നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ്‌ മാത്രം. - Part 33


അധ്യായം-33
'ദുര്‍ഗാ ഭാഗീരഥി.. ഡോക്ടര്‍ വിളിക്കുന്നു'
നഴ്‌സിന്റെ വിളി കേട്ട് ഫേസ്ബുക്ക് നോക്കുകയായിരുന്ന ദുര്‍ഗ ഞെട്ടി മുഖമുയര്‍ത്തി.
' കയറിച്ചെന്നോളൂ' നഴ്‌സ് സൗമ്യമായി നിര്‍ദ്ദേശിച്ചു
ദുര്‍ഗ അമ്പരപ്പോടെ ജാസ്മിനെ നോക്കി
' ഞാനെന്തിനാ കയറിച്ചെല്ലുന്നത്.. നിനക്കല്ലേ മെന്‍സ്ട്രല്‍ പ്രോബ്‌ളം'
അതു പറഞ്ഞപ്പോഴാണ് ദുര്‍ഗ താനിരിക്കുന്ന ചെയറുകള്‍ക്കപ്പുറത്ത് ഡോക്ടറുടെ നെയിംപ്ലേറ്റ് കണ്ടത്.
ഡോ. ഗൗതം മോനോന്‍ സെക്യാ്ട്രിസ്റ്റ്.
തമാശകളൊക്കെ പറഞ്ഞ് ഇത്രയും നേരം കൂട്ടുകാരികള്‍ അവളെ ദൂരെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു.
' സെക്യാട്രിസ്റ്റിനെ കാണാനാണോ നമ്മള്‍ വന്നത്'
ഒന്നും മനസിലാവാതെ ദുര്‍ഗ ജാസ്മിനെ നോക്കി
' ഇവിടാര്‍ക്കാ മെന്റലി പ്രോബ്‌ളം'
' ദുര്‍ഗ..'
ഒരിക്കല്‍ കൂടി നഴ്‌സ് വാതില്‍ക്കല്‍ പ്രത്യക്ഷയായി
ഇത്തവണ അവരുടെ മുഖത്തല്‍പ്പം മുഷിഞ്ഞ ഭാവം പ്രകടമായിരുന്നു.
' അതു ശരി... ഇവിടെ നില്‍ക്കുകയാ.. വേറേം പേഷ്യന്റ്‌സുണ്ട്.. ഡോക്ടര്‍ വെയ്റ്റ് ചെയ്യുകയാണ്'
അവര്‍ ശാസിച്ചു
' അവരെന്തിനാ എന്റെ പേര് വിളിക്കുന്നത്'
ദുര്‍ഗ ഇടഞ്ഞ ഭാവത്തിലായിരുന്നു.
അവള്‍ ജാസ്മിന്റെ കൈ വിടുവിച്ച് പുറത്തേക്ക് നടക്കാനാഞ്ഞു.
' നീ ഇവിടെ വാ ദുര്‍ഗ.. പ്ലീസ്' ജാസ്മിന്‍ അവളുടെ കൈയ്യിലെ പിടുത്തം മുറുക്കി.
' പ്ലീസ് വാടീ..'
ദുര്‍ഗ എതിരിട്ട് നില്‍ക്കുന്നതിന് മുമ്പു തന്നെ നേഹ ഡോക്ടറുടെ റൂമിന്റെ വാതില്‍ തള്ളി തുറന്നു
ഒപ്പം സ്വാതി അവളെ അകത്തേക്ക് തള്ളുകയും ചെയ്തു.
ദുര്‍ഗ വേച്ചു പോയി തട്ടി നിന്നത് ഡോക്ടറുടെ ടേബിളില്‍ തട്ടിയാണ്.
ഡോക്ടര്‍ അത് ശ്രദ്ധിക്കാതെ ദുര്‍ഗയെ നോക്കി സൗമനസ്യത്തോടെ ചിരിച്ചു
ദുര്‍ഗ മുഖം തിരിച്ചു
മുടി ചെറുതായി നരച്ചു തുടങ്ങിയ അമ്പതിനടുത്ത് പ്രായം വരുന്ന ഒരാളായിരുന്നു ഡോക്ചര്‍ ഗൗതം മേനോന്‍.
' ദുര്‍ഗ അല്ലേ.. ഇരിക്കൂ..'
ഡോക്ടര്‍ ഗൗതം മേനോന്‍ അവളുടെ മുഖത്തേക്ക് നോക്കി മന്ദഹസിച്ചു
ആ കടന്നു ചെല്ലല്‍ തന്നെ അയാളില്‍ സംശയമുണ്ടാക്കിയിട്ടുണ്ടെന്ന് ദുര്‍ഗ തിരിച്ചറിഞ്ഞു
ഒരു ഭ്രാന്തിയേ പോലെ തട്ടിത്തെറിച്ച് വീഴാന്‍ പാകത്തില്‍ ഡോക്ടറുടെ മുന്നിലെ മേശയില്‍ അള്ളിപ്പിടിച്ചു നില്‍ക്കുകയാണ്.
' ദുര്‍ഗ അല്ലേ'
ഗൗതം മേനോന്‍ ശാന്തതയോടെ ചോദിച്ചു.
' ഇരിക്കൂ.. '
അയാള്‍്ക്ക് അഭിമുഖമായ കസേരകളിലൊന്നില്‍ ഇരിക്കാന്‍ വയ്യാത്ത ഗതികേടിലായി ദുര്‍ഗ
നേഹ പിന്നില്‍ നിന്നും തോണ്ടിയതോടെ അവള്‍ ഇരുന്നു.
' ഫ്രണ്ട്‌സാണല്ലേ.. നിങ്ങള്‍ക്കും ഇരിക്കാം'
ജാസ്മിനും സ്വാതിയും നേഹയും ദുര്‍ഗയുടെ ചുറ്റിനുമായി ഇരിപ്പുറപ്പിച്ചു.
' ഒരു സൈക്യാട്രി്സ്റ്റിനെ കാണണമെങ്കില്‍ ഭ്രാന്തൊന്നും വേണ്ട കുട്ടീ.. ശരീരത്തെ ബാധിക്കുന്ന പനി പോലെ മനസിനെ ബാധിക്കുന്ന ചെറിയ ഒരു അസുഖം.. അത്ര കരുതിയാല്‍ മതി'
' എനിക്കൊരസുഖവുമില്ല ഡോക്ടര്‍'
്അയാളെ തുടരാന്‍ അനുവദിക്കാതെ ദുര്‍ഗ ശബ്ദമുയര്‍ത്തി.
' എന്നെ എന്തിനിവര്‍ ഇവിടേക്ക് കൊണ്ടുവന്നെന്ന് എനിക്കറിയില്ല'
അവളുടെ ഭംഗിയുള്ള മുഖത്ത് കോപമിരച്ചു കയറുന്നത് ഡോക്ടര്‍ കൗതുകത്തോടെ കണ്ടു.
' സിംപിള്‍.. ദുര്‍ഗ ഈയിടെ കടന്നു പോയിട്ടുള്ള സാഹചര്യങ്ങള്‍ വളരെ മോശമായിരുന്നില്ലേ' ഡോ. ഗൗതം മോനോന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി.
ദുര്‍ഗ മറുപടി പറഞ്ഞില്ല.
' അപ്പോള്‍ ദുര്‍ഗയ്‌ക്കെന്തോ ടെന്‍ഷനുണ്ടായിട്ടുണ്ടാകും എന്ന് ഇവര്‍ക്കൊരു സംശയം അത്രേയുള്ളു.'
ദുര്‍ഗ ശബ്ദിച്ചില്ല.
' എന്തെങ്കിലും ടെന്‍ഷനുണ്ടോ ദുര്‍ഗയ്ക്ക്.. എന്നോട് ധൈര്യമായി പറയാം.. നമുക്കൊന്നിച്ച് അതു പരിഹരിക്കാം'
ഡോക്ടര്‍ അവളുടെ കണ്ണുകളിലേക്കുറ്റു നോക്കി.
' ഓ.കെ.. എനിക്കിനി ദുര്‍ഗയോട് തനിച്ച് കുറച്ച് സംസാരിക്കണമെന്നുണ്ട്. നിങ്ങളോന്ന് പുറത്തേക്ക് നില്‍ക്കൂ'
ഡോക്ടറുടെ നിര്‍ദ്ദേശം കേട്ടതും ജാസ്മിനും സ്വാതിയും നേഹയും പുറത്തേക്കിറങ്ങി
ദുര്‍ഗ എന്തും നേരിടാനുറച്ച് അയാളെ വെല്ലുവിളിയോടെ നോക്കി.
' ധ്വനിയെ ദുര്‍ഗയ്ക്ക് അറിയാമോ'
സ്വാഭാവികമെന്ന മട്ടിലാിരുന്നു ചോദ്യം
' അറിയാം ഡോക്ടര്‍... ധ്വനി ഞങ്ങള്‍ താമസിക്കുന്ന പൊന്നേത്ത് തെക്കേമനയിലെ രവിമേനോന്‍രെ മകളായിരുന്നു. അഭിഷേക് എന്ന ഒരു നരാധമന്‍ അവളെ റേപ് ചെയ്ത് കൊന്നു കളഞ്ഞു. ബാക്കിയെല്ലാം സര്‍ വാര്‍ത്തയില്‍ കണ്ടു കാണുമല്ലോ'
വീറുള്ള പെണ്‍പുലിയെ പോലെ ദുര്‍ഗ എതിരിടാനുറച്ചു.
' അറിഞ്ഞു.. ധ്വനിയെ ദുര്‍ഗ ഇതുവരെ കണ്ടിട്ടില്ലല്ലേ'
' ഡോക്ടര്‍ ജാസ്മിന്‍ സംശയിക്കുന്നത് പോലെ എനിക്ക് ഡ്യുവല്‍ പേഴ്‌സണാലിറ്റിയൊന്നുമല്ല.. ധ്വനിയെ എനിക്കറിയാം.. ഞാന്‍ കണ്ടിട്ടുണ്ട്. തൊട്ടിട്ടുണ്ട്.. അവള്‍ക്കൊപ്പം തമാശ പറഞ്ഞ് ചിരിച്ചിട്ടുണ്ട്'
ഡോക്ടര്‍ ജാഗ്രതയോടെ തന്നെ വീക്ഷിക്കുന്നതവള്‍ കണ്ടു.
' എങ്ങനെ എന്നാകും ഡോക്ടര്‍ കരുതുന്നത് അല്ലേ.. ദാ ഇന്നുകൂടി ഞാനവളെ കണ്ടു .. സംസാരിച്ചു.. സമാധാനിപ്പിച്ചു.. സത്യമാണ്.'
' അതെങ്ങനെ ദുര്‍ഗ.. ധ്വനി മരിച്ചു പോയില്ലേ'
ഡോക്ടര്‍ മുന്നോട്ടാഞ്ഞിരുന്നു.
തനിക്ക് ഡ്യുവല്‍ പേഴ്‌സണാലിറ്റിയാണെന്ന് ഡോക്ടര്‍ ഉറപ്പിച്ചുവെന്ന് ദുര്‍ഗയ്ക്ക് തോന്നി
ഇവിടെ തോറ്റു കൂടാ
തോറ്റാല്‍ എല്ലാവരും കൂടി തന്നെ ഭ്രാന്തിയാക്കും.
' പ്ലീസ്.. ദുര്‍ഗ പറയൂ.. മരിച്ചു പോയ ആളെ എങ്ങനെയാ കാണാന്‍ പറ്റുക'
' നിങ്ങള്‍ കരുതുന്നത് പോലെ അവള്‍ ഞാനോ ഞാന്‍ അവളോ അല്ല ഡോക്ടര്‍.. വ്യക്തമായി പറയാം.. വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ചു കൊണ്ടു തന്നെ.. ധ്വനി ഒരു നിഴലായി.. ഒരു പ്രേതമായി എന്റെ കൂടെയുണ്ട്. എന്റെ കൂടെ'
ദുര്‍ഗ ബാഗുമെടുത്ത് എഴുന്നേറ്റു.
' അതുകൊണ്ട് ഈ ചികിത്സ ഫലിക്കില്ല.. ഡോക്ടര്‍ തോറ്റു പോകുകയേയുള്ളു.. എന്റൊപ്പമുള്ളത് പ്രേതമാണ്.. ശരിക്കും പ്രേതം'
ഒരു തീക്കനല്‍ പോലെ അവള്‍ പുറത്തേക്ക് പോകുന്നത് നോക്കി ഡോക്ടര്‍ സ്തബ്ധനായി ഇരുന്നു.
വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് ആകാംക്ഷയോടെ എഴുന്നേറ്റ കൂട്ടുകാരികള്‍ക്കു മുന്നിലൂടെ ഒരു മിന്നല്‍ പോലെ അവള്‍ ഇറങ്ങി നടന്നു.
' ദുര്‍ഗാ..' ജാസ്മിന്‍ പിന്നാലെ ചെന്നെങ്കിലും തിരിഞ്ഞു നോക്കി കടിച്ചു കീറുന്ന മട്ടില്‍ നോക്കിയ അവളെ നേരിടാനുള്ള ധൈര്യമുണ്ടായില്ല.
' എന്താടാ പറ്റിയേ.. നമുക്ക് ഡോക്ടറോട് തന്നെ ചോദിക്കാം'
സ്വാതി വിറയലോടെ പറഞ്ഞു.
' ഒന്നെനിക്കുറപ്പാണ് സ്വാതീ.. ഈ ചികിത്സയ്ക്ക് ദുര്‍ഗ തയാറായില്ലെങ്കില്‍ നിന്റെ ഏട്ടന്റെ കാര്യം കട്ടപ്പൊകയാണ്'
ജാസ്മിനും ദേഷ്്യം വന്നു.
സ്വാതി തറഞ്ഞു നിന്നു
അവളുടെ ഉള്ളിലേക്ക് വലിയ ഭാരത്തോടെയാണ് ആ വാക്കുകള്‍ വന്നു വീണത്.
അപ്പോഴേക്കും നേഹ ഡോക്ടറുടെ അടുത്തു നിന്നും ഇറങ്ങി വന്നു
' ഡോക്ടറെന്തു പറഞ്ഞു'
സ്വാതി അടുത്തു ചെന്നു.
' നമ്മുടെ സംശയം ഉറപ്പിക്കാന്‍ കഴിഞ്ഞത്രേ. സാരമില്ല.. പതിയെ അനുനയിപ്പിച്ച് ചികിത്സ നല്‍കാമെന്നാണ് ഡോക്ടറുടെ അഭിപ്രായം.'
' അതുമതി.. വാ.. അവളെങ്ങോട്ട് പോകുന്നുവെന്ന് നോക്കണ്ടേ' ജാസ്മിന്‍ വിളിച്ചു
മൂന്നുപേരും ഓടിയിറങ്ങി ആശുപത്രി കോമ്പൗണ്ട് കടന്ന് ചെല്ലുമ്പോള്‍ ദുര്‍ഗ ഒരു ഓട്ടോറിക്ഷയ്ക്ക് കൈ കാണിക്കുന്നത് കണ്ടു.അവര്‍ക്കു മുന്നിലൂടെ ഓട്ടോറിക്ഷ പാഞ്ഞു പോയി.
........ ......... .........
ഓട്ടുമണികളുടെ മുഴക്കം ചുറ്റുവരാന്തയിലേക്കെത്തി.
ചാരുകസേരയില്‍.കിടന്ന് നേര്‍ത്ത മയക്കത്തിലായിരുന്ന വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി ഞെട്ടിയെഴുന്നേറ്റു.
കാര്യസ്ഥന്‍ പടിപ്പുര തുറക്കാനായി വേഗത്തില്‍ നടന്നു പോകുന്നത് അയാള്‍ കണ്ടു.
' രുദ്രക്കു്ട്ടീ' വലിയേടത്ത് അകത്തേക്ക് നോക്കി വിളിച്ചു.
ഓട്ടുമണിയൊച്ച കേട്ട് വിശാലമായ തളത്തിലൂടെ ഓടി വരുന്നുണ്ടായിരുന്നു അവള്‍.
' വരുന്നത് മറ്റാരുമല്ല.. ശ്രേഷ്ഠനാണ്... ഇപ്പോള്‍ ഗുരുതുല്യനുമാണ്. നാലുമണി പലഹാരം ഇത്തിരി കരുതിയുണ്ടാക്കണം'
അയാള്‍ നിര്‍ദ്ദേശിച്ചു.
' പവിയില്ലേ അകത്ത്.. ്്അവളോട് പറഞ്ഞാല്‍ മതി.. ആ കുട്ടീടെ കൈപ്പുണ്യം അസലാണ്'
രുദ്രയുടെ മുഖമൊന്ന് വീര്‍ത്തു.
' ഒന്നു മുഖം കഴുകി വൃത്തിയായിട്ടിരുന്ന്വോളോ.. ട്ടോ'
രുദ്ര തലയാട്ടി
അപ്പോഴും അതിഥി ആരെന്നറിയാനായിരുന്നു കൗതുകം.
ചുറ്റിപ്പറ്റി നിന്നാല്‍ വലിയമ്മാമ്മ വഴക്കു പറയുന്നമെന്ന് അറിയാവുന്നത് കൊ്ണ്ട് രുദ്ര വേഗത്തില്‍ തിരിഞ്ഞ് നടന്നു പോയി
അപ്പോഴേക്കും മുറ്റത്തേക്കുള്ള നീളന്‍ വഴിയില്‍ കാവി വസ്ത്രധാരിയായ ഒരു തലയെടുപ്പുള്ള വൃദ്ധന്‍ പ്രത്യക്ഷനായി.
പ്രൗഢഗാംഭീര്യനായ പ്രതാപി.
' കിഴക്കേടം.. കിഴക്കേടത്തില്ലത്ത് കുഞ്ഞുകുട്ടന്‍ ഭട്ടതിരി'
വലിയേടത്ത് മന്ത്രിച്ചു
ഒപ്പം നെഞ്ചിലെ രുദ്രാക്ഷ മാലയില്‍ ഒന്നു തെരുപ്പിടിച്ച് ' അമ്മേ.. മഹാമായേ' എന്നുരുവിട്ടു
ഒന്നോ രണ്ടോ തലമുറകള്‍ക്ക് മുമ്പ് കടുത്ത ശത്രുതയില്‍ കഴിഞ്ഞവരാണ്.
നീയോ നന്ന് ഞാനോ നന്ന് എന്ന മത്സരബുദ്ധി തന്നെ.
കാരണവന്‍മാര്‍ ഓരോ മന്ത്രസിദ്ധിയും അവര്‍ കൈവശപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിച്ചു
തന്റെ കാലഘട്ടമായപ്പോഴാണ് കാണുമ്പോള്‍ സംഭാഷണമെങ്കിലും ആരംഭിച്ചത്.
എന്നി്ട്ടും വലിയേടത്ത് ഒരു ആവശ്യം വന്നപ്പോള്‍ കിഴക്കേടത്തെ കൊച്ചുമകനെ അയച്ചു തന്നു
വേദവ്യാസിനെ.
ആ ചിന്തയ്‌ക്കൊപ്പം ഒട്ടുമണി മുഴങ്ങിയതു മുതല്‍ തന്നെ അതിഥിയെ തനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞുവെന്ന സന്തോഷവും അയാളെ ഭരിച്ചു.
' ആരാദ്.. കിഴക്കേടമല്ലേ'
പിന്നില്‍ നിന്നും ദേവദത്തന്റെ ശബ്ദം കേട്ട് വലിയേടത്ത് മുഖംതിരിച്ചു
കോളജില്‍ നിന്നും വന്നതിന് ശേഷം മുങ്ങിക്കുളി കഴിഞ്ഞ് മുണ്ടും ഷര്‍ട്ടും ധരിച്ച് ടര്‍ക്കികൊണ്ട് മുടിയിലെ നനവൊപ്പിക്കൊണ്ടായിരുന്നു അവന്റെ വരവ്.
' അതേ.. കിഴക്കേടം തന്നെ.. കുട്ടന്‍ വേഗത്തില്‍ ഉപചാരത്തോടെ സ്വീകരിക്യാ'
വലിയേടത്ത് നിര്‍ദ്ദേശിച്ചു
ദേവദത്തന്‍ പടികള്‍ ഓടിയിറങ്ങിച്ചെന്നു.
' നമസ്‌കാരം'
്അവന്‍ കൈകള്‍ കൂപ്പി
കിഴക്കേടം അവനെ നോക്കി വാത്സല്യത്തോടെ ചിരിച്ചു.
' ദത്തനിവിടെ ഉണ്ടായിരുന്നല്ലേ.. നന്നായി.. വ്യാസ് ഇപ്പോഴെത്തും.. ഒരൂട്ടം സംസാരിക്കാനുണ്ടായിരുന്നു.'
അയാളുടെ ഗാംഭീര്യമുള്ള ശബ്ദം മുഴങ്ങി.
അപ്പോഴേക്കും വലിയേടത്തും മുറ്റത്തേക്കിറങ്ങി വന്നു.
' വലിയേടത്തേക്കുള്ള ആദ്യത്തെ വരവ് .. അല്ലേ.. വര്വാ'
അയാള്‍ കൈകൂപ്പി.
കിഴക്കേടവും
രണ്ടു മഹാമാന്ത്രികര്‍ അന്യോന്യം നോക്കി ഒരു നിമിഷം വന്നു
പിന്നെ ഉപചാരത്തോടെ വലിയേടത്ത് അദ്ദേഹത്തെ ആനയിച്ചിരുത്തി.
അപ്പോഴേക്കും പടിപ്പുര കടന്ന് വേദവ്യാസുമെത്തി.
' ഒരൂട്ടം സംസാരിക്കാന്ന് വെച്ചിട്ടന്ന്യാ വന്നത്'
കിഴക്കേടത് മൃദുമന്ദഹാസത്തോടെ വലിയേടത്തിനെ നോക്കി.
' വേദവ്യാസ് ഒരു മോഹം പറഞ്ഞു. ഇവിടെത്തെ കുട്ടിയെ വേളി കഴിച്ചാല്‍ കൊള്ളാമെന്നുണ്ടവന്... ഇത്തിരി ഇഷ്ടം ആ കുട്ടിയോട് പറയൂം ചെയ്തിരിക്കണു.. ഇനി വെച്ചു താമസിപ്പിക്കണതില്‍ അര്‍ഥല്യാ.. ഈ ചിങ്ങത്തില് ഇരുപത്തെട്ട് തികയും വ്യാസിന്.. ഇപ്പോഴെങ്കിലും വേളി കഴിഞ്ഞില്യാച്ചാ പിന്നെ നാല്‍പത് കഴിഞ്ഞേ നോക്കേണ്ടൂ.. '
വലിയേടത്തിന്റെ മുഖം വിടര്‍ന്നു.
' അവളുടെ ജാതകത്തില്‍ ഒരു ദോഷംണ്ട്.. അതേ ദോഷള്ള ജാതകവുമായിട്ടേ ചേരൂ.. അറിയില്ലേ വേദവ്യാസിന്'
വലിയേടത്ത് അയാലെ നോക്കി
വേദവ്യാസ് കിഴക്കേടത്തിന്റെ പിന്നില്‍ വിനീതനായി നിന്നതേയുള്ളു.
' വിരോധം്‌ല്യാച്ചാ ജാതകം ഒന്നു കാണിക്ക്യാ.. ദോഷമെന്തെന്ന് എനിക്കും ്‌നോക്കാലോ'
കിഴക്കേടം പറഞ്ഞു
ദേവദത്തന്‍ പൂജാമുറിയിലേക്ക് കയറിപ്പോയി.
ഭദ്രമായി സൂക്ഷിച്ചിരുന്ന രുദ്രയുടെ ജാതകവുമായി വന്നു.
കിഴക്കേടത്ത് അതുവാങ്ങി ഭക്തിയോടെ ഒന്നു കണ്ണടച്ച് തുറന്നതിന് ശേഷം പരിശോധിച്ചു.
തേജസാര്‍ന്ന മുഖം ഒന്നു മങ്ങി.
' ഇതിപ്പോ ശുദ്ധജാതകത്തോട് ചേര്‍ക്കാന്‍ ഒരു വിധിയുമില്ലല്ലോ.. ഭര്‍തൃദോഷം ഫലം'
എല്ലാവരുടെയും മുഖത്തെ തെളിച്ചം കെട്ടു.
വേദവ്യാസിന് മാത്രം കുലുക്കമുണ്ടായിരുന്നില്ല.
' പക്ഷേ ഏതു പൊരുത്തത്തേക്കാളും മീതെയല്ലേ വശ്യപ്പൊരുത്തം.. അതുമതീന്നല്ലേ പ്രമാണം.. മറ്റെന്തും പ്രാര്‍ഥനയിലൂടെ കഴിയില്ലേ മുത്തച്ഛാ..'
കിഴക്കേടം ഉത്തരീയം കൊണ്ട് മുഖം തുടച്ചു.
' വലിയേടത്തിനെന്തു തോന്നണു'
അയാള്‍ പത്മനാഭന്‍ ഭട്ടതിരിയിലേക്ക് നോട്ടം മാറ്റി.
' രണ്ടാളും പറഞ്ഞത് ഖണ്ഢിക്കാനാവില്യാ'
വലിയേടത്ത് കിഴക്കേടത്തിന്റെ നോട്ടം നേരിട്ടുകൊണ്ട് പറഞ്ഞു.
' എന്റെ കുട്ടീടെ മനസിലൊരു മോഹംണ്ടായീന്ന്ച്ചാ അതവള്‍ മറന്നോളും.. കിഴക്കേടം അതൊരു പ്രയാസമായി കാണരുതെന്ന് ഒരപേക്ഷയുണ്ട്.'
അയാളുടെ വാക്കുകള്‍ കിഴക്കേടത്തില്‍ ബഹുമാനം ഉണ്ടാക്കി.
' വശ്യപ്പൊരുത്തത്തിലൂന്നി മുന്നോട്ട് പോകാനാണെന്ന് വെച്ചാല്‍ വ്യാസിന്റെ ഇഷ്ടം ഞാനെതിര്‍ക്കില്ല.കിഴക്കേടത്തിതുവരെ കാരണവന്‍മാരുടെ കടുംപിടു്തതം കൊണ്ട് ഒരു സ്ത്രീയുടെ കണ്ണുനീര്‍ വീണിട്ടില്ല. മച്ചകത്ത് കുടിയിരിക്കണത് സാക്ഷാല്‍ മഹാലക്ഷ്മിയാണ്. എല്ലാ സ്ത്രീകളിലും ദേവീ ചൈതന്യമുണ്ടെന്നാണ് വിശ്വാസം.'
കിഴക്കേടത്ത് ഒരു നിശ്വാസത്തോടെ പത്മനാഭന്‍ ഭട്ടതിരിയെ നോക്കി.
' എന്താ ഇതിന് മറുപടി ഞാന്‍ പറയ്യാ.. വേദവ്യാസിനെ പോലൊരാള്‍ ഇവിടുത്തേക്ക് വരണത് പുണ്യം തന്നെ.. പക്ഷേ അനര്‍ഥത്തേക്ക്ാള്‍ വലുതല്ല അത്'
' ധൈര്യത്തോടെ മുന്നോട്ട് പോകാമെന്നാണ് എന്റെ തോന്നല്‍. ജനിച്ച നാള്‍ മുതല്‍ ദേവിയെ തൊഴുന്നവനാണ്. മഹാവിഷ്ണുവില്ലാതെ മഹാലക്ഷ്മിയില്ലല്ലോ.. തിരിച്ചും.. അത് ദേവിയ്ക്കറിയാതെ വര്വോ.. എന്നെ കണ്ടില്യാന്ന് വെക്കാന്‍ കഴിയില്ല. പിന്നെ ദോഷപരിഹാരം നിരവധി പറഞ്ഞിട്ടുണ്ട്. അത് ചിട്ട തെറ്റിക്കാതെ ചെയ്യണം'
ആ വാക്കുകള്‍ ദേവദത്തന്റെയോ പത്മനാഭന്‍ ഭട്ടതിരിയുടെയോ മുഖംതെളിച്ചില്ല.
മുന്നില്‍ നില്‍ക്കുന്ന ആരോഗ്യദൃഢഗാത്രനായ സാത്വിക യുവാവിന് തങ്ങളുടെ കുട്ടി കാരണം ഒരു ദോഷമുണ്ടാകുമോ എന്ന വ്യഥ ആ കണ്ണുകളില്‍ കണ്ടു.
' എനിക്കൊരു ഭയവുമില്ല.. പിന്നെ വശ്യപ്പൊരുത്തം അത് ഞങ്ങള്‍ തമ്മില്‍ പരിധിയില്ലാതെ അതുണ്ട്'
വേദവ്യാസിന്റെ മുഖത്ത് മന്ദഹാസം തെളിഞ്ഞു.
കിഴക്കേടം വിധിയെ നേരിടാനുറച്ചത് പോലെ മുഖമുയര്‍ത്തി.
' ഒരു പ്രതീക്ഷയുള്ളതെന്നുവച്ചാ ശനിടെ അപഹാരംല്യ.. അതോണ്ട് പരദേവതമാരെ സ്മരിച്ച് മുന്നോട്ടു പോണതില്‍ തെറ്റില്യ'
അയാള്‍ തലയാട്ടി.
' ഇവിടുത്തെ പെണ്‍കുട്ടിയെ ഒന്ന് വിളിച്ചാല്‍ നന്ന്.. ഇത്രടം വരെ വരുമ്പോ കാണാതെ പോകരുതല്ലോ'
പത്മനാഭന്‍ ഭട്ടതിരി ദേവദത്തനെ നോക്കി.
' കുട്ടാ രുദ്രക്കുട്ടിയോട് ഒന്നിത്രടം വരെ വരാന്‍ പറയൂ'
ദേവദത്തന്‍ അകത്തേക്ക് നടന്നു.
ദേവദത്തന്‍ ചെല്ലുമ്പോള്‍ അടുക്കളയുടെ സ്ലാബില്‍ ചാരി നില്‍ക്കുകയാണ് രുദ്ര.
ചുരുളലുള്ള നീളന്‍ മുടി അഴിച്ചു വിടര്‍ത്തിയിട്ടിരിക്കുന്നു.
നെറ്റിയില്‍ ഉണങ്ങാത്ത ചന്ദനക്കുറി.
ഉടുത്തിരുന്ന ഇളംമഞ്ഞ സാരി അവള്‍ക്കു നന്നായി ചേര്‍ന്നു.
പരിഭ്രമം കൊണ്ട് വിറളി പിടിച്ച ഭാവമായിരുന്നു ആ മുഖത്ത്.
പവിത്ര ട്രേയില്‍ നിരത്തിയ സ്ഥടിക ഗ്ലാസുകളിലേക്ക് പാലൊഴിച്ച് പാകം വരുത്തിയ ചായ പകരുകയായിരുന്നു. ഏലയ്ക്കയുടെ നേര്‍ത്ത ഗന്ധം അതില്‍ നിന്നും പ്രസരിച്ചു.
' കഴിക്കാനെന്താ ഉള്ളത്.'
ദേവദത്തന്‍ അടുത്തു ചെന്നു
' ഞാന്‍ പെട്ടന്ന് നെയ്യൊഴിച്ച പഴം നുറുക്കുണ്ടാക്കീട്ടുണ്ട്.. പിന്നെ ശര്‍ക്കര വെച്ച പൂവട. മാമ്പഴം പൂളിയതുംണ്ട്.. മതിയാവോ'
അവളൊരു ഭാര്യയേ പോലെയാണ് ചോദിക്കുന്നതെന്ന് ദേവദത്തന് തോന്നി. അത് യാഥാര്‍ഥ്യമായിരുന്നെങ്കിലെന്ന് മനസു പിടഞ്ഞു.
' മതി'
' ഇതൊന്ന് കഴിച്ചു നോക്കൂ.. കിഴക്കേടംന്ന് കേട്ടപ്പോ മുതല്‍ എന്റെ കൈ വിറയ്ക്ക്യാണ്. ശരിയായിട്ടുണ്ടോ ആവോ'
അവള്‍ മാറ്റി വെച്ചിരുന്ന ഒരു പൂവട ദേവദത്തന് നീട്ടി
തൂവെള്ള നിറമുള്ള അത് നാവില്‍ അലിഞ്ഞു ചേര്‍ന്നു. ശര്‍ക്കരയുടെയും നാളികേരത്തിന്റെയും എള്ളിന്റെയും രുചി.
' നന്നായിട്ടുണ്ട്' ദേവദത്തന്‍ പറഞ്ഞു.
' പവി പലഹാരങ്ങളെടുത്തോളൂ.. ട്രേ രുദ്രക്കുട്ടിയെടുത്തോളും'
അവന്‍ നിര്‍ദ്ദേശിച്ചു
മുഖം കുനിച്ച് നില്‍ക്കുകയായിരുന്നു രുദ്ര.
' എന്റെ അനിയത്തിക്കുട്ടികള്‍ ഞാന്‍ പറയുന്നതിനപ്പുറം പോവില്ലാന്ന് ഒരു തോന്നലുണ്ടായിരുന്നു. തങ്കത്തിന്റെ കാര്യത്തോടെ അതില്ലാതെയായി. ഇപ്പോള്‍ പൂര്‍ത്തിയായി. ജാതക ദോഷം നിനക്കറിയില്ലായിരുന്നോ.. ചേര്‍ച്ചയുള്ളൊരാളെ ഞാനും വലിയമ്മാമ്മയും കണ്ടെത്തിത്തരില്ലാന്ന് കരുതിയോ.. എന്താ നീ വിചാരിച്ചത്'
പവിത്ര പോലും പ്രതീക്ഷിക്കാതെയായിരുന്നു ആ പൊട്ടിത്തെറി.
രുദ്ര നടുങ്ങി മുഖമുയര്‍ത്തി.
അവളുടെ കണ്ണുകള്‍ പെട്ടന്നു നിറഞ്ഞു
ഒരേങ്ങലോടെ രുദ്ര അവനെ നോക്കി
' ഞാനൊരു തെറ്റും ചെയ്തിട്ടില്ല ദത്തേട്ടാ.. ഏട്ടന്‍ വിചാരിക്കുന്നതു പോലെ എന്റെ ഇഷ്ടം പറഞ്ഞിട്ടുമില്ല.. '
അവള്‍ പറയുന്നത് നേരാണെന്ന് അവന് തോന്നി
പതിയെ ആ മുഖത്തെ രോഷം കെട്ടു.
' എന്നാല്‍ ഇനി കരയാന്‍ നില്‍ക്കണ്ട..ചായയുമെടുത്ത് വാ.. '
ദത്തന്റെ വാക്കുകളിലേക്ക് സൗമ്യത കടന്നുവന്നു.
ട്രേയുമെടുത്ത് നടക്കുമ്പോള്‍ രുദ്രയുടെ കൈ വിറച്ചു.
' ഇതാണ് രുദ്രക്കുട്ടി'
അവര്‍ അടുത്തു വന്നപ്പോള്‍ വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി രുദ്രയെ പരിചയപ്പെടുത്തി.
അയാളുടെ മുഖം പ്രസന്നമായി.
' വേദവ്യാസ് പറഞ്ഞപ്പോള്‍ ഇത്രയും ചേര്‍ച്ചയുണ്ടാകുമെന്ന് ഞാന്‍ കരുതീലാ'
അവള്‍ നീട്ടിയ ട്രേയില്‍ നിന്നും ഒരു ഗ്ലാസെടുത്ത്
അയാള്‍ വലിയേടത്തെ നോക്കി.
' ശ്രീത്വം അവളുടെ മുഖത്തുണ്ട്..'
ഒഴിഞ്ഞ ട്രേയുമായി രുദ്ര അല്‍പ്പം മാറി നിന്നു
പവിത്ര പലഹാരപാത്രങ്ങള്‍ അവര്‍ക്കു മുന്നിലെ പീഠത്തില്‍ നിരത്തി.
' ഇതെന്റെ അനുജന്റെ മകള്‍.. പവിത്ര'
വലിയേടത്ത് പരിചയപ്പെടുത്തി.
കിഴക്കേടം അവളെ നോക്കി മന്ദഹസിച്ചു.
' ഒരു ശങ്കയും വേണ്ട.. ലോക പ്രശസ്തയാകാന്‍ പോണൂ.. അതും സ്വന്തം കഴിവില്'
പവിത്രയുടെ മുഖത്ത് സന്തോഷം നിറഞ്ഞു.
' ന്യൂയോര്‍ക്കിലേക്ക് പോകാനിരിക്യാ കുട്ടി.. നൃത്തം.. അതിന്റെ പരിശീലനത്തിലാ'
വലിയേടത്ത് അറിയിച്ചു.
' നന്നായി വരും' കിഴക്കേടം പറഞ്ഞു.
പവിത്ര ആ കാലടികള്‍ തൊട്ടു നമസ്‌കരിച്ചു.
ഏറെ സമയം തങ്ങാതെ തന്നെ കിഴക്കേടം പോകാനൊരുങ്ങി.
' അപ്പോള്‍ അറിയിക്യാ.. കുട്ട്യോള്‍ടെ ഇ്ഷ്ടം നടന്നാലും ഇല്ലെങ്കിലും വേദവ്യാസ് ഇവിടെ വരും.. പൂജകളിലെല്ലാം സഹകരിക്കും. ആ ഭയം വേണ്ട.'
അവര്‍ പോകുന്നത് കിഴക്കിനിയുടെ മരയഴിയിലൂടെ രുദ്ര നോക്കി നിന്നു.
അപ്പോള്‍ വേദവ്യാസ് ഒന്നു തിരിഞ്ഞു നോക്കി മന്ദഹസിച്ചു.
അവള്‍ അവിടെയുണ്ടെന്ന് തിരിച്ചറിഞ്ഞതു പോലെ.
രുദ്രയുടെ കണ്ണുകള്‍ നിറഞ്ഞു
......... ........... ............
ജാസ്മിനും നേഹയും സ്വാതിയും ചെല്ലുമ്പോള്‍ റൂമില്‍ കിടക്കയില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു ദുര്‍ഗ
' നീയെവിടേക്കാ ഓടിപ്പോന്നത്' മുറിയ്ക്ക്കത്ത് കടന്നപ്പോള്‍ തന്നെ സ്വാതി കോപിച്ചു
' ദുര്‍ഗയോടാ ചോദിച്ചത്' അവള്‍ ദുര്‍ഗയുടെ ചുമലില്‍ പിടിച്ചുലച്ചു.
' പറയെടീ.. എന്താ നിന്റെ ഭാവം.. എന്റേട്ടനെ ജീവിതം തുലയ്ക്കാനാണോ'
ദുര്‍ഗ ഞെട്ടിപ്പോയി.
അഴിഞ്ഞു വീണ മുടി വാരിക്കെട്ടി അവള്‍ എഴുന്നേറ്റിരുന്നു.
' നിന്റേട്ടന്റെ ജീവിതം നശിപ്പിക്യേ.. അതെന്താ അങ്ങനെ പറഞ്ഞത്'
പോരാടാനുറച്ച് ദുര്‍ഗ എഴുന്നേറ്റു.
' ഭ്രാന്തിയായ ഒരു പെണ്ണിനെ മാരീ ചെയ്താല്‍ ലൈഫ് നശിക്കില്ലാന്നാ നീ പറയണേ'
സ്വാതി കലിബാധിതയെ പോലെ അവളുടെ മുന്നില്‍ വന്നു നിന്നു.
' ഭ്രാന്ത് .. ആര്‍ക്ക് എനിക്കോ'
ദുര്‍ഗ സഹികെട്ട മട്ടില്‍ അവള്‍ക്കു നേരെ ചൂണ്ടുവിരല്‍ നീട്ടി
' പറയെടീ ആര്‍ക്കാ ഭ്രാന്ത്.. നീയും ഇവളുമാരുമല്ലേ എന്നെ ഭ്രാന്തിയാക്കാന്‍ നോക്കണേ'
' സ്വാതീ .. വേണ്ട' ജാസ്മിന്‍ അവളെ തടഞ്ഞു
' അവള്‍ പറയട്ടെ ജാസ്.. പക്ഷേ നീയാണ് ഇതിന്റെ പിന്നിലെന്ന് എനിക്കറിയാം'
ജ്ാസ്മിന്റെ മുഖം വിളറി
' ഒന്നു ശബ്ദം താഴ്ത്ത പ്ലീസ്.. '
നേഹ ഓടി വന്ന് ഇടയില്‍ കയറി
' ആന്റി കേള്‍ക്കണ്ട'
' എന്നെ ഭ്രാന്തിയാക്കാന്‍ നോക്കിയാല്‍ ഞാന്‍ മിണ്ടാതിരിക്കണോ.. ങേ'
ദുര്‍ഗ ഇടയാനുള്ള ഭാവത്തില്‍ തന്നെയായിരുന്നു.
' നിന്നെയിനി ഭ്രാന്തിയാക്കേണ്ട കാര്യമൊന്നുമില്ല' ജാസ്മിനെ കുതറി തെറിപ്പിച്ച് സ്വാതി വീണ്ടും മുന്നോട്ടു വന്നു
' ഓള്‍ റെഡി നീ ഭ്രാന്തിയാ.. മുഴു ഭ്രാന്തി.. ചത്തുപോയ ധ്വനി നിന്റെ കൂടെ ഉണ്ടെന്ന് പറഞ്ഞ് നടക്കുവല്ലേടീ നീ' സ്വാതി പൊട്ടിത്തെറിച്ചു
ദുര്‍ഗ നിന്നു പോയി.
മുടിയഴിഞ്ഞ് വീണ് അവളുടെ ഭാവം ഒരു യക്ഷിയെ പോലെ തോന്നിച്ചു
ജാലകവിരിയില്‍ കാറ്റില്‍ പറന്നു.
ചുവരിലിരുന്ന ക്ലോക്ക് വലിയ ശബ്ദത്തോടെ നിലത്തേക്ക് വീണ് പൊട്ടിച്ചിതറി.
എല്ലാവരും ഞെട്ടിപ്പോയി
ആരോ കഴുത്തിന് കുത്തിപ്പിടിച്ചത് പോലെ സ്വാതി നിന്ന നില്‍പ്പില്‍ പുളഞ്ഞു.
ശ്വാസം തിങ്ങിയ മട്ടില്‍ അവളുടെ കണ്ണുകള്‍ മിഴിഞ്ഞു
' ധ്വനീ.. വേണ്ട.. നിര്‍ത്ത്'
ദുര്‍ഗ പെട്ടന്ന് അന്തരീക്ഷത്തിലേക്ക് കൈയ്യുയര്‍ത്തി വിളിച്ചു പറയുന്നത് അവര്‍ കണ്ടു.
സ്വാതി കിടക്കയിലേക്ക് ചെന്നിരുന്ന് കഴുത്തില്‍ കൈയ്യമര്‍ത്തി കിതച്ചു.
' ഇപ്പോ മനസിലായോ ധ്വനി എന്റെ ഭ്രാന്തല്ലെന്ന്.. അവള്‍ സത്യമാണ്. അവളെന്റെ കൂടെയുണ്ട്.. അല്ലാതെ എനിക്ക് ഭ്രാന്തില്ല.. '
ശരിക്കും ഭ്രാന്തുള്ളത് പോലെയായിരുന്നു ദുര്‍ഗയുടെ പെരുമാറ്റം.
' മാനസിക വൈകല്യമുള്ളവര്‍ ഇതും ഇതിലധികവും ചെയ്യും.. നിനക്കിത് ഞങ്ങളെ വിശ്വസിപ്പിക്കാന്‍ പറ്റുമോ'
ജാസ്മിന്‍ വെല്ലുവിളിക്കുന്ന മട്ടില്‍ ദുര്‍ഗയുടെ മുന്നില്‍ നിന്നു
അവരുടെ കണ്ണുകള്‍ തമ്മില്‍ കൊരുത്തു.
വാശി രണ്ടുപേരുടെ മുഖത്തും പ്രകടമായിരുന്നു.
' എങ്ങനെ വിശ്വസിപ്പിക്കണം'
ദുര്‍ഗ അതേ വെല്ലുവിളിയോടെ തന്നെ ചോദിച്ചു
' ഞങ്ങള്‍ക്കും കാണണം.. അവളെ ധ്വനിയെ ... സാധിക്കുമോ നിനക്ക്'
ജാസ്മിന്‍ അവളെ പോരുകോഴിയേ പോലെ നോക്കി.
..... ......... തുടരും ....
Written by 
Shyni John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot