Slider

ബോൺസായി ബാലൻ

0
ബോൺസായി ബാലൻ
..........................................
നീണ്ട അമ്പത്തഞ്ച് വർഷക്കാലത്തിന് ശേഷം പരിസ്ഥിതി പ്രവർത്തകന്റെ കുപ്പായമൊക്കെ അഴിച്ചു വെച്ച് പ്രിയതമയോടൊപ്പം വിശ്രമജീവിതം നയിച്ചുകൊണ്ടിരുന്ന കാലം. വിശ്രമജീവിതം എന്ന് പറയുമ്പോൾ മക്കൾക്കും മരുമക്കൾക്കും ഒന്നും വേണ്ടാത്ത കാലം. അല്ലെങ്കിലും ഉണങ്ങിക്കഴിഞ്ഞ വൃക്ഷ ശിഖരങ്ങൾ വെട്ടിമാറ്റപ്പെടാറാണല്ലോ പതിവ്. കുടുംബമെന്ന വൃക്ഷത്തിലെ എല്ലാ ശിഖരങ്ങളും ഒരുനാൾ ഉണങ്ങും.
" പഴുത്തിലകൾ വീഴുമ്പോൾ
പച്ചിലകൾ ചിരിക്കും
ഇന്നു ഞാൻ നാളെ നീ..... "
ഹ ഹ.. ആരോട് പറയാൻ.. മോണകാട്ടി ചിരിക്കുന്ന പേരക്കിടാവിന്റെ മുഖമൊന്ന് കാണാൻ അനുവദിക്കാത്ത സന്താനങ്ങൾ... ആരോടും പരാതി പറയാതെ പ്രിയതമയോടൊപ്പം കൊച്ചുവീട്ടിൽ ശിഷ്ടകാലം..
അങ്ങനെയിരിക്കെയാണ് അയൽവാസിയായ ബാലനെ ഞാൻ, ശ്രദ്ധിക്കാൻ തുടങ്ങിയത്.. ബോൺസായി ബാലൻ എന്ന് പറഞ്ഞാലേ ഈ നാട്ടുകാർക്ക് അയാളെ മനസ്സിലാവുകയുള്ളൂ. അതിനു കാരണവുമുണ്ട്.പ്രധാന വിനോദം മരങ്ങൾ നട്ടുപിടിപ്പിക്കൽ. മരങ്ങൾ എന്ന് പറഞ്ഞാൽ നല്ല അസ്സൽ കുള്ളൻമരങ്ങൾ അഥവാ ബോൺസായി മരങ്ങൾ. കുള്ളൻമരങ്ങളുടെ വിൽപ്പനയും പുള്ളിക്കാരൻ തകൃതിയായി നടത്തുന്നുണ്ട്... അങ്ങനെ ബാലൻ ഇന്നാട്ടുകാർക്ക് ബോൺസായി ബാലനായി മാറി.
ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ ഉണ്ടത്രേ അയാളുടെ ശേഖരത്തിൽ.
ഒന്നനോക്കണേ.... ഒരു ചിലവും ഇല്ലാതെ ലഭിക്കുന്ന ആൽമരവും മാവും ഒക്കെ കുള്ളൻമാരായി എത്തുമ്പോൾ ലക്ഷങ്ങൾ വില. ഒരു മുൻ പരിസ്ഥിതി പ്രവർത്തകൻ എന്ന നിലയ്ക്ക് ബാലന്റെ ഈ രീതിയോട് എനിക്കത്ര മതിപ്പുമില്ല എന്നതാണ് വാസ്തവം.അതിനേക്കാൾ വേദനിപ്പിച്ചത് ഗൃഹനാഥൻ എന്ന നിലയ്ക്ക് സ്വന്തം കുടുംബത്തിൽ അയാളുടെ പെരുമാറ്റമാണ്. ഒരു സമ്പൂർണ്ണ ആധിപത്യം.
കൗമാരക്കാരനായ മകനെ സ്വന്തം വീട്ടിലെ നാലു ചുവരുകൾക്കുള്ളിൽ സർവ്വ സ്വാതന്ത്ര്യവും നിഷേധിച്ച് വളർത്തുന്നയാൾ. പുറം ലോകത്തെ വിശാലമായ സൗഹൃദവലയങ്ങളും ശുദ്ധവായുവും ആ കുരുന്നിന് അയാൾ നിഷേധിച്ചു. ആരോടും മിണ്ടാതെ ഒരക്ഷരം ഉരിയാടാതെ സ്കൂളിലേക്ക് പോകുന്ന ബാലന്റെ മകൻ എന്നും ഒരു നൊമ്പരമായിരുന്നു. ദിനംപ്രതി എന്നിലെ നൊമ്പരം കൂടി വന്നു ഒപ്പം അടക്കാനാവാത്ത ദേഷ്യവും,,,,'
ഒരു ദിവസം ബാലന്റെ വീട്ടിൽ എത്തി ഞാൻ ഇക്കാര്യം അയാളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.... മറുപടി എന്നെ അക്ഷരംപ്രതി ഞെട്ടിച്ചു കളഞ്ഞു... ഇന്നാട്ടിലെ മറ്റു കുട്ടികളെല്ലാം അയാളുടെ കണ്ണിൽ തെമ്മാടിക്കൂട്ടങ്ങളും സ്വഭാവശുദ്ധിയില്ലാത്തവരുമാണ്. ഒപ്പം ഇത് പഴയ കാലമല്ല പുതിയ കാലമാണെന്ന എനിക്കിട്ട് ഒരു താങ്ങും താങ്ങി ബാലൻ...... അത് വരെയുണ്ടായിരുന്ന എന്നിലെ രോഷമെല്ലാം അവിടെ അണ പൊട്ടി ഒഴുകുകയായിരുന്നു പിന്നീട്.....
"ബാലാ... ഇന്നാട്ടുകാർ നിന്നെ ബോൺസായി ബാലൻ എന്ന് വിളിക്കുമ്പോഴും ഞാൻ വിളിച്ചിരുന്നത് ബാലൻ എന്ന് തന്നാ...
ബോൺസായി എന്ന ആശയത്തോട് തന്നെ എനിക്ക് വെറുപ്പാണ്.ബോൺസായി മരത്തെ പോലെ തന്നെ ഇടുങ്ങിയ ചിന്താഗതിയാണ് നിന്റേത്.....
നീ.. നിന്റെ മകനെ സർവ്വ സ്വാതന്ത്ര്യവും നിഷേധിച്ച് വളർത്തുന്നു...
ഒരു മരത്തിന് വളരുവാൻ വെള്ളവും വെളിച്ചവും' ശുദ്ധവായുവും അത്യാവശ്യമാണ്.
ഒരു തുള്ളി വെള്ളവും ഒരു പിടി മണ്ണും പിന്നെ ഒരു ചെടിച്ചട്ടിയും ഉപയോഗിച്ച് സർവ്വ സ്വാതന്ത്ര്യവും നിഷേധിച്ച് കുള്ളന്മാരാക്കി നീ വളർത്തുന്ന ഈ ബോൺസായി മരങ്ങളും നിന്റെ ഈ കൗമാരക്കാരനായ മകനും തമ്മിൽ എന്ത് വ്യത്യാസമാണ് ബാലാ ഉള്ളത്...????
ഇതിൽ കൂടുതൽ ആ മകന് വേണ്ടി വാദിക്കാൻ എനിക്കറിയില്ലായിരുന്നു. ബാലന്റെ ഇടുങ്ങിയ ചിന്താഗതിയിലേക്ക് ഒരു തുള്ളി കണ്ണീർ പൊഴിച്ച് ഞാനിറങ്ങി. ഇനി ബാലന് തീരുമാനിക്കാം..... ബോൺസായി ബാലനാകണോ അതോ വെറും ബാലനാകണോ എന്ന്..
...........മിഥുൻ...................
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo