Slider

തിങ്കളാഴ്ച

0
Image may contain: 1 person, closeup
തിങ്കളാഴ്ച ദിവസം ഇത്ര കുഴപ്പക്കാരനാണോ?. എവിടെ നിന്നാണോ ഞായറാഴ്ച രാത്രിയിൽ അറിയാതെ കയറി വരും ഒരു വേദന. വയറു വേദന പോലെ തോന്നിക്കും. എന്നാ വേദന എന്നു ഉറപ്പിച്ചു പറയാൻ കഴിയില്ല. സ്കൂൾ വിദ്യാർത്ഥിനി ആയിരുന്ന കാലത്തു തുടങ്ങിയ ഒരു പ്രത്യേക തരം അസുഖം കാരണം തിങ്കളാഴ്ചകളിൽ മാത്രം പല തരം വേദനകൾ എന്നെ ബുദ്ധിമുട്ടിച്ചു.
ഞായറാഴ്ച പാതിരാത്രി, ചില ഉറക്കം കെടുത്തുന്ന ഓർമ്മകൾ ആവശ്യമില്ലാതെ കയറി വരും. വെള്ളിയാഴ്ചകളിലെ സന്തോഷ തിമിർപ്പിനിടെ, എവിടെയോ വലിച്ചെറിഞ്ഞു പിന്നെ ആ കാര്യം തന്നെ മറന്നു പോയ ചുവന്ന റിബണ് എവിടെ എന്ന് ചിന്തിക്കുന്നത് അന്നേരം ആകും. മുടിയിൽ നിന്നും ഊരി എറിഞ്ഞ അവരുടെ സ്ഥാനം കട്ടിലിന്റെ അടിയിലോ മേശക്കരികിലോ ആവും. മറ്റു ദിവസങ്ങളിൽ തെക്കേ ജനലിൽ മുറുക്കി കെട്ടിയിട്ട് ഭദ്രമാക്കാൻ ശ്രദ്ധിക്കുന്ന ഞാൻ വെള്ളിയാഴ്ചകളിൽ ഈ കർമ്മം പാടെ മറക്കും.
ചിലപ്പോൾ ജട നിറഞ്ഞ നൂഡിൽസ് മുടി (അന്ന് ഈ സാധനം പരിചിതമല്ല. പിള്ളേർ ഇട്ട പേരാണ് നൂഡിൽസ് മുടി ).എങ്ങനെ വിടർത്തി വൃത്തിയാക്കി പിന്നി കെട്ടി എപ്പോ വീട്ടിൽ നിന്നിറങ്ങും എന്ന ചിന്ത ഉറക്കം കളയും. എന്റെ മുടിയാണ് വൈകി സ്കൂളിൽ എത്താൻ കാരണമെന്ന് ആരോപണം അഴിച്ചു വിടുന്നുണ്ട് ചിലർ. കണ്ണുരുട്ടി ഒരു നോട്ടം നോക്കാൻ മാത്രം തല്ക്കാലം കഴിയു.
അവധിക്ക് എവിടെയെങ്കിലും പോയതിന്റെ ഭാഗമായി കൈയിലിട്ട വള ഊരിഎടുക്കാൻ പറ്റുമോ എന്ന ആധി ആകും ചില നേരം. സോപ്പ് ഇട്ടു ഊരുമ്പോൾ നല്ല വേദന ഉണ്ടാവും. അത് പൊട്ടിച്ചാൽ തീരുമാനം ആയെന്നു പറയുന്ന ചേട്ടന്റെ ഭീഷണി വേറൊരു പ്രശ്നം. കാതിൽ ഒരു മൊട്ടു കമ്മൽ അല്ലാതെ മറ്റെല്ലാ അലങ്കാരവസ്തുക്കളും നിരോധിച്ച പ്രത്യേക മേഖല ആയിരുന്നു ഞങ്ങളുടെ വിദ്യാലയം. അഥവാ ടീച്ചർ കണ്ടില്ലെങ്കിൽ എത്രയും വേഗം ടീച്ചറെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ തയ്യാറാണ് ചില സദാചാരവാദികൾ.

അമ്മവീട്ടിൽ പോയെത്തുന്ന ഞായറാഴ്ചകളിൽ സങ്കടത്തിന്റെ ആഴം കൂടും. അവിടെ ഉപേക്ഷിച്ചു പോന്ന കളിപ്പാട്ടങ്ങൾ. കളിപ്പാട്ടം എന്ന് അവയെ വിളിക്കാമോ? എനിക്ക് അവയെല്ലാം പ്രിയപ്പെട്ടതായിരുന്നു. പഞ്ചാര മണൽ നിറഞ്ഞ
മുറ്റം. തണൽ നിറഞ്ഞ വിശാലമായ മുറ്റത്തു നടന്നാൽ ഉള്ളം കാല് നോവില്ല. മടല് വണ്ടി ഓടിക്കാൻ തടസ്സങ്ങൾ ഒന്നുമില്ല. ഞങ്ങളുടെ വീട്ടിലെ മുറ്റത്തെ കല്ലുകൾ മടല് വണ്ടി ഓടിക്കാൻ അനുവദിക്കില്ല. ഒന്ന് വീണാൽ മതി മുട്ട് പൊട്ടി ചോര ഒഴുകും. വേദനയെക്കാൾ പേടി അപ്പന്റെ അടിയാണ്. വീഴുന്ന കുട്ടിക്ക് അടിയോ?... ഇതെന്തു പ്രതിഭാസം? കുറച്ച് പേരുണ്ട് വീണാൽ ഉടൻ വാ പൊത്തി ചിരിക്കും. ഇതിന്റെ ഒക്കെ ഒടുവിലാകും ആശ്വാസ വാക്ക് എവിടുന്നെങ്കിലും വരിക.
ഒക്കത്തു വെക്കാൻ പറ്റിയ കുട്ടികൾ ആയിരുന്നു, അവിടത്തെ ചെറിയ ഇരിക്കാനുപയോഗിക്കുന്ന തടി കൊണ്ടുള്ള പലകകൾ. ചെമ്പരത്തിയും മുല്ലയും ഗന്ധരാജനും വിടർന്നു വിലസുന്ന വേലികൾ. ചെമ്പരത്തിപ്പൂ അരച്ച് താളിയാക്കി അരിച്ചു കുപ്പിയിൽ നിറയ്ക്കും, ഞങ്ങളുടെ വെളിച്ചെണ്ണ അതാണ്. പൂക്കൾ അരിഞ്ഞു പല നിറങ്ങളിൽ കറികൾ. മണ്ണപ്പം ചുടാൻ ഇതിലും നല്ല മണ്ണ് വേറെ ഇല്ല. അല്പം നനവുണ്ടെങ്കിൽ അപ്പം പെർഫെക്ട് ആകും. ആമ്പൽതണ്ടു കൊണ്ട് മാലയും കൊലുസ്സും അണിഞ്ഞു വിലസി. തേക്കിലകൾ കൊണ്ട് പേഴ്സ് ബാഗ് മുതലായ ആഡംബര വസ്തുക്കൾ നിർമ്മിച്ചു എത്ര ഷോപ്പിംഗ് നടത്തി.
ഇവയൊക്കെ അവിടെ ഉപേക്ഷിച്ചു വീട്ടിലെത്തിയാൽ പിറ്റേന്ന് തിങ്കളാഴ്ച ആണെന്ന അറിവ് ഏറെ വേദനയാണ്. കൂട്ടുകാരും ബന്ധുക്കളുമൊത്തുള്ള സുന്ദര നിമിഷങ്ങൾ അയവിറക്കി കിടക്കുമ്പോൾ അത്താഴം പോലും ഉപേക്ഷിക്കും. മുകളിൽ നോക്കി ഓടെണ്ണി കിടക്കുമ്പോൾ വെറുതെ കണ്ണുകൾ നിറഞ്ഞൊഴുകും. പുതപ്പ് വലിച്ചു തല മൂടും. വെറുതെ ആരെക്കൊണ്ടും ഒന്നും പറയിക്കണ്ട.
ഇജ്ജാതി ഓർമ്മകൾ കുട്ടിക്കാലത്തെ വിഷമങ്ങളായിരുന്നു. വിദ്യാർത്ഥിനിയായിരുന്ന പ്പോഴും പിന്നീട് ഉദ്യോഗസ്ഥ ആയപ്പോഴും
ഞായറാഴ്ച വൈകുന്നേരം മാത്രം കണ്ടു വന്നി രുന്ന ഇത്തരം വേദനകൾക്ക് മരുന്നില്ല എന്ന സത്യം മനസ്സിലാക്കി. ചൊവ്വാഴ്ച ദിവസം ഈ വേദനകൾ അപ്രത്യക്ഷമാവും. പഴയ ഉന്മേഷം തിരിച്ചു കിട്ടുമെന്ന് എന്നിലെ ഡോക്ടർ കണ്ടുപിടിച്ചു.
ഇന്നും തിങ്കളാഴ്ച ദീനം എന്നെ, ഇടക്ക് അലട്ടുന്നു. വീട്ടിൽ ഇരിക്കുന്ന ഞാനെന്തു കാര്യത്തിന തിങ്കളാഴ്ചകളെ പേടിക്കുന്നെ.? എന്നോട് തന്നെ ചോദിച്ചു ഞാനവരെ നേരിടും. എനിക്ക് മാത്രം വരുന്ന രോഗമാണോ ഇത്? വേറെയാരെങ്കിലും ഈ പ്രശ്നം നേരിടുന്നുണ്ടോ?
. തിങ്കളാഴ്ച ദിവസത്തിനു ഒരു ഓമന പേരുണ്ട്. ഇന്നെന്റെ ചങ്ങാതി പറഞ്ഞാ ഞാനറിഞ്ഞതു 'ബ്ലാക്ക്‌ മണ്ടേ ' എന്നാ വിശേഷിപ്പിക്കുന്നതത്രെ. ഇന്നലെ ഉണ്ടായ കുഞ്ഞു പനിയുടെ പേരിൽ, രാവിലെ ക്ഷീണിച്ചു കിടന്നു എന്റെ 8 വയസ്സുള്ള മോൻ. വയ്യാത്ത കുഞ്ഞിനെ സ്കൂളിൽ വിടണ്ട. ഫോൺ വിളിച്ചു ഡ്രൈവറെ അറിയിച്ചു. പനിയുടെ ക്ഷീണം മാറിയിട്ടില്ല. മഴയും തണുപ്പും കൂടെ ആകുമ്പോൾ പനി കൂടിയാലോ. ഇന്ന് കൂടി വിശ്രമം നല്ലതാണ് എന്നു തോന്നി. മിനുറ്റുകൾക്കകം പനിക്കാരൻ എണീറ്റു വന്നു. ടീവി ഓൺ ചെയ്തു കാർട്ടൂൺ ചാനൽ കാണാൻ തുടങ്ങി. പതിയെ ഭക്ഷണം കഴിച്ചു. കുറച്ചു നേരം കൂടെ കഴിഞ്ഞു ഞാനൊരു കാഴ്ച കണ്ടു. തല അവനിരുന്ന സെറ്റിയിലും കാലുകൾ രണ്ടും ജനലിൽ കോർത്തു വെച്ച് അഭ്യാസം. പനിക്കു പണി കൊടുക്കാൻ തീരുമാനിച്ചു, ഹോസ്പിറ്റലിൽ കാണിക്കാൻ എന്നു ഭാവിച്ചു ചെക്കനെ ഒരുക്കി. യൂണിഫോം കണ്ട ചെറുക്കന്റെ അലർച്ച ഗംഭീരമായിരുന്നു. ''ഡോക്ടറോട് ചോദിച്ചിട്ടു പോയാൽ മതീടാ.... ചെക്കാ..''.രണ്ടു ചാട്ടം അങ്ങോട്ട് ചാടി ചെറുക്കനെ ഒരുക്കി വണ്ടിയിൽ കയറ്റി സ്കൂളിലേക്ക്. പിന്നെ എന്നോടാ കളി.... എത്ര തിങ്കളാഴ്ചകൾ ഞാൻ കണ്ടതാ... മോനെ....
Bindu Joseph
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo