Slider

ഇടവേള

0
Image may contain: one or more people

എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഓടുകയാണ്. കട്ടിലിൽ കിടക്കുന്ന എന്റെ ശരീരത്തെ രക്ഷിക്കാനുളള തത്ത്രപ്പാടിലാണ്. 6 മണിക്കൂർ മുൻപ് നടന്ന ഓപ്പറേഷനിടയ്ക്ക് ഞാൻ ആ ശരീരം വിട്ട് പുറത്തുവന്നതാണ്. എന്റെ മുന്നിൽ ഇപ്പോൾ 2 വഴികൾ ഉണ്ട്. ഒന്നുകിൽ ആ ശരീരത്തിലോട്ടു മടങ്ങി പോകാം, അല്ലെങ്കിൽ എന്നന്നേക്കുമായി ആ ശരീരം ഉപേക്ഷിക്കാം.
രാവിലെ ഏട്ടാനോടൊപ്പം അമ്പലത്തിൽ പോയതായിരുന്നു. ഫ്രീക്കൻ പയ്യൻ മരണപ്പാച്ചിലിൽ വന്നു ചാടി ഞങ്ങളുടെ ബൈക്കിനു മുന്നിൽ. ഏട്ടൻ ബൈക്ക് വെട്ടിച്ചു, എതിരെ വന്ന ടിപ്പറിൽ വണ്ടി ഇടിച്ചു. ദാ... കിടക്കുന്നു രണ്ടും കൂടി താഴെ. ഹെല്‍മറ്റ് ഉള്ളതുകൊണ്ട് ഏട്ടനൊന്നും പറ്റിയില്ല. എനിക്ക് ബാഹ്യമായി പരിക്ക് ഒന്നുമില്ലായിരുന്നു. പക്ഷേ തലയിൽ കുറച്ചു രക്തം കട്ടപ്പിടിച്ചു. ഏട്ടൻ എന്നെ കുറെ വിളിച്ചു. ഞാൻ എല്ലാം അറിയുന്നുണ്ടായിരുന്നു. പക്ഷേ എന്നെക്കൊണ്ട് കണ്ണുപോലും തുറക്കാൻ കഴിഞ്ഞില്ല.
ഐ സി യു വിനു വെളിയിൽ ഏട്ടനും കുഞ്ഞും അച്ഛനും അമ്മയുമൊക്കെയുണ്ട്. ഏട്ടന്റെ കൈയ്യിലിരുന്നു, എന്നെ കാണാൻ വാശി പിടിച്ചു കരയുകയാ മോൻ.
ചൊവ്വാദോഷം ഉണ്ടായിരുന്നു ഏട്ടന്. പ്രേമവിവാഹമായതുകൊണ്ട് ഞങ്ങൾ രണ്ടുപേരും അതുകാര്യമായി എടുത്തില്ല. ഏട്ടന്റെ അമ്മയ്ക്ക് ഈ ബന്ധം ഇഷ്ടമല്ലായിരുന്നു. കാരണം നല്ല കാശുകാരി ചൊവ്വാദോഷമുളള പെണ്ണിന്റെ ആലോചന അ സമയത്ത് ഏട്ടനു വന്നിരുന്നു. അമ്മ എപ്പോഴും പറയുമായിരുന്നു, എന്നെ കൊല്ലാൻ വേണ്ടിയാ ഏട്ടൻ കെട്ടിയതെന്ന്. പലപ്പോഴും ഞങ്ങളെ വഴക്കിടിയിക്കാൻ ശ്രമിച്ചെങ്കിലും, ഒന്നും വിജയിച്ചില്ല. നല്ല പൊന്നിൻകുടം പോലത്തെ ഒരു പൊന്നു മകനെ തന്നു.
ഇപ്പോൾ ഇവിടെ എന്തൊക്കെയാ നടക്കുന്നതെന്ന് എനിക്ക് നന്നായി അറിയാൻ കഴിയുണ്ട്. ഡോക്ടറിന്റേയും നേഴ്സുമാരുടേയും മനസിൽ എന്റെ ജീവൻ നിലനിർത്തണമെന്ന ഒറ്റ ചിന്ത മാത്രമേ ഉള്ളൂ. വെളിയിൽ എല്ലാവരും മനസ്സുരുകി പ്രാർത്ഥിക്കുന്നു. എനിക്ക് വേണ്ടി അമ്മയുടെ കണ്ണിൽ നിന്ന് രണ്ട് തുളളി കണ്ണീർ അടർന്നു വീണു. അതിൽ ഞാൻ കണ്ടു, ഇന്നുവരെ എന്നോട് പ്രകടിപ്പിക്കാത്ത സ്നേഹം.
പച്ച വിരിച്ച മെത്തയിൽ എന്റെ ശരീരം കിടക്കുകയാണ്. പൾസും ഹാർട്ട് റേറ്റും കുറവാണ്. പുതിയതായി ഉണ്ടായ രക്ത കട്ടയെ നശിപ്പിക്കാൻ ന്യൂട്രോഫിൽസും മാക്രോഫേജുകളും രക്തത്തിനോടൊപ്പം അങ്ങോട്ടു പ്രവഹിക്കുന്നുണ്ട്. പുതിയ ഐ വി ഫ്യൂയിഡ് ശരീരത്തിലോട്ടു കയറ്റുന്നുണ്ട്. വൃക്കയുടെ പ്രവർത്തനം മന്ദഗതിയിലാണ്. ആകെ മൂന്നു പേരെ അ മുറിയിൽ ഉള്ളൂ. ഡോക്ടറും ഒരു നേഴ്സും പൂർണ്ണ ആരോഗ്യമുളളവരാണ്. പക്ഷേ മറ്റേ നേഴ്സിനു പാൻക്രിയാറ്റിക്ക് ക്യാൻസർ ഉണ്ട്. അവര്‍ അതു ഇതുവരെ തിരിച്ചറിഞ്ഞില്ലെന്നു തോന്നുന്നു. മുറിയിലെ ഉപകരണങ്ങളുടെ ശബ്ദം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. വെന്റിലറേറ്ററിൽ നിന്ന് മാറ്റുന്ന ലക്ഷണമൊന്നും കാണുന്നില്ല. വളരെ വൃത്തിയായി സൂക്ഷിക്കേണ്ട മുറിയാണ് ഇത്. എന്നിട്ടും ഉറുമ്പുകൾ ഒരറ്റത്ത് സവാരി നടത്തുന്നുണ്ട്. ഗ്ലാസിൽ കൂടെ മോനെ നോക്കുമ്പോൾ വല്ലാത്ത ഒരു വിഷമം. മോന്റെ അടുത്തെത്തി കൊഞ്ചിക്കാൻ കൊതിയാവുന്നു. ഈ ആത്മാക്കൾക്ക് വികാരങ്ങളുണ്ടോ? ഒരുപക്ഷേ ആ ശരീരത്തിലോട്ടു മടങ്ങി പോയാൽ ഈ കണ്ട കാഴ്ചകൾ എനിക്ക് ഓര്‍മ കാണുമോ? ചിലപ്പോൾ ശരീരത്തിന്റെ വേദന മാത്രമായിരിക്കും അപ്പോൾ അറിയുക.
ശബ്ദങ്ങൾ കൂടി കൂടി വരുന്നു. ഡോക്ടർ കരണ്ടി പോലെ എന്തോ സാധനം എന്റെ ശരീരത്തിൽ അമർത്തുന്നു. അമർത്തി കഴിയുമ്പോൾ എന്റെ ശരീരം കുതിച്ചു ചാടുന്നു. എതോ ഒരു ശക്തി എന്നെ ശരീരത്തോടു ആകർഷിക്കുന്നു.
'എനിക്ക് വേദനിക്കുന്നല്ലോ!'
~ ചാരു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo