Slider

മൗനം.

0

എന്ത് പറ്റി എന്റെ കുട്ടീ നിനക്ക്? ഇപ്പോൾ നിന്റെ സ്വരം കേട്ടിട്ടെത്ര ദിവസമായി ? നിന്റെ കളിയും ചിരിയുമെല്ലാം എവിടെ പോയി? എന്റെ മെസേജിനൊന്നും മറുപടിയില്ല. വിളിച്ചാൽ മൊബൈലെടുക്കില്ല. വീട്ടിലേക്ക് വിളിച്ചാൽ കുറെ മൂളലും ഓകെയിലും എല്ലാം നിന്റെ സംസാരമൊതുങ്ങുന്നു.
ഞാൻ ഒന്നു ചോദിച്ചോട്ടെ? മുൻപ് പലവട്ടം ചോദിച്ചതാണ്. അന്നെല്ലാം ചിരിച്ച് കൊണ്ട് നീ ഒഴിഞ്ഞുമാറി.
" എനിക്ക് ഭ്രാന്തല്ലേ ചേച്ചീ ഇനി അവനെ പ്രേമിക്കാൻ " എന്നാണ് നീ ചോദിച്ചത്. ഇങ്ങനെ ചിന്തിക്കാൻ എനിക്ക് വട്ടാണോ എന്നും ഒരിക്കൽ നീ ചോദിച്ചിരുന്നു.
എന്നാലും ചോദിക്കുകയാണ്. സ്നേഹിച്ചിരുന്നോ നീ അവനെ? വീടിന്റെ പൂമുഖത്ത് വെള്ളപുതപ്പിച്ച് കിടത്തിയ അവന്റെ മുമ്പിൽ കരയാൻ പോലുമാകാതെ നിന്നപ്പോഴാണ് നിന്നെ ഞാനവസാനമായി കണ്ടത്. അതിനു ശേഷമാണ് നീ ഈ മൗനത്തിലൊളിക്കാൻ തുടങ്ങിയത്. എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറാൻ തുടങ്ങിയത്.
എനിക്ക് നിന്നെയറിയാമായിരുന്നു, അവനേയും. അല്ലെങ്കിൽ അങ്ങനെ ഞാൻ കരുതി. ഇപ്പോൾ രണ്ടു പേരും എന്നെ തോൽപിച്ചിരിക്കുന്നു. സ്വയം മരണത്തെ വരിച്ച് അവനും അതിനു ശേഷം തന്നിലേക്കൊതുങ്ങി കൂടി നീയും.
പ്രണയനൈരാശ്യത്തിൽ ഒരിക്കൽ ആത്മഹത്യക്കൊരുങ്ങിയ അവനെ തിരിച്ച് ജീവിതത്തിലേക്ക് കൈ പിടിച്ച് നടത്തിയത് നീയാണ്. ഒരു സുഹൃത്തിന്റെ കടമ നിറവേറ്റുന്നു എന്നാണ് നീ അന്ന് പറഞ്ഞത്. പിന്നീടെപ്പോഴോ നിന്റെ സംസാരത്തിൽ സ്ഥാനം തെറ്റിയവൻ കയറി വന്നു. പിന്നെ അവനെ പറ്റി മാത്രം സംസാരിച്ചിരുന്ന ദിവസങ്ങൾ. അന്നൊരിക്കലാണ് ആദ്യമായി ഞാൻ നിന്നോടിത് ചോദിക്കുന്നത്. അല്ലെ?അവനെ ഇഷ്ടമാണെന്ന് എന്നെങ്കിലും നീ പറഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ പിന്തിരിപ്പിക്കാൻ ശ്രമിക്കുമായിരുന്നു.
ചെറിയ ക്ലാസ്സ് മുതൽ നിന്റെ അടുത്ത സുഹൃത്തായിരുന്നില്ലെ അവൻ. അത്രയും നിന്നെ അറിഞ്ഞിട്ടും അവൻ നിന്നെ പ്രണയിച്ചിരുന്നില്ല. അവന്റെ ഹൃദയം കവർന്നത് കോളേജിലെ സഹപാഠിയായ പ്രിയയാണ്. അപ്പോഴും നീ അവന് നല്ലൊരു സുഹൃത്ത് മാത്രമായിരുന്നു. പിന്നീട് ഒരു നിസാര കാരണം പറഞ്ഞ് അവൾ അവനെ വിട്ടുപോയി. അപ്പോഴും അവന് താങ്ങായി നിന്നത് നീയാണ്.
ഒരു ബന്ധം തകരുമ്പോൾ ചിലർ ഇനിയൊരു പ്രണയമോ വിവാഹമോ വേണ്ടെന്ന് വയ്ക്കുന്നത് നീ കണ്ടിട്ടുണ്ടാകും. പക്ഷെ പ്രണയം ഒരു ലഹരിയായവരുമുണ്ട്. അവനും അതുപോലെയായിരുന്നു. പ്രിയയെ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ഏകാന്തത താങ്ങാനാവാതെ വേദനിച്ചപ്പോഴാണ് നീ അവന് നേരെ സഹായഹസ്തം നീട്ടിയത്.
ആ സൗഹൃദത്തിലും അവൻ പ്രണയമാണ് തിരഞ്ഞത്. നിന്നിലവൻ കാണാൻ ശ്രമിച്ചതും പ്രിയയെ ആണ്. നീയും അവനുവേണ്ടി മാറാൻ ശ്രമിച്ചിരുന്നോ? ഞാൻ ശ്രദ്ധിച്ചിരുന്നു നിന്നിൽ വന്ന മാറ്റങ്ങൾ. രൂപത്തിലും ഭാവത്തിലും മറ്റാരൊക്കെയോ ആവാനുള്ള നിന്റെ ശ്രമങ്ങൾ.
പക്ഷെ അതൊരിക്കലും വിജയിക്കുകയില്ലായിരുന്നു. ഒരാൾക്കും പൂർണ്ണമായി സ്വന്തം സത്ത മറന്ന് മറ്റൊരാളാവാനാവില്ല. നീ നീ മാത്രമാണ്. നിനക്കൊരിക്കലും പ്രിയയാവാൻ കഴിയില്ലെന്ന് അവനും മനസ്സിലായിരുന്നോ?
തന്റെ പ്രണയം എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന തിരിച്ചറിവാണോ നിന്നേ കൂടി വേദനിപ്പിച്ചതിലുള്ള കുറ്റബോധമാണോ ആ കെട്ടിടത്തിന്റെ മുകളിൽ നിന്ന് തന്റെ മരണത്തിലേക്ക് പറക്കുവാൻ അവനെ പ്രേരിപ്പിച്ചത്?
ഇതാണോ നിന്റെ മൗനത്തിന് കാരണം? ആണെങ്കിൽ ഈ ഏകാന്തത നിന്നെ കൂടുതൽ വേദനിപ്പിക്കും. നീ സ്വയം തീർത്ത വാത്മീകത്തിൽ നിന്ന് പുറത്ത് വരേണ്ടിയിരിക്കുന്നു. എന്നോട് നീ ഒന്നും പറയണമെന്നില്ല. പക്ഷെ നിന്നിലെ മാറ്റം കണ്ട് വേദനിക്കന്ന രണ്ടാത്മക്കളുണ്ട് നിന്റെ വീട്ടിൽ. നിന്നെ മനസ്സിലാക്കാൻ അവരെ കഴിഞ്ഞേ ആരുമുള്ളൂ എന്ന് നീ തന്നെ അല്പം അഹങ്കാരത്തോടെ പറയാറുളള നിന്റെ അച്ഛനും അമ്മയും.അവരോടെങ്കിലും ഒന്നു തുറന്നു പറഞ്ഞു കൂടെ? നിന്നെ ഈയവസ്ഥയിൽ സഹായിക്കാൻ കഴിയുന്നതും അവർക്കാണ്.
ഇനി ഇതെല്ലാം നീ പറയുന്ന പോലെ എന്റെ ഒരു ഭ്രാന്തൻ ചിന്ത മാത്രമാണെങ്കിൽ എന്നെ ഒന്ന് വിളിക്കാമോ നിനക്ക്, എന്നെ കളിയാക്കാനാണെങ്കിലും കൂടി. നിന്റെ സ്വരവും ചിരിയും ഒരിക്കൽ കൂടി കേൾക്കട്ടെ ഞാൻ. അപ്പോൾ എന്റെ കാടുകയറിയ ഭാവനയോർത്ത് എനിക്കും ചിരിക്കണം നിന്നോടൊപ്പം

By: HidyRose
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo