നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്നൊരു ഓണനാളിൽ

Image may contain: Sreekala Menon, selfie and closeup
**************************
"വസുമ്മ.. ഞാൻ വരുന്നു ഈ ഓണത്തിന്.വസുമ്മയുടെ കൈയിൽ നിന്നും ഓണക്കോടി വാങ്ങാൻ. ഒന്നിച്ചിരുന്നു ഓണസദ്യ കഴിക്കാൻ,.ആ കൈ കൊണ്ടുണ്ടാക്കിയ പാല്പായസം കഴിക്കാൻ"
ഒരു നിമിഷം കാതുകളെ വിശ്വസിക്കാനാവാതെ തരിച്ചിരുന്നു പോയി .. സ്വപ്നം കാണുകയാണോ.
ലച്ചുവിന്റെ ശബ്ദമല്ലേ അത്. വസുമ്മ.. അവൾ മാത്രമല്ലേ എന്നെ അങ്ങനെ വിളിക്കാറുള്ളു.
" ഇപ്പോഴുമവിടെ തുമ്പപ്പൂക്കളും നന്ദ്യാർവട്ടവും, തെച്ചിയും പൂക്കാറുണ്ടോ . എനിക്ക് ആ മുറ്റത്തിരുന്നു ഒരിക്കൽ കൂടി പൂക്കളമിടണം .. എനിക്ക് വേണ്ടി ആ മാവിൻ കൊമ്പിൽ ഒരു ഊഞ്ഞാല് കെട്ടിത്തരണം. . രാത്രി ഓണനിലാവത്ത് ആ മടിയിൽ കിടന്ന് പണ്ട് വസുമ്മ പറഞ്ഞു തന്ന കഥകൾ കേൾക്കണം."
ലച്ചു… എന്റെ ദേവൂന്റെ ലച്ചു..
അവൾ വരുന്നുണ്ടെന്നൊ എന്നെ കാണാൻ.
എത്ര വർഷങ്ങൾ… കണക്ക് കൂടിയിട്ടില്ല ഇത് വരെ..
ലച്ചു എനിക്കെന്നും കുഞ്ഞാണ്. അന്നൊരു തിരുവോണ നാളിൽ ഒരു തുമ്പപ്പൂവിന്റെ നൈർമല്യത്തോടെ എന്റെ കയ്യിലേക്ക് പിറന്നു വീണ ദേവൂന്റെ കുഞ്ഞ്.
ലച്ചു ഇല്ലാത്ത ഓണം എത്ര കടന്നു പോയി..
ഒറ്റക്ക് ഉരുകി തീർന്ന വർഷങ്ങൾ. ഓർമ്മകൾ പുറകോട്ടു പായുകയാണ്. അതിനോടൊപ്പം ഓടി തളർന്നു ഈ ഞാനും.
**************
"വസൂ.. ഭഗവതിക്ക് നിന്നോട് ത്തിരി ഇഷ്ടം കൂടുതലുണ്ട് ട്ടോ…"
ചുറ്റുവിളക്കിൽ എണ്ണ ഒഴിച്ച് തിരി നീട്ടുമ്പോൾ ദേവു അല്പം പരിഭവത്തോടെ പറഞ്ഞു.
"എന്താ ദേവൂ എന്താ ണ്ടായേ "
"നിനക്കല്ലേ എപ്പോഴും ദേവി പരീക്ഷക്ക് മാർക്ക്‌ വാരിക്കോരി തരണത്. "
"അതിപ്പോ ആ കുട്ടി നന്നായി പഠിച്ചു മാർക്ക്‌ വാങ്ങണോണ്ടല്ലേ.. ഭഗവതിയെ ന്തിനാ കുറ്റം പറയണേ. നിന്നെ പോലെ മണ്ടിയല്ലല്ലോ വസുമതി"
അമ്പലത്തിൽ വഴിപാട് രസീതെഴുതാൻ വരുന്ന ശേഖരേട്ടൻ കളിയാക്കയത് കേട്ട് ദേവൂന്റെ മുഖം തുടുത്തു.
ഓണപ്പരീക്ഷക്ക് അത്തവണയും ഞാനായിരുന്നു ക്ലാസ്സിൽ ഒന്നാമതെത്തിയത്. ദേവു കണക്കിൽ അപ്രാവശ്യവും തോറ്റു.
ഓരോന്നായി കണ്മിഴിക്കുന്ന ദീപങ്ങളുടെ പ്രഭയിൽ എന്റെ ദേവൂനെ കാണാൻ എന്തൊരു ഭംഗിയാണ്… ആ നിറഞ്ഞ സൗന്ദര്യമായിരുന്നില്ലേ അവളുടെ ശാപവും..
**********
ദേവുവില്ലാത്ത ലോകമില്ലായിരുന്നല്ലോ എനിക്ക്. എന്തിനും ഏതിനും ദേവു ആയിരുന്നു കൂട്ട്.രഹസ്യങ്ങൾ പങ്കിടാനും വഴക്ക് കൂടാനും, കൊത്തങ്കല്ല് കളിക്കാനും, അമ്പലത്തിൽ നിറമാല തൊഴാനും, ഓണത്തിന് പൂക്കളമിടാനും.
"ഇങ്ങനെയുണ്ടോ ഒരു ചങ്ങാത്തം.. "രാവിലെ സ്കൂളിലേക്കുള്ള ചോറ് പാത്രം നിറക്കുന്നതിനിടയിൽ ഉപ്പേരിയുടെയും കറിയുടെയും ഒരു പങ്കു ദേവൂനായി ഞാൻ മാറ്റി വെക്കുമ്പോൾ അമ്മ പരിഭവം പറയും.
"സാരല്യ.. അമ്മയില്ലാത്ത കുട്ടിയല്ലേ അവള്.. നന്മയുള്ള മനസ്സാ ന്റെ വസൂന് . "ഉമ്മറത്തു കാൽ നീട്ടിയിരുന്നു അരിയിൽ നിന്ന് കല്ല് പെറുക്കുന്നതിനിടെ അമ്മമ്മ ചിരിച്ചു കൊണ്ട് പറയും
അല്ലെങ്കിലും അമ്മമ്മയോളം ആരെങ്കിലും മനസിലാക്കിയിരുന്നോ എന്റെ മനസ്സ്.
തറവാട്ടിൽ ഒരു അംഗം പോലെയായിരുന്നു ദേവൂന്റെ അച്ഛൻ കൃഷ്ണേട്ടൻ. കൃഷ്ണേട്ടന് അറിയാത്ത ജോലികളൊന്നും ഉണ്ടായിരുന്നില്ല. തൊടിപ്പണിയായാലും വയറിങ് പണിയായാലും, എന്തെങ്കിലും കേട് വന്നാൽ നേരെയാക്കാനും എന്തിനും കൃഷ്ണേട്ടനെയായിരുന്നു അമ്മമ്മ വിളിച്ചിരുന്നത്. കൃഷ്ണേട്ടൻ വരുമ്പോഴൊക്കെ കൂടെ ദേവുവും ഉണ്ടാവും.പ്രസവത്തിൽ മരിച്ചതാണ് ദേവൂന്റെ അമ്മ.
"ഇവൾക്കിത്തിരി കണക്ക് പറഞ്ഞു കൊടുക്ക് വസു മോളെ.. പഠിക്കാൻ മണ്ടിയാ "
നിർബന്ധിച്ചു പിടിച്ചിരുത്തി കണക്കു പറഞ്ഞു കൊടുക്കുമ്പോൾ ദേവൂന്റെ ശ്രദ്ധ മുഴുവൻ വേറെ എന്തിലെങ്കിലുമായിരിക്കും. മുറ്റത്തു അമ്മ ഉണക്കാനിട്ട അരി കൊണ്ടാട്ടത്തിലോ, വീണു കിടക്കുന്ന കണ്ണിമാങ്ങയിലോ, നിറയെ പൂത്തു നിൽക്കുന്ന ചെമ്പകത്തിലോ അങ്ങിനെ അങ്ങിനെ.. കൃഷ്ണേട്ടൻ പടി കടന്നാൽ ദേവു ചാടി എഴുന്നേൽക്കും
"എനിക്കീ കണക്കൊന്നും തലയിൽ കേറില്ല്യ ന്റെ വസൂ. ദീപാരാധനക്ക്‌ നേരായി. ഞാൻ പോവാ "
ദേവൂ ചിരിക്കുമ്പോൾ അവളുടെ കുപ്പിവളകളും കൂടെ ചിരിക്കും പോലെ. കുപ്പിവളകളോട് വല്ലാത്ത ഭ്രമമായിരുന്നു ദേവൂന്.
ദേവൂ പോവുന്നത് നോക്കി ഞാനിരിക്കും.. എന്നെ കഴിഞ്ഞാൽ അവളുടെ മറ്റൊരു ലോകമായിരുന്നു അമ്പലവും ഭഗവതിയും.ഞാൻ കൂടാതെ അവൾ മനസ്സ് മുഴുവൻ തുറന്നിരുന്നത് ആ ഭഗവതിയുടെ മുന്നിലായിരുന്നു. സങ്കടമായാലും സന്തോഷമായാലും.
എന്നിട്ടുമെന്തേ ഭഗവതി ആ മനസ്സ് കണ്ടില്ല.. ആ വിളികൾ കേട്ടില്ല..
******.
"വലുതായാൽ എനിക്ക് ഡോക്ടറാവണം ദേവൂ.. കുട്ടികളെ പ്രസവിപ്പിക്കണ ഡോക്ടർ. "
ഞാൻ പറയുന്നത് കേട്ട് ദേവു ചിരിച്ചു. കൂടെ കുപ്പിവളകളും. "എന്റെ കുട്ടിയേയും വസു പ്രസിവിപ്പിച്ചാൽ മതി "
നിഷ്കളങ്കതയിൽ നിന്നും ചിന്നി ചിതറിയ വാക്കുകൾ. അറം പറ്റിയ പോലെ. വർഷങ്ങൾക്കു ശേഷം പലപ്പോഴും എന്റെ മനസ്സിൽ ഈ രംഗം ഓടിയെത്താറുണ്ട്.
ഓർമകളല്ലെങ്കിലും അങ്ങനെയാണല്ലോ.. പതുങ്ങി പതുങ്ങി പൊടുന്നനെ അങ്ങിനെ..
********
എനിക്ക് മെഡിസിന് അഡ്മിഷൻ കിട്ടിയ സമയം. ദേവു അക്കൊല്ലം പ്രീഡിഗ്രി ജയിച്ചില്ല.
"ഞാൻ ഇനി പഠിക്കിണില്യ വസൂ.. എനിക്കൊന്നും തലയിൽ കയറിണില്യ "
ഭംഗിയുള്ള നീണ്ട മിഴികൾ ഒന്ന് കൂടി വിടർത്തി ദേവു പറഞ്ഞു. തലയിൽ കയറാത്തതിന് ഒരു
കാരണം കൂടിയുണ്ടായിരുന്നു അവൾക്ക്. ജയകൃഷ്ണൻ..
കോളേജിൽ സീനിയറായിരുന്ന ജയകൃഷ്ണനുമായുള്ള പ്രണയം എന്നോട് പറഞ്ഞതും അവൾ തന്നെ. അല്ലെങ്കിലും എന്നോടൊന്നും മറച്ചു വെക്കാൻ കഴിഞ്ഞിരുന്നില്ലല്ലോ എന്റെ ദേവൂന് .
കോളേജിൽ എല്ലാറ്റിനും മുൻപന്തിയിലുണ്ടായിരുന്ന ജയകൃഷ്ണനോട് പക്ഷെ എനിക്കെന്തോ അന്നും ഒരു അടുപ്പം തോന്നിയിരുന്നില്ല.
"സൂക്ഷിക്കണം ട്ടോ ദേവൂ "
അത് പറയുമ്പോൾ ദേവു മുഖം വീർപ്പിക്കും. "നിനക്ക് വെറുതെ തോന്നണതാ വസൂ ജയകൃഷ്ണൻ നല്ലവനാ "
അന്ന് കോളേജിൽ പലർക്കും ദേവൂനോട് പ്രണയമായിരുന്നു. എന്തോ എനിക്കതൊക്കെ കാണുമ്പോൾ വല്ലാത്ത പേടിയായിരുന്നു.ജയകൃഷ്ണനെ പോലും. പക്ഷെ പ്രണയം ഒരു വള്ളി പോലെ അവരുടെ ഇടയിൽ പടർന്നു കയറുന്നത് ഞാൻ കണ്ടു. മുറിച്ചു മാറ്റാൻ കഴിയാത്ത വിധം.
********
ചെന്നൈ മെഡിക്കൽ കോളേജിലായിരിന്നു എനിക്ക് അഡ്മിഷൻ കിട്ടിയത്. . കുട്ടിക്കാലം മുതൽ ആഗ്രഹിച്ചത് പോലെ ഡോക്ടർ ആവുന്നതിലുള്ള സന്തോഷവും ദേവൂവിനെ പിരിയുന്നതിനുള്ള ദുഖവും രണ്ടും ഒന്നിച്ചായിരുന്നു എനിക്ക്.
ഓരോ അവധിക്കും ഞാൻ ഓടി വന്നു എന്റെ ദേവൂന്റെ അടുത്തേക്ക്. അന്ന് അവളുടെ വിശേഷങ്ങളിലെല്ലാം നിറഞ്ഞു നിന്നത് ജയകൃഷ്ണനായിരുന്നു. പ്രണയം തിരി കൊളുത്തിയ അവളുടെ കണ്ണുകൾ എന്നിട്ടുമെന്നെ നൊമ്പരപ്പെടുത്തി. എനിക്ക് ജയകൃഷ്നോട് ചെറുതായി അസൂയ തോന്നി തുടങ്ങി . എന്റെ ദേവൂനെ എനിക്ക് നഷ്ടപെടുന്നുണ്ടോ.
**********
എം ബി ബി എസ് കഴിഞ്ഞു ഞാൻ പിജി ക്ക് ചേർന്ന കാലം. ഗൈനക്കോളജി ആയിരുന്നു എന്റെ വിഷയം. ചെന്നൈയിൽ നിന്നും റായ്‌പൂർ മെഡിക്കൽ കോളേജിലേക്ക്.
അന്നൊരു അവധിക്ക് വന്നപ്പോളാണ് ദേവുവിൽ ഞാൻ മാറ്റങ്ങൾ കണ്ടത്. ആ കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടിരുന്നു. അവളെന്തോ ഭയക്കുന്നത് പോലെ.
അന്നാദ്യമായി ദേവു കരയുന്നത് ഞാൻ കണ്ടു. ജോലി അന്വേഷിച്ചു ഗൾഫിൽ പോയ ജയകൃഷ്ണന്റെ ഒരു വിവരവുമില്ല. അവളയക്കുന്ന കത്തുകൾക്കൊന്നും മറുപടിയില്ല.
പിന്നെയവൾ ഞെട്ടിക്കുന്ന ആ സത്യം കൂടി പറഞ്ഞു. അവൾ ഗർഭിണിയാണ്.
പൊട്ടിക്കരയുന്ന ദേവൂനെ ചേർത്ത് പിടിച്ചു ഞാൻ പറഞ്ഞു "നമുക്ക് ഈ കുഞ്ഞിനെ വേണ്ട ദേവൂ. നാളെ തന്നെ ആശുപത്രിയിൽ പോവാം "
പക്ഷെ വൈകിപ്പോയിരുന്നു. "വസൂ.. അച്ഛനറിഞ്ഞാൽ.. "ദേവുവിന്റെ കണ്ണിൽ ഭീതി നിഴലിക്കുന്നത് അസ്വസ്ഥയോടെ ഞാൻ കണ്ടു. അവളുടെ ചോദ്യങ്ങൾക്കൊന്നും എനിക്ക് ഉത്തരമില്ലായിരുന്നു.
കൃഷ്ണേട്ടന് ഒന്നും താങ്ങാൻ കഴിയുമായിരുന്നില്ല. ശരീരവും മനസ്സും തളർന്നു ഒരു ജീവച്ഛവം പോലെ അയാൾ ഉരുകിത്തീരാൻ തുടങ്ങി. ഒടുവിൽ മനസ്സ് പിടിവിട്ട എതോ ഒരു,
നിമിഷത്തിൽ അയാൾ സ്വയം ഇല്ലാതായപ്പോഴും ദേവു കരഞ്ഞില്ല.. അവളുടെ കണ്ണുനീരൊക്കെ എന്നോ തണുത്തുറഞ്ഞു പോയത് പോലെ.
ദേവു ആ വീട്ടിൽ ഒറ്റക്കായി.ആരും തിരിഞ്ഞ് നോക്കാതെ. എല്ലാവരും കയ്യൊഴിഞ്ഞ് . എന്നിട്ടും ഓരോ അവധിക്കും ഞാൻ ഓടിയെത്തി എന്റെ ദേവൂന്റെ അടുത്തേക്ക്. അന്നവൾ ഏറെ ആഗ്രഹിച്ചതും എന്റെ സാമീപ്യമായിരുന്നു.
"ആ പിഴച്ചവളുടെ കൂടെ ഇനി കൂട്ടൊന്നും വേണ്ട "
അച്ഛന്റെ താക്കീത്. അമ്മയുടെ വക ഉപദേശങ്ങളും ശകാരങ്ങളും. ഒന്നും ചെവികൊണ്ടില്ല. എനിക്ക് ദേവൂനെ വേണമായിരുന്നു. അവൾക്കു എന്നെയും.
അവളുടെ വീർത്തു വരുന്ന വയർ നോക്കി ഞാൻ പറയും. "ഇതൊരു പെണ്കുഞ്ഞായിരിക്കും ട്ടോ ദേവൂ "
എന്നിട്ട് ഞാൻ വാങ്ങി കൊണ്ട് വന്ന കുപ്പിവളകൾ അവളുടെ കയ്യിൽ ഇട്ടു കൊടുക്കും. ദേവു വേദന നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി ചിരിക്കും.
"വസൂ… നീയെന്താ ഒരിക്കലും മാറാത്തത് "
"നമ്മൾ എന്ന് പറ ദേവൂ.. നമുക്കൊരിക്കലും മാറാൻ കഴിയില്ലല്ലോ "
***********
അന്ന് ഉത്രാടമായിരുന്നു.
ഉച്ച മയക്കത്തിൽ നിന്നും എന്തോ ഒരു സ്വപ്നം കണ്ടു ഞാൻ ഞെട്ടിയുണർന്നു.
ദേവു എന്നെ വിളിക്കുന്നത് പോലെ..
ഞാൻ ചെല്ലുമ്പോൾ ദേവു രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. വേദന കൊണ്ട് പുളയുന്ന അവളെ ഞാൻ മെല്ലെ ചേർത്ത് പിടിച്ചു തലോടി.
"വസൂ.. എനിക്ക് വേദന താങ്ങാൻ കഴിയുന്നില്ല. "
പഠിച്ച അറിവുകൾ വെച്ച് ഞാനവളെ പരിശോധിച്ചു.. എന്റെ മനസ്സെന്തോ അസ്വസ്ഥമായി തുടങ്ങിയിരുന്നു.
ആംബുലൻസ് വിളിച്ചു ദേവൂനെ ആശുപത്രിയിൽ കൊണ്ട് പോവുമ്പോൾ കുറെ നാളുകൾക്കു ശേഷം ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. അവളെന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു . "വസൂ.. ന്റെ കുഞ്ഞ്. "
രാത്രിയോടെ ദേവൂനെ ഐ സി യു വിലേക്ക് മാറ്റി. ഡോക്ടർ താരയായിരുന്നു ഗൈനകോളജിസ്റ്റ്. എന്തൊക്കെയോ നേരിടാൻ അപ്പോഴേക്കും മനസ്സൊരുങ്ങി തുടങ്ങിയിട്ടിരുന്നു.
പുലർച്ചെ നാല് മണി.
ഡോക്ടർ താര എന്തോ ആലോചിച്ചു അല്പം വേവലാതിയോടെ അടുത്ത് വന്നു.
"ഇനി വൈകിക്കണ്ട.. സിസേറിയൻ ചെയ്യാം. നല്ല കോംപ്ലിക്കേറ്റഡ്‌ ആണ്.കുഞ്ഞിനെ പുറത്തെടുക്കാം. പക്ഷെ.. ആ കുട്ടി രക്ഷപെടാൻ സാദ്ധ്യത കമ്മിയാണ്. "
പെട്ടന്ന് ഡോക്ടറുടെ കൈ പിടിച്ചു ഞാൻ പറഞ്ഞു "ഡോക്ടർ ഞാൻ കൂടെ നിൽക്കട്ടെ. ഈ ഡെലിവറി എനിക്ക് ചെയ്യണം പ്ലീസ് "
ഡോക്ടർ ഒന്ന് ഞെട്ടിയ പോലെ തോന്നി. പിന്നെ ചിരിച്ചു കൊണ്ട് എന്റെ പുറത്തു തട്ടി . "വസുമതി ഗൈനക്കോളജി അല്ലെ. കൂടെ നിന്നോളൂ. ഒരു എക്സ്പീരിയൻസ് ആവുമല്ലോ "
കൂടെ നിന്നു.. മനസ്സ് പതറാതെ കൈ വിറക്കാതെ നിൽക്കണം. ദേവൂന്റെ വസുവായിട്ടല്ല. ഗൈനക്കോളജിസ്റ്റ് ഡോക്ടർ വസുമതി ആയിട്ട്..
അങ്ങിനെ അന്ന് ആ തിരുവോണ നാളിൽ ഒന്നുറക്കെ കരഞ്ഞു കൊണ്ട് ലച്ചു എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു..
ആ കുഞ്ഞു ജീവന്റെ ഇളം ചൂട് കൈകളിലേക്ക് പകർന്നപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ദേവു ഒന്നുമറിഞ്ഞില്ല.തന്റെ കുഞ്ഞിനെ ഒരു നോക്ക് പോലും കാണാതെ അവൾ അപ്പോഴേക്കും മറ്റൊരു ലോകത്തെത്തിയിരുന്നു.
**********
ദേവൂന്റെ ആഗ്രഹം പോലെ ഞാൻ അവൾക്കു പേരിട്ടു. ശ്രീലക്ഷ്മി.
കുഞ്ഞിനെ ഒരു ഓർഫനേജിൽ ഏല്പിച്ചു റായ്‌പൂരിലേക്ക് മടങ്ങുമ്പോൾ മനസ്സിൽ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു.. ലച്ചുവിനെ ഞാൻ തന്നെ വളർത്തും. എന്റെ ദേവൂന്റെ കുഞ്ഞ് ഒരിക്കലും ഒരു അനാഥാലയത്തിൽ വളരരുത്.
പിജി കഴിഞ്ഞു ഞാൻ തിരിച്ചെത്തി. ഡോക്ടർ വസുമതിയായി. ലച്ചുവിനെ വളർത്തുന്ന കാര്യം പറഞ്ഞപ്പോൾ അമ്മ പൊട്ടിത്തെറിച്ചു. "നിനക്ക് വട്ടുണ്ടോ വസൂ.. പിന്നെ നിനക്കൊരു ജീവിതം ഉണ്ടാവോ.. കല്യാണ പ്രായായി നിനക്ക്. അത് മറക്കണ്ട. "
"ആ കുഞ്ഞുമായി നീയീ പടി ചവിട്ടില്ല "അച്ഛൻ വാശിയിൽ തന്നെയായിരുന്നു.
പാലക്കാട്ടെ ആശുപത്രിയിൽ ജോലി കിട്ടിയപ്പോൾ ഉള്ളിൽ സന്തോഷം തോന്നി.നാട്ടിൽ നിന്നും വിട്ടു നിൽക്കാമല്ലോ ഓർഫനേജിൽ നിന്നും കുഞ്ഞിനെ ഏറ്റു വാങ്ങി അവിടെ ഒരു വാടകവീട്ടിലേക്ക് താമസം മാറുമ്പോൾ അറിയുന്നുണ്ടായിരുന്നു.
എല്ലാവരെയും നഷ്ടപെടുകയാണ്.. അച്ഛൻ അമ്മ ബന്ധങ്ങൾ.. എല്ലാവരും അകറ്റി നിർത്തി.
എന്നിട്ടും ഓരോ ഓണത്തിനും ഞാൻ തറവാട്ടിലെത്തി. തുറിച്ച നോട്ടങ്ങളും പിറുപിറുക്കലും വകവെക്കാതെ അമ്മമ്മയുടെ മുറിയിൽ കയറി. ഓണക്കോടി നൽകി ആ മടിയിൽ തലചായ്ച്ചു കിടന്നു.
എന്റെ മനസ്സറിഞ്ഞത് അമ്മമ്മ മാത്രമാണ്.പതുക്കെ നിറുകയിൽ തലോടി അമ്മമ്മ പറയും
"ന്റെ വസൂനെ നിക്ക് അറിയാലോ മറ്റാരേക്കാളും. നീ ചെയ്യണത് തെറ്റാണെന്ന് ഞാൻ പറയില്ല്യ. ന്നാലും ന്റെ കുട്ടിക്കും വേണ്ടേ ഒരു ജീവിതം. "
ജീവിതം.. അങ്ങിനെയൊരു സ്വപ്നം കാണുമ്പോഴൊക്കെ മനസ്സിൽ ഓടിയെത്തിയ ഒരു മുഖമുണ്ടായിരുന്നു അന്ന് . ഡോക്ടർ അരുൺ….
റായ്പ്പൂർ മെഡിക്കൽ കോളേജിൽ നല്ലൊരു സുഹൃത്തായിരുന്നു അരുൺ. ..പിന്നീടെപ്പോഴോ ഒരു ഇഷ്ടത്തിലേക്കും പ്രണയത്തിലേക്കും വഴുതി മാറിയ സൗഹൃദം.പരസ്പരം പറയാതെ ഉള്ളിൽ കൊണ്ട് നടന്ന പ്രണയം. കോളേജിലെ അവസാന നാളുകളിലെന്നോ അരുൺ തന്റെ ഇഷ്ട്ടം തുറന്ന് പറഞ്ഞു. "ഞാൻ വരാം വീട്ടിലേക്കു. ഫോർമലായി പെണ്ണ് ചോദിക്കാൻ "
ലച്ചുവിനെ കുറിച്ച് പറഞ്ഞപ്പോൾ അരുണിന്റെ ഭാവം മാറുന്നത് ശ്രദ്ധിച്ചു. "അത് ശരിയാവില്ല വസുമതി. കുട്ടിയെ ഓർഫനേജിൽ ഏല്പിക്കാം. പിന്നീട് അതൊക്കെ പ്രശ്നമാവും.. നമുക്കൊരു കുഞ്ഞുണ്ടായാൽ.. "
വിഷമം തോന്നിയില്ല. നഷ്ടങ്ങളുടെ കണക്കുപട്ടികയിൽ അന്ന് ഒരെണ്ണം കൂടി എഴുതി ചേർത്തിട്ടു.
*************
ലച്ചു എന്നെ വിളിച്ചു തുടങ്ങി.. വസുമ്മ… അവളുടെ കൊഞ്ചലിലും കളിചിരിയിലും എല്ലാം മറക്കുകയായിരുന്നു. .. മറ്റൊരു ജീവിതം പോലും.
ലച്ചു മതി അവൾ മാത്രം മതി.. പക്ഷെ. വിധി പിന്നെയും തോല്പിക്കുകയായിരുന്നു.
അന്നൊരു കർക്കിടകത്തിൽ മഴ മാറി നിന്ന ഒരു ഞായറാഴ്ച രാവിലെയാണ് അയാൾ പടി കടന്നു വന്നത്. ഒന്നേ നോക്കിയുള്ളൂ.. മനസ്സൊന്നു പിടഞ്ഞു. ജയകൃഷ്ണൻ.. എന്നോ ഉള്ളിൽ വെറുത്തു പോയ ഒരു മുഖം.. എന്തിനാണയാൾ ഇപ്പോൾ വരുന്നത്..
ഒന്നും പറയാതെ ഉമ്മറത്തു തലതാഴ്ത്തി ഇരിക്കുന്നത് കണ്ടപ്പോൾ ആട്ടിയിറക്കാനാണ് തോന്നിയത്. എന്നിട്ടും ഒന്നിനും കഴിയാതെ നിന്നു.
"ദേവൂന്റെ ശാപമാണ്..ഞങ്ങൾക്ക് കുട്ടികളില്ലാതെ പോയത്. വസുമതി എന്നോട് ക്ഷമിക്കണം "
ഉള്ളെരിഞ്ഞു തുടങ്ങി.. ഇയാൾ എന്താണ് പറഞ്ഞു വരുന്നത്. എന്തിനാണ് ഇത്രയും വർഷങ്ങൾക്ക് ശേഷമുള്ള ഈ വരവ്. കണക്കു കൂട്ടലുകൾ തെറ്റിയില്ല.. അയാൾക്ക്‌ ലച്ചുവിനെ വേണം. അയാളുടെ രക്തത്തിൽ പിറന്ന കുഞ്ഞ്.
നെഞ്ച് പൊട്ടി വാക്കുകൾ ചിതറി വീണു.. അവകാശവുമായി വന്നിരിക്കുന്നു.. എവിടെയായിരുന്നു ഇത്രയും കാലം. ദേവു പോയപ്പോഴെങ്കിലും ഒന്ന് തിരിഞ്ഞ് നോക്കിയോ . ആർക്കും വിട്ടു കൊടുക്കില്ല എന്റെ ലച്ചുവിനെ.അവകാശ വാദവുമായി ആരും ഇനി ഇങ്ങോട്ട് വരണ്ട. .
ഒന്നും മിണ്ടാതെ അയാൾ ഇറങ്ങിപ്പോവുന്നത് നോക്കി നിന്നു... അറിയാമായിരുന്നു. അയാൾ തോറ്റു തരില്ല.. ഇനിയും വരും.
പിറ്റേന്ന് പുലർച്ചെ അമ്മ വിളിച്ചു. "അമ്മമ്മക്ക് തീരെ വെയ്യ. നിന്നെ കാണണം ന്ന്. "
കട്ടിലിൽ ആ കൈകൾ ചേർത്ത് പിടിച്ചു കുറച്ചു നേരം ഇരുന്നു.. ലച്ചുവും ഉണ്ടായിരുന്നു കൂടെ. അന്ന് രാത്രിയോടെ അമ്മമ്മ പോയി .ആ നിമിഷം എന്തോ ഈ ലോകത്തു തനിച്ചായത് പോലെ..
ചടങ്ങ് കഴിഞ്ഞു പടിയിറങ്ങുമ്പോൾ അമ്മ പുറകെ വന്നു… ആ കണ്ണുകളിൽ നനവൂറിയിരുന്നു. . "ജയകൃഷ്ണൻ ഇവിടെയും വന്നിരുന്നു. അയാൾ കേസ് കൊടുക്കാൻ പോവാത്രേ.. വിട്ട് കൊടുക്ക് മോളെ.. അയാളുടെ ചോരയല്ലേ. . പിന്നെ വലുതാവുമ്പോ ലച്ചുവിന് അതൊക്കെ പ്രശ്നാവും.അച്ഛനാരാണെന്ന് അവളോട് ആരെങ്കിലും ചോദിച്ചാ "
അമ്മയുടെ മുഖത്തു നോക്കി ചോദിക്കാൻ തോന്നി. രക്ത ബന്ധങ്ങൾക്ക് ഈ ലോകത്തു അത്രക്ക് വിലയുണ്ടോ..
അമ്മ അടുത്ത് വന്നു കൈ പിടിച്ചു "വസൂ... നിനക്കും പ്രായമാവല്ലേ..വിട്ടു കൊടുത്തേക്ക് "
കേസ് കൊടുത്താൽ എവിടെയും അയാൾ ജയിക്കും. അറിയാമായിരുന്നു. മനസ്സും തളർന്നു തുടങ്ങിയിരുന്നു. പോരാടാൻ ശക്തിയില്ലാതെ.
ലച്ചുവിന് ആ ഓണത്തിന് പത്തു വയസ്സ് തികഞ്ഞു. അവളോട്‌ എല്ലാം പറഞ്ഞു. അവളുടെ അമ്മയെ പറ്റി, അച്ഛനെ പറ്റി. അവൾ ഉറക്കെ കരഞ്ഞു. "വാസുമ്മയെ വിട്ട് ഞാൻ പോവില്ല എനിക്ക് വേറെ അച്ഛനേം അമ്മേം ഒന്നും വേണ്ട "
പക്ഷെ എന്നിട്ടും അവൾ പോയി..പോവേണ്ടി വന്നു. അയാളുടെ കൂടെ കരഞ്ഞു വീർത്ത മുഖവുമായി അവൾ നിൽകുമ്പോൾ ആ കവിളിൽ ഉമ്മ വെച്ച് പറഞ്ഞു. "എപ്പോ വേണമെങ്കിലും വരാലോ ലച്ചുവിന് എന്നെ കാണാൻ.. "
"ഞാൻ ഇടക്ക് കൊണ്ട് വരാം "അയാൾ പറഞ്ഞത് കേട്ട് ആശ്വാസം തോന്നി. അവർ പോവുന്നത് നോക്കി നിന്നു. വികാരങ്ങൾ പെയ്തൊഴിയാതിരിക്കാൻ എന്നേ മനസ് ശീലിച്ചു തുടങ്ങിയിരുന്നു
പക്ഷെ അയാൾ അവിടെയും തോൽപിച്ചു. ലച്ചു പിന്നെ വന്നില്ല.. അവളില്ലാത്ത ആദ്യത്തെ ഓണം. നാക്കിലയിട്ട് ചോറ് വിളമ്പി നിലവിളക്ക് കത്തിച്ചു കാത്തിരുന്നു വെറുതെ.. പിറന്നാൾ ആശംസകൾ നേരാൻ വിളിച്ചു. ആരും എടുത്തില്ല. പിന്നെയും ഓണം വന്നു . ലച്ചു വന്നില്ല..മനഃപൂർവം അയാൾ ലച്ചുവിനെ എന്നിൽ നിന്നും അകറ്റുകയായിരുന്നു.. .വെറുതെയെങ്കിലും ഓർക്കും. ലച്ചു. അവൾക്ക് എന്നെ കാണാൻ തോന്നാറില്ലേ. എന്നെ പറ്റി അന്വേഷിക്കാറില്ലേ. അതോ എല്ലാവരെയും പോലെ അവളും മാറി തുടങ്ങിയോ..
സ്വപ്നത്തിൽ കുപ്പിവള കിലുക്കം.. ദേവു ഇടക്ക് വരും. " ഞാൻ കാരണം നീ തനിച്ചായി ല്ലേ വസൂ. "
ആ സ്വപ്നം കണ്ടുണരുമ്പോൾ ദേവു തന്റെ അടുത്ത് ഉള്ളത് പോലെ തോന്നും.. വർഷങ്ങൾ കടന്നു പോയി. ഇനിയുമൊരു ജീവിതം. ഒരു തുണ.. മനസ്സ് ആഗ്രഹിച്ചു തുടങ്ങിയിരുന്നോ. ഏറെ വൈകിപ്പോയിരുന്നു.. ഏറെ..
ഡോക്ടർ വസുമതിയുടെ കൈകളിലേക്ക് എത്രെയോ കുഞ്ഞുങ്ങൾ പിറന്നു വീണു… ഓരോ ചോരകുഞ്ഞിന്റെയും മുഖത്തു നോക്കുമ്പോൾ ലച്ചുവിനെ ഓർമ വരും.കണ്ണുകൾ താനെ നിറയും.
********
"വസുമ്മ എന്താ ആലോചിക്കണേ "ലച്ചുവിന്റെ ശബ്ദം ചിന്തകളിൽ നിന്നുണർത്തി.
"ലച്ചു.. നീയിപ്പോ എവിടെയാണ്. "
"കാനഡയിലാണ് ഈയാഴ്ച്ച നാട്ടിൽ വരും.. ഞാനും മോളും വരുന്നുണ്ട് വസുമ്മയെ കാണാൻ "
എന്റെ ലച്ചു അമ്മയായെന്നോ.. മനസ്സിൽ ഒരായിരം ഓണപ്പൂക്കൾ ഒന്നിച്ചു വിരിഞ്ഞ പോലെ..
***********
"ശ്രീലക്ഷ്മി തിരുവോണം. "
വഴിപാട് രസീത് കൗണ്ടറിന്റെ പിന്നിൽ ശേഖരേട്ടൻ ചിരിച്ചു.. "ഇതിന് ഇത് വരെ ഒരു മുടക്കം വരുത്തീട്ടില്ല ല്ലേ വസൂ . ത്ര കൊല്ലായി . "കാലം ശേഖരേട്ടനിലും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.
വഴിപാട് കഴിച്ചു പായസവുമായി വീട്ടിലെത്തുമ്പോഴേക്കും പടിക്കൽ ഒരു കാർ വന്നു നിന്നു.. ഗേറ്റ് തുറന്ന് അകത്തേക്ക് വരുന്നത് എന്റെ ദേവുവല്ലേ.. അതേ കണ്ണുകൾ അതേ ചിരി.. കൂടെ പാട്ടുപാവാടയുടുത്ത് ലച്ചുവിന്റെ മോൾ..
"വസുമ്മ.. "ഒന്നും പറയാൻ കഴിയാതെ അവളുടെ മുന്നിൽ നിന്നു . ലച്ചുവിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.. കുനിഞ്ഞു മോളെ വാരിയെടുത്തു.. "എന്താ മോളുടെ പേര്? "
"ദേവകി.. "
"അമ്മയുടെ പേരാ അവൾക്കിട്ടത് "
"മോൾക്ക്‌ കുപ്പിവളകൾ ഇഷ്ടാണോ "
"ഉം "
ഒരു പെട്ടി നിറയെ ലച്ചുവിന്റെ ഓർമ്മകളാണ്.. അവളിട്ട കുപ്പിവളകളും, ഉടുപ്പുകളും, കളിപ്പാട്ടങ്ങളും. കുറെ കുപ്പിവളകളെടുത്ത് ദേവകിയുടെ കയ്യിൽ ഇട്ടു കൊടുത്തു.
ലച്ചു അത്ഭുതത്തോടെ നോക്കുകയായിരുന്നു. "വസുമ്മ ഇതൊക്കെ ഇപ്പോഴും "
പെട്ടന്ന് അവൾ എന്നെ ചേർത്ത് പിടിച്ചു "എന്നോട് ക്ഷമിക്ക് വസുമ്മ.. . എല്ലാം അച്ഛൻ കാരണമാണ്. എന്നെ വസുമ്മയിൽ നിന്നും മനഃപൂർവം അകറ്റി നിർത്തുകയായിരുന്നു. എത്രെയോ തവണ വസുമ്മയെ കാണണം പറഞ്ഞു ഞാൻ വാശി പിടിച്ചിട്ടുണ്ട്. കരഞ്ഞിട്ടുണ്ട്. എന്നെ ഒന്ന് വിളിക്കാൻ പോലും സമ്മതിക്കാതെ. "
"സാരല്ല്യ നീ വന്നല്ലോ ലച്ചു. "നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകൾ മെല്ലെ തുടച്ചു കൊടുത്തു.
"അച്ഛൻ കിടപ്പിലാണ് വസുമ്മ. ഒരു ആക്‌സിഡന്റിന് ശേഷം ഒരു ഭാഗം തളർന്ന്. കഴിഞ്ഞയാഴ്ച്ച എന്നെ വിളിച്ചു കുറെ കരഞ്ഞു.. വസുമ്മയുടെ നമ്പർ തന്നു. വന്നു കാണണം ന്ന് പറഞ്ഞു.. അച്ഛനോട് ക്ഷമിക്കണം ന്നും.. അച്ഛന് നല്ല കുറ്റബോധമുണ്ട് "
അയാളോട് ക്ഷമിക്കാൻ കഴിയോ എനിക്ക് അറിയില്ല.. കഴിയുമായിരിക്കും.. എന്നെങ്കിലും.
*********
അന്ന് കുറെ കാലത്തിനു ശേഷം എന്റെ മുറ്റത്തൊരു പൂക്കളമൊരുങ്ങി.ദേവകിയെ മടിയിലിരുത്തി ലച്ചു ഊഞ്ഞാലാടി. നാക്കിലയിൽ ചോറും കറികളും വിളമ്പി ഞാൻ ലച്ചുവിന്റെ വായിൽ ഒരുരുള വെച്ച് കൊടുത്തു. ഓണക്കോടിയുടുത്ത് ഞങ്ങൾ അമ്പലത്തിൽ പോയി.
************
"ഓണ പൂവേ പൂവേ പൂവേ… "
രാത്രിയിൽ എവിടെ നിന്നോ ഒഴുകിയെത്തുന്ന ഓണപ്പാട്ട്.
വർഷങ്ങൾക്കു ശേഷം ആ തിരുവോണ രാത്രിയിൽ ഞങ്ങളങ്ങനെ ഇരുന്നു .. എന്റെ മടിയിൽ തല വെച്ച് ലച്ചുവും, ഞാൻ പറഞ്ഞ കഥകൾ കേട്ട് കുഞ്ഞു കണ്ണുകൾ വിടർത്തി കുഞ്ഞു ദേവുവും..പിന്നെ മുറ്റം നിറയെ പൂത്തുലഞ്ഞു ഓണനിലാവും..
ആ കാഴ്ച കണ്ട് മനം നിറഞ്ഞ് ദേവൂ അവിടെ എവിടെയോ ഉള്ള പോലെ..
"വസൂ.. നിനക്ക് സന്തോഷായില്ലേ.. "എവിടെ നിന്നോ കുപ്പിവളകളുടെ ശബ്ദം കേൾക്കുന്നുണ്ടോ .. ഞാൻ കാതോർത്തു…
ശ്രീകല മേനോൻ
29/9/2019

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot