ഇടവഴികൾ
_______________
_______________
'സത്യം പറ. നിനക്ക് ഈ വിവാഹത്തിന് താൽപര്യമുണ്ടോ?'
'ഉണ്ട് വിനു.'
'കടപ്പാട് വീട്ടാനായിട്ടാണ് ഈ വിവാഹമെങ്കിൽ, എനിക്ക് അതിനോട് യോജിപ്പില്ല. '
'എനിക്ക് വിനുവിനോട് ഒരുപാട് കടപ്പാട് ഉണ്ട്. പക്ഷേ ഈ വിവാഹം കടപ്പാടുവിട്ടാനല്ല.'
'പിന്നെ? '
'എനിക്ക് ഇഷ്ടമാണ് വിനുവിനെ. വിനുവിലെ സുഹൃത്തിനെ. എന്റെ ജീവിതകാലം മുഴുവൻ അത് വേണമെന്ന് എനിക്കാഗ്രഹമുണ്ട്.'
'അതിന് ഈ കല്ല്യാണം വേണോ? എനിക്ക് നിന്നെ ഇഷ്ടമാണ്. സ്വന്തമാക്കണമെന്ന് ഒരുപാടാഗ്രഹവുമുണ്ട്. പക്ഷേ അതെല്ലാം നിന്റെ പൂർണമനസ്സോടെയായിരിക്കണം.'
'എനിക്ക് സന്തോഷമേ ഉള്ളൂ വിനു. ജീവിതത്തിൽ എനിക്ക് സങ്കടങ്ങൾ മാത്രമേ ഉണ്ടായിട്ടുളളൂ. വൈശാഖിന്റെ കൂടെയുള്ള ജീവിതം സ്വപ്നം കണ്ടു. പക്ഷേ സംസ്ക്കാരത്തിനു ശരീരം പോലും കിട്ടിയില്ല. അവസാനമായിട്ട് ഒരുനോക്ക് പോലും കാണാൻ കഴിഞ്ഞില്ല. മരിച്ചെന്ന് വിശ്വസിക്കാൻ മടിച്ച മനസ്സിന്റെ നില തെറ്റിയപ്പോഴും, വിനു.....നീ മാത്രമാണ് കൂടെ ഉണ്ടായിരുന്നത്. വൈശാഖ് കൂടെ ഉളളപ്പോഴും വിനു, നീ എന്നെ സ്നേഹിച്ചത് ഞാനറിഞ്ഞിരുന്നു. പക്ഷേ ആ സ്നേഹത്തിനു മുന്നിൽ വിനുവിന്റെ സ്നേഹം ഞാൻ കണ്ടില്ലെന്ന് നടിച്ചു. അതുകൊണ്ടാകാം ദൈവം എല്ലാം തട്ടിതെറിപ്പിച്ചത്.'
'എല്ലാം മറക്ക് നീ. എന്തിനാ പഴയകാര്യമെല്ലാം ഓർത്തോണ്ടിരിക്കുന്നത്. ഓർത്തോണ്ടിരുന്നിട്ടെന്താ പ്രയോജനം?'
'എങ്ങനെ മറക്കാനാണ് വിനു? ആര് കാത്തിരിക്കും 5 വർഷം മാനസിക നില തെറ്റിയ പെണ്ണിനെ നേരെയാക്കാൻ? വീട്ടുകാരും നാട്ടുകാരും വിനുവിനെ തളളി പറഞ്ഞില്ലേ ഇതിന്റെ പേരിൽ? എന്നിട്ടും എനിക്ക് വേണ്ടി......'
അപ്പോഴേക്കും മുറിയിലേക്ക് അമ്മ കയറി വന്നു.
'ഇത് കൊളളാമല്ലോ! കല്ല്യണപ്പെണ്ണും ചെക്കനും മുറിയിൽ നിന്ന് കിന്നരം പറയുവാ! അല്ലേ, നിങ്ങൾക്ക് ഇങ്ങനെ ഇവിടെ നിന്നാൽ മതിയോ? കെട്ടേണ്ടേ?'
ചിരിച്ചുകൊണ്ട് മറുപടി നല്‍കി, ഞങ്ങൾ വെളിയിലേക്ക് ഇറങ്ങി. അങ്ങനെ വിനുവിന്റെ താലി എന്റെ കഴുത്തിൽ തിളങ്ങി. ഈ സമയത്ത് പഴയ കാര്യങ്ങളൊക്കെ മനസിൽ മിന്നി മാഞ്ഞു. 8 വർഷത്തെ വൈശാഖുമായുളള പ്രണയം. കല്യാണ തലേന്ന് വന്ന മരണവാർത്ത. 5 വർഷത്തെ തടവുജീവിതം. പിന്നെ ജീവിതത്തിലോട്ടുളള മടക്കം. പക്ഷേ ഇന്നും വൈശാഖിനെ മറക്കാൻ എനിക്കാവുന്നില്ല. ഇത് ഞാൻ വിനുവിനോട് കാണിക്കുന്ന ചതിയിണെന്നറിയാം. അത്രമേൽ വൈശാഖിനെ ഞാൻ സ്നേഹിച്ചിക്കുണ്ട്. വിനു പറഞ്ഞത് ഓർമ്മ വരുന്നു, "വൈശാഖിനെ സ്നേഹിച്ചതിന്റെ നൂറിൽ ഒന്ന് ഭാഗം സ്നേഹം മതി എനിക്ക് ജീവിക്കാനെന്ന്."
വലം വെച്ച് മണ്ഠപത്തിൽ നിന്ന് ഇറങ്ങിയപ്പോഴാണ് ആ കാഴ്ച ഞാൻ കണ്ടത്. ഞാൻ വർഷങ്ങളായി കാത്തിരുന്ന മുഖം എന്റെ മുന്നിൽ. എന്റീശ്വരാ... ഞാൻ എന്ത് ചെയ്യും? വീൽ ചെയറിൽ ഇരുന്ന് മന്ദഹസിക്കുവാണ്. എന്റെ ജീവച്ഛവം പോലുളള നിൽപ്പ് കണ്ടിട്ടാകാം വിനു എന്റെ തോളിൽ തട്ടി. ഞങ്ങളിരുവരും ആ ചിരിക്കുന്ന മുഖം നോക്കി നിന്നു കുറേ നേരം. എന്നിട്ട് ഞാൻ വിനുവിനെ നോക്കി. ആ കണ്ണുകളിൽ എന്റെ എല്ലാ ചോദ്യങ്ങൾക്കുമുളള മറുപടി ഉണ്ടായിരുന്നു.
~ ചാരു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക