അയിത്തം
-----------------
-----------------
ഉറപ്പാണ്. ആ മുഖം തന്നെ. ഒരിക്കലും മറക്കില്ല. ജീവിതത്തിൽ ഒരിക്കലേ കണ്ടിട്ടുള്ളു, എങ്കിലും മനസ്സിൽ ചോര പൊടിക്കുന്ന മുറിവുകൾ ഇടക്കിടക്ക് പൊട്ടിയൊലിക്കും ആ മുഖം ഓർമ്മ വരുമ്പോൾ. ലത്തീഫ് വലത്തേ കയ്യിലെ മുറിവിന്റെ മായാത്ത അടയാളത്തിൽ അറിയാതെ വിരലോടിച്ചു.
--------------------------------------
ലോകത്തിലേറ്റവും ശക്തമായ വികാരം ഏതാണ്? പ്രണയം? വെറുപ്പ്? പ്രതികാരം? സന്തോഷം? അല്ല. വിശപ്പ്. ഓരോ നിമിഷവും കൂടുതൽ കൂടുതൽ ശക്തി പ്രാപിക്കുന്ന വികാരം. അതിൻ്റെ കാഠിന്യമേറുമ്പോൾ വയറ് കാളുന്ന അഗ്നി സിരകളെയും നാഡികളെയും തളർത്തി, ബുദ്ധിയെ മന്ദിപ്പിച്ച് പ്രാണനിൽ സംഹാരതാണ്ഡവമാടും. ലത്തീഫിന്റെ ബാല്യം ആ അഗ്നിയിൽ വെന്തു ദഹിച്ചിട്ടുണ്ട്. പള്ളിക്കൂടത്തിലെ മറ്റ് കുട്ടികൾ ചോറുപൊതി തുറന്ന് തുടങ്ങുമ്പോൾ അടുത്തുള്ള അമ്പലവളപ്പിലെ കിണർവെള്ളത്തെ ആശ്രയിച്ച ദിവസങ്ങൾ. ഒരിക്കൽ കിണറിൽ നിന്നും വെള്ളം കോരിക്കൊണ്ടിരിക്കുമ്പോൾ പിന്നിൽനിന്ന് പെട്ടന്ന് കേട്ട കാതടപ്പിക്കുന്ന അലർച്ചയിൽ ഭയന്ന് വിറച്ചു പോയി ലത്തീഫ്. തൊട്ടി കിണറ്റിലെ വെള്ളത്തിൽ ഒച്ചയോടെ പതിക്കുമ്പോൾ കയർ പിടിവിട്ടുരഞ്ഞിറങ്ങിയ അവൻ്റെ കുഞ്ഞു വിരലുകളിൽ രക്തം പൊടിക്കുന്നുണ്ടായിരുന്നു.
ക്ഷേത്രത്തിൽ പുതിയതായി വന്ന ശാന്തിക്കാരൻ മുൻപിൽ. ഇത്രയടുത്ത് അയാളുടെ തുറിച്ച കണ്ണുകളും കയ്യിൽ പിടിച്ചിരിക്കുന്ന കൈവിളക്കിലെ കത്തിയുയരുന്ന തിരിനാളവും... "അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡ് നീ കണ്ടില്ലാന്നുണ്ടോ? അതും പോരാണ്ട് പൂജക്കായി ഉപയോഗിക്കുന്ന കിണർവെള്ളവും അശുദ്ധമാക്കിയിരിക്കണൂ." ലത്തീഫിന് തന്റെ ഹൃദയമിടിപ്പ് നിലയ്ക്കുംപോലെ തോന്നി. പിന്നീട് സംഭവിച്ചതെല്ലാം ഒരു സ്വപ്നത്തിലെന്നപോലെയാണ് അനുഭവപ്പെട്ടത്. അയാൾ അവന്റെ കുഞ്ഞിക്കൈകൾ കൂട്ടിപ്പിടിച്ച് ഊട്ടുപുരയിലെ അടുക്കളയിൽ പുകയുന്ന അടുപ്പിൽ നിന്നും ജ്വലിക്കുന്ന ഒരു തീക്കൊള്ളി വലിച്ചെടുത്തു. അത് അവന്റെ വലതുകൈയ്യിൽ വച്ച് പൊള്ളിച്ചപ്പോൾ കരയാൻ ശക്തിയില്ലാതെ ആ പിഞ്ചുശരീരം വെട്ടിവിറച്ചു. നിലച്ചപോലെ തോന്നിയ ശ്വാസം അവൻ വാ പിളർന്ന് വലിച്ചെടുക്കുന്നതിനിടയിൽ ഒരു നിമിഷം അയാളുടെ പിടി അയഞ്ഞു. കുതറിയോടി മുന്നിൽക്കണ്ട ഊടുവഴികളിലൂടെ മുന്നോട്ട്... കാലുകൾ വേച്ച് പോകുന്നുണ്ടായിരുന്നു. തലയിലെ തൊപ്പി ഓട്ടത്തിനിടയിൽ എവിടെയോ ഊർന്നു പോയിരുന്നു.
----------------------------
രാവിലെ ഓഫീസിലേക്കുള്ള യാത്രക്കിടയിലാണത് കണ്ടത്. റോഡിൽ ഒരാൾക്കൂട്ടം. ആക്സിഡന്റ്റാണ്. ചോരയൊലിപ്പിച്ചു കിടന്ന ആ പെൺകുട്ടിയെ ലത്തീഫ് വാരിയെടുത്തു തന്റെ കാറിൽ കയറ്റി അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു.
ആ മുഖം. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ, കൂപ്പുകൈകളോടെ തന്നോട് നന്ദി പറയുന്ന ആളെ തിരിച്ചറിഞ്ഞ ലത്തീഫ് ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റപ്പോൾ വലതുകൈയ്യിൽ ഘടിപ്പിച്ചിരുന്ന സൂചി മായാത്ത ആ വടുക്കളിൽ ഒരു അസ്വസ്ഥതയുടെ നീറ്റൽ പടർത്തി. വീണ്ടും കിടന്ന് അവൻ കൈ നേരെയാക്കി. രക്തം വേണ്ടിയിരുന്നു. അവളുടെ ഓപ്പറേഷൻ പൂർത്തിയാക്കാൻ. ലത്തീഫിന്റെ ഗ്രൂപ്പ് തന്നെ. രക്തം നൽകിയ ശേഷം പുറത്തിറങ്ങുമ്പോൾ കീറിത്തുടങ്ങിയ അയാളുടെ കുപ്പായക്കീശയിൽ ഏതാനും നോട്ടുകൾ തിരുകി ലത്തീഫ് പറഞ്ഞു. "ഇതിരിക്കട്ടെ. ബില്ലടക്കാനും മറ്റാവശ്യങ്ങൾക്കും ഇത് മതിയാകും."
"ആരാണ് നിങ്ങൾ? എന്തിനാണ് ഇത്രയൊക്കെ സഹായം ആരുമില്ലാത്ത ഞങ്ങൾക്കുവേണ്ടി?.. എങ്ങനെ ഞാനിതിനൊക്കെ നന്ദി പറയും? ഈ പണം ഞാൻ കഴിയും വിധം കുറേശ്ശയായി..." പറഞ്ഞു തുടങ്ങിയപ്പോഴേക്കും കൈ ഉയർത്തി ലത്തീഫ് അയാളെ തടഞ്ഞു. "സാരമില്ല... ഞാൻ ഒരു മനുഷ്യൻ.. നിങ്ങളെപ്പോലെതന്നെ.." പതിയെ തിരിഞ്ഞു നടക്കുമ്പോൾ അവൻ വീണ്ടും വലതുകൈയിൽ തലോടി. സൂചി കുത്തിയ മുറിവിൽ ഒട്ടിച്ചിരുന്ന പ്ലാസ്റ്ററിൽ വിരൽ തടഞ്ഞപ്പോൾ അവൻ അറിയാതെ പുഞ്ചിരിച്ചു...
Swapna
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക