ഒരു സാഹിത്യമത്സരത്തില്‍, കഥയുടെയും കവിതയുടെയും വിധികര്‍ത്താവായിരുന്നു. കോളേജ് തലത്തില്‍ മത്സരിച്ച കുട്ടികള്‍ പലരും മികച്ച രചനകള്‍ തന്നെ നടത്തി. ഫലം പ്രഖ്യാപിച്ച ശേഷം, ഇരുവിഭാഗങ്ങളിലുംനിന്ന് സമ്മാനാര്‍ഹരായ കുട്ടികളെ വിളിച്ച് അഭിനന്ദിച്ചു. അതില്‍ ഒരു കുട്ടിയോട് സഹവിധികര്‍ത്താവ് ഇങ്ങനെ ചോദിച്ചു: 'കുട്ടിയെന്താ, ഫെയ്‌സ് ബുക്ക് കവിയായി മാറാനാണോ തീരുമാനിച്ചിരിക്കുന്നത്?' കുട്ടിയുടെ മുഖം വാടി. ഫെയ്‌സ് ബുക്കില്‍ എഴുതുന്നവര്‍ മോശക്കാരാണെന്ന സൂചന എനിക്ക് ഇഷ്ടപ്പെട്ടില്ല. കുട്ടിയെ ഞാന്‍ സമാധാനിപ്പിച്ചു. പക്ഷേ, മുഖ്യധാരാമാധ്യമങ്ങളിലെ പ്രശസ്തനായ ആ എഴുത്തുകാരന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പിന്നീട് എന്നോടു വിശദീകരിച്ചു. അതില്‍ പ്രധാനപ്പെട്ട ചിലത് ഇവിടെ പങ്കുവയ്ക്കാം. കഥയായാലും കവിതയായാലും, ആദ്യത്തെ വരി മുതല്‍ അനാവശ്യമായി കുത്തുകളിടുന്നത് ഫെയ്‌സ്ബുക്ക് എഴുത്തുകാരുടെ ശൈലിയാണ്. പറയാനുള്ള എന്തോ പറഞ്ഞിട്ടില്ലെന്നും, അത് ഊഹിച്ചെടുക്കാവുന്നതാണെന്നും വരുമ്പോഴാണ് ഈ കുത്തുകള്‍ വേണ്ടത്. നമ്മുടെ നല്ലെഴുത്തില്‍ത്തന്നെ പല രചനകളും ആരംഭിക്കുന്നത് 'ഞാന്‍ സാവിത്രി അന്തര്‍ജ്ജനം....' എന്ന രീതിയിലാണ്. ഇവിടെ ആ കുത്തുകള്‍ എന്തിനാണ്? അതുപോലെ കവിതകളില്‍ വരികള്‍ മുറിക്കുന്നത് എങ്ങനെയെന്നതു സംബന്ധിച്ച അവ്യക്തതയാണ് മറ്റൊന്ന്. ഒരു കവിത 'ഡിസംബറിലെ മഞ്ഞുതുള്ളികളില്‍ നിന്റെ/ കണ്ണുനീര്‍ത്തുള്ളികള്‍/ഞാന്‍ കണ്ടു' എന്ന് വരികള്‍ മുറിച്ചിരിക്കുന്നു. ഇതേ വരികള്‍, 'ഡിസംബറിലെ മഞ്ഞുതുള്ളികളില്‍/ നിന്റെ കണ്ണുനീര്‍ത്തുള്ളികള്‍ ഞാന്‍ കണ്ടു' എന്നു മുറിച്ചാല്‍ അതിന്റെ ഓരോ വരിയിലും ആശയവ്യക്തത വരികയും ഭംഗി കൂടുകയും ചെയ്യും. 'ഞാന്‍ കണ്ടു' എന്നത് അവസാനത്തെ ഒറ്റവരിയാക്കിയാലും തെറ്റില്ല. ഇനിയൊന്ന്, ആരും ചിഹ്നങ്ങളില്‍ താല്‍പ്പര്യം കാണിക്കാത്തവരാണ് എന്നതാണ്. ഒരു സംഭാഷണം എഴുതുമ്പോള്‍ അത് ഉദ്ധരണികള്‍ക്കുള്ളിലാവുന്നതാണ് നല്ലത്. (സംഭാഷണത്തെ വേറിട്ടു കാണിക്കാന്‍ മറ്റു മാര്‍ഗങ്ങളും അവലംബിക്കാം.) കൂടാതെ വേണ്ടയിടങ്ങളില്‍ അര്‍ദ്ധവിരാമം ഉപയോഗിക്കാനും പൂര്‍ണവിരാമം ഉപയോഗിക്കാനും മറന്നുകൂടാ.
പിന്നെയുള്ളത് അക്ഷരത്തെറ്റുകളാണ്. അതിന്റെ പ്രധാനകാരണം, ഒരിക്കല്‍പ്പോലും കടലാസിലോ കമ്പ്യൂട്ടറിലോ എഴുതി നോക്കി തിരുത്താതെ നേരിട്ടു പോസ്റ്റ് ചെയ്യുന്നതാണ്. വൃത്തമോ താളമോ ദീക്ഷിക്കുന്ന കവിതയാണെങ്കില്‍, അത് പൂര്‍ണമായും പാലിക്കേണ്ടതുണ്ട്. ചില്ലറത്തെറ്റുകള്‍ തിരുത്താന്‍ കഴിയും. പക്ഷേ പല വരികളില്‍ പല താളങ്ങളും ക്രമരഹിതമായ അക്ഷരങ്ങളും വന്നാല്‍ കവിത അരോചകമാകും; അത് എത്ര നല്ല ആശയം പ്രദാനം ചെയ്യുന്നതാണെങ്കിലും. (വൈലോപ്പിള്ളിയുടെയോ സുഗതകുമാരിയുടെയോ ഒക്കെ പ്രശസ്തകവിതകള്‍ -പൂര്‍വ്വസൂരികളുടെയെല്ലാം കവിതകള്‍- ക്രമരഹിതമായ അക്ഷരങ്ങള്‍ നിറഞ്ഞതായിരുന്നെങ്കില്‍ അവ ചൊല്ലാന്‍ നമുക്കു കഴിയുമായിരുന്നോ?)
പൊതുവേ പറഞ്ഞതാണ്. ആരെയും വിമര്‍ശിച്ചതല്ല. നല്ലെഴുത്ത് നല്ലെഴുത്തുകള്‍ നിറയേണ്ട ഇടമാണല്ലോ.
നല്ലെഴുത്തിനു വേണ്ടി,
സുകാമി പ്രകാശ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക