നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആമ (കഥ )


°°°°°° °°°°°°°
നഗരത്തിൽ അന്നും അശാന്തിയുടെ നീണ്ട മണിക്കൂറുകളായിരുന്നു.
കിലോമീറ്ററുകളോളം നീണ്ട വാഹനങ്ങളുടെ നിര. അവയ്ക്കുള്ളിൽ അക്ഷമരായിരിക്കുന്ന മനുഷ്യ മനസ്സുകൾ. അവരുടെ വേദനകളും ഭയങ്ങളും, വാഹനങ്ങൾ പുറന്തള്ളുന്ന വിഷപ്പുകയോട് ചേർന്നു, നഗരത്തിനു മീതെ കറുത്തൊരു ആകാശ മേലാപ്പു തീർത്തു. യന്ത്രങ്ങളുടെ ഭീതിദമായ ഇരമ്പലുകൾ മാത്രം അവിടെ മുഴങ്ങിക്കേട്ടു. എല്ലാ യാതനകളും ഉള്ളിലൊതുക്കി, എല്ലാത്തിനും മൂക സാക്ഷിയായി, റോഡുകൾ അനങ്ങാതെ നീണ്ടു നിവർന്നു കിടന്നു.
ലക്ഷ്യത്തിലെത്താൻ ഏറെ വൈകുമെന്ന തിരിച്ചറിവിൽ നിന്ന്, ലക്ഷ്യത്തിൽ ഒരിക്കലും എത്തില്ല എന്ന വിഭ്രാന്തിയിലേക്കടി തെറ്റി വീണ മനസ്സുമായി ജനങ്ങൾ പരസ്പരം കലഹിച്ചു. തൊട്ടു മുന്നിലെ വാഹനത്തിന്റ പിറകിൽ സ്വന്തം വാഹനം കൊണ്ടിടിച്ചു, തള്ളി നീക്കാൻ അവർ ശ്രമിച്ചു. വാഹനങ്ങളുടെ ചില്ലുകൾ തകർന്നു, പളുങ്കു മണികൾ പോലെ റോഡിലെങ്ങും ചിതറി.അവ പ്രതിഫലിപ്പിച്ച വെളിച്ചമായിരുന്നു, ആ നരകാന്ധകാരത്തിലെ ഒരേയൊരു പ്രതീക്ഷയുടെ പൊൻ തിളക്കം.
ചില്ലുകൾക്കു മീതെ സൂക്ഷ്മതയോടെ പാദങ്ങൾ വെച്ചു കൊണ്ട്, വൈകിയെത്തിയതിനു പ്രധാനാധ്യാപകന്റെ ശകാരം എങ്ങനെയായിരിക്കുമെന്നു പേടിച്ചു നടന്നിരുന്ന സ്കൂൾ കുട്ടികളാണ് ആ കാഴ്ച്ച ആദ്യം കണ്ടത്. ട്രാഫിക് കുരുക്കിൽ സ്റ്റീയറിങ് വളയം പൊട്ടി തകരാറിലായി കിടപ്പിലായ, പാചക വാതകം മുതുകിൽ ചുമക്കുന്ന പടു കൂറ്റൻ ബുള്ളറ്റ് ടാങ്കറിനടിയിൽ, ഒരു ആമ.
കുട്ടികൾ ആർത്തു വിളിച്ചു... ആമ... ആമ...
സ്കൂളിനെ അവർ മറന്നു. പ്രധാനാധ്യാപകന്റെ ശകാരം അവർ മറന്നു. ആമ മാത്രമായി അവരുടെ ചിന്ത. എങ്ങനെയെങ്കിലും അതിനെ പിടികൂടണമെന്ന വാശിയോടെ ഒരു കുട്ടി, പുറത്ത് വഹിച്ചിരുന്ന പടുകൂറ്റൻ ബാഗ്‌, നിലത്തെറിഞ്ഞു, ലോറിക്കടിയിലേക്ക് നുഴഞ്ഞു കയറി.
മുട്ടിലിഴഞ്ഞു കൊണ്ട് തന്നെ സമീപിക്കുന്ന കുട്ടിയെ കണ്ട നിമിഷത്തിൽ തന്നെ ആമ തല ഉള്ളിലേക്ക് വലിച്ചു.ആശങ്കയോടെ പതുക്കെ പതുക്കെ കൈകൾ നീട്ടി അവനതിനെ എടുത്തു, പുറത്ത് കൊണ്ട് വന്നു.
കൂട്ടം കൂടി നിന്ന കുട്ടികൾക്കൊപ്പം മുതിർന്നവരും ചേർന്നു. കുരുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാരും യാത്രക്കാരും കൂട്ടം കൂടി നിൽക്കുന്ന ശിരസ്സുകൾക്കു പിന്നിലെ ശിരസ്സുകളായി പെരുകിക്കൊണ്ടേയിരുന്നു.
കുട്ടികൾ, ആമയുടെ തല പുറത്തു വരുത്താനുള്ള ശ്രമത്തിലായിരുന്നു.
കോൺക്രീറ്റ് കാടുകൾ തിങ്ങി വളരുന്ന, ഓരോ ഇഞ്ച് മണ്ണും ടൈൽ പാകി മൂടിയ കിലോമീറ്ററുകൾക്കകലെ പോലും ഒരു തോടോ പുഴയോ ഇലാത്ത ആ മഹാനഗരത്തിൽ എവിടെ നിന്ന് വന്നു ഈ ആമ? ജനങ്ങൾക്കറിയേണ്ടത് ആ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു. ആർക്കും അതിനുത്തരമുണ്ടായിരുന്നില്ല..
മുതിർന്നവരുടെ ചോദ്യം കുട്ടികളും ഏറ്റുപിടിച്ചു.
--നീ എവിടെ നിന്ന് വന്നു... തല പുറത്തു കാട്ടി ഉത്തരം പറഞ്ഞില്ലെങ്കിൽ, സ്കൂളിലെ ലാബിൽ കൊണ്ട് പോയി ഫോർമാലിൻ ലായനിയിൽനിന്നെ ഇട്ടുവെക്കും...
--അരുതേ...
ആ ശബ്ദത്തിന്റെ ഉറവിടം തേടി എല്ലാ ശിരസ്സുകളും വട്ടം കറങ്ങി.
പെട്ടെന്ന് കുട്ടികളുടെ ആരവമുയർന്നു.
--ആമ തല പുറത്തിട്ടേ.. അവർ ആർത്തു വിളിച്ചു...
--എന്നെ കൊല്ലരുതേ....
വീണ്ടും ഒരു ശബ്ദം....
എവിടെ നിന്നെന്നറിയാത്ത ആ ശബ്ദം ആമ യുടെ വായിൽ നിന്നാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് കുട്ടികളായിരുന്നു...
--നീ എവിടെ നിന്ന് വന്നു... വേഗം പറയൂ.....
--ഞാൻ ടെക്നോ പാർക്കിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്.പുലർച്ചെ മുതൽ ഈ വാഹനനിരയുടെ ഏറ്റവും പിന്നിൽ,എന്റെ ബൈക്കിൽ ക്യൂ നിൽക്കുകയായിരുന്നു ഞാൻ. .. ഇഴഞ്ഞു... ഇഴഞ്ഞു ഞാൻ ഒരു ആമയായി മാറി...
--കേട്ട വാക്കുകൾ വിശ്വസിക്കുവാനാവാതെ, അതിന്റെ ഞെട്ടലോടെ നിന്ന കുട്ടികൾക്ക് മുന്നിൽ നിന്ന് റോഡിന്റെ വലതു വശത്തേക്ക് ആമ ഇഴഞ്ഞു നീങ്ങി.
ആമ ഇഴഞ്ഞു ചെന്നത് ഒരു സ്‌കാനിയ ബസിന്റെ അടിയിലേക്കായിരുന്നു. അപ്പോഴേക്കും റോഡിലെ വാഹന നിര അല്പാല്പമായി അനങ്ങിത്തുടങ്ങിയിരുന്നു.നിമിഷങ്ങൾക്കുള്ളിൽ ബസിന്റെ പിന്നിലെ ഇരട്ട ചക്രങ്ങൾ ആമയുടെ മീതേ കയറിയിറങ്ങി...
അപ്പോഴും വാഹന നിരയുടെ ഏറ്റവും പിന്നിൽ, റോഡരികിൽ ഒരു പുത്തൻ ഹോണ്ട യൂണികോൺ ബൈക്ക് മറിഞ്ഞു വീണ നിലയിൽ കിടക്കുന്നുണ്ടായിരുന്നു. സമീപത്തായി ഒരു ലാപ്ടോപ് ബാഗും കിടന്നിരുന്നു...
°°°°°°°°°°°°°°°°
സായ് ശങ്കർ
°°°°°°°°°°°°°°°

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot