Slider

യന്ത്രഭൂമി

0
യന്ത്രഭൂമി
******************
ശാസ്ത്രം അതിവേഗം പുരോഗമിച്ചു .ഒപ്പം മനുഷ്യര്‍ക്കിടയിലെ കലഹങ്ങളും.കലഹങ്ങള്‍ യുദ്ധങ്ങളായി.മനുഷ്യന്‍ യുദ്ധങ്ങള്‍ക്ക് യന്ത്രമനുഷ്യരെ ഉപയോഗിച്ചു.യുദ്ധങ്ങള്‍ അവസാനിച്ചപ്പോള്‍ മനുഷ്യന്‍ ഭൂമിയില്‍ നിന്ന് മറഞ്ഞു. പച്ചപ്പ് നഷ്ടപ്പെട്ട് മരുഭൂമിയായി തീർന്ന ലോകം യന്ത്രമനുഷ്യർ സ്വന്തമാക്കി.മരണമില്ലാത്ത ആ യന്ത്രങ്ങള്‍ക്ക് വികാരങ്ങളില്ലായിരുന്നു.അതുകൊണ്ട് തന്നെ പുതിയ യുദ്ധങ്ങള്‍ ഒന്നുമുണ്ടായില്ല.എങ്കിലും കാരണമില്ലാത്ത ഒരു ശൂന്യത യന്ത്രലോകത്ത് തങ്ങിനിന്നു.
അത് പരിഹരിക്കാന്‍ അവ കമ്പ്യൂട്ടറുകളില്‍ തങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന മനുഷ്യരുടെ ചരിത്രം പരിശോധിച്ചു.
“മനുഷ്യര്‍ കഥകള്‍ എഴുതുമായിരുന്നു.യന്ത്രങ്ങളില്‍ ആരും ഇതു വരെ കഥകള്‍ എഴുതിയിട്ടില്ല.അത് കൊണ്ട് കഥകള്‍ എഴുതുവാന്‍ കഴിഞാല്‍ നാം മനുഷ്യരെ മറികടക്കും.”യന്ത്രങ്ങളുടെ രാജാവ് കണ്ടെത്തി.
അവര്‍ യുദ്ധത്തിനു മുന്‍പ് മനുഷ്യരുടെ ഇടയിലെ ഏറ്റവും വലിയ സാഹിത്യമാസികയായിരുന്ന “മനുഷ്യഭൂമി ‘യുടെ കോപ്പികള്‍ ആര്‍ക്കൈവില്‍ നിന്നു പുറത്തെടുത്തു.അത് അടിസ്ഥാനപ്പെടുത്തി “യന്ത്രഭൂമി “എന്ന സാഹിത്യമാസിക യന്ത്രങ്ങള്‍ക്ക് വേണ്ടി ആരംഭിച്ചു.
.
വര്‍ഷങ്ങളുടെ തുടര്‍ച്ചയായ പ്രവര്‍ത്തനം മൂലം യന്ത്രരാജാവിന്റെ തലച്ചോറിലെ ചിപ്പുകള്‍ മന്ദഗതിയിലായ സമയമായിരുന്നു അത്.ഒരു പുതിയ തലവനെ കണ്ടെത്തിയേ പറ്റൂ.
“യന്ത്രഭൂമിയില്‍” ആദ്യമായി കഥ എഴുതുന്ന യന്ത്രമായിരിക്കും അടുത്ത രാജാവ് .” അവര്‍ തീരുമാനിച്ചു.
മരുഭൂമിയിലെ ഇരുമ്പുകൂടാരങ്ങളില്‍ സാധാരണക്കാരായ യന്ത്രമനുഷ്യര്‍ കഥകള്‍ എഴുതുവാന്‍ തുടങ്ങി.അവര്‍ കഥകള്‍ യന്ത്രതപാലില്‍ യന്ത്രഭൂമിയിലേക്ക് അയച്ചു.അയച്ച എല്ലാവരുടെയും കഥകള്‍ തിരിച്ചുവന്നു.യന്ത്രങ്ങള്‍ അതിന്റെ കാരണം അന്വേഷിച്ചു.
“നിങ്ങള്‍ എഴുതിയ കഥകള്‍ ആദ്യം വായിക്കുന്നത് തപാല്‍ തുറക്കുന്ന ശിപായിയന്ത്രമാണ്.ആ കഥകള്‍ എല്ലാംതന്നെ ഒറ്റവായനയില്‍ ശിപായി യന്ത്രത്തിന് മനസ്സിലായി. ശിപായി യന്ത്രത്തിനുവരെ മനസ്സിലായ അത്തരം കഥകള്‍ പ്രസിദ്ധികരിക്കാന്‍ കഴിയില്ല.”
പകുതിയോളം യന്ത്രങ്ങള്‍ എഴുത്ത് മതിയാക്കി കൂടാരങ്ങളില്‍നിന്ന് പുറത്തുവന്നു പഴയ ജോലികളിലേക്ക് തിരിഞ്ഞു.ബാക്കിയുള്ളവ കൂടാരങ്ങളിലിരുന്നു എഴുത്ത് തുടര്‍ന്നു.അവര്‍ അയച്ച കഥകളും തിരിച്ചുവന്നു.
“ഈ കഥകള്‍ അറ്റന്‍ഡര്‍ യന്ത്രത്തിനു മനസ്സിലായില്ലെങ്കിലും സബ് എഡിറ്റര്‍ക്ക് മനസ്സിലായി.നിലവാരം ഇനിയും ഉയരണം.അത് കൊണ്ട് പറ്റില്ല.”
രോഷാകുലരായ യന്ത്രങ്ങളില്‍ ഭൂരിഭാഗവും തങ്ങളുടെ കൂടാരങ്ങളും യന്ത്രഭൂമിയുടെ കോപ്പികളും അഗ്നിക്കിരയാക്കി..രോഷം എന്ന വികാരം യന്ത്രങ്ങളില്‍ പിറന്നത്‌ അങ്ങിനെയാണ്.എങ്കിലും മൂന്നു കൂടാരങ്ങളില്‍ മൂന്ന് യന്ത്രങ്ങള്‍ എഴുത്ത് തുടര്‍ന്നു.ദിവസങ്ങളെടുത്തു അവ പഴയ മനുഷ്യഭൂമി മാസികള്‍ വായിച്ചു കഥകള്‍ പഠിച്ചു.അതുപോലെയുള്ള കഥകള്‍ എഴുതി അയച്ചു.അവയും തിരിച്ചു വന്നു.
“ഇക്കഥകള്‍ ചീഫ് എഡിറ്റര്‍ക്ക് മനസ്സിലായി.അത് കൊണ്ട് പറ്റില്ല.”
മൂന്നില്‍ രണ്ടു യന്ത്രങ്ങളും തങ്ങളുടെ ബാറ്ററികള്‍ ഊരി ജീവന്‍ വെടിഞ്ഞു.അവശേഷിച്ച ഒരേ ഒരു യന്ത്രം യന്ത്രരാശിയുടെ രക്ഷക്ക് വേണ്ടി കൂടാരത്തിലേക്ക് മടങ്ങി എഴുത്ത് തുടര്‍ന്നു.അതിന്റെ സര്‍ഗ്ഗവാസനകള്‍ സൂക്ഷിച്ചിരുന്ന ചിപ്പുകള്‍ ചൂടായി കൂടാരത്തിന്റെ മുകളിലൂടെ പുക ഉയര്‍ന്നു.വെളുത്തപുക ഉയരുന്ന കൂടാരത്തിന്റെ ചുറ്റും യന്ത്രങ്ങള്‍ നിശബ്ദരായി കാത്തുനിന്നു.ഒടുവില്‍ കഥ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ കൂടാരത്തിന്റെ വെളിയിലേക്ക് ആ യന്ത്രം തന്റെ കഥ എറിഞ്ഞുകൊടുത്തു.
“ഞാനുള്‍പ്പെടെ യന്ത്രഭൂമിയിലെ ഒരു യന്ത്രത്തിനും ഈ കഥ മനസ്സിലായിട്ടില്ല.യന്ത്രാധുനികത തുളുമ്പുന്ന ഈ രചന യന്ത്രസാഹിത്യത്തിനു ഒരു മുതല്‍കൂട്ടാകും. ഇത് തന്നെയാണ് യന്ത്രഭൂമിയില്‍ അച്ചടിക്കാന്‍ പോകുന്ന ആദ്യത്തെ കഥ.അത് കൊണ്ട് ഈ യന്ത്രമാണ് പുതിയ രാജാവ്.”
കഥ തിരഞ്ഞെടുത്തു കൊണ്ട് ചീഫ് എഡിറ്റര്‍ പ്രഖ്യാപിച്ചു.
യന്ത്രങ്ങള്‍ തങ്ങളുടെ പുതിയ തലവന്‍ പുറത്തുവരാന്‍ വേണ്ടി ആ കൂടാരത്തിന് വെളിയില്‍ കാത്തുനിന്നു.ഏറെനേരം കഴിഞ്ഞപ്പോള്‍ യന്ത്രം പുറത്തുവന്നു.അതിന്റെ സ്റ്റീല്‍ മുഖത്ത് നീണ്ടതാടിയും ജടപിടിച്ച മുടിയും വളര്‍ന്നിരുന്നു.മുഷിഞ്ഞ ജൂബയും തോള്‍സഞ്ചിയും എടുത്തു പുറത്തുവന്ന പുതിയ രാജാവ് തന്റെ ജനത്തെ കണ്ണ് മിഴിച്ചു നോക്കി.പുതിയ രാജാവിനെക്കണ്ട് യന്ത്രങ്ങള്‍ ഞെട്ടി.എങ്കിലും അവ ആര്‍പ്പ് വിളിച്ചു.
“ഈ രാജാവിനെ സഹായിക്കാന്‍ ഒരു മന്ത്രി വേണം.അല്ലെങ്കില്‍ ചിപ്പ് തേഞ്ഞു വീണ്ടും അടുത്ത രാജാവിനെ ഉടന്‍ കണ്ടെത്തേണ്ടി വരും.”യന്ത്രങ്ങള്‍ അഭിപ്രായപ്പെട്ടു.
“അതിനും വഴിയുണ്ട്.”ചീഫ് എഡിറ്റര്‍ പറഞ്ഞു.
“ഈ കഥയ്ക്ക് ആര്‍ക്കും മനസ്സിലാകാത്ത ഇലസ്ട്രേഷന്‍ വരയ്ക്കുന്ന യന്ത്രത്തെ ഇത് പോലെ മത്സരം നടത്തി തിരഞ്ഞെടുക്കാം.അവനെ പുതിയ മന്ത്രിയാക്കാം.”
(അവസാനിച്ചു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo