Slider

നല്ലെഴുത്തുകൾ

0



നവമാധ്യമ ലോകത്തെ ഒരുകൂട്ടം എഴുത്തുകാരുടെ സൃഷ്ടികളെ അച്ചടി മഷിയുടെ ഗന്ധത്തിലേക്ക് പറിച്ചെഴുതിയ മനോഹരമായ പുസ്തകം.
കാലിക പ്രസക്തമായ വിഷയങ്ങളെ സാഹിത്യ ഭംഗി ചോരാതെ തന്നെ സാധാരണക്കാരന് മനസിലാകുന്ന നിലയിൽ മനോഹരമായി അക്ഷരങ്ങളിൽ കോർത്തെടുത്ത ഒരുകൂട്ടം എഴുത്തുകൾ.
എന്നും കാണുന്ന സ്വന്തക്കാരായവരുടെ സൃഷ്ടികൾക്ക് ഒരു ആസ്വാദനം എഴുതാൻ മാത്രം സ്വാതന്ത്ര്യമെനിക്കുണ്ടോ എന്ന സംശയവും നിലനിൽക്കുന്നു. കവിതകൾ എഴുതപ്പെട്ടതിന്റെ അതെ അർത്ഥത്തിൽ തന്നെ ആസ്വാദനം എഴുതാനുള്ള നിലവാരം എന്റെ കവിതാ വായനക്കില്ലാത്തത് കൊണ്ട് അങ്ങനെയൊരു ബുദ്ധിമോശത്തിന് മുതിരുന്നില്ല എന്ന് ആദ്യമേ അറിയിക്കട്ടെ. കവിതകളെ പാടെ ഉപേക്ഷിച്ചതിലുള്ള ക്ഷമാപണവും അറിയിക്കുന്നു.
കഥകളിലൂടെ :
1) കാഴ്ച്ചകൾക്കപ്പുറം ( രശ്മി ഗോപകുമാർ )
-----------------------------------------------------
ജീവിതത്തിന്റെ ( സ്വയം നിർമ്മിത ) വേഗതകൾക്കിടയിൽ കാണാതെ പോകുന്ന കാഴ്ചകൾക്ക് ജീവനോളം തന്നെ വ്യാപ്തിയുണ്ടെന്ന് പറയാതെ പറഞ്ഞ രചന!! സ്നേഹത്തിന്റെ പേരിൽ തുരുത്തിലകപ്പെട്ട മേനോൻ മാഷ്‌ ഒരു നൊമ്പരമായി മനസ്സിലെവിടെയോ കൊളുത്തി വലിക്കുന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ അരിച്ചിറങ്ങിയ ഉറുമ്പുകൾ വായനക്കാരുടെ നെഞ്ചിലും അരിച്ചിറങ്ങും തീർച്ച, വായനക്കൊടുവിൽ ഞാനും തിരിച്ചറിയുന്നു " ഞാനും നന്മയുടെ ഏകാകിയാവണം " എന്ന്.
2) ഒരു കല്യാണദുരന്തം ( മുനീർ ചൂരപ്പുലയ്ക്കൽ )
--------------------------------------------------------
ഞാനിനി എങ്ങനെ മൂത്രമൊഴിക്കും? എന്റേത് ഡോക്ടർ മുറിച്ചെടുത്തില്ലേ! ? എന്ന വമ്പൻ ചോദ്യം വായനക്കാരെ ചിരിപ്പിക്കുമെങ്കിലും ചെറുപ്പകാലത്ത് കണ്ട പല കാഴ്ചകളും മനസിലേക്കോടിയെത്തും. കൂട്ടുകാരുടെ സുന്നത്ത് കല്യാണം പലർക്കും ചിരി സമ്മാനിക്കുമെങ്കിലും അതിനുള്ളിലെ വേദന അതേപടി പകർത്താൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.
3) ഒരു മടക്കയാത്ര ( കൃഷ്ണകുമാർ ചെറാട്ട് )
----------------------------------------------------
പ്രവാസിയുടെ നോവുകൾ കുറഞ്ഞ വാക്കുകൾ കൊണ്ട് കോർത്തെടുത്ത വൈകാരികമായ സൃഷ്ടി. ദൈവം നിഷ്ക്കരുണം തള്ളിക്കളഞ്ഞ പ്രാർത്ഥനകളിൽ തടവനുഷ്ഠിക്കാൻ വിമാനം കയറാൻ നിർബന്ധിതരാകേണ്ടി വരുന്നവരുടെയെല്ലാം മനസ്സുണ്ട് . തമാശയുടെ മേമ്പൊടിയിൽ മനോഹരമായി കണ്ണീരൊളിപ്പിച്ച രചന.
4 ) ട്രെയിൻ കാഴ്ചകൾ - പൂമരക്കൊമ്പത്തെ ( സന്തോഷ് ബാബു )
----------------------------------------------------
പല കാഴ്ചകൾ ഓടിമറയുന്ന യാത്രയിലെ ഒരു കാഴ്ച്ച ചിലപ്പോൾ നമ്മുടെയും മനസിന്റെ അടിയിലെവിടെയോ കൂടുക്കൂട്ടും, എന്നും കാണാനായി കണ്ണ് കൊതിക്കും, അതിന് കാരണങ്ങൾ ഒന്നും വേണ്ട. പെറ്റിക്കോട്ടിട്ട ആ കുഞ്ഞുമാലാഖ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ അത്രമേൽ ചിന്തനീയമാണ്, ഇടക്കെപ്പോഴോ ആ കുട്ടിയെ കാണാതായതിന്റെ കാരണം അന്വേഷിച്ച്‌ പോകാമെന്ന് പറയുന്ന കൂട്ടുകാരി മടങ്ങി വന്ന്‌ പറയുന്ന കഥ കേൾക്കാൻ ഇന്നും വായനക്കാരൻ കാത്തിരിക്കുന്നു.
5) നുറുങ്ങ് ( ശരൺ )
-------------------------
ഒരമ്മയും മകനും തമ്മിലുള്ള ചെറിയ സംഭാഷങ്ങളെ കോർത്തെടുത്ത അടുക്കളപ്പുറത്തെ കഥ വായിക്കുന്ന ആർക്കും അതൊരു കഥയായി തോന്നില്ല. ഓരോരുത്തരുടെയും അനുഭവമാവാമത്. വായിച്ചു തീരുമ്പോൾ ഉണക്കമീനും അച്ചാറും കൂട്ടി പഴങ്കഞ്ഞി കുടിക്കാൻ തോന്നിപ്പോകും.
6) മേഘപാളികൾക്കിടയിലെ സൂര്യൻ ( പ്രേം മധുസൂദനൻ )
---------------------------------------------------------
മരണത്തിലേക്കുള്ള യാത്രയെ ഇത്ര മനോഹരമായി എഴുതാൻ കഴിയുമെന്നുള്ള തിരിച്ചറിവ് തന്നെ തീവ്രമാണ്. ഓരോ മരണവും പകരുന്ന നിർവികാരതക്ക് ശേഷം മനുഷ്യൻ ജീവിതത്തിലേക്ക് നടക്കേണ്ടതിന്റെ ആവശ്യകതയെ ആഖ്യാനഭംഗി കൊണ്ട് മനോഹരമാക്കിയ സൃഷ്ടി. ജീവിതത്തിന്റെ എല്ലാ പടികളെയും കുറഞ്ഞ വാക്കുകളിൽ സന്നിവേശിപ്പിച്ചിരിക്കുന്ന ഉദാത്തമായ സൃഷ്ടി.
7) ഭാർഗവി റാണി ( വിനീത അനിൽ )
----------------------------------------------
മാതാപിതാക്കളുടെ വാശികൾക്ക് വേണ്ടി ബലിയാടാകേണ്ടി വന്ന പിഞ്ചുകുഞ്ഞിന്റെ ആത്മാവിന്റെ ഞരക്കങ്ങൾ ഏതൊരു വായനക്കാരനെയും വിഷാദത്തിന്റെ പടുകുഴിയിൽ തള്ളിയിടും. മകളുടെ ചേതനയറ്റ ശരീരം വാരിയെടുത്ത് ആ അച്ഛൻ ഓടുന്നത് കാണുന്ന ആ മകളുടെ ആത്മാവിന്റെ നെടുവീർപ്പ് എത്ര എഴുതിയാലും വിവരിക്കാൻ കഴിയില്ല. ആരുമാരുടെയും ജീവനെടുക്കാതിരിക്കട്ടെ എന്നാശിക്കാം.
8) ചാർലി ( സഞ്ജു കാലിക്കറ്റ് )
--------------------------------------
എവിടെ നിന്നോ വന്ന് കയറിയ ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകളിലൂടെ മുന്നേറുന്ന കഥ, ഇന്നും നന്മ മരിച്ചിട്ടില്ല എന്ന നഗ്നമായ സത്യം വായനക്കാരിലേക്ക് പകരുന്ന ആശ്വാസം ചെറുതല്ല. സ്വന്തം സമ്പാദ്യത്തിൽ നിന്ന് അർഹരായവരെ സഹായിക്കുന്ന ആ ചെറുപ്പക്കാരൻ ഒരു പ്രതീകമാണ്. മരണത്തിലേക്ക് നടന്നു കയറുമ്പോളും പ്രതീക്ഷയുടെ ഒരു നാളം ബാക്കി വെച്ച് പോകുന്ന ഷാമിൽ ആരാണ് എന്നൊരു ചോദ്യം മാത്രം അവശേഷിക്കുന്നു!!
9) പാഠങ്ങൾ ( ആതിര സന്തോഷ് )
--------------------------------------------
മരണത്തിനും ജീവനുമിടയിലെ നൂൽപ്പാലങ്ങളാണ് ഓരോ മാലാഖമാരും എന്ന സത്യം വീണ്ടുമോർപ്പിക്കുന്ന രചന, മരണത്തിൽ നിന്ന് ജീവനിലേക്ക് കൈപിടിച്ച് കൊണ്ട് വന്ന ഒരു മാലാഖയെ അവിചാരിതമായി കണ്ടുമുട്ടുമ്പോൾ സംഭവിക്കാവുന്ന വൈകാരികമായ വാക്കുകൾ കൊണ്ട് നേഴ്സുമാര് അനുഭവിക്കുന്ന അവഗണനകളിലേക്ക് വിരൽ ചൂണ്ടുന്ന രചന ഒരോർമ്മപ്പെടുത്തലാണ് " ഒരു നേഴ്‌സ് കട്ടിലൊന്നു മാറ്റി കിടത്തിയിരുന്നെങ്കിൽ അവിടെ തീരുമായിരുന്നു എന്റെയും നിങ്ങളുടെയും യഥാർത്ഥ അസ്തിത്വം ".
10) ഉരുകിത്തീരുന്നവർ ( സെബിയ തസ്‌നീം )
--------------------------------------------
കുടുംബം നോക്കാൻ മണലാരണ്യത്തിൽ ജീവിതം ഹോമിച്ചവനെ നോക്കി ജീവിതം പല്ലിളിക്കുന്നത് ദിവസേന കാണുന്ന കാഴ്ചയാണ്. അമ്മയുടെ അവിഹിത ബന്ധം മകൾ അറിഞ്ഞപ്പോൾ ഉണ്ടായ വാക്കേറ്റത്തിൽ പൊലിഞ്ഞു പോയ മകളുടെ മരണത്തിന്റെ കാരണമന്വേഷിച്ച പിതാവ് അറിഞ്ഞ സത്യങ്ങൾ മകളുടെ മരണത്തെക്കാൾ വേദനിപ്പിക്കുന്നവയായിരുന്നത് കൊണ്ട് അപമാനഭാരം താങ്ങാൻ കഴിയാതെ അവസാനം വരെ മരുഭൂമിയിൽ ജീവിച്ചു തീർക്കാൻ തീരുമാനിച്ച അയാൾ ഒരു നൊമ്പരമായവശേഷിക്കുന്നു.
11) ചില്ലറ ( രാഹുൽ രാജ്)
-------------------------------
കേരളത്തിലെ ബസുകളിൽ യാത്ര ചെയ്തിട്ടുള്ള എല്ലാവരും ഒരുപക്ഷെ നേരിട്ടുള്ള വിഷമം ആണ് ചില്ലറ, വളരെ മനോഹരമായ രചനയിൽ ഒരു ബസ് കണ്ടക്റ്ററുടെ മാനസിക പിരിമുറുക്കങ്ങൾ തന്മയത്വത്തോടെ എഴുതിരിക്കുന്നു. വായിച്ചവസാനിപ്പിക്കുമ്പോൾ നന്മയുടെ ഒരു മുഖം കൂടെ കണ്ടു എന്നൊരു ആശ്വാസം വായനക്കാരിലേക്ക് പകരുന്നു. എല്ലാവരുടെയുമുള്ളിൽ കാണും സാഹചര്യങ്ങളാൽ മൂടപ്പെട്ട ഒരു " ചില്ല് " അറ.
12) ഗോൾഡൻ വെറുപ്പിക്കൽസ്‌ ( രാഖേഷ്‌ വാലിറ്റയിൽ )
-----------------------------------------------------
തമാശയുടെ മേമ്പൊടി ചേർത്ത എഴുത്തിൽ നേർ ജീവിതത്തിൽ കാണുന്ന ചില അനുഭവങ്ങൾ ഉണ്ട്, ഭാര്യയുടെയും ഭർത്താവിന്റെയും താൽപ്പര്യങ്ങൾ വ്യത്യസ്തമായാൽ നേരിട്ടേക്കാവുന്ന സംഭവങ്ങൾ ചെറിയ വാക്കുകളിൽ എഴുതിയിരിക്കുന്നു.
13) ഹർഷോന്മാദം ( ജയാ രാജൻ )
-------------------------------------------
പേര് പോലെത്തന്നെ വായനക്കാരനെ ഉന്മാദത്തിലേക്ക് തള്ളി വിടുന്ന ആഖ്യാനം. തത്വശാസ്ത്രവും, മനഃശാസ്ത്രവും, പ്രണയവും, ബാക്കിവെച്ച ആഗ്രഹങ്ങളും എല്ലാം സമാസമം ചേർത്ത കൃതി. സ്വപ്നമാണോ ജീവിതമാണോ അതോ യഥാർത്ഥ പ്രണയമാണോ എന്ന് വേർതിരിച്ചറിയാൻ കഴിയാത്തത്ര മനോഹരമായ കാവ്യം വായിച്ചു കഴിയുമ്പോൾ വായനക്കാരനാറിയാതെ " ഒരു ജന്മത്തിന്റെ നിദ്ര മുഴുവൻ ബാക്കിയില്ല കുട്ടീ നിനക്ക്? പിന്നെന്തിനീ വ്യഥ, വൃഥാ? " എന്ന് ചിന്തിപ്പിക്കും.
14) കള്ളക്കമ്മട്ടം ( ഹരികുമാർ )
----------------------------------------
ഈ പുസ്തകത്തിലെ എനിക്കേറെ പ്രിയപ്പെട്ടതും സാഹിത്യ ഭംഗി കൊണ്ടും പേരുകളിലെ വ്യത്യസ്തത കൊണ്ടും അതി മനോഹരമായ സൃഷ്ടി. മടന്തയിലൂടെ നടന്നു തുടങ്ങുന്ന വായനക്കാർ കാർത്ത്യാനിയിലേക്കെത്തുന്നതോടെ അടിച്ചമർത്തപ്പെട്ടവളുടെ വീർപ്പുമുട്ടലുകൾ, അവളുടെ നൊമ്പരങ്ങൾ വെന്തുനീറിയ കനൽ കഷ്ണം പോലെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങും. സ്ത്രീയെ വെറുമൊരു ഭോഗവസ്തുവായി കാണുന്നവരുടെ കപടതയിലേക്കുള്ള ചാട്ടുളിയാണ് ഈ കൃതി. ആത്മഹത്യ ചെയ്ത കാർത്യാനിയുടെ രാഷ്ട്രീയം അതിമനോഹരമെന്നേ പറയാനുള്ളൂ.
15) കണാരേട്ടന് ഒരു ലൈക്ക് കൊടുക്കണേ (
സുമേഷ് കൗസ്‌തുഭം )
------------------------------------------------------
രണ്ട് തലമുറകളുടെ കാഴ്ച്ചപ്പാടുകളിലെ വിള്ളലുകൾ മടുപ്പിക്കാത്ത വരികൾ കൊണ്ട് വരച്ച എഴുത്ത്. ഇക്കാലത്തും പല വീടുകളിലും കാണുന്ന കാഴ്ച്ചകൾ, സ്വന്തം അമ്മ മരിച്ചാൽ പോലും കരയാത്തവർ ഇഷ്ടപ്പെട്ട കളിക്കാരന് വേണ്ടിയും സിനിമാ നടന് വേണ്ടിയും കരയുമ്പോൾ മറ്റൊരു തലമുറ ഇപ്പോഴും ചെളിയിലും ചേറിലുമെന്ന പരമസത്യം പറഞ്ഞ എഴുത്ത്.
16) പറയാതെ പോയത് ( മനു )
---------------------------------------
പറയാതെ പോകുന്ന പ്രണയങ്ങൾ ചാപിള്ളകളാണെന്ന് വടിവൊത്ത ഭാഷയിൽ പറഞ്ഞ എഴുത്ത് ഒരു ത്രികോണ പ്രണയത്തിന്റെ എല്ലാ ചേരുവകകളും നിറഞ്ഞതാണ്. ഒരുവശത്ത് പറയാതെ പോയ പ്രണയം, മറുവശത്ത് പ്രണയം കൊണ്ട് തകർന്നവൾ മരണം കൊണ്ട് പക തീർക്കുന്നു, നിസഹായത എന്ന വികാരം അങ്ങോളമിങ്ങോളം എഴുതപ്പെട്ട സൃഷ്ടി വായനക്കാരനെ നോവിക്കും.
17) സെയിൽസ് റെപ്രസന്റേറ്റീവ് ( ഷാനവാസ് എൻ കൊളത്തൂർ )
-------------------------------------------
സ്വയ നിർമ്മിത തിരക്കുകൾ കൊണ്ടും, വിവാഹ ജീവിതത്തിലെ ക്രൂരമായ കടിഞ്ഞാണുകൾ കൊണ്ടും അനാഥരാക്കപ്പെട്ട മാതാപിതാക്കളുടെ വിങ്ങലുകളിലേക്കുള്ള എത്തിനോട്ടം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പറഞ്ഞ എഴുത്തിനൊപ്പം വായനക്കാർ അറിയാതെ നടക്കാൻ തുടങ്ങും. വായനക്കൊടുവിൽ മാതാപിതാക്കളുടെ വാത്സല്യം പാതിവഴിയിൽ ഉപേക്ഷിച്ച് നടന്നകലുന്നവർ എത്ര വിഡ്ഢികളാണെന്ന് ചിന്തിച്ച് പോകും.
18) സെൽഫി: തന്നെത്താൻ എടുക്കുന്ന ചിത്രം ( സജി വട്ടംപറമ്പിൽ )
--------------------------------------------------
ഒരു കല്യാണവീടിന്റെ പശ്ചാത്തലത്തിൽ കാലിക പ്രസക്തമായ വിഷയത്തെ എഴുതിയ സൃഷ്ടി. പ്രണയം ഒരുകാലത്തും തെറ്റല്ല എന്ന് പറയുമ്പോൾ തന്നെ പ്രണയം മറ്റൊരുത്തന്റെയും വീട്ടുകാരുടെയും ആത്മാഭിമാനത്തിനും വികാരങ്ങൾക്കും നേരെയുള്ള ഒളിപ്പോരാകരുത് എന്ന സന്ദേശം വ്യക്തമായി പ്രതിഫലിപ്പിച്ച എഴുത്ത്. കല്യാണത്തലേന്നും മുഹൂർത്തത്തിന് തൊട്ടു മുമ്പും കാമുകന്റെ കൂടെ ഇറങ്ങിപ്പോകുന്നവർ അറിയാതെ പോകുന്നതും വിവേകത്തിനും വികാരത്തിനുമിടയിലുള്ള വേർതിരിവ് മാത്രമാണ്.
19) ഉണ്ണിയേട്ടാ ( പദ്മിനി നാരായണൻ കൂക്കൽ )
-------------------------------------------------
ജീവിതത്തിൽ നിന്നൊളിച്ചോടാൻ ഭീരുക്കൾ കണ്ടുപിടിക്കുന്ന ഏറ്റവും എളുപ്പവഴി ആത്മഹത്യ തന്നെയാണ്. അതിലേക്ക് ജീവിതമെന്തെന്ന് കണ്ടിട്ട് പോലുമില്ലാത്ത കുരുന്നുകളെ വലിച്ചിഴക്കുന്ന നികൃഷ്ടജീവികളെ അച്ഛൻ അമ്മ എന്നൊന്നും വിളിക്കാൻ പോലും കഴിയില്ല. മരണത്തിലേക്കുള്ള വഴിയാണെന്നറിയാതെ അമ്മ കൊടുക്കുന്ന വിഷം കലർത്തിയ ഐസ്ക്രീമോ ബിരിയാണിയോ ഒക്കെ കഴിക്കുന്ന കുഞ്ഞുങ്ങൾ ഒരു തീരാ നൊമ്പരമായി അവശേഷിക്കുന്നു.
20) കല്യാണം മുടക്കികൾ ( ബിനു കല്ലറയ്‌ക്കൽ )
-------------------------------------------
കല്യാണം മുടക്കികൾ എന്ന വർഗം കാരണം വീട്ടിൽ മുരടിച്ച് നിൽക്കുന്ന ഒരുപറ്റം ചെറുപ്പക്കാർ എല്ലാ നാട്ടിലും കണ്ടേക്കാം. മാനസിക രോഗത്തിന്റെ മറ്റൊരു തലമായ സാഡിസം ആണ് കല്യാണം മുടക്കൽ എന്ന വിനോദത്തിനും പിന്നിലെന്ന് നിസംശയം പറയാം. പല ഗ്രാമങ്ങളിലും ഫ്ളക്സ് ബോർഡുകൾ പൊങ്ങിയിട്ടുണ്ട് കല്യാണം മുടക്കികളെ കൈയിൽ കിട്ടിയാൽ തല്ല് ഉറപ്പാണ് എന്ന്. വേറൊരു വഴിയുമില്ല ഈ അസുഖത്തിന് എന്ന് ഓർപ്പിക്കുന്ന എഴുത്ത്.
21) ഫീലിംഗ് പ്രൗഡ് ( ആനന്ദ് അമൃതാനന്ദ് )
--------------------------------------------------------
ഫേസ്ബുക്ക് എന്ന മായികലോകത്തിന്റെ ആസക്തി കാരണം വീട്ടിൽ നിന്ന് തെറി കേൾക്കാത്തവർ ചുരുക്കമായിരിക്കും. എന്തും വേണ്ടും പോലെ ഉപയോഗിച്ചാൽ നന്നാവും എന്ന ചിന്ത എല്ലാവർക്കുമുണ്ടാവുക നല്ലതാണ്. ഫേസ്ബുക് വഴി ഒരാൾക്ക് നല്ലത് സംഭവിച്ചാൽ അത് വരെ പറഞ്ഞ തെറികളൊക്കെ മാറ്റി പറയുന്നവരും ഈ ലോകത്തുണ്ട് എന്നോർപ്പിക്കുന്ന ചെറിയൊരു രചന വായനക്കാരെ ചിരിപ്പിക്കും എന്നതിൽ സംശയം വേണ്ട.
22) സ്വദഖ ( നർമ്മം ) ( എം പി സക്കീർ ഹുസൈൻ )
---------------------------------------------------
ദാനധർമ്മങ്ങളുടെ മഹത്വം വിളിച്ചോതുന്ന പലരും സ്വന്തം കീശയിൽ നിന്ന് കാശ് പോകുമെന്ന് കണ്ടാൽ വിറളി പിടിക്കും എന്ന് പറയുന്ന എഴുത്ത് മനുഷ്യന്റെ കപടതയിലേക്കുള്ള ചൂണ്ടുവിരലാണ്. പറച്ചിലിലല്ല പ്രവർത്തിയിലാണ് കാര്യമെന്ന് സാമാന്യ ജനങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ പുരോഹിതവർഗ്ഗമെന്ന ഇത്തിൾക്കണ്ണികൾ മനുഷ്യനെ ചൂഷണം ചെയ്യുമെന്ന് തീർച്ച.
23) മരണമെന്ന നിത്യസത്യം ( രമ്യ രാജേഷ് )
--------------------------------------------------------
മരണം മാത്രമാണ് സ്ഥായിയായത് എന്ന് പറയുമ്പോൾ തന്നെ മരണത്തിന്റെ മൊത്തക്കച്ചവടക്കാരായ കൊലയാളികളിലേക്ക് ശക്തമായി വിരൽ ചൂണ്ടിയ എഴുത്ത്. അവയവദാനം മഹത്തരമായത് ആണെങ്കിലും അതിന്റെ പിന്നിൽ നിന്ന് കച്ചവടത്തിനായി ജീവനെടുക്കുന്ന കൊലയാളികൾ മനസിലാക്കേണ്ടതൊന്നുണ്ട് നിങ്ങളുടെ കച്ചവടത്തിന് ഇരയാകുന്നവർക്കുമുണ്ട് ബാക്കി വെച്ച് പോകുന്ന സ്വപ്‌നങ്ങൾ.
24) ഒരു 70 എം എം യക്ഷിക്കഥ ( ഉണ്ണി മാധവൻ )
-------------------------------------------------
ഒരുകാലത്തിന്റെ നേർക്കാഴ്ചയായ എഴുത്തിൽ നർമ്മത്തിന്റെ അതിപ്രസരം ഇല്ലെങ്കിൽ പോലും പല ഭാഗങ്ങളും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. ഇരുട്ടത്ത് ഒറ്റക്ക് നടക്കുമ്പോൾ കാണുന്ന കാഴ്ച്ചകളും പേടിപ്പിക്കും. ഓരോ ഇലയനക്കങ്ങളിലും യക്ഷികളെ കാണും, അവറ്റകൾ നമ്മളെ പേടിപ്പിക്കും. ഭയന്ന് പനി പിടിച്ച് കിടക്കുമ്പോളും ഉപബോധത്തിൽ മുഴുവൻ യക്ഷികളാവും എന്നൊരു ചിരിയോടെ ഓർമ്മിപ്പിക്കുന്ന രചന.
ഈ ചെറു പുസ്തകത്തിലെ 24 ചെറുകഥകൾ വായിച്ചു തീരുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം എഴുത്തിന്റെയും വായനയുടെയും വലിയൊരു ലോകം തന്നെയാണ് സാമൂഹ്യമാധ്യമങ്ങൾ എന്ന്.
ഫേസ്ബുക് എഴുത്തുകാരെ ആത്മരതിക്കാർ എന്ന് ആക്ഷേപിക്കുന്നവർ ഉള്ള കാലത്ത് എഴുത്തിന്റെ പല തലങ്ങളെയും കോർത്തിണക്കിയ ഈ പുസ്തകം ഒരു പ്രതീകമാണ്. നവമാധ്യമ എഴുത്തുകാർ ആരും തന്നെ വിഡ്ഢികളല്ല എന്ന ഓർമ്മപ്പെടുത്തലാണ്. പുതിയ എഴുത്തുകാർക്ക് പ്രജോദനമാകുന്ന ഈ കഥാ, കവിതാ സമാഹാരത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്മകൾ നേരുന്നു. വീണ്ടും എഴുതാൻ എല്ലാവരെയും ഈശ്വരൻ സഹായിക്കട്ടെ.
ഫിബിൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo