കഴിഞ്ഞ മാസം നാട്ടിൽ ഒരു ആവശ്യത്തിന് പോയപ്പോൾ അപ്രതീക്ഷിതമായി ഒരു വൃദ്ധസദനം സന്ദർശിക്കാനുള്ള അവസരം ലഭിച്ചു. പത്തനംതിട്ട ജില്ലയിലെ വയലത്തല എന്ന നാടിന്റെ മനോഹാരിതയുടെ നടുവിൽ ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനം.
എന്റെ മനസ്സിൽ നിനച്ചു വെച്ചിരുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അന്തരീക്ഷം. അവിടുത്തെ സൂപ്രണ്ട് എന്റെ ഭർത്താവിന്റെ സഹോദരൻ ആയതിനാൽ എല്ലാവരെയും എനിക്ക് കാണുവാനും സംസാരിക്കുവാനും സാധിച്ചു. ഞങ്ങളുടെ ചേട്ടൻ ഉൾപ്പെടെയുള്ള അവിടുത്തെ ഉദ്യോഗസ്ഥരുടെ അന്തേവാസികളോടുള്ള സൗമ്യമായ പെരുമാറ്റം എന്നെ വളരെ അധികം അത്ഭുതപ്പെടുത്തി. ഒരു സർക്കാർ സ്ഥാപനത്തിലേക്ക് കയറി ചെല്ലുമ്പോൾ ഉണ്ടാകുന്ന അലോസരങ്ങൾ ഒന്നും തന്നെ ഇല്ലാത്ത വളരെ നല്ല സ്ഥാപനം. അവിടെയുള്ള അന്തേവാസികളുടെ അടുത്തു പോയി ഞാൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആ കൂട്ടത്തിൽ ഞങ്ങളുടെ വളരെ അകന്ന ഒരു ബന്ധുവും. പക്ഷേ അദ്ദേഹത്തിന് ഞങ്ങളെ തിരിച്ചറിയാൻ സാധിച്ചില്ല. കൂടാതെ എന്റെ അച്ഛനെ പോലെ ഉള്ള ഒരു ആളും. ആ കാഴ്ച്ച എന്നെ ഏറെ സന്തോഷിപ്പിച്ചു .ഒരു നിമിഷം അച്ഛൻ എന്റെ അടുത്ത് എത്തിയ പോലെ. ഞങ്ങൾ മടങ്ങി വരാൻ നേരം എന്റെ കയ്യിലേക്ക് ഒരു പുല്ലാങ്കുഴൽ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയത് എന്ന് പറഞ്ഞു ആ വൃദ്ധൻ സമ്മാനിച്ചപ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞു .അച്ഛൻ തന്ന സ്നേഹ സമ്മാനം പോലെ. അവിടെ അവർ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുന്നു. ആ അന്തരീക്ഷം കണ്ടപ്പോൾ തോന്നി വാർദ്ധക്യത്തിൽ സമാധാനത്തോടെ ജീവിക്കുവാൻ പറ്റിയ സ്ഥലം അതു പോലെ മാന്യമായി പ്രവർത്തിക്കുന്ന വൃദ്ധസദനങ്ങൾ തന്നെ ആണെന്ന്.
ഇന്ന് നമ്മുടെ മലയാളക്കരയിൽ പോലും വൃദ്ധരെ വീട്ടിൽ ഒരു അധികപ്പറ്റായി കണ്ടു വരുന്ന ചുറ്റുപാടിൽ വൃദ്ധസദനങ്ങൾ നല്ല ഒരു ആശയം തന്നെ ആണ് എന്നാണ് എനിക്ക് തോന്നിയത്. മിക്ക വീടുകളിലും വൃദ്ധർ പല പല മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. കൂട്ടുകുടുംബം ഇന്ന് അന്യമായിരിക്കുന്നതിനാൽ അവർക്ക് ഒന്നും രണ്ടും പറഞ്ഞിരിക്കാൻ സമപ്രായക്കാരായ സ്നേഹിതർ ഇല്ല. മക്കളും മരുമക്കളും ആണ് ഏക ആശ്രയം.
വൃദ്ധർക്ക് വീട്ടിൽ സ്ഥാനമുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ. വിദ്യാസമ്പന്നതയിൽ മുന്നിൽ എത്തിയത് കൊണ്ടോ മാധ്യമങ്ങളുടെയും ഇന്റർനെറ്റിന്റെയും വരവോടെയോ ആളുകൾ തിരക്കിൽപ്പെട്ടു പോകുന്ന ജീവിത സാഹചര്യം ആണിന്നുള്ളത്. മാതാപിതാക്കളെ വീട്ടിൽ വളർത്തുന്ന ഒരു രീതിയിലേക്ക് ഇന്ന് നമ്മുടെ നാടും എത്തപ്പെട്ടിരിക്കുന്നു. അങ്ങോട്ട് തിരിഞ്ഞാൽ കുറ്റം ഇങ്ങോട്ട് തിരിഞ്ഞാൽ കുറ്റം. അങ്ങനെ മക്കളുടെ ശാസനയ്ക്ക് മുൻപിൽ ഭീതിയോടെ നില്ക്കേടി വരുന്ന അവസ്‌ഥ.
മക്കളുടെയും മരുമക്കളുടെയും ഉപദ്രവം സഹിക്കാൻ വയ്യാതെ തെരുവിൽ അലഞ്ഞു നടക്കുന്നവരും ഇന്ന് ചുറ്റിനും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. വീട്ടിലടിഞ്ഞു കൂടിയ മാലിന്യത്തെ കൊണ്ടു പോയി തള്ളുന്നത് പോലെ വൃദ്ധരെ ഒരു ദയയും കാട്ടാതെ പൊതുവഴികളിലും ആരാധനാലയങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ഉപേക്ഷിച്ചു തങ്ങളുടെ ജീവിതത്തിലേക്ക് മടങ്ങുന്ന കുടുംബങ്ങൾ.
ഈ മാറിയ സാഹചര്യത്തിൽ വൃദ്ധസദനങ്ങൾ നല്ല ആശയം തന്നെ. അവിടെ ആകുമ്പോൾ സമപ്രായക്കാരായവരോടൊപ്പം ചിലവഴിക്കാൻ അവർക്ക് അവസരം ലഭിക്കും. ഏകാന്തതയിലേക്കും വിഷാദത്തിലേക്കും മൂക്കുകുത്താതെ വാർദ്ധക്യം കഴിച്ചു കൂട്ടാം.
അതിനാൽ വൃദ്ധരെ വീടിനു അധികപറ്റായി കാണുന്നവർ അല്ലെങ്കിൽ തിരക്കുകളിൽ പെട്ട് അവരെ ശ്രദ്ധിക്കാൻ കഴിയാത്തവർ അവർക്കായി ശാന്തവും സ്വാതന്ത്ര്യവും ലഭിക്കുന്ന വൃദ്ധസദനങ്ങൾ തിരഞ്ഞെടുക്കുക. ദുരഭിമാനത്തിന്റെ പേരിൽ ഇരു കൂട്ടരും സഹിക്കുന്നതിനെക്കാൾ നല്ലത് ഈ ആശയം തന്നെ. അതല്ല വൃദ്ധരെ വീടിന്റെ ഐശ്വര്യമായും വിളക്കായും കാണുന്നവർ ഒരുമിച്ച് സന്തോഷമായി അവർക്ക് സ്നേഹം നല്കി ചേർത്തു പിടിക്കുക......
Nb. ഓർക്കുക വാർദ്ധക്യം അതു നമുക്ക് ഓരോരുത്തർക്കും വിദൂരമല്ല....നമ്മളിലേക്ക് എത്തുക തന്നെ ചെയ്യും.......
"അസ്ഥി നുറുങ്ങുന്ന വേദന അമ്മക്ക് സമ്മാനിച്ചും അച്ഛന്റെ ചോര ഊറ്റി കുടിച്ചുമാണ് നാം ഓരോരുത്തരും വളർന്നതെന്ന് ഓർക്കുക."
"തെരുവിൽ അലയാൻ വിടരുതേ ആ നന്മകളെ"
മഞ്ജുഅഭിനേഷ് 7/11/2017

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക