Slider

അവൾ പ്രതികരിച്ചപ്പോൾ

0
........
"സംസാരിക്കാൻ താൽപ്പര്യമില്ലെങ്കിൽ നീ ഫോൺ വെച്ചോ ജെനി ... നാടും വീടും വിട്ടു ഈ മരുഭൂമിയിൽ നിൽക്കുന്നത് എത്ര വിഷമിച്ചാണെന്നു നിനക്കറിയാവുന്നതല്ലേ... അതിനിടക്ക് ഒരു ആശ്വാസത്തിന് വീട്ടിലേക്കു വിളിക്കുമ്പോ നിനക്കെന്നോടൊന്നു ഉള്ളുതുറന്ന് മിണ്ടാൻ കൂടെ നേരമില്ല...എന്നും മൂടികെട്ടലും, മുഖം വീർപ്പിക്കലും " കുറച്ചു ദിവസമായി കാണുന്നു... ഉള്ളിലുള്ള അമർഷം വാക്കുകളായി സെബിച്ചനിൽ നിന്നും പുറത്തേക്കു വന്നു...
"അതു സെബിച്ചാ ... നല്ല തലവേദന... " ഞാൻ ഉരുണ്ടു കളിച്ചു...
"തലവേദന ഇന്നല്ലേ.. കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു നിന്റെ ഉഷാറില്ലായ്മയും, താല്പര്യക്കുറവുമൊക്കെ.. ഇരുപത്തിനാലുമണിക്കൂറും ഓൺലൈനിൽ ഇരിക്കാൻ നിനക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകാറില്ലല്ലോ അല്ലേ.." എന്തൊക്കെയോ പിറുപിറുത്തു ദേഷ്യത്തിൽ സെബിച്ചൻ ഫോൺ കട്ട്‌ ചെയ്തു...
ഫോൺ ബെഡിലേക്കിട്ടു നിസ്സംഗമായ മനസ്സോടെ ഞാൻ ചെയറിലേക്ക് ഇരുന്നു... ബെഡിൽ കിടന്നുറങ്ങുന്ന രണ്ടു വയസ്സുകാരിയായ ആമിമോളുടെ മുഖം കണ്ടപ്പോൾ ഉള്ളിൽ തളം കെട്ടിക്കിടന്ന പേടിയും, വിഷമവും കണ്ണീരായി എന്നിൽ നിന്നും പുറത്തേക്കൊഴുകാൻ തുടങ്ങി...
പെട്ടന്നാണ് മൊബൈൽ ശബ്‌ദിച്ചതു.. അതെ അവൻ തന്നെ വിവേക് ... വിറയലോടെ ഞാൻ ഫോൺ കയ്യിലെടുത്തു...
നിന്റെ ഫോണിൽ ഞാൻ കുറച്ചു ഫോട്ടോസ് അയച്ചിട്ടുണ്ട്... ഇനി നിനക്ക് തീരുമാനിക്കാം ഞാൻ പറഞ്ഞത് അനുസരിച്ചു ജീവിക്കണോ... അതോ.. വികലമായ ചിരിയോടെ അവൻ ഫോൺ വെച്ചു...
ഭീതിയോടെ ഞാൻ വിവേകിന്റെ വാട്സ്ആപ്പ് മെസ്സേജുകൾ ഓപ്പൺ ചെയ്തു...
എല്ലാം എന്റെയും , അവന്റെയും ഫോട്ടോസ് ആണ്... ഫോണിലേക്കു നോക്കാനറച്ചു.... ഒന്ന് കരയാൻ പോലുമാകാതെ കാൽമുട്ടിൽ മുഖം പൂഴ്ത്തി ഞാനിരുന്നു...
കോളേജ്പ്രണയത്തിലെ നായകൻ വർഷങ്ങൾക്കു ശേഷം സഹപ്രവർത്തകനായി വന്നപ്പോൾ ആദ്യമൊക്കെ സംസാരിക്കാൻ തന്നെ മടി ആയിരുന്നു.. പിന്നീട് പതിയെ സംസാരിച്ചു തുടങ്ങിയപ്പോൾ... അവനിപ്പോഴും അവിവാഹിതനാണെന്നും, മറ്റൊരു പെണ്ണിനെകുറിച്ച് ഈ ജന്മം ചിന്തിക്കാൻ സാധിക്കില്ലെന്നും പറഞ്ഞപ്പോൾ ഞാനാകെ ഉലഞ്ഞു പോയി... എങ്ങനെയെങ്കിലും സാന്ത്വനിപ്പിച്ചു നല്ലൊരു ജീവിതത്തിലേക്ക് അവനെ പറഞ്ഞു വിടണം എന്ന ചിന്തയോടെ പതുക്കെ അവനിലേക്കടുത്തു... പക്ഷെ അവന്റെ മനസ്സ് എന്നിലേക്കും, ഞങ്ങളുടെ പ്രണയകാലത്തേക്കുമാണ് ചായുന്നതെന്നു മനസ്സിലാക്കിയപ്പോൾ ഞാൻ പതുക്കെ ഒഴിഞ്ഞുമാറി തുടങ്ങി...
കരഞ്ഞും, കാലുപിടിച്ചും അപേക്ഷിച്ചും വീണ്ടും അവനെന്നിലെക്ക് അടുക്കാൻ ശ്രമിച്ചിട്ടും നടക്കാതെ വന്നത് കൊണ്ട് ഭീഷണിയുടെ സ്വരമാണ് ഇപ്പോൾ ... ആദ്യമൊക്കെ ചത്തു കളയും എന്നു പറഞ്ഞവൻ ഇപ്പൊ ഞങ്ങൾ കോളേജ് കാലത്തെടുത്ത ഫോട്ടോസും, ഇപ്പോഴത്തെ ഫോട്ടോസുമൊക്കെ കാണിച്ചു ഭീഷണിയാണ്.. ഒപ്പം മോർഫ് ചെയ്ത നഗ്ന വിഡിയോസും, ഫോട്ടോസുമൊക്കെ ആയി... അവന്റെ ഇങ്കിതത്തിനു വഴങ്ങിയില്ലെങ്കിൽ എല്ലാം സെബിച്ചന്‌ അയച്ചു എന്റെ ജീവിതം തകർക്കുമെന്ന ഭീഷണി....കൂടെ എല്ലാം നെറ്റിൽ അപ്‌ലോഡ് ചെയ്തു മാനം കെടുത്തുമെന്നതു വേറെ....
വേണ്ടതിൽ കൂടുതൽ സ്വാതന്ത്ര്യം അന്യ പുരുഷന് നൽകിയ എന്നെ പറഞ്ഞാൽ മതിയല്ലോ...
വീണ്ടും ഫോൺ ചിലച്ചു തുടങ്ങിയപ്പോഴാണ് ഞാൻ ബോധത്തിലേക്ക് വന്നത്... വിവേക് തന്നെയാണ്...
ഇഷ്ടപ്പെട്ടോ നിനക്ക് നമ്മുടെ കാമകേളികൾ എല്ലാം... അവൻ വീണ്ടുമാ കൊലച്ചിരി ചിരിച്ചു..
വിവേക്... അതൊക്കെ മോർഫ് ചെയ്ത ചിത്രങ്ങളാണെന്നു എനിക്കും നിനക്കും വ്യക്തമായി അറിയാം... പരിശോധിച്ചാൽ ആർക്കും ബോധ്യപ്പെടാവുന്ന കാര്യം... അതുവെച്ചു നീ എന്നെ ഭീഷണിപ്പെടുത്താൻ നോക്കണ്ട.. പിന്നെ അതു പുറംലോകം കണ്ടാൽ എന്നെ മാത്രമല്ല ബാധിക്കുക ... മറക്കണ്ട നീ.. ക്രോധത്തോടെ ഞാൻ പറഞ്ഞു..
ആ വൃത്തികെട്ട ചിരി വീണ്ടും അവനിൽ നിന്നുയർന്നു...ആ ഫോട്ടോസ് സത്യമോ, നുണയോ ആകട്ടെ... പക്ഷെ ഭാര്യയുടെ അത്തരത്തിലൊരു ചിത്രം നെറ്റിൽ വന്നു നാലാൾ കണ്ടാൽ അവളെ അടിച്ചു വീടിനു വെളിയിലാക്കിയിട്ടേ ഏതു ആണും അതിന്റെ സത്യം അന്വേഷിച്ചിറങ്ങു... ഇനി നീ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെട്ടാൽ പോലും അവൻ നിന്നെ സ്വീകരിക്കുമെന്ന് തോന്നുന്നുണ്ടോ... പ്രത്യേകിച്ച് നീ വേറൊരു ആണിനോട് സംസാരിക്കുന്നത് പോലും ഇഷ്ടമില്ലാത്ത നിന്റെ സെബിച്ചൻ ... പൊസ്സസ്സീവും ക്ഷിപ്രകോപിയുമായ നിന്റെ പ്രിയപ്പെട്ടവന് സഹിക്കാനാകുമോ ഇതൊക്കെ...
അതുമാത്രമല്ല നാലാളറിഞ്ഞാൽ നിന്റെ സ്വന്തം വീട്ടിൽ പോലും നീ അധികപ്പറ്റാകും.. നിന്റെ മോളെയൊന്നു കാണാൻപോലും നിനക്ക് സാധിച്ചില്ലെന്ന് വരും... ആലോചിക്കൂ അതൊക്കെ എന്നെ കൊണ്ട് ചെയ്യിക്കണോ അതോ നല്ലകുട്ടിയായി എനിക്ക് വഴങ്ങുന്നോ എന്നു...
പിന്നെ എന്റെ മാനം പോകുന്ന കാര്യം... ഒരാണിന്റെ മാനം പോയാൽ ആര് ശ്രദ്ധിക്കാൻ.. മാനവും ചീത്തപേരുമെല്ലാം പെണ്ണിനുള്ളതല്ലേ
... അതും പറഞ്ഞു പരിഹസിച്ചവൻ ഫോൺ വെച്ചു...
എന്തു ചെയ്യണമെന്നറിയാതെ ഒരു ഭ്രാന്തിയെപ്പോലെ എന്തൊക്കെയോ ഞാനാലോചിച്ചു കൂട്ടി... സെബിച്ചനിതൊക്കെ അറിഞ്ഞാൽ... നഗ്ന ഫോട്ടോസ് മോർഫ് ചെയ്തതാണെന്ന് പറയാം പക്ഷെ ബാക്കിയുള്ള... എന്തുത്തരം ഞാൻ പറയും ... പഴയ കാമുകനെ വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ വീണ്ടും അവനുമായി ചേർന്ന് ഇച്ചനെ വഞ്ചിച്ചെന്ന് കരുതിയാൽ... പറഞ്ഞത് പോലെ വിവേകാ ഫോട്ടോസ് അപ്‌ലോഡ് ചെയ്‌താൽ... ഇല്ല എല്ലാവരുടെയും മുന്നിൽ ഒരു അപരാധിയായി ജീവിക്കാൻ എനിക്കാവില്ല...
ഒരാളെ ക്രൂശിക്കാനൊരു കാരണം കാത്തു നിൽക്കുന്ന സമൂഹം ഇതൊക്കെ കേട്ടാൽ അതിന്റെ സത്യമന്വേഷിക്കാനൊന്നും പോകില്ല...
മനസ്സിൽ ചിലതൊക്കെ ആലോചിച്ചിറപ്പിച്ചു ഞാൻ എണിറ്റു അലമാരിയിൽ നിന്നൊരു സാരിയെടുത്തു കുരുക്കിട്ട് ഫാനിൽ കെട്ടി...
ആമിമോളെ എടുത്തു തുരുതുരെ ഉമ്മവെച്ചു താഴെ കൊണ്ട് പോയി ഇച്ചന്റെ അമ്മച്ചിയെ ഏൽപ്പിച്ചു... തലവേദനിച്ചിട്ടു വയ്യ അമ്മച്ചി കുളിച്ചൊന്നു കിടന്നിട്ടു വരാം എന്നു പറഞ്ഞു റൂമിലേക്ക്‌ തിരിച്ചു പോരുമ്പോൾ പൊട്ടി പോകാതിരിക്കാൻ ഞാൻ പാടുപെടുന്നുണ്ടായിരുന്നു...
ഇച്ചന്റെ ഭാര്യയായി ജീവിക്കാൻ അർഹതയില്ലാത്തവളാണ് ഞാൻ.. ഇനി ഞാൻ ജീവിച്ചിരുന്നാൽ അതെല്ലാവർക്കും അപമാനം മാത്രമേ സമ്മാനിക്കൂ .. എന്റെ മോൾക്ക്‌ വരെ ഞാൻ വെറുക്കപ്പെട്ടവളാകും.. എന്തൊക്കെയോ ഭ്രാന്തമായ ചിന്തകൾ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു...
കുരുക്കെടുത്തു കഴുത്തിലിടുമ്പോഴും ഒരു പരിഭ്രമവും എനിക്ക് തോന്നിയില്ല .. ഏതാനും ചില പിടച്ചിലുകൾ... അത്രമാത്രം... ജീവിതത്തിനും മരണത്തിനുമിടക്കുള്ള ദൂരം ഒരു സാരിത്തുമ്പിൽ തീർത്തു നാക്കും തള്ളി, കണ്ണുന്തി ഞാൻ കിടന്നു...
അമ്മച്ചി വിളിച്ചിട്ടും വാതിൽ തുറക്കാതായപ്പോൾ ആരൊക്കെയോ ചേർന്ന് വാതിൽ ചവിട്ടി പൊളിച്ചു ... തൂങ്ങി നിൽക്കുന്ന എന്നെ കണ്ടതും അമ്മച്ചിയുടെ ബോധം മറഞ്ഞു..
പോലീസെത്തി ആരൊക്കെയോ ചേർന്ന് കഴുത്തിലെ കുരുക്ക് മുറിച്ചെന്നെ തറയിൽ കിടത്തി... ശവത്തിന്റെ കൈ നോക്ക്... കാലു നോക്ക്... അങ്ങനെ എല്ലാവർക്കും ഞാൻ വെറും ശവമായി മാറി.. അടുത്ത പരിപാടി...
അസ്വാഭാവിക മരണമായതു കൊണ്ട്... പോലീസ് ഇൻക്യുസ്റ്റ്..
ശരീരത്തിൽ നിന്ന് വസ്ത്രങ്ങളഴിക്കുമ്പോൾ അരുതേ എന്നു നെഞ്ചുപൊട്ടി തേങ്ങിയത് ഉള്ളിൽ കുരുങ്ങി പുറത്തേക്കു വരാതിരുന്നു... ഒരാളുമായി കിടക്ക പങ്കിടുന്ന വ്യാജ വീഡിയോ പലരും കാണുമെന്നു ഭയന്ന് ജീവൻ വെടിഞ്ഞ എന്റെ നഗ്നത പലരും കാണുന്നു... തൊടുന്നു.. പരിശോധന നടത്തുന്നു... ഉള്ളിലിരുന്നു അരുതേ എന്നു അലറി കരഞ്ഞത്... എന്റെ നാണം മറക്കാൻ എന്തെങ്കിലും നൽകു എന്നു തേങ്ങിയത് ശവത്തെ തൊടുന്ന ആരും കേട്ടില്ല.. ചെയ്തത് എടുത്തു ചാട്ടമായി പോയോ എന്നു എനിക്ക് തോന്നിത്തുടങ്ങി...
പരിശോധനക്ക് ശേഷം ശരീരത്തിലൊരു വെള്ളത്തുണിയും ഇട്ടു സ്‌ട്രെച്ചറിൽ ആംബുലൻസിലേക്കു എടുത്തപ്പോഴേക്കും വീടും പരിസരവും വിവരമറിഞ്ഞെത്തിയവരെ കൊണ്ട് നിറഞ്ഞിരുന്നു..
അടുത്തതു പോസ്റ്റുമാർട്ടം ടേബിളിലെ കിടപ്പായിരുന്നു... നഗ്നയായി കിടന്ന എന്റെ തലയിൽ ഒരു ദാക്ഷണ്യവും ഇല്ലാതെ ആരോ കൂടം കൊണ്ട് ആഞ്ഞടിച്ചു... പൊട്ടിപിളർന്ന തലയിൽ നിന്നു അവരെന്തോ...കർത്താവേ തലച്ചോറ്... അതിലും നിർത്താതെ കുത്തികീറി
ആന്തരാവയവങ്ങളെല്ലാം അവർ എടുത്തു മാറ്റി.. പകരം എന്തൊക്കെയോ കുത്തിനിറച്ചു തുന്നിക്കൂട്ടി ഒരു പഴന്തുണികെട്ടായി എന്നെ മോർച്ചറിയിലേക്ക് മാറ്റി... സെബിച്ചൻ വരാൻ ഇനിയും രണ്ടു നാളെടുക്കും... അതുവരെ രക്തം കട്ടപിടിക്കുന്ന ഈ തണുപ്പിൽ... സമയം പോകും തോറും എന്റെ മോളെ ഓർത്തെനിക്ക് നെഞ്ച് പൊടിഞ്ഞു... ഒരുദിവസം പോലും എന്നെ പിരിഞ്ഞു നിൽക്കാത്ത മുലകുടി മാറാത്ത എന്റെ കുഞ്ഞു.. ഒന്നുമാലോചിക്കാതെ, ചെയ്തത് തെറ്റായിപ്പോയെന്ന് വീണ്ടും തോന്നിത്തുടങ്ങി... ഒരുപക്ഷെ ഇച്ചനോട് എല്ലാം തുറന്നു പറഞ്ഞിരുന്നെങ്കിൽ... ആദ്യമൊന്നു ദേഷ്യപ്പെട്ടാലും സത്യം ഇച്ചൻ മനസ്സിലാക്കിയേനെ... വീണ്ടും ചെയ്തു പോയതിനെപ്പറ്റിയുള്ള കുറ്റബോധം എന്നിൽ നിറഞ്ഞു...
രണ്ടു ദിവസം തണുത്തുറഞ്ഞു അതെ കിടപ്പു കിടന്നു.. ശേഷം ആരൊക്കെയോ വന്നു എന്നെയൊരു പെട്ടിയിലേക്കു മാറ്റി... മരണവീടുകളിൽ പോലും പോകാൻ മടിച്ചിരുന്ന ഞാനിന്നു ശവപ്പെട്ടിയിൽ... ചെയ്തതൊക്കെ ബുദ്ധിമോശമായിപോയെന്ന തോന്നൽ വീണ്ടും തികട്ടി എന്നിലേക്ക് എത്തി... പുതു വസ്ത്രങ്ങളിടിച്ചു പൂക്കൾ വെച്ചു അലങ്കരിച്ചു അവരെന്നെ ഒരുക്കി.. അവസാനത്തെ ഒരുക്കൽ...
പന്തലിട്ട വീട്ടുമുറ്റത്തേക്കു എന്നെകൊണ്ടിറക്കുമ്പോൾ കൂട്ട നിലവിളി ഉയർന്നു... അതിനിടയിലും കെട്ടിയോൻ ഗൾഫിലല്ലായിരുന്നോ, പെൺകൊച്ചിന് ആരുമായോ ബന്ധമുണ്ടായിരുന്നു അങ്ങനെ എന്റെ സ്വഭാവദൂഷ്യത്തെ കൊട്ടിഘോഷിക്കുന്ന കഥകൾ പലരും അടക്കം പറഞ്ഞു... ചിലർ സെബിച്ചനെയും അമ്മച്ചിയേയും കുറ്റപ്പെടുത്തി അടക്കം പറഞ്ഞു, അപ്പച്ചന്റെയും അമ്മച്ചിയുടെയും വളർത്തു ദോഷമാണെന്ന അടക്കം പറച്ചില് കൂടെ ആയപ്പോ.. ശെരിക്കും മാനാഭിമാനം ഇല്ലാതായതു ഇപ്പോഴാണെന്ന വൈകിയുള്ള തിരിച്ചറിവ് എന്നിൽ വന്നു .. .
മുറ്റത്തു കൊണ്ട് കിടത്തിയപ്പോൾ ഒരിക്കലും ഇഷ്ടപ്പെടാത്ത കുന്തിരിക്കത്തിന്റെയും, ചന്ദനത്തിരികളുടെയും ഗന്ധം എന്റെ മൂക്കിൽ തുളച്ചു കയറി...
മോളെ എന്നു അലറി വിളിച്ചു കൊണ്ടു അമ്മച്ചി എന്റെ മേലേക്ക് വീണു... ആസ്മക്കാരിയായ അമ്മച്ചി സങ്കടം താങ്ങാനാകാതെ ശ്വാസം മുട്ടി പിടഞ്ഞു... ആരൊക്കെയോ ചേർന്ന് അമ്മച്ചിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയി... കിടപ്പാടം പണയപ്പെടുത്തി പഠിപ്പിച്ചു കെട്ടിച്ചയച്ച മകളുടെ കിടപ്പു കണ്ട അപ്പച്ചന്റെ ചങ്കുപൊട്ടിയുള്ള നിൽപ്പ് കണ്ടപ്പോൾ ഓടിച്ചെന്നൊന്നു കെട്ടിപ്പിടിക്കാൻ തോന്നിയെനിക്ക്... പിന്നെ... അതെ... ചങ്കുപൊട്ടി എന്റെ ഇച്ചൻ ... ഒരുവർഷത്തിനു ശേഷം ഭാര്യയെ കാണാൻ വന്നതാണ് പാവം എന്റെ പ്രിയപ്പെട്ടവൻ ... രക്തപ്രസാദമില്ലാതെ വിളറി വെളുത്തു .... ആ കാലിലൊന്നു വീണു പൊട്ടിക്കാരയണം എന്നുണ്ടായിരുന്നു... പക്ഷെ ഒറ്റനിമിഷത്തെ എന്റെ പൊട്ടബുദ്ധി... പക്വതയില്ലാത്ത പ്രായത്തിൽ ചെയ്തുപോയിരു ബുദ്ധിമോശത്തിനു പകരം പൊന്നുപോലൊരു ജീവിതം എറിഞ്ഞുടച്ചു ഒരു വിഡ്ഢിയെപോലെ ഞാൻ കിടന്നു...
ഉറക്കെയുള്ള എന്റെ ആമിമോളുടെ കരച്ചിലാണ് ചിന്തയിൽ നിന്നെന്നെ ഉണർത്തിയത് ... മുലകുടി മാറാത്ത കുഞ്ഞ് പാലുകിട്ടാതെ .. അമ്മയെ കാണാതെ അലറിക്കരയുകയാണ്... വറ്റിവരണ്ട അവളുടെയാ ചുണ്ടുകൾ കണ്ടപ്പോൾ സഹിക്കാനായില്ലെനിക്ക്..
മോളെ എന്നു വിളിച്ചു കൊണ്ട് അലറി എണീറ്റപ്പോഴാണ് ഇത്രനേരം കണ്ടത് സ്വപ്നമായിരുന്നു എന്നെനിക്ക് ബോധ്യമായത്...
ഇല്ല എനിക്കാവില്ല... എന്റെ മോളെയും ഇച്ചനെയും തനിച്ചാക്കി... എന്റെ അപ്പച്ചനെയും അമ്മച്ചിയെയും സങ്കടക്കടലിലാക്കി ഒരു ചതിയന്റെ പ്രലോഭനത്തിൽ വീണുപോകാൻ എനിക്ക് മനസ്സില്ല...
എന്തും വരട്ടെ എന്നു കരുതി തന്നെയാണ് രണ്ടും കല്പ്പിച്ചു സെബിച്ചനോട് കാര്യം പറഞ്ഞത്... ആദ്യമൊന്നു പൊട്ടിത്തെറിച്ചു എങ്കിലും വിവേകിനെ കുറിച്ചുള്ള സകല വിവരങ്ങളും അന്വേഷിച്ചു... അവന്റെ കാര്യം ഞാൻ നോക്കിക്കോളാം എന്നു പറഞ്ഞാണ് ഫോൺ വെച്ചത്...
എന്റെ ആങ്ങളയെ വിളിച്ചു വിവരം പറഞ്ഞു... ഡയറക്റ്റ് സ്റ്റേഷനിൽ പരാതി കൊടുത്തു... അവനെ പൊക്കി അകത്തിട്ടു പുല്ലുപോലെ പ്രശ്നം ഒതുക്കിയപ്പോഴാണ് ഇങ്ങനെ നിസ്സാരമായി തീരെണ്ടൊരു കാര്യത്തിന് ഞാൻ ആലോചിച്ചു കൂട്ടിയ മണ്ടത്തരങ്ങളെ കുറിച്ചോർത്തെന്റെ നെഞ്ച് പിടച്ചത്...
പത്രങ്ങളിൽ സെക്സ് റാക്കറ്റിലെ പ്രധാനകണ്ണി അറസ്റ്റിൽ എന്ന വാർത്ത വന്നപ്പോഴാണ് എന്നിലേക്ക്‌ അവൻ അടുത്തതും, സ്വന്തമാക്കാൻ ആഗ്രഹിച്ചതും നിറഞ്ഞു തുളുമ്പിയ സ്നേഹം കൊണ്ടൊന്നും ആയിരുന്നില്ല എന്നെനിക്ക് പൂർണ്ണബോധ്യമായത്..
കേസിന്റെ ആവശ്യത്തിന് ലീവിന് വന്ന ഇച്ചനൊപ്പം സ്റ്റേഷനിൽ ചെന്നപ്പോൾ അവന്റെ വാർത്ത വന്ന പത്രത്താളുകളും ഞാൻ കൈയിൽ കരുതിയുരുന്നു... പെണ്ണിന് മാത്രമല്ലടാ ആണിനും നഷ്ടപ്പെടുന്നതാണ് മാനം എന്നതെന്നു നിനക്കിപ്പോൾ ബോധ്യമായോ എന്നു അതു അവന്റ മുഖത്ത് വലിച്ചെറിഞ്ഞു കൊണ്ട് ചോദിക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു സംതൃപ്തി തോന്നി.. അമ്മയെയും, പെങ്ങളെയും തിരിച്ചറിയാതെ നടക്കുന്നവനെന്തു മാനം എന്ന ആത്മഗതവും എന്നിൽ നിന്ന് വന്നു...
നിങ്ങളീ കേസ് ഫയൽ ചെയ്യാൻ ധൈര്യ കാണിച്ചത് കൊണ്ട് മാത്രമാണ് ഒരു റാക്കറ്റ് തന്നെ അകപ്പെട്ടതു... നിങ്ങളെ പോലെ പ്രതികരിക്കാൻ പലരും ധൈര്യം കാണിച്ചിരുന്നെങ്കിൽ... ഇതുപോലെ ചതികളിൽ പ്പെട്ടും, പെടുത്തിയും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം നിസ്സാരമല്ല... അതിന്റെ രക്തസാക്ഷികളായി ജീവിക്കുന്ന അവരുടെ കുടുംബങ്ങളുടെ കാര്യവും കഷ്ടമാണ്.. S I മാഡം പറഞ്ഞു നിർത്തി...
ഇതുപോലുള്ള പ്രശ്നങ്ങൾക്ക് ആത്മഹത്യ മാത്രമേ പരിഹാരമുള്ളു എന്നാണ് പലരുടെയും വിചാരം..ഇനി തെറ്റ് പറ്റിപ്പോയെങ്കിൽ പോലും അതു തിരുത്തി ജീവിച്ചു കൂടെ... നിങ്ങളെയൊക്കെ സഹായിക്കാനല്ലേ ഇവിടെ നീതിയും, നിയമവുമൊക്കെ... മരിച്ചവർ അങ്ങ് പോകും.. അതിന്റെ ദുരിതവും പേറി ജീവിക്കുന്ന കുഞ്ഞുങ്ങളും, കുടുംബവും... മാഡം പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഞാനെന്റെ ആമിമോളെ ഇറുക്കിപ്പിടിച്ചു....
അതിനു അവരൊന്നു ജീവിക്കാൻ ശ്രമിച്ചാലും നമ്മുടെ സമൂഹം അതിനനുവദിക്കുമോ സാറെ... പറഞ്ഞു ആളെ കൊല്ലും... ശെരിക്കും വേട്ടനായുടെ ശൗര്യത്തോടെയാണ് പലരും ഒന്നു കരകയറാൻ ശ്രമിക്കുന്നവരെ ആക്രമിക്കുന്നത്...ആദ്യം ഇതുപോലുള്ള ചതികളിൽ ചെന്നു തല വെച്ചു കൊടുക്കാതിരിക്കാനാണ് നോക്കേണ്ടത്.. എന്നെകൂടി നോക്കി ഇച്ചൻ പറഞ്ഞു..
വീട്ടിലേക്കുള്ള യാത്രയിൽ മനസ്സ് ശാന്തമായിരുന്നു.. വ്യാജഫോട്ടോ കാണിച്ചുള്ള അവന്റെ ഭീഷണിക്കു പേടിച്ചു അവനു വഴങ്ങിയിരുന്നെങ്കിൽ അതുവെച്ചു ജീവിതകാലം മുഴുവൻ അവനെന്നെ ഭീഷണിപ്പെടുത്തി ജീവിതം നശിപ്പിക്കുമായിരുന്നു... ഇനി ആ ദുസ്വപ്നം പോലെ ആരോടും ഒന്നും പറയാതെ ജീവിതം അവസാനിപ്പിച്ചിരുന്നെങ്കിൽ എന്റെ മോളെപ്പോലും ആ ചീത്തപ്പേര് വേട്ടയാടിയേനെ.. മാത്രമല്ല ഒരു തെറ്റിനോ, അബദ്ധത്തിനോ ആത്മഹത്യ മാത്രമല്ലല്ലോ പരിഹാരം.. ഞാൻ ചീത്തപ്പേരും പേറി മരിച്ചിരുന്നെങ്കിൽ, ഒന്നുമറിയാത്തവനെപ്പോലെ അവൻ നാളെ അടുത്ത ഇരയെ തേടിയിറങ്ങിയേനെ.. നഷ്ടം എനിക്കും എന്റെ കുടുംബത്തിനും മാത്രമായേനെ...
എന്തോ ദൈവാധീനം കൃത്യ സമയത്ത് ദൈവമായിട്ടു എന്നെക്കൊണ്ടതു സെബിച്ചനോട് പറയിച്ചതു...
ഓരോന്നാലോചിച്ചു കൊണ്ടിരിക്കുമ്പോൾ ഒന്നുമറിയാതെ ആമിമോൾ എന്റെ മടിയിലിരുന്ന് കലപില കൂട്ടുന്നുണ്ടായിരുന്നു.. എന്റെ കുഞ്ഞു മാലാഖയുടെ ചിരിയിലും, ഇച്ചന്റെ പരിഭവം കലർന്ന സ്നേഹത്തിലും കഴിഞ്ഞതൊക്കെ അപ്പോഴേക്കും ഒരു ദുസ്വപ്നമായി മാറി കഴിഞ്ഞിരുന്നു... "കണ്ണുനീരല്ല ഉൾകരുത്തും, പ്രതികാരണശേഷിയുയുമാണ് പെണ്ണിനഴകെന്നു ഞാൻ ഉൾക്കൊണ്ട്‌ കഴിഞ്ഞിരുന്നു... "
രചന : Aswathy Joy Arakkal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo