Slider

മനുഷ്യമനസ്സുകളെ നിർവ്വചിക്കാൻ ശ്രമിച്ചവരൊക്കെ പരാജയപ്പെട്ടിട്ടേയുള്ളൂ

0
ഹോം പേജിലെ പോസ്റ്റുകളിലൂടെ കണ്ണോടിക്കുമ്പോഴാണു മെസ്സഞ്ചർ നോട്ടി വന്നതു..
പരിചയമുള്ള മുഖമായത് കൊണ്ടു പെട്ടെന്നു തന്നെ ഓപ്പൺ ചെയ്തു..
വിനീതാണ്..
മെസ്സേജ് വായിച്ചതും കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നിപ്പോയി..
എബിൻ ആത്മഹത്യ ചെയ്തുവത്രെ..
വിശ്വസിക്കാൻ കഴിയുന്നില്ല..
ഇന്നലെ വൈകീട്ട് വരെയും ഗ്രൂപ്പിലെ ഒട്ടുമിക്ക പോസ്റ്റുകളിലും അവന്റെ കമന്റുണ്ടായിരുന്നതാണ്..
അത്യാവശ്യം എഴുതാറുള്ളത് കൊണ്ടുതന്നെ കമന്റിലൂടെ തന്നെ നല്ല അടുപ്പവും സ്നേഹവും അവനോടുണ്ടായിരുന്നു..
ഫ്രണ്ട് റിക്വസ്റ്റ് അയക്കാനുള്ള ഓപ്‌ഷൻ ഞാൻ ക്ളോസ് ചെയ്തുവെച്ചിരുന്നത് കൊണ്ടാവാം അവനെന്റെ ഫ്രണ്ടായിരുന്നില്ല..
നിഷ്കളങ്കനായൊരു ചെറുപ്പക്കാരൻ..
എന്തിനാവാം അവനത് ചെയ്തതു..
ആത്മഹത്യ ചെയ്തുവെന്ന് മാത്രമെ വിനീതിനും അറിവുള്ളൂ..
അവനും എന്നെപോലെ എബിന്റെ കമന്റ് ഫ്രണ്ട് മാത്രമായിരുന്നു..
വെറുതെ എബിന്റെ പ്രൊഫൈൽ എടുത്തു നോക്കി..
പപ്പയോടൊപ്പമുള്ള പഴയൊരു ഫോട്ടൊ പോസ്റ്റ് ചെയ്തിട്ടുണ്ട്..
രാത്രി വൈകും വരെയും അതിലെ കമൻറ്സിനു റിപ്ലൈ കൊടുത്തതും കാണാനുണ്ടാരുന്നു..
എന്തോ മനസ്സിനു വല്ലാത്തൊരു ഭാരം തോന്നി..
വാർത്തയറിഞ്ഞ പലരും എബിന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള പോസ്റ്റുകളുമായി ഗ്രൂപ്പിലേക്ക് വന്നുതുടങ്ങിയിരുന്നു..
സ്വീകരിക്കാതെ പോയ എബിനയച്ച റിക്വസ്റ്റിന്റെ സ്ക്രീന്ഷോട്ടുമായി ഒരു പോസ്റ്റ് കണ്ടപ്പൊൾ എന്തോ ഓർത്തെടുത്തെന്ന പോലെ ഞാൻ മെസ്സഞ്ചർ ഓപ്പൺ ചെയ്തു..
അതിലെ ഫിൽറ്റെർഡ് മെസ്സേജിലൂടെ കണ്ണുകൾ പായിച്ചു..
എബിൻ രാജുവിന്റെ പേരിൽ കണ്ണുകളുടക്കിയപ്പോൾ മനസിലൂടൊരു കരിങ്കൽചീള് പാഞ്ഞുപോയതു പോലേ തോന്നി..
രണ്ടു ദിവസം മുന്നെ അയച്ചതാണ്..
ഹായ് ബ്രോ എന്നു അഭിസംബോധന ചെയ്തുകൊണ്ടുള്ള മെസ്സേജ്‌..
തിരക്കില്ലെങ്കിൽ എന്നോടു കുറച്ചുനേരം സംസാരിക്കാമോ എന്നായിരുന്നു അതിലെ ഉള്ളടക്കം...
വായിച്ചതും മനസ്സൊന്നുലഞ്ഞു..
അവനെന്നോട് എന്തെങ്കിലും പറയാനുണ്ടായിരുന്നിരിക്കണം..
എഴുതാനുള്ള കഴിവുള്ളൊരാൾക്കു അവനെ മനസ്സിലാക്കാനും കഴിയുമെന്നു കരുതിയാവും അവനതയച്ചിട്ടുണ്ടാവുക..
വല്ലാത്ത കുറ്റബോധം തോന്നി..
കമന്റിലൂടെ സംസാരിക്കുമ്പോൾ ഇങ്ങനൊരു മെസ്സേജിനെപ്പറ്റി ഒരു സൂചനയെങ്കിലും തന്നെങ്കിൽ ഞാൻ നോക്കുമായിരുന്നില്ലേ എബിൻ..
ഒന്നുമെന്നോട് പറഞ്ഞില്ലാലോ...
ഞാൻ കണ്ടിട്ടും വായിക്കാതെ പോയതാണെന്ന് തോന്നിയിട്ടാവുമോ അവനെന്നോടു മെസ്സേജ്‌ അയച്ചതിനെ പറ്റി സൂചിപ്പിക്കാതിരുന്നത്..
ഓർക്കുന്തോറും കണ്ണുകൾ നിറഞ്ഞൊഴുകി..
ഒരു മിനിറ്റെങ്കിലും അവനോടു സംസാരിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അവനിന്നു ഞങ്ങളോടൊപ്പം ഉണ്ടായേനെ..
ആരും ഫ്രണ്ടായിട്ടു വേണ്ടെന്നുള്ള എന്റെ അഹങ്കാരമോ അതൊ അശ്രദ്ധയോ ആവാം നിരാശയുടെ പടുകുഴിയിലേക്ക് ആണ്ടുപോയൊരു ജീവന്റെ തുടിപ്പ്‌ കേൾക്കാനാവാതെ പോയതു..
ഒരുപക്ഷെ എന്നെപോലെ അവനിഷ്ടപ്പെടുന്ന പലർക്കും അവനിതുപോലെ മെസ്സേജ് അയച്ചിട്ടുണ്ടാവുമോ..
ഇനിയും തുറക്കപ്പെടാതെ അവനു പറയാനുള്ളതു പറയാൻ അനുവദിക്കാതെ ആരുടെയൊക്കെയോ മെസ്സെഞ്ചറുകളുടെ റിക്വസ്റ്റ് മെസ്സേജുകൾക്കിടയിൽ അവന്റെ ജീവന്റെ തുടിപ്പുകളും അവശേഷിച്ചിട്ടുണ്ടാവാം..
ഇനിയൊരിക്കലും വെളിച്ചം കാണാതെ..
മാപ്പുചോദിക്കാൻ പോലും അർഹതയില്ലെനിക്ക്...
എങ്കിലും കണ്ണീരു കൊണ്ടു കഴുകിക്കളയുവാ ഞാനെന്റെ തെറ്റിനെ..
ഇന്നു എത്ര തിരക്കുണ്ടായാലും മെസ്സേജ് റിക്വസ്റ്റുകളോ മെസ്സേജുകളോ വന്നാൽ ഞാനാദ്യം വായിച്ചുനോക്കും..
വേറൊന്നിനുമല്ല...
ആരൊടും പറയാനാവാതെ കേൾക്കാനാരുമില്ലാതെ പോയ ആരെങ്കിലും എബിനെപ്പോലെ എന്നെത്തേടി വന്നാൽ കാണാതെ പോവരുതെന്നോർത്തു..
വാക്കുകൾ കൊണ്ടൊരു കൈവിരൽ കോർക്കാൻ...
തളർന്ന് പോവാതിരിക്കാൻ..
മെസ്സേജ്സ് പലപ്പോഴും കുരിശായി മാറാറുണ്ട്..
അതോണ്ടാവണം പലരും അതിനോട് മുഖം തിരിക്കുന്നതും..
പക്ഷേ നിങ്ങളൊരു എഴുത്തുകാരനാണെങ്കിൽ നിങ്ങളുടെ വാക്കുകൾ ആരെയൊക്കെയോ പ്രചോദിപ്പിക്കുന്നുണ്ട് എന്നു നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ ഒരിക്കലും തുറക്കില്ലെന്നു നിങ്ങൾ മനസ്സിലുറപ്പിച്ചു ഇന്ബോക്സിന്റെ താഴൊന്നു തുറന്നു നോക്കു...
തെറിവിളികളും അശ്ലീലവുമല്ലാത്ത എന്തെങ്കിലുമൊക്കെ അവിടുണ്ടാവും..
ഒരാശ്വാസ വാക്കുകേൾക്കാൻ കൊതിച്ചു..
വിഷമിക്കേണ്ട ഒക്കെ ശരിയാവുമെന്നൊരു വാക്കുമതിയാവും ചിലപ്പൊ അണയാൻ പോവുന്നൊരു തിരിനാളം തെളിഞു പ്രകാശിക്കാൻ..
അതുമതിയാവില്ലേ ആയിരം ലൈക്കുകളേക്കാൾ മനസ്സോട് ചേർത്തു വെക്കാൻ..
നമുക്കു നിസ്സാരമെന്നു തോന്നുന്ന പലതും മറ്റ്‌ പലർക്കും എത്രയോ മൂല്യമുള്ളതാവും..
ഫേസ്ബുക്കിൽ ആശ്വാസം തേടുന്നത് മണ്ടത്തരമാണെന്നും ഓൺലൈൻ സൗഹൃദങ്ങളെ വിശ്വസിക്കരുതെന്നുമൊക്കെ പറയുന്നവരോട്..
അതൊക്കെ സത്യമാണെങ്കിൽ തന്നെയൂം ഒരു നമ്മുടെ ലോജിക്കിനപ്പുറം ചിലതുണ്ടാവും എല്ലായ്പ്പോഴും..
പറഞ്ഞു ഫലിപ്പിക്കാൻ പറ്റാത്ത ആത്മബന്ധം പോലെ അദൃശ്യമായൊരു നൂലിഴയാൽ കോർത്തുവെച്ച ബന്ധങ്ങൾ.
അല്ലെങ്കിലും മനുഷ്യമനസ്സുകളെ നിർവ്വചിക്കാൻ ശ്രമിച്ചവരൊക്കെ പരാജയപ്പെട്ടിട്ടേയുള്ളൂ എല്ലാക്കാലത്തും.
(കഥയും കഥാപാത്രങ്ങളും സങ്കല്പികമാണ്..)

Rayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo