Showing posts with label Negative. Show all posts
Showing posts with label Negative. Show all posts

നെഗറ്റീവ് -ഭാഗം 1

Image may contain: 1 person, car
വളരെ ധൃതിയിലാണ് അയാള്‍ ലിഫ്റ്റിന്‍റെ അടുത്തേയ്ക്ക് നടന്നത് .മുകളിലേയ്ക്കുള്ള ബട്ടണില്‍ അമര്‍ത്തി അധികനേരമായില്ല ലിഫ്റ്റ്‌ അയാളുടെ മുന്നില്‍ വന്നുനിന്നു.രണ്ടുപേര്‍ അതില്‍നിന്നും ഇറങ്ങാനായി തുഞ്ഞിഞ്ഞതും അയാള്‍ അവരുടെ ഇടയിലേയ്ക്ക് ഇടിച്ചുകയറി.അയാളുടെ വെപ്രാളം കണ്ടിട്ടെന്നോണം അവരില്‍ ഒരാള്‍ ചോദിച്ചു
“ഡോക്ടര്‍ നരേന്‍ ആര്‍ യൂ ഓക്കേ ? “
“യെസ് അം ഓക്കെ “ വെപ്രാളം അടക്കിപ്പിടിച്ചു കൊണ്ട് അയാള്‍ അവരോട് മറുപടി പറഞ്ഞു .ലിഫ്റ്റിന്‍റെ ഡോര്‍ അടഞ്ഞതും ഇരുപത് എന്ന നമ്പറില്‍ അയാള്‍ വിരലമര്‍ത്തി.നിമിഷനേരം കൊണ്ട് ലിഫ്റ്റ്‌ ഇരുപതാം നിലയില്‍ അയാളെയുകൊണ്ട് എത്തിച്ചേര്‍ന്നു .ലിഫ്റ്റില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ അയാളുടെ ചെവികള്‍ രണ്ടും കൈകള്‍കൊണ്ട് അയാള്‍ അടച്ചുപിടിച്ചിരുന്നു.ലിഫ്റ്റ്‌ ഇറങ്ങിയ ശേഷം സ്റ്റെയര്‍കേസ്‌ കയറിയാണ് അയാള്‍ ആ ബില്‍ഡിംഗിന്‍റെ മുകളിലേയ്ക്ക് എത്തിയത് .അപ്പോഴും അടച്ചുപിടിച്ച ചെവികളില്‍ നിന്ന് അയാള്‍ കൈകള്‍ എടുത്തിരുന്നില്ല.ബില്‍ഡിംഗിന്‍റെ മുകളില്‍ നിന്ന് അയാള്‍ താഴേയ്ക്ക് നോക്കി.അയാളുടെ കണ്ണുകളില്‍ നിന്ന് കണ്ണീര്‍ മുഖത്തിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു ആ സമയം.
“അച്ഛനൊരു തെറ്റ് ചെയ്തു മോളെ “ പോക്കറ്റില്‍ നിന്നെടുത്ത പേഴ്സിലെ ഫോട്ടോയില്‍ നോക്കി വിങ്ങിവിങ്ങി കൊണ്ട് അയാള്‍ പറഞ്ഞു.ആ വിങ്ങലൊരു അലര്‍ച്ചയിലേയ്ക്ക് പരിണമിക്കാന്‍ അധികനേരം വേണ്ടി വന്നില്ല .പിന്നെയെല്ലാം പെട്ടെന്നായിരുന്നു . അലര്‍ച്ചയുടെ അവസാനത്തില്‍ അയാള്‍ ആ ബില്‍ഡിംഗിന്‍റെ മുകളില്‍നിന്നും താഴേയ്ക്ക് കുതിച്ചു
------------------------
ഡോക്ടര്‍ നരേന്‍റെ ആത്മഹത്യ ഫാര്‍മ ലിങ്ക് കമ്പനി അധികൃതര്‍ അറിയിച്ച ആ നിമിഷം തന്നെ എസ് ഐ മാധവനും മറ്റു പോലീസുകാരും സംഭവസ്ഥലത്തെയ്ക്ക് തിരിച്ചിരുന്നു .അധികം താമസിയാതെ ജീവനും സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു
“സാര്‍ അവിടെ “ മാധവന്‍ മരിച്ചുകിടക്കുന്ന ഡോക്ടര്‍ നരേന്‍റെ അടുത്തേയ്ക്ക് വഴികാട്ടി. മരിച്ചുകിടക്കുന്ന ഡോക്ടര്‍ നരേന്‍റെ വശങ്ങളില്‍ പോലീസിന്‍റെ ചുവന്ന ടേപ്പുകൊണ്ട് ബാരിക്കേഡുകള്‍ തീര്‍ത്തിട്ടുണ്ടായിരുന്നു.കൈകൊണ്ട് ടേപ്പ് പതിയെ ഉയര്‍ത്തി ജീവന്‍ മരിച്ചുകിടക്കുന്ന ഡോക്ടര്‍ നരേന്‍റെ അടുത്തെത്തി.നരേന്‍റെ ശരീരത്തിന്‍റെ ചുറ്റും രക്തം തളം കെട്ടികിടക്കുന്നുണ്ടായിരുന്നു
“ബില്‍ഡിംഗിന്‍റെ മുകളില്‍നിന്നും താഴേയ്ക്ക് ചാടുകയായിരുന്നു “ ബില്‍ഡിംഗിന്‍റെ മുകളിലേയ്ക്ക് കൈചൂണ്ടി മാധവന്‍ ജീവനോട്‌ പറഞ്ഞു
“അച്ഛാ “ പെട്ടെന്ന് ഒരു നിലവിളിയോടെ ആള്‍ക്കുട്ടത്തിന്‍റെ മുന്നിലെ ബാരിക്കേഡ് തട്ടിമാറ്റി ഡോക്ടര്‍ നരേന്‍റെ അടുത്തേയ്ക്ക് കുതിച്ച പെണ്‍കുട്ടിയുടെ ശബ്ദം ജീവന്‍റെ കാതുകളില്‍ എത്തി.പക്ഷെ അപ്പോഴേയ്ക്കും ബാക്കിയുള്ള പോലീസ്സുകാര്‍ അവളെ ഡോക്ടര്‍ നരേന്‍റെ അടുത്തേയ്ക്ക് എത്തുന്നതില്‍ നിന്നും തടഞ്ഞിരുന്നു
“അച്ഛാ “ അവള്‍ വീണ്ടും അലറി
“ഡോക്ടര്‍ നരേന്‍റെ മകളാണ് ..പേര് ശാന്തി..ഇവിടെ തന്നെയാണ് അവള്‍ വര്‍ക്ക്‌ ചെയ്യുന്നതും “ മാധവന്‍ അവളെ ജീവന് പരിചയപ്പെടുത്തും പോലെ പറഞ്ഞു
“അപ്പോ ഭാര്യ ? “
“ഭാര്യ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ആക്സിഡന്റില്‍ മരണപ്പെട്ടു “
“മം ..ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ വല്ലതും അറിയാന്‍ കഴിഞ്ഞോ ? “ ജീവന്‍ മാധവനോട് ചോദിച്ചു
“കൃത്യമായൊരു കാരണം ലഭിച്ചില്ല സാര്‍ ..പക്ഷെ ഡോക്ടര്‍ നരേന്‍ മുന്‍പൊരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് “
“ഓ ആദ്യതവണയല്ല അപ്പോ “
“അല്ല സാര്‍ ..മാനസികമായ എന്തൊക്കെയോ പ്രശ്നങ്ങള്‍ അദ്ധേഹത്തിന് ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ മനസ്സിലായത് “ മാധവന്‍ പറഞ്ഞുതീരലും ഒരാള്‍ അവരുടെ അടുത്തേയ്ക്ക് നടന്നുവന്നു
“കിഷന്‍ ബോസ്സ് ..ഫാര്‍മ ലിങ്ക് ചെയര്‍മാന്‍ “ അയാള്‍ ഹസ്തദാനത്തിനായി ജീവനുനേരെ കൈകള്‍ നീട്ടി
“ജീവന്‍ അഗസ്റ്റിന്‍ “ ഹസ്തദാനം സ്വീകരിച്ചുകൊണ്ട് ജീവനും സ്വയം പരിചയപ്പെടുത്തി
“ഫാര്‍മ ലിങ്കിന്‍റെ നെടുംതൂണായിരുന്നു ഡോക്ടര്‍ നരേന്‍ “ മുഖത്തുവെച്ചിരുന്ന എസ്സലോറിന്‍റെ ഗ്ലാസ്‌ എടുത്ത് കണ്ണുകള്‍ തുടച്ചുകൊണ്ട് ദുഃഖം നിറഞ്ഞ സ്വരത്തില്‍ കിഷന്‍ ജീവനോട്‌ പറഞ്ഞു
“ഐ നോ കിഷന്‍ ..നിങ്ങളുടെ വിഷമം ഞാന്‍ മനസ്സിലാക്കുന്നു “
“എന്‍റെ ഭാഗത്തുനിന്ന് എന്തെങ്കിലും സഹായം ചെയ്തു തരെണ്ടതുണ്ടോ ? “
“താങ്ക്സ് കിഷന്‍ ..ആവശ്യമുണ്ടെങ്കില്‍ അറിയിക്കാം “
“സീ യൂ ദെന്‍ “ അത്രയും പറഞ്ഞുകൊണ്ട് കിഷന്‍ അവിടെനിന്നും പോയി
“ഡോക്ടര്‍ നരേന്‍റെ കൂടെ ജോലി ചെയ്തവരുടെ മൊഴിയും മകളുടെ മൊഴിയും എടുത്ത ശേഷം ബാക്കി നടപടികള്‍ ചെയ്ത് നാളെ എനിയ്ക്ക് റിപ്പോര്‍ട്ട്‌ സമര്‍പ്പിയ്ക്ക് അതുപോലെ നേരത്തെ പറഞ്ഞില്ലേ ഡോക്ടര്‍ നരേന്‍റെ മാനസിക പ്രശ്നങ്ങളെ പറ്റി ? അതിനെപ്പറ്റിയും ഒന്ന് അന്വേഷിക്കണം മാധവന്‍ “
“ശരി സര്‍ “
-------------------
മൂന്നുമാസങ്ങള്‍ക്ക് ശേഷമുള്ള ഒരു പകല്‍
അസഹ്യമായ തലവേദനയെ തുടര്‍ന്നു ഹാഫ് ഡേ ലീവ് എടുത്ത് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു മഹിമ.ബസ്സ് സ്റ്റാന്‍ഡില്‍ ബസ്സിറങ്ങിയ ശേഷം സീബ്രാ ലൈനിലൂടെ റോഡ്‌ ക്രോസ് ചെയ്യുന്നതിനിടയിലാണ് അവളുടെ കാതുകളില്‍ ആരോ മന്ത്രിക്കുന്ന പോലെയുള്ള ശബ്ദം അവള്‍ കേള്‍ക്കുന്നത്.അവള്‍ സംശയത്തോടെ പിന്നിലേയ്ക്ക് നോക്കി.പക്ഷെ അവളുടെ പിറകില്‍ വേറെയാരും ഉണ്ടായിരുന്നില്ല .കഷ്ടി രണ്ടടി മുന്നോട്ട് വെച്ചുകാണും .വീണ്ടും ആ ശബ്ദം അവളുടെ കാതില്‍ എത്തി.
“നീ മരിക്കേണ്ടവളാണ്..നിന്നെ ഞങ്ങള്‍ കൊല്ലും “ അവളുടെ കാതില്‍ ആ ശബ്ദം വീണ്ടുംവീണ്ടുമായി വന്നുകൊണ്ടിരുന്നു.അവള്‍ ഭയത്തോടെ എങ്ങനെയൊക്കെയോ റോഡ്‌ മുറിച്ചുകടന്നു.അപ്പോഴും ആ ശബ്ദം അവളുടെ കാതുകളില്‍ നിന്ന് പോയിട്ടുണ്ടായിരുന്നില്ല.പതിയെ പതിയെ ആ ശബ്ദത്തിന്‍റെ ആവൃത്തിയും ഉയര്‍ച്ചയും കൂടിവന്നത് അവള്‍ അറിഞ്ഞു.കൈയ്യിലുണ്ടായിരുന്ന ബാഗ്‌ നിലത്തേയ്ക്ക് ഇട്ടുകൊണ്ട്‌ രണ്ടുകൈകൊണ്ടും അവള്‍ ചെവി അടച്ചുപിടിച്ചു.അപ്പോള്‍ ആ ശബ്ദം നിലച്ചപ്പോള്‍ അവള്‍ക്ക് ആശ്വാസമായി.അവള്‍ പതിയെ കൈകള്‍ ചെവിയില്‍ നിന്ന് വിടുവിച്ചു.പക്ഷെ ആ ശബ്ദം വീണ്ടും അവളുടെ കാതില്‍ പ്രതിഫലിച്ചുനിന്നു
“നീ മരിക്കേണ്ടവളാണ്..നിന്നെ ഞങ്ങള്‍ കൊല്ലും” എന്താണ് അവള്‍ക്ക് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ അവള്‍ വീണ്ടും ചെവി അടച്ചുപിടിച്ചു.അവളുടെ മുഖത്തെ ഭാവം പതിയെ അവള്‍ പോലും അറിയാതെ മാറുവാന്‍ തുടങ്ങിയിരുന്നു അപ്പോള്‍
---------------------
വളരെ ധൃതിയിലാണ് മാധവന്‍ ജീവന്‍റെ റൂമിലേയ്ക്ക് വന്നത്
“സാര്‍ ട്രാഫിക്കില്‍ നിന്നൊരു കോള്‍ ..ടൌണില്‍ ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി ഒരു പെണ്‍കുട്ടി ..ടൌണ്‍ മൊത്തം അവള്‍ കാരണം ബ്ലോക്കായിരിക്കുകയാണ് ..റോഡില്‍ നിന്ന് അവളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചവര്‍ക്കെതിരെ അവള്‍ കത്തികൊണ്ട് വീശിയത്രെ “
“ഓ ഗോഡ്..മാധവേട്ടാ എന്നാല്‍ ഇപ്പോതന്നെ പുറപ്പെടാം “
നിമിഷനേരങ്ങള്‍ക്കുള്ളില്‍ ജീവനും മാധവനും ടൌണില്‍ എത്തി.റോഡിന് മധ്യത്തിലായി ഒരു ആള്‍ക്കൂട്ടം തന്നെയുണ്ടായിരുന്നു അപ്പോള്‍ .വാഹനങ്ങളെല്ലാം മുന്നോട്ട് പോകാന്‍ കഴിയാതെ ആ ഗതാഗതകുരുക്കില്‍ പെട്ടുകിടക്കുകയായിരുന്നു ആ സമയം .ക്ഷമ നശിച്ച ചില യാത്രക്കാര്‍ വാഹനങ്ങളില്‍ നിന്ന് ഹോണുകളും മുഴക്കുന്നുണ്ട്‌.ജീവനും മാധവനും ആ ആള്‍ക്കൂട്ടത്തിലൂടെ മുന്നിലേയ്ക്ക് നടന്നു.
“ഹേയ് സ്റ്റോപ്പ്‌ “ ആള്‍ക്കൂട്ടത്തിന്‍റെ മധ്യത്തലായി നിന്നിരുന്ന പെണ്‍കുട്ടിയെ നോക്കിക്കൊണ്ട്‌ ജീവന്‍ പറഞ്ഞു.മുഖത്ത് അലക്ഷ്യമായി വീണുകിടക്കുന്ന അവളുടെ മുടിയിഴകളുടെ ഉള്ളിലൂടെ അവളുടെ മുഖത്തിന്‍റെ ഭാവമാറ്റം ജീവന്‍ ശ്രദ്ധിച്ചു.അവള്‍ മറ്റൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ കൈയ്യിലുണ്ടായിരുന്ന കത്തി ജീവന് നേരെ വീശി .ജീവന്‍ അതില്‍നിന്നും പെട്ടെന്ന് ഒഴിഞ്ഞുമാറി
“അടുക്കരുത് “ അവള്‍ ഒരു താക്കീതു പോലെ ജീവനെ നോക്കിപറഞ്ഞു
“പ്ലീസ്സ് ..ദയവായി നിങ്ങള്‍ കത്തി താഴെയിടൂ “ ജീവന്‍ ആ പെണ്‍കുട്ടിയോട് പറഞ്ഞു
“ഇല്ല ..സാധ്യമല്ല “ അവള്‍ അലറികൊണ്ട് പറഞ്ഞു.പെട്ടെന്ന് ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന ഒരാളുടെ ഷര്‍ട്ടിന്‍റെ കോളറില്‍ കയ്യറിപ്പിടിച്ച് അയാളുടെ കഴുത്തില്‍ അവള്‍ കത്തിവെച്ചു
“ഒരടികൂടി മുന്നോട്ടുവെച്ചാല്‍ ഞാന്‍ ഇയാളെ കൊല്ലും “ അയാളുടെ കഴുത്തില്‍ കത്തി വെച്ച് അവള്‍ ജീവനോട്‌ പറഞ്ഞു
“ഹേയ് സ്റ്റോപ്പ്‌ ..നിങ്ങള്‍ ആരെന്ന് എനിയ്ക്കറിയില്ല ..നിങ്ങളുടെ പ്രശ്നം എന്താണെന്നും അറിയില്ല ..അതെന്തുതന്നെയായാലും പരിഹരിക്കുന്നതിന് ഞാന്‍ നിങ്ങളെ സഹായിക്കാം ..പ്ലീസ് നിങ്ങള്‍ അയാളെ ഉപദ്രവിക്കരുത് “ജീവന്‍ ഒരു അപേക്ഷ പോലെ അവളോട്‌ പറഞ്ഞു
“നിങ്ങള്‍ പരിഹരിക്കുമോ ? “ അയാളുടെ കഴുത്തില്‍ വെച്ചിരുന്ന കത്തി പതിയെ മാറ്റിക്കൊണ്ട് അവള്‍ ചോദിച്ചു
“യെസ് ഐ പ്രോമിസ് ..ഞാന്‍ നിങ്ങളെ സഹായിക്കാം “
അവള്‍ ഒരുനിമിഷം എന്തോ ആലോചിച്ചു നിന്നു
“ഞാന്‍ വാക്കുതന്നില്ലേ ..ഇനി അയാളെ വിടൂ “
ജീവന്‍ പറഞ്ഞത് അനുസരിക്കും പോലെ അവള്‍ അയാളുടെ കഴുത്തില്‍ നിന്ന് പൂര്‍ണമായി കത്തിയെടുത്തു അതിനുശേഷം അയാളുടെ കോളറില്‍ നിന്നും കൈകള്‍ വിടുവിച്ചു
“ഗുഡ് ..ഇനി കത്തി താഴെയിടൂ “ ജീവന്‍ വീണ്ടും അവളോട്‌ പറഞ്ഞു.അതിന് അവള്‍ ജീവന്‍റെ മുഖത്തേയ്ക്ക് നോക്കി ചിരിച്ചു
“ഞാന്‍ പറഞ്ഞില്ലേ ..നിങ്ങളെ ഞാന്‍ സഹായിക്കാം ..ദയവായി കത്തി താഴെയിടൂ “
അവള്‍ പെട്ടെന്ന് കൈകള്‍കൊണ്ട് ചെവി അടച്ചുപിടിച്ചു
“ഇല്ല നിങ്ങള്‍ക്ക് എന്നെ സഹായിക്കാന്‍ കഴിയില്ല ..അവര്‍ എന്നെ കൊല്ലും ..ഞാന്‍ മരിക്കേണ്ടവാളാണ് “ വളരെ നിസ്സഹായതൊടെ അവള്‍ ജീവനോട് പറഞ്ഞു
“അങ്ങനെയൊന്നും ചിന്തിക്കരുത് ..എല്ലാത്തിനും പരിഹാരമുണ്ട് എനിയ്ക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയും “ ജീവന്‍ ഒരു ചുവട് മുന്നോട്ട് വെച്ചുകൊണ്ട് പറഞ്ഞു
“ഇല്ല ആര്‍ക്കും എന്നെ രക്ഷിക്കാന്‍ കഴിയില്ല ..അവര്‍ എന്നെ കൊല്ലും ഞാന്‍ മരിക്കേണ്ടവളാണ് “ അവള്‍ അത്രയും പറഞ്ഞശേഷം അവളുടെ കൈയ്യിലുണ്ടായിരുന്ന കത്തി അവളുടെ വയറ്റിലേയ്ക്ക് കുത്തിയിറക്കി
(തുടരും )

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo