Slider

ഹൃദയത്തിൽ സൂക്ഷിച്ചത്

0
Image may contain: 1 person, closeup and outdoor

ഇഷ്ടങ്ങൾ മനസ്സിൽ സൂക്ഷിക്കാനുള്ളതല്ല. തുറന്ന് പറയാനുള്ളതാണ്. എന്നിട്ടും അവനെന്തേ എന്നോട് അകന്ന് നിൽക്കുന്നത്. എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടാത്ത മരീചികയാണത്. മുറ ചെറുക്കനാണെങ്കിലും, കുടുംബത്തിലെ ഒട്ടുമിക്ക പേർക്കും നിവിൻ അഭികാമ്യനല്ല. ടൗണിലെ പിള്ളേരുമായാണ് കൂട്ട് .പറഞ്ഞാൽ ഒന്നും കേൾക്കില്ല.മൂക്കത്ത് ദേഷ്യം. എല്ലാം കൊണ്ടും പുകഞ്ഞ കൊള്ളി.
പക്ഷെ എനിക്കെന്നാണ് അവനോട് ഇഷ്ടം തോന്നിയത്? അറിയില്ല. സ്ക്കൂൾ അവധിക്ക് അമ്മയോടൊപ്പം തറവാട്ടിൽ ഒന്നു രണ്ടാഴ്ച്ച താമസിക്കും. അമ്മുമ്മയും, അപ്പുപ്പനും, മാമനും, മാമിയും മക്കളും എല്ലാരും കൂടി ഉത്സവമാക്കും. പക്ഷെ നിവിൻ ഇതിലൊന്നും ഇടപെടില്ല. എങ്കിലും ഞങ്ങളുള്ളപ്പോൾ തറവാട്ടിൽ തന്നെ കാണും മിക്കവാറും. അതൊരു പക്ഷെ എന്റെ അമ്മയെ പേടിച്ചിട്ടാവാം. തറവാട്ട് കുളത്തിൽ കുളിക്കാൻ പോകുമ്പോൾ, കാവലാളായി നിവിനും ഉണ്ടാവും. ഒരാൾക്ക് മാത്രം നടന്ന് പോകാൻ മാത്രം വീതിയുള്ള ഇടവഴിയിലൂടെ പിള്ളേരെ മുന്നിൽ നടത്തി നിവിന്റ തോളോടുരുമ്മി നടക്കും. ചുമലിൽ പിടിച്ച് തള്ളി
'' മുന്നേക്കേറി നടക്ക് പെണ്ണേ..''
അത് കേട്ട് ചുണ്ടുകൾ ഇരു വശത്തേക്കും കോട്ടിപ്പിടിച്ച് നീരസ്സത്തോടെ മുന്നിൽ നടക്കും.
വൈകുന്നേരം തറവാട് ക്ഷേത്രത്തിൽ വിളക്ക് വയ്ക്കാൻ ഞാനും പോവാറുണ്ട് അവന്റെ കൂടെ. കുത്തുവിളക്കിന്റെ വെളിച്ചത്തിൽ പാടവരമ്പത്തൂടെ കുറച്ച് നടക്കണം തെയ്യതറയിലെത്താൻ.വരമ്പ് തെന്നി പാടത്ത് വീണാലും ആ മൊശടൻ ഒരു കൈ സഹായം തരില്ല. തറയിൽ വിളക്ക് വച്ച്, ചന്ദനക്കല്ലിൽ ചന്ദനവും അരച്ച് കട്ടിള പടിയിൽ കുറി വരച്ച് ബാക്കി മിച്ചം വരുന്ന ചന്ദനം എന്റെ നെറ്റിയിൽ തൊടുവിക്കാറുണ്ട്. അപ്പോൾ വിചാരിക്കാറുണ്ട് എല്ലാ സന്ധ്യകളിലും ഈ കൈയ്യാൽ കുറി തൊടുവിച്ചിരുന്നെങ്കിൽ. ഒരു പത്താം ക്ലാസ്സുകാരിക്ക് അത്രയൊക്കെ ചിന്തിക്കാമല്ലോ.
നിവിൻ ഒരിക്കൽ പോലും എന്നോട് പ്രണയാതുരമായി പെരുമാറിയിട്ടില്ല.പക്ഷെ എന്റെ മനസ്സു മുഴുവൻ അവനായിരുന്നു. ഒരിക്കലെങ്കിലും എനിക്കത് തുറന്ന് പറയണം.അല്ലെങ്കിൽ എന്റെ ഏറെ നാളത്തെ കാത്തിരിപ്പിന് അർത്ഥമില്ലാതാവും. അങ്ങനെയിരിക്കെ തറവാട്ടിൽ വലിയ മാമന്റെ മകളുടെ കല്യാണം ഒത്തുവന്നു. ബന്ധുക്കളും, കുടുംബക്കാരുമായി എങ്ങും കല്യാണാരവം. നിവിനെ ഒറ്റയ്ക്ക് കിട്ടാൻ ഞാൻ പെടാപ്പാട് പെട്ടു.അവസാനം മട്ടുപ്പാവിൽ എന്തോ ആവിശ്യത്തിനായി അമ്മാവൻ അവനെ പറഞ്ഞ് വിടന്നുത് കണ്ടു. ഞാനും പിറകെ പിടിച്ചു.
'' നിവി നിക്കൊരു കാര്യം പറയാനുണ്ട് '' എന്നെക്കാൾ അഞ്ച് വയസ്സിന് മൂത്തെതെങ്കിലും ഞാൻ പേര് ചൊല്ലിയേ വിളിക്കാറുള്ളൂ.
''ന്താടി.. ചിണുങ്ങാതെ കാര്യം പറ '' മൊശട സ്വഭാവത്തിന് ഒരു മാറ്റവുമില്ല.
''നിക്ക് നിന്നെ ഇഷ്ടാണ്...'' എടുത്തടിച്ചത് പോലെ പറഞ്ഞെതെങ്കിലും നാണമായിരുന്നു എനിക്കപ്പോൾ.
'' ഒന്ന് മാറിനിന്നേ.... പ്രേമോം കൊണ്ട് വന്നിരിക്കുന്നു.'' എന്നും പറഞ്ഞ് കൈ പിടിച്ച് താഴ്ത്തി പുറത്തേക്ക് പുതുക്കെ രണ്ടടി വച്ച് തന്നു.ഞാൻ കരയണോ, സന്തോഷിക്കണോ എന്നതിനെ കുറിച്ച് ചിന്തിച്ചവിടെ തന്നെ നിന്നു.പടിയിറങ്ങിപ്പോവുമ്പോൾ കവിളൊത്തൊരു നുള്ളും തന്നിട്ടാ പോയത്. അത് മതിയായിരുന്നെനിക്ക്.
അങ്ങനെയിരിക്കേ അച്ഛന് കുറച്ച് ദൂരേക്ക് ഒരു ട്രാൻസ്ഫർ കിട്ടി. തറവാടുമായിട്ടുള്ള ബന്ധം വിട്ടു. നിവിൻ വല്ലപ്പോഴും വിളിക്കാറുണ്ടായിരുന്നു. ഒരു പ്രാവിശ്യം വിളിച്ചപ്പോൾ പറഞ്ഞു. എനിക്ക് ജോലി കിട്ടി ഗൾഫിലേക്ക് പോകുകയാണ്. ഒന്ന് കാണാൻ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ 'നിന്നെയൊന്നു കാണണമെന്ന് ' അവനും പറഞ്ഞില്ല. അതെങ്ങെനെ പണ്ടും ഇതുപോലെ തന്നെയല്ലേ സ്വഭാവം മൊശടൻ .
ഡിഗ്രി കഴിഞ്ഞ് എയർപ്പോട്ടിൽ ഗ്രൗണ്ട് സ്റ്റാഫായി ജോലിക്ക് കയറി.എയർ പോർട്ടിന് തൊട്ടടുത്ത് സ്റ്റാഫ് ഹോസ്റ്റലിൽ ആയിരുന്നു താമസം. മാസത്തിൽ നാല് ലീവ്. അത് ഒന്നിച്ചെടുക്കാം. അപ്പോൾ വീട് വരെ പോയി വരും. അങ്ങനെയിരിക്കെ ആകസ്മികമായി എന്റെ മൊബൈലിലേക്ക് ഒരു കോൾ വന്നു.പരിചിതമല്ലാത്ത നമ്പർ ആയത് കൊണ്ട് എടുത്തില്ല. വീണ്ടും കോൾ വന്നപ്പോൾ എടുത്തു.
'' ഹലോ... ഇത് ഞാനാണ് നിവിൻ. മിനിഞ്ഞാന്ന് ചെറിയമ്മായിടെ മകൾ രേഖയാണ് നിന്റെ നമ്പർ തന്നത്.നിയ്യിപ്പോൾ എയർപ്പോട്ടിലാണല്ലേ. ഞാൻ അടുത്ത പതിനാലാം തിയ്യതി വരുന്നുണ്ട്. ഒന്ന് കാണാൻ പറ്റുമോ.. ''
എകദേശം ഒരു വർഷക്കാലമായിക്കാണും, നിവിനോടു ഒന്ന് സംസാരിച്ചിട്ട്. അമ്മ പറഞ്ഞ് തറവാട്ടിലെ കാര്യങ്ങൾ ഇടയ്ക്കിടെ അറിയാറുണ്ട്. നിവിന് വിദേശത്ത് നല്ല ജോലിയാണെന്നും, നല്ല ശബളമാണെന്നും അമ്മ തന്നെയാണ്. പറഞ്ഞത്. പണ്ട്, താന്തോന്നി, പുകഞ്ഞ കൊള്ളി എന്നൊക്കെ വിളിച്ചവർക്ക് നിവിനിപ്പോൾ വളരെ പ്രിയപ്പെട്ടവനാണ്.
പതിമൂന്നാം തിയ്യതി രാത്രി എനിക്കുറങ്ങാൻ പറ്റിയില്ല. നാളെ നിവിൻ വരികയാണ്.തിരിഞ്ഞും, മറിഞ്ഞും കിടക്കുമ്പോൾ റും മേറ്റ് ഡയാനയും, മെർവിനും അർത്ഥം വച്ച് എന്തോ പറഞ്ഞു. അവളുമാരുള്ളത് കൊണ്ട്, ഒരിക്കലും ജോലിയോ, താമസമോ മുഷിഞ്ഞതായി തോന്നാറില്ല. എപ്പോഴും കലപില പറഞ്ഞോണ്ട് അടികൂടി കൊണ്ടിരിക്കും.
പതിവിലും നേരത്തേ എഴുന്നേറ്റ് കുളിച്ച് ഫ്രഷായി. കണ്ണാടിയിൽ ഒന്നൂടെ ഒന്നു നോക്കി. കൊള്ളാം ഞാൻ സുന്ദരിയായിരിക്കുന്നു. ഒന്നുടെ ഉറപ്പ് വരുത്താനായി എട്ട് പത്ത് മുടിയിഴകൾ വലത് നെറ്റിയിലൂടെ താഴേക്കിട്ടു. ചിറി കോട്ടി ആ മുടിയിഴകളെ ഒന്നു ഊതി പാറിപ്പിച്ചു. ചവിട്ടി പുതച്ചുറങ്ങുന്ന മെർവിന്റെയും, ഡയാനയുടെയും ബ്ലാങ്കറ്റ് വലിച്ചെടുത്ത്
.'' ഹേയ് ഗൈയ്സ് വേയ്ക്ക് അപ്പ് മാൻ''
എന്നും പറഞ്ഞോടി. അവളുമാർ ഇംഗ്ലിഷിൽ തന്നെ മുറ്റ് തെറി വിളിക്കുന്നുണ്ടായിരുന്നു.
കൃത്യം 8.30ന് തന്നെ വിമാനം ലാന്റ് ചെയ്തു.ചെക്ക് ഔട്ട് കഴിഞ്ഞ് നിവിൻ പുറത്തിറങ്ങി. അര്യവൽ ലോഞ്ചിൽ ഞാൻ കാത്തിരുന്നു.ആളൊന്നു തുടുത്തിട്ടുണ്ട്. എന്നെ മനസ്സിലായി, കുശലാന്വോഷണത്തിന് ശേഷം എയർപ്പോർട്ട് ക്യാന്റീനിൽ ഒരു മേശക്കിരുവശവും ഇരുന്നു.
'' ഇപ്രാവിശ്യം കല്യാണം കഴിച്ചിട്ടേ തിരിച്ച് പോവുന്നുള്ളുടി. അച്ഛന് പണ്ടത്തെ പോലെ വയ്യാ,അമ്മയ്ക്ക് മുട്ട് വേദന കൂടി.രണ്ട് അനിയന്മാരും പഠിക്കുവയല്ലേ, എല്ലാ കാര്യവും അമ്മ തന്നെ നോക്കണം.''
ചുവന്ന കപ്പിലെ നെസ്ക്കോഫി ഊതി കുടിച്ചു കൊണ്ട് നിവിൻ പറഞ്ഞ് നിർത്തി.
'' നിന്റെ കേയ്റോഫിൽ വല്ല പെൺപിള്ളേരുമുണ്ടോ..? വല്ല ഗ്രൗണ്ട് സ്റ്റാഫോ, പൈലറ്റോ, ഫ്ലൈറ്റ് മൊതലാളിമാരോ...''
എന്നെ നോക്കി കണ്ണിറുക്കി.കാപ്പി സൽക്കാരം കഴിഞ്ഞ് പിരിയാൻ നേരം ഞാൻ ചോദിച്ചു.
''നിവി എനിക്കൊന്നും കൊണ്ടുവന്നില്ലേ....?''
''നിനക്കുള്ളത് ഇതിലുണ്ട്. സമയമാകുമ്പോൾ തരാം''
തന്റെ ഹാന്റ് ബാഗ് ചൂണ്ടികാണിച്ചു കൊണ്ട്, യാത്ര പറഞ്ഞ് അവൻ കാറിൽ കയറി.
പിന്നീട് എല്ലാ ദിവസവും നിവിൻ വിളിക്കുമായിരുന്നു.
''ഡീ ഇന്നൊരു പെണ്ണ് നോക്കാൻ പോയി, ഇഷ്ട്ടപ്പെട്ടില്ല, ആള് വെളുത്തിട്ടാണേലും,മുടിയില്ല. ഒന്നുമില്ലേലും നിന്റെ മുടിയെങ്കിലും വേണ്ടേ... അതില്ല.. ''
''ഡി ഇന്നൊരു സുന്ദരിപ്പെണ്ണിനെ കണ്ടു. പക്ഷെ കണ്ണ് അത്ര പോരാ. ഉണ്ടക്കണ്ണാ., നിന്റെ കണ്ണിനെ പോലെ ആയിരുന്നേൽ ഒപ്പിക്കാമായിരുന്നു... ''
ഇതൊക്കെയാണ് വിളിച്ചാൽ പറയാനുള്ളത്. എന്നെ കളിപ്പിക്കാൻ പറയുന്നതാണെന്ന് എനിക്കറിയാം. നിവിന്റ മനസ്സിൽ ഞാനുണ്ട്, എനിക്കതുറപ്പാണ്.കഴിഞ്ഞ ഏഴെട്ട് വർഷമായി കാത്തിരിക്കുന്നതും അതിനാണ്.
ഒരു ദിവസം നിവിന്റെ കോൾ വന്നു.
'' ഡി.. ഈ മാസം പതിനേഴിന് എന്റെ എൻഗേജ്മെൻറ്. പെണ്ണ് ബാഗ്ലൂരാണ് വിപ്രോയിൽ അസിസ്റ്റന്റ് മാനേജറാണ്.നിനക്ക് ആളെ അറിയും, വലിയമ്മാവിടെ അനിയത്തിയുടെ മകൾ, ശ്വേത. ഇന്നലെ പോയി കണ്ടു. ജാതകം ഒത്തു നോക്കി, മുഹൂർത്തവും കുറിച്ചു. വീട്ടിലേക്ക് വരുന്നുണ്ട്. നീ ഇനി എപ്പഴാ വരിക..?''
'' ശ്വേത.. ആ.. കണ്ടിട്ടുണ്ട്, എനിക്കറിയാം ആ കുട്ടിയെ. നല്ല കുട്ടിയാ.എനിക്കിനി അടുത്തൊന്നും
ലീവില്ല നിവിൻ, പക്ഷെ എൻഗ്ഗേജ്മെൻറിന് വരും. അതിനെന്തായാലും ഞാൻ വരും.''
വിമാനത്തിൽ നിന്നും അവസാനയാളും ഇറങ്ങി. ഓരോ യാത്രക്കാരനും ഓരോ പ്രതീക്ഷയാണ്. എല്ലാ പ്രതീക്ഷകളേയും ഇറക്കി വിമാനം സേഫ് സോണിലേക്ക് പോവുകയാണ്. കുറച്ച് ദൂരയായി എൻജ്ജിൻ തകരാറായി യാത്ര മുടങ്ങിയ വിമാനം കിടപ്പുണ്ട്.
''ഹേയ് ഹണി.you know മെർവിന് ഹൈദ്രബാദിലേക്ക് ട്രാൻഫറായി. I think ടുമോറോ അവള് പോകും, ഇവിടെ അടുത്തെങ്ങോ കസിനില്ലെ അവളെ കാണാൻ പോയിരിക്കുവാ.. ഹേയ് ബേബി At last ഐയാം ആൾസോ എൻഗ്ഗേജ്ഡ്.... അതേടാ..... ഞാനങ്ങ് സമ്മതിച്ചു. കുറേ കാലം ഹീ ബിഹേന്റ് മീ... ഇനി വയ്യടി.. കെട്ടാൻ തീരുമാനിച്ചു.''
ഡയാന പറഞ്ഞ് നിർത്തി.
കുറേ കാലമായി മെർവിൻ ഹൈദ്രബാദ് എന്ന് പറയുന്നു. അവളുടെ
ക്ലോസ്സ് റിലേറ്റിവ്സ് അവിടെയാണ്. ഡയായുടെ കാമുകൻ നീരജ് ,എയർപ്പോർട്ട് കസ്റ്റംസിലാണ്. ഡയാന ഇതുവരെ പിടികൊടുത്തിട്ടില്ല. ഇപ്പോൾ അവളും.......
മനസ്സ് കലുഷിതമാണ്, ഒന്നിനോടും താൽപര്യമില്ല.ജോലി പോലും ആർക്കോ വേണ്ടി. റൂമിൽ വന്നാലും തനിച്ചായപോലെ, ഡയാന എപ്പോഴും കാമുകനോട് സൊള്ളിക്കോണ്ടിരിക്കും. ഒരിക്കൽ ദേഷ്യം വന്ന് ഫോൺ വാങ്ങി തറയിലെറിഞ്ഞു.അന്നവൾ ഒരു പാട് ചീത്ത പറഞ്ഞു.
''നിനക്ക് അസൂയയാണ്, നിനക്ക് കിട്ടാത്തത് എനിക്ക് കിട്ടിയപ്പോഴുള്ള ജലസി....''
അന്നൊരു പാട് കരഞ്ഞു.മനസ്സ് ഭ്രാന്തമായി കുത്തിയൊഴുകുന്നു. ചുഴികളും, തിരകളും, ആർത്തിരമ്പുന്ന ഒരു മലവെള്ള പാച്ചിൽ പോലെ മനസ്സ്. ഏഴ് വർഷത്തെ കാത്തിരിപ്പ്, പ്രതീക്ഷ എല്ലാം, എല്ലാം വെറുതേ.
മൊബൈൽ എടുത്തു, അമ്മയുടെ നമ്പർ ഡയൽ ചെയ്തു.
'' അമ്മാ.... എനിക്കൊരു കൂട്ട് വേണം. എന്റേതായ, എനിക്ക് മാത്രമായ ഒരു കൂട്ട്. ഈയ്യിടയായി ഭയങ്കര ലോൺലിനസ്സാണമ്മാ, മനസ്സ് പിടിച്ചാ കിട്ടണില്ല.''
കണ്ണുനീർ ഡയൽ പാടിലേക്ക് വിഴാതിരിക്കാൻ ശ്രമിച്ചെങ്കിലും, രണ്ട് തുള്ളി സ്ക്രീനിലേക്ക് വീണു.
ട്രയിനിലിരുന്നു വെറുതേ ഓരോന്നു ആലോചിച്ചു.ഒരു കണക്കിന് നിവിൻ ഒരു കവചമായിരുന്നു. അവൻ മാത്രം മനസ്സിൽ ഉള്ളത് കൊണ്ട്. വേറൊരു പ്രണയത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല.മനസ്സ് നിറയെ അവനാണ്. ഒരു പാട് പ്രണയാഭ്യർത്ഥനകൾ നിരസിച്ചിട്ടുണ്ട്. അവന് വേണ്ടി.നിവിനായിരുന്നു എന്റെ കാമുക ഭാവം. തറവാട്ടിലെ, കുളവും കുളിയും, തെയ്യത്തറയും, ചന്ദനക്കുറിയുമെല്ലാം മനസ്സിൽ തെളിഞ്ഞു നിന്നു.
അടുത്ത സ്റ്റേഷനിൽ നിന്നും വണ്ടി വിട്ടു. ട്രെയിനിന്റെ ശബ്ദം താളാത്മകമായി. പുൽപ്പാടങ്ങളും, കുന്നുകളും, പുഴകളും ഭൂതകാല ഓർമ്മയെന്ന പോലെ പിന്നോട്ട് പായുന്നു. എന്റെ ഓർമ്മകളെ പിന്നിലേക്ക് തള്ളി കൊണ്ട്, പുതിയൊരു ജീവിതത്തിലേക്ക് പാളം മാറ്റുകയാണ്.

By James Vinod TK
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo