെവിൻ.
കെവിൻ...
അയാളൊരു ചിത്രകാരനാണ്. നിമിഷങ്ങൾക്കുള്ളിൽ ക്യാൻവാസിൽ ഗ്രാഫൈറ്റും ചാർക്കോളും കൊണ്ട് അതി സൂക്ഷ്മമായ പ്രകാശ വ്യതിയാനങ്ങളും ഷേയ്ഡുകളും സൃഷ്ടിക്കുന്നതിൽ വിസ്മയം തീർക്കുന്ന കലാകാരൻ.
വായിച്ചറിവിലാണ് മനുഷ്യ ശരീരമാണ് വരക്കാൻ ഏറ്റവും ബുദ്ധിമുട്ടെന്നും ,ലോകപ്രസിദ്ധ ചിത്രകലാ പഠനകേന്ദ്രങ്ങളിൽ നഗ്‌ന ശരീരങ്ങളുടെ രചന അവസാനപഠനവിഷയങ്ങളിൽ ഒന്നാണെന്നും അയാളറിഞ്ഞത്.
വസ്ത്രം ധരിച്ച ശരീരങ്ങൾക്ക് വരക്കുന്ന ആളിന്റെ മനോധർമ്മം അനുസരിച്ചു മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും നഗ്‌ന ശരീരങ്ങൾക്ക് അതിന്റെതായ അനാട്ടമി ഉണ്ടെന്നും, അതുവരക്കുന്നത് ഒരു ചിത്രകാരൻ എന്ന നിലയിൽ വെല്ലുവിളി നിറഞ്ഞതാണെന്നും തിരിച്ചറിഞ്ഞപ്പോൾ, ഒരു നൂഡ് മോഡലിനെ തിരഞ്ഞാണ് കെവിൻ ആ നഗരത്തിലെത്തിയത്.
വന്ന അന്നുമുതൽ തടാകകരയിലെ ആ പബ്ബിൽ അയാൾ നിത്യസന്ദർശകനാണ്.. ആ നഗരത്തിൽ കെവിൻ പരിചയപ്പെട്ടത് രണ്ടു പേരെ മാത്രമാണ്. ഒന്നാമത്തെ ആൾ പബ്ബിലെ ജീവനക്കാരനായ ഡെൻവറാണ്. ഇന്ന് അയാളെയും പബ്ബിൽ കാണാനില്ല. ഇന്ന് ജോലിയുണ്ടെന്നും ഉറപ്പായും വരുമെന്നും തലേദിവസം അയാൾ പറഞ്ഞിരുന്നതാണ്. അല്ലെങ്കിലും വലിയ ജനകൂട്ടത്തിൽ നിന്നും ഒളിച്ചോടുന്ന സ്വഭാവമാണ് ഡെൻവറിന്. സ്ത്രീകളുടെ ശബ്ദത്തിൽ സംസാരിക്കുന്ന തികച്ചും അന്തർമുഖനായ ഒരാൾ.
പ്രത്യേകിച്ച് ആവശ്യങ്ങൾ ഒന്നും ഇല്ലാതിരുന്ന കാരണം ഡെൻവർ വരുമ്പോൾ വരട്ടെ എന്നും താമസിയാതെ വരുമായിരിക്കും എന്നും കെവിൻ ഓർത്തു.
നഗരത്തിൽ വന്ന ദിവസം തെരുവിൽ താമസസ്ഥലം തേടിനടക്കുമ്പോളാണ് പബ്ബിലേയ്ക്ക് ധൃതിയിൽ നടന്നു പോകുകയായിരുന്ന
ഡെൻവറിനെ കെവിൻ ആദ്യമായി കണ്ടത്. വൈകി ജോലിക്കിറങ്ങിയ ഡെൻവറിനെ വഴിയിൽ തടഞ്ഞു നിർത്തി താമസസ്ഥലം അന്വേഷിച്ച കെവിനോട് അയാൾക്ക് ആദ്യം ഈർഷ്യ തോന്നിയെങ്കിലും അയാൾ കെവിനെ പബ്ബിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുകയും പിന്നീട് താമസ സൗകര്യം ഒരുക്കി കൊടുക്കുകയും ചെയ്തു.
ആ നഗരത്തിൽ കെവിൻ പരിചയപ്പെട്ട രണ്ടാമത്തെ ആൾ സുന്ദരിയായ ഒരു യുവതിയാണ്!
തോളറ്റം മുറിച്ച് മനോഹരമായി നിറം കൊടുത്ത മുടിയുള്ള, അലുക്കുകൾ പിടിപ്പിച്ച, കൈനീളമുള്ള, മേലുടുപ്പുകൾ ധരിക്കുന്ന അവളുടെ ചാരനിരമുള്ള കണ്ണുകൾക്ക് ഏതോ മുത്തശ്ശികഥയിലെ രാജകുമാരിയുടെ നിഗൂഢഭാവമായിരുന്നു.
**************
കെവിൻ പബ്ബിൽ ആദ്യമായി വന്ന ദിവസമായിരുന്നു അന്ന്. വാഷ് റൂമിൽ നിന്നും ഉറക്കെ ആരെയോ ചീത്ത വിളിച്ചു കൊണ്ട്, ഒതുങ്ങി ഒരു മൂലയിലിരുന്നു ബിയർ നുണയുകയായിരുന്ന കെവിന്റെ ടേബിളിലേയ്ക്ക് വന്നതായിരുന്നു അവൾ. അവളുടെ ഇറുകിയ ഉടുപ്പിന്റെ മുകളിലെ ബട്ടണുകൾ അടർന്നു പോയിട്ടുണ്ടായിരുന്നു. നിറംപൂശിയ അവളുടെ തലമുടികൾ ബാർ കൗണ്ടറിൽ മിന്നിമറയുന്ന വെള്ളിവെളിച്ചത്തിൽ സ്വർണ്ണനൂലിഴകൾ പോലെ തിളങ്ങി .
വലിയ ശബ്ദത്തിലുള്ള സംഗീതത്തിനിടയിൽ അവൾ എന്തായിരുന്നു പറഞ്ഞതെന്ന് കെവിന് മനസിലായില്ല. കെവിന്റെ എതിരെയുള്ള കസേരയിൽ ഇരുന്ന അവൾ കിതപ്പോടെ എന്തൊക്കെയോ ശാപവാക്കുകൾ ഉരുവിട്ടു കൊണ്ടിരുന്നു. തുറന്നുകിടന്ന അവളുടെ മേൽകുപ്പായത്തിനിടയിലൂടെ അനാവൃതമായ മാറിന്റെ തുടിപ്പ് മങ്ങിയ വെളിച്ചത്തിലും കെവിന്റെ കണ്ണുകളിൽ നക്ഷത്രങ്ങൾ വിരിയിച്ചു. ഇടത്തെ മാറിടത്തിനു മുകളിൽ കരുവാളിച്ചപോലെയൊരു കല അതിന്റെ മാദകത്വം വർധിപ്പിക്കുന്നതായി കെവിന് തോന്നി. ആയാസപ്പെട്ട് കണ്ണുകൾ മാറ്റി എന്തെങ്കിലും സഹായം വേണോ എന്ന കെവിന്റെ ചോദ്യത്തിന് രൂക്ഷമായൊരു നോട്ടമായിരുന്നു അവളുടെ മറുപടി.
മാഡം എന്താണ് പ്രശ്നം? എന്തെങ്കിലും ഞങ്ങൾ ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ചടുത്തു വന്ന ബാർ ജീവനക്കാരനോട് അവൾ പറഞ്ഞു.
"ഐ നീഡ് എ ഡ്രിങ്ക് ,ബ്ലഡി മേരി"
പിന്നീട് അവൾ കെവിനെ ഒന്ന് നോക്കി , അനാവൃതമായി കിടക്കുന്ന മാറ് അവൾക്കൊരു വിഷയമേ അല്ലെന്നു തോന്നി.
ടൊമാറ്റോ ജ്യൂസും സെലേറി സൽട്ടും പേപ്പർ സോസും മറ്റു ചേരുവകളും വോഡ്കയിൽ ചേർത്ത 'ബ്ലഡി മേരി' എന്ന കോക്‌ടെയ്ൽ മനോഹരമായി ഗാർണിഷ് ചെയ്ത ഹൈബാൾ ഗ്ലാസിൽ എത്തിയപ്പോൾ അവൾ ഒറ്റവലിക്ക് അത് മുക്കാലും കുടിക്കുന്നത് കെവിൻ നോക്കിയിരുന്നു.
ഡെൻവറിനോട് അവളെ പറ്റി ചോദിച്ചപ്പോൾ, അറിയില്ല എന്നായിരുന്നു മറുപടി.
മിക്കദിവസങ്ങളും അവൾ ആ പബ്ബിൽ വരും. ബ്ലഡി മേരിയുടെ തന്നെ വിവിധ കോമ്പിനേഷൻസ് ആവും എപ്പോളും കുടിക്കുന്നത്. സംസാരിക്കാൻ ശ്രമിച്ചപ്പോഴൊന്നും അവൾ പ്രതികരിച്ചില്ല. അതുകൊണ്ടു ദിവസവും കുടിക്കുന്ന ഡ്രിങ്കിന്റെ പേര് കെവിൻ അവൾക്കിട്ടു, ബ്ലഡി മേരി!
നഗരത്തിന്റെ മറ്റൊരു ബ്യൂട്ടി സ്പോട്ട് ആയ കടൽത്തീരത്തിനോട് ചേർന്നുള്ള പാറക്കെട്ടിൽ വച്ചാണ് അവൾ ആദ്യമായി കെവിനോട് മിണ്ടിയത്. കെവിൻ എല്ലാദിവസവും അവിടെ വന്നിരിക്കാറുണ്ടായിരുന്നു. പേടിപ്പെടുത്തുന്ന ഒരുതരം സൗന്ദര്യമായിരുന്നു കടൽനിരപ്പിനേക്കാൾ വളരെ ഉയരത്തിൽ ആയിരുന്ന ആ പാറക്കെട്ടുകൾക്ക്. അങ്ങ് താഴെ പാറക്കെട്ടിൽ തിരമാലകൾ വന്നലക്കുന്നതിന്റെ ശബ്ദം ഒരു മുഴക്കം പോലെ കാതുകളിൽ പതിക്കും .
തിരക്കേറിയ ഒരു ഒഴിവ് ദിനമായിരുന്നു അന്ന്. അങ്ങകലെ കടലിൽ മുങ്ങിയൊളിക്കാൻ ശ്രമിക്കുന്ന സൂര്യബിംബത്തിന്റെ മനോഹരദൃശ്യത്തിൽ കണ്ണുനട്ട് സ്വയം മറന്നിരുന്ന കെവിൻ ഞെട്ടിയുണർന്നത് തൊട്ടടുത്ത് നിന്നുള്ള ശബ്ദം കേട്ടാണ്.
"നിങ്ങൾ ആരാണ്? എന്തിനാണ് എന്നെ പതിവായി പിന്തുടരുന്നത്?"
കെവിൻ നോക്കിയപ്പോൾ കടൽകാറ്റിൽ പാറിക്കളിക്കുന്ന മുടികളോടെ അവൾ... ബ്ലഡി മേരി!
"സോറി, മനസിലായില്ല എപ്പോൾ പിന്തുടർന്നു എന്നാണ്?"
സത്യത്തിൽ കെവിൻ അവളെ ആദ്യമായാണ് അവിടെ കണ്ടിരുന്നത് .
"എന്നും താങ്കളെ പബ്ബിൽ കാണാറുണ്ട്. ഇതിപ്പോ ഇവിടെയും... മുൻപ് ഞാൻ ഇവിടെ വന്ന ദിവസവും.."
കെവിന് ചിരിയാണ് വന്നത്..
"മേരി എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. ഞാൻ എന്നും ഇവിടെ വരാറുണ്ട്. ഇവിടെ വച്ച് ഞാൻ ഒരിക്കലും താങ്കളെ കണ്ടിട്ടില്ല. പബ്ബിൽ വച്ച് താങ്കളെ കാണാറുണ്ട് അത് പക്ഷേ താങ്കളെ പിന്തുടരുന്നതൊന്നുമല്ല"
""മേരി ? ദാറ്റ്സ് നോട്ട് മൈ നെയിം ആൻഡ് ഐ ഡോണ്ട് നോ എനി മേരി ഐതെർ"
അബദ്ധം പറ്റിയല്ലോ എന്നോർത്ത് കെവിൻ ഒരു നിമിഷം ജാള്യതയോടെ നിന്നു.
"സോറി, എനിക്ക് താങ്കളുടെ പേരറിയില്ല... എന്നും ബ്ലഡി മേരി കഴിക്കുന്നത് കണ്ട് മനസിലങ്ങനെ ആണ് അടയാളപ്പെടുത്തിയിരുന്നത്. സംസാരിച്ചപ്പോൾ അറിയാതെ അങ്ങനെ വന്നുപോയി"
"ഓ ഇറ്റ്സ് ഓക്കേ " പാറിക്കളിക്കുന്ന മുടി ഒതുക്കി വച്ചുകൊണ്ട് നേരിയ ചിരിയോടെ അവൾ പറഞ്ഞു.
"ശരിക്കുള്ള പേര് അറിഞ്ഞിരുന്നെകിൽ ഇനിയിങ്ങനെ ഒരബദ്ധം പറ്റാതെ നോക്കാമായിരുന്നു"
ചിരി കണ്ട ആത്മവിശ്വാസത്തിൽ കെവിൻ ചോദിച്ചു. അത് കേട്ട ഭാവം നടിക്കാതെ അവൾ തിരിച്ച് അയാളോട് ചോദിച്ചു.
"നിങ്ങൾ ആരാണ്? ഇവിടെ കാണാൻ തുടങ്ങിയിട്ട് അധികം ആയില്ലല്ലോ "
കെവിൻ അവന്റെ തോളിൽ ഉണ്ടായിരുന്ന ബാഗ് തുറന്ന് തടിച്ച ഒരു ബുക്ക് എടുത്ത് അവൾക്ക് നേരെ നീട്ടി. സംശയ ഭാവത്തോടെ ഒന്ന് നോക്കിയിട്ട് അവളത് വാങ്ങി തുറന്നു.
ഗ്രഫൈറ്റ് പെൻസിലുകളിൽ തീർത്ത മനോഹരങ്ങളായ ചിത്രങ്ങൾ ഓരോന്നായി അവൾ മറിച്ചു കണ്ടു. അർദ്ധനഗ്‌നകളായ സ്ത്രീകളുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങളായിരുന്നു ഓരോന്നും.
"താങ്കൾ സ്ത്രീകളുടെ ചിത്രങ്ങളേ വരക്കുകയുള്ളു അല്ലേ"
ചിത്രങ്ങൾ കാണുന്നതിനിടയിൽ മുഖമുയർത്താതെ അവൾ ചോദിച്ചു.
"അങ്ങനെയില്ല. എന്തും വരക്കാറുണ്ട്. എങ്കിലും ഇഷ്ടവിഷയം സ്ത്രീ സൗന്ദര്യമാണ്. ദൈവസൃഷ്ടികളിൽ ഏറ്റവും മനോഹരം സ്ത്രീ ആണോന്ന് ചോദിച്ചാൽ അറിയില്ല പക്ഷെ മറ്റേത് സൃഷ്ടിക്കും എന്റെ കണ്ണിൽ വ്യത്യാസമുണ്ട്. ഒരു മനോഹരമായ ചിത്രശലഭമോ റോസാപ്പൂവോ എന്തുമാവട്ടെ വരയ്ക്കുമ്പോൾ കുറച്ച് ആകൃതി തെറ്റിപ്പോയാലും അത് അങ്ങനെ ആണെന്ന് അവകാശപ്പെടാം. പക്ഷെ നഗ്‌നമായ ഒരു മനുഷ്യ ശരീരത്തിന് കൃത്യമായ അനാട്ടമി ഉണ്ട്. സ്ത്രീ ശരീരത്തിന് കൂടുതൽ സൗന്ദര്യവും. ഞാൻ പുരുഷൻ ആയതുകൊണ്ടാവും അങ്ങനെ തോന്നുന്നത് "
കെവിൻ പറഞ്ഞുകൊണ്ടിരുന്നത് ഒട്ടും ശ്രദ്ധിക്കാതെ അവൾ അവസാനത്തെ ചിത്രത്തിൽ കണ്ണുംനട്ട് കുറെ നേരം ഇരുന്നു...
പാറികിടക്കുന്ന ചുരുണ്ടമുടികളാൽ മുഖം പാതിമറഞ്ഞ ഒരു സ്ത്രീയുടെ ചിത്രം. ചിത്രത്തിലെ സ്ത്രീയുടെ മുന്നിലായി നിറഞ്ഞ ഒരു കോക്ക്ടെയിൽ ഗ്ലാസ് അനാവൃതമായ മാറിടങ്ങളെ പാതി മറച്ചിരുന്നെങ്കിലും ഇടത്തെ മാറിടത്തിലെ കരുവാളിച്ചപോലെയുള്ള പാടിൽ അവളുടെ കണ്ണുകൾ ഉടക്കി നിന്നു.
"ഇതാരാണ് "
അവൾ ചോദ്യഭാവത്തിൽ മുഖമുയർത്തി.
കെവിൻ മറുപടി പറഞ്ഞില്ല. അവൾ ചിത്രത്തിലെ മാറിടത്തിലെ പാടിൽ ഒന്നു വിരൽ ഓടിച്ചിട്ട് ബുക്ക് മടക്കി കൊടുത്തു.
അന്ന് സംസാരിച്ച ആത്മവിശ്വാസത്തിൽ പബ്ബിൽ വച്ച് കെവിൻ അവളോട് മിണ്ടാൻ ശ്രമിച്ചെങ്കിലും അവൾ കേട്ടഭാവം നടിച്ചില്ല. പിന്നീട് പലവട്ടം കടൽതീരത്തു വച്ച് അവൻ അവളെ കണ്ടു. ഇടക്കൊക്കെ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഒരിക്കൽ പോലും അവളെ പറ്റിയുള്ള ചോദ്യങ്ങൾക്ക് അവൾ മറുപടി പറഞ്ഞില്ല.
ഒരിക്കൽ കടൽക്കരയിൽ വച്ചവൾ അപ്രതീക്ഷിതമായി കെവിനെ സമീപിച്ചു പറഞ്ഞു...
"നിനക്കറിയാമോ ഈ പാറക്കെട്ടുകളിൽ നിന്ന് വീണ്‌ പോകുന്നവർ ഒരിക്കലും തിരിച്ചു വരാറില്ല.. ജീവനോടെയും അല്ലാതെയും."
എന്തൊക്കെയോ ദുരൂഹതകൾ അവളെച്ചുറ്റിപ്പറ്റിയുണ്ടെന്നു കെവിന് പലപ്പോഴും തോന്നിയിരുന്നു. പറയാൻ താൽപര്യമില്ലാത്ത വിഷയം ആണെന്ന് തോന്നിയത് കൊണ്ട് അയാൾ ഒന്നും ചോദിച്ചുമില്ല.
മൂന്നാലു ദിവസങ്ങൾക്ക് മുന്നേ ഉയരമുള്ള ഒരു പാറപ്പുറത്ത് അകലെ കടലിൽ മെല്ലെ നീങ്ങുന്ന വലിയ ഒരു ഉല്ലാസനൗകയെ നോക്കിയിരുന്ന കെവിനടുത്തവൾ വന്ന് മേലുടുപ്പിന്റെ നീളമുള്ള കൈകൾ മുകളിലേയ്ക്ക് ഉയർത്തി കാണിച്ചിട്ട് മുഖവുരയൊന്നുമില്ലാതെ ചോദിച്ചു.
"നിനക്കെന്റെ ശരീരത്തിലെ ഈ പാടുകൾ ഇല്ലാതെ എന്നെ വരയ്ക്കാൻ പറ്റുമോ?"
അവളുടെ കൈകളിൽ അവിടവിടെയായി, പൊള്ളിയത് പോലെയുള്ള ചുമന്നതും കരുവാളിച്ചതുമായ കലകൾ കണ്ട് അവൻ സംശയത്തോടെ അവളെ നോക്കി.
"ഇത് അയാൾ ചെയ്തതാണ്... അയാൾക്കിതിനുള്ള സമ്മാനം കൊടുക്കാനാണ് ഞാൻ ഈ നഗരത്തിൽ വന്നിരിക്കുന്നത്"
ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ തുടർന്നു,
"ഇതിലും വലിയ മുറിവ് എന്റെ മനസിലുണ്ട്.. അത് ഞാൻ താമസിയാതെ മായ്ക്കും... അതുകഴിയുമ്പോൾ ഞാൻ നിന്റടുത്ത് വരും.. അന്ന് നീയെന്നെ വരക്കണം.. നീയാഗ്രഹിക്കുന്ന പോലെ ദൈവത്തിന്റെ ഏറ്റവും മനോഹരസൃഷ്ടിയായി വരക്കണം.
ഈ കലകളൊന്നും ഇല്ലാതെ..."
കെവിന് ഒന്നും പറയാൻ തോന്നിയില്ല, അകലെ അസ്തമയസൂര്യന്റെ നാളങ്ങൾ അവളുടെ കണ്ണിൽ ജ്വലിക്കുന്നുണ്ടായിരുന്നു.
തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവൾ വീണ്ടും പറഞ്ഞു.
"ഇവിടുത്തെ കാർണിവെല്ലിനു ഇനി കുറച്ചു ദിവസങ്ങളേയുള്ളു... അന്ന് വൈകുന്നേരം ഞാൻ നിന്റടുത്തു വരും. അന്ന് നീയിവിടെ വരരുത്.. പബ്ബിൽ എനിക്കായി കാത്തിരിക്കണം.. നിന്റെ ക്യാൻവാസിൽ അന്നെനിക്ക് പുനർജനിക്കണം.. ഈ വൃത്തികെട്ട വടുക്കൾ ഇല്ലാതെ"
****** ******
"ഹലൊ ബാർ കൗണ്ടർ തുറന്നു കേട്ടോ"
ബാർ ജീവനക്കാരന്റെ ശബ്ദം കേട്ടാണ് കെവിൻ ചിന്തയിൽ നിന്ന് ഉണർന്നത്. തടാകക്കരയിൽ ഇരുട്ടു വീണു തുടങ്ങിയിരിക്കുന്നു. തടാകകരയിലെ വിളക്കുമരങ്ങൾ പുഞ്ചിരി തൂകിത്തുടങ്ങി..അതിന്റെ പ്രതിഫലനങ്ങൾ തടാകത്തിൽ ഹെഫാറ്റീസ് ദേവന്റെ ഉടവാൾ പോലെ തിളങ്ങി.
കെവിൻ മദ്യശാലയുടെ അകത്തേയ്ക്ക് കയറി. കൗണ്ടറിലെ ജീവനക്കാരനോട് ഡെൻവറിനെ പറ്റി ചോദിച്ചപ്പോൾ അറിയില്ല വരുമായിരിക്കും എന്നയാൾ അലസമായി പറഞ്ഞു. കൗണ്ടറിൽ നിന്നു ഒരു മഗ്ഗ് ബീയർ വാങ്ങി ഒഴിഞ്ഞ കോണിലുള്ള ഒരു ടേബിളിൽ പ്രക്ഷുബ്ധമായ മനസോടെ അയാളിരുന്നു...
പബ്ബിൽ മെല്ലെ തിരക്ക് കൂടിക്കൊണ്ടിരുന്നു.. വരുന്നവരെല്ലാം തന്നെ കൗതുകകരമായ വേഷവും വിചിത്രമായ മുഖമൂടിയും ധരിച്ചിരുന്നു. ബിയർ നുണഞ്ഞുകൊണ്ടിരുന്ന കെവിന്റെ ചെമ്പൻ മുടിയിഴകൾ നെറ്റിയിലേക്ക് പാറിക്കിടന്നിരുന്നു.
"കെവിൻ വന്നിട്ട് കുറെ നേരമായോ "
ആരാണ് തന്നെ പേരെടുത്ത് വിളിക്കുന്നതെന്ന് തലയുയർത്തിനോക്കിയപ്പോൾ കെവിൻ കണ്ടത് പോത്തിന്റെ കൊമ്പുകൾ ഉള്ള വിചിത്രമായ എന്നാൽ ചിരിവരുന്നതുമായ ഒരു മുഖമൂടി മാറ്റിക്കൊണ്ട് മുന്നിൽ നിൽക്കുന്ന അവളെയാണ്, ബ്ലഡി മേരി!!
ഇന്നാദ്യമായാണ് അവൾ പബ്ബിൽ വച്ച് പരിചയം കാണിക്കുന്നത്. കെവിന് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല. അവൾ എതിരെയുള്ള കസേരയിലിരുന്നു. എന്നിട്ട് പറഞ്ഞു.
"എന്റെ മനസിലുണ്ടായ വടുക്കൾ ഞാനിന്നു മായിച്ചു കളഞ്ഞു കെവിൻ, ഇനി നീയെന്റെ ശരീരത്തിനും പുനർജന്മം തരണം നിന്റെ ക്യാൻവാസിലൂടെ"
അവളുടെ ചാരകണ്ണുകളിൽ നോക്കിയിരിക്കുകയാണ് കെവിൻ. അഴിച്ചുവിട്ട നായകുട്ടിയെ പോലെ അവളുടെ കണ്ണുകൾ പിടച്ചിരുന്നു...
"കെവിൻ ആദ്യം നമുക്ക് ഒരുമിച്ചൊരു ഡ്രിങ്ക് കഴിക്കാം, ബ്ലഡി മേരി അല്ല.. ആ പേരുമിനി വേണ്ട. നീയെനിക്ക് പുനർജ്ജന്മം നൽകുമ്പോൾ എന്റെ ശരിക്കുള്ള പേരും ഞാൻ നിന്നോട് പറയും"
കെവിൻ സമ്മതഭാവത്തിൽ ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല. അവൾ എണീറ്റ് ബാർ കൗണ്ടറിൽ പോയി എന്തോ ഓർഡർ ചെയ്തു. കുറച്ചുകഴിഞ്ഞപ്പോൾ മനോഹരമായി ഗാർണിഷ് ചെയ്ത ഹൈ ബോൾ ഗ്ലാസിൽ പീച്ച് സ്‌നാപ്‌സും ഓറഞ്ചിന്റെയും കാൻബെറിയുടെയും ജ്യൂസ്‌ വോഡ്കയിൽ മിക്സ് ചെയ്ത ഡ്രിങ്ക്, ബാർ ബോയ് അവരുടെ ടേബിളിൽ സെർവ് ചെയ്തു.
കെവിൻ അവളോട് ചോദിച്ചു
"വാട്ട് ഡ്രിങ്ക് ഈസ് ദിസ് "
ഗ്ലാസിൽ നിന്നും ഒരു സിപ് എടുത്തിട്ട് അവൾ മുഖം ഉയർത്തി അവന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു,
"സെക്സ് ഓൺ ദി ബീച്ച് "
ഡ്രിങ്ക് നുണയുമ്പോഴും ഇടക്കിടെ കെവിന്റെ കണ്ണുകൾ അവിടെല്ലാം ഡെൻവറിനെ തിരയുന്നുണ്ടായിരുന്നു....
***************
അവസാനിച്ചു
ജോബി മുക്കാടൻ
30-09-2019
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo