
നടന്‍, നിര്‍മാതാവ്, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ശ്രീ തമ്പി ആന്റണി(Thampy Antony). അദ്ദേഹം എഴുതിയ 'ക്വൊട്ടേഷന്‍' എന്ന കഥയാണ് ഇത്തവണ 'ടീം നല്ലെഴുത്ത്' വിശകലനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്.
അസംതൃപ്തമായ കുടുംബബന്ധങ്ങളിലേക്കും വ്യാപകമായിക്കൊണ്ടിരിക്കുന്ന ക്വൊട്ടേഷന്‍ സംസ്‌കാരത്തിലേക്കുമാണ് കഥാകാരന്‍ വായനക്കാരന്റെ ശ്രദ്ധ ക്ഷണിക്കുന്നത്. അപൂര്‍വ്വമാണ് ഈ പ്രമേയമെന്നതില്‍ കഥാകാരന് അഭിമാനിക്കാം.
കറിയാച്ചന്‍ എന്നറിയപ്പെടുന്ന സക്കറിയ പോത്തനും ഭാര്യയും തമ്മില്‍ കടുത്ത അഭിപ്രായഭിന്നതകളുണ്ട്. അവരുടെ ഏകമകന്‍ തേജസിന് ഇക്കാര്യമറിയാം. അര്‍ദ്ധരാത്രിയില്‍ ഉറക്കമില്ലാതിരുന്ന് മൊബൈല്‍ ഫോണില്‍ എലിസബത്ത് സംസാരിക്കുന്നത് കാമുകന്‍മാരുമായാണെന്നാണ്, മദ്യപനായ കറിയാച്ചന്റെ ഊഹം. വഴക്കിന്റെ മൂര്‍ദ്ധന്യത്തില്‍, കറിയാച്ചന്റെ കഴുത്തിനു കുത്തിപ്പിടിച്ച കരുത്തയായ എലിസബത്തിനെ കറിയാച്ചനു ഭയവുമുണ്ട്. അവളെ ഒരു പാഠം പഠിപ്പിക്കാന്‍ കറിയാച്ചന്‍ തീരുമാനിച്ചു. അതിനയാള്‍, പുലിമുരളി എന്ന ക്വൊട്ടേഷന്‍കാരനെ സമീപിക്കുന്നു. ആദ്യം ഒരു കൈ വെട്ടാനുള്ള ക്വൊട്ടേഷന്‍ നല്‍കാമെന്നു തീരുമാനിച്ചിരുന്നെങ്കിലും, കൈയില്ലാത്ത ഭാര്യയുടെ ചികിത്സയ്ക്കും ശുശ്രൂഷയ്ക്കുമായി സമയവും പണവും ചെലവുചെയ്യേണ്ടിവരുമെന്നു മനസ്സിലാക്കിയ കറിയാച്ചന്‍, അവളെ കിഡ്‌നാപ്പ് ചെയ്താല്‍ മതിയെന്നു പുലിമുരളിയോടു പറഞ്ഞു. കരാര്‍ ഏറ്റെടുത്തതിന്റെ അടുത്ത ദിവസം, എലിസബത്തും മകനും അപ്രത്യക്ഷരായി. രണ്ടു ദിവസങ്ങള്‍ക്കുശേഷം കറിയാച്ചന്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
എന്നാല്‍ അതിനടുത്ത ദിവസം എലിസബത്ത് മകനുമായി തിരിച്ചെത്തി. കറിയാച്ചനെ കളിയാക്കിച്ചിരിച്ച് മുറിയിലേക്കു പോയ അവള്‍, ആ രാത്രി സുഖമായി കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുന്നതായി കറിയാച്ചന്‍ കണ്ടെത്തുന്നിടത്ത് കഥ അവസാനിക്കുന്നു.
എലിസബത്തിന്റെ തൃഷ്ണകള്‍ക്കു ശമനം വരുത്താന്‍, പുലിമുരളിക്കു കഴിഞ്ഞു എന്ന സൂചനയാണ് കഥാകൃത്ത് നല്‍കുന്നത്. കടുത്ത ലൈംഗികദാരിദ്ര്യം കുടുംബബന്ധങ്ങളെ ശിഥിലമാക്കുമെന്ന വസ്തുതയിലാണ് കഥയുടെ ഊന്നല്‍. ക്വൊട്ടേഷന്‍ നടത്തുന്ന സാമൂഹ്യവിരുദ്ധനാണെങ്കിലും, ഒരു സ്ത്രീയുടെ ലൈംഗികകാമനകളെ തൃപ്തിപ്പെടുത്താന്‍ തികച്ചും അപരിചിതനായ അയാള്‍ മതിയാകുമെന്ന കണ്ടെത്തല്‍, ഉപരിപ്ലവമായിത്തീരുന്ന ഭാര്യാഭര്‍തൃബന്ധങ്ങളിലേക്കു വിരല്‍ ചൂണ്ടുന്നു. അസ്വസ്ഥതയുണ്ടാക്കുന്നതാണത്. ആ അസ്വസ്ഥത സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ കഥാകൃത്ത് വിജയിച്ചിരിക്കുന്നു.
ശ്രീ തമ്പി ആന്റണിയെപ്പോലെ പരിണതപ്രജ്ഞനായ എഴുത്തുകാരനു സംഭവിച്ചുകൂടാത്ത ചില പിഴവുകള്‍ ഇക്കഥയിലുണ്ടെന്നു പറയാതിരിക്കാനാവില്ല. കറിയാച്ചന്‍ പരാതി കൊടുത്തത് പുത്തന്‍കുരിശ് പോലീസ് സ്‌റ്റേഷനിലാണെന്നു കഥയുടെ തുടക്കത്തില്‍ത്തന്നെ പ്രസ്താവിച്ചിരിക്കുന്നത് ഒടുവിലായപ്പോള്‍ പള്ളിക്കര സ്റ്റേഷനായി മാറി! ഭാര്യയും ഭര്‍ത്താവും തമ്മില്‍ 'സ്വരച്ചേര്‍ച്ചയുണ്ടായിരുന്നു' എന്ന പ്രസ്താവം തെറ്റാണ്. അവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലായിരുന്നല്ലോ. വസ്തുതാപരമായ ഒരു പിശക്, ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയാല്‍, അവളെ കണ്ടെത്താതെ ആ പരാതി പിന്‍വലിക്കാന്‍ നിയമം അനുവദിക്കുന്നില്ല എന്നതാണ്.
കഥയിലെമ്പാടും വ്യാപിച്ചുകിടക്കുന്ന അക്ഷരപ്പിശകുകള്‍ക്ക് കഥാകാരനെ കുറ്റം പറയുന്നില്ല. പത്രാധിപര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു അവ.
ലൈംഗികദാരിദ്ര്യംകൊണ്ട് അസ്വസ്ഥതയനുഭവിക്കുന്ന ഒരു വീട്ടമ്മയുടെ കഥ കുറച്ചുനാള്‍ മുമ്പ് സക്കറിയ മാതൃഭൂമിയില്‍ എഴുതിയിരുന്നു എന്നുകൂടി സൂചിപ്പിക്കട്ടെ. ആ കഥയില്‍, ഒരു വൈദ്യരാണ് വീട്ടമ്മയുടെ 'അസുഖം' മാറ്റുന്നത്! അതും ഭര്‍ത്താവിനെ പച്ചമരുന്നു ശേഖരിക്കാന്‍ പറഞ്ഞയച്ച ശേഷം!
'ക്വൊട്ടേഷന്‍' എന്ന ഈ കഥയ്ക്ക് അതുമായി ബന്ധമൊന്നുമില്ല. പ്രമേയത്തിലെ സാമ്യം ചൂണ്ടിക്കാണിച്ചു എന്നുമാത്രം.
ഏതായാലും പ്രണയം, വിരഹം, പഴമയിലേക്കുള്ള മടക്കം എന്നിങ്ങനെയുള്ള പതിവു പ്രമേയങ്ങള്‍ക്കു പകരം പുതിയ ബിംബങ്ങളിലേക്കും ജീവിതനിരീക്ഷണങ്ങളിലേക്കും വായനക്കാരനെ കൂട്ടിക്കൊണ്ടു പോയതിന് കഥാകാരന്‍ അഭിനന്ദനമര്‍ഹിക്കുന്നു. നല്ലെഴുത്തിലെ എഴുത്തുകാരന്‍കൂടിയായ ശ്രീ തമ്പി ആന്റണിയില്‍നിന്ന് മികച്ച രചനകള്‍ പ്രതീക്ഷിക്കുന്നു.
By Sukaami Prakash
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക