പ്രണയങ്ങൾ
____________
____________
നീണ്ട വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഞങ്ങളുടെ വിവാഹം. വീട്ടുകാരുടെയെല്ലാം എതിർപ്പിനെ അവഗണിച്ചു ഞങ്ങൾ വിവാഹിതരായി. വളരെ സന്തോഷപൂർവ്വമായ ജീവിതമായിരുന്നു ഞങ്ങളുടെ. ആരേയും അസൂയപ്പെടുത്തുന്ന രീതിയിൽ ആദ്യനാളുകൾ കടന്നു പോയി.
ഞാനും ഏട്ടനും മാറി താമസിക്കുകയായിരുന്നു. പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാനപ്പോൾ. ഏട്ടനാണെങ്കിൽ മുഴുവൻ സമയവും ജോലി എന്നൊരു വിചാരമേ ഉളളൂ. പക്ഷേ എന്റെ കാര്യത്തിൽ ഒരു കുറവും വരുത്തിയിരുന്നില്ല. പെട്ടെന്ന് പ്രതീക്ഷിക്കാത്ത നിമിഷത്തിൽ ഒരതിഥി കടന്നു വന്നു. വന്നപ്പോലെ തിരിച്ചും പോയി. എന്റെ ജീവിതം മാറുകയായിരുന്നു പിന്നീട്.
അതിഥിയെ സ്വീകരിക്കാൻ പറ്റിയ സാഹചര്യമല്ലെങ്കിലും ഉപേക്ഷിക്കാൻ കഴിയുമായിരുന്നില്ല എനിക്ക്. അവസാനം എന്റെ വാശിയ്ക്ക് മുന്നിൽ ഏട്ടൻ മുട്ടു കുത്തി. ഞങ്ങളങ്ങനെ അതിഥിയെ വരവേൽക്കാനുളള തയ്യാറെടുപ്പ് തുടങ്ങി. പക്ഷേ സൂര്യനുദിച്ച് അസ്തമിക്കുന്നതിനുളളിൽ എല്ലാം അവസാനിച്ചു. എന്റെ കുഞ്ഞ്.......
അതോടെ ഞങ്ങൾ മാനസികമായി അകന്നു. ഞാൻ വിഷമിക്കാതിരിക്കാൻ ഏട്ടന്റെ ഉളളിലെ സങ്കടം മറച്ചുവച്ചു. എനിക്കതാണ് താങ്ങാൻ പറ്റാത്തത്. ഇന്നുവരെ എന്നോട് ഒന്നും മറച്ചു വയ്യക്കാത്ത മനുഷ്യൻ എന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് ഞാൻ എങ്ങനെ സഹിക്കും? ഏട്ടനറിയാം എന്റെ മുഖത്തു നോക്കിയാൽ എല്ലാം പുറത്തു വരുമെന്ന്. ഞാനാണ് വിഡ്ഢി. ആ സമയത്ത് ഞാൻ എന്നെ പറ്റി മാത്രമേ ചിന്തിച്ചുളളൂ. ഏട്ടനും എന്റെത്രയും വിഷമമുണ്ടെന്ന് ഞാൻ മനസിലാക്കിയില്ല.
വിഷമങ്ങൾ ഒന്നും പറയാൻ പറ്റാതെ ഞാൻ ഒറ്റപ്പെട്ട് പോയി. ജോലികഴിഞ്ഞ് താമസിച്ചാണ് ഏട്ടനെത്തുന്നത്, ഭക്ഷണവും കഴിച്ചു പെട്ടെന്ന് ഉറങ്ങുകയും ചെയ്യും. അവസാനം എന്റെ കാര്യങ്ങൾ തിരക്കാറു പോലുമില്ല എന്നവസ്ഥയായി. ശരീരിക ബുദ്ധിമുട്ടുകളും ഉറക്കമില്ലായ്മയും കൂടെപ്പിറപ്പായി. ജീവിതം മടുത്തു തുടങ്ങിയ നിമിഷങ്ങൾ....
പിന്നെ ഞാൻ ചെയ്തു കൂട്ടിയതെല്ലാം ശരിയാണോ എന്നെനിക്ക് അറിയില്ല. എന്റെ ജീവിതത്തിലെ ഏകാന്തതയെ കീറിമുറിച്ചുകൊണ്ട് ഒരാളെത്തി. സോഷ്യൽ മീഡിയ തന്ന ഒരു സുഹൃത്ത്. സ്ഥിരം കാണുന്ന മെസ്സേജ് റിക്വസ്റ്റുകളിൽ നിന്നു വ്യത്യസ്തമായ ഒന്ന്. ഹായ്, ഹലോ എന്നതിനു പകരം പൂർവ്വകാലബന്ധമുളളതുപോലുളള മെസ്സേജിങ് രീതി. പ്രൊഫൈൽ പിക്ച്ചറിലെ നടിയെ പറ്റി പറഞ്ഞാണ് ചാറ്റ് തുടങ്ങിയത്. നല്ല രീതിയിലാണ് തുടങ്ങിയത്. എനിക്ക് അയാൾ വലിയ ഒരാശ്വാസമായിരുന്നു. തനിച്ചല്ല എന്നൊരു തോന്നൽ എനിക്ക് തോന്നി. ദിവസം മുഴുനീള ചാറ്റിങ് ആയി അതു മാറി. സ്ലീപ്പിങ് പിൽസ് ഇല്ലാതെ എന്നെ ഉറങ്ങാൻ പഠിപ്പിച്ചു. എന്റെ വിഷമങ്ങളെല്ലാം പങ്കുവച്ചു. എനിക്കൊരുപാട് സപ്പോർട്ട് തന്നു. എന്റെ കാര്യങ്ങൾ തിരക്കാനും ഒരാളുണ്ടായപ്പോൾ ഞാനാകെ മാറി. സമയത്തുളള ഭക്ഷണവും മരുന്നും എന്നെ പഴയ ആളാക്കി. പതിയെ ആ ബന്ധം വാക്കുകൾ കൊണ്ട് അതിർത്തികൾ ലംഘിച്ചു. എനിക്ക് കുറ്റബോധം തോന്നി തുടങ്ങി. എനിക്ക് അയാൾ, ആരാണെന്നു എന്ന ചോദ്യത്തിനു ഉത്തരമില്ലായിരുന്നു. അയാളെന്നെ സ്നേഹിച്ചു തുടങ്ങിയത് ഞാൻ മനസ്സിലാക്കി. എന്തുകൊണ്ട് എന്നെ സ്നേഹിച്ചതെന്ന് എനിക്കറിയില്ല. ഇന്നുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാള്‍. ഒരിക്കലും കാണുമോന്ന് അറിയുകപോലുമില്ല. എന്നിട്ടും ഞാൻ..
ഒരിക്കലെങ്കിലും ഏട്ടന്റെ സ്ഥാനത്തു അയാളെ കണ്ടിട്ടുണ്ടെങ്കിൽ, അതിനർത്ഥം ഞാനൊരു വഞ്ചകിയാണെന്നല്ലേ? ഏട്ടന്റെ മനസ്സിൽ ഞാനല്ലാതെ വേറെ ഒരു പെണ്ണല്ലെന്നു, എന്റെ കഴുത്തിൽ കിടക്കുന്ന താലിയെ തൊട്ട് സത്യം ചെയ്യാൻ എനിക്ക് കഴിയും. പക്ഷേ എനിക്കോ?..
ഞാൻ അയാളെ പ്രണയിച്ചിരുന്നോ? എനിക്കറിയില്ല. ഒരിക്കലും ഞാനയാളെ കുറ്റം പറയില്ല. കാരണം ഞാൻ മാത്രമാണ് തെറ്റുകാരി. ഇതെല്ലാം ഏട്ടനോട് തുറന്ന് പറഞ്ഞു. ആ മനുഷ്യൻ എന്നെ കെട്ടി പിടിച്ചു കരഞ്ഞു. തെറ്റെല്ലാം അദ്ദേഹത്തിന്റെയാണെന്ന് പറഞ്ഞു. ഏട്ടൻ തന്നെയാണ് പിന്നീട് അയാളോട് സംസാരിച്ച് എല്ലാം ശരിയാക്കിയത്. അതോടെ ഞങ്ങൾ തമ്മിലുളള ബന്ധം അവസാനിച്ചു. നല്ലൊരു കൂട്ടുകാരിയായി ഇരിക്കാമോ എന്ന അയാളുടെ ചോദ്യം പോലും ഞാൻ അവഗണിച്ചു. അത്രയ്ക്ക് സ്വാർത്ഥയായി പോയി ഞാൻ.
ഇപ്പോ എന്റെ മനസ്സിൽ ഒരുപാട് സന്തോഷമുണ്ട്, എന്റെ ജീവിതം തിരിച്ചു കിട്ടിയതിൽ. ഇതിനെല്ലാം ഞാൻ കടപ്പെട്ടിരിക്കുന്നത് അയാളോടാണ്. എനിക്ക് ഒരുപാട് സഹായം ചെയ്തിട്ട് പകരം ഞാൻ കടലോളം സങ്കടങ്ങൾ മാത്രമാണ് നല്‍കിയത്. മാപ്പ് ചോദിക്കാനുളള അർഹയില്ലെന്നറിയാം. എന്നാലും ചോദിക്കുവാ,
മാപ്പ്.......
~ ചാരു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക