
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ഏറെ പ്രചാരമുള്ള കാലമാണിത്; വിശേഷിച്ച് ഫെയ്‌സ് ബുക്കിലെ സാഹിത്യഗ്രൂപ്പുകള്‍ക്ക്. എഴുതുന്നത് ഉടനടി പ്രസിദ്ധീകരിക്കാനും അതിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ അപ്പോള്‍ത്തന്നെ കാണാനും കഴിയുന്നു എന്നതാണ് ഇവയുടെ ഗുണം. ഈ വിലയിരുത്തലുകള്‍ പലപ്പോഴും ഉപരിപ്ലവങ്ങളാണെന്ന വസ്തുത മിക്കവാറും എഴുത്തുകാര്‍ക്ക് അറിയില്ല. അതുകൊണ്ട് വികലരചന നടത്തുന്നവര്‍ പോലും നല്ല രചയിതാക്കളായി മാറി എന്നു തെറ്റിദ്ധരിക്കുന്നു. അതൊരു ദുരവസ്ഥയാണ്. ഫെയ്‌സ്ബുക്ക് രചനകള്‍ മാത്രം വായിക്കുന്ന ആളുകള്‍, സാഹിത്യത്തിന്റെ വളര്‍ച്ചയോ പരിണാമമോ തിരിച്ചറിയാത്തവരായി തുടരേണ്ടിവരുന്നു എന്നതാണ് കാരണം.
സാങ്കേതികവളര്‍ച്ചയുടെ സാധ്യത ഉപയോഗപ്പെടുത്തുന്നതോടൊപ്പം ഭാഷയുടെ വളര്‍ച്ചയ്ക്കനുസരിച്ച് ഉയരാനുംകൂടി കഴിഞ്ഞാല്‍, വരുന്ന തലമുറയ്ക്ക് അത് ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല.
എഴുത്തുകാരന്‍ നല്ല വായനക്കാരനായിരുന്നേ മതിയാകൂ. അയാള്‍ മികച്ച പഠിതാവുമായിരിക്കണം. ഉള്ളില്‍, എഴുതാനുള്ള ത്വരയോടൊപ്പം പ്രശസ്തിയാര്‍ജ്ജിക്കാനുള്ള ത്വരയും വളരുന്നതോടെ, പഠിക്കുക എന്ന പ്രാഥമികകര്‍ത്തവ്യം ഫെയ്‌സ്ബുക്ക് രചയിതാക്കള്‍ മറന്നുപോകുന്നു. ലൈക്കുകളുടെയും കമന്റുകളുടെയും അടിമകളായി അവര്‍ മാറിപ്പോകുന്നതാണ് പ്രധാനകാരണം.
പ്രണയം, മരണം, വിശ്വാസവഞ്ചന, പീഡനം എന്നിവയാണ് ഫെയ്‌സ്ബുക്കിലെ മിക്ക രചനകളുടെയും പ്രമേയം. അതിവൈകാരികത ചേര്‍ത്തെഴുതാനാണ് ഭൂരിപക്ഷത്തിനും താല്‍പ്പര്യം. കാരണം, ഫെയ്‌സ്ബുക്കിലൂടെ വായനയാരംഭിക്കുന്നവരെ ആകര്‍ഷിക്കുന്നത് അതാണ്. അവിടെ ഭാഷാനിയമങ്ങളോ ചിഹ്നങ്ങളോ ഉപയോഗിക്കുന്ന പദത്തിന്റെ സാരമോ ഒന്നും പ്രശ്‌നമാകുന്നില്ല.
ജനപ്രിയസാഹിത്യം മാത്രം വായിച്ചുപരിചയമുള്ള ആളുകള്‍ക്കും ഈ രചനകള്‍ ആശ്വാസം നല്‍കും. എന്നാല്‍ ഇത്തരം സാഹിത്യം വായനയുടെയും എഴുത്തിന്റെയുമൊക്കെ അടിസ്ഥാനതലത്തില്‍ നില്‍ക്കുന്നേയുള്ളു എന്നു മനസ്സിലാക്കേണ്ടതുണ്ട്. കൊച്ചുകുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ ഇഷ്ടമാണ്. ബാല്യത്തില്‍ ടോയ് കാര്‍ ഇഷ്ടപ്പെടുന്ന കുട്ടി, മുതിരുമ്പോള്‍ യഥാര്‍ത്ഥ കാര്‍ അന്വേഷിക്കുന്നത് സ്വാഭാവികമാണ്. പണ്ട്, മുട്ടത്തുവര്‍ക്കിയെ വായിച്ചുതുടക്കമിടുന്നവര്‍, ക്രമേണ മൂല്യമുള്ള കൃതികള്‍ അന്വേഷിച്ചുപോയിരുന്നു. അദ്ദേഹം ചെയ്തത്, വായനയുടെ ബാലപാഠം നല്‍കുക എന്ന കര്‍ത്തവ്യമായിരുന്നു. ഈ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ കൃതികള്‍ ഓര്‍മ്മിക്കപ്പെടുന്നുണ്ടെങ്കിലും, പിന്നാലേ വന്ന അത്തരം എഴുത്തുകാരുടെ എത്ര കൃതികള്‍ ഇന്ന് മലയാളത്തില്‍ സ്മരിക്കപ്പെടുന്നുണ്ടെന്നു ചിന്തിക്കുക.
ഒട്ടും ആലോചന ആവശ്യമില്ലാത്ത, പഠനം ആവശ്യമില്ലാത്ത നോവലുകളാണ് ജനപ്രിയസാഹിത്യകൃതികളായി പ്രത്യക്ഷപ്പെടുന്നത്. ഒരുതരം 'യൂസ് ആന്‍ഡ് ത്രോ' സംസ്‌കാരം. പക്ഷേ അത്തരം ജനപ്രിയവാരികകള്‍ക്കുള്ള പ്രചാരത്തിന്റെ പത്തിലൊന്നുപോലും മലയാളത്തിലെ പ്രധാനവാരികകള്‍ക്കൊന്നുമില്ല! അവയില്‍ വരുന്ന ലേഖനങ്ങളോ കഥകളോ കവിതകളോ ഉള്‍ക്കൊള്ളാന്‍ ബോധപൂര്‍വ്വമായ യത്‌നം ആവശ്യമായതുകൊണ്ടാണത്. കുറുക്കുവഴികള്‍ തേടുന്നത് ആളുകളുടെ സ്വഭാവമാണല്ലോ.
ഫെയ്‌സ്ബുക്ക് കവികളില്‍ ഭൂരിപക്ഷവും മൂഢസ്വര്‍ഗത്തിലാണെന്നു പറയാതെ വയ്യ! ലോകത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ളവരായിരുന്നു പണ്ട് കവികള്‍. ആ ഉത്തരവാദിത്വബോധം അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് അവര്‍ നിരന്തരം പഠിച്ചിരുന്നു. ഇന്ന്, ഒരു ദിവസംതന്നെ മൂന്നും നാലും കവിതകളെഴുതുന്നവരുണ്ട്. കുഞ്ഞുണ്ണിമാഷ് പറയുന്നു: 'കാണ്‍മതു കേള്‍പ്പതു നൂറുപറ/ കരളില്‍ക്കൊള്ളുവതാറുപറ/ കവിതയിലാകുവതൊരുപറ- അപ്പറ/ നൂറുപറയ്ക്കും മേലേ താന്‍!' ആവശ്യത്തിനു മനനം ചെയ്താല്‍ മികച്ച രചനകളായിത്തീര്‍ന്നേക്കാവുന്ന അനവധി രചനകള്‍ ഇങ്ങനെ ചാപിള്ളകളായി ഒടുങ്ങിപ്പോകുന്നതിനാല്‍, ഫെയ്‌സ്ബുക്കിനെ കവിതകളുടെ ശവപ്പറമ്പെന്നു വിശേഷിപ്പിക്കാനാണ് എനിക്കു തോന്നുന്നത്.
2017 ല്‍ ഒരുപാട് എഴുത്തുകാരെ വെളിച്ചത്തിലേക്കു കൊണ്ടുവരാന്‍ നല്ലെഴുത്തിനു കഴിഞ്ഞിട്ടുണ്ട്. നിസ്സാരമല്ല അത്. ആ ആഹ്ലാദത്തോടെതന്നെ പറയട്ടെ: വലിച്ചുവാരി എഴുതുന്നതല്ല പ്രതിഭ. ആവശ്യത്തിനു ചിന്തിച്ച്, അവധാനതയോടെയും വിവേകത്തോടെയും എഴുതാനുള്ള ശേഷിയാണത്. അങ്ങനെ വരുമ്പോള്‍ സ്വന്തം രചനയുടെ സവിശേഷതകള്‍ തിരിച്ചറിഞ്ഞ് അതിനു മൂല്യമുണ്ടോ ഇല്ലേ എന്നു വിലയിരുത്താന്‍ എഴുത്തുകാരനുതന്നെ കഴിയും. അനാദിയും അനന്തവുമായ കാലത്തില്‍ പുതുവര്‍ഷം എന്ന സങ്കല്‍പ്പത്തിന് വലിയ പ്രസക്തിയൊന്നുമില്ലെങ്കിലും മനുഷ്യരെ നവീകരിക്കാന്‍ അതിനു കഴിയുമെങ്കില്‍ നല്ലത്. അതിനാല്‍ ഈ വര്‍ഷാദ്യം മുതല്‍ അങ്ങനെ ചെയ്യാന്‍ ഓരോ എഴുത്തുകാരനും കഴിയട്ടെ എന്നാശംസിക്കുന്നു.
Sukaami Prakash
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക