Slider

രക്തപവിഴം-ഭാഗം 4

0
രക്തപവിഴം-ഭാഗം 4
“അമ്മാവാ കാറിന്‍റെ കീ തരൂ “ എന്താണ് ചാര്‍ളി ഉദേശിക്കുന്നതെന്ന് മനസ്സിലാകാതെ പോള്‍ കാറിന്‍റെ കീ അവന് കൊടുത്തു.ചാര്‍ളി കീയുടെ അഗ്രം കൊണ്ട് ആ പുസ്തകത്തിന്‍റെ പിന്നിലെ ചട്ടയുടെ നടുവിലൂടെ കുത്തിക്കീറി.ആ ചട്ടയ്ക്കുള്ളില്‍ നിന്നൊരു പേപ്പര്‍ താഴേയ്ക്ക് വീണു.ചാര്‍ളി നിലത്തുവീണ ആ പപ്പേര്‍ കൈയ്യിലെടുത്തു തുറന്നുനോക്കി
“മാപ് “ ആശ്ചര്യം കൊണ്ടും സന്തോഷം കൊണ്ടും ചാര്‍ളി പറഞ്ഞു
“അമ്മാവാ ..സമന്യ..മാപ് “ചാര്‍ളി വീണ്ടും അവരോടായി പറഞ്ഞു .ചാര്‍ളി തന്‍റെ കൈയ്യിലുണ്ടായിരുന്ന മാപിന്റെ കോപ്പിയെടുത്ത് പുസ്തകത്തില്‍ നിന്ന് ലഭിച്ച മാപുമായി ഒത്തുനോക്കി
“ഇത് രണ്ടും തമ്മില്‍ വ്യത്യാസമില്ലല്ലോ അമ്മാവാ “ രണ്ടു കൈയ്യിലെയും മാപുകള്‍ ഒത്തുനോക്കി കൊണ്ട് ചാര്‍ളി പോളിനോട് പറഞ്ഞു
“എവിടെ നോക്കട്ടെ “ പോള്‍ ചാര്‍ളിയുടെ കൈയ്യില്‍നിന്നും മാപ് വാങ്ങികൊണ്ട് പറഞ്ഞു.ചാര്‍ളിയുടെ കൈയ്യില്‍നിന്നും മാപിന്റെ കോപ്പിയും വാങ്ങികൊണ്ട് പോളും ഒത്തുനോക്കി
“ശരിയാണ് ചാര്‍ളി രണ്ടും ഒരേപോലെതന്നെയാണ് ..പക്ഷേ ഇതിലെയും ഡാര്‍ക്ക്‌ ഷെയിഡ് കണ്ടോ ..ഫോട്ടോ കോപ്പിയില്‍ ഈ ഭാഗം കറുപ്പ് ആണെങ്കില്‍ ഇതില്‍ നീല നിറത്തിലാണ് ..ഈ നീലനിറമായിരിക്കണം കോപ്പിയില്‍ വന്നപ്പോള്‍ കറുത്ത നിറമായതെന്നു തോന്നുന്നു “
“ഒരു നിമിഷം ആ മാപ് ഒന്ന് തരൂ “ അതുവരെ ഒന്നും മിണ്ടാതെയിരുന്നിരുന്ന സമന്യ പോളിനോട് മാപ് ചോദിച്ചു.പോള്‍ ചാര്‍ളിയെ നോക്കി മാപ് കൊടുക്കണോ എന്ന് ചോദിക്കുമ്പോലെ നോക്കി.ചാര്‍ളി അവള്‍ക്ക് കൊടുത്തോ എന്ന് പറയുംവിധം തലയാട്ടി.പോള്‍ മാപ് സമന്യയ്ക്ക് കൊടുത്തു.അവള്‍ രണ്ട് മാപിലേയ്ക്കും മാറിമാറി സൂക്ഷിച്ചുനോക്കി
“ഈ ഡാര്‍ക്ക്‌ ഷെയിഡ് അല്ലെങ്കില്‍ ഈ നീലനിറം എനിയ്ക്ക് തോന്നുന്നുത് “ അവള്‍ മുഴുവനാക്കാതെ മാപിലേയ്ക്ക് നോക്കികൊണ്ട്‌ പറഞ്ഞു
“തോന്നുന്നത് ? “ ചാര്‍ളി ചോദിച്ചു
“ചാര്‍ളി ഭാരതം കണ്ട മഹാനായ രാജാവ്‌ അത്ര എളുപ്പത്തില്‍ രക്തപവിഴത്തിലെയ്ക്ക് എത്തിക്കാനുള്ള വഴി കാണിച്ച് തരുമെന്ന്‍ തോന്നുന്നുണ്ടോ ? മുത്തച്ഛന്‍ ചന്ദ്രഗുപ്തന് അപ്രാപ്യമായിരുന്ന കലിംഗയെ തോല്‍പ്പിച്ച അശോക ചക്രവര്‍ത്തി ഒരിക്കലും എളുപ്പം നമ്മളെ രക്തപവിഴത്തിലെയ്ക്ക് എത്തിക്കില്ല “
“മാപ് ശരിയല്ലന്നാണോ സമന്യ പറയുന്നത് ? “ ചാര്‍ളി വീണ്ടും ചോദിച്ചു
“ഒരിക്കലുമല്ല..ചാര്‍ളി ലിറ്റ്മസ് എന്ന് കേട്ടിട്ടുണ്ടോ ? “
“പണ്ടെങ്ങോ കേട്ടിട്ടുണ്ട് .. സയന്‍സില്‍ പണ്ടേ ഞാന്‍ വീക്കാ ..സമന്യ സസ്പന്‍സ് ഒന്ന് അവസാനിപ്പിച്ച്‌ ഈ മാപിനെ പറ്റി ഒന്ന് പറയാമോ ? “
“പറയാം ഈ കാണുന്ന ഡാര്‍ക്ക്‌ ഷെയിഡ് ഈ നീലനിറം ലിറ്റ്മസ് ആണെന്നാണ് എനിയ്ക്ക് തോന്നുന്നത് “
“ലിറ്റ്മസ് അതിന് അത്രയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടുപിടിച്ചിട്ടുണ്ടോ ? “പോള്‍ അവളോട്‌ ചോദിച്ചു
“അതാണ് എനിയ്ക്കും സംശയം “ അവള്‍ വീണ്ടും മാപിലേയ്ക്ക് നോക്കിനിന്നു
“ആരെങ്കിലും ഒന്നു പറയാമോ എന്താണ് ഈ ലിറ്റ്മസ് ? “ ക്ഷമ നശിച്ച ചാര്‍ളി അവരോട് ചോദിച്ചു
“കുമിൾ ജീവിവർഗ്ഗവും പായൽ ജീവിവർഗ്ഗവും ഒന്നിച്ചുജീവിക്കുന്ന ജീവിതക്രമത്തെയാണ് ലൈക്കനുകൾ എന്ന് വിളിക്കുന്നത് .ലൈക്കനുകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്നതും ജലത്തില്‍ ലയിക്കുന്നതുമായ മിശ്രിതമാണ് ലിറ്റ്മസ് “
“ഒരു സംശയം ..സമന്യ യൂണിവേഴ്സിറ്റിയിലെ ആര്‍ക്കിയോളജിക്കല്‍ ഹെഡ് ആണോ അതോ ഏതെങ്കിലും ശാസ്ത്രശാഖയുടെ ഹെഡ് ആണോ ? ഇനിയെങ്കിലും ലിറ്റ്മസും ഈ മാപും തമ്മില്ലുള്ള ബന്ധം എന്താണെന്ന് പറയാമോ ? “ ചാര്‍ളി സമന്യ പറയുന്നതിന് ഇടയ്ക്ക് കയറി ചോദിച്ചു
“അവള്‍ മുഴുവനാക്കട്ടെ ചാര്‍ളി ..സമന്യ ബാക്കി പറയൂ “ പോള്‍ അവളോട്‌ ബാക്കി പറയാന്‍ ആവശ്യപ്പെട്ടു .അവള്‍ ചാര്‍ളിയെ ഒന്ന് നോക്കിയശേഷം തുടര്‍ന്നു
“ പീ എച്ച് [pH] മൂല്യനിർണയത്തിനാണ് ലിറ്റ്മസ് ഉപയോഗിക്കുന്നത് . നീല ലിറ്റ്മസ് കടലാസ് അമ്ലഗുണസാഹചര്യത്തിൽ ചുവപ്പ് നിറവുകയും ഇനി ചുവപ്പ് ലിറ്റ്മസ് ക്ഷാരഗുണസാഹചര്യത്തിൽ നീലനിറമാകുകയും ചെയ്യും..നമ്മുക്ക് ലഭിച്ചിരിക്കുന്നത് നീലനിറത്തിലുള്ള ലിറ്റ്മസ് ആണ് ഒരു പക്ഷേ ഈ നീലനിറത്തിനു അപ്പുറം നിങ്ങള്‍ തേടുന്ന രക്തപവിഴം ഉണ്ടായിരിക്കാം” രക്തപവിഴം ശരിക്കും ഉണ്ടെന്ന് ശരിവെയ്ക്കും പോലെയായിരുന്നു സമന്യ അത് പറഞ്ഞത്
“അപ്പോ അമ്ലഗുണ സാഹചര്യം ഉണ്ടാക്കിയെടുത്താല്‍ ഈ നീലനിറത്തില്‍ ഒളിച്ചിരിക്കുന്ന മാപിന്റെ ബാക്കി ഭാഗങ്ങള്‍ നമ്മുക്ക് മനസിലാക്കാം അല്ലേ ? “
“അതെ ..പക്ഷെ എനിയ്ക്ക് ഇപ്പോഴും മനസ്സിലാകാത്തത് അത്രയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലിറ്റ്മസ് അവര്‍ കണ്ടുപിടിച്ചിരുന്നോ എന്നുള്ളതാണ് “ പോള്‍ ലിറ്റ്മസിനെ പറ്റി സമന്യ പറഞ്ഞത് വിശ്വസിക്കാനാവാതെ അവളോട്‌ ചോദിച്ചു
“രണ്ടായിരത്തിയൊന്നില്‍ ദ്വാരകയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയപ്പോള്‍ റീസെര്‍ച്ച്‌ നടത്തിയിരുന്ന ആര്‍ക്കിയോളജി കമറ്റി പറഞ്ഞിരുന്നു ദ്വാരക സോഫിസ്റ്റിക്കേറ്റഡ് സിറ്റി ആയിരുന്നുവെന്ന് ..എന്തിനേറെ പറയുന്നു ‘saubha-pura’ എന്ന പറക്കും വിമാനവും അന്ന് കാലത്ത് ഉണ്ടായിരുന്നുവെന്ന് മിത്തുകളില്‍ പറയുന്നതിനെ അവരും ശരിവെച്ചിരുന്നു അങ്ങനെ നോക്കുമ്പോള്‍ ഒരു പക്ഷേ ലിറ്റ്മസ് അവര്‍ കണ്ടുപിടിച്ചിരിക്കാം എന്ന നിഗമനത്തില്‍ നമ്മുക്ക് എത്താം “ അവള്‍ പോളിന്‍റെ സംശയം തീര്‍ത്തുകൊടുത്തു
“ഇതിലെ നീലനിറം മാറ്റി ഇതില്‍ മറഞ്ഞിരിക്കുന്ന മാപിന്റെ ബാക്കി ഭാഗം ലഭിക്കാന്‍ ഇനി നമ്മള്‍ എന്താണ് ചെയ്യേണ്ടത് ? ആസിഡ് മാപിന്റെ നീലനിറമുള്ള ഭാഗത്ത് ഒഴിക്കണോ ? “ അടക്കിപ്പിടിച്ച ആകാംഷ മൊത്തമായി ചാര്‍ളിയില്‍നിന്ന് പുറത്തേയ്ക്ക് വന്നിരുന്നു അവന്‍ അത് പറയുമ്പോള്‍
“അരുത് ..നേര്‍ത്ത ഗുണമുള്ള ആസിഡ് വേണം ഇതിന് ഉപയോഗിക്കാന്‍ ..അല്ലെങ്കില്‍ ഒരു പക്ഷേ മാപ് ഉരുകി പോവുകയോ കത്തി പോവുകയോ ചെയ്യും..ഒന്നുകില്‍ നാരങ്ങനീര് അല്ലെങ്കില്‍ തൈര് ..വളരെ നേരിയ അമ്ലഗുണമുള്ളവ വേണം ഉപയോഗിക്കാന്‍..വെയിറ്റ് ഞാന്‍ ഇപ്പോ വരാം “ അവള്‍ അത്രയും പറഞ്ഞുകൊണ്ട് ലൈബ്രറിയില്‍ നിന്ന് പുറത്തേയ്ക്ക് പോയി .തിരിച്ചുവന്നത് പകുതിയായി മുറിച്ച നാരങ്ങയുമായിട്ടായിരുന്നു.മേശപ്പുറത്തെയ്ക്ക് പുസ്തകത്തിന്‍റെ ചട്ടയില്‍ നിന്ന് ലഭിച്ച ഒറിജിനല്‍ മാപ് വെച്ചുകൊണ്ട് അതിലെ നീലനിറമുള്ള ഭാഗത്തായി നാരങ്ങ പിഴിഞ്ഞ് അതിന്‍റെ നീര് കൈക്കൊണ്ടായി അതിന് മുകളിലായി പുരട്ടി
“എവിടെ ഒന്നും കാണാന്‍ ഇല്ലല്ലോ ? “ ചാര്‍ളി അവളോട്‌ ചോദിച്ചു
“വെയിറ്റ് ..ലിറ്റ്മസ് ആണെങ്കില്‍ ഇപ്പോ നിറം മാറും “മാപിലേയ്ക്ക് നോക്കികൊണ്ട്‌ അവള്‍ പറഞ്ഞു.ചാര്‍ളിയും പോളും മാപിലെ നീലനിറമുള്ള ഭാഗത്ത് ഉണ്ടാകാനായി പോകുന്ന മാറ്റത്തിനായി നോക്കിനിന്നു.അവള്‍ പറഞ്ഞപോലെ നീലനിറം പതിയെ മാറുവാന്‍ തുടങ്ങി.പതിയെ പതിയെ ആ നീലനിറമായിരുന്നു ആ ഭാഗം ചുവന്ന നിറമായി.
“സീ ഞാന്‍ പറഞ്ഞില്ലേ ഇത് ലിറ്റ്മസ് ആണെന്ന് “ സമന്യ അത്ഭുതത്തോടെ മാപിലേയ്ക്ക് നോക്കിനില്‍ക്കുന്ന പോളിനോടും ചാര്‍ളിയോടുമായി പറഞ്ഞു.ചാര്‍ളി മേശപ്പുറത്ത് നിന്ന് മാപ് കൈയ്യിലേയ്ക്ക് എടുത്തു
“ ഇതെന്താണിത് ? എന്താണ് ഈ അടയാളങ്ങള്‍ ? അമ്മാവാ ഇതൊന്ന് നോക്കൂ “ ചാര്‍ളി നിറം മാറിയ ആ ഭാഗത്തിലേയ്ക്ക് നോക്കികൊണ്ട്‌ പറഞ്ഞു
“പിക്ക്ടോഗ്രാഫ് “ ചുവന്ന നിറത്തില്‍ ഉണ്ടായിരുന്ന അടയാളങ്ങളില്‍ നോക്കികൊണ്ട്‌ പോള്‍ പറഞ്ഞു
“ എവിടെ നോക്കട്ടെ ? “ സമന്യ മാപിലെയ്ക്ക് എത്തിനോക്കി
“അതെ പിക്ക്ടോഗ്രാഫ്..ഒരു വാക്കിനേയോ അല്ലെങ്കില്‍ ഒരു വാചകത്തിനെയോ സൂചിപ്പിക്കുന്നതിനായി പണ്ട് കാലങ്ങളില്‍ അതായത് ലിപി കണ്ടുപിടിക്കുന്നതിന് മുന്‍പ് പിക്ക്ടോഗ്രാഫ് ആയിട്ടായിരുന്നു വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നത് “
“അങ്ങനെയെങ്കില്‍ ഈ ചുവന്ന നിറത്തിലുള്ള ഭാഗത്തിലാണ് നമ്മള്‍ തേടുന്ന രക്തപവിഴം അശോക ചക്രവര്‍ത്തി ഒളിപ്പിച്ചുവേച്ചിരിക്കുന്നത് ..ബാക്കിയുള്ള ഭാഗം അവിടെയ്ക്ക് എത്തിപ്പെടാനുള്ള വെറും വിവരങ്ങള്‍ മാത്രമാണ് “ ചാര്‍ളി പിക്ക്ടോഗ്രാഫിലെയ്ക്ക് നോക്കികൊണ്ട്‌ പറഞ്ഞു
“അതെ ..അതുതന്നെയാണ് “സമന്യ ചാര്‍ളി പറഞ്ഞത് ശരിവെച്ചു
“പക്ഷേ ഈ അടയങ്ങള്‍ ..ഈ പിക്ക്ടോഗ്രാഫ് എന്താണ് ഉദേശിക്കുന്നത് “ ചാര്‍ളി കൈയ്യിലെ മാപ് വീണ്ടും മേശപ്പുറത്ത് വെച്ചു
“ഇതെന്താണ് ? ഇതെന്തോ മൃഗമാണ്‌ “പിക്ക്ടോഗ്രാഫിലേയ്ക്ക് നോക്കി ചാര്‍ളി പറഞ്ഞു
“നീണ്ട കൊമ്പുകള്‍ ..നാലു കാലുകള്‍ ..ചെറിയ വാല് ..ഇതെനിയ്ക്ക് തോന്നുന്നത് മാന്‍ ആണെന്നാണ് “പിക്ക്ടോഗ്രാഫിലേയ്ക്ക് നോക്കികൊണ്ട്‌ പോള്‍ പറഞ്ഞു
“യെസ് ..ഇത് മാന്‍ തന്നെയാണ് ..ഈ കാണുന്നത് ഒരു നായാട്ടുകാരന്‍ ..ഒരു നായാട്ടുകാരന്‍ അമ്പേയ്യുന്നു..എന്താണ് ഈ ചിത്രംകൊണ്ട് ഉദേശിക്കുന്നത് ? “പോളിനോടും സമന്യയോടുമായി ചാര്‍ളി ചോദിച്ചു .അവര്‍ മാപിലേയ്ക്ക് നോക്കിയതല്ലാതെ അവന്‍റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല
“പിന്നെ ഈ പാറക്കെട്ട് അത് കഴിഞ്ഞു ഒരു വീട് പോലെ എന്തോ ഒന്ന്‍ അതിന് മുന്നിലായി രണ്ടു ആളുകള്‍ ..പിന്നെ വീണ്ടും ഒരേ പോലെയിരിക്കുന്ന രണ്ട് മൃഗങ്ങള്‍ അതിന് മധ്യത്തിലായി ഒരു വാളിന്റെ ചിത്രം “ ചാര്‍ളി മാപില്‍ കണ്ട കാര്യങ്ങള്‍ പോളിനും സമന്യയ്ക്കും കാണിച്ചുകൊടുത്തു
“എന്തായിരിക്കും ഇതുകൊണ്ട് ചക്രവര്‍ത്തി ഉദേശിക്കുന്നത് ? “
“ചാര്‍ളി ഇത് ശ്രദ്ധിച്ചോ ? ചിത്രത്തിലെ നായാട്ടുകാരന്‍ മാനിനെ അല്ല അമ്പേയ്യുന്നത് ..മാന്‍ നില്‍ക്കുന്നതിന്റെ എതിര്‍ദിശയിലേയ്ക്കാണ് അമ്പേയ്യുന്നത് ..അമ്പിന്‍റെ ദിശ കാണിക്കുന്നത് മാനിനെ ലക്ഷ്യമാക്കിയല്ല “ മാപിലെ പിക്ക്ടോഗ്രാഫല്‍ നോക്കികൊണ്ട്‌ പോള്‍ ചാര്‍ളിയോട് പറഞ്ഞു
“അത് ശരിയാണല്ലോ ..മാനിനെ ലക്ഷ്യമാക്കാതെ നേരെമറിച്ച് എതിര്‍ദിശ നോക്കിയാണ് അമ്പേയ്യുന്നത് ..അതെന്തായിരിക്കും ചക്രവര്‍ത്തി ഉദേശിച്ചിട്ടുണ്ടാവുക ? “ചാര്‍ളി തുടര്‍ന്നു
“മാന്‍ ..നായാട്ടുകാരന്‍ “രണ്ടില്‍ കൂടുതല്‍ തവണ ചാര്‍ളി അങ്ങനെ ഉച്ചരിച്ചു
“ഇത് നായാട്ടുകാരന്‍ അല്ല ..എന്‍റെ ഊഹം ശരിയാണെങ്കില്‍ ഇവിടെ നായാട്ടുകാരന്‍ എന്നതിനേക്കാള്‍ കൂടുതല്‍ അനുയോജ്യമായത് ഒരു വേടന്‍ എന്ന സങ്കല്‍പമാണ് ..മാനിനെ അമ്പേയ്യുന്ന വേടന്‍ ..എന്ന് വെച്ചാല്‍ ചക്രവര്‍ത്തി നമ്മുക്കൊരു ക്ലൂ തന്നിരിക്കുകയാണ് ..നമ്മുക്ക് അറിയാവുന്ന കാര്യം തന്നെയാണ് അമ്മാവാ ..വേടന്‍റെ അമ്പേറ്റു ആരാണ് മരിച്ചിരിക്കുന്നത് ? “
“ശ്രീകൃഷ്ണഭഗവാന്‍ ? “സമന്യ ചാര്‍ളിയോട് പറഞ്ഞു
“അതെ സമന്യ..ചക്രവര്‍ത്തി ഇവിടെ ഉദേശിച്ചതും അത് തന്നെയാണ് ശ്രീകൃഷ്ണഭഗവാന്‍ “
“പക്ഷെ ശ്രീകൃഷ്ണഭഗവാനും നമ്മള്‍ തേടുന്ന രക്തപവിഴവുമായി എന്ത് ബന്ധം ? ഭഗവാന്‍റെ സ്വര്‍ഗാരോഹണം കഴിഞ്ഞു നൂറ്റാണ്ടുകള്‍ കഴിഞ്ഞില്ലേ അഗാധ രാജ്യം ഉണ്ടാവുന്നത് അതും കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞില്ലേ അശോക ചക്രവര്‍ത്തി അഗാധയെ ആക്രമിക്കുന്നതും ?” സമന്യ സംശയത്തോടെ അവളോട്‌ ചോദിച്ചു
“ഞാന്‍ നേരത്തെ പറഞ്ഞില്ലേ അതൊരു ക്ലൂ മാത്രമാണ് അല്ലാതെ ശ്രീകൃഷ്ണഭഗവാനും രക്തപവിഴവുമായി യാതൊരു ബന്ധവുമില്ല “ ചാര്‍ളി ഒന്ന് നിറുത്തിയ ശേഷം തുടര്‍ന്നു
“അല്ല സമന്യ ഈ മഹാവംശം എന്ന പുസ്തകം നിങ്ങള്‍ക്ക് എവിടെ നിന്ന് ലഭിച്ചെന്നാണ് നേരത്തെ പറഞ്ഞത് ? “
“രണ്ടായിരത്തി ഒന്നില്‍ ഗുജറാത്തിലെ ഘാംബട്ട് സമുദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്ന് ശ്രീകൃഷ്ണന്‍ ഭഗവാന്റെ ദ്വാരകയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു ..അവിടെ നിന്ന് പടിഞ്ഞാറ് ഒമ്പത് കിലോമീറ്റര്‍ പരപ്പില്‍ നാല്പത് മീറ്റര്‍ ആഴത്തില്‍ മറ്റൊരിടത്ത് നിന്ന് കണ്ടെത്തിയതാണ് മഹാവംശം “ സമന്യ അത് പറഞ്ഞപ്പോള്‍ ചാര്‍ളി ഒന്ന്‍ പുഞ്ചിരിച്ചു
“അമ്മാവാ ..സമന്യ..അശോക ചക്രവര്‍ത്തി തന്നിരിക്കുന്ന ക്ലൂവിന്‍റെ അര്‍ഥം നമ്മള്‍ കണ്ടുപിടിച്ചിരിക്കുന്നു “ ചാര്‍ളി ചിരിച്ചുകൊണ്ട് പറഞ്ഞു
“ശ്രീകൃഷ്ണഭഗവാന്‍ എന്നല്ല ചക്രവര്‍ത്തി ഉദേശിച്ചത്‌ “
“പിന്നെ ? “പോളും സമന്യയും ഒരേ സ്വരത്തില്‍ ചോദിച്ചു
(തുടരും )

Lijin
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo