രാവിലത്തെ പത്രമെടുത്ത് നിവർത്തുമ്പോഴാണ് ഇന്നത്തെ തീയതി കണ്ണിൽപ്പെട്ടത്...ജൂലൈ 18...
എൻറ്റെ ജീവിതത്തിലെ മറക്കാനാകാത്തൊരു വേർപാടിൻറ്റെ ദിനം.....8വർഷങ്ങൾക്ക് മുന്നേയുള്ള ആ ജൂലൈ 18 ൻറ്റെ ഓരോ നിമിഷങ്ങളും എനിക്ക് കണ്ണാടിയിലെന്നത് പോലെ കാണാം...മനസ്സ് വെറുതേ പിറകിലേക്കോടി ഓരോ നിമിഷങ്ങളെയും തലോടിയുണർത്തി...നോവ് പടരുന്ന ജൂലൈ 18....
മനസ്സ് ഒന്നിനുമല്ലാതെ 2008 ലെ ആ കറുത്ത ദിനത്തിൻറ്റെ ആരംഭവും അവസാനവും ഓർത്തെടുക്കുകയാണല്ലോ ദൈവമേ....
2008 ജൂലൈ 18**
"അമ്മേ ഞാനിറങ്ങുവാണേ" ഞാൻ വിളിച്ചുകൂകി
" ഈ പെണ്ണിൻറ്റൊരുകാര്യം ..ഇത്ര വളർന്നില്ലേടീ നീ ..ഇനിയെങ്കിലും ഒതുങ്ങിക്കൂടേ നിനക്കൊന്ന്" എന്ന അമ്മയുടെ ശകാരത്തിന് "വളരുന്തോറും ബഹളം വളരും" എന്ന് പറഞ്ഞ് തല്ല് കൊള്ളാതെ ഒഴിഞ്ഞ് മാറി കസേരമേലെ ഇട്ടിരുന്ന ഷോളെടുത്തോണ്ട് ഓടുന്ന വഴിക്ക് ഷൂ പോളിഷ് ചെയ്തോണ്ടിരുന്ന ദേവനൊരു തട്ടുംകൊടുത്ത് ആത്മസംതൃപ്തിയോടെ
മൂളിപ്പാട്ടും പാടി റോഡിലേക്ക് നടക്കുമ്പോഴാണ് ഐലൻഡ് എക്സ്പ്രസ് എന്ന് ഞാൻ വിളിക്കാറുള്ള ലക്ഷ്മിയമ്മ പിറകിൽ നിന്ന് " മോളേ പാറൂ" ന്ന് നീട്ടി വിളിക്കുന്നത്. എന്താണാവോ ...എന്നൊരു ചോദ്യഭാവത്തിൽ ഞാൻ തിരിഞ്ഞ് നിന്നു
മൂളിപ്പാട്ടും പാടി റോഡിലേക്ക് നടക്കുമ്പോഴാണ് ഐലൻഡ് എക്സ്പ്രസ് എന്ന് ഞാൻ വിളിക്കാറുള്ള ലക്ഷ്മിയമ്മ പിറകിൽ നിന്ന് " മോളേ പാറൂ" ന്ന് നീട്ടി വിളിക്കുന്നത്. എന്താണാവോ ...എന്നൊരു ചോദ്യഭാവത്തിൽ ഞാൻ തിരിഞ്ഞ് നിന്നു
"നീയറിഞ്ഞോ നിൻറ്റെ കൂട്ടുകാരി ഇല്ലേ ആർച്ച അവൾക്ക് ക്യാൻസർ ആണെന്ന്"
കാലിലൂടൊരു തീയ് പാഞ്ഞ് പുളഞ്ഞ് നെറുക വരെ എത്തിയോ?
കാലിലൂടൊരു തീയ് പാഞ്ഞ് പുളഞ്ഞ് നെറുക വരെ എത്തിയോ?
"ഇല്ല ലക്ഷ്മിയമ്മേ തമ്മിൽ കണ്ടപ്പോഴും അവളെന്നോടൊന്നും പറഞ്ഞില്ലാരുന്നൂ"
"നീയ് വിഷമിക്കണ്ടാന്ന് കരുതീട്ടാകും "
" ഉം " എന്നൊരു മൂളലിൽ നോവ് പകർന്ന് ബസ്സ്റ്റോപ്പിലേക്ക് നടക്കവേ വല്ലാത്തൊരു കനം പിടിച്ചു മനസ്സ്.
തിക്കിത്തിരക്കി ബസ്സിലേക്ക് കയറുമ്പോ
"ഉണരുമീഗാനം ഉണരുമെന്നുള്ളം" കേട്ടപ്പോ ഒന്ന് പിടഞ്ഞിട്ട് മനസ്സ് ഓർമ്മകളിലേക്ക് ഒളിച്ചോടി ....
"ഉണരുമീഗാനം ഉണരുമെന്നുള്ളം" കേട്ടപ്പോ ഒന്ന് പിടഞ്ഞിട്ട് മനസ്സ് ഓർമ്മകളിലേക്ക് ഒളിച്ചോടി ....
" ടീ ആർച്ചേ ദേ നോക്കിയെ അമീർഖാനെപ്പോലെ സുന്ദരനൊരു പയ്യൻ " മെടഞ്ഞിട്ട നീണ്ടമുടി പിറകിലേക്കിട്ട് കൊണ്ട് "നിനക്ക് വട്ടാ പാറൂ" ന്ന് പറഞ്ഞവൾ ചിരിച്ചു.
"ഉണരുമീഗാനം...." എനിക്ക് വേണ്ടി പാടിപ്പാടി മടുത്തവൾ ഒടുക്കം പറഞ്ഞു" പാറൂ ....നീ ഒറ്റയൊരുത്തി കാരണം ഞാനീ പാട്ടേ വെറുത്തുപോയീ" ന്ന്.
എന്തിനും ഏതിനും അവൾക്ക് ഞാൻ വേണമാരുന്നൂ.."തല്ലിപ്പൊളീ" ന്നുള്ള അവൾടെ വിളി കേൾക്കാൻ വേണ്ടി ഏറെ കുറുമ്പുകൾ കാട്ടിയിരുന്ന കോളേജ് ഡെയ്സ് എന്ത് രസമാരുന്നൂ.
"ണിം ...ണിം.." ഓ ഇറങ്ങേണ്ട സ്റ്റോപ്പ് ആയീ..ഓർമ്മകൾ ഈറനാക്കിയ കണ്ണ് ആരും കാണാതെ ഷോൾ കൊണ്ട് തുടച്ച് നടക്കുമ്പോൾ ക്യാൻസർ എന്ന വാക്ക് എന്നെ ഭൂതത്തെപ്പോലെ തുറിച്ചുനോക്കി.
മുഷിപ്പിക്കുന്ന ഓഫീസ് ഫയലുകൾക്കിടയിൽ നിന്ന് പടിയിറങ്ങിപ്പോയ ഓർമ്മകളെ പിന്നെ തിരികെ വിളിക്കുന്നത് പലപ്പോഴും വീട്ടിലേക്കുള്ള മടക്കയാത്രയിലാണ്.
സ്റ്റാൻഡ് ഇറങ്ങി നേരെ ആർച്ചേടെ വീട്ടിലേക്ക് നടക്കുമ്പോ അവളെ ഫെയ്സ് ചെയ്യുന്നത് എങ്ങനെയാകണംഎന്ന് പലതവണ പലതരത്തിൽചിന്തിച്ചു കൂട്ടി . "ആർദ്രം" എന്ന് വീട്ട്പേര് കൊത്തിവെച്ച വീടിൻറ്റെ അടഞ്ഞഗേറ്റിന് മുന്നിൽ നിന്ന് തിരിഞ്ഞ് നടക്കുമ്പോൾ എതിരെ വരുന്നു ജാനുവേച്ചി "ജാനുവേച്ച്യേ ഈ വീട്ടിലുള്ളോരൊക്കെ എവിടെ പ്പോയീന്നറിയ്യ്വോ? "
"യ്യോ നീ ഇത്ര വല്യ കൂട്ടുകാരി ആയിട്ടതൊന്നുമറിഞ്ഞില്ലേ? ആർച്ചമോൾക്ക് എന്തോ വയ്യായ്ക ആയിട്ട് രാവിലെ ആസ്പത്രിയിലേക്ക് കൊണ്ട് പോയതാ...ആ എന്ത് അസുഖമാണ് എന്ന് ആർക്കറിയാം? "
വാ പോയ കോടാലിക്ക് തല വെക്കാതെ വീട്ടിലേക്ക് നടക്കുമ്പോ മനസ്സിലപ്പടി പ്രാർത്ഥനകൾ നിറഞ്ഞു...എൻറ്റെ ആർച്ചക്ക് വേണ്ടി...
രാത്രിയുടെ നിശ്ശബ്ദതയെ കീറിമുറിച്ച് വീടിനെ കടന്ന് പോയ ആംബുലന്‍സ് സൈറൺ അന്തരാളങ്ങളിലൊരു സ്ഫോടനം നടത്തുന്നത് അസ്വസ്ഥതയോടെ ഞാനറിഞ്ഞു.
"ഓം . ഹരി..ഓം...ഹരി...ഓം " ആരാണപ്പാ ഈ സമയത്ത് ഇപ്പോ കോളിങ് ബെല്ലടിക്കാൻ? ശ്ശെടാ ഗേറ്റ് പൂട്ടാൻ വരുവാരുന്നൂ എന്നൊക്കെ പറഞ്ഞോണ്ട് അമ്മ കതക് വലിച്ച്തുറന്നു..
"ആ...രമേശനാരുന്നോ... എന്നതാടാ ഈ നേരത്ത്?"
"അത് ചേച്ചീ നമ്മുടെ ആർച്ച മരിച്ചു.. ബോഡി കൊണ്ട് വന്നിട്ടുണ്ട്.അത് പറയാൻ വന്നതാ"
എൻറ്റെ കാതുകൾ കൊട്ടിയടക്കപ്പെട്ടത് പോലെ.....ആരാണ് എന്നെ താങ്ങിയത്... "മുഖത്ത് വെള്ളം തളിക്കെടാ..ഷോക്ക്ഡ് ആയതിൻറ്റെയാ" അച്ഛൻ പറയുന്നത് കേൾക്കാം
തലയിൽ തടവുന്നുണ്ട് അമ്മ ..."മോളേ
നമുക്ക് പോകണ്ടേ അവളെ കാണാൻ"
നമുക്ക് പോകണ്ടേ അവളെ കാണാൻ"
"ഇല്ല ഞാൻ വരണില്ല അവള് മരിച്ചിട്ടില്ല ഞാൻ വരില്ല"
"മോളേ......."
"ഷീലേ. ...മോളെ നിർബന്ധിക്കണ്ട...നീ പോയിട്ട് വാ...അവൾക്ക് വിഷമംണ്ടാകും"
കണ്ണ് നിറഞ്ഞൊഴുകുമ്പോഴും ജീവനില്ലാത്ത അവളെ കാണണ്ടാ ന്നൊരു വാശി .... ഞാൻ ചെല്ലുമ്പോ ചിരിയോടെ അവളെഴുന്നേറ്റ് വരുമെന്ന പ്രതീക്ഷയെ തോൽപ്പിച്ച് ചിരിച്ചു...
കേട്ടറിവുകൾ മാത്രമുള്ള ക്യാൻസർ കരുവാളിപ്പിച്ച നിൻറ്റെ മുഖമെനിക്ക് കാണണ്ട. ..നീ എന്നോട് മാത്രമായി പറഞ്ഞ നിൻറ്റെ സ്വപ്നങ്ങൾ പൂർത്തിയാക്കാതെ ....മടങ്ങിപ്പോകേണ്ടിവന്നു നിനക്ക് ല്ലേടീ? ഇനിയൊരിക്കലും തല്ലിപ്പൊളീ ന്ന് വിളിച്ച് നീ ചിരിക്കുന്നത് കാണാനെനിക്ക് പറ്റില്ല ല്ലേടീ? എത്ര പെട്ടെന്നാടീ ഒരു വാക്ക് പോലും മിണ്ടാതെ നീ പോയത്? ഒരു നൂറ് സങ്കടങ്ങൾ കടൽപോലിളകിയാർത്ത്
കണ്ണിലൂടൊഴുകി...കാഴ്ചകൾ പലതും മങ്ങലായ്. ..
കണ്ണിലൂടൊഴുകി...കാഴ്ചകൾ പലതും മങ്ങലായ്. ..
2016 ജൂലൈ 18**
ഓർമ്മകളിലേക്ക്..... .ഇന്നത്തെപ്പോലെ ..അപ്പോഴുമെപ്പോഴും.... കൊത്തങ്കല്ല് കളിക്കാനും താഴെപ്പറമ്പിലെ മാങ്ങ എറിഞ്ഞ്, കൊത്തിയരിഞ്ഞ് ഉപ്പുംമുളകും എണ്ണയും ചാലിച്ച് കഴിക്കാനും തോട്ടിലെ വെള്ളം ചവിട്ടിത്തെറിപ്പിക്കാനും ഒപ്പം കൂടാറുണ്ടായിരുന്ന ആർച്ച പുഞ്ചിരിച്ചോണ്ട് നടന്ന് കയറി...
പത്രം ടീപ്പോയിൻമേലേക്കിടുമ്പോഴുംകണ്ണീർ തുളുമ്പിത്തൂകിക്കൊണ്ടേയിരുന്നൂ...
ആർച്ച ...എനിക്കായ് പകുത്തുതന്ന സൗഹൃദത്തിൻറ്റെ മായാത്ത ചിരിയോർമ്മകൾ നിലയ്ക്കാതിരിക്കട്ടെ എന്ന പ്രാർത്ഥനപോലെ ......
By: Anamika

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക