Slider

ആളെത്തല്ലി

0
ആളെത്തല്ലി
_____________
ചീത്തപ്പേരു വീഴാൻ വളരെ എളുപ്പമാണല്ലോ! കുഞ്ഞിലെ തന്നെ വീണു അസ്സലൊരു ചീത്തപ്പേര് , ആളെത്തല്ലി എന്ന്. ഇനി ഇതെന്റെ പ്രശ്നമാണോ എന്നറിയില്ല, തല്ലിയതെല്ലാം ആണുങ്ങളെയായിരുന്നു. പക്ഷേ ഞാനൊരു സ്ത്രീപക്ഷവാധിയോ പുരുഷവിരോധിയോ ആയിരുന്നില്ല.
4 ൽ പഠിക്കുമ്പോൾ ഉമ്മ ചോദിച്ച ചെക്കനെ ചെറിയ ഒരു പൊക്കത്തിൽ നിന്ന് തളളിയിട്ടാണ് തുടക്കം. അവന്റെ നെറ്റിയിൽ 6 തുന്നിക്കെട്ട് സമ്മാനിച്ചു. പിന്നീട് പല കാരണങ്ങൾ ഉണ്ടായി പലരേയും തല്ലാൻ. ദൂരെ പഠിക്കാൻ പോയതിന് ശേഷമാണ് ഇരട്ടപേര് പ്രശസ്തമായത്. ചത്ത് കിടന്ന പഠിച്ച എൻട്രൻസ് കോച്ചിങിനിടയിൽ വീണ് കിട്ടിയ അവധിയ്ക്ക് നാട്ടിലോട്ട് പോയതാണ്. അന്ന് കഷ്ടകാലത്തിന് ബസ് കുറവും മുടിഞ്ഞ ബ്ലോക്കും. നിൽക്കാൻ പോലും സ്ഥലമില്ലാത്ത തിരുവനന്തപുരം ബസ്സിലാണ് യാത്ര. ഫുഡ്ബോഡിനടുത്തായി ഒരാൾ ആടി നിൽപ്പുണ്ട്. മാറാൻ പറഞ്ഞിട്ടൊന്നും കേൾക്കാതെ അവിടെ തന്നെ നിലയുറപ്പിച്ചേക്കുവാണ്. ഇറങ്ങുന്ന സ്ത്രീകളെ തൊട്ടും തലോടിയുമാണ് ആ വീരന്റെ നിൽപ്പ്. എല്ലാവർക്കും ധൃതിയായതുകൊണ്ട് ഇതൊന്നും ശ്രദ്ധിക്കുന്നുമില്ല, കാര്യമായി എടുക്കുന്നതുപോലുമില്ല.
അങ്ങനെ എന്റെ സ്റ്റോപ്പെത്തി. സമയം വൈകുന്നേരം 5.30 യോട് അടുത്തിരുന്നു. ഇറങ്ങാൻ എല്ലാവരും തിരക്ക് പിടിച്ചു. എനിക്ക് തൊട്ട് മുൻപേ ഇറങ്ങിപോയ ഗർഭിണിയായ സ്ത്രീയോടുളള അയാളുടെ പെരുമാറ്റം വളരെയേറെ വേദന എന്നിൽ ഉളവാക്കി. അവർ അതിനോട് പ്രതികരിക്കാതെ കൈ തട്ടി മാറ്റി പോവുകയാണുണ്ടായത്. ഈ പ്രതികരണശേഷിയില്ലായ്മയാണ് എന്നെ ഏറെ വേദനിപ്പിച്ചത്. അടുത്തത് എന്റെ ഊഴമാണല്ലോ! ഞാൻ ജാഗരൂകയായി. അയാളുടെ കൈ എന്റെ ദേഹത്ത് പതിക്കുന്നതിന് തൊട്ട് മുൻപ് എന്റെ കൈ അയാളുടെ കവിളത്ത് പതിഞ്ഞു. സത്യത്തിൽ അയാൾ എന്നെ ഒന്നും ചെയ്തില്ല. എന്നിട്ടും ഞാൻ തല്ലിയത് ഇതിന് മുൻപ് ഇറങ്ങിയ സ്ത്രീകളെ ഓർത്തിട്ടാണ്. ആ ബസ്സിലുളളവർ എന്താണ് സംഭവിച്ചതെന്ന് നോക്കിയതല്ലാതെ സിനിമയിൽ കാണുന്നപോലെ കൂട്ടയടിയൊന്നും ഉണ്ടായില്ല. എന്നാലും എനിക്ക് പ്രതികരിക്കാൻ കഴിഞ്ഞതിൽ ഒരു സംതൃപ്തി തോന്നി. പക്ഷേ ഇതൊക്കെ കണ്ട കുറച്ചു നാട്ടുകാർ വണ്ടിയിൽ ഉണ്ടായിരുന്നു. കാരണമില്ലാതെയും, ഒന്നും പറയാതെയും ഞാൻ ഒരുത്തനെ തല്ലിയെന്നായി പിന്നെ നാട്ടിലെ കഥ. എന്തിനാണ് തല്ലിയതെന്ന് ചോദിച്ച എന്റെ നാട്ടുകാർക്ക് ഞാൻ മറുപടി കൊടുത്തില്ല. കാരണം പണ്ട് ഉമ്മ ചോദിച്ചതിനു ഒരുത്തനെ ഉരുട്ടി ഇട്ടപ്പോൾ എനിക്ക് ഉമ്മ തന്നതുകൊണ്ട് ഉരുട്ടി ഇട്ടതാണെന്ന് പറഞ്ഞ ആളുകളാണവർ. ആ ചെക്കൻ എനിക്ക് ഉമ്മ തന്നെന്നും പറഞ്ഞ് ഒരുപാട് കളിയാക്കൽ സഹിക്കേണ്ടി വന്നതാ അന്ന്.
പിന്നെ കുറെ കാലത്തേക്ക് എന്റെ ഗുണ്ടായിസമൊക്കെ മറന്ന് ജീവിക്കുവായിരുന്നു. കാരണം പിന്നീട് കണ്ടുമുട്ടിയതെല്ലാം നല്ല ആളുകളെയായിരുന്നു. അന്ന് അയാൾ ചെയ്ത തെറ്റിന് പുരുഷവർഗത്തെ മുഴുവൻ കുറ്റം പറയുന്നത് ശരിയല്ലല്ലോ! തെറ്റ് ചെയ്യുന്നവർ പുരുഷനായാലും സ്ത്രീയായലും വർഗം നോക്കേണ്ട കാര്യമില്ല.
എന്തായാലും നാട്ടുകാർ പതിയെ ഇരട്ടപേര്
മറന്ന് തുടങ്ങി. വെക്കേഷന് കോളേജിൽ നിന്ന് ഒരു പ്രൈവറ്റ് ബസ്സിൽ വീട്ടിലോട്ട് പോവുകയാണ്. ഒരു മണിക്കൂർ സമയമുണ്ട്. ഒരുത്തൻ പുറകിൽ നിന്ന് തട്ടലും മുട്ടലുമൊക്കെ നടത്തുന്നുണ്ട്. നോക്കിയും കണ്ണുരുട്ടിയും ഒക്കെ ആവുന്നത്ര പേടിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. പതിഞ്ഞ ശബ്ദത്തിൽ അയാൾ തന്റെ ഇംഗിതം എന്നെ അറിയിച്ചു. വീണ്ടും ആ ഇരട്ടപ്പേര് നാട്ടുകാര് ഓർത്തെടുക്കാതിരിക്കാൻ, ചെറിയ ഒരു പ്രതികരണമേ ഞാൻ നടത്തിയുളളു. എന്നിട്ട് നല്ല കുട്ടിയായി വീട്ടിലോട്ട് പോന്നു.
~ ചാരു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo