Showing posts with label സുകാമിപ്രകാശ്. Show all posts
Showing posts with label സുകാമിപ്രകാശ്. Show all posts

വൃത്തശാസ്ത്രപാഠം 6


അടുത്ത ഛന്ദസ്സ് 16 അക്ഷരങ്ങള്‍ വീതം ഒരു വരിയിലുള്ള അഷ്ടിയാണ്.
1. പഞ്ചചാമരം
ലക്ഷണം: ജരം ജരം ജഗം നിരന്നു പഞ്ചചാമരം വരും. 
(ലക്ഷണം മറ്റൊരു തരത്തിലും പറയാം: ലഗം ലഗം നിരന്നു പത്തുമാറു പഞ്ചചാമരം)
ഉദാഹരണം:
സമര്‍ത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമന്‍ തുടങ്ങിയുള്ള വിജ്ഞരും
അമര്‍ന്നുപോയി കാലചക്രവിഭ്രമത്തിലെങ്കിലീ-
യെനിക്കുപിന്നെയെന്തുശങ്ക, മാറ്റമൊന്നുമില്ലതില്‍
2. അശ്വഗതി
ലക്ഷണം: അഞ്ചു ഭകാരമിഹാശ്വഗതിക്കൊടുവില്‍ ഗുരുവും
ഉദാ:
പദ്മജവല്ലഭതന്നുടെ തൃപ്പദയുഗ്മമതാ-
മുന്‍മിഷദംബുരുഹത്തിലമര്‍ന്ന രജോവിസരം
എന്‍മനമാകിന ദര്‍പ്പണമെപ്പൊഴുതും കഴുകി-
ക്കന്‍മഷമെന്നിയെ നിര്‍മ്മലമാക്കി വിളക്കിടണം.
ഈ ഛന്ദസ്സിലും അധികം ഉപയോഗമില്ലാത്ത വൃത്തങ്ങളുണ്ട്. കൂടുതല്‍ പഠിക്കണമെന്നുള്ളവര്‍ക്കായി അവ വിവരിക്കാം.
ഛന്ദസ്സ് അത്യഷ്ടി. അക്ഷരങ്ങള്‍ 17
1. വൃത്തം: ശിഖരിണി
ലക്ഷണം: യതിക്കാറില്‍ തട്ടും യമനസഭലം ഗം ശിഖരിണീ.
ഉദാ:
അതിക്രൂരം ബാണം കുസുമതതിയില്‍ ചെങ്കനലുപോല്‍
പതിപ്പിച്ചിടൊല്ലാ പരിമൃദുലയാമിമ്മൃഗതനൗ
നിതാന്തം നിസ്സാരം ബത! മൃഗമതിന്‍ ജീവനെവിടെ?
കൃതാന്താ ദൈത്യാനാം, തവ ച കടുബാണങ്ങളെവിടെ?
(ഭാഷാ ശാകുന്തളം)
2. വൃത്തം: മന്ദാക്രാന്താ
ലക്ഷണം: മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ് ഗം
ഉദാ:
പാലിക്കാനായ്ബ്ഭുവനമഖിലം ഭൂതലേ ജാതനായി-
ക്കാലിക്കൂട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭക്ത്യാ
പീലിക്കോലൊന്നടിമലരില്‍നീ കാഴ്ചയായ് വെച്ചിടേണം
മൗലിക്കെട്ടില്‍ തിരുകുമതിനെത്തീര്‍ച്ചയായ്ബ്ഭക്തിദാസന്‍.
ഈ ഛന്ദസ്സിലും ധാരാളം വൃത്തങ്ങളുണ്ട്.
ബാക്കി അടുത്ത പാഠത്തില്‍

By
Sukaami Prakash

വൃത്തശാസ്ത്രപാഠം 4

Image may contain: 1 person, eyeglasses and beard

എണ്ണത്തില്‍ കുറവാണെങ്കിലും നിരവധി സ്‌നേഹിതര്‍ അനുഷ്ടുപ്പു വൃത്തത്തില്‍ എഴുതി ഇന്‍ബോക്‌സില്‍ അയച്ചിരുന്നു. സന്തോഷം. ഈ പാഠം പ്രയോജനപ്പെടുന്നു എന്നു മനസ്സിലാക്കുന്നതിനാല്‍, തുടരുന്നു.
അടുത്ത ഛന്ദസ്സ് 'ബൃഹതി'യാണ്. ഒരു പാദത്തില്‍ 9 അക്ഷരങ്ങള്‍. 
1. വൃത്തം: രമണീയം.
ലക്ഷണം: ചൊല്ലാം മം ന യ രമണീയം.
ഉദാഹരണം:
കുന്ദേന്ദുദ്യുതി രമണീയം
കുന്ദം മൂന്നുലകിതിനെല്ലാം
ചിത്തിന്‍വിത്തൊരു പരതത്ത്വം
ചിത്തത്തില്‍ തെളിവരുളേണം.
2. വൃത്തം: മണിമധ്യം
ലക്ഷണം: കേള്‍ മണിമധ്യം ഭം മസവും
ഉദാഹരണം:
നിര്‍മ്മലശുദ്ധം സ്ഫാടികമാം
നന്‍മണിമധ്യത്തിന്നെതിരാം
വര്‍ണ്ണഗുണത്താല്‍ വര്‍ണ്യമതാം
വാണിയുടംഗം കൈതൊഴുവിന്‍.
3. വൃത്തം: ഫലമുഖി
ലക്ഷണം: രം നസം ഫലമുഖിയതാം.
4. വൃത്തം: ശിശുഭൃത
ലക്ഷണം: നനമശിശുഭൃതാ വൃത്തം
5. വൃത്തം: ഭദ്രിക
ലക്ഷണം: ഭദ്രികാ രനര ചേരുകില്‍.
അടുത്ത ഛന്ദസ്സ് 10 അക്ഷരങ്ങള്‍ ഒരു പാദത്തില്‍ വരുന്ന 'പംക്തി' ആണ്.
1. വൃത്തം: സുമുഖി
ലക്ഷണം: സുമുഖീ സസജത്തൊടേ ഗുരു
2. വൃത്തം: ചമ്പകമാല
ലക്ഷണം: ഭം മസഗം കേള്‍ ചമ്പകമാലാ
ഉദാഹരണം:
ചമ്പകമാലാ ചുംബികപാലാ
ചന്ദ്രസുഫാലാ ചാരു കപോലാ
ഭാസുര ചെമ്മേ ഭാരതി നമ്മെ
കാത്തരുളേണം കീര്‍ത്തി തരേണം.
3. വൃത്തം: മത്താ
ലക്ഷണം: മത്താവൃത്തം മഭസഗ ചേര്‍ന്നാല്‍.
ഇനിയുള്ളവ അധികം ഉപയോഗത്തിലില്ലാത്തവയാണ്:
4. വൃത്തം ശുദ്ധവിരാള്‍ മസം ജഗം.
5. രം ദരം മയൂരസാരിണീ ഗം
6. നരജങ്ങളാല്‍ മനോരമാ.
7. സാരവതിക്കിഹ ഭം ഭഭഗം
8. ചൊല്ലാം സുഷമാ തം യംഭ ഗുരു
അടുത്ത ഛന്ദസ്സ് തൃഷ്ടുപ്പ് ആണ്. ഓരോ പാദത്തിലും 11 അക്ഷരങ്ങള്‍. ഇവിടം മുതലുള്ള വൃത്തങ്ങള്‍ കവികള്‍ ധാരാളമായി ഉപയോഗിച്ചു പോന്നിട്ടുള്ളതാണ്.
1. വൃത്തം: ഇന്ദ്രവജ്ജ്ര
ലക്ഷണം: കേളിന്ദ്രവജ്ജ്രയ്ക്കു തതം ജഗംഗം.
ഉദാ:
ഭക്തപ്രിയത്താല്‍ ഭഗവാനുമങ്ങ-
സ്സല്‍ക്കാരമേല്‍ക്കാനുടനേ തുനിഞ്ഞാന്‍
കെല്‍പ്പോടു മുപ്പാരു മയക്കിയെന്ന
നല്‍ബ്ബാണമദ്ദര്‍പ്പകനും തൊടുത്താന്‍.
2. ഉപേന്ദ്രവജ്ജ്ര
ലക്ഷണം: ഉപേന്ദ്രവജ്ജ്രയ്ക്കു ജതം ജഗം ഗം.
3. ഉപജാതി.
ഇന്ദ്രവജ്ജ്രയും ഉപേന്ദ്രവജ്ജ്രയേയും കൂട്ടിക്കലര്‍ത്തിയാല്‍ കിട്ടുന്നതാണ് ഉപജാതി.
ഉദാഹരണം:
ഭൃംഗാഞ്ജനച്ചാര്‍ത്തൊടു ചേര്‍ത്തു ചാര്‍ത്തി
മുഖത്തിലോമല്‍ത്തിലകം മധുശ്രീ
ചേലൊത്ത ചെഞ്ചായമുഴിഞ്ഞു മെല്ലെ
മിനുക്കിനാള്‍ മാന്തളിരാകുമോഷ്ഠം.
ഈ രീതിയില്‍ മറ്റു ചില വൃത്തങ്ങള്‍ കലര്‍ത്തിയുണ്ടാക്കുന്ന വൃത്തങ്ങളെയും ഉപജാതി എന്നു വിളിക്കും.
4. വൃത്തം: രഥോദ്ധത
ലക്ഷണം: രം നരം ല ഗുരുവും രഥോദ്ധതാ
ഉദാഹരണം:
എത്രവേഗമഖിലം മറന്നു നീ
യാത്ര ചൊന്നു! പിരിയാന്‍ തിടുക്കമോ?!
മാത്രനേരമിവനൊന്നുറങ്ങിയാല്‍
രാത്രിപോലുമിടരാര്‍ന്നു കേഴുവോള്‍!!
(പി പ്രകാശ്)
5. സ്വാഗതയ്ക്കു രനഭം ഗുരു രണ്ടും
6. നാലേഴായ് മം ശാലിനീ തം തഗം ഗം
(ഇവിടെ ശാലിനി എന്ന വൃത്തത്തില്‍ നാലാമത്തെയും ഏഴാമത്തെയും അക്ഷരങ്ങളില്‍ യതി വേണമെന്നാണ് ഉദ്ദേശിക്കുന്നത്. ഇങ്ങനെ സംഖ്യകള്‍ പറയുന്ന അക്ഷരങ്ങളില്‍ യതി വേണമെന്നാണ് നിയമം എന്നു മനസ്സിലാക്കിയിരിക്കണം.)
ഈ ഛന്ദസ്സില്‍ അത്രയേറെ ഉപയോഗത്തിലില്ലാത്ത നിരവധി വൃത്തങ്ങളുണ്ട്. അടിസ്ഥാനപാഠത്തിന് ആവശ്യമില്ലാത്തതിനാല്‍ അവ വിസ്തരിക്കുന്നില്ല.
അടുത്ത പാഠത്തില്‍ തുടരാം.

വൃത്തശാസ്ത്രപാഠങ്ങള്‍

Image may contain: 1 person, eyeglasses and beard

പാഠം 3

പദ്യങ്ങള്‍ രചിക്കാം!
ആദ്യത്തെ രണ്ടു പാഠങ്ങളും മനസ്സിരുത്തി വായിച്ചിട്ടുണ്ടെങ്കില്‍ ഇനി മുതലുള്ളവ എളുപ്പവും രകസകരവുമാണ്. കാരണം, സ്വന്തം നിലയ്ക്ക് പദ്യങ്ങള്‍ കുറിയ്ക്കാന്‍ അവ സഹായിക്കും. (കവിത എന്നു ഞാന്‍ പറഞ്ഞില്ല എന്നതു ശ്രദ്ധിക്കുക.)
മൂന്നക്ഷരങ്ങള്‍ വീതം വരുന്ന നിരവധി വാക്കുകളുടെ ഗണം എന്താണെന്ന് പെട്ടെന്നു പറയുന്ന ഒരു വിനോദമത്സരം പണ്ടുണ്ടായിരുന്നു. ശ്ലോകരചനയില്‍ വലിയ സഹായം ചെയ്യാന്‍ അതിനു കഴിയും. ഓരോരുത്തര്‍ക്കും സ്വന്തം നിലയ്ക്കും അതാലോചിക്കാവുന്നതാണ്.
സമവൃത്തങ്ങള്‍:
മുമ്പ് സൂചിപ്പിച്ചതുപോലെ എല്ലാ പാദങ്ങളിലും ഗണങ്ങളും അക്ഷരങ്ങളും തുല്യമായി വരുന്ന വൃത്തങ്ങളാണ് സമവൃത്തങ്ങള്‍. ഉക്ത, അത്യുക്ത, മധ്യ, പ്രതിഷ്ഠ, സുപ്രതിഷ്ഠ, ഗായത്രി, ഉഷ്ണിക് എന്നീ ഛന്ദസ്സുകളില്‍ യഥാക്രമം 1 മുതല്‍ 7 വരെ അക്ഷരങ്ങളാണ് ഓരോ പാദത്തിലും വരിക എന്നു പറഞ്ഞിരുന്നല്ലോ. ഈ വൃത്തങ്ങള്‍ സാധാരണഗതിയില്‍ കവികള്‍ ഉപയോഗിക്കാറില്ല. കാരണം, ആശയം വ്യക്തമാക്കാനുള്ള ഇടം ഇവയില്‍ വളരെ കുറവാണ്. അതുകൊണ്ട് അനുഷ്ടുപ്പ് (8) എന്ന ഛന്ദസ്സ് മുതലാണ് ഇവിടെയും പറയാനുദ്ദേശിക്കുന്നത്.
1. അനുഷ്ടുപ്പ്‌:
1.1 വിദ്യുന്‍മാലാ
അനുഷ്ടുപ്പ് ഛന്ദസ്സിലെ ആദ്യവൃത്തമാണ് വിദ്യുന്‍മാല.
ലക്ഷണം: മം മം ഗം ഗം വിദ്യുന്‍മാലാ. ഇതിന് മധ്യത്തില്‍ യതി (നിര്‍ത്ത്) വേണം. അതായത് നാലാമക്ഷരം കഴിഞ്ഞ്.
ഉദാഹരണം:
വിദ്യുന്‍മാലാ സൗന്ദര്യത്തി-
ന്നുദ്ദാമത്വം വര്‍ദ്ധിപ്പിക്കും
ഉദ്യോതത്താലുദ്ദീപിക്കും
വാഗ്‌ദേവിക്കായ് വന്ദിക്കുന്നേന്‍.
1.2 ചിത്രപദാ
ലക്ഷണം: ഭം ഭഗ ചിത്രപദാ ഗം
ഉദാഹരണം:
ചീര്‍ത്തൊരു ചിത്രപദാര്‍ത്ഥം
ചേര്‍ത്തുരു ചാരു കവിത്വം
ചിത്തമതിങ്കലുദിപ്പാന്‍
ചിത്തനു വാണി തുണയ്ക്ക!
1.3 മാണവകം
ലക്ഷണം: മാണവകം ഭം തലഗം
1.4 സമാനികാ
ലക്ഷണം: രം സമാനികാ ജഗം ല
1.5 പ്രമാണികാ
ലക്ഷണം: പ്രമാണികാ ജരം ലഗം
ഉദാഹരണം:
പ്രമാണികള്‍ക്കുമുത്തമ-
പ്രമാണമാം ഭവല്‍പ്പദം
വണങ്ങിടുന്നു ഞാനിതാ
വണക്കമോടു ഭാരതീ.
(ഈ വൃത്തത്തിന്റെ രണ്ടു പാദങ്ങള്‍ ചേര്‍്ന്നാല്‍ പഞ്ചചാമരം എന്ന വൃത്തത്തിന്റെ ഒരു പാദം കിട്ടും. ആ വൃത്തം പിന്നാലെ വരും.)
1.6 നാരാചികാ
ലക്ഷണം: നാരാചികാ തരം ലഗം
1.7 കബരീ
ലക്ഷണം: തം ജം ലഗവും കബരീ
1.8 ഹംസരുത
ലക്ഷണം: മം നം ഹംസരുത ഗം ഗം
1.9 വിതാനം
ലക്ഷണം: ജതം വിതാനം ഗഗം കേള്‍
1.10 നാഗരികം
ലക്ഷണം: നാഗരികം ഭരം ലഗം
വ്യക്തമായി ക്രമമില്ലാതെയും, ഒരു പാദത്തില്‍ 8 അക്ഷരങ്ങള്‍ വരത്തക്കവിധത്തില്‍ എഴുതിയിട്ടുള്ള അനുഷ്ടുപ്പ് പദ്യങ്ങള്‍ കാണാം. അവയ്ക്ക് പൊതുവേ 'വക്ത്രം' എന്നു പറയുന്നു. ഇവയില്‍ത്തന്നെ വീണ്ടും ചില സവിശേഷതകള്‍ കണ്ടെത്തി സാമാന്യവത്ക്കരിച്ചിട്ടുണ്ട്. അവയൊന്നും ഇക്കാലത്ത് അത്ര പ്രസക്തമല്ലാത്തതിനാല്‍ പറയുന്നില്ല.
പൊതുവേ കവികള്‍ ഉപയോഗിക്കുന്നവയില്‍ ഏറ്റവും അക്ഷരങ്ങള്‍ കുറവുള്ള, ഏറ്റവും ചെറിയ ഛന്ദസ്സാണ് അനുഷ്ടുപ്പ് എന്നു പറഞ്ഞല്ലോ. അവയില്‍ത്തന്നെ കൂടുതല്‍ ഉപയോഗിച്ചു വരാറുള്ള വൃത്തങ്ങള്‍ക്കാണ് ഉദാഹരണം പറഞ്ഞിട്ടുള്ളത്. മറ്റുള്ളവയ്ക്കുമുണ്ട് പദ്യങ്ങള്‍.
ലക്ഷണങ്ങളെല്ലാം അതതു വൃത്തത്തില്‍ത്തന്നെയാണ്. അതുകൊണ്ട് ലക്ഷണം ചൊല്ലി നോക്കുമ്പോള്‍, വൃത്തത്തിന്റെ സ്വഭാവവും കിട്ടും.
ഏറ്റവും സാഹസികമായ, ഏറ്റവും രസകരമായ ഒരു ഉദ്യമത്തിലേക്ക് ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്: ഇപ്പറഞ്ഞ വൃത്തങ്ങളില്‍ ഏതിലെങ്കിലും നിങ്ങളുടെ ഓരോ ചിന്തയെ എഴുതുക. ഉദാഹരണത്തിന് പ്രണയം എന്ന വിഷയമെടുക്കാം. നാലു വരികളില്‍, അതായത് 32 അക്ഷരങ്ങള്‍ കൊണ്ട് (8x4) അത് അവതരിപ്പിക്കണം. മുകളില്‍ പറഞ്ഞ അനുഷ്ടുപ്പു വൃത്തങ്ങളില്‍ ഏറ്റവും യുക്തമെന്നു നിങ്ങള്‍ക്കു തോന്നുന്ന ഏതു വൃത്തവും ഉപയോഗിക്കാം.
നമുക്ക് ശ്ലോകങ്ങള്‍ രചിച്ചു തുടങ്ങാം!

വൃത്തശാസ്ത്രപാഠം

Image may contain: 1 person, eyeglasses and beard

നിരവധി സുഹൃത്തുക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഈ സാഹസത്തിനു മുതിരുന്നത്. 'നല്ലെഴുത്ത്' ഗ്രൂപ്പിലെ വാസനാസമ്പന്നരായ കവികള്‍ പലരും വൃത്തസംബന്ധിയായ സംശയങ്ങള്‍ ഉന്നയിക്കാറുണ്ട്. കവിയാകാന്‍ വൃത്തശാസ്ത്രം പഠിക്കണമെന്നില്ല. കവിതയ്ക്ക് വൃത്തം നിര്‍ബ്ബന്ധവുമല്ല. എന്നാല്‍ വൃത്തനിബദ്ധമായി എഴുതണമെങ്കില്‍ ഒരാള്‍ക്ക് പദസമ്പത്ത് നിര്‍ബ്ബന്ധമാണ്. മലയാളത്തില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വാക്കുകളെയും പ്രയോഗങ്ങളെയും ഒരു പരിധി വരെയെങ്കിലും പിടിച്ചുനിര്‍ത്താന്‍ വൃത്തനിബദ്ധരചനകള്‍ സഹായിക്കും.
ഏ ആര്‍ രാജരാജവര്‍മ്മയുടെ 'വൃത്തമഞ്ജരി' യെ അധികരിച്ചാണ് ഈ പാഠങ്ങളെല്ലാം. തുടക്കം മുതല്‍ ശ്രദ്ധയോടെ പിന്‍തുടര്‍ന്നാല്‍ ഒരു സാമാന്യധാരണ സൃഷ്ടിച്ചെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നമുക്ക് ശ്രമിച്ചു നോക്കാം. താളവും ഈണവുമുള്ള കവിതകള്‍ എഴുതുന്നതെങ്ങനെയെന്നാണ് ഭൂരിപക്ഷത്തിന്റെയും സംശയം. സംസ്‌ക്കൃതവൃത്തപരിശീലനത്തിലൂടെ ഭാഷാവൃത്തത്തിലെത്തിച്ചേരുമ്പോള്‍ അത് എളുപ്പമായിത്തീരും.
പാഠം 1
വാക്യങ്ങള്‍ രണ്ടു വിധമുണ്ട്: ഗദ്യവും പദ്യവും. ഒരു പാദത്തില്‍ എത്ര അക്ഷരം വേണമെന്നും, ഏതൊക്കെ അക്ഷരങ്ങള്‍ ലഘുക്കളായിരിക്കണമെന്നും, ഏതൊക്കെ അക്ഷരങ്ങള്‍ ഗുരുക്കളായിരിക്കണമെന്നും, എവിടെയൊക്കെ യതി (നിര്‍ത്ത്) വേണമെന്നുമുള്ള നിബന്ധനകളോടെ എഴുതുന്ന വാക്യം പദ്യമാണ്. അത്തരം നിബന്ധനകളില്ലാത്തത് ഗദ്യവും.
സാധാരണയായി ലോകവ്യവഹാരത്തിന് നമ്മള്‍ ഉപയോഗിക്കുന്നത് ഗദ്യമാണ്.
കാവ്യമെല്ലാം പദ്യമായിരിക്കണമെന്നോ പദ്യമെല്ലാം കാവ്യമായിരിക്കണമെന്നോ നിര്‍ബ്ബന്ധമില്ല. പദ്യലക്ഷണം വൃത്തശാസ്ത്രത്തെയും, കാവ്യലക്ഷണം സാഹിത്യശാസ്ത്രത്തെയും ആശ്രയിച്ചു നില്‍ക്കുന്നു. കാവ്യമല്ലാത്ത പദ്യത്തെ സംസ്‌ക്കൃതത്തില്‍ 'കാരിക' എന്നു പറയും.
പദ്യം നിര്‍മ്മിക്കാനുള്ള തോതാണ് വൃത്തം. ഒരു പാദത്തില്‍ എത്ര അക്ഷരം വേണം എന്ന നിബന്ധനയാണ് ഛന്ദസ്സ്. ഒരു പദ്യപാദത്തില്‍ 1 മുതല്‍ 26 അക്ഷരങ്ങള്‍ വരെയാകാം. അതുകൊണ്ട് ആകെയുള്ളത് 26 ഛന്ദസ്സുകളാണ്. ഒരേ ഛന്ദസ്സില്‍ത്തന്നെ, ഗുരു-ലഘു അക്ഷരങ്ങള്‍ പല വിധത്തില്‍ ക്രമപ്പെടുത്താന്‍ കഴിയുന്നതുകൊണ്ട് നിരവധി വൃത്തങ്ങളുണ്ടാകും.
26 ഛന്ദസ്സുകള്‍ (ബ്രായ്ക്കറ്റില്‍ അവയിലെ ഓരോ പാദത്തിലെയും അക്ഷരങ്ങളുടെ എണ്ണം):
ഉക്ത (1), അത്യുക്ത (2), മധ്യ (3), പ്രതിഷ്ഠ (4), സുപ്രതിഷ്ഠ (5), ഗായത്രി (6), ഉഷ്ണിക്ക് (7), അനുഷ്ടുപ്പ് (8), ബൃഹതി (9), പങ്ക്തി (10), ത്രിഷ്ടുപ്പ് (11), ജഗതി (12), അതിജഗതി (13), ശക്വരി (14), അതിശക്വരി (15), അഷ്ടി (16), അത്യഷ്ടി (17), ധൃതി (18), ആതിധൃതി (19), കൃതി (20), പ്രകൃതി (21), ആകൃതി (22), വികൃതി (23), സംകൃതി (24), അഭികൃതി (25), ഉത്കൃതി (26)
ഒരു പാദത്തില്‍ 26 അക്ഷരങ്ങള്‍ക്കു മുകളില്‍ വന്നാല്‍ അതിനെ 'ദണ്ഡകം' എന്നു വിളിക്കും.
വൃത്തശാസ്ത്രത്തില്‍, സ്വരങ്ങളെ മാത്രമേ അക്ഷരമായി കണക്കിലെടുക്കൂ. സ്വരമില്ലാതെ നില്‍ക്കുന്ന വ്യഞ്ജനം എണ്ണുകയില്ല. 'കണ്‍മിഴിച്ചവള്‍ നോക്കിനാള്‍' എന്ന വരിയില്‍ എട്ടു സ്വരമേയുള്ളു; എട്ടക്ഷരങ്ങളും. 'ണ്‍', 'ള്‍' എന്നീ ചില്ലക്ഷരങ്ങള്‍ എണ്ണത്തില്‍ പെടുന്നില്ല. 'കണ്‍' എന്നും 'നാള്‍' എന്നുമുള്ളത് ഒറ്റയക്ഷരങ്ങളാണ്.
'ഹ്രസ്വാക്ഷരം ലഘുവാണ്; ദീര്‍ഘമായത് ഗുരുവും.
അനുസ്വാരം, വിസര്‍ഗ്ഗം, തീവ്രയത്‌നമാവശ്യമുള്ള ചില്ലക്ഷരം, കൂട്ടക്ഷരം എന്നിവ പിന്നാലെ വന്നാല്‍ ഹ്രസ്വാക്ഷരവും ഗുരുവായിത്തീരും.'
കരുണ- എല്ലാം ഹ്രസ്വം, അതുകൊണ്ട് എല്ലാം ലഘു
ഭംഗം- രണ്ടക്ഷരത്തിനും പിന്നാലെ അനുസ്വാരം വന്നിരിക്കുന്നതിനാല്‍ രണ്ടും ഗുരു.
മലര്‍പ്പൊടിയില്‍ 'ര്‍' തീവ്രയത്‌നമാവശ്യമുള്ളതാണ് അതുകൊണ്ട് ല ഗുരുവാണ്. എന്നാല്‍ മലര്‍മാലയില്‍, പ്രയത്‌നം തീവ്രമല്ല, ലഘുവാണ്. അതുകൊണ്ട് ഇവിടെ ല ലഘുവാണ്.
(ഇങ്ങനെ നിരവധി വാക്കുകള്‍ എഴുതി, അവയില്‍ ഏതെല്ലാം ലഘുവാണ്, ഏതെല്ലാം ഗുരുവാണ് എന്നു നിര്‍ണയിച്ചു നോക്കുക.
അടുത്ത പാഠത്തില്‍, പദ്യരചനയുടെ മറ്റു സാങ്കേതികതകള്‍ പരിചയിക്കാം.)

By: Sukaami Prakash

എല്ലാം പറയില്ല!


എല്ലാം പറയില്ല!
ഇത്രമാത്രം പറയാം: കിഴക്കൊരു
ചിത്രസൈകതഭൂമിയില്‍ വച്ചവള്‍
തന്നതാണീയെഴുത്താണി; യക്ഷരം
തീര്‍ന്നുപോയാല്‍ മടക്കിക്കൊടുക്കണം.
കാലമായെന്നറിയുന്നു; ശൂന്യമാം
താളിയോലയ്ക്കു മുമ്പില്‍ വിനമ്രനായ്
എത്രനാളായിരിക്കുന്നു! കണ്ണുനീര്‍
മാത്രമൂറുന്നു; തോല്‍ക്കുന്നു സന്തതം.
എങ്കിലും തെല്ലൊരാനന്ദമുണ്ട, വള്‍
സങ്കടങ്ങളെ സ്വപ്‌നങ്ങളാക്കുവോള്‍!
വര്‍ണബന്ധുരമാം പുളിനത്തില്‍നി-
ന്നെന്നെ വീണ്ടും പറഞ്ഞയക്കില്ലവള്‍!

By
Sukaami Prakash

ചില നല്ലെഴുത്തുചിന്തകള്‍.


ഒരു സാഹിത്യമത്സരത്തില്‍, കഥയുടെയും കവിതയുടെയും വിധികര്‍ത്താവായിരുന്നു. കോളേജ് തലത്തില്‍ മത്സരിച്ച കുട്ടികള്‍ പലരും മികച്ച രചനകള്‍ തന്നെ നടത്തി. ഫലം പ്രഖ്യാപിച്ച ശേഷം, ഇരുവിഭാഗങ്ങളിലുംനിന്ന് സമ്മാനാര്‍ഹരായ കുട്ടികളെ വിളിച്ച് അഭിനന്ദിച്ചു. അതില്‍ ഒരു കുട്ടിയോട് സഹവിധികര്‍ത്താവ് ഇങ്ങനെ ചോദിച്ചു: 'കുട്ടിയെന്താ, ഫെയ്‌സ് ബുക്ക് കവിയായി മാറാനാണോ തീരുമാനിച്ചിരിക്കുന്നത്?' കുട്ടിയുടെ മുഖം വാടി. ഫെയ്‌സ് ബുക്കില്‍ എഴുതുന്നവര്‍ മോശക്കാരാണെന്ന സൂചന എനിക്ക് ഇഷ്ടപ്പെട്ടില്ല. കുട്ടിയെ ഞാന്‍ സമാധാനിപ്പിച്ചു. പക്ഷേ, മുഖ്യധാരാമാധ്യമങ്ങളിലെ പ്രശസ്തനായ ആ എഴുത്തുകാരന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പിന്നീട് എന്നോടു വിശദീകരിച്ചു. അതില്‍ പ്രധാനപ്പെട്ട ചിലത് ഇവിടെ പങ്കുവയ്ക്കാം. കഥയായാലും കവിതയായാലും, ആദ്യത്തെ വരി മുതല്‍ അനാവശ്യമായി കുത്തുകളിടുന്നത് ഫെയ്‌സ്ബുക്ക് എഴുത്തുകാരുടെ ശൈലിയാണ്. പറയാനുള്ള എന്തോ പറഞ്ഞിട്ടില്ലെന്നും, അത് ഊഹിച്ചെടുക്കാവുന്നതാണെന്നും വരുമ്പോഴാണ് ഈ കുത്തുകള്‍ വേണ്ടത്. നമ്മുടെ നല്ലെഴുത്തില്‍ത്തന്നെ പല രചനകളും ആരംഭിക്കുന്നത് 'ഞാന്‍ സാവിത്രി അന്തര്‍ജ്ജനം....' എന്ന രീതിയിലാണ്. ഇവിടെ ആ കുത്തുകള്‍ എന്തിനാണ്? അതുപോലെ കവിതകളില്‍ വരികള്‍ മുറിക്കുന്നത് എങ്ങനെയെന്നതു സംബന്ധിച്ച അവ്യക്തതയാണ് മറ്റൊന്ന്. ഒരു കവിത 'ഡിസംബറിലെ മഞ്ഞുതുള്ളികളില്‍ നിന്റെ/ കണ്ണുനീര്‍ത്തുള്ളികള്‍/ഞാന്‍ കണ്ടു' എന്ന് വരികള്‍ മുറിച്ചിരിക്കുന്നു. ഇതേ വരികള്‍, 'ഡിസംബറിലെ മഞ്ഞുതുള്ളികളില്‍/ നിന്റെ കണ്ണുനീര്‍ത്തുള്ളികള്‍ ഞാന്‍ കണ്ടു' എന്നു മുറിച്ചാല്‍ അതിന്റെ ഓരോ വരിയിലും ആശയവ്യക്തത വരികയും ഭംഗി കൂടുകയും ചെയ്യും. 'ഞാന്‍ കണ്ടു' എന്നത് അവസാനത്തെ ഒറ്റവരിയാക്കിയാലും തെറ്റില്ല. ഇനിയൊന്ന്, ആരും ചിഹ്നങ്ങളില്‍ താല്‍പ്പര്യം കാണിക്കാത്തവരാണ് എന്നതാണ്. ഒരു സംഭാഷണം എഴുതുമ്പോള്‍ അത് ഉദ്ധരണികള്‍ക്കുള്ളിലാവുന്നതാണ് നല്ലത്. (സംഭാഷണത്തെ വേറിട്ടു കാണിക്കാന്‍ മറ്റു മാര്‍ഗങ്ങളും അവലംബിക്കാം.) കൂടാതെ വേണ്ടയിടങ്ങളില്‍ അര്‍ദ്ധവിരാമം ഉപയോഗിക്കാനും പൂര്‍ണവിരാമം ഉപയോഗിക്കാനും മറന്നുകൂടാ.
പിന്നെയുള്ളത് അക്ഷരത്തെറ്റുകളാണ്. അതിന്റെ പ്രധാനകാരണം, ഒരിക്കല്‍പ്പോലും കടലാസിലോ കമ്പ്യൂട്ടറിലോ എഴുതി നോക്കി തിരുത്താതെ നേരിട്ടു പോസ്റ്റ് ചെയ്യുന്നതാണ്. വൃത്തമോ താളമോ ദീക്ഷിക്കുന്ന കവിതയാണെങ്കില്‍, അത് പൂര്‍ണമായും പാലിക്കേണ്ടതുണ്ട്. ചില്ലറത്തെറ്റുകള്‍ തിരുത്താന്‍ കഴിയും. പക്ഷേ പല വരികളില്‍ പല താളങ്ങളും ക്രമരഹിതമായ അക്ഷരങ്ങളും വന്നാല്‍ കവിത അരോചകമാകും; അത് എത്ര നല്ല ആശയം പ്രദാനം ചെയ്യുന്നതാണെങ്കിലും. (വൈലോപ്പിള്ളിയുടെയോ സുഗതകുമാരിയുടെയോ ഒക്കെ പ്രശസ്തകവിതകള്‍ -പൂര്‍വ്വസൂരികളുടെയെല്ലാം കവിതകള്‍- ക്രമരഹിതമായ അക്ഷരങ്ങള്‍ നിറഞ്ഞതായിരുന്നെങ്കില്‍ അവ ചൊല്ലാന്‍ നമുക്കു കഴിയുമായിരുന്നോ?)
പൊതുവേ പറഞ്ഞതാണ്. ആരെയും വിമര്‍ശിച്ചതല്ല. നല്ലെഴുത്ത് നല്ലെഴുത്തുകള്‍ നിറയേണ്ട ഇടമാണല്ലോ. 

നല്ലെഴുത്തിനു വേണ്ടി, 
സുകാമി പ്രകാശ്.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo