Slider

വാവ്ബലി

0
Image may contain: 1 person, closeup

ഇന്ന് കാലത്ത് അഞ്ച് മണിക്ക് പതിവ് നടത്തത്തിന് ഇറങ്ങിയ ഞാന്‍ പതിവായി നടക്കാറുള്ള എന്‍റെ നാട്ടുപാതയിലെ തിരക്ക് കണ്ടപ്പോള്‍ തെല്ല് അമ്പരന്നു. ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങളും, മുച്ചക്രവാഹനങ്ങളും , നാല്‍ചക്രവാഹനങ്ങളും. സാധാരണ ഈ സമയങ്ങളില്‍ ഞാനും സഹപാഠി രാജുവും പാല്‍സൊസൈറ്റിയില്‍ ജോലിക്ക് പോകുന്ന ചന്ദ്രിക ഇച്ചായിയും, മനസ്സ് എത്തുന്നിടത്ത് ശരീരം എത്താത്തതിനാല്‍ ഭര്‍ത്താക്കന്മാരുടെ ചീത്തവിളി കേള്‍ക്കുന്ന കുറേ വീട്ടമ്മമാരും പിന്നെ ഞങ്ങള്‍ ആട്ടിപ്പായിക്കാന്‍ വേണ്ടി ഞങ്ങളെ കത്ത് നില്‍ക്കുന്ന കുറേ നാട്ട്നായ്ക്കളും അല്ലാതെ ആരും കാണില്ല ഈ നടവഴിയില്‍.ഇതെന്താ ഇന്ന് ഇത്ര തിരക്ക് എന്ന് ആലോചിച്ച് രാജു എത്താത്തതിനാല്‍ എന്‍റെ നടത്തം ഇഴച്ചിലാക്കി രൂപാന്തരപ്പെടുത്തി.
അപ്പോള്‍ ആണ് ചന്ദ്രികഇച്ചായി പറഞ്ഞത് "പ്രകാശേ രാജു ഇന്ന്‍ വരില്ല നടക്കാന്‍ അവന്‍ തിരുവല്ലത്ത് പോയേക്കുവാ ബലിയിടാന്‍ ഇന്ന് കര്‍ക്കിടകവാവ് അല്ലേ..?"
ഓ...അത് ശെരി അതാണ്‌ ഇന്ന്‍ ഇത്ര തിരക്ക് അല്ലേ ..? എന്ന് ഞാന്‍ ഇച്ചായിയോട് പറഞ്ഞിട്ട് ഇഴച്ചിലില്‍ ഞാന്‍ വീണ്ടും രൂപാന്തരം വരുത്തി നടത്തം ആക്കി. കുറച്ചു നടന്നകന്നപ്പോള്‍ നാട്ടിലെ അറിയപ്പെടുന്ന വ്യക്തിയായ സുകുമാരേട്ടന്‍റെ കാര്‍ അദ്ധേഹത്തിന്‍റെ വീടിന്‍റെ ഗേറ്റ് കടന്ന് എന്‍റെ നേര്‍ക്ക് ഓടിയടുത്തു. കാര്‍ കണ്ട ഞാന്‍ എന്‍റെ നടത്തം ടാറിട്ട ഭാഗം വിട്ട് മണ്ണിലേയ്ക്ക് ഇറക്കി .
വണ്ടി എനിക്കരികില്‍ ബ്രേയ്ക്ക് ഇട്ടു സുകുമാരേട്ടന്‍ തല കാറിന്‍റെ വെളിയിലേയ്ക്ക് ഇട്ടു. ഞാന്‍ ചോദിച്ചു എവിടാ സുകുവേട്ടാ ഈ കൊച്ചുവെളുപ്പാന്‍കാലത്ത്‌ ഒരു യാത്ര ..?
"വാവല്ലിയോടാ ഉവ്വേ ...ബലിയിടാന്‍ പോകുവാ അച്ഛനും അമ്മയ്ക്കും " എന്‍റെ മനസ്സില്‍ ഒരു ചിരി ഊറി അതിന്‍റെ കാരണം പിന്നെ പറയാം . "നീ പോയില്ലിയോടാ ഉവ്വേ ...ബലിയിടാന്‍ ..?"
സുകുമാരേട്ടന്‍റെ അടുത്ത ചോദ്യം . ആര്‍ക്കാ സുകുവേട്ടാ ഞാന്‍ ബലിയിടുക..? എന്‍റെ അച്ഛനും അമ്മയും അമ്മൂമ്മയും ജീവിച്ചിരിപ്പുണ്ട് പിന്നെ ആര്‍ക്കാ ഞാന്‍ ബലി ഇടുക..?
ജീവിച്ചിരിക്കുന്നവക്ക് ബലിയിടാനൊക്കില്ലല്ലോ ..? എന്‍റെ സംശയം ഞാന്‍ തുറന്നടിച്ചു. "മണ്‍മറഞ്ഞ പിതൃക്കള്‍ ഒക്കെയില്ലേടാ ഉവ്വേ അവര്‍ക്കൊക്കെ ബലിയിടെണ്ടേ..?" സുകുമാരേട്ടന് വീണ്ടും സംശയം. അമ്മയുടെ അമ്മ ജീവിച്ചിരിപ്പുണ്ട് അമ്മയുടെ അച്ഛന്‍ ഒരു വര്‍ഷം മുന്‍പ് ആണ് മരിച്ചത്. അപ്പൂപ്പന്‍ അമ്മാവന്‍റെ കൂടെ ആണ് താമസിച്ചിരുന്നത് എങ്കിലും മരിക്കും വരെയും ഞാന്‍ പോയി കാണുകയും എന്നെക്കൊണ്ട് പറ്റുന്ന രീതിയില്‍ ഉള്ള കാര്യങ്ങള്‍ അദ്ദേഹത്തിന് വേണ്ടി ചെയ്തിട്ടും ഉണ്ട് പിന്നെ മരിച്ചപ്പോള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ മറവ് ചെയ്യാന്‍ ഞാനും ഉണ്ടായിരുന്നു .ഇനി അദ്ദേഹത്തിന് ഒരു ബലിയുടെ ആവശ്യം എന്നില്‍നിന്നും ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
അച്ഛന്‍റെ അച്ഛന്‍ ഞാന്‍ ജനിക്കും മുന്‍പേ മരണപ്പെട്ടു ഞാന്‍ കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക് ഞാന്‍ എങ്ങനെയാണ് ബലിയിടുക..?
ജീവിച്ചിരുന്ന കാലത്ത് ഒരുനേരത്തെ ആഹാരമോ നാണം മറയ്ക്കാന്‍ ഒരുമുഴം തുണിയോ തല ചായ്ക്കാന്‍ ഒരിടമോ നല്‍കാതെ മരിച്ചു കഴിയുമ്പോള്‍ അവരുടെ പേരുംപറഞ്ഞ് പോയി ഒരുരുള ചോറ് ഉരുട്ടി വെള്ളത്തില്‍ കളഞ്ഞിട്ട് എന്ത് ഫലം സുകുവേട്ടാ..? മരണം അത് അവസാനം ആണ് അതിനപ്പുറം ഒന്നുമില്ല. കര്‍മ്മം ചെയ്യേണ്ടത് മരണാനന്തരം അല്ല മരിക്കുന്നതിന് മുന്‍പ് ആണ് അത് ഞാന്‍ ചെയ്യുന്നുണ്ട് അച്ഛനും അമ്മയും എന്നോടൊപ്പം ഉണ്ട് മരണം വരെ അവരുണ്ടാകും എന്നോടൊപ്പം 103 വയസ്സായ അമ്മൂമ്മ സന്തോഷവതിയായി ഇന്നും കൂടെയുണ്ട് ഒരു കുറവും വരുത്താതെ ഞാന്‍ നോക്കുന്നുമുണ്ട്. ഇപ്പോള്‍ അത് ചെയ്യുന്നതാണ് എന്‍റെ കര്‍മ്മം അല്ലാതെ ഇവര്‍ മരിച്ചുകഴിഞ്ഞ് ചെയ്യുന്നതല്ല.
ആത്മാക്കള്‍ എന്നൊന്നുണ്ടെങ്കില്‍ ഇങ്ങനെ ഉള്ളവര്‍ നല്‍കുന്ന ആ ഉരുള ഉണ്ടല്ലോ അവരത് സ്വീകരിക്കില്ല. അവസാന കാലങ്ങളില്‍ മക്കളുടെ കൈകൊണ്ട് ഒരുഉരുള വാങ്ങി തിന്നാന്‍ കൊതിച്ച അവര്‍ക്ക് അന്നത് കിട്ടിയില്ലാ എങ്കില്‍ പിന്നെ അവര്‍ക്കത് വേണ്ടാ സുകുവേട്ടാ ഇത്രയും പറഞ്ഞ് ഞാന്‍ നടന്നകന്നു.
കുറച്ചകലെ ചെന്ന് തിരിഞ്ഞുനോക്കിയ ഞാന്‍ കണ്ടത് സുകുമാരേട്ടന്‍റെ ഇന്നോവ തിരികെ വന്ന് ഗേറ്റ് കയറുന്നതാണ്.ഇനി മുന്‍പേ എന്‍റെ മനസ്സില്‍ ഒരു ചിരി ഊറിയില്ലേ അതിന്‍റെ കാരണം പറയാം.
വിവാഹം കഴിച്ച് ഒരുവര്‍ഷം തികയുംമുന്‍പേ ആസ്മാരോഗിയായ അച്ഛനെ കൊട്ടാരക്കരയിലുള്ള ഒരു ശരണാലയത്തില്‍ ആക്കിയാണ് സുകുമാരേട്ടന്‍ അച്ഛനുള്ള ആദ്യ കര്‍മ്മം ചെയ്തത്. വര്‍ഷങ്ങള്‍ കഴിഞ്ഞ് ആ അച്ഛന്‍ അവിടെക്കിടന്ന് മരിച്ചപ്പോള്‍ വിവരം അറിഞ്ഞിട്ടും മൂന്ന്‍ നാള്‍ കഴിഞ്ഞപ്പോള്‍ നാട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി മനസ്സില്ലാമനസ്സോടെ പോയി ഉണക്കച്ചുള്ളി പോലെയുള്ള ആ ശരീരം വാങ്ങി നിറയെ കായ്ക്കുന്ന ഒരു മാവ് ഉണ്ടായിട്ടും ചാണകപാട്ടയില്‍ പൊതിഞ്ഞ് നീറ്റിച്ചുകളഞ്ഞാണ് അച്ഛനുള്ള രണ്ടാം കര്‍മ്മം ചെയ്തത്.
പെങ്ങളേ കെട്ടിക്കാന്‍ നേരം അമ്മയുടെ പേരിലുണ്ടായിരുന്ന 70 സെന്‍റ് പുരയിടം ഭാര്യയുടെ പേരിലാക്കി 70 ലക്ഷം രൂപാ വിലമതിക്കുന്ന ആ സ്ഥലത്തിന് പകരം 25 പവന്‍ സ്വര്‍ണ്ണം പെങ്ങള്‍ക്ക് നല്‍കി തന്‍റെ കടമ നിര്‍വ്വഹിച്ചു ഈ സുകുമാരേട്ടന്‍. ആ അമ്മ കിടപ്പിലായപ്പോള്‍ ആ പെങ്ങളേ വിളിച്ചുവരുത്തി അമ്മയേ കുറച്ചുദിവസം അവിടെ നിര്‍ത്തണം നിന്‍റെയും കൂടെ അമ്മയാണ് എന്നുംപറഞ്ഞ് ഭാര്യയേയും മക്കളെയും കൂട്ടി ഗള്‍ഫിന് പറന്ന ഈ സുകുമാരേട്ടന്‍ പിന്നെ വന്നത് അമ്മ മരിച്ച് മൂന്നര വര്‍ഷം കഴിഞ്ഞപ്പോള്‍. ആ അച്ഛനും അമ്മയ്ക്കും ബലിയിടാന്‍ പോയ സുകുമാരേട്ടന് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ നെഞ്ചില്‍ തറച്ചിട്ടുണ്ടാകും. തറയ്ക്കണം തറയ്ക്കാന്‍ വേണ്ടി തന്നെയാ ഞാന്‍ പറഞ്ഞതും. അതുകൊണ്ടാണല്ലോ കാര്‍ തിരികെ വീട്ടിലേയ്ക്ക് കയറ്റിയത്.
ഇതുപോലെ എത്രയോ സുകുമാരന്മാര്‍ ഇന്ന് ബലിയിട്ടിട്ടുണ്ടാകും തിരുവല്ലത്തും.വര്‍ക്കലയിലും കേരളത്തിലെ എത്രയോ അമ്പലങ്ങളിലും..? അങ്ങനെ ഉള്ളവര്‍ തലയില്‍ വച്ച് മുങ്ങിയ ഉരുളയിലെ വറ്റുകള്‍ മീനുകള്‍പോലും ഭക്ഷിച്ചിട്ടുണ്ടാകില്ല. മരിച്ചവരുടെ രൂപം പോലും മനസ്സില്‍ ഇല്ലാത്ത എത്രയോ സുകുമാരന്മാരും സുകുമാരികളും ഇന്ന് മുങ്ങിനിവര്‍ന്നിട്ടുണ്ടാകും കേരളത്തിലെ പുഴകളിലും കടലിലും നദികളിലും ..? കര്‍മ്മം എന്ത് എന്നുപോലും അറിയാത്ത എത്രയോ പരികര്‍മ്മികള്‍ ഇന്ന്‍ കാര്‍മ്മികത്വം വഹിച്ചിട്ടുണ്ടാകും ആ കര്‍മ്മത്തിന് ..? ആര്‍ക്കും ബലിയിടാനില്ലെങ്കിലും ബലിയിട്ടുനിവരുന്ന ഈറനണിഞ്ഞ ശരീരങ്ങള്‍ കാണാന്‍ എത്രയോ ചെറുപ്പക്കാര്‍ എത്തിയിട്ടുണ്ടാകും കേരളത്തിലെ ജലാശയങ്ങളുടെ തീരങ്ങളില്‍...? അവരവരുടെ വിശ്വാസം അവരവരെ രക്ഷിക്കട്ടെ എന്‍റെ വിശ്വാസം എന്നേയും .........
നൂറനാട് ജയപ്രകാശ് 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo