നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

**അമേരിക്കയിൽ നിന്ന് നാൻസി**


**അമേരിക്കയിൽ നിന്ന് നാൻസി**
============================
ഫോണിലെ കുഞ്ഞുകുഞ്ഞ് വട്ടത്തിനകത്തുള്ള അക്കങ്ങൾ കറക്കിത്തീർന്നപ്പോൾ ലാന്‍ഡ് ഫോണിൽ നിന്ന് ചുരുണ്ട മുടിപോലെ നീണ്ടുകിടന്ന കറുത്തവയർ പിരിച്ചും തിരിച്ചും കൊണ്ട് ഞാൻ മേശപ്പുറത്തേക്ക് കയറിയിരുന്നു....
ജനലിന് പുറത്ത് മഞ്ഞ് പൊഴിയുന്നത് കാണാം...പൈൻമരം മുഴുവൻ മഞ്ഞിന്റെ വെള്ളയണിഞ്ഞു നിന്നു.
നാട്ടിലിപ്പോ സന്ധ്യയായിട്ടുണ്ടാകണം..
ഈശ്വരാ മമ്മിയെ ലൈനിൽ കിട്ടിയിരുന്നെങ്കിൽ....
ഇച്ചായനറിയാതെയുള്ള ട്രങ്ക്കോൾ ബുക്കിങ്ങാണ്.... അറിഞ്ഞാൽ തീർന്നു ന്റെ കഥ.... ഉണ്ടക്കണ്ണുരുട്ടിയുള്ള നോട്ടവും, നിന്റെ തന്ത തര്വോടീ കാശ് എന്ന അലമ്പ് ചോദ്യവുമൊഴികെ മറ്റെന്തും സഹിക്കാം.
ഒരു കണക്കിന് ന്റെ പപ്പയ്ക്കത് തന്നെ വേണം ..മമ്മീടെ തന്തയ്ക്ക് വിളിച്ചപ്പോ പപ്പയോർത്തിട്ടേയുണ്ടാകില്ല ; ന്റെ മോളെ കെട്ടുന്നവൻ എന്നെയും ഇത് പോലെ വലിച്ചിഴയ്ക്കുമെന്ന്..
ഈ ഭർതൃവർഗത്തിന് മുഴുവനെന്താണ് അമ്മായിയപ്പൻമാരോട് ഒര് ഇത്....എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരു എമണ്ടൻ ചോദ്യമാണല്ലോ ന്റെ ഈശോയേ അത്..
ഹലോ
ഹലോ മമ്മീ ഞാനാ നാൻസി
അമേരിക്കേന്ന് നാൻസിമോളാ ഓടി വാ ഇച്ചായാ ഇങ്ങോട്ട് ( മമ്മി തൊണ്ട പൊട്ടിക്കുന്നു)
സുഖമാന്നോ മോളേ
ആ മമ്മീ സുഖം...പപ്പയെവ്ടെ മമ്മീ?
പറമ്പിലാ...ഇപ്പോ വരും. ജിജോയോ?
ഉറക്കമാ...ഇന്ന് സൺഡേയല്ലിയോ അതാ...
മമ്മീ അതേ ഈ ഉപ്പുമാവ്......
ഹലോ ....ഹലോ.....മമ്മീ...ഹലോ
ശ്ശെടാ കോൾ കട്ടായല്ലോ ...
ഇനി കോൾബുക്ക് ചെയ്ത് കണക്ട് ആകുമ്പോഴേക്കും ഇച്ചായനെഴുന്നേറ്റ് വരുമല്ലോ ന്റെ കർത്താവേ.
നിരാശയോടെ റിസീവർ ക്രാഡിലിലേക്ക് വെക്കുമ്പോൾ ഫോണിനിട്ട് ഒരു തൊഴി കൊടുക്കാൻ തോന്നിയത് ന്റെ തെറ്റാണോ. ... നിങ്ങള് പറയ്. നാട്ടിലേക്ക് ഒന്ന് വിളിക്കണോങ്കി കോള് ബുക്ക് ചെയ്ത് കാത്തിരിക്കണം...
കാത്തിരിക്കുന്നത് പോട്ടെ കാത്തിരുന്നതിന്റെ കൂടി കാശ് ടെലഫോണിന് കൊടുക്കണം...ന്ന് പറഞ്ഞാലെങ്ങനെയാ? നിങ്ങള് തന്നെ പറ. ..
അമ്മാതിരിയുള്ള ഫോൺചാർജ്ജാന്നേ...
ഹോ ...സമയം പോയീ...ഇന്ന് ഈ നാൻസി ഇച്ചായനെയൊന്ന് ഞെട്ടിക്കും... നിങ്ങള് കണ്ടോ!!
നാൻസിക്ക് പാചകം അറിയില്ലെന്നാണ് ഇച്ചായന്റെ ആരോപണം..
സംഭവം സത്യാണേ. .. വീട്ടില് ഞാൻ മൊയലാളിയും മമ്മി എന്റെ അടിമയും ആയിരുന്നത് കൊണ്ടും വല്ലതും വെട്ടിവിഴുങ്ങാനല്ലാതെ ഞാൻ അടുക്കളയെയും, അടുക്കള എന്നെയും കണ്ടിട്ടില്ല. ശഠാപഠാന്നുള്ള കെട്ട് ആരുന്നത് കൊണ്ട് പാചകമൊന്നും പഠിക്കാനുള്ള സമയവും കിട്ടീല്ലാന്നേ.
എന്നാലും അങ്ങനെയങ്ങ് വിട്ടാൽ പറ്റില്ലല്ലോ...
നാൻസി വിചാരിച്ചാലും ഇവിടെ ചിലതൊക്കെ നടക്കുമെന്ന് ഇച്ചായനുമൊന്നറിയണം.
എന്താ ഉണ്ടാക്കുക ഇന്ന്? ഉപ്പുമാവ് തന്നെയുണ്ടാക്കിക്കളയാം...
പാട്ടകളോരോന്നായി പൊക്കി നോക്കി. സംശയാസ്പദമായ സാഹചര്യത്തിൽ ഒരു പാട്ടയുടെ കൊങ്ങയ്ക്ക് ഞാൻ പിടിത്തമിട്ടു. ദൈവമേ..ഇത് തന്നാണോ പ്രതി ? ആ.... ആയിരിക്കും...
ന്റെ കർത്താവേ കാത്തോണേ....
എന്താടീ നാനമ്മോ രാവിലെ തന്നെയൊരു പിറുപിറുപ്പ്..?
യ്യോ ഇച്ചായനെണീറ്റാരുന്നോ? ചായ ദേ ഇപ്പോ തരാമേ. .
അല്ലാ നിന്റെ കൈയ്യിലിരിക്കണ ചരുവത്തേലെന്നതാടീ ...കുതിർത്തിട്ടേക്കുന്നേ?
ഒന്നൂല്ലിച്ചായാ...
അല്ലല്ലോ നാനമ്മോ...എന്തോ വമ്പൻമണ്ടത്തരമാണല്ലോടീ മോളേ...അതിനാണീ മറച്ച്പിടിക്കൽ....
ഓ പിന്നേടാ മോനേ...അതിനിമ്മിണി പുളിക്കും കേട്ടോ...ഇതേയ് നാൻസിയാ. . നാൻസി. ..
ഞാനേ ഉപ്പുമാവുണ്ടാക്കാൻ വേണ്ടി റവയൊന്ന് കഴുകിയതാ....ഇപ്പോ മനസ്സിലായോ പാലാക്കാരനിച്ചായാ... നാൻസിക്കുട്ടിയ്ക്ക് പാചകം ചെയ്യാനാരുടേം സഹായം വേണ്ടെന്ന്..
ഉവ്വുവ്വേ....ഇപ്പോ മനസ്സിലായേ. ..മണ്ടത്തരമാണ് നിന്റെ ട്രേഡ്മാർക്കെന്ന്.
ടീ പോത്തേ റവ ആരും കഴുകാറില്ലാ...
ങേ....യ്യോ? ആണോ?
ആണല്ല...പെണ്ണ്. നിന്നെ പറഞ്ഞിട്ടൊരു കാര്യോമില്ല...നീയാ മാത്തന്റെ മോളല്ലേ. ..
ദേ...ഇച്ചായാ ന്നെ കളിയാക്ക്യാലുണ്ടല്ലോ..
ഹല്ല പിന്നേ.. എന്നാത്തിനാടീ ഈ വേണ്ടാത്ത പണിക്ക് പോയത്? എന്നോടൊന്ന് ചോദിക്കാൻ മേലാരുന്നോ പെണ്ണേ നിനക്ക്?
ശ്ശെടാ
അതേ ഇച്ചായാ. .. ഇച്ചായനെയൊന്ന് ഞെട്ടിക്കാൻ നോക്കിയതാ...ഇനീപ്പോ എന്തോ ചെയ്യും ഇച്ചായാ... ??
തത്കാലം ന്റെ കൊച്ച് ഒന്നും ചെയ്യണ്ടാ. .നമുക്കിന്ന് പുറത്തൂന്ന് കഴിക്കാന്നേ. ...
ചേർത്ത് പിടിക്കുന്ന ഇച്ചായന്റടുത്ത് തല താഴ്ത്തി നിൽക്കാതെന്ത് ചെയ്യാൻ? .
(വിഷമം കാട്ടി നിന്നില്ലേല് മോശമല്ലേ....)
ഹ...നീ ബാ നാനമ്മോ...പാചകമൊക്കെ പതിയേ പതിയേ പഠിക്കാന്നേ. .. ഞാനില്ല്യോ കൂടെ..
ഇച്ചായനെ തൊട്ടുരുമ്മി പുറത്തേക്ക് നടക്കുവാണ് ഞാനിപ്പോ....പക്ഷേ ഉപ്പുമാവുണ്ടാക്കുന്നതെങ്ങനാന്നറിയാൻ നാട്ടിലേക്ക് ട്രങ്ക്കോൾ ബുക്ക് ചെയ്ത വിവരം എങ്ങനെ പറയുമെന്ന ചിന്തയിലാണ് ... ഈ പാവം ഞാൻ.
എന്റെ പരട്ടതലയിൽ ഉഡായിപ്പ് ഒന്നും വരുന്നില്ലെന്നേ....ആ എന്തേലുമൊക്കെ ഒപ്പിക്കാം ല്ലേ?
നിങ്ങളിതൊന്നും ആരോടും പോയ് പറഞ്ഞെന്നെ നാറ്റിക്കല്ലേ പ്ലീസ്...

By
Anamika

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot