Slider

പ്രേമലേഖനവും ഞാനും

0

പെൺകുട്ടികൾ മാത്രമുള്ള കന്യാസ്ത്രീ സ്ക്കൂളിലെ പഠിത്തവും, LKG ലെ കിറുങ്ങാസ് തൊട്ട് 10 - ക്ലാസ്സ് വരെയുള്ള പെൺപടകൾ മാത്രമുള്ള സ്ക്കൂൾബസ് യാത്രയും ഒക്കെക്കൂടിയായപ്പോൾ എന്നെ സംബന്ധിച്ച് ആൺകുട്ടികൾ അന്യഗ്രഹ ജീവികളായിരുന്നു
വൈശാലിയെ കണ്ട് ഋഷ്യശൃംഗൻ ഭയന്നത് പോലെ ..(.ഒരു പക്ഷേ അതുക്കും മേലെ...). വഴിമാറി ഞാൻ നടക്കുമ്പോഴാണ് ഈ പാവം എന്നെ ട്യൂഷന് കൊണ്ടാക്കുന്നൂ എന്ന് അച്ഛൻ ഉത്തരവിട്ടത്. പഴയ സിനിമകളിൽ ഷീല കണ്ണ് പിടപ്പിക്കാറുള്ളത് പോലെ ഞാനുമൊന്ന് ശ്രമിച്ച് നോക്കി..കണ്ണ് പിടപ്പിച്ച്....ഗദ്ഗദം വരുത്താൻ..
ശ്രമം അട്ടർഫ്ലോപ്പ് ആയീന്ന് മാത്രമല്ല ദിലീപ് സാറിൻറ്റെ ട്യൂട്ടോറിയൽ ക്ലാസ്സിൽ കൊണ്ടിരുത്തി എന്നെ തോൽപ്പിച്ചുകളഞ്ഞു, കണ്ണിൽ ച്ചോരയില്ലാത്ത അച്ഛൻ.
40 കുട്ടീസിനൊപ്പം ഞാനും പോയ് ഏതോ ബെഞ്ചിൻറ്റോരം പറ്റിയിരുന്നു. നീളമുള്ള വെളുത്ത് സുന്ദരനായ ദിലീപ്സാറിൻറ്റെയും, തടിച്ച് ഭീകരലുക്കുള്ള മെൽവിൻ സാറിൻറ്റെയും മറ്റ് അധ്യാപകരുടെയും പക്കൽനിന്ന് പഠിപ്പിസ്റ്റ് എന്ന സപ്രിട്ടിക്കേറ്റ് വാങ്ങാനുള്ള പയറ്റിലേർപ്പെട്ടൂ. എന്നെക്കാൾ മാർക്ക് വാങ്ങുന്നോരൊയൊക്കെ ഹിറ്റ്ലിസ്റ്റിൽപ്പെടുത്തി നടക്കുന്നതിനിടയ്ക്കാണ് ആൺപ്രജകളുടെ സൈഡിൽ നിന്ന് ഒരു പൂച്ചക്കണ്ണനെന്നെ നോക്കിയിരിക്കുന്നത് ശ്രദ്ധിക്കുന്നത്...
നോട്ടംസ്ഥിരമായപ്പോ കന്യാസ്ത്രീസ്ക്കൂളിലെ കുഞ്ഞാടായ ഞാൻ കുരിശ് വരച്ച് "നന്മ നിറഞ്ഞ മറിയമേ " മനസ്സില്ലാമനസ്സോടെ ചൊല്ലി പേടിയകറ്റി
വൈകുന്നേരത്തെ പതിവ് ട്യൂഷൻ കഴിഞ്ഞ്, നനുനനെ പെയ്യുന്ന മഴയെ കണ്ട് അമ്മയുടെ വഴക്ക്പറച്ചില് ഓർത്ത് കൊതിയടക്കി കുട നിവർത്തി സ്ലോമോഷനിൽ നടക്കവേ അനൂ ഒന്ന് നിൽക്കണേ ...ന്ന് കേട്ട് ആരാപ്പാ അത് ന്ന് നോക്കുമ്പോ ഉണ്ട് ദാണ്ടെ വരുന്നൂ ആ സുന്ദരൻ പൂച്ചക്കണ്ണൻ. പെട്ടെന്നുണ്ടായ( "കണ്ണ് രണ്ട് കണ്ണ്...." എന്ന പാട്ട് അന്നിറങ്ങിയിരുന്നേൽ ആ സീനിന് മാച്ചായേനെ) ബെഭ്രാളത്തിലെൻറ്റെ കുടയ്ക്ക് കൺട്രോള് നഷ്ടപ്പെട്ട് തെമ്മാടിക്കാറ്റിനൊപ്പം പറന്ന് പോയീ. ഒരു മൂവിസോങ്ങിന് പറ്റിയ സീനാരുന്നൂ അതെന്ന് ഇപ്പോ തോന്നന്നുണ്ട് ... മഴ .... കാറ്റിനൊത്ത് പറന്ന്പോയ കുട പിടിക്കാനോടുന്ന നായിക.....ഞാനാരാ മോള്? വിമാനം പറന്നാലെറിഞ്ഞ് പിടിക്കും പിന്നെയാ ഈ പീക്കിരി കറുമ്പൻകുട? എങ്ങനേലും കുട പിടിച്ചെടുത്ത് നീളൻമുടി ബാക്കിലേക്ക് സ്വൽപമല്ല സാമാന്യം നല്ല അഹങ്കാരത്തോടെ തന്നെ പിറകിലേക്ക് ഇട്ട്കൊണ്ട് " നിനക്ക് വിളിക്കാൻ കണ്ടൊരു നേരം? എന്താന്ന് വെച്ചാ പറഞ്ഞ്തൊലക്ക് " എന്ന് ചോദിക്കാനാകാതെ ....സദ്ഗുണസമ്പന്ന യെപ്പോലെ ഭവ്യതയോടെ നിന്നഎൻറ്റെ നേർക്ക് അവനൊരു കടലാസ്കഷണം നീട്ടി...കൈയിൽ വീണ വെള്ളത്തുള്ളി കൾ തുടച്ചിട്ട് കണ്ട കാഴ്ച....വായിച്ച വരികൾ...ഹോ....
തട്ടത്തിൻമറയത്തിലെ നിവിൻപോളീടെ ഡയലോഗ് തിരിച്ചിട്ടാൽ " ഓൻറ്റെ ലെറ്റർ വായിച്ചാലെൻറ്റെ പൊന്ന്കൂട്ടാരേ ചുറ്റുമുള്ളതൊന്നും കാണൂല്ലാ" ന്ന്
കടലാസിൽ കണ്ട പല വർണ്ണങ്ങൾ മനസ്സിലേക്ക് വാരിയെറിഞ്ഞത് പോലെ... I love u r Eyes....Ur eyes r soo good as u.
പെട്ടെന്ന് ആരാണ് എന്നെ "പേരില്ലാ രാജ്യത്തെ രാജകുമാരിയാക്കിയത്?"ഹാരവിടെ" എന്ന് ചോദിക്കാൻ തോന്നിയപ്പോഴേക്കും അരികിലൂടെ "പോം പോം" എന്നമറിപ്പാഞ്ഞ ഒരു പാണ്ടൻലോറി എൻറ്റെ സങ്കല്പ രാജ്യത്തെ തവിട്പൊടിയാക്കിക്കളഞ്ഞൂ.
എനിക്ക് കിട്ടുന്ന ഫസ്റ്റ് ലവ് ലെറ്റർ...നാളെ ഇതിനെക്കുറിച്ചാരോടൊക്കെ ചെണ്ട കൊട്ടി പറയണം എന്നോർത്തപ്പോ പൊട്ടിയ ലഡുക്കളുടെ എണ്ണത്തിന് കൈയ്യുമില്ല കണക്കുമില്ല.
ധടക്പടക്....ദാണ്ടേ സദാചാരബോധം കുടുംബസ്നേഹം ഒക്കെക്കൂടി പടവാളോങ്ങുന്നൂ....ഞാനാ പേപ്പർ പതിനാറ് കഷണങ്ങളാക്കി നുള്ളികീറി ചുരുട്ടി മഴയിലേക്ക് എറിഞ്ഞുകളഞ്ഞൂ. എന്നിട്ട് അവനെന്തോ കൊലപാതകം ചെയ്തെന്ന മട്ടിലൊരു നോട്ടം കണ്ണിൽ വരുത്തി ....ഉള്ളിൽ പൊട്ടിയ ലഡ്ഡൂസിനെ ചവിട്ടിയരച്ച് നടന്നകലുമ്പോ അവനെന്നെ നോക്കി നിന്നിട്ടുണ്ടാകണം...ഉണ്ടാകും ലേ?
പിറ്റേന്ന് ട്യൂഷൻക്ലാസ്സിലേക്ക് സജിതയ്ക്കൊപ്പം ആശങ്കപ്പനി പിടിച്ച് നടക്കുമ്പോ വീട്ടിലേക്കുള്ള ബസ്സ് പിടിച്ചാലോ എന്നോർക്കാതിരുന്നില്ല. വല്യഅലമ്പൊന്നുമില്ലാതെ ക്ലാസ്സ് കഴിഞ്ഞ് ആശ്വാസത്തോടെ നടക്കുമ്പോ ക്ലാസ്സിലെ ആൺപ്രജകൾ മുന്നിൽ....
"തനിക്ക് ഇഷ്ടമില്ലെങ്കി അതങ്ങ് പറഞ്ഞാ മതിയാരുന്നൂ...ഇതിപ്പോ അവൻറ്റെ അച്ഛൻറ്റെ കൈയ്യീന്നും ദിലീപ് സാറിൻറ്റെ കൈയ്യീന്നും ഒക്കെ തല്ല് വാങ്ങിക്കൊടുക്കണ്ടാരുന്നൂ..." അൽപം ദൂരെ മാറി പെരുമൺദുരന്തം കണ്ട പെരുച്ചാഴിയെപ്പോലെ എന്നെ നോക്കിക്കൊണ്ട് പൂച്ചക്കണ്ണനും നിന്നു.
പിന്നീട് പത്താംക്ലാസ്സ് അവസാനിക്കുന്നത് വരെ എന്നെയൊരു ദുർമന്ത്രവാദിയെപ്പോലെ നോക്കിയിട്ടുണ്ടാകണം ആ ഭംഗിയുള്ള പൂച്ചക്കണ്ണുകൾ.
പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത ...ഇനി ഒരിക്കലും കാണാത്ത സഹപാഠിയോട് ആ അടിയുടെ പിറകിലെൻറ്റെ കറുത്ത കരങ്ങളല്ലാരുന്നൂ എന്നെങ്ങനെ പറയാൻ?
ചില വാക്കുകൾ അങ്ങനെയാണ് ....ഒരിക്കലും വെളിച്ചം കാണാതെ...പറയേണ്ടവരോട് പറയാനാകാതെ..... മനസ്സിൻറ്റെ കടലാഴങ്ങളിൽ ആണ്ട് പോകും .

By: anamika
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo