Part 23
*********************************
നീനയുടെ സ്വപ്നങ്ങൾ...
*********************************
നീനയുടെ സ്വപ്നങ്ങൾ...
*********************************
നീന വീണ്ടും കണ്ണു തുറന്നു.
ഇതെന്തു പറ്റി ? എവിടെപ്പോയി ആ തടാകം ?
താഴെ ഒരു ബെഡിൽ ഒരു പെൺകുട്ടി കിടക്കുന്നതു കണ്ടു അവൾ. വെള്ള തൂവൽ കൊണ്ടുണ്ടാക്കിയ ഒരു ബെഡിൽ.
അവൾ ചുറ്റും കണ്ണോടിച്ചു.
ബെഡ് മാത്രമല്ല, ആ മുറിയാകെ നല്ല തൂവെള്ള നിറത്തിൽ പ്രകാശ പൂരിതമായിരുന്നു.
നീന ചുറ്റും നോക്കി.
താനിപ്പൊ അന്തരീക്ഷത്തിൽ ഉയർന്നു നില്ക്കുകയാണ്.
പക്ഷേ അതൊന്നും അവളെ അല്ഭുതപ്പെടുത്തിയില്ല.
ആരാണാ ബെഡിൽ കിടക്കുന്നതെന്നറിയാനുള്ള കൗതുകമായിരുന്നു കൂടുതൽ.
അവൾ പതിയെ താഴേക്ക് ഒഴുകിയിറങ്ങി.
ബെഡിനരികിലെത്തിയ അവൾ അല്പ്പ നേരം ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി നിന്നു... ചുണ്ടുകൾ വിതുംബി.
തന്റെ ശരീരം തന്നെയാണാ കിടക്കുന്നത്!!
“മരിച്ചു പോയോ ദൈവമേ ഞാൻ ??”
ബെഡിൽ കിടക്കുന്ന നീനയുടെ ശരീരം ഒരു മാലാഖയേപ്പോലെ തോന്നിച്ചു. ആ തൂവൽ കിടക്ക അവളുടെ ശരീരത്തിൽ നിന്നുള്ള പ്രകാശത്തിൽ കുതിർന്നിരുന്നു.
ബെഡിൽ കിടക്കുന്ന നീനയുടെ ശരീരം ഒരു മാലാഖയേപ്പോലെ തോന്നിച്ചു. ആ തൂവൽ കിടക്ക അവളുടെ ശരീരത്തിൽ നിന്നുള്ള പ്രകാശത്തിൽ കുതിർന്നിരുന്നു.
“വേണ്ടാ...” അവൾ കണ്ണുകൾ ഇറുക്കിയടച്ചു. “ഇതെനിക്കു കാണണ്ട...ആ മനോഹര തടാകമെവിടെ ? റോബിയെവിടെ ?? ”
പ്രതീക്ഷയോടെ വീണ്ടും കണ്ണുകൾ തുറന്ന അവൾ നിരാശയായി. വീണ്ടും അതേ മുറിയിൽ തന്നെ. പക്ഷേ ...
മുറിയിൽ ഇടതു വശത്തായി ഒരു വാതിൽ തുറക്കപ്പെട്ടു. അവിടെ അങ്ങനെ ഒരു വാതിൽ ഉണ്ടായിരുനതു തന്നെ അപ്പോഴാണവൾ ശ്രദ്ധിക്കുന്നത്.
മുൻപ് കണ്ട ആ വെളുത്ത ഡ്രസ്സിട്ട ഒരു നേഴ്സ് പെൺകുട്ടി തിടുക്കത്തിൽ ഓടി ആ ബെഡിനരികിലേക്കെത്തി. നീന അവളെ തിരിച്ചറിഞ്ഞു. നേരത്തെ ആ തടാകക്കരയിൽ...
“നീനാ...” അവൾ വിളിക്കുന്നു.
നീന തല ചെരിച്ച് നോക്കി. ആരാണിവൾ ?
ആ പെൺകുട്ടി ബെഡിൽ കിടക്കുന്ന നീനക്കരികിൽ... അവളുടെ മുഖത്തോട് മുഖം ചേർത്ത് വിങ്ങിപ്പൊട്ടി കരയുകയാണ്.
“നീനാ... നീ തിരിച്ചു പോണം... നിന്റെ സമയമായിട്ടില്ല...”
ഒടുവിൽ ആ പെൺകുട്ടി നിവർന്നു നിന്നപ്പോൾ നീന അവൾക്കഭിമുഖമായി താഴ്ന്നിറങ്ങി.
“കുട്ടിയേതാ ? എനിക്കു മനസ്സി...”അവളുടെ വാക്കുകൾ മുറിഞ്ഞു. ശബ്ദം പുറത്തേക്കു വരുന്നില്ല...
അപ്പോളാണവൾ നേഴ്സ് കുപ്പായത്തിനു മുകളിലായി ആ കുട്ടിയുടെ നെയിം ടാഗ് ശ്രദ്ധിച്ചത്.
“സാന്ദ്ര!”
***** ***** ***** ***** ***** ***** ***** ***** ***** *****
വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റൽ - ത്രിശ്ശൂർ - നീനയുടെ റൂം.
കഴിഞ്ഞ അദ്ധ്യായം തുടരുന്നു...
റോബിയുടെ മുഖഭാവത്തിൽ നിന്നു തന്നെ അപ്പുറത്താരാണെന്ന് മാത്യൂസിനു മനസ്സിലായി.
“സ്പീക്കറിലിടൂ” അയാൾ നിശബ്ദമായി അവനോടാവശ്യപ്പെട്ടു.
“ചേട്ടായീ...കേൾക്കുന്നില്ലേ ... ?” സ്പീക്കറിലൂടെ റെജിയുടെ ശബ്ദം മുഴങ്ങി.
അതി സങ്കീർണ്ണമായൊരു മാനസീകാവസ്ഥയിലായിരുന്നു റോബി. ശ്വാസം പോലും നിലച്ച അവസ്ഥ! ചെകുത്താന്റെ സ്വരം കേട്ടതു പോലെ അയാൾ ആ ഫോണിലേക്ക് തുറിച്ചു നോക്കി നിന്നു.
“പറയടാ...ഞാനിവിടെയുണ്ട്.” അവസാനം റോബിയുടെ വരണ്ടുണങ്ങിപ്പോയ ചുണ്ടുകൾ അനങ്ങി.
“എങ്ങനുണ്ട് ചേച്ചിക്ക് ?”
ആ ചോദ്യം കേട്ടതും റെജി കണ്ണുകൾ ഇറുക്കിയടച്ചു. ഏതു നിമിഷവും അവൻ പൊട്ടിത്തെറിച്ചേക്കാമെന്നു തോന്നിയ മാത്യൂസ്, അവന്റെ തോളിൽ ഇറുക്കിപ്പിടിച്ചു. “കാം ഡൗൺ റോബീ...” അയാൾ ശബ്ദമില്ലാതെ മന്ത്രിക്കുന്നുണ്ടായിരുന്നു.
“നീന കോമയിലാണ്. അനക്കമില്ലാതെ കിടക്കുകയാണ്.അതുറപ്പിക്കാനല്ലേ നീ വിളിച്ചേ ?” പല്ലുകൾ ഇറുക്കി കടിച്ചു പിടിച്ചതുകൊണ്ട് റോബിയുടെ ശരീരം വിറകൊള്ളുന്നുണ്ടായിരുന്നു.
“പറ്റിപ്പോയതാ ചേട്ടായീ...” അവന്റെ സ്വരത്തിൽ ഒരു തേങ്ങൽ പോലെ തോന്നി. “ഞാനല്ല അതു ചെയ്തെ. ആ ചെറ്റ സാബുവാ. എന്റെ കൂടെ വന്ന് എന്നെ ചതിച്ചതാ … പട്ടി!!”
റോബി ഒന്നും മിണ്ടിയില്ല.
“പക്ഷേ അവനെ ഞാൻ തീർത്തു കേട്ടോ.” റെജി തുടർന്നു “ഇനിയവന്റെ ശല്യമുണ്ടാകില്ല. പിന്നേം ആരാണ്ടെയൊക്കെ ഞാൻ കുത്തി മലർത്തി. ആരൊക്കെയാണോ എന്തോ.” തൊണ്ടയിടറിയിരുന്നു റെജിയുടെ.
മാത്യൂസ് ശബ്ദമുണ്ടാക്കാതെ നടന്ന് വാതിൽ തുറന്ന് ഇടനാഴിയിലേക്കിറങ്ങി ഫോണിൽ സൈബർ സെല്ലിന്റെ നംബർ ഡയൽ ചെയ്തു.
“ഹലോ... ഞാൻ ഒരു നംബർ തരാം. അതിലേക്ക് ഇപ്പൊ വന്നു കൊണ്ടിരിക്കുന്ന കോൾ ട്രേസു ചെയ്യണം. വളരെ അർജന്റാണ്.”
“താനാരടോ കോപ്പേ !? പോലീസിനെ വിളിച്ച് കല്പ്പിക്കുന്നോ ??”
“ഞാൻ ഈസ്റ്റ് എസ് ഐ. മാത്യൂസ് തരകൻ. ഐ ഡി നംബർ........... ”
“അയ്യോ!! സോറി സർ! ഇപ്പൊ നോക്കാം. കോളു കട്ടായാലും കുഴപ്പമില്ല കേട്ടോ.ടവർ ലൊക്കേഷൻ ഞങ്ങളെടുത്തോളാം.”
“ഓക്കേ.” മാത്യൂസ് ഫോൺ കട്ട് ചെയ്തു.
തിരിച്ച് മുറിയിലേക്ക് കയറിയ മാത്യൂസ് കണ്ടത് ഫോണിലൂടെ അലറി വിളിക്കുന്ന റോബിയെയാണ്!
“......... എന്റെ ജീവിതമാടാ പട്ടീ നീ ഇല്ലാണ്ടാക്കിയെ. നീയോ മുടിഞ്ഞു. എന്നെക്കൂടെ ഇതിനകത്തേക്കു വലിച്ചിട്ടതെന്തിനാ ? നീന നിന്നോടൊക്കെ എന്തു ചെയ്തിട്ടാ ?”
കുറേ നേരത്തെ അലമുറകൾക്കു ശേഷം റോബി തളർന്ന് കട്ടിലിലേക്കിരുന്നു.
“ഞാൻ വിളിച്ചത് ഒരേ ഒരു കാര്യം പറയാനാ...” റെജി കട്ടു ചെയ്തിരുന്നില്ല. “നീ എനിക്കു തരാനുള്ള ആ കാശില്ലേ ? അതിനി എനിക്കു വേണ്ട!! അതു മുഴുവനെടുത്ത് ചേച്ചിയെ ചികിൽസിക്കണം. അമേരിക്കേലോ ലണ്ടനിലോ എവിടാന്നു വെച്ചാ കൊണ്ടു പോണം. ചെയ്തു കൂട്ടിയതിനൊക്കെ പകരം ഞാനെന്തേലും ഒരു നല്ല കാര്യം ചെയ്തോട്ടെ.”
റോബിയുടെ രക്തം തീളച്ചു മറിയുകയായിരുന്നു.
“എന്തു കാശാടാ നായേ ഞാൻ നിനക്കു തരാനുള്ളേ ? നീയെന്തു ചെയ്തിട്ട് ? ഞാൻ പണിയെടുത്ത് കഷ്ടപ്പെട്ടുണ്ടാക്കിയത് നക്കാൻ വലിഞ്ഞു കേറി വന്നതല്ലേ നീ ? എന്നിട്ട് എല്ലാം നശിപ്പിച്ച് എന്റെ കുടുംബോം കുട്ടിച്ചോറാക്കി അവനിപ്പൊ ഒന്നും വേണ്ടത്രേ! നീ പുഴുത്ത് പുഴുത്ത് എന്റെ മുൻപീ കെടന്നു ചാവും! സ്വന്തം ചേട്ടനാ പ്രാകുന്നെ. നീ ഓർത്തോ!“
”വാട്ട് ദ ഹെൽ ഈസ് ഗോയിങ്ങ് ഓൺ ?“ ഡോ. തിമോത്തി ജോസച്ചനെ നോക്കി കൈ രണ്ടും വിടർത്തി. ”ദിസ് ഈസ് എ ഹോസ്പിറ്റൽ!“
അതു കണ്ടതും റോബി അടങ്ങി.
കുറച്ചു സമയത്തേക്ക് രണ്ടു പേരും ഒന്നും സംസാരിച്ചില്ല. പൂർണ്ണ നിശബ്ദത. ഒടുവിൽ റെജി യുടെ പതിഞ്ഞ ശബ്ദം വീണ്ടും കേട്ടു.
”നീ പറഞ്ഞത് ശരിയാ ചേട്ടായി. എനിക്കും തോന്നുന്നുണ്ട്. നരകിച്ചു തന്നെയായിരിക്കും എന്റെ അന്ത്യം.“ അവന്റെ ദീർഘനിശ്വാസം കേട്ടു. ”ചേച്ചിക്കു സുഖമാകും. നീ വിഷമിക്കാതെ.“
‘WHERE??’ എന്ന് ഒരു പേപ്പറിലെഴുതി മാത്യൂസ് റോബിനു മുൻപിൽ പിടിച്ചു.
”നീയിപ്പ എവിടെയാ ?“ റോബി ചോദിച്ചു.
”ആഹാ...! പോലീസൊക്കെ കൂടെയുണ്ടല്ലേ ? അവരു ചോദിപ്പിക്കുവാണോ നിന്നെക്കൊണ്ട് ? ആരാ ... മാത്യൂസ് സാറാണോ ?“
ആരും മറുപടി പറഞ്ഞില്ല.
” എനിക്കു മനസ്സിലായി. “ അവനു ചിരി വന്ന പോലെ തോന്നി. ”ഞാനീ മരോട്ടിച്ചാൽ കാടിലുണ്ട്. കഴിവുണ്ടെങ്കി വന്നു പിടിച്ചോ സാറേ! എന്തായാലും, റെജി കീഴടങ്ങൂല്ല. ചാവുവാണേലും ഞാൻ അന്തസ്സായിട്ടേ ചാകൂ. പിന്നെ...
സാറിന്റെ ഭാര്യയില്ലേ ? ലിൻഡ ചേച്ചി. പിന്നെ രണ്ട് ഉണ്ടക്കുട്ടന്മാരുമുണ്ടല്ലോ. അവരോടൊക്കെ അന്വേഷണം പറയണം കേട്ടോ. റെജിയണ്ണൻ നിങ്ങളെ അങ്ങു വെറുതേ വിട്ടതാ.
ബെന്നിയെ കാച്ചുന്നതിനു മുൻപ് നിങ്ങളെ കുടുംബത്തോടെ പൂശിക്കളയാമെന്നു കരുതിയതാരുന്നു. നിങ്ങടെ വീടിന്റെ പടിക്കെ വരെ വന്നതാ ഞാൻ. പിന്നെയാ ഓർത്തത്, പിന്നാലെ ഓടാൻ ഒരു പോലീസുകാരനില്ലെങ്കി റെജിക്ക് പിന്നെന്താ ഒരു രസം ? സാറിനെ എന്റെ പുറകേ ഒരു പട്ടിയേപ്പോലെ നടത്തിച്ചിട്ട് അവസാനം പൂശാമെന്ന് തീരുമാനിച്ചു. അതാ സാറിപ്പൊ ജീവിച്ചിരിക്കുന്നെ. അല്ലെങ്കി കാണാരുന്നു !! “
മാത്യൂസ്സ് അക്ഷോഭ്യനായാണ് നിന്നിരുന്നതെങ്കിലും അയാളുടെ ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകയുന്നത് എല്ലാവർക്കും മനസ്സിലാക്കാമായിരുന്നു.
“ഓക്കേ സാറേ! ഫോണൊക്കെ ട്രെയ്സു ചെയ്ത് കഷ്ടപ്പെടണ്ട! നേരെയിങ്ങു പോരേ. പിന്നെ ഈ ഫോൺ ഇതിലേ കാഴ്ച്ച കാണാൻ വന്ന രണ്ട് പിള്ളേരടെയാ. അതുങ്ങളെ ഒന്നും ചെയ്തേക്കല്ലു കേട്ടോ. ചാവാൻ കെടന്ന റെജിക്ക് ഒരിറ്റു വെള്ളമനത്തി തരാൻ അവരേ ഉണ്ടായുള്ളൂ.”
ഫോൺ കട്ടായി.
റോബി ആ ഫോൺ മാത്യൂസിനു കൈമാറിയിട്ട് ബെഡിലേക്കു വീണു.
മാത്യൂസിന്റെ മുഖമാകെ വലിഞ്ഞു മുറുകി ആകെ ഭയാനകമായൊരു അവസ്ഥയിലായിരുന്നു.
“എന്റെ കൊച്ചുങ്ങളെയെങ്ങാൻ അവൻ തൊട്ടാരുന്നെങ്കി...” അയാൾ പല്ലു ഞെരിച്ചു.
“ഒന്നും സംഭവിച്ചില്ലല്ലോ മാത്യൂസ്.” അച്ചൻ അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “എല്ലാം ശരിയാകും. നീ ഒന്നു വിശ്രമിക്ക് കുറച്ചു നേരം.”
അച്ചൻ അതു പറഞ്ഞു തീർന്നതും മാത്യൂസ് ഒന്നു പുറകോട്ടു വേച്ചു പോയി. തല പുറകിലെ ഭിത്തിയിൽ ചെന്നിടിച്ചു.
“ആർ യൂ ഓക്കേ ?” ഡോക്ടർ ഓടിയെത്തി അയാളുടെ കൈ പിടിച്ചു. “എന്തു പറ്റി മാത്യൂസ് ?”
“ഇപ്പൊ സ്മെല്ലു ഫ്രെഷ് ആയിരിക്കും. ഡോഗ് സ്ക്വാഡിനെക്കൊണ്ട് ചെന്നാൽ അവനെ പൊക്കാം...” യാന്ത്രികമായിട്ടെന്നോണം അയാൾ മന്ത്രിക്കുന്നുണ്ടായിരുന്നു.
“അതാരെയെങ്കിലും വിളിച്ചു പറയൂ മാത്യൂസ്. തന്നെ ഇനി ഇവിടുന്ന് വിടുന്ന പ്രശ്നമുദിക്കുന്നില്ല. താനാകെ അബ്നോർമ്മലാണ്! ഉറങ്ങാറില്ലേ താൻ ?” ഡോക്ടർ അയാളുടെ പൾസ് നോക്കുകയായിരുന്നു. “പൾസൊക്കെ ഭയങ്കര അബ്നോർമ്മലാണല്ലോ!”
“സമാധാനായിട്ട് ഉറങ്ങിയ കാലം മറന്നുഡോക്ടർ... ഇന്നലെ രാത്രി മുഴുവൻ ഞങ്ങൾ ആ കാടു കേറി ഇറങ്ങുകയായിരുന്നു അവനെ തപ്പി. ഞാനും 20 പോലീസുകാരും 5 ഫോറസ്റ്റ് ഗാർഡുമാരും. എന്നട്ടും...
എന്തൊരു നശിച്ച ജോലിയാ ഇത് !! മടുത്തെനിക്ക്!!
എന്നാലും ആ പട്ടി എന്റെ കുടുംബത്ത് കേറി വന്നട്ട്...” അയാൾക്ക് സഹിക്കാനാകുന്നില്ല.
“നഴ്സ്!” ഡോക്ടർ ഉറക്കെ വിളിച്ചു. “അത്യാവശ്യായിട്ട് ഇയാളുടെ പ്രെഷർ ചെക്ക് ചെയ്ത് ഒരു റൂമിലേക്കു മാറ്റിക്കോളൂ. ഹി റിയലി നീഡ്സ് റെസ്റ്റ്!”
മാത്യൂസ് എതിർത്തില്ല. അയാളാകെ തളർന്നു പോയിരുന്നു. മാത്രമല്ല, ഡോ. തിമോത്തിയുടെ സ്വരത്തിന് അസാധാരണമായ ആജ്ഞാ ശക്തിയുമുണ്ടായിരുന്നു.
“ഡ്രിപ്പിട്ടോളൂ... ഒരു ചെറിയ ഡോസ് ഡയാസിപാം കൂടി... നന്നായിട്ടൊന്നുറങ്ങട്ടെ അയാൾ.” രഹസ്യമായി ഡോക്ടർ നേഴ്സിനോട് മന്ത്രിച്ചു.
***** ***** ***** ***** ***** ***** ***** ***** ***** *****
നെഹ്രു പാർക്ക് - ത്രിശ്ശൂർ. 11:00 AM
സൂസി മോൾക്ക് സന്തോഷമായിക്കോട്ടെ എന്നു കരുതിയാണ് ഡോക്ടർ അവളെ പാർക്കിലേക്കു കൊണ്ടുവരാൻ ആവശ്യപ്പെട്ടത് . എന്നാൽ അവൾ അവിടത്തെ യാതൊരു കളികളിലും താല്പ്പര്യം കാണിക്കാതെ നേരെ ഒരു സിമന്റ് ബെഞ്ചിൽ ചെന്നിരുന്നതേയുള്ളൂ.
ഡോക്ടറുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് ബ്രൂട്സിനും പാർക്കിൽ പ്രവേശനം കിട്ടിയത്. വളർത്തു മൃഗങ്ങൾ അനുവദനീയമല്ല പാർക്കിൽ.
“മോൾക്കെന്നെ മനസ്സിലായോ ?” ഡോക്ടർ ബെഞ്ചിൽ അവളോട് ചേർന്നിരുന്നു.
“നീനാന്റി ഇനി എന്നാ എണീക്കുന്നെ ?” അവളുടെ മറുപടി ഒരു ചോദ്യമായിരുന്നു.
“മോളു പ്രാർത്ഥിക്കുന്നില്ലേ ആന്റിക്കു വേണ്ടി ? ദൈവം പ്രാർത്ഥന കേട്ടാൽ ഉടനെ എണീറ്റു വരും ആന്റി. ആന്റിക്കിപ്പൊ പറയത്തക്ക ഒരു കുഴപ്പവുമില്ല.”
“ഉം.” അവളുടെ നോട്ടം വിദൂരതയിലേക്കായി.
“അങ്കിളിന് കൊറേ കാര്യങ്ങളറിയണം. എങ്കിലേ നീനാന്റിയെ നമുക്ക് സഹായിക്കാനാകൂ. അതിനാ മോളെയിങ്ങോട്ട് കൊണ്ടുവന്നെ.” അവളുടെ തോളിൽ തൊടാനാഞ്ഞ ഡോക്ടർ പെട്ടെന്നു കൈ വലിച്ചു. ബ്രൂട്ട്സ് അയാളുടെ കണ്ണിലേക്കു തന്നെ സൂക്ഷിച്ചു നോക്കിയാണിരിക്കുന്നത്.
“ഞാൻ കൊറച്ചുംകൂടി വലുതാവുമ്പോ എല്ലാം പറഞ്ഞു തരാം. ഇപ്പൊ എനിക്ക് പറയാൻ അറിയൂല്ല. ഞാൻ കുഞ്ഞല്ലേ ?” നിഷ്കളങ്കമായിരുന്നു അവളുടെ മറുപടി.
“ മോളെങ്ങനാ അറിഞ്ഞേ നീനാന്റിക്ക് അപകടം പറ്റീന്ന് ?”
“എന്റമ്മ പറഞ്ഞു… നീനാന്റിക്ക് എന്നെ വല്യ ഇഷ്ടാ… അതു കാരണം അമ്മക്ക് നീനാന്റിയേം വല്യ ഇഷ്ടാ. ഞാൻ നീനാന്റീടെ മോളായിട്ട് അവരടെ വീട്ടീട്ടു പോണന്നാ അമ്മേടെ ആഗ്രഹം. അതു കഴിഞ്ഞാ എന്റമ്മ തിരിച്ചു പൂവും.“
ഡോക്ടർ തിരിഞ്ഞ് നോക്കി. ആകെ ചിന്താകുഴപ്പത്തിൽ നില്ക്കുകയാണ് അച്ചനും.
”മോൾടെ അമ്മാന്നു പറയുമ്പൊ ...“
”അമ്മേടെ പേരെനിക്കറിയില്ല്യ... എന്നെ ജീവനാ എന്റമ്മക്ക്. പക്ഷേ എന്നെ കാണാൻ പോലും പറ്റണില്ല്യ പാവത്തിന്.“ കുഞ്ഞു മുഖം വാടി.
”മോളു പറയണതൊന്നും ഞങ്ങൾക്ക് മനസ്സിലാവണില്ല.“
”അതാ ഞാം പറഞ്ഞേ. വലുതാവുമ്പൊ ഞാൻ എല്ലാം പറഞ്ഞു തരാം. ഇപ്പ എനിക്കറിയില്ല. എല്ലാം എനിക്കറിയാം.. പറയാനറിയില്ല്യ.“
”മോൾടെ പപ്പ ആരാന്നറിയോ ?“
”ഉം.“ അവളുടെ മുഖത്ത് വെറുപ്പു വന്നു നിറഞ്ഞു. ”റോബിയങ്കിളല്ലേ ? എന്റമ്മക്കിഷ്ടല്ല അയാളെ. എനിക്കും.“
അമ്പരന്നു പോയി ഡോക്ടറും ജോസച്ചനും.
”അമ്മ ഇപ്പൊ എവിടെയാന്നറിയോ മോൾക്ക് ?“ ജോസച്ചനും മറുവശത്ത് അവളോട് ചേർന്നിരുന്നു.
”ഊഹൂം.“ അവൾ നിക്ഷേധാർത്ഥത്തിൽ തലയാട്ടി. ”എനിക്കമ്മയെ കാണാൻ പറ്റൂല്ല. പക്ഷേ അമ്മ കരയുമ്പൊ എനിക്കറിയാം. എനിക്കും സങ്കടം വരും. അമ്മ എന്റടുത്തു വരുമ്പോ അതും എനിക്കതറിയാം. ഭയങ്കര സന്തോഷാവും. അമ്മ കരഞ്ഞാലും ചിരിച്ചാലും എന്റടുത്ത് മഴ പെയ്യും. ന്റെ കവിളത്തൊക്കെ നല്ല കാറ്റു പോലെ വന്ന് തൊട്ടേച്ചു പോവും അമ്മ. പാവം...”
“അമ്മക്കെന്തു പറ്റീതാന്നറിയാവോ മോളൂന് ?”
“നിങ്ങക്കറിയാല്ലോ അത്. പിന്നെന്തിനാ എന്നോട് ചോദിക്കുന്നെ. ഞാൻ കരയണത് നിങ്ങക്കിഷ്ടാ ?”
“അയ്യോ... എന്റെ കുഞ്ഞിനെ കരയിപ്പിക്കാനോ...” അച്ചൻ അവളുടെ താടി പിടിച്ചുയർത്തി. “ഇതെല്ലാമൊന്നറിഞ്ഞാലേ ഞങ്ങൾക്ക് ഇനിയെന്താ വേണ്ടേന്ന് തീരുമാനിക്കാൻ പറ്റൂ. അതാട കുട്ടാ ഞങ്ങളീ ചോദിക്കുന്നെ.”
“ഒത്തിരി വേദനയെടുത്താ എന്റമ്മ മരിച്ചെ...”
“അപ്പോ...അമ്മ മരിച്ചു പോയീന്ന് മോൾക്കറിയാല്ലേ ?”
“അമ്മ, മരിച്ചേയുള്ളൂ... പോയില്ല.” അവളുടെ സ്വരം മാറി. “എന്റമ്മ തിരിച്ചു വന്നതാ...എന്നോടുള്ള ഇഷ്ടം കാരണം.” അവൾ ഡോക്ടറേയും അച്ചനേയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. മനസ്സിലുള്ള കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാനാവാതെ ആ കുഞ്ഞ് വല്ലാതെ വീർപ്പുമുട്ടുന്നത് അവർക്കു മനസ്സിലായി.
“ഇനി മോളു പോയി കളിച്ചോ.” ഡോക്ടർ പറഞ്ഞു. “അങ്കിളിനെല്ലാം മനസ്സിലായി.”
“ഞാം കളിക്കാനൊന്നും പോണില്ല. ആ പിള്ളേരൊക്കെ ബ്രൂട്സിനെ കണ്ട് പേടിക്കും. ചെലപ്പൊ എന്നോട് വഴക്കിനു വരും. എന്നെ ആരെങ്കിലും വഴക്കു പറഞ്ഞാ ബ്രൂട്ട്സ് ചെലപ്പൊ അവരെ...” അവൾ നായയെ തലോടി.
“ആ...അതു ഞാൻ ചോദിക്കാൻ മറന്നു.” അച്ചൻ പുഞ്ചിരിയോടെ അവളെ ചേർത്തണച്ചു. “മോളും ഈ പട്ടിക്കുട്ടനും കൂടെ എങ്ങനാ ഇത്രേം കൂട്ടായേ ? അവനു മോളെ എന്തിഷ്ടാ !!”
“എന്റമ്മ പറഞ്ഞിട്ടാ...അമ്മക്ക് മൃഗങ്ങളോടൊക്കെ സംസാരിക്കാൻ പറ്റും. അമ്മ പറഞ്ഞാ അവരു കേൾക്കും!!”
കണ്ണുകൾ വിടർന്നു പോയി അച്ചന്റെ. താൻ ഇന്നുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത എത്രയോ കാര്യങ്ങൾ! ഇതൊക്കെ എങ്ങനെ മനസ്സിലാക്കിയെടുക്കും മനുഷ്യൻ ?
“മോൾടെ അമ്മേടെ പേര് അച്ചൻ പറഞ്ഞു തരട്ടെ ?”
“വേണ്ട!” അവൾ പെട്ടെന്ന് അദ്ദേഹത്തെ തടഞ്ഞു. “എന്റെ അമ്മേടെ പേര് നീനാന്നാ. നീനാന്റിയാ എന്റമ്മ. അതിനു വേണ്ടീട്ടാ എന്റെ പാവം അമ്മ ഈ കഷ്ടപ്പാടെല്ലാം സഹിക്കുന്നെ. ഇപ്പൊ ചെലപ്പൊ നീനാന്റീടെ കൂടെയായിരിക്കും അമ്മ. നീനാന്റിയോട് പോവല്ലേന്നു പറയാൻ പോയതാരിക്കും.”
“ഒന്നും മനസ്സിലാകുന്നില്ലല്ലോ ദൈവമേ...” ആ വൃദ്ധൻ കണ്ണുകളടച്ച് ഒരു നിമിഷം പ്രാർത്ഥിച്ചു. “ഒരു വഴി കാണിച്ചു തരൂ കർത്താവേ...ഒന്നു മനസ്സിലാക്കി തരൂ...”
“അച്ചാ...” ഡോക്ടർ തിമോത്തി അദ്ദേഹത്തെ തൊട്ടു വിളിച്ചു. “എനിക്കേകദേശം കാര്യങ്ങൾ മനസ്സിലായിട്ടുണ്ട്. ഞാൻ എന്റെ തിയറി പറഞ്ഞു തരാം.”
അച്ചനും ഡോക്ടറും കൂടി എഴുന്നേറ്റ് തൊട്ടടുത്തു തന്നെ ഭംഗിയായി വെട്ടിയൊരുക്കി നിർത്തിയിരുന്ന ഒരു കൂട്ടം കുറ്റിച്ചെടികൾക്കരികിലേക്കു നടന്നു.
“മോളവിടെ ഒറ്റക്കിരുന്നോളില്ലേ ? പേടിക്കുവൊന്നുമില്ലല്ലോ ? ” ഡോക്ടർ ചോദിച്ചു.
ഒരു ചിരിയോടെയാണ് അച്ചൻ മറുപടി പറഞ്ഞത്. “ബ്രൂട്ട്സ് ഇല്ലേ കൂടെ ? പ്രധാനമന്ത്രിക്കു പോലും കാണില്ല ഇത്ര സുരക്ഷ !”
“അപ്പൊ എന്റെ തിയറി ഞാൻ പറയാം. മുഴുവൻ ശാസ്ത്രീയമൊന്നുമല്ല. പക്ഷേ എനിക്ക് ഇത് നല്ല ഉറപ്പാ. ഞാനിത് മുൻപ് പലയിടത്തും കണ്ടിട്ടുണ്ട്. പല വേർഷനുകൾ!
അച്ചനറിയാമല്ലോ, പ്രെഗ്നന്റ് ആയിരിക്കുമ്പോ അമ്മമാരുടെ ചിന്തകൾ വയറ്റിലുള്ള കുഞ്ഞുങ്ങളെയും ബാധിക്കും. അത് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. അവരുടെ ഇമോഷൻസ് എല്ലാം കുഞ്ഞുങ്ങളും അനുഭവിക്കുന്നുണ്ട്. അവർ കേൾക്കുന്ന കാര്യങ്ങൾ, കാണുന്ന കാര്യങ്ങൾ ഒക്കെ, കുഞ്ഞുങ്ങളെയും ബാധിക്കും. ”
“അതെല്ലാർക്കും അറിയാവുന്നതല്ലെ.”
“അതേ... ആ സംഭവത്തിന്റെ ഒരു എക്സ്ട്രീം കേസാണ് ഇത്.
സാന്ദ്ര സൂസി മോളെ പ്രസവിക്കുന്ന സമയത്തായിരിക്കണം അവളെ റെജി കൊലപ്പെടുത്തിയത്. ആ സമയത്തുണ്ടായ ഭയം - വേദന ഒക്കെ സൂസിമോളും അനുഭവിച്ചിരിക്കണം. ഇമോഷണൽ ട്രാൻസ്ഫറൻസ് എന്നു പറയും. തന്നെ കൊന്നവന്റെ മുഖം... ചതിച്ചവന്റെ മുഖം ഒക്കെ ആ സമയത്ത് അവളറിയാതെ തന്നെ സാന്ദ്ര സൂസിമോളിലേക്ക് പകർന്നു കൊടുത്തു.
അതാണ് സൂസിമോൾ റോബിയെ വെറുക്കാനുണ്ടായ കാരണം. അതുകൊണ്ടു തന്നെയാണ് അവൾക്ക് റെജിയെ തിരിച്ചറിയാനായത്.
അത്ര വേദന സഹിച്ചു തന്നെ പ്രസവിച്ച തന്റെ അമ്മയോടുള്ള സൂസിമോളുടെ സ്നേഹം... അതാണ് മരിച്ചിട്ടും വിട്ടു പോകാതെ സാന്ദ്രയെ തിരിച്ചു കൊണ്ടുവന്നത്.
നീനക്ക് സൂസിമോളെ എത്ര ഇഷ്ടമാണെന്ന് സാന്ദ്രക്കറിയാം. അവൾക്കൊരു അമ്മയായിട്ട് സാന്ദ്ര കണ്ടിരിക്കുന്നത് നീനയെയാണ്. അതുകൊണ്ടു തന്നെ നീനക്ക് ഈ ആപത്തുണ്ടായപ്പോൾ സാന്ദ്ര തകർന്നു പോയിരിക്കണം. സാന്ദ്രയുടെ ഇമോഷൻസ് ഇപ്പോഴും സൂസി മോളുമായി ഇന്റർ കണക്റ്റഡാണ്. നീനയുടെ അപകട വിവരം അങ്ങനെയാണ് അവൾ അറിഞ്ഞത്. “
“ഉം...” അച്ചൻ ആലോചനയോടെ തലയാട്ടി. “ഇതൊക്കെ ആദ്യമായിട്ടു കേൾക്കുന്ന കൊണ്ട്...”
“എനിക്കു മനസ്സിലാകുമച്ചോ.” ഡോക്ടർ ചിരിച്ചു. “എന്നാൽ ഇത് ലോകത്തെ ആദ്യത്തെ സംഭവമൊന്നുമല്ല. എന്റെ വിശ്വാസമനുസരിച്ച്, പ്രസവത്തോടെ മരിക്കുന്ന അമ്മമാർ അവരുടെ കുഞ്ഞിനെ ഉപേക്ഷിച്ച് പോകുന്നില്ല. ആ കുഞ്ഞുങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തിയിട്ടേ അവർ പോകൂ. 2002 ഇൽ ഇറങ്ങിയ ഡ്രാഗൺഫ്ലൈ എന്ന സിനിമയുണ്ട്. സ്വന്തം കുഞ്ഞിനെ അച്ഛനടുത്തെത്തിക്കാനായി മരിച്ചു പോയ അമ്മ തിരിച്ചു വരുന്ന കഥ. അതൊരു ട്രൂ സ്റ്റോറിയെ ബെയ്സ് ചെയ്തുണ്ടാക്കിയതാണ്.”
“അപ്പോ... സൂസി മോളുടെ അമ്മ നമ്മുടെ കൂടെ ഈ ലോകത്തുണ്ട്. സൂസി മോളെ നീനയെ ഏല്പ്പിച്ചാൽ തിരിച്ചു പോകുമായിരിക്കും. അല്ലേ ? ഒരു പക്ഷേ, റെജിയോട് പ്രതികാരം ചെയ്യാനും കൂടിയായിരിക്കണം അവൾ തിരിച്ചു വന്നത്.”
“അതെനിക്കു തോന്നുന്നില്ല. ഡോ. റെയ്മണ്ട് മൂഡിയുടെ ഗവേഷണങ്ങൾ പ്രകാരം, ഒരാത്മാവും ആരെയും ഉപദ്രവിക്കാനായി തിരിച്ചു വരുന്നില്ല. മരണ ശേഷമുള്ള ആ ലോകത്തിൽ പ്രതികാരമോ ദേഷ്യമോ ഒന്നുമില്ല. ഒരു പക്ഷേ, റെജി സൂസി മോളെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ സാന്ദ്ര അവനെ ചിലപ്പോ... എനിക്കറിയില്ല.”
“അയ്യോ... സൂസിമോളെയോ...അങ്ങനൊന്നും പറയല്ലേ മോനേ.” അച്ചൻ അയാളുടെ വായ് പൊത്തി.
“ഞാനീ പറഞ്ഞ കാര്യങ്ങൾക്കൊക്കെ അറ്റ് ലീസ്റ്റ് ഒരു സയന്റിഫിക്ക് വിശദീകരണമുണ്ട്. ഒത്തിരി ഗവേഷണങ്ങൾ നടന്നിട്ടു വിഷയമാണിത്. പക്ഷേ പ്രേതങ്ങൾ ഭൂമിയിൽ വന്ന് മനുഷ്യരെ ഉപദ്രവിക്കുന്നതായിട്ടുള്ള കോൺസെപ്റ്റുകൾ കഥകളിൽ മാത്രമേ ഉള്ളൂ എന്നാണെനിക്കു തോന്നിയിട്ടുള്ളത്. എന്നാലും ഈ ആത്മാക്കൾക്ക് ജീവിച്ചിരിക്കുന്ന മനുഷ്യരിൽ കടന്ന് അവരെക്കൊണ്ട് ഓരോന്നു ചെയ്യിക്കാൻ സാധിക്കും കേട്ടോ. അതു പോലെ തന്നെ, നമ്മുക്ക് പല തരം ഹലൂസിനേഷൻസ് - മായക്കാഴ്ച്ചകൾ - തോന്നിപ്പിക്കാനും ഇവർക്കു പറ്റും. പാമ്പിനേം തേളിനേം ചെകുത്താനേമൊക്കെ നമ്മളെ കാണിച്ച് ഭയപ്പെടുത്തും. ”
“എന്തൊക്കെയാണോ എന്തോ.” അച്ചൻ ദീർഘമായി ശ്വസിച്ചു. “നമുക്കു പോയാലോ ?”
“സൂസി മോൾ പറഞ്ഞതനുസരിച്ച്, സാന്ദ്ര ഇപ്പൊ നമ്മുടെ നീനയെ തിരിച്ചയക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരിക്കും. നീന ചിലപ്പൊ ഉടനെ തന്നെ എഴുന്നേറ്റു വന്നേക്കാം.”
“നിന്റെ നാക്കു പൊന്നാകട്ടെ.” അച്ചൻ വീണ്ടും കണ്ണടച്ച് ഒരു നിമിഷം പ്രാർത്ഥിച്ചു.
***** ***** ***** ***** ***** ***** ***** ***** ***** *****
ഡോക്ടറുടെ നിഗമനങ്ങൾ മിക്കതും സത്യമായിരുന്നു. ഒരേ ഒരു കാര്യമൊഴിച്ച്... സാന്ദ്ര ഒരിക്കലും വെറുതേ തിരിച്ചു പോകാനൊരുക്കമല്ലായിരുന്നുപ്രതികാരം ജ്വലിക്കുകയായിരുന്നു അവളുടെ ഉള്ളിൽ... റെജിയെ വെറുതെ കൊല്ലാനല്ല...തന്നോട്, തന്റെ മോളോട്, നീനയോട് ഒക്കെ ചെയ്ത കൊടും പാതകങ്ങൾക്ക് പകരം, അവനെ ഇഞ്ചിഞ്ചായി നശിപ്പിക്കാനാണവൾ തീരുമാനിച്ചിരുന്നത്. അതിനെന്താണു വേണ്ടതെന്ന് അവൾക്കു നന്നായറിയാമായിരുന്നു... അതിനു തടസ്സമായി വരാൻ സാധ്യതയുള്ളതെല്ലാം അവൾ ഒഴിവാക്കാൻ തുടങ്ങിയിരിക്കുന്നു.
“സോറി മാത്യൂസ്...” അവൾ മാത്യൂസിന്റെ കിടക്കക്കരികിൽ നിന്നെഴുന്നേറ്റു. “ഈ കേസിൽ ഇനി താനിടപെടാൻ ഞാൻ സമ്മതിക്കില്ല.”
“സാന്ദ്ര!!” മാത്യൂസ് നടുങ്ങിപ്പോയി!
“എനിക്കറിയാം മാത്യൂസിന് റെജിയെ വേണമെന്ന്. പക്ഷേ ... സോറി... അവനെ ഞാൻ വിട്ടു തരില്ല.. എന്റെ കഥയെല്ലാം ഞാൻ പറഞ്ഞതല്ലേ ?”
“എനിക്കറിയാം സാന്ദ്ര...” മാത്യൂസിന്റെ കണ്ണുകൾ നിറഞ്ഞു. “അവനെ വെറുതേ വിടരുത്... എന്റെ മക്കളെ കൊല്ലാൻ വന്നതാ അവൻ! കൊന്നു കളയണം അവനെ...”
“വെറുതേ കൊല്ലാനോ...” സാന്ദ്ര ചിരിച്ചു. “അതിനേക്കാൾ എത്രയോ നല്ല ശിക്ഷയാ ഞാൻ അവനു വിധിച്ചിരിക്കുന്നത്. ചാകില്ല അവൻ. ചാകാതെ ചാകും!!”
“നല്ല ഫീവറുണ്ടല്ലോ ഇയാൾക്ക്. ദാ പിച്ചും പേയും പറയുന്നു ” മാത്യൂസിനെ ചികിൽസിക്കുന്ന ഡോക്ടർ നേഴ്സിനോടു പറഞ്ഞു. “ഇതെപ്പൊ തുടങ്ങി ?”
“രണ്ടു മിനിറ്റ് മുൻപ് ഞാൻ നോക്കിയപ്പോ ഒരു പ്രശ്നോമില്ലാർന്നല്ലോ ഡോക്ടർ! അയാടെ ഡിസ്ചാർജ്ജ് സമ്മറി ടൈപ്പു ചെയ്യ്വാരുന്നു ഞാൻ.” നേഴ്സ് അമ്പരന്നു.
“നന്നായി ഞാനിപ്പൊ വന്നത്. ഹെവി ഫീവറാ. കണ്ടില്ലേ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.”
സാന്ദ്ര അയാളുടെ ചെവിക്കരികിൽ കുനിഞ്ഞു. “പനി വിട്ടോളും... പേടിക്കണ്ട കേട്ടോ. എന്നെ മാത്യൂസിന് കാണണമെങ്കി ഇതു പോലെ എന്തെങ്കിലുമെനിക്ക് ചെയ്താലേ പറ്റൂ. നല്ല പനിയൊക്കെ പിടിച്ച് ബ്രെയിൻ അബ്നോർമ്മലാകണം. എങ്കിലേ, മനുഷ്യർ ഹലൂസിനേറ്റ് ചെയ്യൂ. മായക്കാഴ്ച്ചകൾ കാണൂ...“ അവൾ ചിരിച്ചു. “ഞാൻ പോയിക്കഴിയുമ്പോ പിന്നേം ചാടിയെണീറ്റ് ഡ്യൂട്ടിക്കു പുറപ്പെട്ടേക്കരുത്. വിശ്രമിക്കൂ... ഈ കേസ് എനിക്കു വിട്ടേക്കൂ. എനിക്കീ ലോകത്ത് ഏറ്റവും ബഹുമാനമുള്ള ആളുകളിലൊരാളാണ് മാത്യൂസ്. അതുകൊണ്ടു തന്നെ ഇനിയും മാത്യൂസിനെ ഉപദ്രവിക്കാൻ എനിക്കാവില്ല. ”
സാന്ദ്ര മറഞ്ഞതും മാത്യൂസിന്റെ ശരീരം വിയർക്കാൻ തുടങ്ങി.
“ദേ ഡോക്ടർ ഇതു നോക്ക്യേ! ഇയാൾടെ പനി വിട്ടു!! ഇതെന്തായിത് സംഭവം ??” ആ നേഴ്സ് അന്തിച്ചു നിന്നു.
(തുടരും...)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക