Slider

തേങ്ങാക്കൊല

0


തേങ്ങാക്കു ഒരെണ്ണത്തിന് ഇരുപതു രൂപ..
വെളിച്ചെണ്ണയ്ക്ക് ഇരുന്നൂറ്റി അമ്പതു രൂപയും..
ഞാൻ തൊടിയിലേക്കു നോക്കി..
ലൈക്കു കിട്ടാതെ ശുഷ്കിച്ച പോസ്‌റ്റുകൾ പോലേ അഞ്ചെട്ടു തെങ്ങുകൾ..
ആരോടൊക്കെയോ ഉള്ള കടമ നിർവഹിക്കാനെന്ന പോലെ കുറച്ചു തേങ്ങകളുമുണ്ട്..
വല്ലപ്പൊഴും പോസ്റ്റിനു വീഴുന്ന കമന്റ് പൊലെ പൊഴിഞ്ഞു താഴേക്കു വീഴുന്നത് പെറുക്കിയെടുക്കാറായിരുന്നു പതിവു..
നല്ല വില കിട്ടുമെന്നറിഞ്ഞപോ ഒരു ആക്രാന്തം..
മുഴുവനും പറിച്ചെടുത്ത് ആവശ്യമുള്ളതെടുത്തു ബാക്കി വിൽക്കാമല്ലോ..
എങ്ങിനായാലും ഒരു പത്തിരുനൂറ്‌ തേങ്ങായെങ്കിലും കിട്ടാതിരിക്കില്ല..
ഇപോഴത്തെ നിരക്ക് വെച്ചു കൂലികൊടുത്താലും ബാക്കി മൂവായിരം രൂപയോളം കയ്യിൽവരും..
ചുമ്മാ കിട്ടുന്നതല്ലേ..
പിന്നൊന്നും ആലോചിച്ചില്ല..
തെങ്ങൊന്നിനു മുപ്പതു രൂപവെച്ചു ആളെ ഏർപ്പാടാക്കി..
ആളെക്കൊണ്ടുവന്ന ഇടനിലക്കാരന് കമ്മീഷൻ അഞ്ചു ശതമാനമാണ് പോലും..
അതും കണക്കുകൂട്ടി കൊടുത്തു..
കലികാലമല്ല..
കച്ചവടക്കാലം..
എല്ലാം ബിസിനസ്സാണ്..
വരുന്നയാൾക്കു ചായേം പലഹാരവും നിർബന്ധമാണ്..
അതും സമ്മതിച്ചു..
പിറ്റേന്നു രാവിലേ ആളെത്തി..
ബൈക്കിലായിരുന്നു വരവു..
ബർമുഡയും ടീഷർട്ടുമാണ് വേഷം..
ന്യൂജെൻ 'തെങ്ങുകേറൻ..'
വന്നപാടെ തൊടിയിലാകെ ഒന്നു കണ്ണോടിച്ചു..
കൂളിങ്ഗ്ലാസ്സ് മാറ്റി പുച്ഛത്തോടെ തെങ്ങുകളെയും പിന്നെ എന്നെയും മാറിമാറി നോക്കി..
മെലിഞ്ഞൊട്ടി നിൽക്കുന്ന വിരൂപികളായ തെങ്ങുകളായത് കൊണ്ടാവണം അവനൊരു പുച്ഛം..
"ഞാനിങ്ങനുള്ള തെങ്ങുകളിലൊന്നും കയറാറില്ല.."
എന്നൊരു കമന്റും എന്റെനേർക്കു വലിച്ചെറിഞ്ഞു..
തെങ് ഇങ്ങനല്ലാതെ പിന്നെ മാവുപോലാണോ ഉണ്ടാവുകാ എന്നൊക്കെ ചോദിക്കണമെന്നുണ്ടാരുന്നു..
പക്ഷേ ഞാനതു ചോദിച്ചില്ല..
കാരണം ബൈക്കിലേറിവന്ന ഈ മഹാൻ അപ്പൊതന്നെ വന്നവഴിപോവും..
പിന്നൊരാളെ കിട്ടണേൽ ദിവസങ്ങൾ കാത്തിരിക്കണം..
എന്റെ ക്ഷമ കണ്ടിട്ടാണോ അതോ തെങ്ങുകളോടുള്ള സഹതാപമാണോന്നറില്ല..
'തെങ്ങുകേറൻ' പണിതുടങ്ങി..
പോസ്റ്റിലെ കമന്റുകള് പൊലെ തേങ്ങവീണു തുടങി..
കുസൃതികളായ ചിലതേങ്ങകൾ വീണിടത്തൂന്നും തുള്ളിച്ചാടി എങ്ങോട്ടോക്കൊക്കെയോ പോയി..
അവറ്റകളുടെ പിറകെപോയി തിരികെ കൊണ്ടുവരേണ്ടത് എന്റെ ആവശ്യമായത് കൊണ്ടു ഞാനും പിറകേയോടി..
തൊട്ടാൽ തെങ്ങിന് വേദനിക്കുമെന്നോർത്തോ എന്തൊ തേങ്ങയൊഴികെ മറ്റൊന്നും 'തെങ്ങുകേറൻറെ' അജണ്ടയിലുണ്ടായിരുന്നില്ല..
പണ്ടൊക്കെയാണേൽ തേങ്ങ പറിക്കുമ്പോ തന്നെ തെങ്ങിനെയൊന്നു തലോടി മുടിയൊക്കെ ക്ഷമിക്കണം മടലൊക്കെ ചിക്കിയിളക്കി വൃത്തിയാക്കിയാണ് താഴേക്കിറങ്ങുക..
ഇതു കൊട്ടെഷനെടുത്ത പോലാരുന്നു..
ഒരൊറ്റ വെട്ട്..
നിമിഷങ്ങൾക്കകം 'തെങ്ങുകേറൻ' അയാളുടെപണി തീർത്തു..
പറഞ്ഞുറപ്പിച്ച കൂലിപറഞ്ഞപ്പോ ഞാൻ തേങായിലേക്കും പരട്ടത്തേങ്ങ പോലുളള അയാളുടെ മുഖത്തേക്കും മാറിമാറിനോക്കി..
ഇപോഴത്തെ വിലവെച്ചു നോക്കിയാൽ കൂലികൊടുത്താൽ ബാക്കികിട്ടുന്നതു അഞ്ചാറു തേങ്ങയാവുമെന്നുറപ്പ്..
കണക്കുകൂട്ടലുകളൊക്കെ തെറ്റിയല്ലോ..
"നോക്കി നിക്കാതെ കാശെടുക്കു കാക്കേ...എനിക്കു പോണം..."
പിന്നെ പൈലറ്റല്ലേ..
ഓന്റെ ഒടുക്കത്തെ തിരക്കു..
കാശെടുത്തു കൊടുത്തതും കൂട്ടിയിട്ട തേങ്ങകളിൽ നിന്നു മുഴുപ്പുള്ള നാലുതേങ്ങ അവനെടുത്തു വണ്ടിയുടെ പിറകിലെ ബോക്സിൽ നിക്ഷേപിച്ചു..
അതുമൊരു നാട്ടുനടപ്പാണ്..
ആരോട് പറയാൻ..
ബൈക്കുമെടുത്ത് 'തെങ്ങുകേറൻ' പോയപ്പൊൾ ഞാനൊന്നുടെ കണക്കുകൂട്ടി നോക്കി..
വിൽക്കാൻ കൊണ്ടൊയാൽ ആട്ടോചാർജ് പോക്കെറ്റിൽനിന്നെടുത്തു കൊടുക്കെണ്ടിവരും..
എങ്ങനെ കൂട്ടിയാലും പത്തുമുന്നൂറു രൂപ അധികചിലവാണ്..
എന്തൊക്കെയാരുന്നു..
തേങ്ങാക്കൊല...
വല്ലപ്പൊഴും വീഴുന്ന ഒരെണ്ണം മതിയാരുന്നു..
ഇതിപ്പൊ സമയോം പോയി..
കാശുംപോയി..
എന്റീശ്വരാ..

By Rayan Sami
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo