നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രയാണം:( തുടർകഥ) - Part 2


പ്രയാണം: ( കഥ. ഭാഗം രണ്ട്.)
: (അഞ്ച് വർഷം മുമ്പ് നാടുവിട്ടു പോയ എന്നെ പിതാവ് വീണ്ടും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു.വീട്ടിൽ കയറിയ ഞാൻ നാടുവിടാൻ കാരണക്കാരിയ സ്ത്രീ ജ്യേഷ്ഠന്റെ ഭാര്യയായത് അറിഞ്ഞു മടങ്ങിപ്പോകുന്നു. തുടർന്നു വായിക്കുക)
നന്നായി വിശക്കുന്നുണ്ട്. അൽപം മുമ്പാണ് ഉച്ചക്കുള്ള ചോറ് തിന്നത്. പക്ഷെവിശപ്പ് തീർക്കാൻ കഴിഞ്ഞില്ല. അതിനു മുമ്പേയാണ് റൂമിന് പുറത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന എന്റെ നേർക്ക് പാണ്ടി ലോറിയുടെ ഡ്രൈവർ പാഞ്ഞടുത്തത്. "ജ്ജാവൽ, ജ്ജാവൽ" എന്ന് പറഞ്ഞ് കൊണ്ട് പാത്രത്തിലുണ്ടായിരുന്ന ചോറ് മുഴുവൻ അവൻ അകത്താക്കി. തനിക്ക് ഉള്ളത് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എത്ര നല്ല സുമുഖനായ ചെറുപ്പക്കാരൻ.ഹിന്ദി നടന്മാരെ പോലെ ശരീര ഭംഗിയുള്ളവൻ. പക്ഷെ അവന്റെ ആക്രാന്തം കണ്ടാൽ കാൽ കാശിന് കൊള്ളില്ല.
റൂമിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട വലിയ പക്ഷി കൂടിനു മുകളിൽ ഞാൻ മലർന്നങ്ങനെ കിടന്നു.രണ്ടാൾ ഉയരത്തിൽ കെട്ടിപ്പൊക്കിയ പത്ര ഷീറ്റിന്റെ അരികിലെതണലുപറ്റി ആകാശത്തേക്ക് നോക്കിയങ്ങനെ കിടന്നപ്പോൾ നാടും വീടുമായിരുന്നു മനസിൽ. നിറഞ്ഞൊഴുകുന്ന തോടും പാടവും. ഏറ്റുമീനിനെ വെട്ടാൻ വേണ്ടി വെട്ടുകത്തിയുമായി കായലുകളിലേക്കിറങ്ങുന്ന രാത്രികൾ. പാടവും സിരകളിൽ ഒരാവേശമായി പന്ത് കളിയും പിന്നെ തന്റെ പൂർത്തിയാകാത്ത പഠനമെന്ന സ്വപ്നവും. എല്ലാം തനിക്ക് നഷ്ടമായിരിക്കുന്നു. തനിക്ക് എവിടെയാണ് പിഴച്ചത്?.താനിനി എങ്ങിനെയാണ് വിടണയുക. എങ്ങനെയാണ് ജ്യേഷ്ഠ ഭാര്യയെ അഭിമുഖീകരിക്കുക.ഈ വിഷയം എന്തു കൊണ്ട് ബാപ്പ എന്നോട് പറഞ്ഞില്ല?. ഹൈദരാബാദിൽ നിന്ന് നാടെത്തുന്നത് വരെ ഒരു കാര്യവും എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. അന്നെന്നെ വീട്ടിൽ നിന്ന് അടിച്ചിറക്കിയതിന്റെ ദേഷ്യം എനിക്കും കുറ്റബോധം ബാപ്പാക്കും ഉണ്ടായിരുന്നത് കൊണ്ടാവാം പരസ്പരം സംസാരിക്കാനൊന്നും നിന്നിരുന്നില്ല.
സത്യത്തിൽ മൂത്തച്ചിക്ക് എന്നെ മനസിലായിട്ടുണ്ടാകില്ല. ഉണ്ടായിരുന്നെങ്കിൽ ആ നിർവ്വികാരതയല്ല ഉണ്ടാവേണ്ടിയിരുന്നത്. വേഗം പുറത്തിറങ്ങിപ്പോന്നത് നന്നായി. അല്ലെങ്കിൽ അവരുടെ ഇടയിൽ കഴിയാൻ അഭിമാനം പണയം വെയ്ക്കേണ്ടി വരുമായിരുന്നു.
പക്ഷെ ചിന്തകൾക്ക് കൂടുതൽ സ്വാതന്ത്ര്യം കൊടുക്കാൻ കഴിഞ്ഞില്ല. വിശപ്പ് അതികഠിനമായി വരുന്നുണ്ട്.ഞാൻ റൂമിനകത്ത് കയറി ഒന്നുകൂടി തപ്പി നോക്കി. ഒന്നും തന്നെ ഇല്ല - ഒരു ബിസ്കറ്റിന്റെ കഷ്ണം പോലുമില്ല. മുഴുവൻ കൂടെയുള്ള മലയാളീസ് കാലിയാക്കിയിരിക്കുന്നു.
അങ്ങനെ വയറിനെ വെറുതെ വിട്ടാൽ പറ്റില്ല. പെട്ടിയിൽ നിന്ന് പൈസയെടുത്ത് ഗാലറിയിൽ നിന്ന് പുറത്ത് കടന്നു. നല്ല രുചിയുള്ള റോബസ്റ്റപഴം പുറത്ത് വിൽക്കുന്നുണ്ട്. വരിവരിക്ക് ഇരിക്കുന്ന പഴം വിൽപനക്കാരെ ലക്ഷ്യമാക്കി ഞാൻ നടന്നു.
നല്ല ചൂടുള്ള വെയിൽ. പക്ഷെ ആഞ്ഞുവീശുന്ന കാറ്റ് വെയിലിന്റെ കാഠിന്യത്തെ കുറക്കുന്നു. സ്ത്രീകളാണ് കച്ചവടക്കാർ ഏറെയും. എന്നെ കണ്ടപ്പോൾ പ്രതീക്ഷയോട് കൂടി നോക്കുകയാണ് പലരും. നല്ല വെയിലായതിനാൽ ആളുകൾ നിരത്തിലേക്കിറങ്ങിയിട്ടില്ല.
" ഭയ്യാ ഇദർ ആവോ ഭയ്യാ ഏക്കിലോദസ്സുർപ്യ"സ്ത്രീകളാണ് കച്ചവടക്കാർ കൂടുതലും. എന്നെ കണ്ടപ്പോൾ ആർത്ത് വിളിക്കുകയാണ് അവർ. ഞാൻ നോക്കാതെ മുന്നോട്ട് നടന്നു. അങ്ങേ അറ്റത്ത് ഒരു പെൺകുട്ടി ഇരിക്കുന്നുണ്ട്.ഒരു പത്തു പതിനാറ് വയസ്സ് പ്രായം വരും. അവൾ കയ്യിലുള്ള മുണ്ടുകൊണ്ട് ഈച്ചയെ ആട്ടുകയാണ്. ഞാൻ അവളെയും കടന്ന് മുന്നോട്ട് നീങ്ങി.ചെറിയ ബജാറിലെ വലിയ ബസ്റ്റാന്റിന്റെ കവാടത്തിൽ ഗുജറാത്തിന്റെ വലിയ ഭൂപടം കാണാം.അതിൽ അടയാളപ്പെടുത്തിയ ജില്ലാ ആസ്ഥാനങ്ങൾ. അവിടെയെല്ലാം കറങ്ങി ഞാൻ തിരിച്ചു നടന്നു. ആ പെൺകുട്ടിയുടെ അടുത്തെത്തി ഒരു കിലോ റോബസ്റ്റ തൂക്കാൻ ആവശ്യപ്പെട്ടു.പേഴ്സിൽ നിന്ന് പത്ത് രൂപ നോട്ടെടുത്ത് അവൾക്ക് നേരെ നീട്ടി. അന്തം വിട്ട് നിൽക്കുകയാണ് അവൾ. ഞാൻ അവളുടെ നോട്ടം കണ്ട് അറിയാതെ മലയാളം പറഞ്ഞു പോയി.' എന്താ കേട്ടീലെ"
"നിങ്ങൽ കേരലയാനോ " അവളുടെ ആശ്ചര്യത്തോട് കൂടിയുള്ള ചോദ്യം കേട്ടപ്പോൾ ഇവൾക്ക് മലയാളം അറിയാമെന്ന് മനസ്സിലായി. 'അതെ" ഞാൻ മറുപടി പറഞ്ഞു.
" പൂരാ ആത്മി"?. അവളുടെ ചോദ്യം.
" കമ്പനി മാനേജ്‌മെന്റ് മുഴുവൻ മലയാളീസാ.ജോലിക്കാർ മറ്റുള്ളവരും"
"ആപ്ഗാവ് കിതർ".? കേരളത്തിൽ നാടെവിടെയാണെന്നാണ് അവളുടെ ചോദ്യം.
" കോഴിക്കോട്"
എന്റെ മറുപടി കേട്ടതും അവളാകെ ഞെട്ടിത്തരിച്ചു. അവൾ ആകെ അന്തം വിട്ടിരിക്കുകയാണ്. പഴം തൂക്കുന്നതിനിടെ ഞാൻ അവളെ അടിമുടി നോക്കി.
തലമുടി ചെമ്പിച്ച് വികൃതമായിരിക്കുന്നു. വിയർപ്പുകണങ്ങളിൽ ചളി പറ്റിപ്പിടിച്ച പോലെയുള്ള ശരീരം. കുഴിഞ്ഞ കണ്ണുകളിൽ ദൈന്യത മുറ്റിയ കണ്ണുനീരിന്റെ തിളക്കം. അത് വർദ്ധിച്ചു വരുന്നതായി തോന്നി. പഴകിപ്പിഞ്ഞിയ ചുരിദാർ വാങ്ങിയതിന് ശേഷം അലക്കിയിട്ടുണ്ടാകില്ല - അല്ലെങ്കിലും കേരളത്തിൽ നിന്ന് ഭിക്ഷക്കാർ കൊണ്ടു പോകുന്ന പഴയ വസ്ത്രങ്ങൾ ഇത്തരം തെരുവുകളിലാണ് വിൽക്കപ്പെടുന്നത്.
നന്നായി ഒന്ന് കുളിപ്പിച്ചെടുത്താൽ ഒരു കൊച്ചു സുന്ദരിയാകും അവൾ.
പഴത്തിന്റെ കീസ് എന്റെ നേരെ നീട്ടുമ്പോൾ നന്നായി വിറക്കുന്നുണ്ടായിരുന്നു അവൾ. കണ്ണുനീർ ഒലിച്ചിറങ്ങുന്നു. ആളുകളാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ?. കൂടുതൽ നേരം ഇവിടെ നിന്നാൽ പ്രശ്നമാണ്. ഈ പെൺകുട്ടിയെ ഒരു പക്ഷെ തട്ടിക്കൊണ്ടുവന്നതായിരിക്കും. വൻ റാക്കറ്റുകളേതെങ്കിലും ആയിരിക്കും അവളുടെ കൂടെ ഉണ്ടാകാൻ സാദ്ധ്യതയുള്ളത്. ഇവരൊക്കെ മഹേന്ദ്ര ഭായിയുടെ ആശ്രിതരായിരിക്കും. എന്തെങ്കിലും സംശയം തോന്നിയാൽ പിന്നെ ജീവൻ ബാക്കിയുണ്ടാകില്ല. അല്ലെങ്കിൽ ജീവച്ഛവമാക്കിയിടും.
എക്സ്പോയുടെ ഉപകരണവുമായി തമ്പിലേക്ക് ഒരു പാണ്ടി ലോറി കൂടി കയറി പോയി.പെട്ടെന്ന് എന്നെ മറികടന്ന് ഒരു മാരുതി ജിപ്സിഗയിറ്റിന്റെ മുന്നിൽ വന്നു നിന്നു. പിന്നാലെ ബൈക്കുകളും. ജിപ്സിയിൽ നിന്ന് മഹേന്ദ്ര ഭായ് എന്ന അതികായൻ ചാടിയിറങ്ങി.
തുടരും.... ഹുസൈൻ എം കെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot