അധ്യായം-32
' എന്തായാലും പോകാനിറങ്ങിയതല്ലേ.. യാത്ര മുടക്കണ്ട'
പത്ര വാര്‍ത്ത അരിച്ചു പെറുക്കി നോക്കിയിട്ട് വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി പറഞ്ഞു
' എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥിനി ആരാണെന്ന് അവര്‍ പറഞ്ഞിട്ടില്ല.. പക്ഷേ ദുര്‍ഗയ്ക്ക് മാത്രല്ല ആ കൂട്ടുകാരികള്‍ക്കും അതു ദോഷം ചെയ്യും. ഒന്നുമറിയാതെ പത്രം ഒന്നാംപേജില്‍ തന്നെ വാര്‍ത്ത കൊടുക്കാനും വഴിയില്ല. എന്തായാലും ഞാനുംണ്ട് നിങ്ങള്‍ടെ കൂടെ'
അദ്ദേഹവും ഇറങ്ങി
' വലിയമ്മാമ്മ ഇതെങ്ങോട്ടാ'
ദേവദത്തന്‍ അമ്പരന്നു.
' എനിക്ക് ആദ്യം സിറ്റി പോലീസ് കമ്മീഷണറെ നേരിട്ട് കാണണം.. രണ്ടാമത് ഈ പത്ര ലേഖകനെയും... വിശദമായി ചോദിച്ചറിഞ്ഞില്ലെങ്കില്‍ അത് ശരിയാവില്ല'
' എങ്കില്‍ ഞാന്‍ അന്വേഷിച്ച് വരാം വലിയമ്മാമ്മേ' ദേവദത്തന്‍ നിരുത്സാഹപ്പെടുത്തി
'നീ വണ്ടിയെടുക്ക് കുട്ടാ'
അയാള്‍ ശബ്ദമുയര്‍ത്തി
കാലടിയില്‍ നിന്നും മണ്ണൊഴുകി പോയതു പോലെ ഇപ്പോള്‍ നിലംപതിക്കുമെന്ന മട്ടില്‍ നില്‍ക്കുകയായിരുന്നു ദുര്‍ഗ
' തങ്കം വന്ന് കയറ്'
അയാള്‍ അവളോടും ക്ഷോഭിച്ചു
' തീയില്ലാതെ പുകയുണ്ടാവില്ലല്ലോ.. ഇതിങ്ങനെയൊക്കെ വരുംന്ന് നേരത്തേ എനിക്ക് നിശ്ചയണ്ടായിരുന്നു. ജാതകം നോക്കി ഒരു നൂറു തവണ ഞാന്‍ പറഞ്ഞിട്ടുണ്ട്.. ഇല്യേ'
ദുര്‍ഗ മുഖം കുനിച്ച് ചെന്ന് ബാക്ക് ഡോര്‍തുറന്ന് കയറിയിരുന്നു.
' വിധി മാറ്റാന്‍ പറ്റ്വോ.. എന്നിട്ടും വേദവ്യാസിനെ വിളിച്ചു വരുത്തി കടുംപൂജ തന്നെ നടത്തി... ഫലണ്ടായോ .. ഇല്ല'
' വലിയമ്മാമ്മ ഇതെന്താ പറയണേ.. ആ പൂജയ്ക്ക് ഫലമില്ലാതായെന്നോ.. എങ്ങനെ.. നേര്‍വിരുദ്ധാഗമന യോഗത്തില്‍ നിന്ന് അവള്‍ രക്ഷപെട്ടില്ലേ'
ഡ്രൈവിംഗ് സീറ്റില്‍ കടന്നിരുന്ന് ദേവദത്തന്‍ തിരക്കി.
' രക്ഷയും മുക്തിയും ഒന്നും തീര്‍ച്ചപ്പെടുത്താന്‍ വയ്യ.. ദേവകള്‍ കനിഞ്ഞ് തന്ന സിദ്ധി തിരിച്ചു കിട്ടിത്തുടങ്ങീന്ന് വെച്ചോ.. ചില അട്ടിമറികള്‍ നടന്നിരിക്കണൂന്ന് എനിക്ക് സംശ്യണ്ട്.'
ദുര്‍ഗ അടിമുടി വിറച്ചു പോയി
' വലിയമ്മാമ്മ വെറുതേ അവളെ കൂടി വിഷമിപ്പിക്കേണ്ട.. എന്തായാലും ഇത്രയും വന്നു ഭവിച്ചു.. ബാക്കി നമുക്ക് നോക്കാലോ'
വലിയേടത്ത് ഒന്നും മിണ്ടിയില്ല.
പണിപ്പെട്ടാണ് അയാള്‍ ക്ഷോഭം അടക്കിയത്.
' നമുക്ക് ആദ്യം തങ്കത്തിനെ തെക്കേത്ത് കൊണ്ടു ചെന്നാക്കാം. പത്രമോഫീസിലേക്കും കമ്മീഷണര്‍ ഓഫീസിലേക്കും ഞാനും കൂടി വരണുണ്ട്'
ദേവദത്തന്‍ പറഞ്ഞു.
ഒമ്പത് മണിയായപ്പോഴേക്കും അവര്‍ തെക്കേത്ത് എത്തി.
പരിചയമില്ലാത്ത ഒരു കാറും രണ്ട് മൂന്ന് ബൈക്കുകളും തെക്കേത്ത് മനയുടെ മുമ്പില്‍ ദുര്‍ഗ കണ്ടു.
വാഹനത്തിന്റെ ശബ്ദം കേട്ടാവാം രവിമേനോന്‍ പുറത്തേക്കിറങ്ങി വന്നു.
കാറില്‍ നിന്നും ഇറങ്ങുന്ന പത്മനാഭന്‍ ഭട്ടതിരിയെ കണ്ട് അയാള്‍ ഒന്നു അന്ധാളിച്ചു
പിന്നെ ഓടിയിറങ്ങി വന്ന് കൈപിടിച്ചു
' രവി വായിച്ചോ പത്രം'
മുഖവുരയൊന്നുമില്ലാതെ അയാള്‍ തിരക്കി
' അവരെഴുതിയിരിക്കുന്നത് ദുര്‍ഗയെ കുറിച്ചാണ്. എന്താ അ്ങ്ങനൊരു സംശയം എന്നാ എനിക്ക് മനസിലാവാത്തത്.'
' കുട്ടി ചെന്ന് തലവെച്ച് കൊടുത്തിരിക്കണ്.. കാറില്‍ കയറി കൂടെ പോയി.. അതിലാണ് പോലീസിന്റെ പിടി'
' ഞാനാണ് അങ്ങത്തേ തെറ്റുകാരന്‍.. അവനെ ഈ പെണ്‍കുട്ടികളുമായി അടുപ്പിക്കരുതായിരുന്നു. എനിക്കറിയില്ലായിരുന്നല്ലോ ദത്തുപുത്രന്റെ മാഹാത്മ്യം'
രവിമേനോന്റെ സ്വരമിടറി
' അങ്ങനെ നോക്കിയാല്‍ എന്റെ ധ്വനി മോളുടെ മരണത്തിനും ഞാന്‍ തന്ന്യാ കാരണക്കാരന്‍.. വിശ്വസിച്ചു പോയി അവനെ '
' ധ്വനി മോള്‍'
പത്മനാഭന്‍ ഭട്ടതിരി ആ പേരൊന്ന് ഉച്ചരിച്ചു.
ദുര്‍ഗയുടെ നേര്‍ വിരുദ്ധാഗമന യോഗം എന്തിനോ അപ്പോള്‍ അയാളുടെ മനസിലേക്കെത്തി.
' വാര്‍ത്ത കണ്ട് കോളജ് യൂണിയന്‍ ഭാരവാഹികളൊക്കെ വിവരം തിരക്കാനെത്തീട്ടുണ്ട്. എല്ലാ പാര്‍ട്ടിയിലെയും കുട്ടികളുണ്ട്. പോലീസ് ദുര്‍ഗയെ ആണ് ഫോക്കസ് ചെയ്യുന്നതെന്ന് അവര്‍ക്കറിയില്ലായിരുന്നു. നാലു പെണ്‍കുട്ടികളില്‍ ഒരാള്‍ എന്നു കരുതി വന്നതാ.. എല്ലാം ഞാനവരോട് തുറന്നു പറഞ്ഞു. പോലീസിന്റേത് തെറ്റായ നീക്കമാണെങ്കില്‍ പ്രക്ഷോഭം ഉണ്ടാക്കാനും അവര്‍ തയാറാ. കുട്ടികളോട് സംസാരിക്യാണ് അവര്‍'
വിദ്യാര്‍ഥികളുടെ ആ നീക്കം നല്ലതിനാണെന്ന് ദേവദത്തന്റെ മനസു പറഞ്ഞു
തെളിവൊന്നുമില്ലെങ്കില്‍ ദുര്‍ഗയെ ഇരയാക്കാന്‍ പോലീസ് ഒന്നു ഭയക്കും.
ഹാളിലേക്ക് കയറിച്ചെന്ന ദേവദത്തനെയും വലിയേടത്തിനെയും കണ്ട് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ നേതാക്കന്‍മാര്‍ നിശബ്ദരായി
വലിയേടത്തിന്റെ പ്രൗഢി കണ്ട് ബഹുമാനത്തോടെ അവര്‍ എഴുന്നേല്‍ക്കാനാഞ്ഞു
' ഇരുന്നോളു' പത്മനാഭന്‍ ഭട്ടതിരി അവര്‍ക്കെതിരേ ഇരിപ്പിടത്തിലിരുന്നു.
' എന്നെ മനസിലായോ ഞാന്‍ ദുര്‍ഗയുടെ അമ്മാവനാണ്'
' ഞാന്‍ അവളുടെ ജ്യേഷ്ഠന്‍'
ദേവദത്തനും പരിചയപ്പെടുത്തി.
ജാസ്മിനും നേഹയും സ്വാതിയും ദുര്‍ഗയെ നോക്കി.
' കോളജിലെ വിദ്യാര്‍ഥിനിയെ മനപ്പൂര്‍വം കേസിലേക്ക് വലിച്ചിഴക്കുന്നു എന്ന പരാതിയുമായി തൃശൂര്‍ പ്രസ്‌ക്ലബിലൊരു പത്രസമ്മേളനം നടത്താനാണ് ഞങ്ങളുടെ തീരുമാനം. തെളിവുണ്ടെങ്കില്‍ പോലീസ് പറയട്ടെ. കൃത്യമായ തെളിവില്ല അവരുടെ കൈയ്യില്‍.. ഉണ്ടെങ്കില്‍ ദുര്‍ഗയെ അറസ്റ്റ് ചെയ്യേണ്ട സമയം കഴിഞ്ഞു. മിച്ച ദിവസം അഭിഷേകിന്റെ കാറില്‍ കയറി എന്നത് അയാളെ കൊലപ്പെടുത്തി എന്നതിന്റെ തെളിവല്ലല്ലോ'
എസ്.എഫ്.ഐ നേതാവ് വരുണ്‍ ചേലക്കോട്ടിലിന്റെ വാക്കുകളില്‍ തീപാറി.
' ഞങ്ങളും പ്രതിഷേധം ആരംഭിക്കാനുള്ള തീരുമാനത്തിലാണ്. എന്ത് അര്‍ഥത്തിലാണ് പോലീസ് പത്രക്കാര്‍ക്ക് ഈ വാര്‍ത്ത ചോര്‍ത്തിക്കൊടുത്തതെന്ന് അവര്‍ വ്യ്ക്തമാക്കണം' മറ്റു പാര്‍ട്ടി നേതാക്കന്‍മാരും ദുര്‍ഗയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു
ദുര്‍ഗ ദേഹം തളര്‍ന്നത് പോലെ ഭിത്തിയിലേക്ക് ചാരി നിന്നു.
അപ്പോള്‍ തോളില്‍ ഒരു തണുത്ത കരസ്പര്‍ശം അറിഞ്ഞു
ധ്വനി.
അവള്‍ ഒന്നുമുണ്ടാവില്ലെന്ന് കണ്ണടച്ചു കാട്ടി.
വലിയമ്മാമ്മ പെട്ടന്ന് മുഖം ചെരിച്ച് സംശയത്തോടെ തന്നെ നോക്കുന്നത് ദുര്‍ഗ കണ്ടു.
ആ നിമിഷം ധ്വനി ഒരു പുകപോലെയലിഞ്ഞ് അപ്രത്യക്ഷയായി.
ദുര്‍ഗ മുഖംകുനിച്ചു നിന്നു.
' താന്‍ പേടിക്കണ്ടെടോ.. താന്‍ നിരപരാധിയാണെങ്കില്‍ ഞങ്ങളുണ്ടാകും കൂടെ.' വിദ്യാര്‍ഥി സംഘടനാ നേതാക്കളും പ്രവര്‍ത്തകരും പോകാനെഴുന്നേറ്റു.
അവര്‍ പോയിക്കഴിഞ്ഞാണ് ദേവദത്തനും വലിയേടത്തും യാത്ര പറഞ്ഞത്.
അവര്‍ ഇറങ്ങാന്‍ നേരം ഊര്‍മിളയെ മുറിയില്‍ ചെന്നു കണ്ടു.
'ദിവസത്തിലേറെ സമയവും കിടക്കയില്‍ തന്നെ'രവിമേനോന്‍ പറഞ്ഞു
നേര്‍ത്തൊരു മയക്കത്തിലായിരുന്നു അവര്‍
' ഉറങ്ങിക്കോട്ടെ.. ഉണര്‍ത്തണ്ട' വലിയേടത്ത് രവിമേനോനെ തടഞ്ഞു.
' അങ്ങിവിടെ വന്നിട്ടും ഉമയെ വിളിച്ചില്ലെന്ന് വച്ചാല്‍'
രവിമേനോന്‍ സംശയിച്ചു
' ഞാനിനിയും വരും... എല്ലാ വഴക്കുകളും നമ്മള്‍ അവസാനിപ്പിട്ടതല്ലേ'
വലിയേടത്ത് ചിരിച്ചു.
പിന്നെ ഉറങ്ങി കിടന്ന ഊര്‍മ്മിളയുടെ മൂര്‍ദ്ധാവില്‍ കൈവെച്ച് ഒരു മന്ത്രം ചൊല്ലി.
ഒന്നും പിഴച്ചില്ല.
പഴയത് പോലെ ഓര്‍മ്മയില്‍ തന്നെയുണ്ട്.
' ഭയക്കുകയൊന്നും വേണ്ട.. നാഡി ഞരമ്പുകള്‍ ഒക്കെ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്ക്ണ്ട്.. മനോദു.ഖം ഉടന്‍ ശമിക്കില്യാലോ..അതിന് സമയം കൊടുക്കണം '
അയാള്‍ പുറത്തേക്ക് പോന്നു.
പുറത്ത് ദുര്‍ഗയും കൂട്ടുകാരികളും നില്‍പ്പുണ്ടായിരുന്നു.
' കോളജില്‍ പോകുന്നില്ലേ കുട്ടികളേ'
രവിമേനോന്‍ തിരക്കി
' തത്ക്കാലം ഈ ചൂടൊക്കെ ഒന്നു തണുക്കട്ടെ അങ്കിളേ.. അതുവരെ ഞങ്ങള്‍ ദുര്‍ഗയ്‌ക്കൊപ്പം ഇവിടെ നില്‍ക്കാണ്'
നേഹ പറഞ്ഞു.
' മൈത്രീ ബന്ധം ഒരു ഭാഗ്യാണ്'
വലിയേടത്ത് അവര്‍ക്കു നേരെ കൈകൂപ്പി.
' തമ്മില്‍ തമ്മില്‍ ഈ സ്‌നേഹം എന്നുംണ്ടാവണം'
എന്തു പറയണമെന്നറിയാതെ നേഹയും കൂട്ടുകാരികളും നിന്നു.
' ഇവരിവിടെ ഉണ്ടെങ്കില്‍ പിന്നെ ഞാനും വരുന്നു നിങ്ങള്‍ക്കൊപ്പം.. ഇതിനി മഞ്ഞ ഓണ്‍ലെനുകള്‍ ഏറ്റെടുക്കും മുമ്പേ മൂക്കുകയറിടാതെ പറ്റില്ല'
രവിമേനോന്‍ പറഞ്ഞു.
.................. ....................... ...........................
' സീ മിസ്റ്റര്‍ പ്രകാശ് ലാല്‍.. ഈ വാര്‍ത്ത എങ്ങനെ പത്രക്കാര്‍ക്ക് കിട്ടി.. എനിക്കതറിയണം'
ഐജി രതീഷ് ബ്ിന്ദ്ര അയാള്‍ക്കു മുന്നിലേക്ക് ആ പത്രം എടുത്തിട്ടു.
' അന്വേഷണം രഹസ്യമായി വെക്കണമെന്ന് നൂറുവട്ടം ഞാന്‍ പറഞ്ഞിരുന്നു. എനിക്കുറപ്പാണ്.. പോലീസില്‍ നിന്നല്ലാതെ ഈ വാര്‍ത്ത പത്രക്കാര്‍ക്ക് കിട്ടില്ല'
സിഐ പ്രകാശ് ലാല്‍ വിവര്‍ണമായ മുഖത്തോടെ ഇരുന്നു'
' എന്ത് അടിസ്ഥാനത്തിലാണ് ദുര്‍ഗ ഭാഗീരഥിയിലേക്ക് അന്വേഷണം എത്തിയെന്ന് പറയുന്നത്.. തെളിവുണ്ടോ.. ആ പല്ലിന്റെ പരിശോധനാഫലവും വന്നു. അത് ദുര്‍ഗയുടെ പല്ലുകളുടെ പാടല്ല.. ധ്വനിയുടേതാണ്'
' എനിക്കറിയില്ല ആരാണ് ചോര്‍ത്തി നല്‍കിയതെന്ന്'
പ്രകാശ് ലാല്‍ പറയുമ്പോഴേക്കും ഐജി റിമോട്ടെുത്ത് ടിവി പ്രവര്‍ത്തിപ്പിച്ചു
എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥികളുടെ പത്രസമ്മേളനമായിരുന്നു സ്‌ക്രീനില്‍ തെളിഞ്ഞത്.
പോലീസ് മനപ്പൂര്‍വം തങ്ങളുടെ സഹപാഠിയെ കേസിലേക്ക് വലിച്ചിഴക്കുന്നുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
' തെളിവുകള്‍ ഉണ്ടെങ്കില്‍ ദുര്‍ഗയെ ഇപ്പോള്‍ തന്നെ കസ്റ്റഡിയിലെടുക്കണം. അല്ലെങ്കില്‍ പോലീസ് അക്കാര്യം അറിയിക്കണം. അല്ലാതെ സ്റ്റുഡന്റ്‌സ് അടങ്ങില്ല'
പ്രകാശ് ലാല്‍ ശബ്ദിച്ചില്ല.
' ഡിജിപി ഇപ്പോള്‍ വിളിച്ചു വെച്ചതേയുള്ളു. തെളിവുണ്ടെങ്കില്‍ വേഗം അറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാനാ ഓര്‍ഡര്‍.. ഇല്ലെങ്കില്‍ ഈ അന്വേഷണം ത െന്ന അവസാനിപ്പിക്കാനും പറഞ്ഞു.. ആഭ്യന്തര മന്ത്രി അതിന് പുറകേ വിളിച്ചു. ഭരണപക്ഷത്തിരിക്കുന്നവരെ നാണം കെടുത്തുകയാണോ ഉദ്ദേശ്യം എന്നാണ് ചോദിച്ചത്. ഒരു സീരിയല്‍ കില്ലറായ അഭിഷേകിനെ വെള്ളപൂശേണ്ട കാര്യം ഇനി ഉണ്ടോ എന്നും കെട്ടിടം തകര്‍ന്നു വീണു മരിച്ചെന്ന് കരുതിയാല്‍ പോരേ എന്നും ചോദിച്ചു.. എനിവേ വേണ്ടത് ചെയ്യുക'
ഐ.ജി. രതീഷ് ബിന്ദ്ര താക്കീതോടെ എഴുന്നേറ്റു.
അയാള്‍ക്ക് പുറകേ സി.ഐയും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
അവര്‍ പുറത്തെത്തുന്നതും കാത്തു നില്‍ക്കുകയായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ മൈക്കുമായി ഓടി വന്നു വളഞ്ഞു.
' അഭിഷേക് മരണത്തില്‍ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥിനിയ്ക്ക് പങ്കുണ്ടെന്ന വാര്‍ത്തയില്‍ സത്യമുണ്ടോ'
അവരില്‍ നിന്നും ചോദ്യങ്ങള്‍ ചീറി വന്നു.
' എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥിനിയുടെ മൊഴി എടുത്തത് സത്യമാണ്. പക്ഷേ കേസില്‍ പ്രതിയായി സംശയിക്കുന്നില്ല. തെളിവുകളില്ലാതെ ഒരാളെ വെറുതേ പ്രതിയാക്കാന്‍ സാധിക്കില്ലല്ലോ'
കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ താത്പര്യമില്ലാത്ത മട്ടില്‍ അയാള്‍ കാറിനരികിലേക്ക് പോയി.
' അന്വേഷണം ഇപ്പോള്‍ ഏത് നിലയിലാണ്. അഭിഷേക് കൊല്ലപ്പെട്ടെന്നു തന്നെയാണോ പോലീസ് കരുതുന്നത്'
ചോദ്യം സി.ഐ പ്രകാശ് ലാലിന് നേരെയായി.
' പോലീസ് മനപ്പൂര്‍വം വിദ്യാര്‍ഥിനിയെ പ്രതിയാക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തിനെ കുറിച്ച് എന്താണ് പറയാനുള്ളത്'
' ആ കുട്ടിയ്‌ക്കെതിരേ തെളിവുകളൊന്നുമില്ല'
ഏറെ ശ്രദ്ധിച്ച് സി.ഐ പറഞ്ഞു.
' ആ കുട്ടിയുടെ മൊബൈല്‍ അഭിഷേകിന്റെ കാറില്‍ കാണപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മൊഴിയെടുത്തത്. സംശയിക്കാനൊന്നുമില്ല..
ലിഫ്റ്റ് കൊടുത്തപ്പോള്‍ ഫോണ്‍ മറന്നതണെന്ന കുട്ടിയുടെ മറുപടി വിശ്വസനീയമാണ്..'
' അപ്പോള്‍ വിദ്യാര്‍ഥിനിയ്ക്ക് നേരെ നിയമനടപടികളുണ്ടാവില്ലേ'
' ഇതുവരെ അതിനുള്ള സാധ്യതയില്ല'
വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരിയും ദേവദത്തനും രവിമേനോനും വരാന്തയില്‍ എല്ലാം കേട്ടു നില്‍ക്കുകയായിരുന്നു.
രവിമേനോനെ കണ്ട് സി.ഐ ജാള്യതയോടെ ചിരിക്കാന്‍ ശ്രമിച്ചു.
' എന്താ മിസ്റ്റര്‍ രവിമേനോന്‍ ഇവിടെ'
അയാള്‍ അടുത്ത് ചെന്ന് തിരക്കി.
' നിങ്ങള്‍ പ്രതിസ്ഥാനത്ത് കാണുന്ന ദുര്‍ഗ ഭാഗീരഥി എന്റെ അനന്തിരവളാണ്. ഈ നില്‍ക്കുന്ന ദേവന്റെ സഹോദരി.. എന്തു തെളിവുണ്ടായിട്ടാണ് നിങ്ങള്‍ എന്റെ കുട്ടിയെ വേട്ടയാടുന്നതെന്ന് പറഞ്ഞാല്‍ കൊള്ളാം'
വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി രോഷം കൊണ്ട് കിതച്ചു.
' അവള്‍ എന്റെ ദത്തുമകളാണ്' രവിമേനോന്‍ ശാന്തതയോടെ സി.ഐ. പ്രകാശ് ലാലിനോട് പറഞ്ഞു.
' അവള്‍ക്കെതിരേ തെളിവുണ്ടെങ്കില്‍ അന്വേഷണവുമായി ഞ്ങ്ങള്‍ സഹകരിക്കും.. അല്ലാതെ പോലീസിന് തട്ടിക്കളിക്കാന്‍ കുട്ടിയെ വിട്ടുതരുമെന്ന് കരുതരുത്'
സി.ഐ പ്രകാശ് ലാല്‍ തിരിഞ്ഞ് നോക്കി.
മാധ്യമ പ്രവര്‍്തതകര്‍ എന്തോ മണത്തറിയാനുള്ള ത്വരയോടെ തങ്ങളെ നോക്കി നില്‍ക്കുന്നത് അയാള്‍ കണ്ടു
' രവി.. ഇതെല്ലാം പത്രക്കാരുണ്ടാക്കിയതാണ്.. അവരുടെ ഭാവന.. അവര്‍ക്ക് എക്‌സ്‌ക്ലയൂസീവ് ആണല്ലോ പ്രധാനം.. തെളിവില്ലാതെ ഇനി ഒരിക്കലും ദുര്‍ഗയെ തേടി ഞങ്ങള്‍ വരില്ല'
വിശ്വസിക്കാമോ എന്ന സംശയത്തോടെ വലിയേടത്തും രവിമേനോനും ദേവദത്തനും നിന്നു
................ ................ ..................
ഷവറില്‍ നിന്നും പതഞ്ഞു വീണ തണുത്ത വെള്ളം ദേഹമാകെ കുളിര്‍പ്പിച്ചു
ഉടലാകെ വല്ലാത്തൊരു സുഖം പടര്‍ന്നു കയറുന്നത് ദുര്‍ഗ അറിഞ്ഞു.
എത്രനാളായി ഇങ്ങനെയൊന്നു സമാധാനമായി നിന്നിട്ട്.
എല്ലാ ഭയവും വിട്ടൊഴിഞ്ഞു.
ധ്വനിയും വിയോഗത്തെ അതിജീവിച്ചു.
മനസിലൂറിക്കൂടിയ ഉല്ലാസം ഒരു മൂളിപ്പാട്ടായി ദുര്‍ഗയുടെ ചുണ്ടിലേക്കെത്തി.
' എന്താ ഒരു പാട്ട്..'
തൊട്ടുപിന്നില്‍ ധ്വനിയുടെ ചോദ്യം കേട്ട് ദുര്‍ഗ ഞെട്ടിത്തിരിഞ്ഞു.
നെഞ്ചില്‍ കൈകെട്ടി മന്ദഹാസത്തോടെ അവളെ നോക്കി നില്‍ക്കുകയായിരുന്നു ധ്വനി.
ദുര്‍ഗ ചൂളിപ്പോയി.
ദേഹത്ത് പറ്റിക്കിടന്ന ടവല്‍ അഴിഞ്ഞു വീഴാതെ അവള്‍ മുറുകെ പിടിച്ചു.
' അനുവാദമില്ലാതെ എന്റെ കുളിമുറിയില്‍ കടന്നു വരുന്നോ' ദുര്‍ഗ മുഖംവീര്‍പ്പിച്ചു.
' എന്‍െ വീട്ടില്‍ എനിക്കെവിടെയും വരാമല്ലോ'
ധ്വനി ചിരിച്ചു
' നിന്റെ വീടോ.. അതൊക്കെ പണ്ട്.. ഇത് രവിയങ്കിള്‍ എന്റെ പേര്‍ക്കെഴുതി തരാനുള്ളതാ' ദുര്‍ഗ കിലുങ്ങി ചിരിച്ചു
' ഓ.. ഞാനൊഴിഞ്ഞു പോയേക്കാം'
ധ്വനിയും മുഖം വീര്‍്പ്പിച്ചു
' നിനക്കിനി എങ്ങനെ പോകാന്‍ കഴിയും.. കണ്ടില്ലേ ആവാഹന പൂജ കഴിഞ്ഞ് ഞാനെന്റെ കൈത്തണ്ടയില്‍ കെട്ടിയിരിക്കുന്ന ചരട്.. ഇത് ഞാനഴിച്ചു കളയാതെ നിനക്കെങ്ങും പോകാന്‍ കഴിയില്ല'
' അപ്പോള്‍ അഴിച്ചു കളഞ്ഞാല്‍..'
' എല്ലാ കര്‍മ്മങ്ങളും പൂര്‍ത്തിയാക്കിയ പ്രാണനാണ് നിന്റേത.. അത് ഒടുവില്‍ എ്ല്ലാവരുമെത്തുന്ന നിത്യതയില്‍ വിലയിക്കും'
' വഴക്കു കൂടിയാലൊന്നും അഴിച്ചു കളഞ്ഞേക്കല്ലേ .ദുര്‍ഗേ'
ധ്വനി ചിരിച്ചു.
' എന്റെ അമ്മയും അച്ഛനും.. രണ്ടുപേരും ഇല്ലാതാകുന്ന ആ ദിവസം, അവരില്‍ ആരാണോ ഒടുവില്‍ മരിച്ചത് ആ സംസ്‌കാര ചടങ്ങില്‍ വെച്ച് വേണം നീയിത് അഴിച്ചു കളയാന്‍.. ഒന്നുകില്‍ അമ്മയുടെ കൂടെ.. അല്ലെങ്കില്‍ എന്റെ അച്ഛന്റെ കൂടെ ഒന്നിച്ചുവേണം എനിക്കീ ലോകം വിട്ടു പോകാന്‍.
' ഓ ഉത്തരവ് '
ദുര്‍ഗ കപട വിനയം കാണിച്ചു
' എന്തായാലും നിന്റെ ശരീരം എത്ര സുന്ദരം.. വെറുതെയല്ല മഹിയേട്ടന്‍'
ധ്വനിയുടെ നോട്ടം തന്റെ ദേഹത്തേക്കായതോടെ ദുര്‍ഗ വീണ്ടും ചൂളി.
'വൃത്തികെട്ട നോട്ടം പോ പെണ്ണേ'
ദുര്‍ഗ അവളെ പിടിച്ചു തള്ളി
' ഞാനൊരാത്മാവാണ്.. എനിക്കെല്ലാം കാണാം... ഈ ടവലുണ്ടെങ്കിലും ഇല്ലെങ്കിലും കാണാം'
ധ്വനിയുടെ കുസൃതി ചിരി കണ്ടതും ദുര്‍ഗ ദേഷ്യത്തോടെ അവളോടടുത്തു.
ധ്വനി പിന്നോക്കം നീങ്ങി.വാതിലിനടുത്തെത്തി.
വാതില്‍ തുറക്കാതെ തന്നെ അതിനുള്ളിലൂടെ അവള്‍ പുറത്തേക്ക് മാഞ്ഞു പോയി.
ഒരു നേര്‍ത്ത ചിരിയോടെ ദുര്‍ഗ കുളിച്ചു.
റൂമിലെത്തുമ്പോള്‍ ജാസ്മിനും നേഹയും സ്വാതിയും എവിടേക്കോ പോകാനുള്ള ഒരുക്കത്തിലായിരുന്നു.
' എവിടേക്കാ എല്ലാവരും..എന്നോട് പറയാതെ'
ദുര്‍ഗ വിസ്മയിച്ചു
' ജാസ്മിന് ചില മെന്‍സ്ട്രല്‍ പ്രോബ്‌ളം ഡോക്ടറെ കാണാനാ'
നേഹ പറഞ്ഞു
' നീയും ഒരുങ്ങ് വേഗം.. ഇത്രനാള്‍ ടെന്‍ഷന്റെ നാളുകളായിരുന്നില്ലേ.. ഒന്നു കറങ്ങീട്ട് വരാം'
സ്വാതി പറഞ്ഞു.
' ഞാന്‍ വരണോ..രവിയങ്കിള്‍ ജുവലറിയില്‍ പോയില്ലേ.. ഊര്‍മിളാന്റീടടുത്ത് ആരാ ഉള്ളത്'
ദുര്‍ഗ മടിച്ചു
' നമ്മളുള്ളത് കൊണ്ട് ആന്റി വേഗം റിക്കവറാകുന്നുണ്ട്. ഇന്നു രാവിലെ എഴുന്നേറ്റ് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി. ഇനി നമ്മളോട് അടുക്കളയില്‍ കയറേണ്ടെന്നാ ഓര്‍ഡര്‍'
ജാസ്മിന്‍ പറഞ്ഞു
' എല്ലാം നമ്മുടെ കൈപ്പുണ്യത്തിന്റെ ഫലം.. ആന്റിക്കും അങ്കിളിനും മതിയായി കാണും'
സ്വാതി ചിരിച്ചു
' നീയൊന്ന് ഒരുങ്ങ് ദുര്‍ഗേ.. നമ്മളെ കൊണ്ടുപോകാന്‍ മഹിയേട്ടനിപ്പോ വരും'
നേഹ അവളെ നോക്കി അര്‍ഥവത്തായി ചിരിച്ചു
' മഹിയേട്ടനോ' ദുര്‍ഗയുടെ കവിളുകള്‍ അരുണാഭമായി.
' എന്നോടൊന്നും പറഞ്ഞില്ലല്ലോ.. സര്‍പ്രൈസ്'
ദുര്‍ഗ പെട്ടന്നൊരുങ്ങി.
' ബാത്‌റൂമില്‍ വലിയ കളിയും ചിരിയും കേട്ടല്ലോ.. ആരോടായിരുന്നു.. ധ്വനി വന്നല്ലേ'
സ്‌റ്റെപ്പുകള്‍ ഇറങ്ങുമ്പോള്‍ ജാസ്മിന്‍ തമാശ പോലെ ദുര്‍ഗയെ നോക്കി.
ദുര്‍ഗയുടെ മുഖം വിളറി വെളുത്തു
' നീയിനി അതോര്‍ത്ത് ടെന്‍ഷനാവണ്ട.. ഞാന്‍ വെറുതേ ചോദിച്ചൂന്നേയുള്ളു'
ദുര്‍ഗ നിശബ്ദയായി പടികളിറങ്ങി
' നിങ്ങള്‍ ഊണിന്റെ സമയമാകുമ്പോളേക്കും വരുമോ'
അവരെ കണ്ട് ഊര്‍മിള അടുത്തേക്ക് വന്നു
സംഭവിച്ചതെല്ലാം അംഗീകരിക്കാന്‍ സന്നദ്ധയായ ഭാവമായിരുന്നു അവരുടേത്.
' ചിലപ്പോഴേ കാണൂ ആന്റീ'
ജാസ്മിന്‍ പറഞ്ഞു
അവരോട് യാത്ര പറയുമ്പോഴേക്കും മഹേഷിന്റെ കാര്‍ മുറ്റത്തേക്ക് വന്നു
' പോട്ടെ ആന്റീ.. വേഗം വരാംട്ടോ'
നേഹ അവരുടെ കവിളില്‍ മൃദുവായ ഒരുമ്മ നല്‍കി
ഊര്‍മിളയുടെ കണ്ണുകള്‍ നിറഞ്ഞു.
കാറില്‍ നിന്നും മഹേഷും ഇറങ്ങി വന്നു.
' മഹി'
ഊര്‍മിള സങ്കടത്തോടെയാണ് അവനെ നേരിട്ടത്.
' എന്റെ മോളെ നമ്മളെല്ലാവരും കൂടി വെറുത്തു അല്ലേ മഹീ'
നിയന്ത്രിക്കാനാവാത്ത സങ്കടം കൊണ്ട് അവരുടെ ചുണ്ടുകല്‍ വിറച്ചു.
മഹേഷ്ബാലന്റെ കണ്ണുകളും നിറഞ്ഞു
' സാരമില്ലാന്റീ.. അവള്‍ ക്ഷമിക്കും നമ്മളോടെല്ലാം... നമുക്കറിയാഞ്ഞിട്ടല്ലേ'
അവന്റെ സ്വരമിടറി
' ങാ.. ഒരെണ്ണം പോയപ്പോ ദൈവം നാലു മക്കളെ കൈവെള്ളയില്‍ വെച്ചു തന്നു. എന്നോടും രവിയേട്ടനോടും ചെയ്തത് കൂടിപ്പോയീന്ന് ഈശ്വരന് തോന്നിയിട്ടുണ്ടാവും.. ഇനി ഇവര്‍ക്കു വേണ്ടിയാ ഞങ്ങളുടെ ജീവിതം.. എനിക്കറിയാം ഇവര്‍ ഞങ്ങളെ വിട്ടുപോവില്ല. ലോകത്തെവിടെ പോയാലും ഇവിടേക്കു തന്നെ കയറി വരും..'
ഊര്‍മിള തേങ്ങി.
' വെറുതേ നിന്നു കരയാതെ ആന്റീ.. സന്തോഷമുള്ള മുഖം കണ്ടിട്ട് ഇറങ്ങട്ടെ ഞങ്ങള്‍'
ജാസ്മിന്‍ സ്‌നേഹത്തോടെ അവരെ ശാസിച്ചു.
ഊര്‍മിള മുഖം തുടച്ചു
' പോയിട്ടു വരാം'
മഹേഷ് ബാലനും യാത്ര പറഞ്ഞു.
ദുര്‍ഗ മുന്‍സീറ്റില്‍ മഹേഷ് ബാലനരികിലാണിരുന്നത്.
മഹേഷ് ബാലന്‍ കാര്‍ സ്റ്റാര്‍ട്ടു ചെയ്തു.
ഇല്ല.. സ്റ്റാര്‍ട്ടാകുന്നില്ല.
അവന്‍ ഡോര്‍ തുറന്നിറങ്ങി.
എല്ലായിടവും പരിശോധിച്ചിട്ടും പ്രശ്‌നമൊന്നും കണ്ടില്ല.
അവന്‍ വീണ്ടും ഡോര്‍ തുറന്നു കയറി.
വീണ്ടും പഴയപടി തന്നെ..
' ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ..എന്തുപറ്റി'
നിരാശ കലര്‍ന്ന മുഖത്തോടെ അവന്‍ ദുര്‍ഗയെ നോക്കി
ദുര്‍ഗ സംശയത്തോടെ പുറത്തേക്ക് നോക്കി.
തെല്ലുമാറി ധ്വനി നില്‍ക്കുന്നത് അവള്‍ കണ്ടു
ആ മുഖത്ത് കുസൃതി
അരുതെന്ന് ദുര്‍ഗ കണ്ണുരുട്ടിക്കാട്ടി
പിന്നെ മഹേഷിന് നേര്‍ക്കു തിരിഞ്ഞു
' മഹിയേട്ടന്‍ ഒന്നു കൂടി നോക്കിക്കേ' അവള്‍ പറഞ്ഞു.
മഹേഷ് അതനുസരിച്ചു
' ആഹാ.. സ്റ്റാര്‍ട്ടായല്ലോ' മഹേഷ് ചിരിച്ചു
' വേഗം പോകണം മഹിയേട്ടാ.. ജൂബിലീടടുത്ത് വിട്ടാല്‍ മതി.. അവിടെയാ ഡോക്ടര്‍ പ്രാക്ടീസ് ചെയ്യു്ന്നത്. വൈകിയാല്‍ കണ്‍സള്‍ട്ടേഷന്‍ ടൈം പോകും'
' ഓക്കേ.. പത്തുമിനിറ്റിനകം എത്തിക്കാം പോരേ'
മഹേഷ് ചിരിയോടെ കാര്‍ മുന്നോട്ടെടുത്തു.
'വിവാദ നായികയെയും കൊണ്ടാണ് യാത്ര'
ഇടയ്ക്ക് അവന്‍ ദുര്‍ഗയെ നോക്കി.
' പോലീസ് എന്നെ കൂടി അറസ്റ്റ് ചെയ്യുമോ'
' ങാ.. ചിലപ്പോ ചെയ്തൂന്ന് വരും'
ദുര്‍ഗ പൊട്ടിച്ചിരിച്ചു.
' അഭിഷേകിനെ കൊന്നത് നീയായിരുന്നെങ്കില്‍പ്പോലും ഞാന്‍ സന്തോഷിച്ചേനെ തങ്കം.. എനിക്കു ചെയ്യാന്‍ കഴിയാത്തത് നിനക്കു സാധിച്ചല്ലോ എന്നോര്‍ത്ത്'
്മഹേഷിന്റെ വാക്കുകളിലെ തീരാ പകയും വിങ്ങലും എല്ലാവരും തിരിച്ചറിഞ്ഞു.
കാര്‍ ജൂബിലി മിഷന് സമീപമുള്ള ഇടവഴിയിലെത്തിയപ്പോള്‍ ജാസ്മിന്‍ നിര്‍ത്താന്‍ പറഞ്ഞു.
' ഓകെ.. മഹിയേട്ടന്‍ പൊയ്‌ക്കോളൂ.. ഇവിടെ നിന്നിറങ്ങുമ്പോള്‍ വിളിക്കാം'
ജാസ്മിന്‍ കാറില്‍ നിന്നിറങ്ങിയിട്ട് പറഞ്ഞു.
' ഓ.കെ. ഞാന്‍ ഹോസ്പിറ്റലിലുണ്ടാകും.. ഫ്രീയാമെങ്കില്‍ വരാം'
മഹേഷ് ബാലന്‍ ദുര്‍ഗയെ നോക്കി
ദുര്‍ഗ ശരി എന്ന് ശിരസനക്കി.
കാര്‍ തിരിച്ചു പോയികഴിഞ്ഞാണ് റോഡരികില്‍ തന്നെയുള്ള വലിയ ക്ലിനിക്കിലേക്ക് അവര്‍ ചെന്നത്.
' നിങ്ങളിവിടെ നില്‍ക്ക് .. ഞാന്‍ പോയി പേര് രജിസ്റ്റര്‍ ചെയ്തിട്ട് വരാം '
ജാസ്മിന്‍ അവരെ രോഗികള്‍ക്ക് ഇരിക്കാനുള്ള പോര്‍ഷനിലിരുത്തിയിട്ട് രജിസ്‌ട്രേഷന്‍ കൗണ്ടറിനടുത്തേക്ക് പോയി.
ഇളം പിങ്ക് യൂണിഫോമണിഞ്ഞ നാല് യുവതികളായിരുന്നു അതിനുള്ളില്‍ ഉണ്ടായിരുന്നത്.
' ഡോക്ടറെ കാണാനാണോ'
അതില്‍ മെലിഞ്ഞ യുവതി ജാസ്മിനോട് തിരക്കി.
' അതെ..'
' ആദ്യായിട്ട് വരികയാണല്ലേ'
' അതെ'
' ശരി.. എന്താ പേര്'
' ദുര്‍ഗ.. ദുര്‍ഗ ഭാഗീരഥി.. കാണേണ്ടത് സൈക്ക്യാട്രി വിഭാഗത്തിലാണ്.'
ജാസ്മിന്‍ പറഞ്ഞു.
..... ......... തുടരും ....
Written by
Shyni John
Read published parts:-
https://www.nallezhuth.com/search/label/NizhalayMathram
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക