Slider

'കാടു കത്തുമ്പോള്‍' എന്ന കഥയെപ്പറ്റി. (രചന: അശ്വതി -Aswathy Vs V S)

0


കാടു കത്തുമ്പോള്‍' എന്ന കഥയെപ്പറ്റി.
(രചന: അശ്വതി -Aswathy Vs V S)
ഭ്രമാത്മകമായ ഇക്കഥ, മായക്കാഴ്ചകളെ സ്‌നേഹിക്കുകയും അവയെ വ്യാഖ്യാനിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നവരെ ആകര്‍ഷിക്കും. ഭാവനാശാലിനിയാണ് കഥാകാരി. ചരിത്രവും സങ്കല്‍പ്പവും കൂട്ടിയിണക്കി കഥ പറയാനുള്ള വിരുത് കഥയില്‍ ദൃശ്യമാണ്. അതിനായി നടത്തിയിട്ടുള്ള പ്രയത്‌നം ശ്ലാഘനീയം. 
ധനുമാസക്കുളിരുള്ള ഒരു പ്രഭാതത്തില്‍, പ്രധാനകഥാപാത്രവും മൂന്നു വയസ്സുള്ള കുട്ടിയുടെ അമ്മയുമായ യുവതി കാണുന്ന സ്വപ്‌നമാണ് കഥയില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. കേരളവര്‍മ്മ പഴശ്ശിരാജയുടെ ചരിത്രത്തെക്കുറിച്ചു ബോധവതിയായ ആ യുവതി, സ്വപ്‌നത്തില്‍ പഴശ്ശിരാജയുടെ കല്‍പ്രതിമയ്ക്കു മുമ്പിലെത്തുന്നു. പ്രതിമയുടെ മൂക്കില്‍നിന്നു വന്ന പുകച്ചുരുളുകളില്‍നിന്ന് ഏഴു വയസ്സുകാരനായ ഒരു ബാലന്‍ പ്രത്യക്ഷപ്പെടുകയും അവന്‍ യുവതിയെ കാടിനുള്ളിലുള്ള ഒരു ഗ്രാമത്തിലേക്കു കൊണ്ടുപോവുകയും ചെയ്യുന്നു. ശക്തനായ ബാലന് ഒരു കടുവയെപ്പോലും അനുസരിപ്പിച്ചു കൊണ്ടുപോകാനുള്ള കഴിവുണ്ട്. 
കറുത്തവരും നിരാലംബരുമായ ആളുകള്‍ താമസിക്കുന്ന ഒരു ഗ്രാമത്തിലാണ് അവരെത്തിയത്. അവര്‍ അവിടെയിരിക്കുമ്പോള്‍, ഒരിടത്ത് തീ പടര്‍ന്നുപിടിക്കുകയും അതില്‍പ്പെട്ടുപോയ ജീവികളെയും മനുഷ്യരെയും രക്ഷപ്പെടുത്താനുള്ള ബാലന്റെ ശ്രമത്തില്‍ യുവതി പങ്കാളിയാവുകയും ചെയ്യുന്നു. 
ബാലന്‍ അവള്‍ക്ക് രണ്ടു കുന്നിക്കുരു സമ്മാനിച്ചശേഷം പഴശ്ശിരാജയുടെ പ്രതിമയുടെ മൂക്കിലേക്കുതന്നെ മടങ്ങുന്നു. കടുവ രണ്ടു രോമങ്ങള്‍ അവള്‍ക്കു സമ്മാനിച്ച് കാട്ടില്‍ മറയുന്നു. തുടര്‍ന്ന് യുവതി ഉണര്‍ന്നെങ്കിലും, സ്വപ്‌നത്തില്‍ നടന്നതിന്റെ ക്ഷീണവും തീയില്‍ പെരുമാറിയതിനാല്‍ വലതുകൈയ്ക്ക് പൊള്ളലേറ്റതിന്റെ നീറ്റലും അനുഭവപ്പെടുന്നു. അതിനാല്‍ വീണ്ടും ഉറങ്ങിയ അവളുടെ ചുരുട്ടിപ്പിടിച്ച കൈകളില്‍ രണ്ടു കുന്നിക്കുരുവും കടുവയുടെ രോമങ്ങളുമുള്ളതായി തോന്നുന്നു. 
ഇതാണ് കഥയുടെ സംഗ്രഹം. ആദ്യം പറഞ്ഞതുപോലെ, ഭ്രമാത്മകകല്‍പ്പനയാണിത്. ഇങ്ങനെ ചെയ്യാന്‍ ശേഷിയുള്ള എഴുത്തുകാരിയുടെ രചനയായതിനാല്‍ത്തന്നെയാണ് ഇത് വിശകലനം ചെയ്യാന്‍ തെരഞ്ഞെടുത്തതും. ഭാവനാശാലിയായ വായനക്കാരന് ഈ കല്‍പ്പനകളില്‍നിന്ന് സ്വന്തം കല്‍പ്പനകളിലേക്കു തെന്നിനീങ്ങാം എന്നതാണ് പ്രമേയത്തിന്റെ സവിശേഷത. 
എന്നാല്‍, ഇക്കഥ വായിച്ചു പൂര്‍ത്തിയാക്കുക എന്നത് ക്ലേശകരമാണ്. മൂന്നു കാരണങ്ങളാണുള്ളത്. ഒന്ന്, ഓരോ വാക്യത്തിലെയും ആശയം ക്ലിഷ്ടമാണ്. രണ്ട്, അക്ഷരത്തെറ്റുകളുള്‍പ്പെടെയുള്ള പ്രയോഗവൈകല്യങ്ങള്‍. മൂന്ന് അനാവശ്യമായ സ്ഥൂലത. അവ വിശദമാക്കാം. 
1. ആശയക്ലിഷ്ടത: ഉദാ: 1. പകല്‍ക്കിനാവുകളിലോ സങ്കല്‍പ്പങ്ങളിലോ സ്വപ്‌നത്തെയുള്‍പ്പെടുത്തുന്നത് വേദനകള്‍ സമ്മാനിക്കുന്നതെങ്ങനെയെന്ന് വ്യക്തമല്ല. രാത്രിയില്‍ കാണുന്ന സ്വപ്നത്തെ അക്കൂട്ടത്തില്‍ പെടുത്തേണ്ടതില്ല എന്ന് ആര്‍ക്കാണറിയാത്തത്? എടുത്തുപറയാനുള്ള കാരണം പറഞ്ഞിട്ടുമില്ല. മനോസങ്കല്‍പ്പം എന്നു പറഞ്ഞിരിക്കുന്നതെന്തിനാണ്? സങ്കല്‍പ്പം എന്നു പോരേ? മനസ്സുകൊണ്ടല്ലാതെ സങ്കല്‍പ്പിക്കാന്‍ കഴിയുമോ? 
ഉദാ: 2. 'നോവലിന്റെ അക്ഷരപ്രകാശങ്ങളില്‍ മനസ്സില്‍ കിനിഞ്ഞിറങ്ങിയ വേദനയോടെ' എന്നു പറഞ്ഞിരിക്കുന്നു. പല അക്ഷരങ്ങള്‍ക്കു പല പ്രകാശങ്ങളുണ്ടെന്നാണോ? ആണെങ്കില്‍ത്തന്നെ ആ 'പ്രകാശത്തില്‍, മനസ്സില്‍' വേദന കിനിയുന്നതെങ്ങനെയാണ്? 
ഉദാ: 3. 'കരിങ്കല്‍പ്രതിമയുടെ നാസാദ്വാരങ്ങള്‍ക്കുള്ളില്‍നിന്നും പുറത്തേക്ക് പടര്‍ന്ന പുകച്ചുരുളുകള്‍ ഉരുണ്ടുകൂടി ഒരു ബാലനിലേക്ക് രൂപകല്‍പ്പന ചെയ്യുന്നത് അത്ഭുതത്തോടെ നോക്കിനിന്ന'- ബാലനിലേക്കു രൂപകല്‍പ്പന ചെയ്യുന്നതെങ്ങനെ? ബാലനെ രൂപകല്‍പ്പന ചെയ്യാം. പക്ഷേ അതു പുകച്ചുരുളുകള്‍ക്കു കഴിയില്ല. ഒരു ആര്‍ക്കിടെക്ട് വീട് രൂപകല്‍പ്പന ചെയ്യുന്നതുപോലെയല്ലല്ലോ അത്. ആ വാക്യം മുഴുവന്‍ തെറ്റാണ്. നാസാദ്വാരങ്ങളില്‍നിന്ന് (ഉള്ളില്‍ നിന്നും- നിന്നും എന്നതും തെറ്റ്.) എന്നു മതി.
ഈ കഥയിലാകെ വ്യാപിച്ചുകിടക്കുകയാണ് ഇത്തരം ദോഷങ്ങള്‍. 
2. പ്രയോഗവൈകല്യങ്ങളും അക്ഷരത്തെറ്റുകളും.
ഉദാ: 1. ഇന്നത്തെയെന്റെ- ഇന്നത്തെ എന്റെ എന്നുതന്നെ വേണം. 
2. പകല്‍കിനാവ്- പകല്‍ക്കിനാവ് എന്നുതന്നെ വേണം.
3. ബാലന്റെ രൂപം ഏഴുവയസ്സു തോന്നിച്ചു- ബാലന്റെ രൂപത്തിന് എന്നു വേണം. (വാസ്തവത്തില്‍ ബാലന് ഏഴു വയസ്സു തോന്നിച്ചു എന്നതാണു ശരി)
4. കരിങ്കല്‍ പ്രതിമ- കരിങ്കല്‍പ്രതിമ എന്നു ചേര്‍ത്തുതന്നെ പറയണം.
5. പക്ഷെയിവിടെയെനിക്ക്- പക്ഷേ, ഇവിടെയെനിക്ക് എന്നു വേണം. 
രണ്ടു പദങ്ങള്‍ സന്ധിക്കുമ്പോള്‍ അക്ഷരങ്ങള്‍ക്കുണ്ടാകുന്ന മാറ്റം സാഹിത്യരചയിതാവിനറിയില്ല എന്നു വരുന്നത് മോശമാണ്. ചുരുങ്ങിയത് അക്ഷരത്തിന്റെ ഇരട്ടിപ്പെങ്കിലും (ദ്വിത്വസന്ധി) അറിഞ്ഞിരിക്കണം.
വേണ്ടിടത്തു പദങ്ങള്‍ മുറിക്കാതെയും, യുക്തിരഹിതമായും അക്ഷരത്തെറ്റുകളോടെയുമുള്ള വാക്യങ്ങള്‍ ഇക്കഥയാകെ വ്യാപിച്ചുകിടക്കുന്നു.
3. വൃഥാസ്ഥൂലത: 
ഇക്കഥയുടെ ദൈര്‍ഘ്യം ഇതിന്റെ മൂന്നിലൊന്നേ വേണ്ടൂ. പലയിടത്തും ഭാഷ കൃത്രിമമാകയാലുണ്ടായ ദുര്‍മേദസ്സ് നിസ്സാരമല്ല. ഉദാ: 'തുള്ളികളായി നിലത്തേക്കുപതിച്ച മഞ്ഞുകണികകള്‍ക്കൊപ്പം എന്റെ വിയര്‍പ്പുമുണ്ടായിരുന്നുവെന്നത് മരംകോച്ചുന്ന തണുപ്പിലുമെന്റെ ശരീരം വിറപ്പിച്ച ഭയത്തിന്റെ ഉഷ്ണത്തെ കാണിച്ചു.' എന്തൊരു വാക്യമാണിത്! മഞ്ഞുതുള്ളിക്കൊപ്പം വിയര്‍പ്പുതുള്ളികളുമുണ്ടായിരുന്നു. ഭയംകൊണ്ടുണ്ടായ ഉഷ്ണമാണതിനു കാരണം. ഈ രണ്ടു കാര്യങ്ങളെയാണ് വികലമായി യോജിപ്പിച്ചിരിക്കുന്നത്! 
എഴുത്തുകാരന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് ഇന്നലെ ഞാന്‍ കുറിച്ചിരുന്നു. മറ്റു തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കേവലം ആശയവിനിമയോപാധി മാത്രമായി ഭാഷയെ കണക്കാക്കാം. എന്നാല്‍ എഴുത്തുകാരന്‍ ഭാഷ പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. എത്ര ഭാവനാസമ്പന്നതയുണ്ടെങ്കിലും, ആശയത്തിനിണങ്ങുന്ന, അന്യൂനമായ ഭാഷയില്ലെങ്കില്‍ ആ എഴുത്തുകാരന്റെ സൃഷ്ടി മികച്ചതായിത്തീരില്ല.
മനഃപൂര്‍വ്വം ദുരൂഹത വരുത്തുന്നത് കുറ്റകരമാണ്. മാജിക്കല്‍ റിയലിസത്തിന്റെ തലതൊട്ടപ്പനായ മാര്‍കേസിന്റെ രചനകള്‍ നോക്കുക. എവിടെയാണ് അതില്‍ സന്ദേഹത്തിനു സ്ഥാനം? അദ്ദേഹം സൃഷ്ടിച്ച സാങ്കല്‍പ്പികദേശം ഓരോ വായനക്കാരന്റെയും മനസ്സില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
ആദ്യമേ സൂചിപ്പിച്ചതുപോലെ, ഭാവനാസമ്പന്നയായ ഒരു എഴുത്തുകാരിയായതിനാലാണ് ഇത്രയും സമയമെടുത്ത് ഈ വിശകലനമെഴുതിയത്. കൂടുതല്‍ ക്ഷമയോടെ, കൂടുതല്‍ സത്യസന്ധതയോടെ ഈ പ്രമേയത്തെ സമീപിച്ചിരുന്നെങ്കില്‍ ഇത് ഉദാത്തമായ രചനയാകുമായിരുന്നു; പഠനാര്‍ഹമായ കൃതിയാകുമായിരുന്നു. കഥാകാരിയുടെ അനവധാനത ഇതിനെ ഓജസ്സില്ലാത്ത രചനയാക്കിത്തീര്‍ത്തു. 
പ്രതിഭയുള്ള ഓരോരുത്തരും എഴുത്തിനോട് ഉത്തരവാദിത്വം കാണിക്കണം എന്ന ഓര്‍മപ്പെടുത്തല്‍ മാത്രമായി ഇതിനെ കണ്ടാല്‍ മതി. നല്ലെഴുത്തില്‍ പയറ്റിത്തെളിഞ്ഞവര്‍ ഏതു വെയിലിലും വാടാന്‍ പാടില്ല. കഴിവുള്ളവര്‍ അലസമായി എഴുത്തിനെ സമീപിക്കരുത്. ബാല്യകാലം പിന്നിട്ട നമുക്ക് ഇനി ജാഗ്രതയോടെ മുന്നേറാം.
Sukaami Prakash
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo