Slider

ധനാകർഷണ യന്ത്രം..

0
ധനാകർഷണ യന്ത്രം..
വെറും മൂവായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതു രൂപമാത്രം..
സാമ്പത്തിക പ്രശ്നങ്ങളാണോ നിങ്ങളെ അലട്ടുന്നത്..
എങ്കിൽ ഈ യന്ത്രം ഇന്നുതന്നെ ഓർഡർ ചെയ്യൂ..
വർഷങ്ങളായുള്ള ഗവേഷണ ഫലമായി സ്ഫുടം ചെയ്തെടുത്ത ഈ യന്ത്രം വീട്ടിൽ സൂക്ഷിച്ചാൽ ജോലി സംബന്ധമായ പ്രശ്നങ്ങൾ കുടുംബ വഴക്ക് ലൈംഗിക ശേഷിയില്ലായ്മ..
എന്നിവക്ക് പ്രതിവിധി ഉണ്ടാവുന്നതിനോടൊപ്പം ധനം നിങ്ങളുടെ വീട്ടിൽ കുമിഞ്ഞു കൂടുന്നു..
ഈ യന്ത്രം വാങ്ങിച്ച മന്ദബുദ്ധ്യാ സിംഗിന്റെ വാക്കുകൾ കേൾക്കൂ..
"നമസ്കാരം..
എനിക്കു ചെരുപ്പിന്റെ ബിസിനസായിരുന്നു..
ആളുകളൊന്നും ചെരുപ്പ് ഉപയോഗിക്കാതെ വെറുതെ വീട്ടിലിരുന്നു ഫേസ്ബുക്ക് നോക്കുന്നത് കാരണം എന്റെ ബിസിനസ് നഷ്ടത്തിലാവുകയും ഞാൻ കടക്കെണിയിലാവുകയും ചെയ്തു..
അപ്പോഴാണ് ഞാൻ ധനാകർഷണ യന്ത്രത്തെ കുറിച്ചറിയുന്നതു..
അപ്പോൾത്തന്നെ ഭാര്യയുടെ കെട്ടുതാലി പണയം വെച്ചു അതു ഓർഡർ ചെയ്തു..
ഇപ്പോഴെനിക്കു അഞ്ചു ചെരുപ്പ് കമ്പനികളുണ്ട്..
ഇഷ്ടംപോലെ വരുമാനവും ലഭിക്കുന്നു..
ധനാകർഷണ യന്ത്രത്തിനു നന്ദി.."
കണ്ടില്ലെ നിങ്ങൾക്കിതുപോലെ പണക്കാരനാവാൻ എത്രയും പെട്ടെന്നു ഓർഡർ ചെയ്യൂ..
ഇനി നിങ്ങൾ ധനാകർഷണ
യന്ത്രം വാങ്ങിച്ച വായാടിയാ ബീഗത്തിന്റെ വാക്കുകൾ കേൾക്കൂ..
"അസലാമു അലൈക്കും..
എന്റെ ഭർത്താവ് ഒരു ഉറക്ക ഭ്രാന്തനായിരുന്നു..
കിടക്ക കണ്ടപാടെ അദ്ദേഹം കൂർക്കം വലിച്ചുറങ്ങുമായിരുന്നു..
അതുകൊണ്ടുതന്നെ ഞങ്ങൾക്കിടയിൽ എന്നും വഴക്കുണ്ടായിത്തുടങ്ങി..
ഒരിക്കൽ അദ്ദേഹത്തെ ചികിൽസിച്ച ഡോക്ടറാണ് പറഞ്ഞതു..
അദ്ദേഹത്തിന് മക്കളുണ്ടാവാനുള്ള സാധ്യത കുറവാണെന്ന്..
അതോടെ ഞാനാകെ തളർന്നു..
ഒരു കുഞ്ഞുണ്ടായിക്കാണാൻ ആഗ്രഹിച്ചു നടക്കുന്നതിനിടയിലാണ് ഈ യന്ത്രത്തെ പറ്റി അറിയുന്നത്..
അന്നുതന്നെ ഇതു ഓർഡർ ചെയ്യുകയും ചെയ്തു..
യന്ത്രം വീട്ടിലെത്തിയതു തൊട്ടു അദ്ദേഹത്തിന് ഉറക്കം കുറയുകയും ഞാൻ ഗർഭിണിയാവുകയും ചെയ്തു..
ഇപ്പോൾ ഞങ്ങൾക്കു 6 മക്കളുണ്ട്..
ഞാൻ വീണ്ടും ഗർഭിണിയാണ്..
യന്ത്രത്തിനു നന്ദി.."
●○
ടീവി ചാനലിൽ പരസ്യം പൊടിപൊടിക്കെ ധനാകർഷണ യന്ത്ര മുതലാളിയുടെ വീട്ടിൽ..
"ദേ മനുഷ്യാ നിങ്ങളീ യന്ത്രവും വിറ്റ് നടന്നോ..
ബാങ്കീന്നു ജപ്‌തി നോട്ടീസ് വന്നിട്ടു ഒരാഴ്ചയായി.."
"നീയൊന്നടങ്ങേടീ..
ഈ യന്ത്രത്തിനുള്ള ഓർഡർ ഒന്നു വന്നോട്ടെ..
എല്ലാം ശരിയാക്കാം.."
"പിന്നെ ശരിയാക്കുന്നൊരാള്..
നാട്ടുകാർക്ക് മക്കളുണ്ടാക്കാൻ യന്ത്രം വിക്കുന്ന നിങ്ങൾക്ക്‌ എന്താ മനുഷ്യാ അതില്ലാതെ.."
"ശവത്തിൽ കുത്താതെടീ..
പൈസ കിട്ടീട്ട് ഡോക്ടറെ ചെന്നു കാണാം..
എന്തെലും വഴിയുണ്ടോന്ന് നോക്കാം..
നീ കഴിക്കാനെന്തെലും എടുക്കു.."
●○
ടീവിയിലെ ഇത്തരം പരസ്യങ്ങൾ കാണുമ്പോ എനിക്കുണ്ടാവാറുള്ള ഒരു സംശയമാണ്..
ഇത്തരം യന്ത്രങ്ങൾ പണം കൊണ്ടുവരുമെങ്കിൽ അതെന്തിനാണ് പണം വാങ്ങിച്ചോണ്ട് വിൽക്കുന്നതെന്നു..
അവരുടെ വീട്ടിൽ തന്നെ വെച്ചാൽപോരെ..
ആവശ്യത്തിന് പണം കിട്ടുമല്ലൊ..
ചിന്താ ബോധത്തിലും വിദ്യാഭ്യാസത്തിലും മുൻപന്തിയിലെന്നു അവകാശപ്പെടുന്ന മലയാളികളുടെ സ്വീകരണ മുറികളിലേക്കും ഇത്തരം യന്ത്രങ്ങൾ കടന്നു കയറുകയാണ്..
അതിനു വളംവെച്ചു കൊടുക്കുന്നതോ മലയാളികളുടെ പ്രിയപ്പെട്ട ചാനലുകളും..
കാശിനുവേണ്ടി എന്തും ചെയ്യാൻ തയാറാവുന്നവർ..
ചിന്തിക്കൂ..
ഇത്തരം കെണികളിൽ ചെന്നു ചാടാതിരിക്കൂ.
പൊതുജന താല്പര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്.

Rayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo