വെടിക്കെട്ട്
(വെടിക്കെട്ടപകടങ്ങളിൽ പൊലിഞ്ഞ ജീവനുകൾക്കായി)
അച്ഛന്റെ കൈവിരൽ ചുറ്റിപ്പിടിച്ചു ഞാൻ
അമ്പലക്കോണിലായ് നോക്കി മേലേ
സ്വർണ്ണവർണ്ണത്തരി തീപ്പൊരി ചിതറിയ
ചീറുന്നെലിവാണമെട്ടു പൊട്ടി.
മാലപ്പടക്കമതാകെപ്പടപടാ ഒപ്പമായ്
ഗർഭം കലക്കി പൊട്ടി
അച്ഛന്റെ പിടിവിട്ടൊരെൻ ചെറു പെരുവിരൽ
തിരുകിയെൻ ചെവിയിൽ ഞാൻ ഭീതിയോടെ.
പൊട്ടുന്നമിട്ടിന്റെ വർണ്ണപ്രപഞ്ചമായ്
നക്ഷത്രജാലങ്ങളിങ്ങു പോന്നോ!
പൂക്കുറ്റിയുയരുന്നതൊപ്പമായ് കുരവ തൻ
കൂക്കുവിളിയിന്നു കാതിലാർത്തു.
ചുറ്റി വിരലു ഞാൻ പിന്നെയുമച്ഛന്റെ
കൈവിരൽ ചാരേ വരുന്ന നേരം.
കമ്പത്തിൽ കമ്പം പെരുത്തു ഞാൻ നിൽക്കവെ
കമ്പിത്തിരികളായ് കർമ്മയോഗം.
കമ്പമായ് കമ്പമങ്ങാർത്തു തകർക്കവെ
ചെറു തീപ്പൊരിയൊന്നു തെന്നി മാറി.
ഒന്നൊന്നായ് പൊട്ടുവതെന്തിനെന്നൊർത്തിട്ട്
പൊട്ടിത്തെറിച്ചേക പൊട്ടലായി!
ആളിയങ്ങാകാശമുയരുന്ന തീഗോള-
മൊപ്പം തെറിക്കും കബന്ധ ഭാഗം.
പൊട്ടും അമിട്ടിന്റെ ശകലങ്ങളാകവേ
ചെന്നിറം ചിതറിയ ചോര മാത്രം.
ഓടാനൊരുങ്ങൊന്നൊരാൾക്കൂട്ടമോടുവാൻ
കാലുകളില്ലാതെ കത്തി നിന്നു
അലറിക്കരയുവാനാഞ്ഞൊരു തൊണ്ടയും
കുരവള്ളി കത്തിക്കരിഞ്ഞു നിന്നു
ആരാണു നീയെന്നതാരാണു ഞാനെന്നു
തിരിയുവാനാവാതെ ഞാൻ തിരഞ്ഞു.
കാലിന്നെവിടെയോ തലയിന്നെവിടെയോ
കാണാതകലത്തു കാണുമെന്നോ!
പോയവൻ ഭാഗ്യവാൻ, കരിയുന്ന തോലുമായ്
കണ്ണീരു കത്തിയോനെന്തു നീറ്റൽ!
അച്ഛന്റെ കൈവിടാതോടി ഞാൻ തിരിയുമ്പോൾ
കാണുന്നിതച്ഛന്റെ വിരലു മാത്രം!
അച്ഛനില്ല, കയ്യിൽ വിരലു മാത്രം!
അച്ഛനെവിടെ എന്റെയച്ഛനെവിടെ?
ചോദ്യം ഇതാരോടു ചോദിക്കുവാൻ?
ചോദ്യങ്ങളനവധി ബാക്കി നിൽപ്പൂ!
ഇനിയും
ചൊദ്യങ്ങളനവധി ബാക്കി നിൽപ്പൂ....
By: മുരളീകൃഷ്ണൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക