"നിഷ്കളങ്കനായ പെണ്ണുപിടിയന്റെ ഭാര്യ "
"ശാലിനി നിന്റെ ഭർത്താവ് ഇന്നലെയും വീട്ടിൽ വന്നില്ലേ ???"
കവലയിലെ പഞ്ചായത്ത് കിണറ്റിൽ നിന്ന് വെള്ളം കോരി ബക്കറ്റിലേക്ക് ഒഴുക്കുന്നതിനിടെ, നഫീസ താത്തയുടെ കുശലാന്വേഷണം ശാലിനിയുടെ മുഖം തെല്ലൊന്ന് മ്ലാനമാക്കി. അവൾ തന്റെ നിരാശ മറഞ്ഞുവെക്കാൻ ഒരു ചെറുപുഞ്ചിരി ചുണ്ടിൽ പുരട്ടിക്കൊണ്ട് പറഞ്ഞു.
"ഇല്ല ഇത്താ... അശോകേട്ടൻ വീട്ടിൽ നിന്ന് പോയിട്ട് രണ്ടാഴ്ച കഴിഞ്ഞു "
അവൾ ഒരു കുടം വെള്ളം ഒക്കത്തുവെച്ചു. കാലിയായിരുന്ന കയ്യിൽ ഒരു ചെറു ബക്കറ്റും പിടിച്ചു, ധ്രുത വേഗത്തിൽ വീട്ടിലേക്ക് നടന്നു.
തന്റെ വിശേഷങ്ങൾ ചോദിച്ചറിയാൻ വഴിവക്കിൽ കൂട്ടംകൂടി നിൽക്കുകയായിരുന്ന പെൺപടക്ക് മുന്നിൽ അവൾ കൂടുതൽ സമയം നിൽക്കാൻ തയ്യാറായില്ല. അപ്പു എഴുന്നേൽക്കുന്നതിന് മുൻപേ വീട്ടിലെത്തണമെന്ന ചിന്ത മാത്രമായിരുന്നു മനസ്സ് നിറയെ.
ഭർത്താവിന്റെ ദുർനടപ്പിന്റെ പേരിൽ അപമാനഭാരം സഹിച്ച് നീറി നീറി ജീവിക്കുന്ന ശാലിനിയെ കാണുമ്പോഴെല്ലാം പെൺപടക്കെന്നും ആനന്ദമാണ്. കുറിക്ക് കൊള്ളുന്ന ചോദ്യങ്ങൾ ചോദിച്ച് അവളുടെ നിസ്സഹായതയെ അവർ നന്നായി ആസ്വദിക്കും. ഒടുവിൽ അവളുടെ കണ്ണുകൾ ഈറനണിയുന്നത് വരെ ഈ ക്രോസ് വിസ്താരം തുടർന്നുകൊണ്ടേ ഇരിക്കും.
വർഷങ്ങൾക്ക് മുൻപാണ് അശോകന്റെ കയ്യും പിടിച്ച് അവൾ ആദ്യമായി ആ ഗ്രാമത്തിലേക്ക് വന്നത്. വീട്ടുകാരുടെ എതിർപ്പിനെ വകവെക്കാതെ അനാഥനായിരുന്ന അശോകനെ അവൾ പ്രണയിച്ചു വിവാഹം കഴിച്ചതോടെ കുടുംബത്തിൽ നിന്നും പൂർണ്ണമായി പുറന്തള്ളപ്പെട്ടിരുന്നു.
വിവാഹം കഴിഞ്ഞതിന്റെ ആദ്യമാസങ്ങളിൽ അവരുടെ ജീവിതം സ്വപ്നതുല്യമായിരുന്നു. തൊട്ടടുത്ത സൂപ്പർ മാർക്കറ്റിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അശോകൻ അവളെ നന്നായി നോക്കിയിരുന്നു. പിന്നീടെപ്പോഴോ, അശോകന്റെ സ്വഭാവത്തിൽ മാറ്റം വരാൻ തുടങ്ങി.
കൃത്യം 09 മണിക്ക് മുൻപേ വീടണഞ്ഞിരുന്ന അശോകൻ വളരെ വൈകി മാത്രം വീട്ടിലേക്ക് മടങ്ങിയെത്താൻ തുടങ്ങി. അതിന്റെ കാരണങ്ങൾ ചോദിച്ചിരുന്ന അവളോട് പല കള്ളങ്ങളും അവതരിപ്പിച്ച് അയാൾ സമർത്ഥമായി ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു.
ഒരിക്കൽ അശോകൻ ജോലിചെയ്തിരുന്ന സൂപ്പർ മാർക്കറ്റിന്റെ കടയുടമ ശാലിനിയെ വീട്ടിൽ വന്നു കണ്ടു . അശോകനിപ്പോൾ കടയിലേക്ക് വല്ലപ്പോഴും മാത്രമേ വരാറുള്ളൊന്നും, അപ്പോഴെല്ലാം അയാളുടെ കൂടെ ഏതെങ്കിലും പെണ്ണുങ്ങളുണ്ടാകുമെന്നും അയാൾ അവളെ ധരിപ്പിച്ചു. അശോകനെ തന്റെ പ്രാണന് തുല്യം സ്നേഹിച്ചിരുന്ന അവളത് ഒരിക്കലും വിശ്വസിക്കാൻ കൂട്ടാക്കിയില്ല.
ഒരിക്കൽ സുഹൃത്തിന്റെ കല്യാണത്തിന് പോയി വീട്ടിലേക്ക് മടങ്ങിച്ചെല്ലുന്നതിനിടെ, അശോകൻ ഏതോ ഒരു സ്ത്രീയുമായി തന്റെ ബെഡ്‌റൂമിൽ കിടന്ന് രമിക്കുന്നത് അവൾ കാണാനിടവന്നു. തന്റെ കണ്ണുകളെ വിശ്വസിക്കാനാകാതെ അവൾ പൊട്ടിക്കരഞ്ഞതും അശോകൻ അവളുടെ മുഖത്തേക്ക് നോക്കി പുച്ഛഭാവത്തിൽ പറഞ്ഞുവത്രേ
"എനിക്ക് കുറേ ഗേൾ ഫ്രെണ്ട്സുണ്ട്... പുരുഷന്മാരാകുമ്പോൾ ഇതൊക്കെ പതിവാ "
അപ്പുവിന്റെ ജനന ശേഷം അശോകൻ വല്ലപ്പോഴും മാത്രമേ ആ വീട്ടിലേക്ക് കയറി ചെല്ലാറുള്ളൂ, അതും മൂക്കറ്റം വെള്ളത്തിൽ. ചിലവിന് കാശ് ചോദിച്ചാൽ തരില്ലെന്ന് മാത്രമല്ല, മർദിക്കുകയും ചെയ്യും. തൊഴിലുറപ്പിനു പോയി കിട്ടുന്ന തുച്ഛമായ കാശുകൊണ്ടാണ് അവളും അപ്പുവും ഇപ്പോൾ ജീവിക്കുന്നത്.
അപ്പുവിന് നല്ല പനിയായതുകൊണ്ട് രണ്ട് ദിവസമായി ജോലിക്കും പോകാനും സാധിച്ചിട്ടില്ല . പലചരക്കു കടയിലെ പറ്റു തീർക്കാത്തത്കൊണ്ട് ഖാദറാക്കന്റെ മുറു മുറുപ്പിന് പുറമേ അയാളുടെ ചില അർത്ഥമുനയുള്ള സംസാരവും നോട്ടവും അവളെ വല്ലാതെ അസ്വസ്ഥമാക്കാനും തുടങ്ങിയിരിക്കുന്നു.
സമയം രാത്രിയായി, അപ്പുവിന്റെ ശരീരം പനിച്ചു വിറക്കാൻ തുടങ്ങി. അവൾ തന്റെ പക്കലുണ്ടായിരുന്ന ഗുളിക കൊടുത്തു നോക്കിയിട്ടും പനിക്ക് യാതൊരു ശമനവുമില്ല . എന്ത് ചെയ്യണമെന്നറിയാതെ അവൾ വീടിന് പുറത്തേക്കോടി. സമയം 11 മണി കഴിഞ്ഞിരിക്കുന്നു. റോഡിലൊന്നും വാഹനങ്ങളെ കാണുന്നില്ല.
അവൾ നിസ്സഹായതയോടെ നെഞ്ചിൽ കൈവെച്ചു കരഞ്ഞു പ്രാർത്ഥിച്ചു.
"ഈശ്വര... എന്നെ കൈവിടല്ലേ... "
കുറച്ചു സമയത്തെ കാത്തിരിപ്പിന് ശേഷം വിദൂരതയിൽ നിന്നും ഒരു മാരുതി കാർ അവളുടെ കണ്ണുകളെ ഇക്കിളിപ്പെടുത്താൻ തുടങ്ങി. അവൾ ഇരു കൈകളും വീശി റോഡിലേക്കിറങ്ങി ഇറങ്ങി ചെന്നു. കടപൂട്ടിയതിന് ശേഷം വീട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്ന ഖാദറിക്ക ആയിരുന്നു അത്.
"എന്തെ ശാലിനി... ഈ നേരത്ത് റോഡിൽ ഇങ്ങനെ നിൽക്കുന്നത്?? "
"അപ്പുവിന് തീരെ സുഖമില്ല... പനിച്ചു വിറക്കുന്നുണ്ട്... എനിക്കാകെ പേടിയാകുന്നു. .. എങ്ങനെയെങ്കിലും അവനെ ആശുപത്രിയിൽ എത്തിക്കണം "
"ആശുപത്രിയിൽ കൊണ്ടുപോകാൻ ഞാൻ സഹായിക്കാം ... പക്ഷേ, എന്ത് തരും "
അയാൾ അവളുടെ ശരീരത്തിലേക്ക് ഒരു വേട്ടപ്പട്ടിയുടെ ആവേശത്തോടെ പരതാൻ തുടങ്ങി. എന്ത് ചെയ്യണമെന്നറിയാതെ അവൾ കണ്മിഴിച്ചു നിന്നു.
"ഞാൻ പെട്രോളിന്റെ കാശ് തരാം... ദയവു ചെയ്ത് എന്റെ മാനം മാത്രം ചോദിക്കരുത് "
"പെട്രോളിന്റെ കാശ് മാത്രം പോരല്ലോ... ആശുപത്രി ചിലവ്, മരുന്നിന്റെ ചിലവ്... ഇതിനൊക്കെ നിന്റെ പക്കൽ പണമുണ്ടോ ???...എവിടുന്ന് തരും...നീ ഒന്ന് മനസ്സുവെച്ചാൽ മതി.... ആരും അറിയാൻ പോകുന്നില്ല...നിന്റെ മോൻ രക്ഷപ്പെടും "
അപ്പുവിനെ കുറിച്ചാലോചിച്ചപ്പോൾ അവളുടെ മനസ്സിൽ കൊള്ളിമീൻ പോലെ എന്തോ പാഞ്ഞു. അവൾ മറുത്തൊന്നും ആലോചിക്കാതെ പറഞ്ഞു.
"ശെരി.... ആദ്യം അവനെ ആശുപത്രിയിൽ എത്തിക്കാം "
അവർ അവനെയുംകൊണ്ട് ആശുപത്രിയിലേക്ക് ചെന്നു.ഡോക്ടർമാർ അപ്പുവിനെ പരിശോദിച്ചു. ഡ്രിപ് കൊടുത്തതിന് ശേഷം പനി കുറഞ്ഞെന്ന് ബോധ്യമായപ്പോൾ അവർ കുറച്ചു മരുന്ന് കുറിച്ചു നൽകി.
ഖാദറിക്ക അവളെയുംകൊണ്ട് അവളുടെ വീട്ടിലേക്ക് തിരിച്ചുവന്നു. ചുറ്റുവട്ടത്തുള്ള വീടുകളിലെ ലൈറ്റുകളെല്ലാം അണഞ്ഞിരിക്കുന്നു എന്ന് ബോധ്യമായതും അയാൾ കാർ അവളുടെ വീടിന്റെ പിറക് വശത്തേക്ക് ഒതുക്കി നിർത്തി. പിന്നെ അവളുടെ പിറകെ ആ വീട്ടിലേക്ക് ആവേശത്തോടെ കയറി ചെന്നു.
ശാലിനി അപ്പുവിനെ പതിയെ ബെഡിൽ കിടത്തി. അവന്റെ കവിളിൽ അമർത്തി ചുംബിച്ചുക്കൊണ്ട് വിതുമ്പിക്കരയാൻ തുടങ്ങി.
"എന്റെ മോനെ.. നിനക്ക് വേണ്ടി ഈ അമ്മ... "
അപ്പോഴേക്കും ഖാദറിക്ക തന്റെ ഷർട്ടെല്ലാം അഴിച്ചുവെച്ച് ആവേശത്തോടെ അവളിലേക്ക് സമീപിക്കാൻ തുടങ്ങിയിരുന്നു. പെട്ടെന്നാണത്
"ഡീ... ശാലിനി... തേവിടിശ്ശി... ഇറക്കി വിട് നിന്റെ ജാരനെ "
പുറത്ത് നിന്ന് ഒരാൾക്കൂട്ടത്തിന്റെ ആക്രോശം.ശാലിനി ഞെട്ടിത്തരിച്ചു വിറങ്ങലിച്ചു നിന്നു. അവളുടെ ഹൃദയമിടിപ്പ് കൂടി. അവൾ നിസ്സഹായതയോടെ ഖാദരിക്കാനേ നോക്കി. അയാൾ പേടിച്ചു വിറക്കാൻ തുടങ്ങിയിരുന്നു.
"മോളെ ശാലിനി... നിന്റെ മകന് വേണ്ടി ഞാനിത്രയൊക്കെ ചെയ്തില്ലേ... എന്റെ മാനം നീ എങ്ങനെയെങ്കിലും രക്ഷിക്കണം....പ്ലീസ് "
"ഡീ ശാലിനി... നീ അവനെ ഇറക്കി വിടുന്നോ... അതോ ഞങ്ങൾ അങ്ങോട്ട് കയറി വരണോ "
അവരുടെ ആക്രോശം തുടർന്നുകൊണ്ടിരുന്നു.
അവൾ തന്റെ നെറ്റിയിലെ സിന്ദൂരം പതിയെ മായ്ച്ചു കളഞ്ഞു. സാരിത്തലപ്പ് എടുത്ത് അരയിൽ തിരുകി. അടുക്കളയിൽ സൂക്ഷിച്ചിരുന്ന വാക്കെത്തിയെടുത്ത് കയ്യിൽ പിടിച്ചു. പിന്നെ വാതിൽ തുറന്നു പുറത്തേക്ക് നടന്നു.
"ആർക്കടാ... എന്റെ ജാരനെ കാണേണ്ടത്... കാണേണ്ടവർ വാടാ... എന്റെ ഭർത്താവിന് തോന്നിയപോലെ ജീവിക്കാമെങ്കിലും എനിക്കും അങ്ങനെ ആകാമെടാ പട്ടികളെ.... എന്റെ പിറകെ തരുമോ തരുമോ എന്ന് ചോദിച്ചു നടന്നിരുന്ന പകൽമാന്യന്മാരുടെ മുഖം മൂടി അഴിഞ്ഞു വീഴേണ്ട എന്നുണ്ടെകിൽ ഇപ്പോൾ വിട്ടോ..."'
ശാലിനിയുടെ അട്ടഹാസം കേട്ടതും സദാചാരവാദികൾ ഓരോരുത്തരും തങ്ങളുടെ മുഖം താഴ്ത്തി അവിടെ നിന്നും ഉൾവലിയാൻ ആരംഭിച്ചു. അതോടെ, ശാലിനി ഒരു നിമിഷം ദീർഘമായി നിശ്വസിച്ചു.പിന്നെ വീടിനകത്തേക്ക് കയറി വാതിലടച്ചു.
സദാചാരക്കൂട്ടം അതീവ സന്തോഷത്തിലായി. ജാരനെ പിടികൂടാൻ സാധിച്ചില്ലെങ്കിലും തങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കിയിരുന്ന ലൈംഗിക സ്വപ്നങ്ങൾ പറഞ്ഞു തീർക്കാനെങ്കിലും ഒരു ഇരയെ കിട്ടിയല്ലോ...
"എന്നാലും എന്റെ നസീബത്ത... ഇവൾ ഇങ്ങനെയൊരു വേശ്യ ആയിരുന്നൊ... അറിഞ്ഞില്ലല്ലോ...ചുമ്മാതല്ല... അവളുടെ ഭർത്താവ് ഇങ്ങനെ വഴിതെറ്റിപ്പോയത്... ഇവളെപ്പോലുള്ളവരാണ് നമ്മുടെ നാടിന്റെ ശാപം... തേവിടിശ്ശി... ത്ഫൂ "
"അതേ... ആ അശോകൻ എത്ര പാവമായിരുന്നു... അൽപ്പം കുടിക്കും... പിന്നെ സ്ത്രീകൾ, അതിപ്പോൾ പല ആണുങ്ങൾക്കും ഒരു വീക്നസ്ലല്ലേ... എന്നാലും അവനെപ്പോലെയൊരു പാവത്തിന് ഈ ഗതി വന്നല്ലോ ???...എത്രെയും പെട്ടെന്ന് അവളെ ഡിവോഴ്സ് ചെയ്യാൻ അവനോട് പറയണം... ആ പാവം രക്ഷപെട്ടോട്ടെ "
അവർ ഓരോരുത്തരും അടക്കാനാവാത്ത സന്തോഷത്തോടെ തങ്ങളുടെ വീടുകളിലേക്ക് ചേക്കേറികൊണ്ടിരുന്നു ....
അതേ സമയം, നഗരത്തിലെ ഒരു നക്ഷത്ര ഹോട്ടലിൽ മറ്റൊരു കൂട്ടുകാരിയുമായി നേരം വെളുപ്പിക്കുകയായിരുന്നു അവർ പാടിപ്പുകഴ്ത്തിയ ആ നിശ്കളങ്കനായ അശോകൻ....
അവൻ പെണ്ണുപിടിയനാണ്... പക്ഷേ,നാടിനാപമാനമായിരുന്നില്ല,
അവൻ മറ്റൊരു സ്ത്രീയെയും വഴിപിഴപ്പിച്ചിട്ടില്ല .....
കാരണം....
വേശ്യ എന്ന പദത്തിന്റെ പുല്ലിംഗ നാമം മലയാളത്തിൽ ഇല്ലത്രെ....
(ശാലിനിയുടെ തെറ്റിനെ ന്യായീകരിക്കുന്നില്ല... സമൂഹത്തിലെ ഈ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യുന്നു എന്ന് മാത്രം....)
സമീർ ചെങ്ങമ്പള്ളി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക