നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

** രാധികമാരോട്....**


** രാധികമാരോട്....**
==================
മുഖം മറയ്ക്കാത്ത പ്രണയമേ
നിന്നുമ്മറക്കോലായിൽ
രാധികമാരുണ്ടാകണം നിത്യം!!
കണ്ണീരിലൊട്ടിയ പുഞ്ചിരിയാൽ,
വാടിത്തളർന്ന കണ്ണുകളാലാരോ
ചാലിച്ച വർണ്ണം നീ.
പാടിപ്പതിഞ്ഞ പദങ്ങളിലാടാതെ
മറവിയിലാരെയോ തേടിയകലും
സാലഭഞ്ജിക നീ.
ഒരു നെടുനിശ്വാസത്തിനുമപ്പുറം
പകിട കളിക്കുന്നുണ്ടാകണം
മതിയും മനവും അനന്തമായ്...
വ്യർത്ഥമാം കാത്തിരിപ്പിന്നുഷ്ണം
ശമിപ്പാനെന്നപോലുതിരുന്നു
അശ്രുകണങ്ങൾ ധാരയായ്...
ഒരുമാത്രയുണ്ടിനിയടരുവാൻ
എങ്കിലുമൊടുങ്ങാത്ത ഭ്രമമായ്
എത്തിനോക്കുന്നുണ്ട് നീ.
മൃത്യുവെ പുൽകുംവരേക്കും
രാധികമാർക്കൊക്കെയും
പ്രണയമേ നീയൊരു ഭ്രാന്താണ്.
മിഴിനീർപ്പൊള്ളലറിയാതെ
അകലങ്ങളിലുണ്ടാകണം നീ
അടഞ്ഞ വാതിലുകൾക്കുള്ളിലായ്...
ആവർത്തനങ്ങളുടെ മടുപ്പിൽ
കാലവും കണ്ണടയ്ക്കുന്നുണ്ടാകണം
യുഗാന്തരങ്ങൾക്കപ്പുറം.....
പ്രണയമേ നീയൊരു കളവാണ്
പുനർജ്ജന്മങ്ങളുടെ യവനികതേടി
പിറവിയെടുക്കും പ്രതീക്ഷ നീ....
പൊള്ളയായ നിന്നകത്തളങ്ങളിൽ
മോഹഭംഗങ്ങൾ മുരളുന്നുണ്ടാകണം
വാക്കിൻ ഭിത്തികൾക്കപ്പുറം.......
ആർത്ത്പെയ്യും കിനാമഴയിലൊരു
മഴശലഭമാകാതിരിക്കുക രാധികേ
നോവിന്നുറവ തേടാതിരിക്കുക നീ .
By
Anamika Sajeev

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot