ഭാര്യ ഭാഗം - 4 (അവസാന ഭാഗം)
---------------------------------------------------
---------------------------------------------------
ഭയന്നത് പോലെ ഒന്നും സംഭവിച്ചില്ല. മഞ്ജു ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അവളെപ്പോലെ തന്നെ സുന്ദരിയായ ഒരു മോൾ. പെൺകുട്ടികൾ കുറവുള്ള ഞങ്ങളുടെ തറവാട്ടിലേക്ക് ഒരു മോളെ തന്നത് കൊണ്ട് എല്ലാവരും വലിയ സന്തോഷത്തിലായി. ഞാനും.
മോള് വന്നതിൽ പിന്നെ വീട്ടിൽ സന്തോഷം നിറഞ്ഞ ദിനങ്ങളായിരുന്നു. അവളുടെ കരച്ചിലും ചിരിയും ഒക്കെ വീടിന്റെ ജീവനായി മാറി. ജോലി കഴിഞ്ഞ് വന്നാൽ മോളുടെ അടുത്ത് നിന്ന് മാറാതെ ഇരിക്കുന്നതിൽ ഞാൻ ഒരുപാട് സന്തോഷം കണ്ടെത്തി. അവൾ മുട്ടിലിഴയുന്നതും പിച്ചവക്കുന്നതിനുമിടയിൽ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങൾ നീങ്ങി.
വർഷങ്ങൾ കടന്നു പോയി. കിങ്ങിണി മോളെ... എന്ന് വിളിച്ചാൽ കൊലുസിട്ട കുഞ്ഞിക്കാലുകൾ വച്ച് ഓടി വരാൻ പാകത്തിൽ എന്റെ മോൾ വളർന്നിരിക്കുന്നു. എല്ലാവരെയും പോലെ താഴത്തും തലയിലും വെക്കാതെ തന്നെ ഞാൻ എന്റെ മകളെ വളർത്തി. മഞ്ജു ഇപ്പോൾ തികഞ്ഞ ഒരമ്മയായി മാറി. പഴയത് പോലെ തന്നെ എല്ലാവരുടെയും കാര്യങ്ങളിൽ ഒരു പാകപിഴയും കൂടാതെ ശ്രദ്ധ വച്ച് പൊന്നു അവൾ. കിച്ചു സ്കൂളിൽ പോകാൻ തുടങ്ങിയിരിക്കുന്നു. മഹാ വികൃതിയാണിപ്പോൾ. പക്ഷെ മഞ്ജുവിനോട് മാത്രം അവൻ അനുസരണ ഉള്ള നല്ല കുട്ടി ആയിരുന്നു.
കിച്ചു എന്ത് കുസൃതി കാട്ടിയാലും വഴക്ക് പറയാനോ തല്ലാനോ മഞ്ജു സമ്മതിക്കില്ല. സ്നേഹത്തോടെ പറഞ്ഞു തിരുത്തണം എന്നാണവളുടെ ന്യായം. ചിലപ്പോളൊക്കെ എനിക്ക് വല്ലാതെ ദേഷ്യം തോന്നും. പക്ഷെ അപ്പൊളും മഞ്ജു പറയും; കിച്ചു അമ്മയില്ലാത്ത കുട്ടിയാണ്. അവൻ ചെറിയ കുഞ്ഞല്ല. തിരിച്ചറിവ് ആകാൻ തുടങ്ങിയിരിക്കുന്നു. നമ്മൾ പറയുന്ന ഓരോ വാക്കും സൂക്ഷിച്ചില്ലെങ്കിൽ അവന്റെ കുഞ്ഞ് മനസ്സ് വേദനിക്കും. പിന്നെ അവൻ ഹരിയേട്ടന്റെ മോനല്ലേ. കുറുമ്പുണ്ടാവില്ലേ...
ആ മറുപടിയിൽ ഞാൻ എല്ലാം ക്ഷമിക്കും. തിരിച്ചൊന്നും പറയാൻ എനിക്ക് കഴിയാറില്ല. പക്ഷെ ദിവസങ്ങൾ പോകുംതോറും അവന്റെ കുറുമ്പ് കൂടി വന്നു. കിങ്ങിണി മോളും മോശമല്ല. രണ്ടുപേരും കൂടിയുള്ള വഴക്ക് തീർക്കൽ തന്നെ ഒരു ജോലിയായി മാറി.
ഒരു ദിവസം ജോലി കഴിഞ്ഞ് വന്ന നേരം ഞാൻ കാണുന്നത് രണ്ടുപേരും തമ്മിൽ അടികൂടുന്നതാണ്. വഴക്ക് അതിന്റെ ഉഗ്രരൂപത്തിൽ ആണ്. കിച്ചു കിങ്ങിണിയുടെ മുടിയിൽ പിടുത്തമിട്ടിരിക്കുന്നു. കിങ്ങിണി നിലവിളിക്കാൻ തുടങ്ങി. അതുകേട്ട് മഞ്ജു അപ്പുറത്ത് നിന്നും ഓടി വരുന്നുണ്ട്. എനിക്ക് കോപം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ കിച്ചുവിനെ പിടിച്ച് പൊതിരെ തല്ലി. മഞ്ജു വരുമ്പോൾ കാണുന്നത് കിച്ചു നിലവിളിച്ച് കരയുന്നതാണ്. പിടിച്ച് മാറ്റാൻ അവൾ ഓടി വന്നു. അതിനിടയിൽ എന്റെ കൈകൾ അറിയാതെ അവളുടെ ദേഹത്തും പതിഞ്ഞിരുന്നു. അമ്മയും ഓടി വന്നു. ഒടുവിൽ അവരെ സമാധാനിപ്പിച്ച് അമ്മ അപ്പുറത്തേക്ക് കൊണ്ട് പോയി. എനിക്കപ്പോളും ദേഷ്യം അടങ്ങിയിട്ടുണ്ടായിരുന്നില്ല.
ഏറെ നേരം കഴിഞ്ഞാണ് മഞ്ജു എന്റെ അടുത്തേക്ക് പോലും വന്നത്. വല്ലാത്ത പരിഭവം അവളുടെ മുഖത്തുണ്ടായിരുന്നു. ഞാനും വിട്ടു കൊടുത്തില്ല. ഒടുവിൽ അവൾ തന്നെ സമാധാന ചർച്ചക്ക് വന്നു.
കിച്ചുവിനെ അത്രക്ക് തല്ലേണ്ടിയിരുന്നില്ല. അവൻ കുഞ്ഞല്ലേ. വല്ലാതെ വേദനിച്ചു കാണും. പാവം...
മഞ്ജു അത്രയും പറയുമ്പോഴേക്കും എന്റെ ശമിച്ചു തുടങ്ങിയ കോപം വീണ്ടും ഇരച്ചു വന്നു.
നിനക്ക് അവനെ തല്ലിയതിൽ ആണ് വിഷമം അല്ലെ. എന്റെ മോൾക്ക് വേദനിച്ചതിൽ ഒന്നുമില്ലേ?
അവൾ അന്താളിപ്പോടെ നോക്കി.
എന്താ ഹരിയേട്ടാ ഈ പറയണത്... എനിക്ക് രണ്ടു പേരും ഒരുപോലെ അല്ലെ. രണ്ടും നമ്മുടെ മക്കൾ അല്ലെ...
നിനക്കങ്ങനെ ആയിരിക്കും. എനിക്കങ്ങനെ അല്ല. എനിക്കെന്റെ മോളാ വലുത്.
അത്രയും പറഞ്ഞു കഴിഞ്ഞതിൽ പിന്നെയാണ് വേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നിയത്. അന്തം വിട്ട് നിൽക്കുകയാണ് മഞ്ജു. ഇനി എന്ത് പറഞ്ഞാലും സത്യം അവളിൽ നിന്ന് മറക്കാൻ കഴിയില്ല എന്ന് മനസ്സിലായി. മുറിയിൽ അപ്പോൾ ഞാനും അവളും മാത്രമേ ഉള്ളു എന്നതിൽ എനിക്ക് ആശ്വാസം തോന്നി.
പെട്ടെന്ന് തന്നെ ഞാൻ ശാന്തനായി. അത് പോലെ മൗനിയുമായി. മഞ്ജുവിന്റെ മുഖത്തെ ഭാവത്തിന് ഒരു വ്യത്യാസവുമില്ല. സൂചനകൾ അവൾക്ക് കിട്ടി കഴിഞ്ഞു എന്നെനിക്കുറപ്പായി. ഇനി ഒഴിഞ്ഞു മാറാൻ കഴിയില്ല. ഇത്രയും കാലം കാത്തു വച്ച ആ മഹാരഹസ്യം എന്റെ കൈയിൽ നിന്നും ചോർന്നു പോകാൻ തുടങ്ങുന്നു. ഉള്ളിൽ അകാരണമായ ഒരു ഭീതി പടർന്നു.
എന്താ ഹരിയേട്ടാ ഈ പറഞ്ഞതിന്റെ അർത്ഥം?
മഞ്ജുവിന്റെ ചോദ്യം ദൃഢമായിരുന്നു. ഒഴിഞ്ഞ് മാറാൻ അല്പം പോലും പഴുതില്ല. എന്റെ മറുപടി വൈകുംതോറും അവളുടെ മനസ്സിൽ സംശയത്തിന്റെ കനലുകൾ എരിയുന്നുണ്ട്. അത് അവളുടെ കണ്ണുകളിൽ നിന്നും വായിച്ചെടുക്കാം. ഇനി ഒന്നും മറച്ചു വക്കേണ്ടെന്ന് എനിക്ക് തോന്നി. എല്ലാം തുറന്ന് പറയാൻ തീരുമാനിച്ചു.
മഞ്ജു... അത്... നിന്നോട് പറയാത്ത ചില കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ട്. അതിൽ പ്രധാനം നീ ഇപ്പോൾ സംശയിക്കുന്നത് തന്നെയാ... കിച്ചു... എന്റെ മകനല്ല.
അവൾ എന്നെ തന്നെ ഉറ്റുനോക്കി ഇരിക്കുകയാണ്. കേട്ടത് വിശ്വസിക്കാനാവാതെ ഷോക്കേറ്റത് പോലെ. അൽപ നേരത്തിന് ശേഷം മനസ്സാന്നിധ്യം തിരിച്ചെടുത്ത് അവൾ ചോദിച്ചു.
എന്തൊക്കെയാ ഹരിയേട്ടാ ഈ പറയുന്നത്? എനിക്കൊന്നും മനസ്സിലാവുന്നില്ല.
മഞ്ജു... ഞാൻ പറഞ്ഞത് സത്യമാണ്. ഞാനും അഞ്ജലിയും തമ്മിൽ ഒരു താലിയുടെ ബന്ധം മാത്രമേ ഉള്ളു. ഞാൻ അവളെ കല്യാണം കഴിക്കുന്നതിന് മുൻപേ കിച്ചു അവളുടെ വയറ്റിൽ വളർന്ന് തുടങ്ങിയിരുന്നു.
മഞ്ജുവിന് മരവിപ്പ് മാറിയിട്ടില്ല. ഉൾകൊള്ളാൻ കഴിയാത്ത സത്യം കണ്ണിൽ നിന്നും നീർധാരയായി ഒഴുകാൻ തുടങ്ങിയിരുന്നു. ഞാൻ അവളെ മെല്ലെ എന്റെ അടുത്ത് ചേർത്തിരുത്തി. പിന്നെ പറയാൻ തുടങ്ങി. എന്റെ മനസ്സ് വർഷങ്ങൾക്ക് പുറകിലേക്ക് സഞ്ചരിച്ചു.
അഞ്ജലിയെ പെണ്ണുകാണാൻ പോയപ്പോൾ തന്നെ അവൾക്കെന്നിലൊരു അതൃപ്തി ഉള്ളതായി എനിക്ക് തോന്നിയിരുന്നു. പക്ഷെ അവർ വിവാഹത്തിന് സമ്മതമാണെന്നറിയിച്ചപ്പോ അതൊക്കെ ഞാൻ മറന്നു. അവളുടെ സഹോദരന് വിദേശത്താണ് ജോലി. ലീവ് തീരുന്നതിന് മുൻപ് വിവാഹം നടത്തണം എന്ന് പറഞ്ഞപ്പോളും അതിലെന്തെങ്കിലും അപാകത ഉള്ളതായി തോന്നിയില്ല. അത്കൊണ്ട് വളരെ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ഞങ്ങളുടെ വിവാഹം. അതിനാൽ അടുത്തിടപഴകാനൊന്നും സമയം കിട്ടിയിരുന്നില്ല.
പക്ഷെ ആദ്യ രാത്രിയിൽ തന്നെ അഞ്ജലി സത്യങ്ങൾ എല്ലാം എന്നോട് തുറന്നു പറഞ്ഞു. അവൾ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. അത് അവളുടെ വീട്ടുകാർ എതിർത്തു. എത്രയും പെട്ടെന്ന് കല്യാണം നടത്താൻ അവർ തയ്യാറാക്കിയ പദ്ധതിയിൽ ഞാൻ വീണുപോകുകയായിരുന്നു. മറ്റൊരാളുമായി ഇഷ്ടത്തിലായിരുന്ന പെണ്ണിനെ താലികെട്ടേണ്ടി വന്നതിൽ എനിക്ക് പ്രയാസം തോന്നി. പക്ഷെ അതിനേക്കാളും എന്നെ വേദനിപ്പിച്ചത് അവർ തമ്മിൽ ശാരീരിക ബന്ധം വരെ നടന്നിട്ടുണ്ട് എന്നറിഞ്ഞപ്പോളായിരുന്നു. എല്ലാ അർത്ഥത്തിലും മറ്റൊരുവന്റെ ആയിരുന്നവളെ ആണല്ലോ ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത് എന്നോർത്തപ്പോൾ വല്ലാതെ നൊന്തു എനിക്ക്.
ആകെ തകർന്ന അവസ്ഥയിൽ ആയി ഞാൻ. എന്നിട്ടും ഞാൻ ചോദിച്ചു; എന്തിനെന്റെ ജീവിതത്തിലേക്ക് വന്നു. ഇഷ്ടമുള്ളവന്റെ കൂടെ ജീവിക്കാമായിരുന്നില്ലേ? ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു അവളുടെ മറുപടി. കുറച്ച് നേരത്തിന് ശേഷം അവൾ പറഞ്ഞു. ആ മറുപടിയാണ് എന്നെ ഏറെ വിഷമത്തിലാക്കിയത്. വിവാഹത്തിന് മുൻപേ അവർ ഒളിച്ചോടാൻ പദ്ധതിയിട്ടിരുന്നു. സത്യങ്ങൾ എന്നോട് തുറന്ന് പറയാനും നിശ്ചയിച്ചിരുന്നു. പക്ഷെ, പ്രതീക്ഷകൾക്കപ്പുറത്താണ് ദൈവനിശ്ചയം. അവർ ഒളിച്ചോടാൻ കരുതിയിരുന്ന ദിവസത്തിന് രണ്ടു ദിവസം മുൻപ് ഒരു ആക്സിഡന്റിൽ പെട്ട് അവൻ മരിച്ചുപോയി.
അതിന്റെ ഷോക്കിൽ നിന്നും വിട്ട് പോരുന്നതിന് മുൻപേ കല്യാണ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിരുന്നു. ഒന്നും തുറന്ന് പറയാൻ ഉള്ള സാഹചര്യം ഉണ്ടായില്ല. ഉണ്ടായ ചില അവസരങ്ങളെ അവളുടെ വീട്ടുകാർ ബുദ്ധിപൂർവ്വം തടയുകയായിരുന്നു.
എന്ത് ചെയ്യണമെന്ന് എനിക്കൊരു രൂപവും കിട്ടിയില്ല. അവളെ ഉപേക്ഷിക്കണം എന്ന് തന്നെയാണ് എന്റെ മനസ്സ് പറഞ്ഞത്. ആ രാത്രി ഇരുട്ടി വെളുക്കുമ്പോളേക്കും വന്നതുപോലെ അവൾ എന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോകണമെന്ന് ഞാൻ ആഗ്രഹിച്ചു. അതിനവൾ തയ്യാറുമായിരുന്നു.
പക്ഷെ നേരം പുലർന്നപ്പോൾ എന്റെ ചിന്തകൾക്ക് മാറ്റം വന്നു. കാമുകൻ
മരണപ്പെട്ടുപോയ അവളെ ഉപേക്ഷിച്ചതുകൊണ്ട് ഇനി അവൾക്ക് ഒരു ജീവിതം ഉണ്ടാകില്ല എന്ന ചിന്ത എന്നെ വ്യസനപ്പെടുത്തി. അതോടൊപ്പം അവളെ ഉപേക്ഷിച്ചാലും എന്റെ ജീവിതം സന്തോഷകരമാവില്ലെന്ന തോന്നൽ എന്നെ അവളെ ഉപേക്ഷിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു.
മരണപ്പെട്ടുപോയ അവളെ ഉപേക്ഷിച്ചതുകൊണ്ട് ഇനി അവൾക്ക് ഒരു ജീവിതം ഉണ്ടാകില്ല എന്ന ചിന്ത എന്നെ വ്യസനപ്പെടുത്തി. അതോടൊപ്പം അവളെ ഉപേക്ഷിച്ചാലും എന്റെ ജീവിതം സന്തോഷകരമാവില്ലെന്ന തോന്നൽ എന്നെ അവളെ ഉപേക്ഷിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു.
പക്ഷെ അവളോട് പെട്ടെന്ന് ഇണങ്ങിച്ചേരാൻ എനിക്ക് സാധിക്കില്ലായിരുന്നു. ക്ഷമിക്കാനും എല്ലാം മറക്കാനും പുതിയൊരു ജീവിതം തുടങ്ങാനും അല്പം സമയം വേണമെന്ന് ഞാൻ അവളോട് പറഞ്ഞു. അവൾ അത് സമ്മതിക്കുകയും ചെയ്തു.
അവളുടെ വീട്ടുകാരോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി. എങ്കിലും അതൊന്നും പുറത്ത് കാട്ടാതെ എല്ലാം സഹിക്കാൻ ഞാൻ തീരുമാനിച്ചു. ദിവസങ്ങൾ അങ്ങനെ കടന്നു പോയപ്പോളാണ് ഇടിത്തീ പോലെ ആ വാർത്ത വന്നത്. അഞ്ജലി ഗർഭിണിയാണ്. അതെന്നെ ശരിക്കും തളർത്തി. ഞാൻ ഒരു വിരൽത്തുമ്പുകൊണ്ടു പോലും തൊട്ട് അശുദ്ധമാക്കാത്ത എന്റെ ഭാര്യ ഗർഭിണി ആയിരിക്കുന്നു. അതെനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. വേറൊരുത്തന്റെ കുഞ്ഞിനെ സ്വന്തം ആയി ചുമക്കേണ്ട ആവശ്യം എനിക്കില്ല എന്ന് തന്നെ ഞാൻ നിശ്ചയിച്ചു. അഞ്ജലിയെ ഉപേക്ഷിക്കാൻ തന്നെ തീരുമാനം എടുത്താണ് വീട്ടിലേക്ക് പുറപ്പെട്ടത്
പക്ഷെ അവിടെയും ഞാൻ തോറ്റു പോവുകയായിരുന്നു. മകന് കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിൽ മതിമറന്ന് നിൽക്കുന്ന അച്ഛനും അമ്മയും ബന്ധുക്കളും എന്നെ പിന്നെയും തോൽപ്പിച്ചു. സത്യം തുറന്ന് പറഞ്ഞാൽ വേദനിച്ച പോകുന്ന അവരുടെ മനസ്സ് എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു. ആകപ്പാടെ മനഃപ്രായസം. ആത്മഹത്യ ചെയ്താലോ എന്ന് വരെ ആലോചിച്ച സമയങ്ങൾ ആയിരുന്നു അതൊക്കെ. ഒടുക്കം മദ്യത്തിന്റെ ലഹരിയിൽ ആശ്വാസം കണ്ടെത്താൻ ഒരു ശ്രമം നടത്തി. പിന്നീട് അതും രക്ഷയില്ലെന്ന് തിരിച്ചറിഞ്ഞു.
പക്ഷെ അപ്പോളും അഞ്ജലി എന്നെ വിട്ട് പോകാൻ തയ്യാറായിരുന്നു. എന്നെ ചതിക്കണമെന്ന് അവൾ ഒരിക്കലും ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല. സത്യം അവൾ തന്നെ എല്ലാരോടും തുറന്ന് പറയാം എന്നവൾ പറഞ്ഞു. പക്ഷെ എന്തുകൊണ്ടോ എനിക്കൊന്നിനും കഴിഞ്ഞില്ല. എല്ലാവരുടെയും മുൻപിൽ ഞാൻ പരാജിതനെപ്പോലെ നിന്നു. പിന്നെ തീരുമാനിച്ചു ഇതാണെന്റെ വിധി. അങ്ങനെ ആ കുഞ്ഞിന്റെ പിതൃത്വം ഞാൻ ഏറ്റെടുക്കുകയായിരുന്നു.
പക്ഷെ വിധി പിന്നെയും പരീക്ഷണങ്ങൾ നിർത്തിയിട്ടുണ്ടായിരുന്നില്ല. അവളുടെ മരണം, അതെനിക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഭാര്യ മരിച്ചതിന്റെ വേദനയായിരുന്നോ അന്നെനിക്ക് തോന്നിയത് എന്ന് ഇന്നും വ്യക്തമായി അറിയില്ല.
കിച്ചുവിനെ അഞ്ജലിയുടെ വീട്ടുകാർ ഏറ്റെടുക്കാൻ തയ്യാറായിരുന്നു. പക്ഷെ അച്ഛനും അമ്മക്കും അത് ഇഷ്ടമില്ലാത്ത കാര്യമായിരുന്നു. എന്റെ മകൻ ഞങ്ങളുടെ വീട്ടിൽ വളരണമെന്നവർ ശഠിച്ചു. ആ അവസ്ഥയിൽ സത്യം തുറന്ന് പറയുന്നതിൽ യാതൊരു ന്യായവുമില്ലെന്ന തോന്നൽ എന്നെ പിന്നെയും പുറകോട്ട് വലിച്ചു.
രണ്ടാമതൊരു വിവാഹം ഞാൻ ഒട്ടും ആഗ്രഹിച്ചതല്ല. പക്ഷെ കിച്ചു എന്ന ബാധ്യത ഏറ്റെടുത്ത് പോയതുകൊണ്ട് എനിക്കതും വേണ്ടി വന്നു. അങ്ങിനെയാണ് ഞാൻ നിന്നെ തേടി വരുന്നത്. മഞ്ജു... ഞാൻ എന്ത് തെറ്റ് ചെയ്തു? സ്വന്തം മക്കൾ മാതാപിതാക്കളുടെ സ്വാർത്ഥത ആണ്. ഞാൻ എന്റെ മകളുടെ വേദന മാത്രമേ കണ്ടുള്ളു. നീ പറ...ഞാൻ ചെയ്തത് തെറ്റാണോ?
മഞ്ജുവിന്റെ ഭാഗത്ത് നിന്ന് മറുപടിയൊന്നും ഉണ്ടായില്ല. അല്പനേരത്തിന് ശേഷം അവൾ പൊട്ടിക്കരഞ്ഞു പോയി. സത്യങ്ങൾ എല്ലാം അവളോട് തുറന്ന് പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം അനുഭവപ്പെട്ടു. ഇനി മഞ്ജുവിന് കിച്ചുവിനോടുള്ള മനോഭാവം എന്തായിരിക്കും എന്ന ആശങ്കയും എനിക്കുണ്ടായി. ഈ ആശങ്ക ഒരിക്കലും തീരില്ലെന്നെനിക്ക് തോന്നി.
*******
*******
വർഷങ്ങൾ കടന്നു പോയിരിക്കുന്നു. ഇന്ന് കിച്ചുവിൻറെ കല്യാണം ആണ്. നവവരന്റെ വേഷത്തിൽ യോഗ്യൻ ആയിരിക്കുന്നു അവൻ. ചടങ്ങുകൾ ഓരോന്നായി നടക്കുന്നു. അച്ഛന്റെ അനുഗ്രഹം വാങ്ങാൻ പറഞ്ഞതനുസരിച്ച് എന്റെ കാൽക്കൽ അവൻ തൊട്ടു. ജീവനോടെയില്ലാത്ത അവന്റെ യഥാർത്ഥ അച്ഛനെ മനസ്സിൽ ഓർത്ത് ഞാൻ ആ തലയിൽ കൈവച്ചനുഗ്രഹിച്ചു. അമ്മയുടെ അനുഗ്രഹം വാങ്ങാൻ പറഞ്ഞപ്പോൾ അവൻ നേരെ മഞ്ജുവിനെ തേടിപ്പോയി. പക്ഷെ മഞ്ജു തടഞ്ഞു. അഞ്ജലിയുടെ ഫോട്ടോക്ക് നേരെ ചൂണ്ടി അവൾ പറഞ്ഞു.
ആദ്യം അവിടെ.
ചിരിച്ചു കൊണ്ട് അവൻ മഞ്ജുവിനോട് പറഞ്ഞു.
ഇതാണെന്റെ അമ്മ. ഓർമ്മ വച്ചപ്പോൾ മുതൽ ഞാൻ കണ്ട എന്റെ അമ്മ.
അത്രയും പറഞ്ഞ് കിച്ചു മഞ്ജുവിന്റെ കാൽക്കൽ തൊട്ടു. അവന്റെ തലയിൽ കൈവച്ചനുഗ്രഹിക്കുമ്പോൾ മഞ്ജുവിന്റെ കണ്ണുകൾ മാത്രമല്ല മാതൃസ്നേഹത്താൽ ആ മനസ്സും നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.
കിച്ചു വധുവിന്റെ കഴുത്തിൽ താലി ചാർത്തി. സന്തോഷത്തോടെ നിൽക്കുന്ന അവരുടെ മുഖം കണ്ടപ്പോൾ എനിക്കും വലിയ ആനന്ദം തോന്നി. ഒരച്ഛന്റെ ഉത്തരവാദിത്വം ഞാൻ ഭംഗിയായി പൂർത്തിയാക്കിയിരുന്നു. ഞാൻ മഞ്ജുവിനെ നോക്കി. എന്റെ കൂടെ ഒരു ജീവിതം മുഴുവൻ ജീവിച്ചവൾ. ഞാൻ ആ കൈകൾ ചേർത്ത് പിടിച്ചു. കിച്ചുവിന്റെ ജന്മരഹസ്യം ഇന്നും ആ കൈകളിൽ ഭദ്രം. അവളെന്നെ നോക്കി. ആ കണ്ണുകളിൽ ഇപ്പോളും ഉണ്ട് കണ്ണുനീർ, ഒരമ്മയുടെ മനസ്സിന്റെ ആനന്ദ കണ്ണീർ.
(അവസാനിച്ചു)
(അവസാനിച്ചു)
Samini

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക