
പൂത്തിരുവാതിരത്തിങ്കൾ തുളിക്കുന്ന
പുണ്യനിലാവുള്ള രാത്രീ..
പാൽമഞ്ഞു കോടിയുടുത്തു ഞാൻ മുറ്റത്തെ പാരിജാതച്ചോട്ടിൽ വന്നൂ..
ഞാൻ നിന്റെ പദസ്വനം കാതോർത്തു നിന്നൂ.....
പുണ്യനിലാവുള്ള രാത്രീ..
പാൽമഞ്ഞു കോടിയുടുത്തു ഞാൻ മുറ്റത്തെ പാരിജാതച്ചോട്ടിൽ വന്നൂ..
ഞാൻ നിന്റെ പദസ്വനം കാതോർത്തു നിന്നൂ.....
തിരുവാതിര എന്ന് കേൾക്കുമ്പോൾ ചെറുപ്പത്തിൽ ആദ്യം മനസ്സിലേക്കെത്തുന്ന പാട്ട് ഇതായിരുന്നു. ഹിന്ദുത്തറവാടുകൾ നിറയെ ഉള്ള എന്റെ നാട്ടിൽ തിരുവാതിര എന്നത് സ്ത്രീകളുടെ വലിയ ആഘോഷം ആയിരുന്നു. ഇപ്പോഴും നാട്ടിൻപുറത്ത് തിരുവാതിരയും അതിന്റെ ആഘോഷങ്ങളും ആചാരങ്ങളും മുറതെറ്റാതെ നടത്തുന്നവർ ഉണ്ട്. എല്ലാവർഷവും കാണും അയൽവക്കത്ത് ഏതെങ്കിലും വീട്ടിൽ പൂത്തിരുവാതിര. വിവാഹം കഴിഞ്ഞവരുടെ ആദ്യത്തെ തിരുവാതിരയാണ് പൂത്തിരുവാതിര.
ചെറുപ്പത്തിൽ തിരുവാതിരയുടെ ഐതീഹ്യം ഒന്നും അറിഞ്ഞിരുന്നില്ലയെങ്കിലും നടന്ന് തുടങ്ങിയ കാലം മുതൽ ധനു മാസത്തിലെ തിരുവാതിര കൂടുക എന്നത് പതിവായിരുന്നു. വിവാഹിതരായ ചേച്ചിമാരും വിവാഹപ്രായം എത്തിയ ചേച്ചിമാരും അമ്മമാരും അമ്മുമ്മമാരും വട്ടത്തിൽ നിന്നു പാട്ടുകൾ പാടി ഭംഗിയിൽ ചുവടുകൾ വെച്ചു തിരുവാതിര കളിക്കുമ്പോൾ കുളിർമഞ്ഞിന്റെ തണുപ്പിൽ ചൂട് കാപ്പിയും കുടിച്ച് അന്തം വിട്ട് പുലരും വരെ നോക്കിയിരിക്കും. അന്നൊക്കെ ദശപുഷ്പം ചൂടുവാൻ വേണം എന്ന് പറഞ്ഞു വാശി പിടിച്ചു കരഞ്ഞിട്ടുണ്ട്...ചേച്ചിമാരൊക്കെ കുറെ പൂക്കളും ചെടികളും ഒക്കെ തുമ്പുകെട്ടിയിട്ട തലമുടിയിൽ കൊരുത്ത് വയ്ക്കുമ്പോൾ എന്തിനെന്നറിയാതെ അവയ്‌ക്കായി വാശിപിടിച്ച ബാല്യം.
പിന്നീട് കൗമാരത്തിലേക്ക് കടന്നപ്പോൾ തിരിച്ചറിഞ്ഞു തിരുവാതിര നോമ്പ് നോക്കുന്നത് എന്തിനെന്ന് ഒക്കെ. കുളിരുപെയ്യുന്ന ധനുമാസത്തിലെ തിരുവാതിര ശ്രീപരമേശ്വരൻ ജന്മനാളാണ് . അന്നേ ദിവസം മംഗല്യവതികളായ സ്ത്രീകൾ ഭർത്താവിന്റെ യശസ്സിനും നെടുമംഗല്യത്തിനു വേണ്ടിയും കന്യകമാർ ഉത്തമ ഭർത്താവിനെ ലഭിക്കാൻ വേണ്ടിയും തിരുവാതിര വ്രതം അനുഷ്ഠിക്കുന്നു.
ശിവഭഗവാന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ആദ്യമായി തിരുവാതിരവ്രതം അനുഷ്ഠിച്ചത് പാർവ്വതീ ദേവിയായിരുന്നു. കൂടാതെ ശ്രീപരമേശ്വരനും പാർവ്വതീ ദേവിയും തമ്മിലുളള വിവാഹം നടന്നത് തിരുവാതിര നാളിലാണെന്നും ഐതീഹ്യമുണ്ട്. ശക്തി ശിവനോടൊപ്പം ചേരുന്ന ഈ തിരുവാതിര ദിനത്തിൽ വ്രതം അനുഷ്ഠിച്ചാൽ ഉത്തമ ദാമ്പത്യ ജീവിതം ലഭ്യമാകുമെന്നാണ് വിശ്വാസം. മകയിരം, തിരുവാതിര എന്നീ രണ്ടു ദിനങ്ങളിലും വ്രതമാചരിക്കുന്നത് നല്ലതാണ്.
മകയിരം നോയമ്പ് മക്കളുടെ അഭിവൃദ്ധിക്കും ആയുരാരോഗ്യത്തിനും വേണ്ടിയാണ്. മകയിരദിനത്തിൽ എട്ടങ്ങാടി ചുട്ട് നിവേദിക്കണമെന്നാണ് ചിട്ട. കാച്ചിൽ, ചേന, കൂർക്ക, നനകിഴങ്ങ്, ചെറുകിഴങ്ങ്, ചെറു ചേമ്പ്, വലിയ ചേമ്പ്, മധുരക്കിഴങ്ങ് എന്നീ എട്ട് കിഴങ്ങുകൾ ചുട്ടെടുത്ത് ശർക്കരപാവു കാച്ചി, നാളികേരവും, പഴവും, വൻപയർ വേവിച്ചത്,കരിമ്പും മറ്റും ചേർത്താണ് എട്ടങ്ങാടി വിഭവം തയാറാക്കുന്നത്. ഗണപതിക്കും ശിവനും പാർവ്വതിക്കും നേദിച്ച ശേഷം പ്രസാദമായി എല്ലാവർക്കും ഭക്ഷിക്കാം.
സ്ത്രീകൾ ഒത്തു കൂടി തിരുവാതിര കളിച്ചതിനു ശേഷം പാതിരാപ്പൂചൂടൽ ചടങ്ങുകൾ ആരംഭിക്കും. ചടങ്ങിൽ ആദ്യം ദശപുഷ്പങ്ങൾ ഭഗവാനു സമർപ്പിക്കാൻ യാത്ര തിരിക്കുന്നു. ഏറ്റവും മുൻനിരയിൽ നിൽക്കുന്നവരാണ് കത്തിച്ച വിളക്ക്, ദശപുഷ്പങ്ങൾ, അഷ്ടമംഗല്യം, കിണ്ടിയിൽ ശുദ്ധ ജലം എന്നിവ പിടിക്കേണ്ടത് മറ്റുളളവർ ഇവരെ അനുഗമിച്ചുകൊണ്ട് ‘‘ഒന്നാകും മതിലകത്ത് ഒന്നല്ലോ പൂത്തിലഞ്ഞി....’’ എന്നു തുടങ്ങുന്ന പാട്ട് കൈകൊട്ടി ഉച്ചത്തിൽ പാടും.
ദശപുഷ്പങ്ങൾ ഭഗവാന് നേദിച്ച ശേഷം പാലച്ചുവട്ടിൽ ചെന്ന്
‘‘ഒന്നാം കുന്നിൻമേൽ ഓരടി കുന്നിൽ മേൽ ഒന്നല്ലോ കന്യക പാല നട്ടു....’’
എന്നു തുടങ്ങുന്ന പാട്ട് പാടുന്നു. അതിനു ശേഷം നേദിച്ച ദശപുഷ്പവുമായി തിരിച്ചു പോരുമ്പോൾ
‘‘ഒന്നാം ചെത്തിക്കൽ ചെന്നാലോ പിന്നെ പൂവേലൊന്നു പറിച്ചാലോ..."
എന്ന പാട്ട് പാടി ആർപ്പും കുരവയുമിടുന്നു. തിരിച്ചെത്തി
"ആദികറുകയ്ക്കു ദേവദേവൻ....എന്ന് തുടങ്ങുന്ന തിരുവാതിരപ്പാട്ട് പാട്ട് പാടി പത്ത്പുഷ്പങ്ങളും അവയെ പ്രതിനിധികരിക്കുന്ന ദേവൻമാരെയും സ്തുതിക്കുന്നു. ഓരോ പുഷ്പങ്ങളെക്കുറിച്ച് പാടുമ്പോൾ ആ പുഷ്പങ്ങൾ കൈയിൽ എടുത്ത് പാട്ട് അവസാനിപ്പിക്കുമ്പോൾ ദശപുഷ്പം ചൂടി സ്ത്രീകൾ പാടിക്കളിക്കണം. ദശപുഷ്പത്തിലെ ഓരോ പൂവ് ചൂടുന്നതിനും ഓരോരോ ഫലങ്ങളാണ്. തിരുവാതിരനാൾ കഴിഞ്ഞ് അരിഭക്ഷണം കഴിച്ചോ, ശിവക്ഷേത്ര ദർശനം നടത്തി തീർത്ഥം സേവിച്ചോ വ്രതം അവസാനിപ്പിക്കാം.
ഒരു നോയമ്പും നോക്കാതെ കൗമാരത്തിൽ ഞാനും പോയിരുന്നു ചേച്ചിമാരുടെയും അമ്മമാരുടെയും കൂടെ മഞ്ഞു പെയ്യുന്ന വെളുപ്പാൻ കാലത്ത് പുഴയിലെ ചെറുചൂട് വെള്ളത്തിൽ തുടിച്ചു കുളിക്കാൻ.....ഇന്നതൊക്കെ ഗ്രാമവിശുദ്ധിയുടെ നഷ്ടപ്പെടലിന്റെ ഓർമ്മകൾ മാത്രം.
നാടും നാട്ടുമ്പുറവും ഇന്നെനിക്ക് അന്യമായെങ്കിലും പഴയ തിരുവാതിരയുടെ ഓർമ്മയിൽ ഞാനും ഉണ്ടാക്കും തിരുവാതിര പുഴുക്ക്. പുലർച്ചെ ഒന്ന് പോയി ക്ഷേത്രദർശനം നടത്തും....ഈ നാഗരികതയിൽ അവിടെ കഴിഞ്ഞു തിരുവാതിര എന്ന ആചാരം......ആഘോഷം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക