Slider

''''''പാർട്ടി തീരുമാനമായിരുന്നു,കൂട്ടുകാരാ"'''"

1
''''''പാർട്ടി തീരുമാനമായിരുന്നു,കൂട്ടുകാരാ"'''"
''മോനേ ഇന്നലെ നീ കൊണ്ടുവിട്ടു പോയതല്ലേ? അവനിപ്പോ കെടക്കുന്ന കെടപ്പു കണ്ടോ മോനേ''
ആ അമ്മ തളർന്ന് വീണത് എന്റെ നെഞ്ചിലേക്കായിരുന്നു. ആരെക്കയോ അവരെ താങ്ങിപ്പിടിച്ച് നിലത്തു വിരിച്ച പുൽപായയിൽ കിടത്തി.പ്രിയപ്പെട്ട കൂട്ടുകാരന് അന്ത്യോപചാരം അർപ്പിച്ചു.ശാന്തമായി ഉറങ്ങുന്ന എന്റെ പ്രിയ കൂട്ടുകാരൻ. നെറ്റിയിൽ പുരികത്തിനോടടുപ്പിച്ചുള്ള മൂന്നിഞ്ച് നീളത്തിലുള്ള ആ പാട് ഞാൻ ഓർത്തെടുത്തു. എന്റെ പെങ്ങളുടെ മാനത്തിനെ ഹനിക്കാൻ വന്നവനെ ഞാനതറിയും മുന്നേ അവന്റെ വീട്ടിൽ കയറി തല്ലി ചതച്ചവൻ, അവിടെ വച്ചുണ്ടായ ബഹളത്തിൽ നെറ്റിയിലേറ്റ ആ മുറിപ്പാട്.
പാർട്ടി യോഗവും കഴിഞ്ഞ് ഏറെ വൈകി ഇന്നലെ അവനോടൊപ്പം തിരിച്ചു വരുമ്പോൾ അവന്റെ അമ്മ ഉറങ്ങാതെ കാത്തിരിപ്പുണ്ടായിരുന്നു. നാളികേരം ചിരകിയിട്ട ചുവന്ന അരിയുടെ അവലും പഴുത്ത പാളയൻകോടൻ പഴവും ശർക്കരയിട്ട കാപ്പിയും മേശപ്പുറത്ത് വച്ച് ഞങ്ങളെ കാത്തിരിക്കുന്ന അവന്റെ അമ്മ.വെളിച്ചം മങ്ങിയ ടോർച്ച് അവിടെ വെപ്പിച്ച് തെങ്ങോല ചൂട്ട് കത്തിച്ചു തരുമ്പോൾ അമ്മ പറഞ്ഞു.
'' സൂക്ഷിച്ച് പോവണം മോനേ, ഇഴജന്തുക്കൾ ഇര തേടുന്ന സമയമാണ്''
ആദ്യത്തെ കുത്ത് ഇടനെഞ്ചിലേക്കായിരുന്നു. ഹൃദയം പിള്ളർന്ന് ചുടുചോര ചീറ്റിയപ്പോൾ ആ ചോരത്തുള്ളികൾ വായിലേക്ക് തെറിച്ചപ്പോൾ മനംപിരട്ടി ശർദ്ദിച്ചു.അന്ന് രാത്രി കഴിച്ച നാളികേരം ചിരകിയിട്ട ചുവന്ന അരിയുടെ അവലും, പാളയംകോടൻ പഴത്തിന്റെ കഷണങ്ങളും എന്റെ ദേഹത്ത് തന്നെ പറ്റിപ്പിച്ചു.
ആദ്യത്തെ കുത്തിന് തന്നെ തീർക്കാൻ ഞാൻ തന്നെയാണ് പാർട്ടി യോഗത്തിൽ നിന്ന് അനുവാദം വാങ്ങിയത്.കമുകിനെ ചുറ്റി പിണഞ്ഞ് കിടക്കുന്ന മുള്ള് വള്ളിയായ ചെടങ്ങയെ ഒറ്റവെട്ടിന് കഷണമാക്കാൻ പഠിപ്പിച്ചതും, പറമ്പിലെ മൂപ്പെത്തിയ വാഴക്കുല നിലത്തിടാതെ വെട്ടാൻ പഠിപ്പിച്ചതും അവനായിരുന്നു.
ഞാൻ പോലുമറിയാതെ എന്റെ അമ്മയ്ക്ക് വിധവാ പെൻഷൻ വാങ്ങിച്ചു തന്നതും, നാട്ടിലേക്കുള്ള റോഡ് വെട്ടാൻ മുന്നിൽ നിന്നതും, വായനശാല എന്ന ആശയം കൊണ്ടുവന്നതും, പെങ്ങൾക്ക് എഞ്ചിനീയറങ്ങിന് സീറ്റ് തരപ്പെടുത്തിത്തന്നതും അവനായിരുന്നു.
പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതി ആരുമറിയാതെ ജില്ലാ കമ്മിറ്റി റിപ്പോർട്ട് ചെയ്തതും, പാർട്ടി ഓഫീസിൽ സെക്രട്ടറി നടത്തിയ അനാശാസ്യം കൈയ്യോടെ പിടികൂടി നാട്ടുകാരെ അറിയിച്ചതും പാർട്ടി വിരുദ്ധമാണ് പ്രിയ കൂട്ടുകാരാ.
പാർട്ടി തീരുമാനമായിരുന്നു പ്രിയ കൂട്ടുകാരാ 'ആരും പാർട്ടിക്കതീതരല്ല '' എന്നുള്ളത്.

James
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo