Slider

ആദ്യത്തെ ഓണാഘോഷം

0
Image may contain: 1 person, closeup and outdoor

ദക്ഷിണേന്ത്യയിലെ പ്രശസ്ത പുണ്യനദിയുടെ പേരായിരുന്നു ഞങ്ങളുടെ ക്ലബ്ബിന്. തൊട്ടുകുടായ്മയും, അയിത്തവും നാടുനീങ്ങിയെങ്കിലും അതിന്റെ ബഹിർസ്ഥുരിണങ്ങൾ അങ്ങിങ്ങായ് ഞങ്ങളുടെ ഗ്രാമത്തിൽ കാണാറുണ്ട്.ഒരു പാട് കീഴ്ജാതിക്കാർ ഉള്ള എന്റെ ഗ്രാമം. ഇപ്പോഴും തൊട്ടുകൂടായ്മ്മയും അയിത്തവും ചെറുതായി അവിടിവിടെയായ് കാണാം.
ഞാൻ പറയാൻ പോകുന്നത് ഒരു ഓണവിശേഷമാണ്..
ഞങ്ങളുടെ ക്ലബ്ബിന്റെ മെംബേർസിൽ അധികവും മേൽ പറഞ്ഞ കീഴ്ജാതി വിഭാഗത്തിൽ പെടുന്നവരായിരുന്നു. ഒട്ടുമിക്ക പേരും എട്ടിലും, പത്തിലും പഠിക്കുന്ന കുട്ടികൾ.മുതിർന്നവരായി കോളേജിൽ പോയ്കൊണ്ടിരുന്ന ഞാൻ മാത്രം. ടുട്ടോറിയൽ കോളേജിലേക്ക് വേനൽക്കാലത്ത് നടന്ന് പോവേണ്ട ദൂരം, ഏകദേശം ഒരു മണിക്കൂർ നടത്തം. പുഴ കടന്ന്, വയലും, കവുങ്ങിൻ തോപ്പിൽക്കൂടി, റബ്ബർ മരക്കൂട്ടത്തിലൂടെയുള്ള യാത്ര.
വൈകുന്നേരം തിരിച്ച് വരുമ്പോൾ കുറച്ച് കുട്ടികൾ നെല്ല് കൊയ്ത വയലിൽ ക്രിക്കറ്റ് കളിക്കുന്നത് പതിവായിരുന്നു.അവരോടൊപ്പം കൂടി, ക്രിക്കറ്റും ഫുട്ബോളും കളിച്ച് പുഴ കടന്ന് വീട്ടിൽ എത്തുമ്പോഴേക്കും ഇരുട്ട് പരക്കും. സ്ഥിരം പരിപാടി ആയത് കൊണ്ട് വീട്ടിൽ നിന്ന് വഴക്ക് കിട്ടില്ലായിരുന്നു.
ഞങ്ങൾ കളിച്ചു കൊണ്ടിരുന്ന നെൽവയലുകളിൽ ഭൂരിഭാഗവും തൊട്ടടുത്ത് തന്നെയുള്ള ഇല്ലത്തിന്റെ വകയാണ്. ബ്രാഹ്മണ ഇല്ലത്തെ അധികാരിയെ ഞങ്ങൾ' ഇല്ലത്തോർ' എന്നാണ് ബഹുമാന പുരസരം വിളിച്ചിരുന്നത്. പക്ഷെ അദ്ദേഹത്തിന് തൊട്ടുകൂടായ്മയോ, അയിത്തമോ ഒന്നുമില്ല. ഞങ്ങളുടെ കൂടെ കളിക്കാനൊക്കെ വരുമായിരുന്നു. ഞങ്ങളുടെ ക്ലബ്ബിന് വേണ്ടി പടിപ്പുര വരെ തന്നിരുന്നു. ആ പടിപ്പുരയിലായിരുന്നു ക്ലബ്ബിന്റെ ഉത്ഭവം.
ക്ലബ്ബ് രൂപികരിച്ചതിന് ശേഷമുള്ള ആദ്യത്തെ ഓണാഘോഷം. അത് ഗംഭീരമായി തന്നെ നടത്താൻ തീരുമാനിച്ചു.തൊട്ടടുത്ത ക്ലബ്ബുകൾ എല്ലാം ഓണ പരിപാടി വെക്കുന്നത് കൊണ്ട്, ക്ലബ്ബുകൾ മുൻകൂട്ടി തമ്മിൽ തമ്മിൽ അറിയിക്കുമായിരുന്നു, പരിപാടി ദിവസം. അതിനനുസരിച്ച് മറ്റു ക്ലബ്ബുകൾ തങ്ങളുടെ പരിപാടികൾ ഒന്നാം ഓണം,ഉത്രാടം, തിരുവോണം, നാലാം ഓണം എന്നി ദിവങ്ങളിൽ മാറി മാറി വെയ്ക്കും.
ഞങ്ങൾക്ക് കിട്ടിയത് ഉത്രാട ദിവസമാണ്.പെങ്ങൾ പ്രസവിച്ച് വീട്ടിലുള്ള സമയം. പെൺകുഞ്ഞ്.. ആദ്യത്തെ ഉത്രാടം, വീട്ടിലാണെങ്കിൽ സദ്യവട്ടത്തിന്റെ തിരക്ക്, ക്ലബ്ബിന്റെ ആദ്യത്തെ ഓണ പരിപാടി. വീട്ടിലെ സദ്യവട്ടങ്ങൾ ഒരുക്കി പത്ത് മണിയോട് കൂടി കടത്ത് തോണിയിൽ ഇക്കരെ കടന്ന് ക്ലബ്ബിൽ എത്തി.
ഉച്ചവരെയുള്ള പരിപാടികളൊക്കെ കഴിഞ്ഞു.ഇനി ഭക്ഷണം കഴിച്ചിട്ടാണ് ഉച്ചയ്ക്ക് ശേഷം പരിപാടി. ഞാൻ ക്ലബ്ബിലെ പിളേളരെയൊക്കെ ക്ഷണിച്ചിട്ടുണ്ട് വീട്ടിലേക്ക്. ഉച്ചഭക്ഷണം എന്റെ വീട്ടിൽ. അങ്ങനെ പത്തിരുപതിനടുത്തുള്ള പിള്ളേരേം കൊണ്ട് നേരെ വീട്ടിലേക്ക്. വീട്ടിൽ അമ്മയൊക്കെ മുഖം വീർപ്പിച്ച് നിൽപ്പുണ്ട്. വന്ന ആൾക്കാരൊക്കെ എന്നെ അന്വോഷിക്കുകയാണ്. അഥിതികൾ ഭക്ഷണം കഴിച്ചങ്ങനെ നാട്ടുവിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നു.'
ഞാൻ പിള്ളേരേയും വിളിച്ച് പെങ്ങളുടെ മുറിയിലേക്ക് കുഞ്ഞുമോളെ കാണിക്കാൻ ചെന്നു. കുറച്ച് പിള്ളേർക്ക് വീടിനകത്തേക്ക് കേറാൻ മടി. മേൽജാതിക്കാരുടെ വീടിനകത്തേക്ക് അവർക്ക് പ്രവേശനമില്ലത്രേ. ഞാൻ എല്ലാത്തിന്റെയും കൈപിടിച്ച് മുറിക്കകത്തേക്ക് തള്ളിവിട്ടു. വീട്ടിലെ അഥിതികൾ മുറുമുറുക്കുന്നുണ്ടായിരുന്നു.എന്നാൽ എന്റെ അച്ഛൻ പഴയ കാല കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു.അതുമാത്രമല്ല പുരോഗമന ചിന്താഗതിയുള്ളയാൾ കൂടിയാണ്.അമ്മ കറ കളഞ്ഞ കമ്മ്യൂണിസ്റ്റ്കാരിയും. അതു കൊണ്ട് തന്നെ എന്റെ പ്രവർത്തിയിൽ അവർ അസ്വാഭാവികതയൊന്നും കണ്ടില്ല. വന്ന പിള്ളേരിൽ പലരും ആദ്യമാണ് ഒരു മേൽജാതിക്കാരന്റെ വീടിനകത്തേക്ക് കയറുന്നത്, അതിന്റെ വിഹ്വലത അവരുടെ മുഖത്ത് കാണാം.
അവർ കുഞ്ഞുമോൾക്ക് ഉടുപ്പൊക്കെ കൊണ്ടു വന്നിരുന്നു. അതൊക്കെ കുഞ്ഞിന് നൽകി. പിന്നെ
നമ്മുടെ പിള്ളേരെയൊക്കെ ഇരുത്തി ഭക്ഷണം വിളമ്പി കൊടുത്ത് ഞാനുമിരുന്നു. ഭക്ഷണം കഴിച്ച ഇല എടുക്കാൻ അമ്മ സമ്മതിച്ചില്ല.' അവിടെ വച്ചേക്ക് മക്കളെ ഞാൻ എടുക്കാം ' എന്നും പറഞ്ഞ് എഴുന്നേൽപ്പിച്ചു. ഭക്ഷണമൊക്കെ കഴിച്ച് കസേരയിൽ വെറുതേ ഇരിക്കുമ്പോൾ അമ്മ കുഞ്ഞുമോളെയും കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു.അവർ കൊണ്ടുവന്ന ഉടുപ്പുമിട്ടാണ് വരവ് 'മാമന്മാർ കൊണ്ടുവന്ന കുപ്പായം അല്ലേ മോളെ ' എന്നും പറഞ്ഞ് എല്ലാവരുടെയും മടിയിൽ ഇരുത്തി.
തിരിച്ച് തോണി കയറുമ്പോൾ പിള്ളേരുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. ആദ്യമായിട്ടാണ് അവർക്കീയനുഭവം. മുറ്റത്തിന് വെളിയിൽ നിർത്തിയിരുന്ന ഒരു വിഭാഗം മനുഷ്യർ ആദ്യമായി മുറ്റവും കടന്ന് വീടിനകത്തേക്ക്.ഒരു പക്ഷെ അവരുടെ ചിന്തയ്ക്കുമപ്പുറത്തെ കാര്യമോ, സ്വപ്നമോ എനിക്കറിയില്ല. ഞാൻ വിശ്വസിച്ചിരുന്ന എന്റെ പ്രത്യയശാസ്ത്രം എനിക്ക് നൽകിയ ശക്തിയാണ് അന്ന് അങ്ങനെ ചെയ്യാൻ തോന്നിപ്പിച്ചത്." വിനുവേട്ട " എന്നും പറഞ്ഞ് കെട്ടിപ്പിടിച്ച മേലാളരുടെ ഭാഷയിലെ ' അടിയാൻ' ചെക്കന്റ ആനന്ദ കണ്ണീർ എനിക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല.

By James Vinod Tk
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo